സുഭാഷിതം

വ്യാഖ്യാതാവിന്റെ അറിവു്

ഒരു പഴയ രസികന്‍ സംസ്കൃതശ്ലോകം.

കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ

അര്‍ത്ഥം:

കവിതാ-രസ-ചാതുര്യം : കവിതയുടെ രസത്തിനുള്ള മഹത്ത്വം
വ്യാഖ്യാതാ വേത്തി : വ്യാഖ്യാതാവിനറിയാം
നോ കവിഃ : കവിയ്ക്കറിയില്ല
സുതാ-സുരത-സാമര്‍ത്ഥ്യം : മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം
ജാമാതാ വേത്തി : മരുമകനേ അറിയൂ
നോ പിതാ : പിതാവിനറിയില്ല.

കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു.

ഇതുപോലെ ഒരു തത്ത്വവും അതിനൊരു രസികന്‍ ഉദാഹരണവും കൊടുക്കുന്ന സംസ്കൃതശ്ലോകങ്ങള്‍ ധാരാളമുണ്ടു്. അര്‍ത്ഥാന്തരന്യാസം, ദൃഷ്ടാന്തം എന്ന അലങ്കാരങ്ങളുടെ ചമല്‍ക്കാരവും ഇത്തരം താരതമ്യമാണു്.

അച്ഛന്‍ പൊന്നുപോലെ നോക്കിയ മകളെ ജാമാതാക്കള്‍ കൊണ്ടു പോയി പിഴപ്പിച്ച കഥകളും ധാരാളമുണ്ടു്. കവിതയുടെയും വ്യാഖ്യാതാക്കളുടെയും കാര്യത്തില്‍ അവ അല്പം കൂടുതലുമാണു്. അതൊരു വലിയ പോസ്റ്റിനുള്ള വിഷയമായതിനാല്‍ തത്ക്കാലം അതിനു തുനിയുന്നില്ല.

സന്തോഷ് തോട്ടിങ്ങലിന്റെ ഈ പോസ്റ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ വാല്മീകി ഇട്ട ഈ കമന്റാണു് ഇപ്പോള്‍ ഇതു പോസ്റ്റു ചെയ്യാന്‍ പ്രചോദനം.


ഇതിന്റെ പരിഭാഷകള്‍ ഒന്നുമറിയില്ല. ഇതിനെ അവലംബിച്ചു വരമൊഴിയെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയ ശ്ലോകം താഴെ:

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

ഇതു് എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും ബാധകമാണു്. ടെലഫോണിനെപ്പറ്റി ഗ്രഹാം ബെല്ലിനെക്കാളും ഇലക്ട്രിക് ബള്‍ബിനെപ്പറ്റി എഡിസനെക്കാളും പില്‍ക്കാലത്തുള്ളവര്‍ മനസ്സിലാക്കി. സ്റ്റാള്‍മാനെക്കാള്‍ ഇമാക്സും സന്തോഷ് തോട്ടിങ്ങലിനെക്കാള്‍ മലയാളം സ്പെല്‍ ചെക്കറും ഉപയോഗിക്കുന്നതും അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുന്നതും അതിന്റെ ഉപയോക്താക്കളാണു്.

സുഭാഷിതം

Comments (12)

Permalink

പ്രോത്സാഹനം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തില്‍ നിന്നൊരു ശ്ലോകം:

ആപരിതോഷാദ് വിദുഷാം
ന സാധു മന്യേ പ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാം
ആത്മന്യപ്രത്യയം ചേതഃ

അര്‍ത്ഥം:

പ്രയോഗവിജ്ഞാനം : പ്രയോഗിക്കുന്ന വിജ്ഞാനം
വിദുഷാം ആപരിതോഷാത് : വിദ്വാന്മാരുടെ അഭിനന്ദനം കിട്ടുന്നതു വരെ
സാധു ന മന്യേ : വിലയുള്ളതായി കരുതപ്പെടുന്നില്ല
ബലവത് ശിക്ഷിതാനാം അപി : നല്ലതുപോലെ പഠിച്ചവര്‍ക്കു പോലും
ചേതഃ ആത്മനി അപ്രത്യയം : മനസ്സു് ആത്മവിശ്വാസമില്ലാത്തതാണു്.

ബ്ലോഗെഴുത്തുകാര്‍ കമന്റു കാംക്ഷിക്കുന്നതു് ഇതുകൊണ്ടാണോ എന്നറിയില്ല. സീനിയര്‍ ബ്ലോഗര്‍മാര്‍ പുതിയ എഴുത്തുകാരെ തിരിഞ്ഞു നോക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല എന്ന മുറവിളിയും കേള്‍ക്കാറുണ്ടു്. (എന്താണു് ഈ സീനിയര്‍/ജൂനിയര്‍/സബ് ജൂനിയര്‍ ബ്ലോഗര്‍‌മാരെന്നു് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.)

ആവാന്‍ വഴിയില്ല. ആണെങ്കില്‍ കുറേ പോസ്റ്റുകള്‍ എഴുതിക്കഴിയുമ്പോള്‍ ആത്മവിശ്വാസം കിട്ടുകയും കമന്റുകള്‍ക്കു വേണ്ടിയുള്ള മുറവിളി നിര്‍ത്തുകയും ചെയ്യേണ്ടതാണു്. ഇതിനു പറ്റിയ പദ്യം പൂന്താനത്തിന്റെ ജ്ഞാനപ്പാന അല്പം മാറ്റിയാല്‍ കിട്ടും.

എത്രയുണ്ടു കമന്റുകളെങ്കിലും
തൃപ്തിയായിടാ ബ്ലോഗര്‍ക്കൊരു കാലം;
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം കമന്റ് പോസ്റ്റിനുണ്ടാകിലും
അയുതമാകുകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ വലയുന്നു ബ്ലോഗര്‍മാര്‍

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ബ്ലോഗകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍.

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

സത്തുക്കള്‍ ചെന്നിരന്നാലുമാക്കമ-
ന്റല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം ബ്ലോഗര്‍ പ്രൊഫൈല്‍ പോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും.

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട ബ്ലോഗിന്നു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ബ്ലോഗ്.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ബ്ലോഗ്.
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ബ്ലോഗ്.

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ബ്ലോഗിയിരുന്നീടീല്‍
ഹിറ്റു കിട്ടാതെയായിടും ദൈവമേ!

കൂടിയല്ല നാം ബ്ലോഗുന്ന നേരത്തും
കൂടിയല്ല കമന്റുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

🙂


ആര്യ എന്ന മാത്രാവൃത്തത്തിലുള്ള ഈ ശ്ലോകത്തിനു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ അനുഷ്ടുപ്പിലുള്ള പരിഭാഷ:

വിജ്ഞന്മാരഭിനന്ദിച്ചേ
വിജ്ഞാനം സാധുവായ് വരൂ;
നല്ല ശിക്ഷ കഴിച്ചോര്‍ക്കും
ഇല്ല വിശ്വാസമാത്മനി.

