സുഭാഷിതത്തില്‍ സാധാരണയായി പ്രാചീനകവികളുടെ ശ്ലോകങ്ങളായിരുന്നു. ഇതാ ആദ്യമായി ഒരു സമകാലീനകവയിത്രിയുടെ ശ്ലോകം. വാഗ്‌ജ്യോതി എന്ന ബ്ലോഗ് എഴുതുന്ന ജ്യോതിര്‍മയിയുടേതാണു് ഈ ശ്ലോകം.
സന്തോഷിന്റെ കുത്തും കോമയും എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ഒരു ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ഒരു പേജ് തുടങ്ങി.
“ഗുരുകുലം” ബ്ലോഗിന്റെ ഇടത്തു മുകളിലായി PAGES എന്നതിനു താഴെയും ഇതു കാണാം.
അതൊരു ബ്ലോഗ്‌പോസ്റ്റല്ല. പേജാണു്. അക്ഷരത്തെറ്റുകള്‍ കാണുന്നതനുസരിച്ചു് അതു് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
ടൈപ്പിംഗിലെ തെറ്റുകള്‍ മൂലവും വരമൊഴിയും കീമാനും ഉപയോഗിക്കുമ്പോള്‍ അക്ഷരം മാറിപ്പോവുകയും ചെയ്യുന്നതു മൂലമുള്ള തെറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെറ്റായി ധരിച്ചിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും മാത്രമേ അവിടെ കൊടുത്തിട്ടുള്ളൂ.
ബുക്ക്‍മാര്‍ക്ക് ചെയ്യൂ. അടുത്ത തവണ സംശയം വരുമ്പോള്‍ അവിടെ നോക്കൂ. വാക്കവിടെ ഇല്ലെങ്കില്‍ തെറ്റു തന്നെ എഴുതിയാല്‍ മിക്കവാറും അവിടെ താമസിയാതെ വരും 🙂
വിശദീകരണങ്ങള്‍ക്കൊരു കോളം കൊടുത്തിട്ടുണ്ടു്. സമയം കിട്ടുന്നതനുസരിച്ചു് അതെഴുതാം.
കല്ലേച്ചിയുടെ കണക്കിലെ നാലു ക്രിയകളില്‍ ഹരണം എന്ന ലേഖനമാണു് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതു്. ഇതു വായിക്കുന്നതിനു മുമ്പു് ദയവായി ആ ലേഖനം വായിക്കുക. പേരു ഭയപ്പെടുത്തുന്നതുപോലെ അതു് ഒരു ഗണിതലേഖനമല്ല.
സങ്കലനം (addition), വ്യവകലനം (subtraction), ഗുണനം (multiplication), ഹരണം (division) എന്നീ നാലു ക്രിയകളില്‍ ഹരണം ഏറ്റവും ബുദ്ധിമുട്ടു തന്നെയാണു്. (പ്രീഡിഗ്രിയ്ക്കു ഫസ്റ്റ് ഗ്രൂപ്പെടുത്തു പഠിച്ച കുട്ടികളില്‍ ഹരണം അറിയാത്തവരെ ഞാന്‍ കണ്ടിട്ടുണ്ടു്.) കാരണം, മറ്റു മൂന്നു ക്രിയകള്‍ക്കും വ്യക്തമായ വഴികളുണ്ടു്. പൂജ്യം മുതല്‍ ഒമ്പതു വരെയുള്ള സംഖ്യകളുടെ സങ്കലന(ഗുണന)പ്പട്ടികകള്‍ അറിയാമെങ്കില്‍ എത്ര വലിയ രണ്ടു സംഖ്യകളെയും തമ്മില്‍ കൂട്ടാം (ഗുണിക്കാം). ഒറ്റയുടെ സ്ഥാനത്തു നിന്നു തുടങ്ങുക. ഫലം ഒമ്പതില്‍ കൂടുതലാണെങ്കില്‍ അവസാനത്തെ അക്കം മാത്രമെഴുതി ബാക്കി “കാരി ഓവര്‍” ആയി അടുത്ത സ്ഥാനത്തു കൂട്ടുക. ലളിതം.
വ്യവകലനം അല്പം കൂടി ബുദ്ധിമുട്ടാണു്. താഴത്തെ അക്കം മുകളിലത്തെ അക്കത്തെക്കാള്‍ വലുതായാല്‍. പഠിച്ച രീതി ഏതാണെന്നതനുസരിച്ചു മുകളില്‍ നിന്നു കടമെടുക്കുകയോ താഴേയ്ക്കു കടം കൊടുക്കുകയോ ചെയ്തു് വ്യത്യാസം കാണണം. എങ്കിലും ഇതിനും ഹരണത്തിന്റെ അത്രയും ബുദ്ധിമുട്ടില്ല.
ഹരണത്തിന്റെ പ്രശ്നം അതില്‍ ചെലുത്തേണ്ട “എക്സ്ട്രാ ഇന്റലിജെന്‍സ്” ആണു്. ഉദാഹരണമായി 1300000-നെ 4 കൊണ്ടു ഹരിക്കാനാണു പ്രശ്നം എന്നിരിക്കട്ടേ.
ആദ്യം ഇടത്തുനിന്നു വായിച്ചിട്ടു് നാലിനെക്കാള്‍ വലിയ സംഖ്യ കണ്ടുപിടിക്കണം. അതായതു് 1 വിട്ടിട്ടു 13-നെ എടുക്കണം.
