January 2008

സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

  • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

    പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

  • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

    സുജനിക തന്നെ പറഞ്ഞു തന്നു:
    പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

  • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

    ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു 🙂

    പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

    അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

  • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

    തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

    എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

    ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

  • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
  • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

    എന്നിട്ടു്
    ഉമാമുഖേ ബിംബഫലാധരോഷ്ഠേ
    വ്യാപാരയാമാസ വിലോചനാനി

    എന്നു കാളിദാസന്‍.

    ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

    കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

    ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

  • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

    സുജനിക തന്നെ പറഞ്ഞു തന്നു:

    ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

    ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

  • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

    എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

  • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

    സുജനിക പറഞ്ഞതു്:
    വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

    ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

    ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

    (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. 🙂 )

    ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (27)

Permalink

സരസശ്ലോകങ്ങള്‍: അയല്‍‌വാസികളുടെ വഴക്കു്

വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടു് ചില പെണ്ണുങ്ങള്‍ വഴക്കുണ്ടാക്കുന്നതു കണ്ടിട്ടില്ലേ? മറ്റവളെയും അവളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും അടച്ചു കുറ്റം പറയുന്ന ഈ വഴക്കു് സാധാരണ തീരുന്നതു് “ഫ..” എന്ന ആട്ടിലാണു്.

ഫോട്ടോ, ഫോണ്‍, ഫിലിം തുടങ്ങിയവയിലെ “ഫ”യല്ല. ഫലത്തിലെയും ഫലിതത്തിലെയും ഫ. പവര്‍ഗ്ഗത്തിലെ അതിഖരം. കേട്ടാല്‍ കേള്‍ക്കുന്നവന്‍ വിറയ്ക്കണം. തെറിക്കണം. അമ്മാതിരി ഫ.

എന്തു ചെയ്യാന്‍, ഇപ്പോള്‍ മലയാളി ഫലത്തിലെയും ഫലിതത്തിലെയും ഫ ഫോട്ടോയിലെയും ഫിലിമിലെയും ഫ പോലെയാണുച്ചരിക്കുന്നതു്. ഇവരൊക്കെ ആട്ടുന്നതും ഈ ഫയില്‍ത്തന്നെയാണോ എന്തോ? അതോ ആട്ടു് എന്നതു് ഒരു പഴയ ഫ്യൂഡല്‍ (ഫോട്ടോയിലെ ഫ) വ്യവസ്ഥിതിയുടെ പ്രതിഫലനം (ഫലത്തിലെ ഫ) മാത്രമായി അവശേഷിക്കുന്നുവോ?

ഒരുവളുടെ ഭര്‍ത്താവു് വൈറ്റ് കോളര്‍ ജോലിക്കാരനും സദ്‌ഗുണസമ്പന്നനും പണക്കാരനും ആവുകയും മറ്റവളുടേതു കൂലിപ്പണിക്കാരനും കള്ളുകുടിയനും ഇരപ്പാളിയും ആവുകയും ചെയ്താലോ? സ്വാഭാവികമായും ആദ്യത്തവള്‍ മറ്റവളുടെ ഭര്‍ത്താവിനെപ്പറ്റിയായിരിക്കും കുത്തുവാക്കുകള്‍ പറയുക. മിക്കവാറും നാക്കിനു കൂടുതല്‍ ശൌര്യം കൂലിപ്പണിക്കാരന്റെ ഭാര്യയ്ക്കായിരിക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു് വല്യവീട്ടിലെ കൊച്ചമ്മയെ അവള്‍ തോല്‍പ്പിക്കുകയും ചെയ്യും.

ഇങ്ങനെയുള്ള ഒരു തരം വഴക്കു പല കവികളും വിഷയമാക്കിയിട്ടുണ്ടു്. ഇവിടെ വഴക്കുണ്ടാക്കുന്നതു മഹാലക്ഷ്മിയും പാര്‍വ്വതിയുമാണു്. ലക്ഷ്മിയുടെ ഭര്‍ത്താവു് മഹാവിഷ്ണു സുന്ദരന്‍, എല്ലാവര്‍ക്കും വേണ്ടവന്‍, പെണ്ണുങ്ങള്‍ക്കു് ഇഷ്ടപ്പെട്ടവന്‍, എല്ലാത്തിനെയും രക്ഷിക്കുന്നവന്‍, വൈറ്റ് കോളര്‍ ജോലിക്കാരന്‍. പാര്‍വ്വതിയുടെ ഭര്‍ത്താവു് ശിവനാകട്ടേ തെണ്ടി നടക്കുന്നവന്‍, ചാരം പൂശുന്നവന്‍, കാമദേവനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവന്‍, തുണിയുടുക്കാതെ ആടുന്നവന്‍. സ്വാഭാവികമായി സംസാരം ഭര്‍ത്താവിനെപ്പറ്റിയായിരിക്കും. പക്ഷേ, പാര്‍വ്വതിയുടെ അടുത്താ കളി?


“എടിയേ, പാറോതിയേ…”

“എന്തരടീ കെടന്നു തൊള്ള തൊറക്കണതു്? ഞാനിവിടെ പന പോലെ നിക്കണതു കാണാന്‍ മേലായോ?”

“ആ തെണ്ടി എവിടെ പോയെടീ?”

ശിവന്‍ ഒരു തലയോടു പാത്രമാക്കി തെണ്ടാന്‍ പോകാറുണ്ടു്. പണ്ടു ബ്രഹ്മാവിന്റെ ഒരു തല മുറിച്ച വകയില്‍ കിട്ടിയ ശാപത്തിന്റെ ഫലമാണു്. അതാണു് ഇവിടുത്തെ വിവക്ഷ.

“ആ, എനിക്കറിയാന്മേലാ. മഹാബലിയുടെ യാഗശാലയിലാണെന്നു തോന്നുന്നു…”

മഹാബലിയുടെ യാഗശാലയില്‍ പണ്ടു മൂന്നടി മണ്ണു തെണ്ടാന്‍ പോയതു വിഷ്ണുവാണു്-വാമനനായി. തെണ്ടിയെന്നു മാത്രമല്ല, ഭിക്ഷ കൊടുത്തവനെ പാര വെച്ചു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുക വരെ ചെയ്തു. അത്രയ്ക്കൊന്നും വൃത്തികേടു കാണിച്ചിട്ടില്ല തന്റെ ഭര്‍ത്താവു്!

“എവിടാ ഇന്നു തുണിയഴിച്ചുള്ള ആട്ടം?”

ശിവന്റെ ദിഗംബരനൃത്തം ലോകപ്രശസ്തമാണല്ലോ.

“വൃന്ദാവനത്തില്‍. ഗോപസ്ത്രീകളുടെ കൂടെ. തുണിയൊണ്ടോ ഇല്ലിയോ, ആ…”

വൃന്ദാവനത്തില്‍ രാസക്രീഡ നടത്തുന്നതു വിഷ്ണു. കൃഷ്ണനായി.

“മൃഗം എവിടെപ്പോയെടീ?”

ശിവന്‍ കയ്യിലൊരു മാനിനെ കൊണ്ടു നടക്കാറുണ്ടു്. അതിനെപ്പറ്റിയാണു ചോദിക്കുന്നതു്. മൃഗം = മാന്‍.

“പന്നിയുടെ കാര്യമല്ലേ? ആ…”

“മൃഗം” എന്നതിനു് animal എന്ന അര്‍ത്ഥമെടുത്തു്. പന്നി എന്നുദ്ദേശിച്ചതു വിഷ്ണുവിനെ. മൂപ്പരുടെ മൂന്നാമത്തെ അവതാരമാണു പന്നി. വരാഹാവതാരം.

“അതല്ലടീ, ആ കാള എവിടെപ്പോയെടീ?”

ശിവന്‍ ഒരു കാളപ്പുറത്തു കയറുന്നതിനെപ്പറ്റി ദേവലോകത്തു പലരും പറഞ്ഞു ചിരിക്കാറുണ്ടു്. ശിവനെ കല്യാണം കഴിക്കാന്‍ പോയ പാര്‍വ്വതീയോടു ശിവന്‍ തന്നെ വേഷം മാറി വന്നു ചോദിച്ചതാണു്

ഉടനൊരു മുതുകാള മേല്‍ കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും

എന്നു്. (കാളിദാസന്റെ കുമാരസംഭവത്തിലെ വരികള്‍, ഏ. ആര്‍. രാജരാജവര്‍മ്മയുടെ പരിഭാഷ.)

“ഓ, അതോ, അറിയാന്മേലാ. ആ കന്നാലിച്ചെക്കനോടു ചോദിക്കു്…”

വിഷ്ണു കൃഷ്ണനായപ്പോള്‍ പശുവിനെയും കാളയെയും മേയ്ക്കുന്ന കന്നാലിച്ചെക്കനായിരുന്നു.

“പോടീ…”

“പോടീ…”

ഈ ശ്ലോകമെഴുതിയ സംസ്കൃതകവി ആരെന്നറിയില്ല. അപ്പയ്യദീക്ഷിതരുടെ “കുവലയാനന്ദം” എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ “വക്രോക്തി” എന്ന അലങ്കാരത്തിനുദാഹരണമായി ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.

ശ്ലോകം:

“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?” –
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

അര്‍ത്ഥം:

സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ? : സുന്ദരീ, ആ തെണ്ടുന്നവന്‍ എവിടെപ്പോയി?
ബലിമഖേ : ബലിയുടെ യാഗത്തിനു്.
അദ്യ താണ്ഡവം ക്വ, ഭദ്രേ : ഇന്നു താണ്ഡവം എവിടെയാണു പെണ്ണേ?
വൃന്ദാവന-അന്തേ മന്യേ : വൃന്ദാവനത്തിലാണെന്നു തോന്നുന്നു
സ മൃഗശിശുഃ നു ക്വ : ആ കുഞ്ഞുമൃഗമോ, അതെവിടെപ്പോയി?
വരാഹം ന ഏവ ജാനേ : പന്നിയെപ്പറ്റി ഒരു പിടിയുമില്ല
ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ : കുട്ടീ, ആ മുതുകാളയെ എങ്ങും കണ്ടില്ലല്ലോ?
അത്ര ഗോപഃ ഏവ വേത്താ : അതു് ഇടയനു മാത്രമേ അറിയൂ
ഇത്ഥം ജലനിധി-ഹിമവത്-കന്യയോഃ : ഇങ്ങനെ കടലിന്റെയും ഹിമവാന്റെയും പെണ്മക്കള്‍ ചെയ്യുന്ന
ഏവം ലീലസല്ലാപഃ : കളിയായുള്ള സംവാദം
വഃ ത്രായതാം : നിങ്ങളെ രക്ഷിക്കട്ടേ!