സുഭാഷിതം

Comments (23)

Permalink

ശത്രുതയിലെത്തുന്ന സൌഹൃദം

കാളിദാസന്റെ ശാകുന്തളത്തില്‍ ദുഷ്യന്തന്‍ ഓര്‍ക്കുന്നില്ലെന്നു പറഞ്ഞതു കേട്ടു ദുഃഖിതയായി നില്‍ക്കുന്ന ശകുന്തളയോടു് ശാര്‍ങ്ഗരവന്‍ കൊടുത്ത ഉപദേശം:

അതഃ പരീക്ഷ്യ കര്‍ത്തവ്യം
വിശേഷാത് സംഗതം രഹഃ
അജ്ഞാതഹൃദയേഷ്വേവം
വൈരീഭവതി സൌഹൃദം

അര്‍ത്ഥം:

അതഃ : അതിനാല്‍
പരീക്ഷ്യ കര്‍ത്തവ്യം : പരീക്ഷിച്ചേ (എന്തും) ചെയ്യാവൂ
വിശേഷാത് : പ്രത്യേകിച്ചു്
രഹഃ സംഗതം : രഹസ്യമായി ചെയ്യുന്ന കൂട്ടുകെട്ടുകള്‍‌
അജ്ഞാത-ഹൃദയേഷു സൌഹൃദം : ഉള്ളിലിരിപ്പു് അറിയാത്ത ആളുകളോടുള്ള സൌഹൃദം
ഏവം വൈരീ-ഭവതി : ഇങ്ങനെ ശത്രുതയാകും.

വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണു്. വനത്തിനു നടുവിലുള്ള ഒരു ആശ്രമത്തില്‍ മുല്ലയ്ക്കു വെള്ളമൊഴിച്ചും മാനിനെ താലോലിച്ചും കഴിഞ്ഞ ഒരു പാവം പെണ്‍‌കുട്ടി വസ്ത്രം മാറുന്നതു് ഒളിഞ്ഞുനോക്കുകയും പിന്നീടു് അവള്‍ തന്റെ ജാതിയ്ക്കു പറ്റിയവളാണോ എന്നു് ആശങ്കപ്പെടുകയും അവളുടെ പ്രീതി എങ്ങനെയെങ്കിലും പിടിച്ചുപറ്റാന്‍ ശല്യപ്പെടുത്തിയ ഒരു വണ്ടിനെ ഓടിച്ചുവിട്ടു് വീരനാകുകയും ആദ്യം രാജാവിന്റെ ജോലിക്കാരനാണെന്നു കള്ളം പറയുകയും പിന്നീടു രാജാവു തന്നെയാണെന്നു പറയുകയും ചെയ്ത ഒരു അപരിചിതനെ വേണ്ടപ്പെട്ടവരെയൊന്നും അറിയിക്കാതെ വിശ്വസിച്ചതിനുള്ള മറുപടി.

ആലോചിക്കാതെ വ്യക്തിബന്ധങ്ങളില്‍ എടുത്തുചാടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണിതു്. കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം. നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരാകാം. സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പറഞ്ഞതൊക്കെ പൊതുസ്ഥലത്തു വിഴുപ്പലക്കുന്നവരാവാം. നമ്മളെപ്പറ്റി അപവാദം പറഞ്ഞുപരത്തുന്നവരാവാം. അസൂയക്കാരുടെ കൂടെ കൂടി കുത്തിത്തിരിപ്പുണ്ടാക്കി നമ്മളെ കരി തേച്ചു കാണിക്കുന്നവരുമാവാം.

ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.


നല്ല പരിഭാഷകളൊന്നും ഓര്‍മ്മയില്ല. പത്താം ക്ലാസ്സില്‍ പഠിച്ച “ശകുന്തളാപരിത്യാഗം” എന്ന പാഠത്തിലെ “രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചു ചെയ്യണം…” എന്ന ഭാഗം ഓര്‍മ്മയുണ്ടു്. ബാക്കി മറന്നുപോയി. അതിനാല്‍ ഒരു പരിഭാഷ ഞാന്‍ തന്നെ തട്ടിക്കൂട്ടുന്നു. വൃത്തം ഭുജംഗപ്രയാതം.

പരീക്ഷിച്ചു ചെയ്തീടണം കാര്യമെല്ലാം
വിശേഷിച്ചൊളിച്ചിട്ടു ചെയ്യുന്ന നേരം.
ശരിക്കാളറിഞ്ഞില്ലയെങ്കില്‍ സുഹൃത്തി-
ന്നരിത്വം ഭവിച്ചിട്ടനര്‍ത്ഥം ഭവിക്കും.

സുഭാഷിതം

Comments (23)

Permalink

അദ്ധ്യാപകലക്ഷണം

വിദ്യാര്‍ത്ഥിലക്ഷണത്തിലാണു് സുഭാഷിതം തുടങ്ങിയതു്. വിദ്യാര്‍ത്ഥിയുടെ ലക്ഷണം അടങ്ങുന്ന ആ ശ്ലോകം വളരെ പ്രസിദ്ധമാണെങ്കിലും അദ്ധ്യാപകലക്ഷണങ്ങള്‍ അത്ര പ്രസിദ്ധമല്ല. അദ്ധ്യാപകന്‍, ആചാര്യന്‍, ഗുരു തുടങ്ങിയ പദങ്ങള്‍ക്കു പല വിധത്തിലുള്ള അര്‍ത്ഥവ്യാപ്തി ഉള്ളതുകൊണ്ടു് ഒരു നിര്‍വ്വചനത്തില്‍ അവയെ ഒതുക്കുക ബുദ്ധിമുട്ടാണു്.

അദ്ധ്യാപകന്റെ ലക്ഷണങ്ങളില്‍ എനിക്കു്‌ ഏറ്റവും ഇഷ്ടപ്പെട്ടതു് കാളിദാസന്‍ മാളവികാഗ്നിമിത്രത്തില്‍ നല്‍കുന്ന ഈ നിര്‍വ്വചനമാണു്.

ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ
സംക്രാന്തിരന്യസ്യ വിശേഷയുക്താ
യസ്യോഭയം സാധു, സ ശിക്ഷകാണാം
ധുരി പ്രതിഷ്ഠാപയിതവ്യ ഏവ

അര്‍ത്ഥം:

കസ്യചിത് : ഒരുത്തനു്
ആത്മ-സംസ്ഥാ ക്രിയാ ശിഷ്ടാ : തന്റെ ഉള്ളില്‍ ഉള്ള അറിവു് വിശിഷ്ടമായിരിക്കും.
അന്യസ്യ : വേറൊരുത്തനു്
സംക്രാന്തിഃ വിശേഷ-യുക്താ : പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന.
യസ്യ ഉഭയം സാധു, സ : രണ്ടും സാധിക്കുന്ന ആള്‍
ശിക്ഷകാണാം ധുരി : അദ്ധ്യാപകരുടെ ശിരസ്സില്‍
പ്രതി-സ്ഥാപയിതവ്യഃ ഏവ : വാഴ്ത്തപ്പെടേണ്ട ആളാണു്.