ഇനി, 13-നെ 4 കൊണ്ടു ഹരിക്കാന്‍ പട്ടികയൊന്നുമില്ല. മറിച്ചു്, 4-ന്റെ ഗുണനപ്പട്ടിക ചൊല്ലിനോക്കി എപ്പോഴാണു് ഒരെണ്ണം 13-ല്‍ കുറവോ തുല്യമോ ആകുകയും അടുത്തതു 13-ല്‍ കൂടുതല്‍ ആകുകയോ ചെയ്യുന്നതു് എന്നു കണ്ടുപിടിക്കണം: 4, 8, 12, 16 എന്നിങ്ങനെ. ഇതാണു ഹരണത്തിലെ ഏറ്റവും വലിയ പ്രശ്നം. ചെയ്തു പരിചയമുണ്ടെങ്കില്‍ ഇതു നേരേ തോന്നും; ഇല്ലെങ്കില്‍ പട്ടിക ചൊല്ലിയേ വഴിയുള്ളൂ. ഇതു മനസ്സിലാകാനും പരിശീലിക്കാനും നല്ല ബുദ്ധിമുട്ടുള്ള കാര്യമാണു്.
ഇനി, 3 എന്നു കിട്ടിയാല്‍, അതിനെ 4 കൊണ്ടു ഗുണിച്ചു് 13-നു താഴെ എഴുതിയിട്ടു് ഒരു വ്യവകലനം വീണ്ടും. അതിനു ശേഷം ഓരോ അക്കം താഴെ ഇറക്കി ഈ ക്രിയ തന്നെ വീണ്ടും.
4-നു പകരം ഹരിക്കേണ്ട സംഖ്യ 463 ആയാല്‍ ഇതു വീണ്ടും സങ്കീര്‍ണ്ണമാകും. 1300-ല്‍ എത്ര 463 ഉണ്ടെന്നു കണ്ടുപിടിക്കണം. 463-ന്റെ പട്ടിക അറിയില്ല. 13-ല്‍ 4 മൂന്നു തവണ പോകുമെന്നറിയാം. 1300-ല്‍ 463 എത്ര തവണ പോകും? അറിയാന്‍ എളുപ്പവഴിയൊന്നുമില്ല. 3 കൊണ്ടും 2 കൊണ്ടും ഗുണിച്ചു നോക്കണം. പലപ്പോഴും ആദ്യത്തേതു ശരിയാവില്ല. തുടച്ചിട്ടു വീണ്ടുമെഴുതണം. പിന്നെ കുറയ്ക്കണം. കിട്ടുന്നതിനോടു് അടുത്ത സ്ഥാനങ്ങള്‍ ഇറക്കിയെഴുതണം. അപ്പോള്‍ അതിലും വലിയ ഒരു പ്രശ്നം കിട്ടും!
മുകളില്‍പ്പറഞ്ഞ രീതി മിക്ക കുട്ടികള്‍ക്കും ബുദ്ധിമുട്ടു തന്നെയാണു്. യാന്ത്രികമായി ചെയ്തുപോകാന്‍ പറ്റുന്ന ക്രിയകളൊക്കെ കുട്ടികള്‍ വേഗത്തില്‍ പഠിച്ചെടുക്കും. സങ്കലനവും ഗുണനവും കുറച്ചൊക്കെ വ്യവകലനവും അങ്ങനെയാണു്. കൂടുതല്‍ ഇന്റലിജെന്‍സ് ആവശ്യമായി വരുമ്പോഴാണു് ഇതു പ്രശ്നം.
മറ്റൊരു കാരണം ഹരണത്തില്‍ ബാക്കി മൂന്നു ക്രിയകളും ഉള്‍ക്കൊള്ളുന്നു എന്നതാണു്. ഹാരകം കൊണ്ടു ഹരണഫലത്തെ ഗുണിക്കണം (ആ ഗുണനത്തില്‍ സങ്കലനവും ആവശ്യമാണു്). പിന്നെ മുകളിലുള്ള സംഖ്യയില്‍ നിന്നു ഗുണനഫലം കുറയ്ക്കണം. അതായതു്, എല്ലാ ഗണിതക്രിയകളും കൂടാതെ അല്പം ഇന്റലിജെന്‍സും കൂടി വേണമെന്നര്‍ത്ഥം. ഹരണം ദുഷ്ക്കരമായതില്‍ അദ്ഭുതമില്ല!
ഹരണത്തിലും ബുദ്ധിമുട്ടാണു് വര്‍ഗ്ഗമൂലം(square root) കണ്ടുപിടിക്കല്‍. സ്കൂളുകളില്‍ അതിനു പുറകിലുള്ള തിയറി പറയാറില്ലെങ്കിലും
എന്ന സമവാക്യമുപയോഗിച്ചാണു വര്‍ഗ്ഗമൂലം കണ്ടുപിടിക്കുന്നതു്. വിശദീകരിക്കാം.
ആദ്യമായി, സംഖ്യയെ വലത്തുനിന്നു രണ്ടക്കങ്ങള്‍ വീതമുള്ള ഗണങ്ങളായി തിരിക്കണം. n അക്കങ്ങളുള്ള ഒരു സംഖ്യയുടെ വര്‍ഗ്ഗത്തിനു് അങ്ങേയറ്റം 2n അക്കങ്ങളുള്ളതുകൊണ്ടാണു് ഇങ്ങനെ ചെയ്യുന്നതു്.
എന്നിട്ടു് ഏറ്റവും ഇടത്തേ അറ്റത്തെ ഗണത്തിലെ സംഖ്യയെക്കാള്‍ ചെറിയ ഏറ്റവും വലിയ പൂര്‍ണ്ണവര്‍ഗ്ഗം കണ്ടുപിടിക്കണം. (ഹരണത്തിലെ ആദ്യത്തെ സ്റ്റെപ്പു പോലെ തന്നെ. ഇവിടെ 1×1, 2×2, 3×3,… എന്നിങ്ങനെയാണു നോക്കേണ്ടതു് എന്നു മാത്രം.) മുകളില്‍ കൊടുത്ത സമവാക്യത്തിലെ a (അല്ലെങ്കില്‍ അതിനെ 100, 10000 തുടങ്ങിയവയില്‍ ഒന്നു കൊണ്ടു ഹരിച്ച സംഖ്യ) കണ്ടുപിടിക്കുകയാണു് ഇവിടെച്ചെയ്യുന്നതു്.