മുകളില്‍ കൊടുത്ത ശ്ലോകത്തെ പരിഭാഷപ്പടുത്തി ഏ. ആര്‍. രാജരാജവര്‍മ്മ തന്റെ അലങ്കാരശാസ്ത്രഗ്രന്ഥമായ “ഭാഷാഭൂഷണ”ത്തില്‍ ചേര്‍ത്തിട്ടുണ്ടു്. വക്രോക്തിയുടെ ഉദാഹരണമായിത്തന്നെ.

ശ്ലോകം:

“പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?” – “ബലിമഖം തന്നില്‍”; “എങ്ങിന്നു നൃത്തം?”,
“മെച്ചത്തോടാച്ചിമാര്‍ വീടതില്‍”; “എവിടെ മൃഗം?” – “പന്നി പാഞ്ഞെങ്ങു പോയോ?”;
“എന്തേ കണ്ടില്ല മൂരിക്കിഴടിനെ?” – “ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം”
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

അര്‍ത്ഥം:
“പിച്ചക്കാരന്‍ എവിടെ ഗമിച്ചാന്‍ (പോയി)?”
“ബലി-മഖം തന്നില്‍ (ബലിയുടെ യാഗത്തില്‍)”
“ഇന്നു് നൃത്തം എങ്ങു്?”
“മെച്ചത്തോടെ ആച്ചിമാര്‍ വീടു് അതില്‍ (ഗോപസ്ത്രീകളുടെ വീട്ടില്‍)”
“മൃഗം എവിടെ?”
“പന്നി എങ്ങു പാഞ്ഞു പോയോ?”
“എന്തേ മൂരിക്കിഴടിനെ കണ്ടില്ല?”
“ഇടയന്‍ ആ കാര്യം എല്ലാം ചൊല്ലും (പറയും)”

ഏവം (ഈ വിധത്തില്‍) രമയും (ലക്ഷ്മിയും) ഉമയും (പാര്‍വ്വതിയും) ആയി ഉള്ള സൌന്ദര്യത്തര്‍ക്കം മോദം (സന്തോഷത്തെ) തരട്ടേ!


ഇതാ പിന്നെയും:

“എടീ പാറൂ, ഒരു സംശയമുണ്ടായിരുന്നു…”

“ചോദീരെടീ…”

“അക്ഷയതൃതീയ വരുന്നു. കുറേ ആഭരണമെടുത്താലോ എന്നു വിചാരിക്കുന്നു. ഈ ദേഹത്തു ധരിക്കാന്‍ പാമ്പു നല്ലതാണോടീ?”

ശിവന്‍ ദേഹത്തു മുഴുവന്‍ പാമ്പിനെ ചൂടുന്നതിനെ കളിയാക്കുകയാണു്.

“ദേഹത്തു ധരിക്കുന്ന കാര്യം അറിയില്ല. മെത്തയാക്കി അതിന്റെ പുറത്തു കിടക്കാന്‍ ബെസ്റ്റ്!”

വിഷ്ണുവിന്റെ കിടക്ക അനന്തന്‍ എന്ന പാമ്പാണല്ലോ.

“ഒരു പുതിയ വണ്ടി വാങ്ങണം. കാള നല്ലതാണോടീ?”

Ford Taurus-ന്റെ കാര്യമല്ല. സാക്ഷാല്‍ കാള. ശിവന്റെ വാഹനം അതാണല്ലോ.

“കണ്ട ആപ്പയൂപ്പകള്‍ക്കു കാള മേയ്ച്ചു നടക്കാന്‍ നല്ലതാണെന്നു കേട്ടിട്ടുണ്ടു്. പുറത്തു കയറാന്‍ നല്ല ചങ്കുറപ്പു വേണം!”

കൃഷ്ണന്‍ കാലിച്ചെക്കനായിരുന്നല്ലോ.

“നിന്റെ നാക്കിനു ലൈസന്‍സില്ലല്ലോ. അല്ല, ഞാനൊന്നു ചോദിക്കട്ടേ, ദിവസവും ഇങ്ങനെ തെണ്ടുന്നതു നല്ലതാണോ? നിനക്കു നിന്റെ കെട്ടിയോനെ ഒന്നു് ഉപദേശിച്ചു കൂടേ?”

“ഓ, അങ്ങേരു മാനമായി തെണ്ടുന്നതല്ലേ ഉള്ളൂ. മോട്ടിക്കുന്നില്ലല്ലോ? ഇവിടെ ഓരോത്തന്മാരു പാലു മോട്ടിക്കും, വെണ്ണ മോട്ടിക്കും, കുളിക്കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ തുണി മോട്ടിക്കും, കല്യാണപ്പന്തലീന്നു പെണ്ണിനെ വരെ മോട്ടിക്കും…”

കൃഷ്നന്‍ ചെറുപ്പത്തില്‍ പാലും വെണ്ണയും പിന്നെ ഗോപസ്ത്രീകളുടെ തുണിയും മോഷ്ടിച്ചിട്ടുണ്ടു്. പ്രായമായപ്പോള്‍ കല്യാണപ്പന്തലില്‍ നിന്നു രുക്മിണിയെയും.

“പോടീ…”

“പോടീ…”

ഈ ശ്ലോകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കാത്തുള്ളില്‍ അച്യുതമേനോന്റേതാണു്. “കവിപുഷ്പമാല” എന്നൊരു കവിത എഴുതിയതിനു വെണ്മണി മഹന്റെ കയ്യില്‍ നിന്നു നിറയെ ചീത്ത വാങ്ങി (“ശങ്കാഹീനം ശശാങ്കാമലതരയശസാ…”) കുപ്രസിദ്ധി നേടിയ ആളാണു് അദ്ദേഹം.

ശ്ലോകം:

“നന്നോ മെയ്യണിവാനുമേ ഫണി?” – “രമേ, മെത്തയ്ക്കു കൊള്ളാം!”; “കണ–
ക്കെന്നോ കാളയിതേറുവാനനുദിനം?” – “മേച്ചീടുവാനുത്തമം!”;
“എന്നാലെന്നുമിരന്നിടുന്നതഴകോ?”, “കക്കുന്നതില്‍ ഭേദമാ”-
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

അര്‍ത്ഥം:

“ഉമേ (പാര്‍വ്വതീ), മെയ്യു് അണിവാന്‍ (ദേഹത്തു ചാര്‍ത്താന്‍) ഫണി (പാമ്പു്) നന്നോ (നല്ലതാണോ?)”
“രമേ (ലക്ഷ്മീ), മെത്തയ്ക്കു കൊള്ളാം”
“അനുദിനം (ദിവസം തോറും) ഏറുവാന്‍ (കേറാന്‍) കാളയിതു് (ഈ കാള) നന്നു് എന്നോ (നല്ലതാണു് എന്നാണോ)?”
“മേച്ചീടുവാന്‍ ഉത്തമം”
“എന്നാല്‍ എന്നും ഇരന്നിടുന്നതു് (തെണ്ടുന്നതു്) അഴകോ (ഭംഗിയോ)?”
“കക്കുന്നതില്‍ (മോഷ്ടിക്കുന്നതിലും) ഭേദമാണു്”
എന്നു് (ഈ വിധത്തില്‍) ആ കുന്നു്-അലര്‍-മങ്കമാരുടെ (കുന്നിന്റെയും പൂവിന്റെയും പെണ്മക്കളുടെ – പാര്‍വ്വതിയും ലക്ഷ്മിയും) കളിച്ചൊല്ലു് (കളിയായുള്ള വര്‍ത്തമാനം) ഇങ്ങു താങ്ങാകണം(രക്ഷിക്കണം)!


മറ്റുള്ളവര്‍ എഴുതിയ നല്ല ശ്ലോകങ്ങളുടെ ആശയങ്ങള്‍ ഉളുപ്പില്ലാതെ കട്ടെടുത്തു സ്വയം ശ്ലോകങ്ങളെഴുതി പ്രശസ്തരായവരായിരുന്നു വെണ്മണിക്കവികള്‍. പ്രത്യേകിച്ചു മഹന്‍. ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ “ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു…” എന്ന ശ്ലോകത്തെ “കണ്ഠേ നല്ല കറുപ്പുമുണ്ടു…” എന്നു പരാവര്‍ത്തനം ചെയ്തതു് ഒരുദാഹരണം മാത്രം. താഴെക്കൊടുക്കുന്നതു മറ്റൊരുദാഹരണം. എന്തായാലും ലക്ഷ്മിയും പാര്‍വ്വതിയുമായുള്ള വഴക്കിനെ ചിത്രീകരിക്കുന്ന ശ്ലോകങ്ങളില്‍ ഇതാണു് ഏറ്റവും പ്രസിദ്ധം.

ഇവിടെ കുത്തുവാക്കൊന്നുമില്ല. ചോദ്യമെല്ലാം ഡയറക്ടാണു്.

“ഡീ, നിന്റെ കെട്ടിയോന്‍ ഫുള്‍ ടൈം കാട്ടിലല്ലേ?”

“പിന്നെ നിന്റെ കെട്ടിയോന്‍ നാട്ടിലായിരിക്കും. ഒന്നുകില്‍ വൃന്ദാവനത്തില്‍ ഇടച്ചിമാരുമൊത്തു്, അല്ലെങ്കില്‍ നടുക്കടലില്‍. പതിന്നാലു കൊല്ലമല്യോടീ പണ്ടു അങ്ങേരു കണ്ടിന്യൂവസ്സായി കാട്ടില്‍ പോയതും കണ്ട പെണ്ണുങ്ങളുടെ മൂക്കും മുലേം മുറിച്ചതും. ഒന്നു പോടീ..”