അദ്ധ്യാപകന്റെ ലക്ഷണം തരുന്ന മറ്റു് ഉദ്ധരണികള്‍ അറിയാവുന്നവര്‍ ദയവായി പങ്കുവെയ്ക്കുക.

ഇരുട്ടില്‍ നിന്നു രക്ഷപ്പെടുത്തുന്ന ആള്‍ എന്ന വാച്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന “ഗുരു” എന്ന വാക്കിനു് അദ്ധ്യാപകന്‍ എന്ന വാക്കിനെക്കാള്‍ വളരെ അര്‍ത്ഥവ്യാപ്തിയുണ്ടു്. അതിനെപ്പറ്റിയും ഭാരതീയരുടെ ഗുരുസങ്കല്പത്തെയും പറ്റി മറ്റൊരു പോസ്റ്റിലെഴുതാം.

ഇതനുസരിച്ചു് അദ്ധ്യാപകര്‍ മൂന്നു വിധം.

  1. ഉത്തമര്‍: നല്ല അറിവും നല്ലതുപോലെ പഠിപ്പിക്കാന്‍ കഴിവും ഉള്ളവര്‍.
  2. മദ്ധ്യമര്‍: ഇവര്‍ രണ്ടു തരമുണ്ടു്.
    1. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവര്‍.
    2. അറിവുണ്ടെങ്കിലും നന്നായി പഠിപ്പിക്കാന്‍ കഴിയാത്തവര്‍.
  3. അധമര്‍: അറിവും പഠിപ്പിക്കാന്‍ കഴിവും ഇല്ലാത്തവര്‍.

ഭാഗ്യവശാല്‍, എനിക്കു് (a) വിഭാഗത്തില്‍പ്പെട്ട ധാരാളം അദ്ധ്യാപകരുടെ ശിഷ്യനാകാന്‍ കഴിഞ്ഞിട്ടുണ്ടു്. (c) വിഭാഗത്തിലുള്ളവര്‍ നന്നേ കുറവായിരുന്നു താനും. ഭൂരിഭാഗം അദ്ധ്യാപകരും (b) വിഭാഗത്തിലുള്ളവരായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ (b1) വിഭാഗത്തിലുള്ള അദ്ധ്യാപകരായിരുന്നു കൂടുതല്‍. അറിയാത്ത വിഷയങ്ങളും മനോഹരമായി പഠിപ്പിക്കുന്നവര്‍. പരീക്ഷകള്‍ ജയിക്കാനും കൂടുതല്‍ മാര്‍ക്കു വാങ്ങാനും ഇത്തരം അദ്ധ്യാപകരാണു പ്രയോജനപ്പെടുക.

(b2) വിഭാഗത്തിലുള്ള അദ്ധ്യാപകരെ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു ധാരാളം കണ്ടുമുട്ടി. വളരെയധികം അറിവുണ്ടു്‌. പക്ഷേ, പറഞ്ഞുതരുന്നതില്‍ ഒരക്ഷരം പോലും മനസ്സിലാവില്ല.

ഇതില്‍ ഏതുതരം അദ്ധ്യാപകരാണു നല്ലതു് എന്ന അഭിപ്രായം കാ‍ലക്രമത്തില്‍ മാറിക്കൊണ്ടിരുന്നു. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവരാണു കൂടുതല്‍ നല്ലവര്‍ എന്നായിരുന്നു ആദ്യം കരുതിയിരുന്നതു്. താത്ക്കാലികമായ ഗുണം ഇവരെക്കൊണ്ടാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവര്‍ ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുക എന്നു പിന്നീടു മനസ്സിലായി. ചെറിയ ക്ലാസ്സുകളില്‍ തെറ്റായ വസ്തുതകള്‍ പഠിച്ചാല്‍ (കണക്കും ഭാഷകളുമാണു് ഇവയില്‍ പ്രധാനം) അവ തിരുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടിവന്നു. അതേ സമയം, പഠിപ്പിക്കാന്‍ നിപുണരല്ലെങ്കിലും അറിവുള്ളവര്‍ പഠിപ്പിച്ച ചെറിയ കാര്യങ്ങള്‍ പോലും പിന്നീടു് ആവശ്യം വന്നപ്പോള്‍ ഉപകരിക്കുന്നതായും കണ്ടു. ഒന്നും മനസ്സിലായില്ല എന്നതു തെറ്റായ ഒരു തോന്നലായിരുന്നെന്നും, ശരിയായ അറിവിന്റെ ഒരു ചെറിയ കണം പോലും എന്നും പ്രയോജനപ്രദമായിരിക്കും എന്നു് ഇപ്പോള്‍ മനസ്സിലാകുന്നു.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ വ്യക്തികള്‍ക്കു മാത്രമുള്ളതല്ല. പുസ്തകങ്ങളും ഇന്റര്‍നെറ്റിലെ വിവരങ്ങളും ബ്ലോഗുകളുമൊക്കെ അദ്ധ്യാപകരാണു്. അവയെയും ഈ മൂന്നു വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും തിരിക്കാം. ഉത്തമാദ്ധ്യാപകബ്ലോഗിനു് ഒരു നല്ല ഉദാഹരണമാണു് സീയെസ്സിന്റെ ശാസ്ത്രലോകം.


ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയിലുള്ള ഈ ശ്ലോകത്തിനു ഞാന്‍ കേട്ടിട്ടുള്ള രണ്ടു പരിഭാഷകള്‍:

  1. ഏ. ആര്‍. രാജരാജവര്‍മ്മ (വസന്തതിലകം):
    ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;
    ഓതിക്കൊടുക്കുവതിലന്യനു കെല്പു കൂടും;
    ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ
    ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍.

  2. കുണ്ടൂര്‍ നാരായണമേനോന്‍? (ഉപേന്ദ്രവജ്ര):
    പഠിപ്പു കാട്ടും ചിലര്‍ കേള്‍; ചിലര്‍ക്കു
    മിടുക്കതന്യന്നു മനസ്സിലാക്കാന്‍;
    പടുത്വമീ രണ്ടിനുമുള്ളവന്‍ താന്‍
    നടക്കണം ശിക്ഷകവര്യനായി.

സുഭാഷിതം

Comments (12)

Permalink

ഭയം

ഭര്‍ത്തൃഹരിയുടെ വൈരാഗ്യശതകത്തില്‍ നിന്നു് ഒരു പ്രസിദ്ധശ്ലോകം.

ഭോഗേ രോഗഭയം, കുലേ ച്യുതിഭയം, വിത്തേ നൃപാലാദ് ഭയം,
മാനേ ദൈന്യഭയം, ബലേ രിപുഭയം, രൂപേ ജരായാ ഭയം,
ശാസ്ത്രേ വാദിഭയം, ഗുണേ ഖലഭയം, കായേ കൃതാന്താദ് ഭയം,
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം-വൈരാഗ്യമേവാഭയം!

