August 2006

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (അടുത്ത പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.

മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.

ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്‌ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.

മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.

ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.

ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.

സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.

സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.

മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.

മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ

(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)

എന്നു പറഞ്ഞതും മനു തന്നെ.


ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?

മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി

അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന്‍ സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം 🙂

(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)

സാമൂഹികം

Comments (69)

Permalink

പുത്രനും മിത്രവും

കുട്ടികളെ വളര്‍ത്തേണ്ട വിധത്തെപ്പറ്റി ഒരു പഴയ സംസ്കൃതശ്ലോകം:

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്

അര്‍ത്ഥം:

പുത്രം : പുത്രനെ
പഞ്ച-വര്‍ഷാണി രാജവത് : അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും
ദശ-വര്‍ഷാണി ദാസവത് : (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും
പ്രാപ്തേ ഷോഡശവര്‍ഷേ തു : പതിനാറു വയസ്സായാല്‍
മിത്ര-വത് : കൂട്ടുകാരനെപ്പോലെയും
ആചരേത് : കരുതണം

അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ഭാരതത്തില്‍ പണ്ടു പുരുഷന്മാരുടെ പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം പതിനാറു വയസ്സാണെന്നു തോന്നുന്നു. പലയിടത്തും ഈ “ഷോഡശ”ത്തെപ്പറ്റി പരാമര്‍ശമുണ്ടു്. അതു പതിനെട്ടും ഇരുപത്തൊന്നുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടു്. അതു് ഉചിതമാണു താനും. കാരണം കുട്ടിയുടെ രാജത്വം ഇപ്പോള്‍ അഞ്ചു വയസ്സില്‍ തീരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സുവരെയും അതിനു ശേഷവും കുട്ടികളെ ലാളിക്കുന്ന രീതിയാണു് ഇപ്പോഴുള്ളതു്. ദാസനെപ്പോലെ കരുതുന്ന കാലം ഉണ്ടോ എന്നു തന്നെ സംശയം.

തലമുറകള്‍ കഴിയുന്നതോടെ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന പ്രവണത കൂടുന്നുണ്ടു്. ഇതു സ്നേഹം കൂടുന്നതാണോ ബഹുമാനം കുറയുന്നതാണോ എന്നു പലരും തര്‍ക്കിക്കുന്നുണ്ടു്. ഏതായാലും ഇന്നത്തെ മക്കള്‍ അച്ഛന്റെ മുന്നില്‍ ഇരിക്കാന്‍ മടിയുള്ളവരല്ല. രണ്ടു തലമുറ മുമ്പു് അറുപതു വയസ്സുള്ള മക്കള്‍ കൂടി അച്ഛന്റെ മുന്നില്‍ ഇരിക്കാറില്ലായിരുന്നു.

എന്തായാലും പ്രായപൂര്‍ത്തിയായാല്‍ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

സുഭാഷിതം

Comments (29)

Permalink

വിദ്യ വരുന്ന വഴി

ഒരു വിദ്യാര്‍ത്ഥിയ്ക്കു് അറിവു് എങ്ങനെ കിട്ടുന്നു എന്നു പറയുന്ന ഒരു പ്രാചീനശ്ലോകം:

ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു

അര്‍ത്ഥം:

ശിഷ്യഃ : ശിഷ്യന്‍
പാദം ആചാര്യാത് : കാല്‍ ഭാഗം ആചാര്യനില്‍ നിന്നും
പാദം സ്വമേധയാ : കാല്‍ ഭാഗം സ്വന്തം ബുദ്ധി കൊണ്ടും
പാദം സബ്രഹ്മചാരിഭ്യഃ : കാല്‍ ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും
പാദം കാലക്രമേണ തു : കാല്‍ ഭാഗം കാലം പോകുന്നതനുസരിച്ചും
ആദത്തേ : നേടുന്നു

വളരെ നല്ല ശ്ലോകം. അദ്ധ്യാപകനു കാല്‍ ഭാഗം മാത്രമേ പറഞ്ഞു തരാന്‍ പറ്റൂ എന്നും, സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ എന്നും, എങ്കിലും കാലം തരുന്ന അറിവു് മറ്റൊരു വിധത്തിലും കിട്ടില്ല എന്നും ഒരു ചെറിയ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നു.

ഇതു പഴയ കാലത്തെ കഥ. ഇതു നാലുമായിരുന്നു വിദ്യ കിട്ടാനുള്ള വഴികള്‍. ഇന്നോ?

ഇന്നു വിദ്യ വരുകയല്ല. തലയില്‍ കെട്ടിവെയ്ക്കുകയാണു്. പഠിപ്പാണു ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നു കരുതുന്ന ഈ കാലത്തു് (ഇതു് അറിവിനു വേണ്ടിയല്ല, പിന്നീടു കിട്ടുന്ന ജോലിക്കും ശമ്പളത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണെന്നു് ആര്‍ക്കാണറിഞ്ഞുകൂടാത്തതു്?) എല്ലാ വഴികളിലൂടെയും കുട്ടികള്‍ക്കു വിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയാണു മാതാപിതാക്കള്‍. ട്യൂഷന്‍, ഗൈഡുകള്‍, വര്‍ക്ക്‍ബുക്കുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്കൊക്കെ തള്ളിവിടുകയും അവയിലൊക്കെ ഒന്നാമതാകണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതുകൊണ്ടു വിദ്യയെ ഊറ്റിയെടുക്കുകയാണോ ചോര്‍ത്തിക്കളയുകയാണോ എന്നു സംശയം.

എന്റെ ചെറുപ്പകാലത്തു് ഇന്നത്തെപ്പോലെ ട്യൂഷനും മറ്റും പോകുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിപ്പിക്കുന്നതു പഠിക്കുക, അവനവനെക്കൊണ്ടു കഴിയുന്നതു പരീക്ഷയ്ക്കെഴുതുക എന്നതില്‍ കവിഞ്ഞു മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ മത്സരബുദ്ധി ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ മാത്രം അല്പം വ്യത്യാസമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കു മാത്രം ചിലപ്പോള്‍ ട്യൂഷനു പോകും. ഗൈഡുകള്‍ക്കും മറ്റും പാഠപുസ്തകത്തിനേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നുമില്ല.