അതു കണ്ടുപിടിച്ചാല്‍ മുകളിലും ഇടത്തുവശത്തും അതെഴുതി ഗുണിച്ചു കുറയ്ക്കണം. ഇപ്പോള്‍ നമ്മള്‍ a2 കുറച്ചു. ബാക്കി b(2a + b) ഉണ്ടു്.
ഇനിയുമാണു് ഏറ്റവും പണി. കിട്ടിയ ഫലത്തിന്റെ കൂടെ അടുത്ത രണ്ടക്കമുള്ള ഗണം ഇറക്കിയെഴുതണം. എന്നിട്ടു് ഹരണഫലത്തിന്റെ ഇരട്ടി (2a) ഇടത്തു വശത്തെഴുതണം. പിന്നെ b എന്ന സംഖ്യ കണ്ടുപിടിക്കണം-b(2a + b) എന്നതു ബാക്കിയെക്കാള്‍ കുറവാകുകയും bയ്ക്കു പകരം (b+1) എടുത്താല്‍ കൂടുതലാവുകയും ചെയ്യത്തക്ക വിധത്തിലുള്ള ഒരു b. ഇതു ഹരണഫലം കണ്ടുപിടിക്കുന്നതിലും ബുദ്ധിമുട്ടാണു്.
അതിലും ശിഷ്ടം വന്നാല്‍ ഇതുവരെ കണ്ടുപിടിച്ച വര്‍ഗ്ഗമൂലത്തെ a എന്നു കരുതുന്നു. ഇതേ രീതിയുപയോഗിച്ചു തുടര്‍ന്നു തുടര്‍ന്നു പോകും.
ഒരു രഹസ്യം പറയാം. ഈ രീതിയില്‍ വര്‍ഗ്ഗമൂലം കണ്ടുപിടിക്കാന്‍ മിക്ക എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അറിയില്ല! കാല്‍ക്കുലേറ്ററില്ലാതെ വര്‍ഗ്ഗമൂലം കണ്ടുപിടിക്കാന്‍ പറയുന്നതു ബാലവേലനിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നു നമ്മുടെ ആദിത്യന്‍ ഒരിക്കല്‍ പ്രസ്താവിച്ചിട്ടുണ്ടു്.
ഭാസ്കരാചാര്യരുടെ (ക്രി. പി. പന്ത്രണ്ടാം ശതകം) ലീലാവതിയില്‍ വര്‍ഗ്ഗമൂലം കണ്ടുപിടിക്കാനുള്ള ഈ രീതി സവിസ്തരം പറഞ്ഞിട്ടുണ്ടു്. ഇതു മാത്രമല്ല, ഘനമൂലം (cube root) കണ്ടുപിടിക്കാന്‍ ഇതു പോലെ തന്നെ
എന്ന സമവാക്യമുപയോഗിച്ചുള്ള ഒരു രീതിയും അതിലുണ്ടു്. ആര്‍ക്കെങ്കിലും അവ എങ്ങനെയെന്നു് അറിയണമെന്നു് ആഗ്രഹമുണ്ടെങ്കില്‍ വേറേ ഒരു പോസ്റ്റായി ഇടാം.
ഹരണം പഠിച്ചിരുന്ന കാലത്തു ബുദ്ധിമുട്ടായിരുന്നു എന്നു മങ്ങിയ ഒരു ഓര്‍മ്മയുണ്ടു്. പക്ഷേ അതിന്റെ ബുദ്ധിമുട്ടു വ്യക്തമായി മനസ്സിലാക്കിയതു പില്‍ക്കാലത്തു് C++-ല്‍ ഒരു multi-precision arithmetic class library എഴുതിയപ്പോഴാണു്. ബാക്കി മൂന്നു ക്രിയകളും വളരെ എളുപ്പം. ഹരണം ശരിയാക്കിയെടുക്കാന്‍ ഒരുപാടു ബുദ്ധിമുട്ടി.
[2006/08/09]: വര്‍ഗ്ഗമൂലം കാണാനുള്ള ഭാസ്കരാചാര്യരുടെ രീതി ആധുനികരീതിയില്‍ നിന്നു് വ്യത്യാസമുണ്ടു്. രണ്ടക്കം വീതം ഇറക്കിയെഴുതുന്നതിനു പകരം ഓരോ അക്കം ഇറക്കിയെഴുതി കിട്ടുന്ന മൂല്യങ്ങള്‍ വേറേ ഒരിടത്തെഴുതിവെച്ചിട്ടു് അവയില്‍ നിന്നു പിന്നീടു വര്‍ഗ്ഗമൂലം കണ്ടുപിടിക്കുന്ന രീതിയാണു് അദ്ദേഹത്തിന്റേതു്. ഘനമൂലവും അങ്ങനെ തന്നെ.
ആധുനികരീതി ഇതിനെക്കാള്‍ സരളമാണു്. വര്‍ഗ്ഗമൂലം കാണാനുള്ള വഴി ഇവിടെയും ഘനമൂലം കാണാനുള്ള വഴി ഇവിടെയും കാണാം.
ഗൂഢലേഖനശാസ്ത്രത്തിലെ ഒരു രീതിയാണു് അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിക്കുന്നതു്. അതിന്റെ ഒരു ലളിതമായ രീതിയാണു് ROT13.
A മുതല്‍ M വരെയുള്ള അക്ഷരങ്ങള്‍ക്കു പകരം യഥാക്രമം N മുതല്‍ Z വരെയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുകയാണു് ഇതിന്റെ രീതി. BAR എന്നതു ONE എന്നാകും, ONE എന്നതു BAR എന്നും. കൂടുതല്‍ വിവരങ്ങള്‍ക്കു് ROT13 എന്ന വിക്കിപീഡിയ ലേഖനം നോക്കുക.