“അങ്ങേരു പാമ്പിനെയെടുത്തു ദേഹത്തിടുന്നുണ്ടല്ലോ. അറയ്ക്കത്തില്യോടീ?”

“നിന്റെ കെട്ടിയോന്‍ പാമ്പിന്റെ പുറത്തല്യോ കിടക്കുന്നതു്? നീയും അങ്ങേരുടെ കൂടെ അവിടല്യോ കിടപ്പു്? വല്യ അറപ്പും കൊണ്ടു വന്നിരിക്കുന്നു…”

“എന്നാലും ഒരു നല്ല വണ്ടി വാങ്ങിച്ചു കൂടേ? ഇപ്പോഴും കാളവണ്ടിയാണല്ലോ..”

“കാളവണ്ടി ഓടിക്കാനറിയാമല്ലോ, ഇല്ലേ? അല്ലാതെ നിന്റെ അവനെപ്പോലെ കാളയെ മേയ്ച്ചു കൊണ്ടു പുറകേ ഓടുകയല്ലല്ലോ…”

“എന്റമ്മേ! എവടെ ഒരു നാക്കു്! എനിക്കു മേലായേ എവളോടു വര്‍ത്താനം പറയാന്‍. കണ്ട്രി!”

“പോടീ…”

ശ്ലോകം:

“കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?” – “മതേ, നിന്റെയോ?”; “നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?” – “ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?”;
“മാടല്ലേ വാഹനം നിന്‍ ദയിത” – “നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?”;
“കൂടില്ലേ തര്‍ക്ക” – മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

അര്‍ത്ഥം:

“നിന്റെ ഭര്‍ത്താവിനു ഭവനം (വീടു്) കാടു് അല്ലേ?”
“അതേ. നിന്റെയോ?”
“നിന്‍ മണാളന്‍ (നിന്റെ ഭര്‍ത്താവു്) പന്നഗത്തെ (പാമ്പിനെ) ചൂടില്ലേ?”
“ശരി, തവ കണവന്‍ (ഭര്‍ത്താവു്) പാമ്പിലല്ലേ കിടപ്പൂ (കിടക്കുന്നതു്)?”
“നിന്‍ ദയിതനു് (ഭര്‍ത്താവിനു്) വാഹനം മാടു് (കന്നാലി) അല്ലേ?”
“അതിനെയും നിന്‍ (നിന്റെ) പ്രിയന്‍ മേയ്പ്പതില്ലേ (മേയിക്കില്ലേ)?”
“(ഞാനിനി) തര്‍ക്കം കൂടില്ലേ” എന്നു് ഉമ (പാര്‍വ്വതി) രമയെ (ലക്ഷ്മിയെ) മടക്കും (തോല്‍പ്പിക്കുന്ന) മൊഴിയ്ക്കായ് (വാക്കിനായി) തൊഴുന്നേന്‍ (ഞാന്‍ തൊഴുന്നു).


ഇതുപോലെ ലക്ഷ്മിയും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണമായുള്ള ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ ദയവായി കമന്റായി ഇടുക. ഇതേ രീതിയില്‍ സ്ത്രീകളുടെ ഒരു തിരുവാതിരപ്പാട്ടോ മറ്റോ ഉള്ളതും കേട്ടിട്ടുണ്ടു്. ആര്‍ക്കെങ്കിലും അറിയാമോ?


[2008-09-23] ഭാര്യമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ഭര്‍ത്താക്കന്മാര്‍ വെറുതേ ഇരിക്കുമോ? രാജേഷ് വര്‍മ്മയുടെ ശ്ലോകം.

“കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?” “തണ്ണീരിലും മെച്ചമാ-”
“ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?” “വന്ധ്യത്വമോര്‍ത്താല്‍ സുഖം.”
“പെണ്ണിന്‍ മാതിരി പാതിമേനിയഴകോ?” “പെണ്‍വേഷമോ?”യെന്നു ചെ-
ന്തണ്ടാര്‍ക്കണ്ണനെ വെന്ന വാണിയൊടു മുക്കണ്ണന്‍ തുണച്ചീടണം.

സരസശ്ലോകങ്ങള്‍

Comments (22)

Permalink

സരസശ്ലോകങ്ങള്‍ – പുതിയ വിഭാഗം

ഒരു പുതിയ വിഭാഗം തുടങ്ങുന്നു-സരസശ്ലോകങ്ങള്‍.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള രസകരങ്ങളായ ചില ശ്ലോകങ്ങളെ പരിചയപ്പെടുത്തുകയാണു് ഈ വിഭാഗത്തിലെ പോസ്റ്റുകളുടെ ഉദ്ദേശ്യം. സംസ്കൃതശ്ലോകങ്ങള്‍ക്കു് അല്പം വിശദമായ അര്‍ത്ഥവിവരണവും ഉണ്ടായിരിക്കും.

നര്‍മ്മത്തിനു വേണ്ടി വ്യാഖ്യാനത്തില്‍ അല്പം സ്വാതന്ത്ര്യം എടുത്തേക്കാം. അതിനാല്‍ അവ ശ്ലോകങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥമായി തെറ്റിദ്ധരിക്കരുതു്. ദുര്‍വ്യാഖ്യാനത്തിന്റെ പ്രശ്നം ഒഴിവാക്കാന്‍ ശ്ലോകങ്ങളുടെ ശരിക്കുള്ള അര്‍ത്ഥവും കൊടുത്തിട്ടുണ്ടാവും.

ഇതിനു മുമ്പു് നല്ല സംസ്കൃതശ്ലോകങ്ങളെ സുഭാഷിതം എന്ന വിഭാഗത്തില്‍ പരിചയപ്പെടുത്തിയിരുന്നു. അതും ഇതും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടു്.

ഒന്നാമതായി, സുഭാഷിതത്തില്‍ ചെറിയ സംസ്കൃതശ്ലോകങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ സംസ്കൃതത്തിലെയും മലയാളത്തിലെയും ശ്ലോകങ്ങളുണ്ടാവും. പൊതുവേ വലിയ ശ്ലോകങ്ങളായിരിക്കും.

രണ്ടാമതായി, സുഭാഷിതത്തില്‍ ചില നല്ല ലോകതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഇതിന്റെ പ്രതിപാദ്യവിഷയം പ്രധാനമായും നര്‍മ്മവും രസികത്തവുമാണു്. സാരോപദേശത്തേക്കാള്‍ കവിതയ്ക്കും ഭാവനയ്ക്കുമാണു് ഇവിടെ പ്രാധാന്യം.

മൂന്നാമതായി, സുഭാഷിതത്തിലെ ശ്ലോകങ്ങള്‍ മതനിരപേക്ഷവും പുരോഗമനചിന്താപരവും യുക്തിപൂര്‍വ്വകവുമാകാന്‍ ഞാന്‍ വളരെ നിഷ്കര്‍ഷിച്ചിരുന്നു. ഇതു പാലിക്കാന്‍ സംസ്കൃതത്തില്‍ നിന്നുദ്ധരിക്കുമ്പോള്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇതു വരെ അങ്ങനെ ചെയ്തിട്ടുണ്ടു് എന്നാണു് എന്റെ വിശ്വാസം. ഇതില്‍ അതു നിഷ്കര്‍ഷിക്കാന്‍ ഉദ്ദേശ്യമില്ല. ഇവിടെ ഹിന്ദുപുരാണത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളും ദേവീദേവസ്തുതികളും മറ്റും ഉണ്ടാവും. ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കണ്ടു വരുന്ന രസികത്തങ്ങളും ഇന്നത്തെ രീതിയില്‍ പ്രതിലോമകരങ്ങളായ ചില ആശയങ്ങളും ഉണ്ടായെന്നു വരും. നമ്പൂരിഫലിതത്തിലെ സാമൂഹികപ്രശ്നങ്ങള്‍ പോലെ ഇവയിലും പ്രശ്നങ്ങളുണ്ടായേക്കാം. അവ ചര്‍ച്ച ചെയ്യുന്നതിനു വിരോധമില്ല. എങ്കിലും അവയെ ശ്ലോകം എന്ന മാദ്ധ്യമത്തിന്റെ ഒരു സ്വഭാവം മാത്രമായി കാണുകയും ഈ ബ്ലോഗിന്റെ രാഷ്ട്രീയമായി കാണാതിരിക്കുകയും ചെയ്യണമെന്നു് അപേക്ഷിക്കുന്നു.

നാലാമതായി, സുഭാഷിതത്തില്‍ സമീപകാലബ്ലോഗ് ചിന്തകളും ഉണ്ടായിരുന്നു. ഇതില്‍ അതുണ്ടാവില്ല. വിഷയം തന്നെ പലപ്പോഴും വിപുലമായതുകൊണ്ടു് വിഷയം വിട്ടു കളിക്കാന്‍ ഉദ്ദേശ്യമില്ല.

മുഖവുരയും ഡിസ്ക്ലൈമറും കഴിഞ്ഞു. ഇനി സരസശ്ലോകങ്ങളിലേക്കു കടക്കാം. ആദ്യത്തേതു്-അയല്‍‌വാസികളുടെ വഴക്കു്.

സരസശ്ലോകങ്ങള്‍

Comments (0)

Permalink

പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും

എന്റെ പിറന്നാളും കലണ്ടറും എന്ന പോസ്റ്റില്‍ സങ്കുചിതമനസ്കന്‍ ഇങ്ങനെ ഒരു കമന്റിട്ടു:

19, 38, 57 എന്നിങ്ങനെ 19ന്റെ ഗുണിതങ്ങള്‍ വരുന്ന പിറന്നാളിന്റെ അന്ന് ഡേറ്റ് ഓഫ് ബര്‍ത്തും നാളും ഒന്നായി വരും എന്ന കാര്യം അറിയാമോ?

