സുഭാഷിതം

പുത്രനും മിത്രവും

കുട്ടികളെ വളര്‍ത്തേണ്ട വിധത്തെപ്പറ്റി ഒരു പഴയ സംസ്കൃതശ്ലോകം:

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്

അര്‍ത്ഥം:

പുത്രം : പുത്രനെ
പഞ്ച-വര്‍ഷാണി രാജവത് : അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും
ദശ-വര്‍ഷാണി ദാസവത് : (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും
പ്രാപ്തേ ഷോഡശവര്‍ഷേ തു : പതിനാറു വയസ്സായാല്‍
മിത്ര-വത് : കൂട്ടുകാരനെപ്പോലെയും
ആചരേത് : കരുതണം

അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ഭാരതത്തില്‍ പണ്ടു പുരുഷന്മാരുടെ പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം പതിനാറു വയസ്സാണെന്നു തോന്നുന്നു. പലയിടത്തും ഈ “ഷോഡശ”ത്തെപ്പറ്റി പരാമര്‍ശമുണ്ടു്. അതു പതിനെട്ടും ഇരുപത്തൊന്നുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടു്. അതു് ഉചിതമാണു താനും. കാരണം കുട്ടിയുടെ രാജത്വം ഇപ്പോള്‍ അഞ്ചു വയസ്സില്‍ തീരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സുവരെയും അതിനു ശേഷവും കുട്ടികളെ ലാളിക്കുന്ന രീതിയാണു് ഇപ്പോഴുള്ളതു്. ദാസനെപ്പോലെ കരുതുന്ന കാലം ഉണ്ടോ എന്നു തന്നെ സംശയം.

തലമുറകള്‍ കഴിയുന്നതോടെ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന പ്രവണത കൂടുന്നുണ്ടു്. ഇതു സ്നേഹം കൂടുന്നതാണോ ബഹുമാനം കുറയുന്നതാണോ എന്നു പലരും തര്‍ക്കിക്കുന്നുണ്ടു്. ഏതായാലും ഇന്നത്തെ മക്കള്‍ അച്ഛന്റെ മുന്നില്‍ ഇരിക്കാന്‍ മടിയുള്ളവരല്ല. രണ്ടു തലമുറ മുമ്പു് അറുപതു വയസ്സുള്ള മക്കള്‍ കൂടി അച്ഛന്റെ മുന്നില്‍ ഇരിക്കാറില്ലായിരുന്നു.

എന്തായാലും പ്രായപൂര്‍ത്തിയായാല്‍ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

സുഭാഷിതം

Comments (29)

Permalink

വിദ്യ വരുന്ന വഴി

ഒരു വിദ്യാര്‍ത്ഥിയ്ക്കു് അറിവു് എങ്ങനെ കിട്ടുന്നു എന്നു പറയുന്ന ഒരു പ്രാചീനശ്ലോകം:

ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു

അര്‍ത്ഥം:

ശിഷ്യഃ : ശിഷ്യന്‍
പാദം ആചാര്യാത് : കാല്‍ ഭാഗം ആചാര്യനില്‍ നിന്നും
പാദം സ്വമേധയാ : കാല്‍ ഭാഗം സ്വന്തം ബുദ്ധി കൊണ്ടും
പാദം സബ്രഹ്മചാരിഭ്യഃ : കാല്‍ ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും
പാദം കാലക്രമേണ തു : കാല്‍ ഭാഗം കാലം പോകുന്നതനുസരിച്ചും
ആദത്തേ : നേടുന്നു

വളരെ നല്ല ശ്ലോകം. അദ്ധ്യാപകനു കാല്‍ ഭാഗം മാത്രമേ പറഞ്ഞു തരാന്‍ പറ്റൂ എന്നും, സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ എന്നും, എങ്കിലും കാലം തരുന്ന അറിവു് മറ്റൊരു വിധത്തിലും കിട്ടില്ല എന്നും ഒരു ചെറിയ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നു.