ഇതിനോടു സദൃശമായ പലതും കേരളത്തിലുണ്ടായിരുന്നു. അതില്‍ പ്രമുഖമാണു മൂലഭദ്ര. ഒളിവില്‍ നടക്കുന്ന കാലത്തു്, ശത്രുവേതു് മിത്രമേതു് എന്നറിയാത്ത ഘട്ടത്തില്‍, തന്ത്രപ്രധാനമായ കാര്യങ്ങള്‍ സംസാരിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവും രാമയ്യന്‍ ദളവയും കൂടി ഉണ്ടാക്കിയ ഭാഷ.
ഇംഗ്ലീഷുകാരുടെ ROT13 പോലെ തന്നെ അക്ഷരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ചുള്ള രീതിയാണു മൂലഭദ്രയ്ക്കു്. മൂലഭദ്രയുടെ ഫുള്‍ സ്പെസിഫിക്കേഷന്‍ താഴെച്ചേര്‍ക്കുന്നു:
അതായതു്, താഴെപ്പറയുന്ന അക്ഷരങ്ങളെ പരസ്പരം മാറ്റി ഉപയോഗിക്കുക.
അ – ക
(അതുപോലെ ആ – കാ, ഇ – കി എന്നിങ്ങനെയും. ഇനി വരുന്ന അക്ഷരങ്ങള്‍ക്കും ഇതു ബാധകമാണു്.)
ഖ – ഗ
ഘ – ങ
ച – ട
ഛ – ഠ
ജ – ഡ
ഝ – ഢ
ഞ – ണ
ത – പ
ഥ – ഫ
ദ – ബ
ധ – ഭ
ന – മ
യ - ശ
ര – ഷ
ല – സ
വ – ഹ ക്ഷ – ള
റ – ഴ റ്റ (എന്റെ എന്നതിലെ എന്‍ കഴിഞ്ഞാലുള്ളതു്) – ന (നനഞ്ഞു എന്നതിലെ രണ്ടാമത്തെ അക്ഷരം)
ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:
അന്നു് ‘ക്ഷ’യെ അക്ഷരമാലയിലെ ഒരു അക്ഷരമായി കരുതിയിരുന്നു. അതൊരു കൂട്ടക്ഷരമായി ഉച്ചരിക്കാതെ നാടന്മാര്‍ ഉച്ചരിക്കുന്നതുപോലെ ഉച്ചരിക്കുക. ഏതാണ്ടൊരു ‘ട്ഷ’ പോലെ. കൂട്ടക്ഷരമായ ‘ക്ഷ’ ‘ള്ള’യുടേത്താണു്.
ലിപിയില്ലെങ്കിലും റ്റയെയും നയെയും പ്രത്യേകം പരിഗണിച്ചിരിക്കുന്നതു നോക്കുക. ഇന്നു യൂണിക്കോഡിന്റെ കാലത്തുപോലും മനുഷ്യര്‍ക്കു ബുദ്ധി നേരേ ആയിട്ടില്ല.
മൂലഭദ്ര(മൂലഭദ്ര(X)) = X എന്ന നിയമം ഇവിടെയും ബാധകമാണു്.
ചില കൂട്ടക്ഷരങ്ങള്‍ നല്ല ഭംഗിയില്‍ വരും.
ഞ്ച – ണ്ട
മ്പ – ന്ത
തുടങ്ങി.
ഇനി നമുക്കു് ഉദാഹരണങ്ങളിലേക്കു കടക്കാം.
കല – അസ (തിരിച്ചും അങ്ങനെയാണെന്നു പറയേണ്ടല്ലോ)
മനോരമ ആഴ്ചപ്പതിപ്പു് – നറ്റോഷന കാര്‍ട്ടത്തപിത്തു്
തെന്നുന്നു – പെമ്മുമ്മു
ഇനി, ചില വാക്കുകളുടെ മേല്‍ മൂലഭദ്ര നടത്തിയാലും അര്‍ത്ഥമുള്ള വാക്കുകള്‍ കിട്ടും. ഉദാഹരണത്തിനു്,
ഇഞ്ചി – കിണ്ടി
ഇഞ്ചിനീരന്‍ – കിണ്ടിമീശന്‍ (ഇതു പറഞ്ഞുതന്ന അനോണിമൌസിനു നന്ദി)
ഉഷ – കുര
അമ്മേ – കന്നേ (അമ്മയെ ഞാന്‍ ചെറുപ്പത്തില്‍ ഇങ്ങനെ വിളിക്കുമായിരുന്നു. ചേച്ചിയെ കുരട്ടേട്ടി എന്നും.)
അറത്തു് – കഴപ്പു്
കോഴ – ഓറ
എങ്കിലും ചൊറിച്ചുമല്ലല്‍ പോലെ രണ്ടു വിധത്തിലും പൂര്‍ണ്ണ അര്‍ത്ഥമുള്ള വാക്യങ്ങള്‍ മൂലഭദ്രയില്‍ വിരളമാണു്. അസഭ്യവും ഉണ്ടാകാമെങ്കിലും ചൊറിച്ചുമല്ലല്‍ പോലെ ഇല്ല്ല.
പറയാനുള്ള കോഡുഭാഷയാണു മൂലഭദ്ര. എഴുതുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടു്. “ക്ക” എഴുതുന്നതാണു് ഒരു പ്രശ്നം.
ക്ക = അ് അ
ക്കു = ഉ് ഉ
എന്നിങ്ങനെ. വരമൊഴി, കീമാന്‍, യൂണിക്കോഡ് സ്റ്റാന്ദേര്‍ഡ് തുടങ്ങിയവ മാറ്റിയെഴുതേണ്ടി വരും രണ്ടു സ്വരങ്ങളെ ചന്ദ്രക്കലയിട്ടു യോജിപ്പിച്ചാല്‍ ഒന്നാക്കാതെ സൂചിപ്പിക്കാന്‍ 🙂
സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കു് ഓര്‍മ്മയുണ്ടാവും മാങ്കോയിക്കല്‍ക്കുറുപ്പിന്റെ വീട്ടില്‍ വെച്ചു് മാര്‍ത്താണ്ഡവര്‍മ്മയും പരമേശ്വരന്‍ പിള്ളയും കൂടി ഇതു സംസാരിക്കുന്നതു്.