പിന്നീടു ദേവനു മറുപടിയായി സങ്കുചിതന്‍ ഇതും പറഞ്ഞു:

അപ്പോള്‍ കഴിഞ്ഞ വര്‍ഷം -38 ആം ജന്മദിനം ജൂണ്‍ 16 നു തന്നെ ആയിരുന്നിരിക്കും.

19, 38, 57 തുടങ്ങിയ 19ന്റെ ഗുണിതങ്ങള്‍ വരുന്ന വര്‍ഷങ്ങളില്‍ ജന്മദിനവും പിറന്നാളും ഒന്നിച്ചു വരുമെന്നു സങ്കുചിതന്‍ പറഞ്ഞതു് ഏറെക്കുറെ ശരിയാണെങ്കിലും, ദേവന്റെ മുപ്പത്തെട്ടാമത്തെ പിറന്നാള്‍ 2007 ജൂണ്‍ 16-നായിരുന്നില്ല. “കിറുകൃത്യം സങ്കൂ” എന്നു ദേവന്‍ പറഞ്ഞതു ശരിയായിരുന്നില്ല്ല. 2007 ജൂലെ 13-നായിരുന്നു. ദേവനെപ്പോലെ ചുരുക്കം ചിലര്‍ക്കു് പിറന്നാളും ജന്മദിനവും ഒരിക്കലും ഒന്നിച്ചു വരില്ല.

ദേവന്‍ തുടര്‍ന്നു ചോദിക്കുന്നു:

ജന്മദിനം കണ്ടുപിടിക്കാനുള്ള എന്തെങ്കിലും സൂത്രം വച്ച് ചെയ്തതാണോ അതോ പരിചയമുള്ള ആരെങ്കിലും ഈ തീയതിയില്‍ ജനിച്ചവരാണോ?

ആ സൂത്രമാണു് ഇവിടെ പറയുന്നതു്.


ഇതില്‍ പറയുന്ന എല്ലാ കണക്കുകളും കേരളത്തിലെ കണക്കനുസരിച്ചുള്ള കാലനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണു്. ഉദാഹരണങ്ങള്‍ ആലുവയ്ക്കു വേണ്ടി ഞാനുണ്ടാക്കിയ കലണ്ടറില്‍ നിന്നും. മറ്റു സ്ഥലങ്ങളില്‍ അല്പം വ്യത്യാസങ്ങള്‍ വന്നേക്കാം.

അതു പോലെ, “ജന്മദിനം” എന്നതുകൊണ്ടു് ഇവിടെ വിവക്ഷിക്കുന്നതു് date of birth ആണു്. ഗ്രിഗോറിയന്‍ കലണ്ടറില്‍ ജനിച്ച മാസവും തീയതിയും എല്ലാ വര്‍ഷവും വരുന്ന തീയതി. “പിറന്നാള്‍” എന്നതു മലയാളം കലണ്ടറനുസരിച്ചു്, ജനിച്ച മലയാളമാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസവും. ജന്മനക്ഷത്രം ഒരു മാസത്തില്‍ രണ്ടു തവണ വന്നാല്‍, രണ്ടാമത്തെ ദിവസമാണു പിറന്നാള്‍.


ജനിച്ച ദിവസം മുതല്‍ 19 വയസ്സു പൂര്‍ത്തിയാക്കുന്നതു വരെ 19 വര്‍ഷങ്ങള്‍ ഉണ്ടല്ലോ. അവയില്‍ അധിവര്‍ഷങ്ങളിലെ ഫെബ്രുവരി 29 നാലോ അഞ്ചോ തവണ വരാം. (ജനിച്ചതു് ഒരു ഫെബ്രുവരി 29 കഴിഞ്ഞു് ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4, അല്ലെങ്കില്‍ 5. അതായതു്, 365/1461 = 24.98% ആളുകള്‍ക്കു 4, ബാ‍ക്കിയുള്ള 75.02% ആളുകള്‍ക്കു് 5.)

അതായതു്, മുകളില്‍ പറഞ്ഞ 24.98% ആളുകള്‍ ജനിച്ചതിനു ശേഷം 365 x 19 + 4 = 6939 ദിവസത്തിനു ശേഷമാണു് പത്തൊന്‍പതാം ജന്മദിനം ആഘോഷിക്കുന്നതു്. ബാക്കി 75.02% ആളുകള്‍ 6940 ദിവസത്തിനു ശേഷവും.

ഇനി, ചന്ദ്രന്‍ ഭൂമിയ്ക്കു ചുറ്റും ഒരു തവണ കറങ്ങാന്‍ ശരാശരി 27.3217 ദിവസം എടുക്കും. (പ്രപഞ്ചത്തിലെ ഏതെങ്കിലും സ്ഥിരദിശയെ അടിസ്ഥാനമാക്കിയാണു് ഇതു്. സൂര്യനെ അടിസ്ഥാനമാക്കിയാണെങ്കില്‍ ഇതു് 29.5307 ദിവസമാണു്. കൂടുതല്‍ വിവരങ്ങള്‍ താഴെ.) ഈ സമയം കൊണ്ടാണു് അതേ നാള്‍ തന്നെ വീണ്ടും വരുന്നതു്.

19 വര്‍ഷത്തിലുള്ള ദിവസങ്ങളുടെ എണ്ണമായ 6940 ഏകദേശം 27.3217-ന്റെ ഗുണിതമാണു്. 254 x 27.3217 = 6939.7118. അതുകൊണ്ടാണു് ജന്മദിനവും പിറന്നാളും 19 വര്‍ഷത്തില്‍ ഒന്നിയ്ക്കുന്നതു്. എങ്കിലും 24.98% ആളുകള്‍ക്കു് മിക്കവാറും ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാവും.

6940 – 6939.7118 = 0.2882 ദിവസമാണു് 19 വര്‍ഷം കൊണ്ടു് ഉണ്ടാകുന്നതു്. 38, 57, 76, 95 വര്‍ഷങ്ങളില്‍ ഇതു് യഥാക്രമം 0.5764, 0.8646, 1.1528, 1.441 ദിവസങ്ങളാണു്. അതായതു്, ഇവ തമ്മില്‍ ഒന്നിക്കാനുള്ള സാദ്ധ്യത കുറഞ്ഞുവരുന്നു എന്നര്‍ത്ഥം.


കലണ്ടര്‍ നിര്‍മ്മിച്ച മിക്കവാറും എല്ലാവരും തന്നെ ഈ 19 വര്‍ഷത്തിന്റെ പ്രത്യേകത കണ്ടിരുന്നു. പക്ഷേ മുകളില്‍ പറഞ്ഞതല്ല എന്നു മാത്രം. ഒരു സ്ഥിരദിശയെ അവലംബിച്ചുള്ള വ്യതിയാനം ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടാണു്.

പാശ്ചാത്യര്‍ ശ്രദ്ധിച്ചതു മറ്റൊരു യോജിപ്പാണു്. രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള സമയം 29.5307 ദിവസമാണു്.

ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതു കൊണ്ടാണു് ഇതു്. ചന്ദ്രന്‍ ഒരു തവണ ചുറ്റി വരുമ്പോഴേയ്ക്കും ഭൂമി കുറേ പോയിട്ടുണ്ടാവും. വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.242191 ആയതിനാല്‍ ഇതു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.

ഇതാണു് ഒരു തിഥിചക്രം. ഈ കാലയളവാണു ചാന്ദ്രമാസം. ഇതിന്റെ അടിസ്ഥാനത്തിലാണു് മാസം എന്ന (30 ദിവസം) ആശയം ഉണ്ടായതു്. ഇസ്ലാമിക് കലണ്ടര്‍ ഇപ്പോഴും 12 ചാന്ദ്രമാസങ്ങളടങ്ങിയ വര്‍ഷമാണു് ഉപയോഗിക്കുന്നതു്. പ്രാചീനഭാരതീയകലണ്ടറുകളിലെയും മാസങ്ങള്‍ ചാന്ദ്രമാസങ്ങളായിരുന്നു.

6940 ദിവസങ്ങള്‍ ഇതിന്റെയും ഒരു ഏകദേശഗുണിതമാണു്. 235 x 29.5307 = 6939.688. ഇതാണു ഭൂരിപക്ഷം കലണ്ടര്‍‌നിര്‍മ്മാതാക്കളും ശ്രദ്ധിച്ച Metonic cycle. ഇവ രണ്ടും ഒരുപോലെ വന്നതു തികച്ചും യാദൃച്ഛികം.

സത്യം പറഞ്ഞാല്‍ അതു യാദൃച്ഛികമല്ല. ചന്ദ്രന്‍ ഭൂമിക്കു ചുറ്റും ഏകദേശം 12 തവണ ചുറ്റുമ്പോള്‍ ഭൂമി സൂര്യനെ ഏകദേശം ഒരു തവണ ചുറ്റുന്നതുകൊണ്ടു് 12 x 29.5307 = 354.3684 എന്നതും 13 x 27.3217 = 355.1821 എന്നതും വളരെ അടുത്തു വരുന്നതു കൊണ്ടു് നക്ഷത്രചക്രവും തിഥിചക്രവും ഓരോ വര്‍ഷത്തിലും ഏതാണ്ടു് അടുത്തു വരുന്നുണ്ടു്. ഓണം എന്നും പൌര്‍ണ്ണമിയ്ക്കടുത്തു വരുന്നതു പലരും ശ്രദ്ധിച്ചിരിക്കും. അതുപോലെ പിറന്നാളുകളും ഒരു പ്രത്യേക തിഥിയ്കായിരിക്കും എല്ലാ വര്‍ഷവും. 19 വര്‍ഷങ്ങള്‍ കൊണ്ടു് 6939.7118 – 6939.688 = 0.0238 ദിവസത്തിന്റെ വ്യത്യാസമേ നക്ഷത്രചക്രവും തിഥിചക്രവും തമ്മില്‍ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ടാണു രണ്ടും ശരിയായതു്.