അര്‍ത്ഥം:

ഭോഗേ രോഗഭയം : അനുഭവിച്ചാല്‍ രോഗത്തിന്റെ ഭയം
കുലേ ച്യുതിഭയം : നല്ല വംശത്തിലായാല്‍ കുലച്യുതിയുടെ ഭയം
വിത്തേ നൃപാലാദ് ഭയം : പണമുണ്ടെങ്കില്‍ രാജാവിനെ ഭയം
മാനേ ദൈന്യഭയം : അഭിമാനമുണ്ടെങ്കില്‍ ദാരിദ്ര്യം ഭയം
ബലേ രിപുഭയം : ബലമുണ്ടെങ്കില്‍ ശത്രുക്കളെ ഭയം,
രൂപേ ജരായാഃ ഭയം : സൌന്ദര്യമുണ്ടെങ്കില്‍ വാര്‍ദ്ധക്യത്തിലെ ജര ഭയം
ശാസ്ത്രേ വാദിഭയം : അറിവുണ്ടെങ്കില്‍ വാദിക്കുന്നവരെ ഭയം
ഗുണേ ഖലഭയം : ഗുണമുണ്ടെങ്കില്‍ ഏഷണിക്കാരെ ഭയം
കായേ കൃതാന്താദ് ഭയം : ആരോഗ്യമുണ്ടെങ്കില്‍ മരണത്തെ ഭയം
നൃണാം ഭുവി സര്‍വ്വം വസ്തു ഭയ-അന്വിതം : മനുഷ്യര്‍ക്കു ഭൂമിയില്‍ എല്ലാം ഭയം കലര്‍ന്നതാണു്
വൈരാഗ്യം ഏവ അഭയം : വൈരാഗ്യം മാത്രമാണു് അഭയം!

സുഖഭോഗങ്ങളില്‍ കൂടുതല്‍ മുഴുകുന്നവനു കൂടുതല്‍ രോഗങ്ങളും വരും. അതാണു “ഭോഗേ രോഗഭയം”. (“ഭോഗം” എന്നതിനു മലയാളത്തില്‍ ഇപ്പോള്‍ ഒരര്‍ത്ഥം മാത്രം വാച്യമായതു കൊണ്ടു് ഇതു കേള്‍ക്കുമ്പോള്‍ എയിഡ്‌സിനെപ്പറ്റി ഓര്‍ത്താല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല 🙂 )

“കുലേ ച്യുതിഭയം” എന്നതിനു രണ്ടു വ്യാഖ്യാനങ്ങള്‍ കണ്ടിട്ടുണ്ടു്. വലിയ വംശങ്ങള്‍ (സ്ഥാപനങ്ങള്‍, സാമ്രാജ്യങ്ങള്‍, സര്‍ക്കാരുകള്‍) ക്രമേണ നശിച്ചുപോകുന്നതു ചരിത്രസത്യം. വലുതായ എന്തിനും ഈ ഭയം ഉണ്ടാവും. മറ്റൊരു വ്യാഖ്യാനം, ഉന്നതകുലത്തില്‍ ജനിച്ചവനു ഭ്രഷ്ടനാകുന്നതിന്റെ ഭയം ഉണ്ടാവും എന്നാണു്.

കൂടുതല്‍ പണമുണ്ടായാല്‍ അതു രാജാവു കൊണ്ടുപോകും എന്നതു പഴയ കാലത്തെ സ്ഥിരം പതിവായിരുന്നു. (നികുതി പിരിക്കുന്നതിനെയും ഇതില്‍ പെടുത്താം.) അതാണു “വിത്തേ നൃപാലാദ് ഭയം”. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. രാജാവിനു പകരം ഗവണ്മെന്റാണെന്നു മാത്രം. കൂടാതെ രാഷ്ട്രീയ-ആത്മീയ സംഘടനകളും.

“പണമുണ്ടായാല്‍ പിരിവുകാരെ ഭയം” എന്നതാണു ഇന്നത്തെ കാലത്തു കൂടുതല്‍ യോജിക്കുന്നതു്.

അഭിമാനിയായാല്‍ മറ്റുള്ളവരോടു സഹായം ചോദിക്കാന്‍ മടിക്കും. തത്‌ഫലമായി ദീനതയും ദാരിദ്ര്യവും ഫലം. അതാണു “മാനേ ദൈന്യഭയം”.

കൂടുതല്‍ ബലമുണ്ടാകുന്തോറും ശത്രുക്കളും കൂടും. അതാണു “ബലേ രിപുഭയം”.

സൌന്ദര്യമുള്ളവര്‍ക്കു വയസ്സാകാന്‍ വലിയ സങ്കടമാണു്. സൌന്ദര്യം മാത്രം മുതലായവര്‍ക്കു പ്രത്യേകിച്ചും. അതാണു “രൂപേ ജരായാഃ ഭയം”.

അറിവുണ്ടായാല്‍, അതു പ്രകടിപ്പിച്ചാല്‍, എതിര്‍ക്കാനും ആളുണ്ടാവും. ഒരു ശാസ്ത്രവും പൂര്‍ണ്ണസത്യമല്ലല്ലോ. അതാണു “ശാസ്ത്രേ വാദിഭയം”.

“ഖലന്‍” എന്ന വാക്കിനു സംസ്കൃതത്തില്‍ ഏഷണിക്കാരന്‍ എന്നാണര്‍ത്ഥം. (ഇതു കാണുക.) ഗുണമുള്ള മനുഷ്യരെപ്പറ്റി ഏഷണി പറയാനും ആളു കൂടും. “ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ” എന്നു മേല്‍പ്പത്തൂര്‍ നാരായണീയത്തില്‍ പറയുന്നു. അതാണു “ഗുണേ ഖലഭയം”.

ശരീരബലമുള്ളവനു മരണത്തെ ഭയമുണ്ടായിരിക്കും. അതാണു “കായേ കൃതാന്താദ് ഭയം”.

ഇതിനു “കാലേ കൃതാന്താദ് ഭയം” എന്നൊരു പാഠഭേദമുണ്ടു്. കാലം ചെല്ലുന്തോറും (നല്ല കാലം വരുമ്പോള്‍ എന്നും പറയാം) മരണത്തെ കൂടുതല്‍ ഭയക്കുന്നു എന്നു സാരം. കാലന്‍, കൃതാന്തന്‍ എന്നിവ പര്യായങ്ങളായതുകൊണ്ടു് “പുനരുക്തവദാഭാസം” എന്നൊരു അലങ്കാരവും ഈ പാഠത്തിനുണ്ടു്.