ഇന്നത്തെ സ്ഥിതി അതാണോ? ഇടയ്ക്കിടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ രാവിലെ അഞ്ചരയ്ക്കു ട്യൂഷനു പോകുന്ന കുട്ടികളെ കാണാറുണ്ടു്. വൈകിട്ടു പത്തു മണി വരെയും പഠിത്തമാണു്-സ്കൂളിലും വീട്ടിലും ട്യൂഷന്‍ സെന്ററിലും മറ്റും. ഈ കുട്ടികള്‍ കളിക്കുകയും അടുത്ത ലൈബ്രറിയിലുള്ള നോവലുകള്‍ എടുത്തു വായിക്കുകയും ചെയ്യുന്നുണ്ടോ, ഞാനൊക്കെ ചെയ്ത പോലെ? ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്കു് ഇതിനു തക്ക വിജ്ഞാനം കിട്ടുന്നുണ്ടോ? അറിയില്ല.

അമേരിക്കയില്‍ സ്ഥിതി അല്പം വ്യത്യസ്തമാണു്. ഇവിടെ സ്കൂളുകളില്‍ റാങ്ക്, മാര്‍ക്ക്, കാണാതെ പഠിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യമില്ല. അത്രയും ഭാഗ്യം. അതില്‍ മത്സരമില്ല. കുട്ടികളുടെ “സ്റ്റാന്‍ഡേര്‍ഡ്” വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ (പ്രധാനമായി കണക്കു്) ഉപയോഗിച്ചു വീട്ടിലിരുത്തി പഠിപ്പിക്കുകയും, ഗണിതവും മറ്റും കാണാതെ പഠിപ്പിക്കുന്ന പാഠ്യേതരവിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കുകയും ചെയ്യുന്നതു് ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണെങ്കിലും, പഠിച്ചു റാങ്കു നേടാനുള്ള മത്സരം നാട്ടിലെപ്പോലെ ഇവിടെയില്ല. എങ്കിലും മക്കളെ നീന്തല്‍, പലതരം പന്തുകളികള്‍, പലതരം കായികാഭ്യാസമുറകള്‍, പലതരം സംഗീത-നൃത്ത അഭ്യസനങ്ങള്‍ തുടങ്ങിയുള്ള എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളുടെ അതിപ്രസരത്തിലേക്കു തള്ളിവിടുന്ന പ്രവണത വളരെയുണ്ടു്. ഇവയൊക്കെ നല്ലതു തന്നെ. പക്ഷേ, കുട്ടികള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലാത്ത വിധത്തില്‍ ഇതൊക്കെ ആയാലോ? മദ്ധ്യവേനലവധിക്കുമുണ്ടു സമ്മര്‍ ക്യാമ്പുകള്‍. ഇതു കണ്ടാല്‍ ജീവിതകാലത്തെ മുഴുവന്‍ ഒളിമ്പിക്ക് മെഡലുകളും നൊബേല്‍ സമ്മാനങ്ങളും ഓസ്കാര്‍-ഗ്രാമി അവാര്‍ഡുകളും തന്റെ കുട്ടിക്കു നേടിക്കൊടുക്കണം എന്നാണു് ആഗ്രഹമെന്നു തോന്നിപ്പോകും.

(എന്നാല്‍ കുട്ടികളെ മലയാളം പറയാനും, വായിക്കാനും, എഴുതാനും പഠിപ്പിക്കുന്നുണ്ടോ? അതൊട്ടില്ല താനും!)

വിദ്യ കിട്ടാന്‍ ഒരു ദ്വാരം ആവശ്യമാണു്. ആ ദ്വാരം തന്നെ അതു ചോര്‍ത്തിക്കളയുകയും ചെയ്യും എന്നു് ആലോചിക്കുന്നതു നന്നു്.


ഇന്നത്തെ വിദ്യ വരുന്ന വഴി വിവരിക്കാന്‍ ഒരു ശ്ലോകം പോരാ. വലിയ ഒരു മഹാകാവ്യം തന്നെ വേണം. അങ്ങനെയൊരു മഹാകാവ്യത്തിലെ ഏതാനും ശ്ലോകങ്ങള്‍ താഴെ.

വൃത്തത്തിലൊതുങ്ങാന്‍ ‘നൂറ്റെട്ടു്‘ എന്ന സംഖ്യ ഉപയോഗിച്ചതാണു്. ശരിക്കുള്ള സംഖ്യ സൂചിപ്പിക്കാന്‍ അഞ്ചക്കമെങ്കിലും വേണ്ടിവരും 🙂


നൂറ്റെട്ടിലൊന്നു സാറന്മാര്‍,
നൂറ്റെട്ടിലൊന്നു കൂട്ടുകാര്‍,
നൂറ്റെട്ടിലൊന്നു തന്‍ ബുദ്ധി,
നൂറ്റെട്ടിലൊന്നു കാലവും

നൂറ്റെട്ടിലൊന്നു വീ ഗൈഡും,
നൂറ്റെട്ടിലൊന്നസീസിയും,
നൂറ്റെട്ടിലൊന്നു വിദ്യാര്‍ത്ഥി-
മിത്രം തൊട്ടവയും തഥാ

നൂറ്റെട്ടിലൊന്നു കമ്പ്യൂട്ടര്‍,
നൂറ്റെട്ടിലൊന്നു വിക്കിയും,
നൂറ്റെട്ടിലൊന്നി`ലീ ബുക്കും’,
നൂറ്റെട്ടിലൊന്നു ബ്ലോഗുകള്‍,

നൂറു ദ്വാരം തുളച്ചിട്ടു
വിദ്യയൂറ്റിക്കുടിക്കവേ
കോടി ഭാഗത്തു കീറീട്ടു
ചോര്‍ന്നു പോകുന്നു സര്‍വ്വതും…

സുഭാഷിതം

Comments (32)

Permalink

പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും

ഭാരതീയഗണിതത്തിന്റെ ഒരു പ്രത്യേകത ഫലങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ എന്നതാണു്. ഈ ഫലങ്ങളല്ലാതെ അവയിലെത്തിച്ചേരാനുള്ള ഗണിതക്രിയകള്‍ പലപ്പോഴും ആചാര്യന്മാര്‍ രേഖപ്പെടുത്തിയിരുന്നില്ല. സാമാന്യജനത്തിനു മനസ്സിലാക്കാന്‍ പ്രയാസമുള്ളതുകൊണ്ടോ ഓലയില്‍ അവയൊക്കെ എഴുതുന്നതു് അനാവശ്യമാണെന്നു കരുതിയതുകൊണ്ടാണെന്നു തോന്നിയതുകൊണ്ടോ പ്രായോഗികതയ്ക്കു മാത്രം പ്രാധാന്യം കൊടുത്തതുകൊണ്ടോ രേഖപ്പെടുത്താന്‍ സൗകര്യത്തിലുള്ള സങ്കേതത്തിന്റെ (notation) അഭാവം കൊണ്ടോ ആയിരിക്കാം ഫലങ്ങള്‍ മാത്രം ശ്ലോകങ്ങളും സൂത്രങ്ങളും വഴി രേഖപ്പെടുത്തിയിരുന്നതു്.