ഇത്രയും പറഞ്ഞതു്, 19 വര്‍ഷത്തിന്റെ Metonic cycle പലയിടത്തും കാണാം. ഉദാഹരണമായി വിക്കിപീഡിയയില്‍. അതു കൊണ്ടാണു് 19 വര്‍ഷത്തിലൊരിക്കല്‍ നാളും ജന്മദിനവും ഒന്നിക്കുന്നതെന്നു ചിലര്‍ ധരിച്ചിട്ടുണ്ടു്. അതു തെറ്റാണു്.


ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നതു ന്യൂ ഇയറിന്റെ തലേ രാത്രിയില്‍ മഴനൂലുകള്‍ നടക്കുന്നതുപോലെയാണു്. അത്ര ക്രമത്തിലൊന്നുമല്ല എന്നര്‍ത്ഥം. അത്ര കൃത്യമായി കണക്കുകൂട്ടേണ്ട ആവശ്യം നമുക്കില്ല. ശരാശരി 27.3217 ദിവസം കൊണ്ടാണു് ചന്ദ്രന്‍ ഭൂമിയ്ക്കു ചുറ്റും കറങ്ങുന്നതു്. അതു് ഒരു ക്രമത്തിലാണെന്നു കരുതിയാല്‍ (കല്യാണത്തിനു ശേഷം മഴനൂലുകള്‍ അങ്ങനെയാണെന്നാണു കേള്‍ക്കുന്നതു്) ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം 27.3217/27 = 1.01191 ദിവസമാണെന്നു കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു ദിവസത്തില്‍ ശരാശരി 27/27.3217 = 0.988225476 നക്ഷത്രം മാറും. ഇതില്‍ നിന്നു് നമുക്കു് ഓരോ ജന്മദിനത്തിലെയും നക്ഷത്രം കണ്ടുപിടിക്കാമോ എന്നു നോക്കാം.

ആദ്യത്തെ പടി, ഓരോ ജന്മദിനവും എത്ര ദിവസത്തിനു ശേഷമാണു് എന്നറിയണം. ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം ഏകദേശം 365.25 ദിവസം ആണെങ്കിലും അങ്ങനെയല്ലല്ലോ വര്‍ഷത്തിന്റെ കിടപ്പു്. മൂന്നു തവണ 365 ദിവസവും നാലാമത്തെ വര്‍ഷം 366 ദിവസവുമാണു് ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം.

ഇതു പൂര്‍ണ്ണമായി ശരിയല്ല. എങ്കിലും 1901 മുതല്‍ 2099 വരെ ഇതു ശരിയാണു്. ഇതു വായിക്കുന്ന ആരും ഈ കാലയളവിനു വെളിയില്‍ ജന്മദിനം ആഘോഷിക്കാന്‍ സാദ്ധ്യതയില്ലാത്തതു കൊണ്ടു് നമുക്കു് ഇത്രയും ആലോചിച്ചാല്‍ മതി. ഗ്രിഗോറിയന്‍ കലണ്ടറിന്റെ വിശദവിവരങ്ങള്‍ക്കു് എന്റെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന പോസ്റ്റു വായിക്കുക.

ഇതു മൂലം ജന്മദിനത്തിനും വ്യത്യാസമുണ്ടാവും. 2006 ജൂണ്‍ 1-നു ജനിച്ച ഒരു കുഞ്ഞു് 365 ദിവസത്തിനു ശേഷം 2007 ജൂണ്‍ 1-നു് ഒന്നാം ജന്മദിനം ആഘോഷിക്കുമ്പോള്‍ (അതു് ഒന്നാമത്തേതോ രണ്ടാമത്തേതോ എന്ന പഴയ പ്രഹേളിക നമുക്കു തത്ക്കാലം മറക്കാം.) 2008-നു രണ്ടാം ജന്മദിനം ആഘോഷിക്കുന്നതു് പിന്നെ 366 ദിവസങ്ങള്‍ക്കു ശേഷമാണു്. (2008-ല്‍ ഫെബ്രുവരിയ്ക്കു് 29 ദിവസങ്ങളുണ്ടു്). കൃത്യമായ അന്തരാളത്തിലല്ല നാം ജന്മദിനം ആഘോഷിക്കുന്നതു് എന്നര്‍ത്ഥം.

ഇതില്‍ നിന്നു് നാലുതരം വര്‍ഷങ്ങള്‍ക്കു് (അധിവര്‍ഷം, അധിവര്‍ഷം+1, അധിവര്‍ഷം+2, അധിവര്‍ഷം+3) നാലു തരത്തിലാണു കണക്കുകൂട്ടേണ്ടതു് എന്നു കാണാം.

വര്‍ഷം 4k 4k+1 4k+2 4k+3
1 1 x 365 1 x 365 1x 365 1 x 365 + 1
2 2 x 365 2 x 365 2 x 365 + 1 2 x 365 + 1
3 3 x 365 3 x 365 + 1 3 x 365 + 1 3 x 365 + 1
4 4 x 365 + 1 4 x 365 + 1 4 x 365 + 1 4 x 365 + 1
5 5 x 365 + 1 5 x 365 + 1 5 x 365 + 1 5 x 365 + 2
6 6 x 365 + 1 6 x 365 + 1 6 x 365 + 2 6 x 365 + 2
7 7 x 365 + 1 7 x 365 + 2 7 x 365 + 2 7 x 365 + 2
8 8 x 365 + 2 8 x 365 + 2 8 x 365 + 2 8 x 365 + 2
9 9 x 365 + 2 9 x 365 + 2 9 x 365 + 2 9 x 365 + 3
10 10 x 365 + 2 10 x 365 + 2 10 x 365 + 3 10 x 365 + 3
n

-നേക്കാള്‍ ചെറിയ ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യയെയാണു് എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്. ഉദാ:

ചുരുക്കം പറഞ്ഞാല്‍, ഒരു വര്‍ഷം (4k+j) എന്ന രൂപത്തിലാണെങ്കില്‍ (k ഒരു പൂര്‍ണ്ണസംഖ്യ, j=0, 1, 2 or 3), n വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജന്മദിനം

ദിവസങ്ങള്‍ക്കു ശേഷമാണെന്നു കാണാം.

നമുക്കിനി ഒരുദാഹരണം നോക്കാം. 1969 ജൂണ്‍ 16-നു ജനിച്ച ദേവന്‍ 2008 ജൂണ്‍ 16-നു മുപ്പത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്നതു് എത്ര ദിവസങ്ങള്‍ക്കു ശേഷമാണു്?

1969 = 4 x 492 + 1 ആയതുകൊണ്ടു് മുകളില്‍ j = 1. അതുപോലെ n = 39. അപ്പോള്‍

ദിവസങ്ങള്‍ക്കു ശേഷമാണു ബഡ്വൈസനെ പൊട്ടിക്കുന്നതു്.

ജന്മദിനം ജനുവരിയിലോ ഫെബ്രുവരിയിലോ ആണെങ്കില്‍ ഇതിനു് അല്പം വ്യത്യാസമുണ്ടു്. അവര്‍ക്കു് ഒരു വര്‍ഷം നേരത്തേ അധിവര്‍ഷം വരും. ഏറ്റവും എളുപ്പമുള്ള വഴി അവരെ തലേ വര്‍ഷത്തിന്റെ ഭാഗമായി കൂട്ടുന്നതാണു്.

ഉദാഹരണമായി, 1972 ജനുവരി 10-നു ജനിച്ച സന്തോഷ് 2008 ജനുവരി 10-നു മുപ്പത്താറാം ജന്മദിനത്തില്‍ പൂര്‍ത്തിയാക്കിയ ദിവസങ്ങള്‍ കാണാന്‍ വേണ്ടി ജനിച്ച വര്‍ഷം തത്ക്കാലത്തേയ്ക്കു് 1971 എന്നു കരുതുക. 1971 = 4 x 492 + 3 ആയതിനാല്‍ j = 3. ഉത്തരം

ദിവസങ്ങള്‍.

അപ്പോള്‍ ഒരു പ്രത്യേകജന്മദിനത്തിനു് എത്ര ദിവസങ്ങള്‍ കഴിഞ്ഞു എന്നു കണക്കുകൂട്ടാന്‍ നമ്മള്‍ പഠിച്ചു. ഇനി, ഒരു ദിവസത്തില്‍ ശരാശരി 27/27.3217 = 0.988225476 നക്ഷത്രം മാറും എന്നും നമ്മള്‍ കണ്ടു. അപ്പോള്‍ അത്ര ദിവസം കൊണ്ടു് എത്ര നാളുകള്‍ കഴിഞ്ഞു എന്നു കണക്കുകൂട്ടാന്‍ ബുദ്ധിമുട്ടില്ല.

ഒരു ഉദാഹരണം ശ്രദ്ധിച്ചാല്‍ എളുപ്പമാകുമെന്നു തോന്നുന്നു. 1965 നവംബര്‍ 22-നു വൃശ്ചികമാസത്തിലെ വിശാഖം നക്ഷത്രത്തില്‍ ജനിച്ച എന്റെ 2008-ലെ നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ എന്നാണെന്നു നോക്കാം.

2008 നവംബര്‍ 22 വരെ കടന്നു പോയ ദിവസങ്ങള്‍ ആദ്യം കണ്ടുപിടിക്കാം. 1965 = 4 x 491 + 1, j = 1.

ഇത്രയും ദിവസത്തിനിടയില്‍ കടന്നുപോയ നാളുകള്‍ = 15706 x 0.988225476 = 15521.069 = 15521

27 നാളു കഴിഞ്ഞാല്‍ അതേ നാള്‍ വരുന്നതുകൊണ്ടും 15521 = 574 x 27 + 23 ആയതിനാലും ഇതു് 23 ദിവസത്തിന്റെ വ്യത്യാസമാണു്.

അതായതു് 2008 നവംബര്‍ 22-നു 23 ദിവസം മുമ്പു് വിശാഖമാണു്. അതായതു് ഒക്ടോബര്‍ 30-നു്. അതിനു ശേഷം 27 ദിവസം കഴിഞ്ഞു് (അതായതു് നവംബര്‍ 22-നു 4 ദിവസം കഴിഞ്ഞു്) നവംബര്‍ 26-നും വിശാഖമാണു്.