ഇതു പഴയ കാലത്തെ കഥ. ഇതു നാലുമായിരുന്നു വിദ്യ കിട്ടാനുള്ള വഴികള്‍. ഇന്നോ?

ഇന്നു വിദ്യ വരുകയല്ല. തലയില്‍ കെട്ടിവെയ്ക്കുകയാണു്. പഠിപ്പാണു ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നു കരുതുന്ന ഈ കാലത്തു് (ഇതു് അറിവിനു വേണ്ടിയല്ല, പിന്നീടു കിട്ടുന്ന ജോലിക്കും ശമ്പളത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണെന്നു് ആര്‍ക്കാണറിഞ്ഞുകൂടാത്തതു്?) എല്ലാ വഴികളിലൂടെയും കുട്ടികള്‍ക്കു വിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയാണു മാതാപിതാക്കള്‍. ട്യൂഷന്‍, ഗൈഡുകള്‍, വര്‍ക്ക്‍ബുക്കുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്കൊക്കെ തള്ളിവിടുകയും അവയിലൊക്കെ ഒന്നാമതാകണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതുകൊണ്ടു വിദ്യയെ ഊറ്റിയെടുക്കുകയാണോ ചോര്‍ത്തിക്കളയുകയാണോ എന്നു സംശയം.

എന്റെ ചെറുപ്പകാലത്തു് ഇന്നത്തെപ്പോലെ ട്യൂഷനും മറ്റും പോകുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിപ്പിക്കുന്നതു പഠിക്കുക, അവനവനെക്കൊണ്ടു കഴിയുന്നതു പരീക്ഷയ്ക്കെഴുതുക എന്നതില്‍ കവിഞ്ഞു മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ മത്സരബുദ്ധി ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ മാത്രം അല്പം വ്യത്യാസമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കു മാത്രം ചിലപ്പോള്‍ ട്യൂഷനു പോകും. ഗൈഡുകള്‍ക്കും മറ്റും പാഠപുസ്തകത്തിനേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നുമില്ല.

ഇന്നത്തെ സ്ഥിതി അതാണോ? ഇടയ്ക്കിടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ രാവിലെ അഞ്ചരയ്ക്കു ട്യൂഷനു പോകുന്ന കുട്ടികളെ കാണാറുണ്ടു്. വൈകിട്ടു പത്തു മണി വരെയും പഠിത്തമാണു്-സ്കൂളിലും വീട്ടിലും ട്യൂഷന്‍ സെന്ററിലും മറ്റും. ഈ കുട്ടികള്‍ കളിക്കുകയും അടുത്ത ലൈബ്രറിയിലുള്ള നോവലുകള്‍ എടുത്തു വായിക്കുകയും ചെയ്യുന്നുണ്ടോ, ഞാനൊക്കെ ചെയ്ത പോലെ? ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്കു് ഇതിനു തക്ക വിജ്ഞാനം കിട്ടുന്നുണ്ടോ? അറിയില്ല.

അമേരിക്കയില്‍ സ്ഥിതി അല്പം വ്യത്യസ്തമാണു്. ഇവിടെ സ്കൂളുകളില്‍ റാങ്ക്, മാര്‍ക്ക്, കാണാതെ പഠിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യമില്ല. അത്രയും ഭാഗ്യം. അതില്‍ മത്സരമില്ല. കുട്ടികളുടെ “സ്റ്റാന്‍ഡേര്‍ഡ്” വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ (പ്രധാനമായി കണക്കു്) ഉപയോഗിച്ചു വീട്ടിലിരുത്തി പഠിപ്പിക്കുകയും, ഗണിതവും മറ്റും കാണാതെ പഠിപ്പിക്കുന്ന പാഠ്യേതരവിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കുകയും ചെയ്യുന്നതു് ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണെങ്കിലും, പഠിച്ചു റാങ്കു നേടാനുള്ള മത്സരം നാട്ടിലെപ്പോലെ ഇവിടെയില്ല. എങ്കിലും മക്കളെ നീന്തല്‍, പലതരം പന്തുകളികള്‍, പലതരം കായികാഭ്യാസമുറകള്‍, പലതരം സംഗീത-നൃത്ത അഭ്യസനങ്ങള്‍ തുടങ്ങിയുള്ള എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളുടെ അതിപ്രസരത്തിലേക്കു തള്ളിവിടുന്ന പ്രവണത വളരെയുണ്ടു്. ഇവയൊക്കെ നല്ലതു തന്നെ. പക്ഷേ, കുട്ടികള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലാത്ത വിധത്തില്‍ ഇതൊക്കെ ആയാലോ? മദ്ധ്യവേനലവധിക്കുമുണ്ടു സമ്മര്‍ ക്യാമ്പുകള്‍. ഇതു കണ്ടാല്‍ ജീവിതകാലത്തെ മുഴുവന്‍ ഒളിമ്പിക്ക് മെഡലുകളും നൊബേല്‍ സമ്മാനങ്ങളും ഓസ്കാര്‍-ഗ്രാമി അവാര്‍ഡുകളും തന്റെ കുട്ടിക്കു നേടിക്കൊടുക്കണം എന്നാണു് ആഗ്രഹമെന്നു തോന്നിപ്പോകും.