ക്രിസ്തുവിനു മുമ്പു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പിംഗളന്‍ (പണ്ഡിതര്‍ ക്രി. മു. അഞ്ചാം നൂറ്റാണ്ടു മുതല്‍ ക്രി. മു. ഒന്നാം നൂറ്റാണ്ടു വരെ പിംഗളന്റെ കാലമായി പറയുന്നുണ്ടു്.) എഴുതിയ ഛന്ദസൂത്രങ്ങളില്‍ പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ട അനവധി ഗണിതശാസ്ത്രതത്ത്വങ്ങളുടെ കാതലുണ്ടു്. ലഘു, ഗുരു എന്നു രണ്ടുതരം അക്ഷരങ്ങളുടെ വിന്യാസങ്ങളുടെ തത്ത്വങ്ങള്‍ മാത്രം പറഞ്ഞിരിക്കുന്നതുകൊണ്ടു മുഴുവന്‍ സിദ്ധാന്തങ്ങളും നമുക്കു കിട്ടിയിട്ടില്ല.

പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ദ്വ്യങ്കഗണിതം (binary number system and arithmetic-ക്രി. പി. പതിനെട്ടാം നൂറ്റാണ്ടു്), ബൈനോമിയല്‍ സിദ്ധാന്തം(binomial theorem-ക്രി. പി. പതിനേഴാം നൂറ്റാണ്ടു്) തുടങ്ങിയവയുടെ ഉപജ്ഞാതാവു് പിംഗളനാണെന്നു വിക്കിപീഡിയ വരെ പറയുന്നുണ്ടു്. അതൊരല്പം കടന്ന കയ്യാണെന്നാണു് എന്റെ അഭിപ്രായം. രണ്ടിനെ അടിസ്ഥാനമാക്കിയുള്ള പെര്‍മ്യൂട്ടേഷനുകളുടെ തിയറി ഉണ്ടാക്കി എന്നു പറയുകയാവും കൂടുതല്‍ ശരി. ദ്വ്യങ്കഗണിതവും ഇതിന്റെ അടിസ്ഥാനത്തിലുള്ളതായതുകൊണ്ടു് അതിലെ പല നിയമങ്ങളും ഇവിടെ കാണാം എന്നു മാത്രം.

പൂജ്യം കണ്ടുപിടിച്ചതു് പിംഗളനാണെന്നും ഒരു വാദമുണ്ടു്. അദ്ദേഹം ശൂന്യത്തെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നം ഉപയോഗിച്ചു എന്നു മാത്രമേ ഉള്ളൂ. പൂജ്യം ഉപയോഗിച്ചുള്ള സ്ഥാനീയമൂല്യരീതി (place value system) പിന്നെയും പല നൂറ്റാണ്ടുകള്‍ക്കു ശേഷമാണു് (ഭാരതത്തില്‍ത്തന്നെ-ബ്രഹ്മഗുപ്തന്റെ കാലത്തു് ക്രി. പി. ഏഴാം നൂറ്റാണ്ടില്‍) ഉണ്ടായതു്. അന്നേ പൂജ്യം കണ്ടുപിടിച്ചു എന്നു പറയാന്‍ പറ്റൂ.

പ്രസ്താരം, നഷ്ടം, ഉദ്ദിഷ്ടം, ലഗം എന്നു നാലുവിധം ഗണിതക്രിയകളാണു പിംഗളന്‍ പറഞ്ഞിരിക്കുന്നതു്. അവയില്‍ ആദ്യത്തെ മൂന്നു ക്രിയകളാണു് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. ലഗക്രിയ അടുത്ത ലേഖനത്തില്‍.


കുറിപ്പു്: ഇതില്‍ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങളും രീതികളും ഏ. ആര്‍. രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയില്‍ നിന്നു് എടുത്തിട്ടുള്ളവയാണു്. ഇതു് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രചിക്കപ്പെട്ട പുസ്തകമാണു്. അതിനാല്‍ ഇതിനെ മാത്രം അടിസ്ഥാനമാക്കി പിംഗളന്‍ ഈ ഗണിതരീതികള്‍ ഉണ്ടാക്കി എന്നു പറയുന്നതു തെറ്റാണു്. എങ്കിലും പിംഗളന്റെ ഛന്ദസൂത്രത്തിലും ക്രി. പി. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹലായുധന്റെ വ്യാഖ്യാനത്തിലും ഇവ ഉണ്ടെന്നുള്ള വിവരം മറ്റു സ്രോതസ്സുകളില്‍ നിന്നു കിട്ടിയതു കൊണ്ടാണു് ഇവിടെ ഇവ വിവരിക്കുന്നതു്. ഛന്ദസൂത്രവും ഹലായുധവ്യാഖ്യാനവും കിട്ടിയാല്‍ വിശദവിവരങ്ങള്‍ എഴുതാം.


സൌകര്യത്തിനായി നമുക്കു ഗുരുവിനെ 0 എന്നും ലഘുവിനെ 1 എന്നും രേഖപ്പെടുത്താം. ദ്വ്യങ്കഗണിതത്തിന്റെയും (binary arithmetic) ബൈനോമിയല്‍ തിയറത്തിന്റെയും മറ്റും സാദൃശ്യം വ്യക്തമാക്കാനാണു് ഈ സങ്കേതം.

പ്രസ്താരം:

ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുള്ള ഛന്ദസ്സിലെ എല്ലാ വൃത്തങ്ങളെയും കണ്ടുപിടിക്കാനുള്ള വഴിയാണു പ്രസ്താരം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, n ഏതു മൂല്യമെടുത്താലും nP2 പെര്‍മ്യൂട്ടേഷനുകളെയും ഉണ്ടാക്കാന്‍ ഈ രീതി സഹായിക്കും.