ഒക്ടോബര്‍ 30, നവംബര്‍ 26 എന്നിവയില്‍ വൃശ്ചികമാസത്തില്‍ വരുന്ന നക്ഷത്രം രണ്ടാമത്തേതായതു കൊണ്ടു് പിറന്നാള്‍ നവംബര്‍ 26-നു്.

ഇത്രയും കണക്കുകൂട്ടലിനെ ഒരു ഗണിതവാക്യമായി താഴെച്ചേര്‍ക്കുന്നു.

ഇത്രയുമാണു് പിറന്നാളിനെ അപേക്ഷിച്ചു ജന്മദിനം മുന്നോട്ടു പോയ ദിവസങ്ങളുടെ എണ്ണം.

അപ്പോള്‍ ജന്മദിനത്തില്‍ നിന്നു d ദിവസം കുറച്ചാല്‍ പിറന്നാള്‍ കിട്ടുമോ? കിട്ടണമെന്നില്ല. ആ ദിവസം ജന്മമാസത്തില്‍ ആവണമെന്നില്ല. എങ്കിലും ഏകദേശം 27 ദിവസത്തില്‍ നക്ഷത്രചക്രം ആവര്‍ത്തിക്കുന്നതു കൊണ്ടു് (BD – d), (BD – d – 27), (BD – d + 27), (BD – d + 54) എന്നിവ ജന്മനക്ഷത്രമായിരിക്കും. അതിലൊന്നു് ഏതായാലും ജന്മമാസമായിരിക്കും. ആ ദിവസം തന്നെ പിറന്നാള്‍.

ചുവന്ന പെന്‍സിലും കൂര്‍പ്പിച്ചു് അങ്ങുമിങ്ങും പലായനം ചെയ്യുന്ന ദേവനെപ്പോലെയുള്ള ഓഡിറ്റര്‍മാര്‍ക്കു് ഫോര്‍മുല ശരിയാവില്ല, പട്ടിക തന്നെ വേണം. ഇതാ പട്ടിക. ഈ പട്ടികയില്‍ -31 മുതല്‍ +31 വരെയുള്ള എല്ലാ (രണ്ടെണ്ണമോ മൂന്നെണ്ണമോ) മൂല്യങ്ങളും കൊടുത്തിട്ടുണ്ടു്. ഇവയിലൊന്നു പിറന്നാളായിരിക്കും. പൂജ്യത്തിനോടു വളരെ അടുത്തുള്ളവയെ കട്ടിയുള്ള അക്ഷരത്തില്‍ കാണിച്ചിട്ടുണ്ടു്.

n j = 0 j = 1 j = 2 j = 3
1 -10 , 17 -10 , 17 -10 , 17 -11 , 16
2 -19 , 8 -19 , 8 -20 , 7 -20 , 7
3 -29 , -2 , 25 -30 , -3 , 24 -30 , -3 , 24 -30 , -3 , 24
4 -13 , 14 -13 , 14 -13 , 14 -13 , 14
5 -22 , 5 -22 , 5 -22 , 5 -23 , 4 , 31
6 -5 , 22 -5 , 22 -6 , 21 -6 , 21
7 -15 , 12 -16 , 11 -16 , 11 -16 , 11
8 -26 , 1 , 28 -26 , 1 , 28 -26 , 1 , 28 -26 , 1 , 28
9 -8 , 19 -8 , 19 -8 , 19 -9 , 18
10 -18 , 9 -18 , 9 -19 , 8 -19 , 8
11 -28 , -1 , 26 -29 , -2 , 25 -29 , -2 , 25 -29 , -2 , 25
12 -11 , 16 -11 , 16 -11 , 16 -11 , 16
13 -21 , 6 -21 , 6 -21 , 6 -22 , 5
14 -31 , -4 , 23 -31 , -4 , 23 -5 , 22 -5 , 22
15 -13 , 14 -14 , 13 -14 , 13 -14 , 13
16 -24 , 3 , 30 -24 , 3 , 30 -24 , 3 , 30 -24 , 3 , 30
17 -7 , 20 -7 , 20 -7 , 20 -8 , 19
18 -17 , 10 -17 , 10 -18 , 9 -18 , 9
19 -26 , 1 , 28 -27 , 0 , 27 -27 , 0 , 27 -27 , 0 , 27
20 -10 , 17 -10 , 17 -10 , 17 -10 , 17
21 -20 , 7 -20 , 7 -20 , 7 -21 , 6
22 -29 , -2 , 25 -29 , -2 , 25 -30 , -3 , 24 -30 , -3 , 24
23 -12 , 15 -13 , 14 -13 , 14 -13 , 14
24 -23 , 4 , 31 -23 , 4 , 31 -23 , 4 , 31 -23 , 4 , 31
25 -5 , 22 -5 , 22 -5 , 22 -6 , 21
26 -15 , 12 -15 , 12 -16 , 11 -16 , 11
27 -25 , 2 , 29 -26 , 1 , 28 -26 , 1 , 28 -26 , 1 , 28
28 -9 , 18 -9 , 18 -9 , 18 -9 , 18
29 -18 , 9 -18 , 9 -18 , 9 -19 , 8
30 -28 , -1 , 26 -28 , -1 , 26 -29 , -2 , 25 -29 , -2 , 25
31 -11 , 16 -12 , 15 -12 , 15 -12 , 15
32 -21 , 6 -21 , 6 -21 , 6 -21 , 6
33 -31 , -4 , 23 -31 , -4 , 23 -31 , -4 , 23 -5 , 22
34 -14 , 13 -14 , 13 -15 , 12 -15 , 12
35 -23 , 4 , 31 -24 , 3 , 30 -24 , 3 , 30 -24 , 3 , 30
36 -7 , 20 -7 , 20 -7 , 20 -7 , 20
37 -17 , 10 -17 , 10 -17 , 10 -18 , 9
38 -27 , 0 , 27 -27 , 0 , 27 -28 , -1 , 26 -28 , -1 , 26
39 -9 , 18 -10 , 17 -10 , 17 -10 , 17
40 -20 , 7 -20 , 7 -20 , 7 -20 , 7
41 -30 , -3 , 24 -30 , -3 , 24 -30 , -3 , 24 -31 , -4 , 23
42 -12 , 15 -12 , 15 -13 , 14 -13 , 14
43 -22 , 5 -23 , 4 , 31 -23 , 4 , 31 -23 , 4 , 31
44 -6 , 21 -6 , 21 -6 , 21 -6 , 21
45 -15 , 12 -15 , 12 -15 , 12 -16 , 11
46 -25 , 2 , 29 -25 , 2 , 29 -26 , 1 , 28 -26 , 1 , 28
47 -8 , 19 -9 , 18 -9 , 18 -9 , 18
48 -19 , 8 -19 , 8 -19 , 8 -19 , 8
49 -28 , -1 , 26 -28 , -1 , 26 -28 , -1 , 26 -29 , -2 , 25
50 -11 , 16 -11 , 16 -12 , 15 -12 , 15
     
n j = 0 j = 1 j = 2 j = 3
51 -21 , 6 -22 , 5 -22 , 5 -22 , 5
52 -31 , -4 , 23 -31 , -4 , 23 -31 , -4 , 23 -31 , -4 , 23
53 -14 , 13 -14 , 13 -14 , 13 -15 , 12
54 -24 , 3 , 30 -24 , 3 , 30 -25 , 2 , 29 -25 , 2 , 29
55 -6 , 21 -7 , 20 -7 , 20 -7 , 20
56 -17 , 10 -17 , 10 -17 , 10 -17 , 10
57 -27 , 0 , 27 -27 , 0 , 27 -27 , 0 , 27 -28 , -1 , 26
58 -10 , 17 -10 , 17 -11 , 16 -11 , 16
59 -19 , 8 -20 , 7 -20 , 7 -20 , 7
60 -30 , -3 , 24 -30 , -3 , 24 -30 , -3 , 24 -30 , -3 , 24
61 -13 , 14 -13 , 14 -13 , 14 -14 , 13
62 -22 , 5 -22 , 5 -23 , 4 , 31 -23 , 4 , 31
63 -5 , 22 -6 , 21 -6 , 21 -6 , 21
64 -16 , 11 -16 , 11 -16 , 11 -16 , 11
65 -25 , 2 , 29 -25 , 2 , 29 -25 , 2 , 29 -26 , 1 , 28
66 -8 , 19 -8 , 19 -9 , 18 -9 , 18
67 -18 , 9 -19 , 8 -19 , 8 -19 , 8
68 -29 , -2 , 25 -29 , -2 , 25 -29 , -2 , 25 -29 , -2 , 25
69 -11 , 16 -11 , 16 -11 , 16 -12 , 15
70 -21 , 6 -21 , 6 -22 , 5 -22 , 5
71 -31 , -4 , 23 -5 , 22 -5 , 22 -5 , 22
72 -14 , 13 -14 , 13 -14 , 13 -14 , 13
73 -24 , 3 , 30 -24 , 3 , 30 -24 , 3 , 30 -25 , 2 , 29
74 -7 , 20 -7 , 20 -8 , 19 -8 , 19
75 -16 , 11 -17 , 10 -17 , 10 -17 , 10
76 -27 , 0 , 27 -27 , 0 , 27 -27 , 0 , 27 -27 , 0 , 27
77 -10 , 17 -10 , 17 -10 , 17 -11 , 16
78 -20 , 7 -20 , 7 -21 , 6 -21 , 6
79 -29 , -2 , 25 -30 , -3 , 24 -30 , -3 , 24 -30 , -3 , 24
80 -13 , 14 -13 , 14 -13 , 14 -13 , 14
81 -23 , 4 , 31 -23 , 4 , 31 -23 , 4 , 31 -24 , 3 , 30
82 -5 , 22 -5 , 22 -6 , 21 -6 , 21
83 -15 , 12 -16 , 11 -16 , 11 -16 , 11
84 -26 , 1 , 28 -26 , 1 , 28 -26 , 1 , 28 -26 , 1 , 28
85 -8 , 19 -8 , 19 -8 , 19 -9 , 18
86 -18 , 9 -18 , 9 -19 , 8 -19 , 8
87 -28 , -1 , 26 -29 , -2 , 25 -29 , -2 , 25 -29 , -2 , 25
88 -12 , 15 -12 , 15 -12 , 15 -12 , 15
89 -21 , 6 -21 , 6 -21 , 6 -22 , 5
90 -31 , -4 , 23 -31 , -4 , 23 -5 , 22 -5 , 22
91 -14 , 13 -15 , 12 -15 , 12 -15 , 12
92 -24 , 3 , 30 -24 , 3 , 30 -24 , 3 , 30 -24 , 3 , 30
93 -7 , 20 -7 , 20 -7 , 20 -8 , 19
94 -17 , 10 -17 , 10 -18 , 9 -18 , 9
95 -26 , 1 , 28 -27 , 0 , 27 -27 , 0 , 27 -27 , 0 , 27
96 -10 , 17 -10 , 17 -10 , 17 -10 , 17
97 -20 , 7 -20 , 7 -20 , 7 -21 , 6
98 -30 , -3 , 24 -30 , -3 , 24 -31 , -4 , 23 -31 , -4 , 23
99 -12 , 15 -13 , 14 -13 , 14 -13 , 14
100 -23 , 4 , 31 -23 , 4 , 31 -23 , 4 , 31 -23 , 4 , 31