ഇങ്ങനെ എല്ലാം ഭയത്തിനു കാരണമാണു്. അല്ലാത്തതു വൈരാഗ്യം മാത്രമാണു്. “വൈരാഗ്യം” എന്ന വാക്കിനു മലയാളത്തില്‍ “വിദ്വേഷം” എന്ന അര്‍ത്ഥമാണു കൂടുതല്‍ പ്രചാരം. വൈരാഗ്യം അല്ലെങ്കില്‍ വിരാഗത അടുപ്പമില്ലായ്മയാണു്. ഒന്നിനോടും ആഗ്രഹമോ attachment-ഓ ഇല്ലാത്ത അവസ്ഥ. “സന്ന്യാസം” എന്നാണു് ഇതിന്റെ അര്‍ത്ഥം പറയുന്നതെങ്കിലും അത്രത്തോളം പോകണമെന്നില്ല. ഉദാഹരണമായി, ശാസ്ത്രത്തില്‍ ഒന്നാമനാകണമെന്നില്ലാത്തവനു വാദികളെ ഭയമില്ല. സൌന്ദര്യത്തില്‍ ശ്രദ്ധയില്ലാത്തവനു ജരാനരകളെയും ഭയമില്ല.

“അഭയം” എന്ന വാക്കിന്റെ ചാരുത ശ്രദ്ധിക്കുക. ഭയമില്ലായ്മ, ആലംബം എന്ന രണ്ടര്‍ത്ഥങ്ങളും ഇവിടെ നന്നായി ചേരുന്നു.


ഞാന്‍ ഇവിടെ ഒരു പരിഭാഷയ്ക്കു മുതിരുന്നില്ല. പരിഭാഷപ്പുലികളും യന്ത്രങ്ങളും അതിനു ശ്രമിക്കട്ടേ.

ഒരു ഹാസ്യാനുകരണം ആയ്ക്കോട്ടേ. ബ്ലോഗേഴ്സിന്റെ ഭയങ്ങളെപ്പറ്റി:

വീട്ടില്‍ ഭാര്യ ഭയം, പണിസ്ഥലമതില്‍ ബോസ്സിന്‍ ഭയം, കൂടിടും
മീറ്റില്‍ തീറ്റി ഭയം, പ്രൊഫൈലിലപരന്‍ കാഷ്ടിച്ചിടും വന്‍ ഭയം,
ഓര്‍ക്കുട്ട് സ്ക്രാപ്പു ഭയം, കമന്റെഴുതുകില്‍ ലേബല്‍ ഭയം, കൈരളീ-
പോസ്റ്റില്‍ വിശ്വമുമേഷ്‌ഭയങ്ങ, ളഭയം ബ്ലോഗര്‍ക്കു കിട്ടാ ദൃഢം!

(രണ്ടാം വരി “മീറ്റിങ്കല്‍ സെമിനാര്‍ ഭയം,…” എന്നും, മൂന്നാം വരി “ചാറ്റില്‍ ബാച്ചിലര്‍മാര്‍ ഭയം,…” എന്നുമാണു് ആദ്യം എഴുതിയതു്. ബാക്കിയുള്ളവ വൃത്തത്തിലൊതുങ്ങിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു തോന്നിയ സന്ദര്‍ഭം 🙂 )

സുഭാഷിതം

Comments (29)

Permalink

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

കല്ലേച്ചി ചോദിച്ചതുകൊണ്ടു് ഈ ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു. രാമായണത്തിന്റെ അവസാനത്തിലുള്ളതാണെന്നാണു് എന്റെ ഓര്‍മ്മ. ചിലപ്പോള്‍ രാമായണത്തെപ്പറ്റിയുള്ള ഏതെങ്കിലും പുസ്തകത്തിലായിരിക്കാം. കല്ലേച്ചി പറയുന്നതു പോലെ ഉപനിഷത്തിലേതല്ല.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അര്‍ത്ഥം:

പ്രജാഭ്യഃ സ്വസ്തിഃ : പ്രജകള്‍ക്കു നല്ലതു (വരട്ടേ)
മഹി-ഈശാഃ ന്യായ്യേന മാര്‍ഗേണ : രാജാക്കന്മാര്‍ ന്യായത്തിന്റേതായ മാര്‍ഗ്ഗത്തിലൂടെ
മഹീം പരിപാലയന്താം : ഭൂമിയെ പരിപാലിക്കട്ടേ
ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു : പശുക്കള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും എന്നും സുഖമുണ്ടാകട്ടേ
സമസ്താഃ ലോകാഃ സുഖിനഃ ഭവന്തു : എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ

ഇതിന്റെ നാലാമത്തെ വരി വളരെ പ്രസിദ്ധമാണു്.


ഏതെങ്കിലും മതത്തിനോടു ചായ്‌വുള്ള ശ്ലോകങ്ങളൊന്നും ഇതു വരെ “സുഭാഷിത”ത്തില്‍ ഞാന്‍ എഴുതിയിട്ടില്ല. ഈ നിര്‍ബന്ധം കൊണ്ടു് ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണുന്ന പല നല്ല ശ്ലോകങ്ങളും എനിക്കു് ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവയെ ഉദ്ധരിക്കണമെങ്കില്‍ വേറേ ഏതെങ്കിലും വിഭാഗത്തിലാണു് ചേര്‍ക്കുക.

“ഗോബ്രാഹ്മണേഭ്യഃ” എന്ന ഹിന്ദുമതത്തിലെ പഴയ അനാചാരങ്ങളെ സൂചിപ്പിക്കുന്ന ഭാഗം ഉണ്ടെങ്കിലും ഇതു ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുകയാണു്-ആത്യന്തികമായി ഇതൊരു മംഗളസൂചകമായ സു-ഭാഷിതമായതു കൊണ്ടു്. കല്ലേച്ചിയുടെ പോസ്റ്റില്‍ ഒരു കമന്റായി എഴുതുന്നതിനെക്കാള്‍ ഇതാണു നല്ലതെന്നു തോന്നിയതു കൊണ്ടും.

സുഭാഷിതം

Comments (21)

Permalink

ബഹുകോണപ്രേമം

95 ശതമാനം ഹിന്ദിസിനിമകളുടെയും പ്രമേയമാണു ത്രികോണപ്രേമം. രണ്ടു് ആണുങ്ങള്‍, ഒരു പെണ്ണു്. അല്ലെങ്കില്‍ രണ്ടു പെണ്ണുങ്ങള്‍, ഒരു ആണു്. ഇത്രയും മിനിമം. പിന്നെ കൂടുതല്‍ സങ്കീര്‍ണ്ണവുമാകാം.

ഇതാ ഒരു പഴയ സംസ്കൃതകവി ഇതിന്റെ ഒരു കുഴഞ്ഞുമറിഞ്ഞ ഉദാഹരണം തരുന്നു. ത്രികോണമല്ല, ഒരു ബഹുകോണമാണു് ഇവിടെ.

ഇതെഴുതിയതു ഭര്‍ത്തൃഹരിയാണെന്നാണു് എന്റെ ഓര്‍മ്മ. ഉറപ്പില്ല. നീതിശതകത്തിലും വൈരാഗ്യശതകത്തിലും ഈ ശ്ലോകം കാണുന്നില്ല.