ഇതു ഞാന്‍ വായിച്ചതു് ഈ. വി. കൃഷ്ണപിള്ളയുടെ ജീവിതസ്മരണകള്‍ എന്ന ആത്മകഥയിലാണു്. അതില്‍ രാമഡായി എന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ ഭാഷയെപ്പറ്റിയും പറയുന്നുണ്ടു്. “അസ്പാ കദാ ഗഡാ ജസ്താ…” എന്നു പോകുന്നു അതിന്റെ ലക്ഷണം. അ-പ, ക-ദ, ഗ-ഡ, ജ-ത എന്നു് നല്ല കോമ്പ്ലിക്കേറ്റഡ് ആയിത്തന്നെ. കൂടുതല്‍ എന്‍ക്രിപ്ഷന്‍ വേണ്ടവര്‍ക്കു് അതു് ഉപയോഗിക്കാം.
ഉള്ളൂര്‍കേരളസാഹിത്യചരിത്രത്തില്‍ മൂലഭദ്രയെപ്പറ്റി പറയുമ്പോള്‍ അല്പം കൂടി സങ്കീര്‍ണ്ണമാണു ലക്ഷണം. അതു് ആരെങ്കിലും ഉപയോഗിച്ചതായി കണ്ടിട്ടില്ല.
ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു് മലയാളാദ്ധ്യാപകര്‍ക്കു പഠിപ്പിക്കാന്‍ (മറ്റു വിഷയങ്ങള്‍ക്കും ഉണ്ടായിരുന്നോ എന്നറിയില്ല) വിദ്യാഭ്യാസവകുപ്പു് ഒരു ഹാന്‍ഡ്‌ബുക്കു കൊടുക്കുമായിരുന്നു. (ഇപ്പോഴുണ്ടോ എന്നറിയില്ല) അതില്‍ നോക്കിയാണു് അവര്‍ ഓരോന്നിന്റെയും വൃത്തമേതു്, അലങ്കാരമേതു്, വ്യാകരണനിയമമേതു്, ഏതു പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണു്, സൂചിതകഥയെന്താണു് എന്നൊക്കെ മനസ്സിലാക്കുന്നതു്. (മലയാളം മാഷന്മാരൊക്കെ സര്‍വ്വജ്ഞരാണെന്നാണു നിങ്ങള്‍ വിചാരിച്ചതു്, അല്ലേ? :-))
ഇതിലെ അബദ്ധങ്ങള്‍ കണ്ടുപിടിക്കുന്നതു് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിനോദമായിരുന്നു. അമ്മ മലയാളാദ്ധ്യാപികയായിരുന്നതുകൊണ്ടു് ഈ ഹാന്‍ഡ്‌ബുക്കു വായിക്കാന്‍ എനിക്കു് അവസരം കിട്ടിയിരുന്നു. ശരിയായ അലങ്കാരങ്ങള്‍ പറയുന്നതിലും, ഉദ്ധരണികളുടെ യഥാര്‍ത്ഥപ്രഭവസ്ഥാനം കണ്ടുപിടിക്കുന്നതിലും അതു ഭീമാബദ്ധങ്ങള്‍ വരുത്തിയിരുന്നു. ഉദാഹരണങ്ങള്‍ താഴെ:
ഒമ്പതാം ക്ലാസ്സിലെ ഒരേ ഈണത്തിലുള്ള രണ്ടു കവിതകളില്‍ (താണവരും വ്യഥിതരും മര്‍ദ്ദിതര്‍…, തൂമ തേടും തന്‍ പാള കിണറ്റിലിട്ട്…) ആദ്യത്തേതു ദ്രുതകാകളിയാണെന്നും രണ്ടാമത്തേതു സര്‍പ്പിണിയാണെന്നും അതില്‍ കൊടുത്തിരുന്നു. വിശദവിവരങ്ങള്‍ക്കു് ഈ പോസ്റ്റു കാണുക.
പത്താം ക്ലാസ്സില്‍ ഉള്ളൂരിന്റെ പ്രേമസംഗീതം (“ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…”) പഠിക്കാനുണ്ടായിരുന്നു. അതില്‍ “പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും…” എന്നുണ്ടു്. ഇതില്‍ ‘പരാര്‍ദ്ധം’ എന്ന വാക്കിനു ഹാന്‍ഡ്‌ബുക്കിലെ അര്‍ത്ഥം ഇങ്ങനെയാണു്:
നാല്പത്തിമൂന്നുകോടി ഇരുപതുലക്ഷം മനുഷ്യവര്‍ഷമാണു് ദേവന്മാരുടെ ഒരു ചതുര്‍യുഗം. ആയിരം ദേവചതുര്‍യുഗം ചേര്‍ന്നതിനെ ഒരു മഹായുഗമെന്നു പറയുന്നു. ഒരു മഹായുഗം ബ്രഹ്മാവിന്റെ ഒരു പകലാണു്. ബ്രഹ്മാവിന്റെ ആയുസ്സു നൂറു വര്‍ഷമാണു്. ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതിയാണു പരാര്‍ദ്ധം.