ഇതില്‍ വ്യത്യാസം പൂജ്യത്തിനോടു വളരെ അടുത്തു വരുന്നവ കട്ടിയുള്ള അക്ഷരത്തില്‍ കാണിച്ചിരിക്കുന്നു. ആ വര്‍ഷങ്ങളിലാണു് ജന്മദിനവും പിറന്നാളും ഒന്നിക്കാന്‍ സാദ്ധ്യതയുള്ളതു്. 19-ന്റെ ഗുണിതങ്ങളില്‍ കട്ടിയക്ഷരമാണുള്ളതെന്നതു ശ്രദ്ധിക്കുക.


ഇനി, ചില സാമാന്യ ചോദ്യങ്ങള്‍:

  1. ഒരിക്കലും (പത്തൊന്‍പതാം പിറന്നാളിനു പോലും) ജന്മദിനവും പിറന്നാളും ഒന്നിച്ചു വരാത്ത ആരെങ്കിലുമുണ്ടോ?

    ഉണ്ടു്. ചില നക്ഷത്രങ്ങള്‍ ഒരു മാസത്തില്‍ രണ്ടെണ്ണം ഉണ്ടാവും. ഒന്നു് മാസത്തിന്റെ ആദിയിലും മറ്റൊന്നു് അവസാനത്തിലും. ഇവയില്‍ ആദ്യത്തെ നാളില്‍ ജനിച്ചവര്‍ക്കു് ഒരിക്കലും ജന്മദിനവും പിറന്നാളും ഒന്നിച്ചു വരില്ല. 19 തുടങ്ങിയ വര്‍ഷങ്ങളില്‍ അവരുടെ ജന്മദിനത്തിനു തന്നെ നാള്‍ വരുന്നുണ്ടു്. എങ്കിലും, ഒരു മാസത്തില്‍ നാള്‍ രണ്ടു തവണ വരുന്നുണ്ടെങ്കില്‍ അവസാനത്തേതാണു പിറന്നാളായി എടുക്കുന്നതു്. അതുകൊണ്ടാണു് ഇതു്.

  2. 19, 38 തുടങ്ങിയ ജന്മദിനങ്ങളില്‍ പിറന്നാള്‍ വരാത്തവരുണ്ടോ?

    ഉണ്ടു്. നാളിന്റെയും ദിവസത്തിന്റെയും ഒരറ്റത്തു ജനിച്ചവര്‍. ഉദാഹരണമായി, അര്‍ദ്ധരാത്രി കഴിഞ്ഞു് അഞ്ചു നിമിഷത്തിനകം ഒരു നക്ഷത്രം തീരുകയാണെങ്കില്‍ അതിനിടയില്‍ ജനിക്കുന്ന കുട്ടിയുടെ പത്തൊന്‍പതാം പിറന്നാള്‍ വരുന്നതു് ജന്മദിനത്തിന്റെ തലേന്നായിരിക്കും.

    അതു പോലെ, സൂര്യോദയത്തിനു ശേഷം അല്പം കഴിഞ്ഞു് ഒരു നാള്‍ തുടങ്ങുകയാണെങ്കില്‍ അന്നത്തെ നക്ഷത്രം കലണ്ടറില്‍ തലേതായിരിക്കും. അങ്ങനെയും ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടാവാം.

    മുകളില്‍ പറഞ്ഞ രണ്ടു കാര്യവും കൂടി ഒന്നിച്ചു വന്നാല്‍ കലണ്ടറില്‍ കാണുന്നതില്‍ നിന്നു രണ്ടു ദിവസം വരെ വ്യത്യാസമുണ്ടാകാം. ഇതു് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കും ബാധകമാണു്.

  3. 19, 38 തുടങ്ങിയവയല്ലാതെ വേറെ ഏതെങ്കിലും ജന്മദിനങ്ങളില്‍ പിറന്നാള്‍ ഉണ്ടാവാമോ?

    ഉണ്ടാവാം. പട്ടികയില്‍ 0 എന്നു വരുന്ന വര്‍ഷങ്ങളിലാണല്ലോ അവ ഒന്നാകുന്നതു്. നക്ഷത്രങ്ങളും ദിവസങ്ങളും ഒന്നിച്ചു തുടങ്ങുകയും കഴിയുകയും ചെയ്യാത്തതുകൊണ്ടു് -1, 1 എന്നിവ വരുന്ന വര്‍ഷങ്ങളിലും ഇതു സംഭവിച്ചേക്കാം. പട്ടിക നോക്കിയാല്‍ 8, 11, 27, 30, 46, 49, 65, 84, 87 എന്നീ വര്‍ഷങ്ങളില്‍ (ഞാന്‍ അവ കട്ടിയുള്ള അക്കങ്ങളില്‍ കൊടുത്തിട്ടുണ്ടു്) ഒരു ദിവസത്തെ വ്യത്യാസമേ ഉള്ളൂ എന്നു കാണാം. നാളിന്റെയോ ദിവസത്തിന്റെയോ ഒരറ്റത്തു ജനിച്ചവര്‍ക്കു് വ്യത്യാസം പൂജ്യം ദിവസമായേക്കാം.


ആകെ ചിന്താക്കുഴപ്പമായെങ്കില്‍ ചില ഉദാഹരണങ്ങള്‍:

  1. എന്റെ പേരു് സന്തോഷ്. തുലാമാസത്തിലെ ഭരണി നാളില്‍ ജനിച്ച എന്റെ മകന്‍ അച്ചുവിന്റെ 2007-ലെ പിറന്നാള്‍ ഒക്ടോബര്‍ 27-നായിരുന്നു. 2008-ല്‍ അതു് എന്നാണു്?

    2007 = 501 x 4 + 3 ആയതിനാല്‍ j = 3.

    n = 1, j = 3 എന്നിവയ്ക്കു യോജിച്ച ദിനവ്യത്യാസം പട്ടികയോ ഫോര്‍മുലയോ ഉപയോഗിച്ചു കണ്ടുപിടിച്ചാല്‍ -10, 17 എന്നു കാണാം. അതായതു് ഒക്ടോബര്‍ 7 അല്ലെങ്കില്‍ നവംബര്‍ 13. തുലാമാസമായതിനാല്‍ പിറന്നാള്‍ നവംബര്‍ 13-നു്.

  2. ചോദ്യം: എന്റെ പേരു് ദേവന്‍. ഞാന്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തൊമ്പത് ജൂണ്‍ പതിനാറിനു ജനിച്ചു. മിഥുനത്തിലെ തിരുവാതിര. എന്റെ മുപ്പത്തെട്ടാം പിറന്നാള്‍ ജന്മദിനത്തിനു തന്നെ ആയിരുന്നു എന്നു സങ്കുചിതന്‍ പറയുന്നു. ശരിയാണോ? എന്റെ മുപ്പത്തൊന്‌പതാം പിറന്നാളിനു ബഡ്‌വൈസര്‍ പൊട്ടിച്ചൊഴിച്ച പാലടപ്രഥമന്‍ കഴിച്ചാല്‍ കൊള്ളാമെന്നുണ്ടു്. (ആലുവായ്ക്കു വടക്കല്ലാത്തതിനാല്‍ മൊളകൂഷ്യം വേണ്ട.) ഈ കരിദിനം എന്നാണു്?

    ഉത്തരം: കുട്ടീ, നിര്‍ത്തി നിര്‍ത്തി ഓരോ ചോദ്യമായി ചോദിക്കൂ. 1969 = 4 x 492 + 1 ആയതിനാല്‍ j = 1.

    1. ഗണിതവാക്യമോ പട്ടികയോ ഉപയോഗിച്ചാല്‍ j = 1, n = 38 എന്നതിനു നേരേ -27, 0, 27 എന്നു കാണാം. 2007 ജൂണ്‍ 16 തിരുവാതിര തന്നെ. എങ്കിലും അതിനു ശേഷം 27 ദിവസം കഴിഞ്ഞുള്ള ജൂലൈ 13-ഉം തിരുവാതിര തന്നെ. അതും മിഥുനമാസമായതു കൊണ്ടു് അതാണു പിറന്നാള്‍.

      മുകളില്‍ ഒന്നാമതു പറഞ്ഞിരിക്കുന്ന സ്ഥിതിയാണു ദേവന്റേതു്. അദ്ദേഹത്തിനു് ഒരിക്കലും ജന്മദിനവും പിറന്നാളും ഒരേ ദിവസം വരുകില്ല. മലയാളമാസത്തിലെ ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളില്‍ ജനിക്കുന്നവര്‍ക്കെല്ലാം ഇതാണു സ്ഥിതി.