(എന്നാല്‍ കുട്ടികളെ മലയാളം പറയാനും, വായിക്കാനും, എഴുതാനും പഠിപ്പിക്കുന്നുണ്ടോ? അതൊട്ടില്ല താനും!)

വിദ്യ കിട്ടാന്‍ ഒരു ദ്വാരം ആവശ്യമാണു്. ആ ദ്വാരം തന്നെ അതു ചോര്‍ത്തിക്കളയുകയും ചെയ്യും എന്നു് ആലോചിക്കുന്നതു നന്നു്.


ഇന്നത്തെ വിദ്യ വരുന്ന വഴി വിവരിക്കാന്‍ ഒരു ശ്ലോകം പോരാ. വലിയ ഒരു മഹാകാവ്യം തന്നെ വേണം. അങ്ങനെയൊരു മഹാകാവ്യത്തിലെ ഏതാനും ശ്ലോകങ്ങള്‍ താഴെ.

വൃത്തത്തിലൊതുങ്ങാന്‍ ‘നൂറ്റെട്ടു്‘ എന്ന സംഖ്യ ഉപയോഗിച്ചതാണു്. ശരിക്കുള്ള സംഖ്യ സൂചിപ്പിക്കാന്‍ അഞ്ചക്കമെങ്കിലും വേണ്ടിവരും 🙂


നൂറ്റെട്ടിലൊന്നു സാറന്മാര്‍,
നൂറ്റെട്ടിലൊന്നു കൂട്ടുകാര്‍,
നൂറ്റെട്ടിലൊന്നു തന്‍ ബുദ്ധി,
നൂറ്റെട്ടിലൊന്നു കാലവും

നൂറ്റെട്ടിലൊന്നു വീ ഗൈഡും,
നൂറ്റെട്ടിലൊന്നസീസിയും,
നൂറ്റെട്ടിലൊന്നു വിദ്യാര്‍ത്ഥി-
മിത്രം തൊട്ടവയും തഥാ

നൂറ്റെട്ടിലൊന്നു കമ്പ്യൂട്ടര്‍,
നൂറ്റെട്ടിലൊന്നു വിക്കിയും,
നൂറ്റെട്ടിലൊന്നി`ലീ ബുക്കും’,
നൂറ്റെട്ടിലൊന്നു ബ്ലോഗുകള്‍,

നൂറു ദ്വാരം തുളച്ചിട്ടു
വിദ്യയൂറ്റിക്കുടിക്കവേ
കോടി ഭാഗത്തു കീറീട്ടു
ചോര്‍ന്നു പോകുന്നു സര്‍വ്വതും…

സുഭാഷിതം

Comments (32)

Permalink

ആളുകള്‍ ഇച്ഛിക്കുന്നതു്…

പല സ്വഭാവമുള്ളവര്‍ ആഗ്രഹിക്കുന്നതു പലതാണു് എന്നര്‍ത്ഥമുള്ള ഒരു സംസ്കൃതശ്ലോകം:

മക്ഷികാഃ വ്രണമിച്ഛന്തി
ധനമിച്ഛന്തി പാര്‍ത്ഥിവാഃ
നീചാഃ കലഹമിച്ഛന്തി
സന്ധിമിച്ഛന്തി പണ്ഡിതാഃ

അര്‍ത്ഥം:

മക്ഷികാഃ വ്രണം ഇച്ഛന്തി : ഈച്ചകള്‍ പുണ്ണിനെ ആഗ്രഹിക്കുന്നു
പാര്‍ത്ഥിവാഃ ധനം ഇച്ഛന്തി : രാജാക്കന്മാര്‍ ധനം ആഗ്രഹിക്കുന്നു
നീചാഃ കലഹം ഇച്ഛന്തി : നീചന്മാര്‍ കലഹം ആഗ്രഹിക്കുന്നു
പണ്ഡിതാഃ സന്ധിം ഇച്ഛന്തി : പണ്ഡിതന്മാര്‍ സമാധാനം ആഗ്രഹിക്കുന്നു

രാജാക്കന്മാര്‍ (ഭരണാധികാരികള്‍) കാശു പിടുങ്ങാന്‍ നടക്കുന്നവരാണെന്നുള്ള അഭിപ്രായം പണ്ടേ ഉണ്ടായിരുന്നു എന്നു വ്യക്തം.


ബൂലോഗത്തും ഈ ശ്ലോകം പ്രസക്തമാണു്. ചിലര്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളെപ്പോലെയുള്ള കൊള്ളരുതായ്മയെല്ലാം ബ്ലോഗിലിടുന്നു. (മലയാളം ബ്ലോഗുകളില്‍ ഇവര്‍ കുറവാണു്-മനോരമയുടെ ബാബുക്കുട്ടന്‍ അവരെ മാത്രമേ കാണുന്നുള്ളൂ എങ്കിലും.) ചിലര്‍ ഇതില്‍ നിന്നു് എങ്ങനെയെങ്കിലും പണമുണ്ടാക്കാമോ എന്നു നോക്കുന്നു-ഗൂഗിള്‍ പരസ്യം കൊടുത്തും സ്വന്തം ഉല്പന്നങ്ങളുടെ പരസ്യം കൊടുത്തും. ചിലര്‍ എവിടെയെങ്കിലും അടിയുണ്ടാക്കാന്‍ വഴിയുണ്ടോ എന്നു നോക്കിനടക്കുന്നു. ചിലര്‍ ഈ കൂട്ടായ്മയ്ക്കു ഭംഗം വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നു.


ബ്ലോഗെഴുതുന്നതു കൊണ്ടു് പല തരത്തിലുള്ളവര്‍ ആഗ്രഹിക്കുന്നതും പലതാണു്. അതിനെപ്പറ്റി മൂന്നു ശ്ലോകങ്ങള്‍ എഴുതിക്കോട്ടേ:

മഴ കര്‍ക്കടകത്തില്‍പ്പോല്‍
‘കമന്റി’ച്ഛിപ്പതേറെയാള്‍;
‘റേറ്റിംഗു’ കിട്ടി മേലെപ്പോയ്
പേരു കാംക്ഷിപ്പതേറെയാള്‍;

ഏറെപ്പേര്‍ ‘ലിങ്കു’ ചെയ്തിട്ടു
‘ഹിറ്റു’ കൂടാനുമേറെയാള്‍;
പത്രത്തില്‍ വാര്‍ത്ത കിട്ടീടാന്‍
പടം കാണാനുമേറെയാള്‍;

നല്ലവണ്ണം രചിച്ചിട്ടു
നല്ല മര്‍ത്ത്യര്‍ക്കു നിത്യവും
വായിക്കാനുതകീടേണം
എന്നു ചിന്തിച്ചിടും ബുധര്‍.