യാം കാമയാമി മയി സാ തു വിനഷ്ടകാമാ
സാऽപ്യന്യമിച്ഛതി സ ചാന്യവധൂപ്രസക്തഃ
മത്‌കാരണേന പരിശുഷ്യതി കാചിദന്യാ
ധിക് താം ച തം ച മദനം ച ഇമാം ച മാം ച

അര്‍ത്ഥം:

യാം കാമയാമി : ഞാന്‍ ഇഷ്ടപ്പെടുന്നവള്‍ക്കു്
സാ മയി തു വിനഷ്ട-കാമാ : എന്നെ ഇഷ്ടമല്ല
സാ അപി അന്യം ഇച്ഛതി : അവള്‍ക്കു വേറെ ഒരുത്തനെയാണു് ഇഷ്ടം
സ ച അന്യ-വധൂ-പ്രസക്തഃ : അവന്‍ വേറൊരു പെണ്ണിന്റെ പുറകേ നടക്കുന്നു
കാചിത് അന്യാ മത്‌-കാരണേന പരിശുഷ്യതി : വേറൊരുത്തി എന്നെ ഓര്‍ത്തു വിഷമിച്ചു നടക്കുന്നു
താം ച : അവളും (ഞാന്‍ ഇഷ്ടപ്പെടുന്നവള്‍)
തം ച : അവനും (അവള്‍ ഇഷ്ടപ്പെടുന്നവന്‍)
മദനം ച : (ഇതിനൊക്കെ കാരണമായ) കാമദേവനും
ഇമാം ച : ഇവളും (എന്നെ ഇഷ്ടപ്പെടുന്നവളും)
മാം ച : ഞാനും
ധിക്! : നശിച്ചുപോകട്ടേ!

(“ധിക്” എന്ന പദത്തിന്റെ അര്‍ത്ഥവിശേഷങ്ങളെപ്പറ്റി അറിയാന്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുക.)

എന്തൊരു സ്ഥിതി! ഏതെങ്കിലും സിനിമയില്‍ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ പ്രണയം ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.

(ഇതൊരു സുഭാഷിതം ആണോ എന്നു് എനിക്കു സംശയമുണ്ടു്. എന്തായാലും ഇവിടെ കിടക്കട്ടേ…)


വസന്തതിലകത്തിലുള്ള ശ്ലോകത്തിനു് എന്റെ അതേ വൃത്തത്തിലുള്ള പരിഭാഷ:

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;–
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത — എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

മറ്റു പരിഭാഷകളും ക്ഷണിക്കുന്നു.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (5)

Permalink

കൂപമണ്ഡൂകം

നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.

കാ ദ്യൌ കിം ബലിസത്മ കാ വസുമതീ സ്യാത് സര്‍വ്വമേതദ്യദി
പ്രത്യക്ഷം ന ഭവേത് കദാചിദപി കിം തേ സര്‍വ്വസന്ദര്‍ശിനഃ
ഭ്രാമ്യന്തു പ്രലപന്തു നാമ, വിദിതം മണ്ഡൂക, സമ്യക് ത്വയാ
മുക്ത്വേമം പരമം കകൂപമിതരത് കിം നാമ സംഭാവ്യതേ

അര്‍ത്ഥം:

ദ്യൌ കാ? : സ്വര്‍ഗ്ഗം എന്താണു്?
കിം ബലിസത്മ കിം? : പാതാളം എന്താണു്?
വസുമതീ കാ സ്യാത്? : ഭൂമി എന്നു പറയുന്നതു് എന്താണു്?
സര്‍വ്വസന്ദര്‍ശിനഃ തേ കദാചിത് അപി : എല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന നിനക്കു്
യദി ഏതത് സര്‍വ്വം : ഈ പറയുന്നതൊക്കെ
പ്രത്യക്ഷം കിം ന ഭവേത്? : എന്തു കൊണ്ടു മനസ്സിലാകുന്നില്ല?
(ലോകാഃ) ഭ്രാമ്യന്തു, പ്രലപന്തു നാമ : (ആളുകള്‍) നടന്നു് എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ
മണ്ഡൂക : എടോ തവളേ,
ത്വയാ സമ്യക് വിദിതം : നിനക്കു നന്നായി അറിയാവുന്ന
ഇമം പരമം കകൂപം മുക്ത്വാ : ഈ പൊട്ടക്കിണറല്ലാതെ
ഇതരത് കിം സംഭാവ്യതേ നാമ? : വേറേ എന്തെങ്കിലും ഉണ്ടാവുമോ?

താന്‍ അറിയുന്നതും ഇഷ്ടപ്പെടുന്നതും മാത്രമേ ലോകമുള്ളൂ എന്നു കരുതുന്ന മൂഢന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണിതു്. ഇതു മറ്റു പലയിടത്തും കാണുന്ന ഒരു ആശയമാണു്. ഈ ആശയത്തെ പിന്നീടു് സ്വാമി വിവേകാനന്ദന്‍ ഒരു ഷിക്കാഗോ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ടു്. ഓരോ മതത്തിലുമുള്ളവന്‍ അവനവന്റേതു മാത്രം ശരി എന്നു പറയുന്നതിനെപ്പറ്റി.

വാച്യത്തെക്കാള്‍ വ്യംഗ്യം മുഴച്ചുനില്‍ക്കുന്നു ഇതില്‍. തവള ഇതില്‍ ഒരു വിഷയമേ അല്ല; തന്റെ ലോകം വലുതെന്നു കരുതുകയും തനിക്കു മനസ്സിലാകാത്തതിനെ പുച്ഛിക്കുകയും ചെയ്യുന്ന ഒരുവന്റെ ചിത്രമാണു് ഇതു വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നതു്.

ആരെപ്പറ്റിയാണു പറയുന്നതു് എന്നു നേരേ പറയാതെ ഇങ്ങനെ വ്യംഗ്യമായി, എന്നാല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ പറയുന്നതിനെ സംസ്കൃതത്തില്‍ അന്യാപദേശം എന്നാണു പറയുന്നതു്. ഈ അലങ്കാരത്തെപ്പറ്റിയും അന്യാപദേശശതകം എന്ന പുസ്തകത്തെപ്പറ്റിയും (ഈ ശ്ലോകവും അതില്‍ നിന്നുള്ളതാണു്) ഞാന്‍ തേളും ബ്ലോഗറും എന്ന പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ടു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തിനു കുസുമമഞ്ജരിയില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ:

നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി–
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന്‍ ഭവാന്‍
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?

ഈ പരിഭാഷ അത്ര നന്നായിട്ടില്ല. ബ്ലോഗര്‍ പരിഭാഷപ്പുലികളാരെങ്കിലും ഒന്നു ശ്രമിക്കുമോ?

സുഭാഷിതം

Comments (66)

Permalink

മരങ്ങളും പരോപകാരികളും

ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും (അഞ്ചാം അങ്കം) കാണുന്ന ഒരു പ്രസിദ്ധശ്ലോകം. ഇതു ഭര്‍ത്തൃഹരിയുടേതാണെന്നും ശാകുന്തളത്തില്‍ ആരോ പിന്നെ കൂട്ടിച്ചേര്‍ത്തതാണെന്നും (പ്രക്ഷിപ്തം) ആണു പണ്ഡിതമതം.