ആദ്യത്തേ വരിയാകവേ ഗുരു, വതിന്‍ കീഴോട്ടു കീഴോട്ടു പി-
ന്നാദ്യത്തേ ഗുരു നീക്കി വെയ്ക്കുക ലഘും, ശേഷം നടേത്തേതു താന്‍
മുന്‍ സ്ഥാനങ്ങളിരിക്കിലത്ര ഗുരു താന്‍ വെപ്പൂ, തുടര്‍ന്നിത്തരം
ചെയ്യേണം ക്രിയയങ്ങു സര്‍വ്വലഘുവാം പാദം ലഭിക്കും വരെ.

അതായതു്,

  1. ആദ്യത്തെ വൃത്തമായി എല്ലാം ഗുരുവായ വൃത്തം എഴുതുക.
  2. അടുത്ത വൃത്തം കിട്ടാന്‍ തൊട്ടു തലേ വൃത്തത്തിന്റെ ആദ്യത്തെ ഗുരു മാറ്റി ലഘു വയ്ക്കുകയും അതിനു മുമ്പുള്ള ലഘുക്കളെയെല്ലാം ഗുരുക്കളാക്കുകയും ചെയ്യുക. ശേഷമുള്ളവ മാറ്റണ്ട.
  3. എല്ലാം ലഘുവായ വൃത്തം കിട്ടിയാല്‍ നിര്‍ത്തുക.

ഉദാഹരണമായി, നാലക്ഷരമുള്ള ഛന്ദസ്സിന്റെ പ്രസ്താരം താഴെച്ചേര്‍ക്കുന്നു.

No. (N)   1     2     3     4     വിശദീകരണം
 1 0 0 0 0 എല്ലാം ഗുരു.
 2 1 0 0 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 3 0 1 0 0 ആദ്യത്തെ (2) ഗുരു മാറ്റി ലഘു. മുമ്പുള്ളതെല്ലാം (1) ഗുരു.
 4 1 1 0 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 5 0 0 1 0 ആദ്യത്തെ ഗുരു (3) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2) ഗുരു.
 6 1 0 1 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 7 0 1 1 0 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
 8 1 1 1 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 9 0 0 0 1 ആദ്യത്തെ ഗുരു (4) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2, 3) ഗുരു.
10 1 0 0 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
11 0 1 0 1 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
12 1 1 0 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
13 0 0 1 1 ആദ്യത്തെ ഗുരു (3) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2) ഗുരു.
14 1 0 1 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
15 0 1 1 1 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
16 1 1 1 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.

സൂക്ഷിച്ചു നോക്കിയാല്‍, (N-1)ന്റെ binary representation ആണു് അതാതു വരിയില്‍ എന്നു കാണാം, വലത്തു നിന്നു് ഇടത്തേക്കു വായിച്ചാല്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദ്വ്യങ്കഗണിതത്തില്‍ അടുത്ത സംഖ്യ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അല്‍ഗരിതം തന്നെയാണു് ഇവിടെ അടുത്ത വൃത്തം കണ്ടുപിടിക്കാനും ഉപയോഗിക്കുന്നതു് എന്നര്‍ത്ഥം.

നഷ്ടം:

മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ എഴുതിയാല്‍ ഒരു പ്രത്യേക സംഖ്യയ്ക്കു നേരേ വരുന്ന വൃത്തമേതെന്നു കണ്ടുപിടിക്കാനുള്ള രീതിയാണു നഷ്ടം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ N എന്ന സംഖ്യ തന്നാല്‍ (N-1)ന്റെ binary representation കണ്ടുപിടിക്കാനുള്ള വഴി.

നഷ്ടാങ്കം സമമെങ്കിലാദി ലഘുവാ, മല്ലെങ്കില്‍ മറ്റേതുമാ-
മര്‍ദ്ധിച്ചും പുനരിക്രമത്തിലെഴുതൂ വര്‍ണ്ണം ലഗം വന്ന പോല്‍
ഓജത്തില്‍ പുനരൊന്നു ചേര്‍ത്തിഹ മുറിക്കേണം സദാ മേല്‍ക്കുമേല്‍
ഛന്ദസ്സിന്‍ പടിയുള്ള വര്‍ണ്ണമഖിലം വന്നാല്‍ നിറുത്താം ക്രിയ.

ഇതു് ഇങ്ങനെ സംഗ്രഹിക്കാം:

  1. സംഖ്യ ഇരട്ടസംഖ്യയാണെങ്കില്‍ ആദ്യത്തെ അക്ഷരം ലഘുവാണു്-ഒറ്റസംഖ്യയാണെങ്കില്‍ ഗുരുവും.
  2. ഇരട്ടസംഖ്യയാണെങ്കില്‍ പകുതി കാണുക. ഒറ്റസംഖ്യയാണെങ്കില്‍ ഒന്നു കൂട്ടിയിട്ടു പകുതി കാണുക.
  3. ഇങ്ങനെ കിട്ടിയ സംഖ്യയെ മുകളില്‍ പറഞ്ഞ ക്രിയ തന്നെ ചെയ്യുക. പിന്നീടുള്ള അക്ഷരങ്ങള്‍ കിട്ടും.
  4. ആവശ്യത്തിനു് അക്ഷരമായാല്‍ നിര്‍ത്തുക.

ഉദാഹരണമായി, നാലക്ഷരമുള്ള ഛന്ദസ്സിലെ പതിനൊന്നാമത്തെ വൃത്തം കണ്ടുപിടിക്കണം എന്നിരിക്കട്ടേ. ഇങ്ങനെ ചെയ്യാം.

  • 11 ഒറ്റസംഖ്യയായതിനാല്‍ ആദ്യത്തെ അക്ഷരം ഗുരു (0).
  • അടുത്ത സംഖ്യ (11+1)/2 = 6. അതു് ഇരട്ടസംഖ്യയായതിനാല്‍ രണ്ടാമത്തെ അക്ഷരം ലഘു (1).
  • അടുത്ത സംഖ്യ 6/2 = 3. അതു് ഒറ്റസംഖ്യയായതിനാല്‍ മൂന്നാമത്തെ അക്ഷരം ഗുരു (0).
  • അടുത്ത സംഖ്യ (3+1)/2 = 2. അതു് ഇരട്ടസംഖ്യയായതിനാല്‍ നാലാമത്തെ അക്ഷരം ലഘു (1).

അപ്പോള്‍ പതിനൊന്നാമത്തെ വൃത്തം 0101. മുകളിലെ പട്ടികയില്‍ നോക്കിയാല്‍ ഇതു ശരിയാണെന്നു കാണാം.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 11-1 = 10ന്റെ ദ്വ്യങ്കരൂപം 1010 ആണു്.