സുഭാഷിതം

Comments (32)

Permalink

കാക്കയും കുയിലും

പാപ്പാന്‍ ഒരു കമന്റിലൂടെ ഓര്‍മ്മിപ്പിച്ച ഒരു സംസ്കൃതശ്ലോകം:

കാകഃ കൃഷ്ണഃ, പികഃ കൃഷ്ണഃ,
കോ ഭേദഃ പികകാകയോഃ?
വസന്തകാലേ സമ്പ്രാപ്തേ
കാകഃ കാകഃ, പികഃ പികഃ!

അര്‍ത്ഥം:

കാകഃ കൃഷ്ണഃ : കാക്ക കറുത്തതാണു്
പികഃ കൃഷ്ണഃ : കുയിലും കറുത്തതാണു്
പികകാകയോഃ കഃ ഭേദഃ : കുയിലിനും കാക്കയ്ക്കും തമ്മില്‍ എന്തു വ്യത്യാസം?
സമ്പ്രാപ്തേ വസന്തകാലേ : വസന്തകാലം വരുമ്പോള്‍
കാകഃ കാകഃ : കാക്ക കാക്കയാണു്
പികഃ പികഃ : കുയില്‍ കുയിലും.

അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒരുപോലെയിരിക്കുന്ന കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം അറിയുന്നതു് അവ പാട്ടുപാടുമ്പോഴാണു് എന്നര്‍ത്ഥം. (കുയില്‍ വസന്തത്തില്‍ പാട്ടുപാടുന്നു എന്നു കവിസങ്കേതം.)

കാഴ്ചയില്‍ ഒരുപോലെയുള്ള ആളുകളുടെ തനിസ്വഭാവം അറിയണമെങ്കില്‍ അതിനു പറ്റിയ സാഹചര്യം അറിയണം എന്നു വ്യംഗ്യം.

എന്റെ ചെറുപ്പത്തില്‍ ‘ബാലരമ’യില്‍ കണ്ട ഒരു പരിഭാഷ:

കാകനും പികവും തമ്മില്‍
കറുപ്പാണില്ലൊരന്തരം;
കാലം വസന്തമാകുമ്പോള്‍
കാകന്‍ കാകന്‍, പികം പികം


ഇതിന്റെ ഒരു പാരഡി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ടു്. ചെണ്ട കൊട്ടാന്‍ വിദഗ്ദ്ധനായിരുന്ന മുണ്ടേമ്പള്ളി കൃഷ്ണമാരാരെപ്പറ്റി പറയുന്ന കഥയിലാണു്. കൃഷ്ണമാരാരെയും മറ്റൊരു ചെണ്ടക്കാരനായിരുന്ന കൃഷ്ണപ്പുതുവാളിനെയും പറ്റിയുള്ള ശ്ലോകം:

മാരഃ കൃഷ്ണഃ പുതുഃ കൃഷ്ണഃ
കോ ഭേദോ പുതുമാരയോഃ
ഇണ്ടിണ്ടകാലേ സമ്പ്രാപ്തേ
മാരോ മാരഃ പുതുഃ പുതുഃ

ചെണ്ടകൊട്ടിന്റെ കാര്യം വരുമ്പോള്‍ കൃഷ്ണമാരാരുടെയും കൃഷ്ണപ്പുതുവാളിന്റെയും വ്യത്യാസം മനസ്സിലാകും എന്നര്‍ത്ഥം.

(ഐതിഹ്യമാല കയ്യിലുള്ളവര്‍ ദയവായി ഇതൊന്നു പരിശോധിക്കുക.)

സുഭാഷിതം

Comments (19)

Permalink

എപ്പോഴും അന്ധരായവര്‍

ജ്യോതിയുടെ ഒരു ബ്ലോഗ്‌പോസ്റ്റില്‍ ഒരിക്കല്‍ വിശ്വം ഇട്ട കമന്റില്‍ നിന്നു കിട്ടിയ ശ്ലോകം:

ദിവാ പശ്യതി നോലൂകഃ
കാകോ നക്തം ന പശ്യതി
അപൂര്‍വഃ കോऽപി കാമാന്ധോ
ദിവാ നക്തം ന പശ്യതി

അര്‍ത്ഥം:

ഉലൂകഃ ദിവാ ന പശ്യതി : മൂങ്ങയ്ക്കു പകല്‍ കാഴ്ചയില്ല
കാകഃ നക്തം ന പശ്യതി : കാക്കയ്ക്കു രാത്രിയില്‍ കാഴ്ചയില്ല
അപൂര്‍വഃ കഃ അപി കാമാന്ധഃ : കാമാന്ധനു്
ദിവാ നക്തം ന പശ്യതി : പകലും രാത്രിയും കണ്ണുകാണില്ല

അര്‍ത്ഥം ഞാന്‍ ഒരല്പം മാറ്റി-സുഭാഷിതമാക്കാന്‍. ശ്ലോകത്തില്‍ ഇതു് ഏതോ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കാമാന്ധനെപ്പറ്റി പറയുന്നതാണു്. “മുമ്പില്ലാത്ത ഒരു കാമാന്ധന്‍” എന്നാണു മൂന്നാം വരിയുടെ അര്‍ത്ഥം. “അപൂര്‍വഃ” എന്നതിനു പകരം “അപൂര്‍വം” എന്നു ക്രിയാവിശേഷണമായിട്ടാണെങ്കില്‍ വേണമെങ്കില്‍ സാമാന്യമാക്കാം.

വിശ്വത്തിനേ പൂര്‍ണ്ണമായ വിവരം അറിയൂ.

സുഭാഷിതം

Comments (10)

Permalink

കൂട്ടുകെട്ടു്

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (16)

Permalink

പാമ്പിനു പാല്‍ കൊടുത്താല്‍…

ഒരു പഴയ സംസ്കൃതശ്ലോകം. നീതിസാരത്തില്‍ നിന്നു്.

ഉപകാരോऽപി നീചാനാം
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം

അര്‍ത്ഥം:

നീചാനാം : നീചന്മാര്‍ക്കു്
ഉപകാരഃ അപി : ഉപകാരം ചെയ്യുന്നതു പോലും
അപകാരായ വര്‍ത്തതേ : ദോഷമേ ഉണ്ടാക്കൂ
ഭുജംഗാനാം : പാമ്പുകള്‍ക്കു്
പയഃപാനം : പാല്‍ കുടിക്കുന്നതു്
കേവലം വിഷവര്‍ദ്ധനം : വിഷം കൂടാനേ ഉപകരിക്കൂ.

പാത്രവിശേഷേ ന്യസ്തം… എന്നതിന്റെ മറുവശം. എല്ലാ ഉപകാരങ്ങളും അതു സ്വീകരിക്കുന്നവന്റെ ഗുണം പോലെയിരിക്കും എന്നര്‍ത്ഥം.

രണ്ടാമത്തെ വരിക്കു് പ്രകോപായ ന ശാന്തയേ എന്നും പാഠമുണ്ടു്. നീചന്മാര്‍ക്കു് ഉപകാരം ചെയ്യുന്നതു് അവരെ പ്രകോപിപ്പിക്കുകയേ ഉള്ളൂ, ശാന്തരാക്കുകയില്ല എന്നര്‍ത്ഥം.

ആരുണ്ടു പരിഭാഷപ്പെടുത്താന്‍? 🙂

സുഭാഷിതം

Comments (39)

Permalink

സൂര്യനും മൂങ്ങകളും

സുഭാഷിതത്തില്‍ സാധാരണയായി പ്രാചീനകവികളുടെ ശ്ലോകങ്ങളായിരുന്നു. ഇതാ ആദ്യമായി ഒരു സമകാലീനകവയിത്രിയുടെ ശ്ലോകം. വാഗ്‌ജ്യോതി എന്ന ബ്ലോഗ് എഴുതുന്ന ജ്യോതിര്‍മയിയുടേതാണു് ഈ ശ്ലോകം.