ഭവന്തി നമ്രാസ്തരവഃ ഫലോദ്‌ഗമൈര്‍-
നവാംബുഭിര്‍ ദൂരവിലംബിനോ ഘനാഃ
അനുദ്ധതാഃ സത്‌പുരുഷാഃ സമൃദ്ധിഭിഃ
സ്വഭാവ ഏവൈഷ പരോപകാരിണാം

അര്‍ത്ഥം:

തരവഃ ഫല-ആഗമൈഃ നമ്രാഃ ഭവന്തി : മരങ്ങള്‍ പഴങ്ങളുണ്ടാകുമ്പോള്‍ കുനിയുന്നു
ഘനാഃ നവ-അംബുഭിഃ ദൂര-വിലംബിനഃ (ഭവന്തി) : മേഘങ്ങള്‍ പുതിയ വെള്ളമുണ്ടാകുമ്പോള്‍ കൂടുതല്‍ താഴുന്നു
സത്‌പുരുഷാഃ സമൃദ്ധിഭിഃ അനുദ്ധതാഃ (ഭവന്തി) : നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല
ഏഷ പരോപകാരിണാം സ്വഭാവഃ ഏവ : ഇതു പരോപകാരികളുടെ സ്വഭാവം തന്നെയാണു്.

“ഫലോദ്‌ഗമൈഃ” എന്നതിനു “ഫലാഗമൈഃ” എന്നും “ദൂരവിലംബിനഃ” എന്നതിനു “ഭൂരിവിലംബിനഃ” എന്നും പാഠഭേദം.

വംശസ്ഥം ആണു് ഇതിന്റെ വൃത്തം.


പരിഭാഷകള്‍:

ശാകുന്തളത്തിന്റെ മിക്കവാറും എല്ലാ പരിഭാഷകരും ഈ ശ്ലോകം പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മൂന്നെണ്ണം താഴെച്ചേര്‍ക്കുന്നു.

  1. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (വൃത്തം: വംശസ്ഥം)
    മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍;
    പരം നമിക്കുന്നു ഘനം നവാംബുവാല്‍;
    സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ;
    പരോപകാരിക്കിതു താന്‍ സ്വഭാവമാം

  2. ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തം: വംശസ്ഥം)
    മരങ്ങള്‍ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
    ധരിച്ചു നീരം ജലദങ്ങള്‍ തൂങ്ങിടും;
    ശിരസ്സു സത്തര്‍ക്കുയരാ സമൃദ്ധിയാല്‍;
    പരോപകാരിക്കിതു ജന്മസിദ്ധമാം.

  3. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (വൃത്തം: ദ്രുതവിളംബിതം)
    ഫലഭരേണ തരുക്കള്‍ നമിച്ചിടും;
    ജലഭരേണ ഘനങ്ങളുമങ്ങനെ;
    അലഘുസമ്പദി സജ്ജനവും തഥാ
    വിലസിടുന്നു-ഗുണം ഗുണികള്‍ക്കിതു്.

അക്ഷരശ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സില്‍ ഒരു സ-ഫ ശ്ലോകം filler ആയി ആവശ്യം വന്നപ്പോള്‍ ഇതിനെ അവലംബിച്ചു ഞാന്‍ എഴുതിയ ഒരു ശ്ലോകം: (വൃത്തം: ദ്രുതവിളംബിതം)

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

മക്കളൊക്കെ ഒരു നിലയിലായി വിട്ടുപോകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുള്ള സ്ഥിതിയാണു് ഇതെന്നായിരുന്നു ബാലേന്ദുവിന്റെ നിരീക്ഷണം 🙂

സുഭാഷിതം

Comments (4)

Permalink

പക്ഷിമൃഗങ്ങളില്‍ നിന്നു പഠിക്കേണ്ടതു്

പക്ഷിമൃഗാദികളില്‍ നിന്നു മനുഷ്യനു് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണു് ഒരു പ്രാചീനാചാര്യന്‍ പറയുന്നതു്. അത്തരം ഇരുപതു ഗുണങ്ങളാണു താഴെ.

സിംഹാദേകം ബകാദേകം
ശിക്ഷേച്ചത്വാരി കുക്കുടാത്
വായസാത് പഞ്ചശിക്ഷേ ച
ഷഡ്‌ശുനസ്ത്രീണി ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സിംഹാത് ഏകം : സിംഹത്തില്‍ നിന്നു് ഒന്നും
ബകാത് ഏകം : കൊക്കില്‍ നിന്നു് ഒന്നും
കുക്കുടാത് ചത്വാരി : കോഴിയില്‍ നിന്നു നാലും
വായസാത് പഞ്ചശിക്ഷേ : കാക്കയില്‍ നിന്നു് അഞ്ചും
ശുനഃ ഷട് : പട്ടിയില്‍ നിന്നു് ആറും
ഗര്‍ദ്ദഭാത് ത്രീണി ച : കഴുതയില്‍ നിന്നു മൂന്നും (ഗുണങ്ങള്‍)
ശിക്ഷേത് : പഠിക്കണം

ഓന്തു്, കുറുക്കന്‍, മുതല, കാണ്ടാമൃഗം തുടങ്ങിയവയില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ടു് എന്നാണു് ആധുനികമനുഷ്യന്റെ കണ്ടുപിടിത്തം.

പ്രവൃത്തം കാര്യമല്പം വാ
യോ നരഃ കര്‍ത്തുമിച്ഛതി
സര്‍വ്വാരംഭേണ തത്‌കാര്യം
സിംഹാദേകം പ്രചക്ഷതേ

അര്‍ത്ഥം:

കാര്യം അല്പം വാ പ്രവൃത്തം വാ : ഒരു കാര്യം ചെറുതായാലും വലുതായാലും
യഃ നരഃ കര്‍ത്തും ഇച്ഛതി : ചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍
സര്‍വ്വാരംഭേണ തത്‌കാര്യം : മൊത്തം ശ്രമത്തോടെയും ചെയ്യണമെന്ന കാര്യം
സിംഹാത് ഏകം പ്രചക്ഷതേ : സിംഹത്തില്‍ നിന്നു പഠിക്കേണ്ട ഗുണമാണു്.

തര്‍ക്കിക്കുന്ന കാര്യമാണെങ്കില്‍ നമ്മളെല്ലാം സിംഹത്തെപ്പോലെ തന്നെ. ചെറുതായാലും വലുതായാലും പൂര്‍ണ്ണശക്തിയും ഉപയോഗിച്ചാണു വാദം!

ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേത്

അര്‍ത്ഥം:

പണ്ഡിതഃ നരഃ : പണ്ഡിതനായ മനുഷ്യന്‍
ബക-വത് ഇന്ദ്രിയാണി സംയമ്യ : കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ അടക്കി
ദേശ-കാല-ബലം ജ്ഞാത്വാ : സ്ഥലവും സമയവും നോക്കി
സര്‍വ്വ-കാര്യാണി സാധയേത് : എല്ലാ കാര്യവും സാധിക്കണം.

എന്തു ചെയ്യാന്‍, ഇങ്ങനെ ആയിപ്പോയി-അനീതിയും അക്രമവും കാണുമ്പോഴാണെന്നു മാത്രം. സ്ഥലവും കാലവും നോക്കി, ഇന്ദ്രിയങ്ങളെ അടക്കി, വാലും ചുരുട്ടി വീട്ടില്‍ പോകും നമ്മള്‍!

പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗഞ്ച ബന്ധുഷു
സ്വയമാക്രമ്യഭുക്തഞ്ച
ശിക്ഷേച്ചത്വാരി കുക്കുടാത്

അര്‍ത്ഥം:

പ്രാക് ഉത്ഥാനം ച : നേരത്തേ ഉണരുകയും
യുദ്ധം ച : യുദ്ധം ചെയ്യുകയും
ബന്ധുഷു സംവിഭാഗം ച : കിട്ടിയതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും
സ്വയം ആക്രമ്യ ഭുക്തം ച : സ്വയം ജോലി ചെയ്തു ഭക്ഷിക്കാനുണ്ടാക്കുകയും
ചത്വാരി : എന്നു നാലു കാര്യങ്ങള്‍
കുക്കുടാത് ശിക്ഷേത് : കോഴിയില്‍ നിന്നു പഠിക്കണം.

വക്കാരി വെറുതേ നിലാവത്തെ കോഴിയാണെന്നു പറഞ്ഞു നടക്കുന്നു. ഈ ഗുണങ്ങളില്‍ ഏതെങ്കിലും വക്കാരിക്കുണ്ടോ?

ഗൂഢമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം
പഞ്ചശിക്ഷേച്ച വായസാത്

അര്‍ത്ഥം:

ഗൂഢമൈഥുനധീരത്വം : രഹസ്യമായി മാത്രം മൈഥുനം ചെയ്യുന്നതും ധൈര്യവും
കാലേ കാലേ ച സംഗ്രഹം : സമയം നോക്കി ഗ്രഹിക്കുന്നതും
അപ്രമത്വം : ശ്രദ്ധയോടിരിക്കുന്നതും
അവിശ്വാസം : ആരെയും വിശ്വസിക്കാതിരിക്കുന്നതും
പഞ്ച വായസാത് ശിക്ഷേത് : (ഇങ്ങനെ) അഞ്ചു കാര്യം കാക്കയില്‍ നിന്നു പഠിക്കണം.

ആദ്യത്തേതും അവസാനത്തേതും നമുക്കുണ്ടെന്നു തോന്നുന്നു. ആദ്യത്തേതു തല്ലു കൊള്ളുമെന്നു പേടിയുള്ളതു കൊണ്ടു്, അവസാനത്തേതു പാര കേറുമെന്നു പേടിയുള്ളതു കൊണ്ടും.

ബഹ്വാശീ സ്വല്പസന്തുഷ്ടഃ
സുനിദ്രോ ലഘുചേതനഃ
സ്വാമിഭക്തീ ച ശൂരത്വം
ഷഡേതേ ശ്വാനതോ ഗുണഃ

അര്‍ത്ഥം:

ബഹു-ആശീ : (കിട്ടിയാല്‍) വളരെ ഭക്ഷിക്കുന്നതും
സ്വല്പ-സന്തുഷ്ടഃ : (അതേ സമയം) കുറച്ചു കിട്ടിയാല്‍ അതില്‍ സന്തോഷിക്കുന്നതും,
സു-നിദ്രഃ : നല്ല പോലെ ഉറങ്ങുകയും,
ലഘു-ചേതനഃ : (അതേ സമയം) “ഉറക്കബോധം” ഉണ്ടായിരിക്കുകയും
സ്വാമി-ഭക്തീ : യജമാനനോടുള്ള ഭക്തിയും
ശൂരത്വം : ശൂരത്വവും
ഏതേ ഷട് ശ്വാനതഃ : ഈ ആറു കാര്യങ്ങള്‍ പട്ടിയില്‍ നിന്നും (പഠിക്കണം).

“സുനിദ്രഃ” എന്നതിനു “സൂവിനെപ്പോലെ ഉറങ്ങുകയും” എന്നും, “ലഘുചേതനഃ” എന്നതിനു “പെരിങ്ങോടനെപ്പോലെ ലഘുചിത്തനായിരിക്കുകയും” എന്നു് ആര്‍ക്കെങ്കിലും അര്‍ത്ഥം തോന്നിയാല്‍ ബ്ലോഗുവായന കുറയ്ക്കണം എന്നു മനസ്സിലാക്കാം 🙂

“സ്വാമിഭക്തി”യുടെ മലയാളമാണു “മണിയടി”.

സുശ്രാന്തോऽപി വഹേദ് ഭാരം
ശീതോഷ്ണൌ ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സുശ്രാന്തഃ അപി ഭാരം വഹേത് : ക്ഷീണിച്ചാലും ഭാരം ചുമക്കുന്നതും
ശീത-ഉഷ്ണൌ ന പശ്യതി : ചൂടും തണുപ്പും കണക്കാക്കാത്തതും
നിത്യം സന്തുഷ്ടഃ ചരതേ : എന്നും സന്തോഷത്തോടുകൂടി നടക്കുന്നതും
ത്രീണി ഗര്‍ദ്ദഭാത് ശിക്ഷേത് : (എന്നിങ്ങനെ) മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കണം.

ഈ ഗുണമൊന്നും നമുക്കില്ല. അതിനു നമ്മള്‍ കഴുതകളല്ലല്ലോ!

യ ഏതാന്‍ വിംശതി ഗുണാന്‍
ആചരിഷ്യതി മാ‍നവഃ
കാര്യാവസ്ഥാസു സര്‍വ്വാസു
വിജയീ സംഭവിഷ്യതി

അര്‍ത്ഥം:

ഏതാന്‍ വിംശതി ഗുണാന്‍ : ഈ ഇരുപതു ഗുണങ്ങള്‍
യഃ മാനവഃ ആചരിഷ്യതു : ആചരിക്കുന്ന മനുഷ്യന്‍
സര്‍വ്വാസു കാര്യ-അവസ്ഥാസു : എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും
വിജയീ സംഭവിഷ്യതി : വിജയിയായി ഭവിക്കും.

എണ്ണി നോക്കിയിട്ടു് ഇതില്‍ എത്ര ഗുണമുണ്ടെന്നു പറയൂ. ജീവിതത്തില്‍ എത്ര വിജയിക്കും എന്നു നമുക്കു കണ്ടുപിടിക്കാം 🙂

എല്ലാവര്‍ക്കും ഓണാശംസകള്‍!

സുഭാഷിതം

Comments (17)

Permalink