ഈ രീതി ദ്വ്യങ്കഗണിതത്തില്‍ ഒരു സംഖ്യയുടെ ദ്വ്യങ്കരൂപം കണ്ടുപിടിക്കുന്ന അതേ രീതി തന്നെയാണെന്നു കാണാന്‍ കഴിയും.

ഉദ്ദിഷ്ടം:

ഒരു വൃത്തത്തിന്റെ ലക്ഷണം കിട്ടിയാല്‍ അതു് ആ ഛന്ദസ്സില്‍ എത്രാമത്തേതാണെന്നു കണ്ടുപിടിക്കുന്ന രീതിയാണു് ഉദ്ദിഷ്ടം. അതായതു്, ദ്വ്യങ്കരൂപം കിട്ടിയാല്‍ സംഖ്യ കണ്ടുപിടിക്കാനുള്ള വിദ്യ എന്നര്‍ത്ഥം.

ഉദ്ദിഷ്ടം പാദമമ്പോടെഴുതി, യതിലെഴുന്നക്ഷരങ്ങള്‍ക്കു മേലാ-
യൊന്നാദ്യം രണ്ടു നാലെട്ടിതി മുറയിലിരട്ടിച്ച ലക്കം കുറിപ്പൂ;
കൂട്ടേണം പിന്നെയൊന്നിച്ചിഹ ലഘുവിനു മേലുള്ള ലക്കങ്ങളെന്നാ-
ലസ്സംഖ്യാതുല്യവൃത്തങ്ങളിഹ കില കഴിഞ്ഞുള്ളതാണിഷ്ടവൃത്തം.

ഈ ശ്ലോകത്തിന്റെ താത്പര്യം ഇങ്ങനെ സംഗ്രഹിക്കാം:

  • വൃത്തത്തിന്റെ ലക്ഷണം (ഗുരു ലഘു എന്നിങ്ങനെ) എഴുതുക.
  • ഓരോ അക്ഷരത്തിന്റെയും മുകളില്‍ ഇടത്തു നിന്നു വലത്തോട്ടു് 1, 2, 4, 8, … എന്നിങ്ങനെ ഇരട്ടിച്ച സംഖ്യകള്‍ എഴുതുക.
  • ലഘുക്കള്‍ക്കു മുകളിലുള്ള സംഖ്യകള്‍ തമ്മില്‍ കൂട്ടിയിട്ടു് ഒന്നു കൂട്ടിയാല്‍ ഉദ്ദിഷ്ടസംഖ്യ കിട്ടും.

ഉദാഹരണത്തിനു്, 0101 (ഗുരു-ലഘു-ഗുരു-ലഘു) എത്രാമത്തെ വൃത്തമാണെന്നു നോക്കാം.

1 2 4 8
0 1 0 1

2+8 = 10. ഉദ്ദിഷ്ടസംഖ്യ 10+1 = 11.

ഇതു് 1010 എന്നതു് 10-ന്റെ ദ്വ്യങ്കരൂപമാണെന്നു പറയുന്നതിനു തുല്യമാണു്.

ഇതു് ഏതു നമ്പര്‍ സിസ്റ്റത്തിലും സംഖ്യയുടെ മൂല്യം കണ്ടുപിടിക്കാനുള്ള വഴിയാണു്. (ഇവിടെ ഒന്നിന്റെ വ്യത്യാസം ഉണ്ടെന്നു മാത്രം). ഉദാഹരണത്തിനു് ഇവിടെ നോക്കൂ.

ചുരുക്കിപ്പറഞ്ഞാല്‍…

പിംഗളന്റെ ഛന്ദസൂത്രത്തില്‍ പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ട പല ഗണിതശാസ്ത്രതത്ത്വങ്ങളുടെയും മൂലരൂപം കാണാം. അതിനെ വൃത്തശാസ്ത്രം (prosody) ആയി കണക്കാക്കിയതു കൊണ്ടു് അതിലെ ഗണിതവശം പലപ്പോഴും കാണാതെ പോയിട്ടുണ്ടു്.

നാലാമത്തെ ക്രിയയായ ലഗക്രിയയെയും അതിനോടു ബന്ധപ്പെട്ട ഖണ്ഡമേരുപ്രസ്താരത്തെയും അവയ്ക്കു പാസ്കല്‍ ത്രികോണം, ബൈനോമിയല്‍ തിയറം എന്നിവയുമായുള്ള ബന്ധത്തെയും പറ്റി പ്രതിപാദിക്കാന്‍ ഒരു പ്രത്യേക പോസ്റ്റ് വേണം. അതു് ഈ വിഭാഗത്തിലെ അടുത്ത പോസ്റ്റില്‍.

ഛന്ദശ്ശാസ്ത്രം (Meters)
ഭാരതീയഗണിതം (Indian Mathematics)

Comments (2)

Permalink

ആളുകള്‍ ഇച്ഛിക്കുന്നതു്…

പല സ്വഭാവമുള്ളവര്‍ ആഗ്രഹിക്കുന്നതു പലതാണു് എന്നര്‍ത്ഥമുള്ള ഒരു സംസ്കൃതശ്ലോകം:

മക്ഷികാഃ വ്രണമിച്ഛന്തി
ധനമിച്ഛന്തി പാര്‍ത്ഥിവാഃ
നീചാഃ കലഹമിച്ഛന്തി
സന്ധിമിച്ഛന്തി പണ്ഡിതാഃ

അര്‍ത്ഥം:

മക്ഷികാഃ വ്രണം ഇച്ഛന്തി : ഈച്ചകള്‍ പുണ്ണിനെ ആഗ്രഹിക്കുന്നു
പാര്‍ത്ഥിവാഃ ധനം ഇച്ഛന്തി : രാജാക്കന്മാര്‍ ധനം ആഗ്രഹിക്കുന്നു
നീചാഃ കലഹം ഇച്ഛന്തി : നീചന്മാര്‍ കലഹം ആഗ്രഹിക്കുന്നു
പണ്ഡിതാഃ സന്ധിം ഇച്ഛന്തി : പണ്ഡിതന്മാര്‍ സമാധാനം ആഗ്രഹിക്കുന്നു

രാജാക്കന്മാര്‍ (ഭരണാധികാരികള്‍) കാശു പിടുങ്ങാന്‍ നടക്കുന്നവരാണെന്നുള്ള അഭിപ്രായം പണ്ടേ ഉണ്ടായിരുന്നു എന്നു വ്യക്തം.