സമത്വദര്‍ശീ തു ദിവാകരോ ഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

അര്‍ത്ഥം:

ദിവാകരഃ ഹി സമത്വദര്‍ശീ തു : സൂര്യന്‍ എല്ലാവരെയും ഒന്നുപോലെ കാണുന്നുവെങ്കിലും
ഉലൂകാഃ “തഥാ ന ഭാതി” ഇതി വദന്തി : മൂങ്ങകള്‍ “അങ്ങനെ കാണപ്പെടുന്നില്ല” എന്നു പറയുന്നു
തഥാ : അതു പോലെ
ഗുരൂണാം സമാനപാഠേ അപി : ഗുരുക്കന്മാര്‍ ഒരേപോലെ പഠിപ്പിച്ചാലും
മീലിതലോചനാനാം വിഭേദതാ : കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കു പക്ഷഭേദം (തോന്നും).

“സാര്‍ പഠിപ്പിച്ചതു മനസ്സിലാകുന്നില്ല, ചിലരെ മാത്രം നന്നായി പഠിപ്പിക്കുന്നു” എന്നു കാര്യമില്ലാതെ പരാതി പറയുന്ന കുട്ടികളെപ്പറ്റി.


ഉപേന്ദ്രവജ്രയിലുള്ള ഈ ശ്ലോകത്തിന്റെ പരിഭാഷകള്‍:

  1. രാജേഷ് വര്‍മ്മ (ശിഖരിണി):

    നിരപ്പായ്പ്പാരെല്ലാം കതിരു ചൊരിയും ഭാസ്ക്കരനിലും
    തരക്കേടായ്‌ കാണുന്നസമതയുലൂകങ്ങളതുപോല്‍
    ഒരേപോല്‍ പാഠം ചൊന്നരുളിടുകിലും വേര്‍തിരിവുതാന്‍
    ഗുരുക്കള്‍ക്കോരുന്നൂ മിഴികളിറുകെപ്പൂട്ടിയ ജനം

  2. പയ്യന്‍സ് (അനുഷ്ടുപ്പ്):
    സമരൂപത്തിലേവര്‍ക്കും
    ഏകുന്നൂ ഗുരു വിദ്യകള്‍
    പ്രകാശമെങ്ങുമേ സൂര്യന്‍
    ഒരു പോലേകിടും വിധം

    കാര്യം ഗ്രഹിക്കാത്ത മൂഢര്‍
    പഴിക്കും പക്ഷപാതിത
    പകല്‍ കാണാത്ത കൂമന്മാര്‍
    സൂര്യനേയെന്ന പോലവേ

  3. ബാബു (കേക):
    വിണ്ണില്‍നിന്നെല്ലാടവും വെണ്മതൂകിടുംസൂര്യന്‍
    കണ്ണടച്ചുറങ്ങുന്ന കൂമനെങ്ങനെകാണും
    അറിവിന്‍ മുന്‍പില്‍ മിഴിപൂട്ടിടും ശിഷ്യരയ്യോ
    ഗുരുവില്‍ പക്ഷഭേദമാരോപിക്കുന്നു നിത്യം…

കൂടുതല്‍ വിവരത്തിനു കവയിത്രിയുടെ തന്നെ ഈ പോസ്റ്റു കാണുക.

സുഭാഷിതം

Comments (17)

Permalink

ശല്യങ്ങള്‍

സ്ത്രീവായനക്കാരെ ചൊടിപ്പിച്ചിട്ടു കുറേ ദിവസമായി. ഇതാ ഒരു പഴയ സുഭാഷിതം:

മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ

അര്‍ത്ഥം:

മശകഃ മക്കുണഃ രാത്രൗ (ബാധതേ) : കൊതുകും മൂട്ടയും രാത്രിയില്‍ (ശല്യപ്പെടുത്തുന്നു)
മക്ഷികാ യാചകഃ ദിനേ (ബാധതേ) : ഈച്ചയും ഭിക്ഷക്കാരനും പകല്‍ (ശല്യപ്പെടുത്തുന്നു)
പിപീലികാ ച ഭാര്യാ ച : ഉറുമ്പും ഭാര്യയുമാകട്ടേ
ദിവരാത്രം ബാധതേ തു : പകലും രാത്രിയും ശല്യപ്പെടുത്തുന്നു.

കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ല. വിവാഹിതര്‍ക്കെല്ലാം ഇക്കാര്യം അറിയാം.

പരിഭാഷകള്‍, പാരഡികള്‍, എതിര്‍വാദങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ക്ഷണിച്ചുകൊള്ളുന്നു.

കുറിപ്പു്: സ്ത്രീകള്‍ ഇതു വായിക്കുമ്പോള്‍ “ഭാര്യാ ച” എന്നതു “ഭര്‍ത്താ ച” എന്നു തിരുത്തി വായിക്കാനപേക്ഷ.

സുഭാഷിതം

Comments (47)

Permalink

പാത്രമറിഞ്ഞ വിദ്യാര്‍പ്പണം

ബിന്ദുവിന്റെ കമന്റാണു് ഈ ശ്ലോകത്തെ ഓര്‍മ്മിപ്പിച്ചതു്. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തില്‍ നിന്നൊരു മുത്തുമണി:

പാത്രവിശേഷേ ന്യസ്തം
ഗുണാന്തരം വ്രജതി ശില്പമാധാതുഃ
ജലമിവ സമുദ്രശുക്തൌ
മുക്താഫലതാം പയോദസ്യ

അര്‍ത്ഥം:

പാത്രവിശേഷേ ന്യസ്തം ശില്പം : ഗുണമുള്ള പാത്രത്തില്‍ നിക്ഷേപിച്ച ശില്പം
ആധാതുഃ ഗുണാന്തരം വ്രജതി : ഉണ്ടാക്കിയവന്റേതിനെക്കാള്‍ വ്യത്യസ്തമായ ഗുണത്തെ പ്രാപിക്കുന്നു
സമുദ്രശുക്തൌ : കടല്‍ച്ചിപ്പിയില്‍ (വീണ)
പയോദസ്യ ജലം : മേഘത്തിന്റെ ജലം
മുക്താഫലതാം ഇവ : മുത്തുമണിയാകുന്നതു പോലെ.

വിദ്യ നല്ല ആളുകള്‍ക്കു കൊടുത്തിട്ടേ കാര്യമുള്ളൂ എന്നര്‍ത്ഥം. എത്ര നല്ല അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥി നന്നല്ലെങ്കില്‍ പ്രയോജനമില്ല.


രണ്ടു പരിഭാഷകള്‍ ഓര്‍മ്മയുള്ളതു താഴെച്ചേര്‍ക്കുന്നു. ഇതു രണ്ടും ആര്യ എന്ന വൃത്തത്തിലുള്ള മൂലശ്ലോകത്തിനു് അതേ വൃത്തത്തില്‍ത്തന്നെയുള്ള പരിഭാഷകളാണു്.

  1. ഏ. ആര്‍. രാജരാജവര്‍മ്മ:
    സത്പാത്രത്തില്‍ കലകളെ-
    യര്‍പ്പിച്ചാല്‍ ഗുണമവയ്ക്കു വായ്ക്കുന്നു;
    ചിപ്പിയില്‍ മുകില്‍ മഴവെള്ളം
    ചേര്‍പ്പതു മുത്തായിടും പോലെ.
  2. കുണ്ടൂര്‍ നാരായണമേനോന്‍:
    കല സത്പാത്രം ചേര്‍ന്നാല്‍
    കലരും മുന്‍‌കൈവരാത്തൊരന്യഗുണം;
    ജലദജലം ചിപ്പിയില്‍ മുന്‍-
    നില പോയ് മുത്തായിടും പോലെ.

“വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം” എന്ന പ്രസിദ്ധമായ തത്ത്വം വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കാവ്യത്തിലും കാണാം:

മകന്‍ പരിക്കേറ്റു കിടക്കിലെന്തു്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ?
രാമന്‍ ജഗത്സത്തമനാണു പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!

ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമനെപ്പറ്റി പാര്‍വ്വതി ശിവനോടു പറയുന്ന ഈ വാക്കു് കുത്തുവാക്കാണെന്നു മാത്രം.

സുഭാഷിതം

Comments (11)

Permalink