പരാര്‍ദ്ധം എന്ന വാക്കിനു് ഈ അര്‍ത്ഥമുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഇവിടെ ഉള്ളൂര്‍ ഉദ്ദേശിച്ചിരിക്കുന്നതു് ഒരു സംഖ്യയാണു്. ഒന്നെഴുതി പതിനേഴു പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയെ പരാര്‍ദ്ധം (ഇതു നോക്കുക) എന്നാണു പറയുന്നതു്. അനന്തമെന്നര്‍ത്ഥത്തിലാണു് ഉള്ളൂര്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇവിടെ സംഖ്യാവാചിയായി പറഞ്ഞിരിക്കുന്ന ഈ വാക്കിനെ കാലവാചിയാക്കി അര്‍ത്ഥം പറഞ്ഞതു് “കല്യാണം കഴിഞ്ഞിട്ടു ഒരുപാടു പ്രകാശവര്‍ഷങ്ങള്‍ കഴിഞ്ഞതുപോലെ തോന്നുന്നു” എന്നു പറയുന്നതു പോലെയാണു്. ഒരു കൊല്ലം കൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണു പ്രകാശവര്‍ഷം (light year). അതു ദൂരത്തിന്റെ അളവാണു്, സമയത്തിന്റെയല്ല.
ഒന്‍പതാം ക്ലാസ്സില്‍ കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി”യില്‍ നിന്നൊരു ഭാഗം പഠിക്കാനുണ്ടായിരുന്നു. അതിലെ
ഒരു ഭാഗത്തിലെ അലങ്കാരം “അന്യാനിദര്‍ശന” ആണെന്നായിരുന്നു ഹാന്‍ഡ്‌ബുക്കില്‍ ഉണ്ടായിരുന്നതു്. ലക്ഷണവും കൊടുത്തിരുന്നു:
“അന്യാനിദര്‍ശന” എന്ന അലങ്കാരം ‘ശബ്ദതാരാവലി’യില്‍ ഒരു വാക്കായോ ‘ഭാഷാഭൂഷണ’ത്തിന്റെ സൂചികയിലോ കാണാന്‍ കഴിയാതെ ഞാന്‍ ഭാഷാഭൂഷണം വായിച്ചുനോക്കിയപ്പോഴാണു കാര്യം പിടികിട്ടിയതു്. ‘നിദര്‍ശന’ എന്നൊരു അലങ്കാരമുണ്ടു്. അതിന്റെ ലക്ഷണവും ഉദാഹരണങ്ങളും എഴുതിയതിനു ശേഷം ഏ. ആര്‍. മുകളില്‍ കൊടുത്ത ലക്ഷണം കൊടുത്തിട്ടു് ഇങ്ങനെ പറയുന്നു.
ഉപമാനധര്‍മ്മം ഉപമേയത്തില്‍ കാണുന്നതായി പറയുന്നതു മറ്റൊരു മാതിരി നിദര്‍ശന. ഇതിനു ‘പദാര്‍ത്ഥവൃത്തിനിദര്‍ശന’ എന്നു പേര്‍. ജയദേവന്‍ ഇതിനെ ഉപമയുടെ വകഭേദമായി ഗണിച്ചു് ‘ലളിതോപമ’ എന്നു വിളിക്കുന്നു…
അപ്പോള്‍ “അന്യാ നിദര്‍ശന” എന്നു വച്ചാല്‍ “വേറേ ഒരു തരം നിദര്‍ശന” എന്നര്‍ത്ഥം. അലങ്കാരം നിദര്‍ശന തന്നെ. അന്യാനിദര്‍ശന അല്ല. വേണമെങ്കില്‍ പദാര്‍ത്ഥവൃത്തിനിദര്‍ശന എന്നോ ലളിതോപമ എന്നോ വിളിക്കാം. ഹാന്‍ഡ്‌ബുക്കെഴുതിയ പണ്ഡിതനു ഭാഷാഭൂഷണം വായിച്ചിട്ടു മനസ്സിലായില്ല എന്നര്‍ത്ഥം.
സംസ്കൃതവ്യാകരണത്തിലേക്കു കൂടുതല്‍ കടന്നാല്‍ അബദ്ധങ്ങളും കൂടും. ഉദാഹരണത്തിനു്, നിശ്ശേഷം, ദുശ്ശീലം തുടങ്ങിയവയെ നിഃ+ശേഷം, ദുഃ+ശീലം എന്നു പിരിച്ചാണു് ഈ പുസ്തകങ്ങള്‍ കൊടുത്തിരുന്നതു്. സംസ്കൃതത്തില്‍ നിഃ, ദുഃ എന്നൊന്നും വാക്കുകളില്ല. നിസ്, നിര്, ദുസ്, ദുര് എന്നീ ഉപസര്‍ഗ്ഗങ്ങളുണ്ടു്. നിസ് + ശേഷം = നിശ്ശേഷം, ദുസ് + ശീലം = ദുശ്ശീലം എന്നാണു ശരി.
കാലാനുസൃതമല്ലാത്ത പല വിവരങ്ങളും അതിലുണ്ടായിരുന്നു. ഉദാഹരണത്തിനു്, ഒമ്പതാം ക്ലാസ്സില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെപ്പറ്റിയുള്ള പാഠത്തിന്റെ വിശദീകരണത്തില്‍ മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം അദ്ദേഹത്തിന്റെ മയൂരസന്ദേശം ആണെന്ന വിവരം ഉണ്ടായിരുന്നു. ഉണ്ണുനീലിസന്ദേശം എന്ന പ്രാചീനമലയാളസന്ദേശകാവ്യം കണ്ടെടുക്കുന്നതിനു മുമ്പുള്ള ഏതോ പുസ്തകത്തില്‍ നിന്നായിരിക്കാം ഈ വിവരം കിട്ടിയതു്.
രസകരമായ വസ്തുത, ഉണ്ണുനീലിസന്ദേശത്തിലെ കുറേ ശ്ലോകങ്ങള്‍ (ആറ്റിന്‍ നേരായ് കരിവരമദം…) ഹൈസ്കൂളില്‍ത്തന്നെ പഠിക്കാനുണ്ടായിരുന്നു (എട്ടാം ക്ലാസ്സിലായിരുന്നു എന്നു തോന്നുന്നു) എന്നതാണു്.
സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഹാന്‍ഡ്‌ബുക്കിലെ സ്ഥിതി ഇതാണെങ്കില്‍ ഗൈഡുകളുടെ കാര്യം പറയേണ്ടല്ലോ. പല അദ്ധ്യാപകരും അവയെയും അവലംബിക്കാറുണ്ടായിരുന്നു. കുട്ടികളുടെ കാര്യം ബഹുകഷ്ടം!
പലരും ഇതിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. അതു വിശദമാക്കാനാണു് ഈ പോസ്റ്റ്.
ഇതു മഴക്കാലത്തിന്റെ വര്‍ണ്ണനയാണു്. വാല്മീകിയുടെ രാമായണത്തിലും കാളിദാസന്റെ ഋതുസംഹാരത്തിലും ഈ ശ്ലോകം കാണുന്നുണ്ടു്.
മലയാളത്തില്‍ അഭംഗിയായിത്തോന്നുന്നതും സംസ്കൃതത്തില്‍ ക്രമം എന്നു വിളിക്കുന്ന അലങ്കാരമായതും ആയ ഒരു രീതിയിലുള്ളതാണു് ഈ ശ്ലോകം. (കാളിദാസന്റെ “പിപീലികാ ദന്തിവരം പ്രസൂതേ” എന്ന സമസ്യയ്ക്കുള്ള പ്രസിദ്ധമായ പൂരണവും ഈ രീതിയിലുള്ളതാണു്). കുറേക്കാര്യങ്ങള്‍ പറഞ്ഞിട്ടു് അവയോടു ബന്ധപ്പെട്ട വേറേ കുറേ കാര്യങ്ങള്‍ അതേ ക്രമത്തില്‍ത്തന്നെ പറയുന്നതാണു് ഈ രീതി.
വിരഹാതുരയായ അവള്‍ കയ്യില്‍ (പ്രിയനു കൊടുക്കാന്‍) മുറുക്കാനും പിടിച്ചു കൊണ്ടു് തോഴിയോടു പറഞ്ഞു: “കാമദേവനും പ്രാണേശ്വരനും ജീവിതവും രാത്രിയും വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു”.
കാമദേവന്‍ (കാമവികാരം) വരുന്നു, പ്രാണേശ്വരന്‍ വരുന്നില്ല, ജീവിതം അവസാനിക്കുന്നില്ല, രാത്രി അവസാനിക്കുകയും ചെയ്യുന്നു എന്നു താത്പര്യം. “ആയാതി നായാതി ന യാതി യാതി” എന്ന സമസ്യ കാളിദാസന്‍ പൂരിപ്പിച്ചതാണു് ഇതു്.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഋതുസംഹാരപരിഭാഷയില്‍ നിന്നു്:
ഭാന്തി എന്നതിനു് ശോഭിക്കുന്നു എന്നാണു് വെല്‍വൂ എന്നതിനേക്കാള്‍ ശരി എന്നു തോന്നുന്നു. വഹന്തി എന്നതിനു “കുത്തിയൊഴുകുന്നു/ഒലിക്കുന്നു” എന്ന അര്‍ത്ഥം തന്നെ ഒന്നുകൂടി നല്ലതു്.
[2006/08/04]: വിശ്വത്തിന്റെ കമന്റു കണ്ടതിനു ശേഷം മൊത്തം മാറ്റിയെഴുതി. നന്ദി, വിശ്വം!
ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.
ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീരകം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.
ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.
ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.
ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം?
:
സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം?
:
(അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം?
:
ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം
:
പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ?
:
വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ
:
ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി?
:
(ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ?
:
ഭ്രഷ്ടനു വേറേ എന്തു വഴി?
ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?
ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!
ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:
ഗുരുവില്‍ ആരംഭിക്കുന്ന ഗണങ്ങള്‍ 2, 3, 3, 3 എന്നീ അക്ഷരങ്ങളുള്ളവ ഒരു വരിയില്‍, മൂന്നക്ഷരമുള്ള ഗണങ്ങളില്‍ വേറേ ഒരു ഗുരുവും കൂടി വേണം, രണ്ടക്ഷരമുള്ളതില്‍ രണ്ടാമത്തേതു ഗുരുവോ ലഘുവോ ആകാം എന്നര്‍ത്ഥം.
ഈ ഗണങ്ങള്‍ ചൊല്ലിയ രീതിയില്‍ നിന്നു വ്യക്തമാണു്.
ദന്ത… മോതുന്നു…നാവിനോ….ടിന്നഹോ
എന്നു പാന രീതിയില്‍ ചൊല്ലിനോക്കിയാല്‍ എന്താണുദ്ദേശിച്ചിരിക്കുന്നതു് എന്നു മനസ്സിലാകും.
ഇതിനെ സ്കൂളുകളില്‍ സാധാരണ പഠിപ്പിച്ചുവരുന്നതു ദ്രുതകാകളി എന്നാണു്. അദ്ധ്യാപകരുടെ തെറ്റല്ല. സാക്ഷാല്‍ ഏ. ആറിനു വരെ ഈ തെറ്റു പറ്റിയിരുന്നു. ഏ. ആര്‍. ദ്രുതകാകളിക്കു കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും യഥാര്‍ത്ഥത്തില്‍ സര്‍പ്പിണിയാണു്. അതു തെറ്റാണെന്നു പിന്നെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാന ചൊല്ലുന്നതു കാകളിയുടെ രീതിയിലല്ല. അക്ഷരങ്ങള്‍ രണ്ടിനും പതിനൊന്നാണെന്നു മാത്രം. എന്താണു വ്യത്യാസമെന്നു നമുക്കു നോക്കാം.
മൂന്നക്ഷരവും അഞ്ചു മാത്രയും – അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും – അടങ്ങിയ ഗണങ്ങള്‍ നാലെണ്ണം ഒരു വരിയിലുള്ള വൃത്തമാണു കാകളി. ഉദാഹരണം:
വാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
എന്ന നാടന്‍പാട്ടാണു്. ഇതു പാന രീതിയില്‍ ചൊല്ലാന്‍ പറ്റില്ല എന്നു തീര്‍ച്ചയാണു്.