ബൂലോഗത്തും ഈ ശ്ലോകം പ്രസക്തമാണു്. ചിലര്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളെപ്പോലെയുള്ള കൊള്ളരുതായ്മയെല്ലാം ബ്ലോഗിലിടുന്നു. (മലയാളം ബ്ലോഗുകളില്‍ ഇവര്‍ കുറവാണു്-മനോരമയുടെ ബാബുക്കുട്ടന്‍ അവരെ മാത്രമേ കാണുന്നുള്ളൂ എങ്കിലും.) ചിലര്‍ ഇതില്‍ നിന്നു് എങ്ങനെയെങ്കിലും പണമുണ്ടാക്കാമോ എന്നു നോക്കുന്നു-ഗൂഗിള്‍ പരസ്യം കൊടുത്തും സ്വന്തം ഉല്പന്നങ്ങളുടെ പരസ്യം കൊടുത്തും. ചിലര്‍ എവിടെയെങ്കിലും അടിയുണ്ടാക്കാന്‍ വഴിയുണ്ടോ എന്നു നോക്കിനടക്കുന്നു. ചിലര്‍ ഈ കൂട്ടായ്മയ്ക്കു ഭംഗം വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നു.


ബ്ലോഗെഴുതുന്നതു കൊണ്ടു് പല തരത്തിലുള്ളവര്‍ ആഗ്രഹിക്കുന്നതും പലതാണു്. അതിനെപ്പറ്റി മൂന്നു ശ്ലോകങ്ങള്‍ എഴുതിക്കോട്ടേ:

മഴ കര്‍ക്കടകത്തില്‍പ്പോല്‍
‘കമന്റി’ച്ഛിപ്പതേറെയാള്‍;
‘റേറ്റിംഗു’ കിട്ടി മേലെപ്പോയ്
പേരു കാംക്ഷിപ്പതേറെയാള്‍;

ഏറെപ്പേര്‍ ‘ലിങ്കു’ ചെയ്തിട്ടു
‘ഹിറ്റു’ കൂടാനുമേറെയാള്‍;
പത്രത്തില്‍ വാര്‍ത്ത കിട്ടീടാന്‍
പടം കാണാനുമേറെയാള്‍;

നല്ലവണ്ണം രചിച്ചിട്ടു
നല്ല മര്‍ത്ത്യര്‍ക്കു നിത്യവും
വായിക്കാനുതകീടേണം
എന്നു ചിന്തിച്ചിടും ബുധര്‍.

സുഭാഷിതം

Comments (32)

Permalink

മനസ്സിന്റെ താളുകള്‍ക്കിടയില്‍…

തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണു് ഈ സംഭവം ഓര്‍മ്മ വന്നതു്.

പണ്ടു പണ്ടു്, ടെലിവിഷനും പാട്ടുപെട്ടിയും ഒന്നും വീട്ടിലില്ലായിരുന്ന കാലത്തു്, പാട്ടു കേള്‍ക്കാന്‍ ആകെ ആലംബം റേഡിയോ ആയിരുന്നു. എന്റെ വീട്ടിലെ റേഡിയോ ആലപ്പുഴ സ്റ്റേഷനിലേക്കു സ്ഥിരമായി ട്യൂണ്‍ ചെയ്തു വെച്ചിരുന്നതുകൊണ്ടു് 550 എന്ന സംഖ്യയ്ക്കു മുകളില്‍ വര വീണതായിരുന്നു. എന്റെ ചെറുപ്പത്തില്‍ അതില്‍ നിന്നു് “ആകാശവാണി-തൃശ്ശൂര്‍, ആലപ്പുഴ” എന്നു് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. പിന്നീടു് തിരുവനന്തപുരവും ആ ലിസ്റ്റില്‍ വന്നു. വല്ലപ്പോഴും കോഴിക്കോടും. ആലപ്പുഴ ഒരു റിലേ സ്റ്റേഷന്‍ മാത്രമാണെങ്കിലും, ഞങ്ങള്‍ക്കതു് അഭിമാനത്തിന്റെ പ്രതീകമായിരുന്നു.

റേഡിയോ സാമാന്യം നന്നായിത്തന്നെ കേട്ടിരുന്നു. ആറു് അമ്പതിന്റെ പ്രാദേശികവാര്‍ത്തകള്‍ തൊട്ടുള്ള വാര്‍ത്തകള്‍ (മലയാളത്തിലുള്ളവ മാത്രം), ഏഴരയ്ക്കോ മറ്റോ ഉള്ള ലളിതസംഗീതപാഠം, ഇടയ്ക്കിടയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ എന്നിവയും, ആഴ്ചയിലൊരിക്കലുള്ള നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളടങ്ങിയ രഞ്ജിനി, ബാലലോകം, രാത്രി എട്ടു മണിക്കുള്ള “കണ്ടതും കേട്ടതും,” രാത്രി ഒമ്പതേകാലിനുള്ള തുടര്‍‌നാടകം എന്നിവയും വല്ലപ്പോഴും രാത്രി ഒമ്പതരയ്ക്കുള്ള ചലച്ചിത്ര ശബ്ദരേഖ, കൊല്ലത്തില്‍ ഒരിക്കലുള്ള നാടകവാരം, അതില്‍ ഒരു ദിവസമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുക്കുന്ന നാടകം എന്നിവയും എന്നിങ്ങനെ ആലപ്പുഴ നിലയത്തിലെ ഒരുമാതിരി പരിപാടികള്‍ മുഴുവന്‍ കേട്ടിരുന്നെങ്കിലും, ഏറ്റവും പ്രിയങ്കരം ചലച്ചിത്രഗാനങ്ങള്‍ തന്നെ. വീട്ടിലുള്ള ഏതു സമയത്തും ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലുണ്ടെങ്കില്‍ വെച്ചിരിക്കും-ഏതു പരീക്ഷയുടെ നടുക്കാണെങ്കിലും.