ഒമ്പതാം ക്ലാസ്സില്‍ “താണവരും വ്യഥിതരും മര്‍ദ്ദിതര്‍..” എന്ന പദ്യം ദ്രുതകാകളി ആണെന്നും, “ദാഹിക്കുന്നു ഭഗിനി കൃപാരസ..” എന്നതു സര്‍പ്പിണിയാണെന്നും ടീച്ചര്‍ പഠിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു് (രണ്ടിന്റെയും വൃത്തം ഒന്നുതന്നെ) ഗവേഷണം നടത്തിയപ്പോഴാണു് ഇതൊക്കെ മനസ്സിലായതു്. ഈ തെറ്റു് എങ്ങനെ വന്നെന്നറിയാന്‍ ഈ പോസ്റ്റു വായിക്കുക.
ഇതെഴുതിക്കഴിഞ്ഞിട്ടാണു് പി. നാരായണക്കുറുപ്പിന്റെ മലയാളവൃത്തപഠനം എന്ന പുസ്തകത്തില്‍ (ഇതു് ഒന്നര വര്‍ഷം മുമ്പു നാട്ടില്‍ പോയപ്പോള്‍ വാങ്ങിയതാണു്. വായിക്കാന്‍ ഇതുവരെ തരമായില്ല) ഇതിനെപ്പറ്റിയുള്ള ഭാഗം വായിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായം:
വൃത്തമഞ്ജരിയില്‍ ദ്രുതകാകളി (പാന) എന്നു പേരിട്ടു ലക്ഷണം പറഞ്ഞ വൃത്തം വലിയ ചിന്താക്കുഴപ്പമുണ്ടാക്കി. കാകളീപാദാന്ത്യത്തില്‍ ഓരോ അക്ഷരം കുറയ്ക്കണം എന്നദ്ദേഹം പറഞ്ഞ ലക്ഷണത്തെ, കാകളീപാദാദ്യത്തിലെ ഓരോ അക്ഷരം കുറയ്ക്കണം എന്നു തിരുത്തിയാല്‍ കുഴപ്പമെല്ലാം തീരും.
ഇതു കൊള്ളാമല്ലോ! ഞാന്‍ എനിക്കറിയാവുന്ന കാകളിയൊക്കെ ചൊല്ലി നോക്കി. എല്ലാം ശരിയാകുന്നുണ്ടു്. ഉദാഹരണമായി, മുകളില്‍ കൊടുത്ത പദ്യം തന്നെ നോക്കുക.
യുദ്ധവീരന്‍ തലയറ്റു വില്ലറ്റു
വന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
കൂടുതല്‍ ആലോചിച്ചപ്പോള്‍ ഇതെങ്ങനെ ശരിയാകുന്നു എന്നു മനസ്സിലായി. അഞ്ചു മാത്രയും മൂന്നക്ഷരവുമുള്ള ഗണങ്ങളാണല്ലോ കാകളിക്കുള്ളതു്. അതായതു്, രണ്ടു ഗുരുവും ഒരു ലഘുവും. അതു് യ (v – -), ര (- v -), ത(- – v) എന്നു മൂന്നു വിധം വരാം. ഇവയില്‍ ആദ്യത്തേതു കാകളിക്കു വരില്ല. മറ്റു രണ്ടും നോക്കിയാല്‍ ആദ്യത്തേതു ഗുരു, രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരങ്ങളില്‍ ഒരെണ്ണവും ഗുരു എന്നര്‍ത്ഥം. ഇതു തന്നെയാണു സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). ആദ്യഗണത്തിലെ ആദ്യാക്ഷരം പോയാല്‍ v – എന്നോ – v ആവാം. ഇവിടെ മാത്രമേ സര്‍പ്പിണിയുടെ ലക്ഷണവുമായി ഭേദമുള്ളൂ. സര്‍പ്പിണിക്കു് ആദ്യത്തെ അക്ഷരം ഗുരുവാകണമെന്നു പറഞ്ഞിട്ടുണ്ടു്. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ പാനയ്ക്കു് ഇതു ശരിയല്ലെന്നു കാണാം. ജ്ഞാനപ്പാനയിലെ ആദ്യത്തെ നാലുവരിയായ
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍
പാടുമ്പോള്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ അക്ഷരം നീട്ടാമല്ലോ.
നിഗമനം: ഏ. ആര്‍ ദ്രുതകാകളിക്കു കൊടുത്ത ലക്ഷണം (കാകളിയുടെ)
രണ്ടു പാദത്തിലും പിന്നെ-
യന്ത്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ
എന്നതു്
രണ്ടു പാദത്തിലും പിന്നെ-
യാദ്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞീടില്‍
ദ്രുതകാകളി കീര്‍ത്തനേ
എന്നു മാറ്റിയാല്‍ പാനയുടെ വൃത്തം ദ്രുതകാകളി എന്നു പറയാം. (ഇനി ഇങ്ങനെയാണോ ഏ. ആര്‍. ആദ്യം എഴുതിയതു്? പിന്നീടു് അച്ചടിപ്പിശാചു കടന്നുകൂടിയതാണോ?) സര്‍പ്പിണിയെ ഒഴിവാക്കുകയും ചെയ്യാം.
“ഇന്നെന്റെ മാരന്‍…” എന്ന പാട്ടിന്റെ വൃത്തത്തെ നാരായണക്കുറുപ്പു് “ഊനകാകളി” എന്നാണു വിളിക്കുന്നതു്.
ഇ-മെയിലില്‍ക്കൂടി ചര്‍ച്ച ചെയ്ത ഈ കാര്യം ഒരു പോസ്റ്റായി ഇടാന്‍ പ്രേരിപ്പിച്ച സന്തോഷിനു നന്ദി.