സ്കൂള്‍ കഴിഞ്ഞു് കോളേജില്‍ പോയപ്പോഴും ഈ ശീലം വിട്ടില്ല. ആര്‍. ഇ. സി. യില്‍ ചലച്ചിത്രഗാനസമയത്തു് എന്നെ കാണണമെങ്കില്‍ സ്വന്തമായി റേഡിയോ ഉണ്ടായിരുന്ന ആരുടെയെങ്കിലും മുറിയില്‍ പോകണം എന്ന സ്ഥിതിയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണു് ആ അത്യാഹിതം ഉണ്ടായതു്. ചലച്ചിത്രഗാനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി പരസ്യങ്ങള്‍. നാലു മിനിട്ടു പാട്ടു്. പിന്നെ പത്തു മിനിട്ടു പരസ്യം. ആരോടു പ്രതികരിക്കാന്‍? അന്നു ബ്ലോഗും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ക്രമേണ ഈ പരസ്യങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. അവയിലെ ഭംഗിയുള്ള പ്രയോഗങ്ങളും വൈകൃതങ്ങളും ചലച്ചിത്രഗാനങ്ങള്‍ പോലെ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.

പരസ്യങ്ങളില്‍ ഒട്ടു വ്യത്യസ്തത പുലര്‍ത്തിയിരുന്നു പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റേതു്. കവിത തുളുമ്പുന്ന പരസ്യവാക്യങ്ങള്‍. പുളിമൂട്ടിലില്‍ ആരോ കവികളുണ്ടെന്നു് ഞാന്‍ അനുമാനിച്ചു.

അങ്ങനെയിരിക്കേ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ഒരു പരസ്യം കേട്ടു:

മന‍സ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടു പോലെ നിങ്ങള്‍ സൂക്ഷിച്ച ആ സ്വപ്നം…

സംഭവമൊക്കെ കൊള്ളാം. പക്ഷേ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടോ? കുറേ ദിവസം ഇതു കേട്ടതിനു ശേഷം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു പോസ്റ്റ് കാര്‍ഡെടുത്തു് ഇങ്ങനെ എഴുതി:

സുഹൃത്തേ,
താളുകള്‍ക്കിടയില്‍ ആരും മയില്‍പ്പീലിത്തണ്ടു വെയ്ക്കാറില്ല. മയില്‍പ്പീലിയാണു വെയ്ക്കുക. ഇത്തരമൊരു മണ്ടത്തരം ദയവായി മലയാളികളെ മൊത്തം കേള്‍പ്പിക്കാതിരിക്കുക.

ഈ കത്തു് “മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്, കോട്ടയം” എന്ന വിലാസത്തില്‍ അയച്ചു. തൊടുപുഴയിലാണു ഹെഡ് ഓഫീസ് എന്നു് അറിയില്ലായിരുന്നു. “കോട്ടയം, തൊടുപുഴ” എന്നു പറയുന്നതുകൊണ്ടു് കോട്ടയമാണെന്നു കരുതി.

ഒരു മാസത്തിന്റെ അവസാനത്തോടടുപ്പിച്ചായിരുന്നു ഇതയച്ചതു്. എന്റെ പൂര്‍ണ്ണമായ മേല്‍‌വിലാസവും എഴുതിയിരുന്നെങ്കിലും, അതിനു മറുപടി എനിക്കു കിട്ടിയില്ല.

ഒരു പരസ്യത്തിന്റെ കോണ്ട്രാക്ട് ഒരു മാസത്തേക്കാണു്. അടുത്ത മാസം ആദ്യമേ പിന്നെ മാറ്റാന്‍ പറ്റൂ. അടുത്ത മാസം പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു പരസ്യമായിരുന്നു-“പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്” എന്നു് ഒരു പെമ്പ്രന്നോര്‍ അഞ്ചാറു തവണ “ഗപധപധപ” എന്ന ശ്രുതിയില്‍ പറയുന്ന ഒരു പരസ്യം. ഷോര്‍ട്ട് നോട്ടീസില്‍ കിട്ടിയ പ്രമാദം അവര്‍ മനസ്സിലാക്കിയെന്നും പകരം ഒന്നുണ്ടാക്കാന്‍ കുറഞ്ഞ സമയത്തില്‍ പറ്റിയില്ല എന്നും മനസ്സിലായി.

ഞാന്‍ കാത്തിരുന്നു, അടുത്ത മാസത്തിനു വേണ്ടി.

പ്രതീക്ഷിച്ച പോലെ, അടുത്ത മാസത്തില്‍ അവര്‍ പരസ്യം മാറ്റി:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തുണ്ടു പോലെ…

തെറ്റു തിരുത്തി. അതേ സമയം നേരത്തേ കേട്ടിട്ടുള്ളവര്‍ തെറ്റുണ്ടായിരുന്നു എന്നു മനസ്സിലാക്കുകയും ഇല്ല! മിടുക്കന്മാര്‍!

എന്നിട്ടും ഞാന്‍ പുളിമൂട്ടില്‍ ഏതോ കവിയുണ്ടെന്നു വിശ്വസിച്ചു പോന്നു. കുറേക്കാലം കഴിഞ്ഞപ്പോഴാണു് ഇത്രയും ചലച്ചിത്രഗാനങ്ങള്‍ കേട്ടിട്ടും ഞാന്‍ വിട്ടുപോയ ഒരു ഗാനത്തില്‍ ഓ. എന്‍. വി. എഴുതിയതാണു് ഈ കല്പന എന്നറിഞ്ഞതു്:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചു വെച്ചു….

ആ ഗാനം അതിനു ശേഷം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറി.


[2006/08/17] ഈ ഗാനം അചിന്ത്യ, ചേച്ച്യമ്മ, ഉമാചിന്ത്യ എന്നു പല പേരുകളിലും അറിയപ്പെടുന്ന ഉമച്ചേച്ചി അയച്ചുതന്നതു്:

download MP3

ശബ്ദം (Audio)
സ്മരണകള്‍

Comments (56)

Permalink

കാക്കയും കുയിലും

പാപ്പാന്‍ ഒരു കമന്റിലൂടെ ഓര്‍മ്മിപ്പിച്ച ഒരു സംസ്കൃതശ്ലോകം:

കാകഃ കൃഷ്ണഃ, പികഃ കൃഷ്ണഃ,
കോ ഭേദഃ പികകാകയോഃ?
വസന്തകാലേ സമ്പ്രാപ്തേ
കാകഃ കാകഃ, പികഃ പികഃ!

അര്‍ത്ഥം:

കാകഃ കൃഷ്ണഃ : കാക്ക കറുത്തതാണു്
പികഃ കൃഷ്ണഃ : കുയിലും കറുത്തതാണു്
പികകാകയോഃ കഃ ഭേദഃ : കുയിലിനും കാക്കയ്ക്കും തമ്മില്‍ എന്തു വ്യത്യാസം?
സമ്പ്രാപ്തേ വസന്തകാലേ : വസന്തകാലം വരുമ്പോള്‍
കാകഃ കാകഃ : കാക്ക കാക്കയാണു്
പികഃ പികഃ : കുയില്‍ കുയിലും.

അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒരുപോലെയിരിക്കുന്ന കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം അറിയുന്നതു് അവ പാട്ടുപാടുമ്പോഴാണു് എന്നര്‍ത്ഥം. (കുയില്‍ വസന്തത്തില്‍ പാട്ടുപാടുന്നു എന്നു കവിസങ്കേതം.)

കാഴ്ചയില്‍ ഒരുപോലെയുള്ള ആളുകളുടെ തനിസ്വഭാവം അറിയണമെങ്കില്‍ അതിനു പറ്റിയ സാഹചര്യം അറിയണം എന്നു വ്യംഗ്യം.

എന്റെ ചെറുപ്പത്തില്‍ ‘ബാലരമ’യില്‍ കണ്ട ഒരു പരിഭാഷ:

കാകനും പികവും തമ്മില്‍
കറുപ്പാണില്ലൊരന്തരം;
കാലം വസന്തമാകുമ്പോള്‍
കാകന്‍ കാകന്‍, പികം പികം


ഇതിന്റെ ഒരു പാരഡി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ടു്. ചെണ്ട കൊട്ടാന്‍ വിദഗ്ദ്ധനായിരുന്ന മുണ്ടേമ്പള്ളി കൃഷ്ണമാരാരെപ്പറ്റി പറയുന്ന കഥയിലാണു്. കൃഷ്ണമാരാരെയും മറ്റൊരു ചെണ്ടക്കാരനായിരുന്ന കൃഷ്ണപ്പുതുവാളിനെയും പറ്റിയുള്ള ശ്ലോകം:

മാരഃ കൃഷ്ണഃ പുതുഃ കൃഷ്ണഃ
കോ ഭേദോ പുതുമാരയോഃ
ഇണ്ടിണ്ടകാലേ സമ്പ്രാപ്തേ
മാരോ മാരഃ പുതുഃ പുതുഃ

ചെണ്ടകൊട്ടിന്റെ കാര്യം വരുമ്പോള്‍ കൃഷ്ണമാരാരുടെയും കൃഷ്ണപ്പുതുവാളിന്റെയും വ്യത്യാസം മനസ്സിലാകും എന്നര്‍ത്ഥം.

(ഐതിഹ്യമാല കയ്യിലുള്ളവര്‍ ദയവായി ഇതൊന്നു പരിശോധിക്കുക.)

സുഭാഷിതം

Comments (19)

Permalink

എപ്പോഴും അന്ധരായവര്‍

ജ്യോതിയുടെ ഒരു ബ്ലോഗ്‌പോസ്റ്റില്‍ ഒരിക്കല്‍ വിശ്വം ഇട്ട കമന്റില്‍ നിന്നു കിട്ടിയ ശ്ലോകം:

ദിവാ പശ്യതി നോലൂകഃ
കാകോ നക്തം ന പശ്യതി
അപൂര്‍വഃ കോऽപി കാമാന്ധോ
ദിവാ നക്തം ന പശ്യതി

അര്‍ത്ഥം:

ഉലൂകഃ ദിവാ ന പശ്യതി : മൂങ്ങയ്ക്കു പകല്‍ കാഴ്ചയില്ല
കാകഃ നക്തം ന പശ്യതി : കാക്കയ്ക്കു രാത്രിയില്‍ കാഴ്ചയില്ല
അപൂര്‍വഃ കഃ അപി കാമാന്ധഃ : കാമാന്ധനു്
ദിവാ നക്തം ന പശ്യതി : പകലും രാത്രിയും കണ്ണുകാണില്ല

അര്‍ത്ഥം ഞാന്‍ ഒരല്പം മാറ്റി-സുഭാഷിതമാക്കാന്‍. ശ്ലോകത്തില്‍ ഇതു് ഏതോ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കാമാന്ധനെപ്പറ്റി പറയുന്നതാണു്. “മുമ്പില്ലാത്ത ഒരു കാമാന്ധന്‍” എന്നാണു മൂന്നാം വരിയുടെ അര്‍ത്ഥം. “അപൂര്‍വഃ” എന്നതിനു പകരം “അപൂര്‍വം” എന്നു ക്രിയാവിശേഷണമായിട്ടാണെങ്കില്‍ വേണമെങ്കില്‍ സാമാന്യമാക്കാം.

വിശ്വത്തിനേ പൂര്‍ണ്ണമായ വിവരം അറിയൂ.

സുഭാഷിതം

Comments (10)

Permalink

കൂട്ടുകെട്ടു്

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (16)

Permalink

പാമ്പിനു പാല്‍ കൊടുത്താല്‍…

ഒരു പഴയ സംസ്കൃതശ്ലോകം. നീതിസാരത്തില്‍ നിന്നു്.

ഉപകാരോऽപി നീചാനാം
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം

അര്‍ത്ഥം:

നീചാനാം : നീചന്മാര്‍ക്കു്
ഉപകാരഃ അപി : ഉപകാരം ചെയ്യുന്നതു പോലും
അപകാരായ വര്‍ത്തതേ : ദോഷമേ ഉണ്ടാക്കൂ
ഭുജംഗാനാം : പാമ്പുകള്‍ക്കു്
പയഃപാനം : പാല്‍ കുടിക്കുന്നതു്
കേവലം വിഷവര്‍ദ്ധനം : വിഷം കൂടാനേ ഉപകരിക്കൂ.

പാത്രവിശേഷേ ന്യസ്തം… എന്നതിന്റെ മറുവശം. എല്ലാ ഉപകാരങ്ങളും അതു സ്വീകരിക്കുന്നവന്റെ ഗുണം പോലെയിരിക്കും എന്നര്‍ത്ഥം.

രണ്ടാമത്തെ വരിക്കു് പ്രകോപായ ന ശാന്തയേ എന്നും പാഠമുണ്ടു്. നീചന്മാര്‍ക്കു് ഉപകാരം ചെയ്യുന്നതു് അവരെ പ്രകോപിപ്പിക്കുകയേ ഉള്ളൂ, ശാന്തരാക്കുകയില്ല എന്നര്‍ത്ഥം.

ആരുണ്ടു പരിഭാഷപ്പെടുത്താന്‍? 🙂

സുഭാഷിതം

Comments (39)

Permalink