    2. ഗണിതവാക്യമോ പട്ടികയോ ഉപയോഗിച്ചാല്‍ j = 1, n = 39 എന്നതിനു നേരേ -10, 17 എന്നു കാണാം. 2008 ജൂണ്‍ 16-നു 10 ദിവസം മുമ്പുള്ള ജൂണ്‍ 6, 17 ദിവസം കഴിഞ്ഞുള്ള ജൂലൈ 3 എന്നിവ തിരുവാതിര തന്നെ. ജനനം മിഥുനത്തിലായതിനാല്‍ പിറന്നാള്‍ ജൂലൈ 3-നു്. അമേരിക്കയ്ക്കു വന്നാല്‍ പിറ്റേ ദിവസം വെടിക്കെട്ടും കാണാം.
  3. ചോദ്യം: എന്റെ പേരു പെരിങ്ങോടന്‍. 1981 മെയ് 11-നു മേടമാസത്തിലെ മകം നക്ഷത്രത്തില്‍ ജനനം. 2007-ലെ എന്റെ പിറന്നാളിനു ഞാന്‍ “ഖകമേ…” എന്നൊരു വിശിഷ്ടകൃതി രചിക്കുകയുണ്ടായി. (പ്രസിദ്ധീകരിച്ചതു് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു്.) 2057-ലെ എന്റെ പിറന്നാളിനു് ഈ കൃതിയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ എന്റെ ആരാധകര്‍ തീരുമാനിച്ചിരിക്കുന്നു. അതിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. ഒരു പ്രശ്നമേയുള്ളൂ. അതു് ഏതു തീയതിയാണു് എന്നറിയിക്കണം. സഹായിക്കാമോ?

    ഉത്തരം: 2057-ല്‍ പെരിങ്ങോടനു് 76 വയസ്സു തികയും. 76 എന്നതു 19-ന്റെ ഗുണിതമായതു കൊണ്ടു മിക്കവാറും പിറന്നാള്‍ മെയ് 11-നു തന്നെ ആയിരിക്കും. എങ്കിലും ഒന്നു കണക്കുകൂട്ടി നോക്കാം.

    1981 = 4 x 495 + 1 ആയതു കൊണ്ടു് j = 1. n = 76, j = 1 എന്നിവയ്ക്കു പട്ടികയില്‍ നിന്നോ ഗണിതവാക്യത്തില്‍ നിന്നോ -27, 0, 27 എന്നു കാണാം.

    അതായതു്, 2057 മെയ് 11-നും 27 ദിവസം കഴിഞ്ഞു ജൂണ്‍ 7-നും മകം ആയിരിക്കും എന്നു്. അതില്‍ മേടമാസത്തില്‍ ഉള്ള മകം മെയ് 11 തന്നെ ആയതുകൊണ്ടു് അന്നാണു പെരിങ്ങോടന്റെ പെരിങ്ങോടന്റെ പിറന്നാളും “ഖകമേ…” സുവര്‍ണ്ണജൂബിലിയും.

    അതു പറയാന്‍ വരട്ടേ. കലണ്ടറില്‍ നോക്കിയാല്‍ 2057 മെയ് 11 മകമല്ല പൂയമാണെന്നു കാണാം. മെയ് 13-നാണു മകം.

    മുകളില്‍ കൊടുത്ത രണ്ടാമത്തെ സ്ഥിതിയാണു് ഇതു്. പെരിങ്ങോടന്‍ ജനിച്ച 1981 മെയ് 11-നു രാവിലെ 10:18 വരെ ആയില്യമായിരുന്നു. അതിനു ശേഷം പിറ്റേന്നു രാവിലെ 11:44 വരെയാണു മകം. പെരിങ്ങോടന്റെ ജനനത്തീയതിയില്‍ സൂര്യോദയത്തിനുള്ള നാള്‍ (ഇതു തന്നെയാണു സാധാരണ കലണ്ടറിലും കാണുക) ആയില്യമാണു്.

    ഇനി 2057-ല്‍ മെയ് 12-നു രാവിലെ 8:23-നു മകം തുടങ്ങും. സൂര്യോദയത്തിനു മകം തുടങ്ങാഞ്ഞതു കൊണ്ടു പിറ്റേന്നേ മകമായി കണക്കാക്കൂ എന്നു മാത്രം.

    ഈ രണ്ടു വ്യത്യാസങ്ങളും കൂടി ഒന്നിച്ചു ചേര്‍ന്നപ്പോള്‍ രണ്ടു ദിവസത്തെ വ്യത്യാസമുണ്ടായി എന്നു മാത്രം.

  4. ചോദ്യം: ഞാന്‍ ശനിയന്‍. ഇവന്‍ ശ്രീജിത്ത്. ഞങ്ങള്‍ രണ്ടുപേരും 1979-ലാണു ജനിച്ചതു്. ഞാന്‍ ജനുവരി 14-നു്. (രാവിലെ ജനിച്ചതു കൊണ്ടു് ധനുമാസത്തിലെ പൂയം.) ഇവന്‍ ജൂലൈ 15-നു് (ഉച്ചയ്ക്കു ശേഷം ജനിച്ചതു കൊണ്ടു് മിഥുനമാസത്തിലെ രേവതി.). ഞങ്ങള്‍ ഞങ്ങളുടെ ഷഷ്ടിപൂര്‍ത്തി വിപുലമായി 2039-ല്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഏതൊക്കെ തീയതിയിലാണു് അവ എന്നു പറയാമോ?

    ഉത്തരം: ശനിയന്‍ ജനുവരിയില്‍ ജനിച്ചതു കൊണ്ടു മുന്‍‌പുള്ള വര്‍ഷം നോക്കണം. 1978 = 4 x 494 + 2, j = 2. ശ്രീജിത്ത് ജൂണിലായതിനാല്‍ j = 3.

    n = 60, എന്നതിനു പട്ടിക ഉപയോഗിച്ചാല്‍ j എത്രയായാലും -30, -3, 24 എന്നു കാണാം. അതായതു് മൂന്നു ദിവസം മുമ്പും 24 ദിവസത്തിനു ശേഷവും. 2039-ല്‍ അതേ മാസത്തില്‍ വരാന്‍ രണ്ടു പേര്‍ക്കും ജന്മദിനത്തിന്റെ മൂന്നു ദിവസം മുമ്പായിരിക്കും ഷഷ്ടിപൂര്‍ത്തി. ശനിയനു ജനുവരി 11-നു്; ശ്രീജിത്തിനു ജൂലൈ 12-നു്.

    പിന്നെ, കാര്യമൊക്കെ കൊള്ളാം, ശ്രീജിത്തിന്റെ കൂടെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു കുളമായിട്ടേ ഉള്ളൂ എന്നു മറക്കേണ്ട!


ചുരുക്കത്തില്‍,

  1. സാധാരണയായി, 19-ന്റെ ഗുണിതങ്ങളായുള്ള ജന്മദിനങ്ങളില്‍ത്തന്നെ പിറന്നാളും വരും.
  2. 19-ന്റെ ഗുണിതമല്ലാത്ത ചില ജന്മദിനങ്ങളിലും ഇതു സംഭവിച്ചേക്കാം. എണ്ണത്തില്‍ കുറവാണെന്നു മാത്രം.
  3. 19-ന്റെ ഗുണിതത്തിലും ചിലര്‍ക്കു് ഉണ്ടാകണമെന്നില്ല. അതിന്റെ തലേന്നോ പിറ്റേന്നോ ആവാം.
  4. ചില ആളുകള്‍ക്കു് ഒരിക്കലും ഇവ രണ്ടും ഒരിക്കലും ഒന്നിച്ചു വരില്ല. ആ മാസത്തിലെ പിന്നീടുള്ള നാളിനാവും പിറന്നാള്‍.
  5. മിക്കവാറും എല്ലാ ആളുകള്‍ക്കും ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന സൂത്രവാക്യമോ പട്ടികയോ ഉപയോഗിച്ചു് ഓരോ വര്‍ഷവും ജന്മദിനവും പിറന്നാളും തമ്മിലുള്ള വ്യത്യാസം എത്ര ദിവസമാണെന്നു കണ്ടുപിടിക്കാം. ഇതു തന്നെ നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിശേഷദിവസങ്ങള്‍ക്കും ഉപയോഗിക്കാം.

ഈ പോസ്റ്റ് ഇന്നലെ (ജനുവരി 14) ജന്മദിനം ആഘോഷിച്ച ശനിയനു സമര്‍പ്പിക്കുന്നു. ഇന്നലെ പോസ്റ്റു ചെയ്യണമെന്നു കരുതിയതാണു്. പറ്റിയില്ല.


എല്ലാവരോടും ഒരു അഭ്യര്‍ത്ഥന:

നിങ്ങള്‍ക്കറിയാവുന്ന തീയതികളും നക്ഷത്രങ്ങളും ഉപയോഗിച്ചു് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു ദയവായി ടെസ്റ്റു ചെയ്യുക. രണ്ടു ദിവസത്തില്‍ കൂടുതല്‍ വ്യത്യാസമുണ്ടെങ്കില്‍ ദയവായി ഒരു കമന്റു വഴിയോ ഈമെയില്‍ വഴിയോ എന്നെ അറിയിക്കുക.

മുന്‍‌കൂറായി എല്ലാവര്‍ക്കും നന്ദി.

കലണ്ടര്‍ (Calendar)
ഗണിതം (Mathematics)

Comments (21)

Permalink

വ്യാഖ്യാതാവിന്റെ അറിവു്

ഒരു പഴയ രസികന്‍ സംസ്കൃതശ്ലോകം.

കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ

അര്‍ത്ഥം:

കവിതാ-രസ-ചാതുര്യം : കവിതയുടെ രസത്തിനുള്ള മഹത്ത്വം
വ്യാഖ്യാതാ വേത്തി : വ്യാഖ്യാതാവിനറിയാം
നോ കവിഃ : കവിയ്ക്കറിയില്ല
സുതാ-സുരത-സാമര്‍ത്ഥ്യം : മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം
ജാമാതാ വേത്തി : മരുമകനേ അറിയൂ
നോ പിതാ : പിതാവിനറിയില്ല.

കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു.

ഇതുപോലെ ഒരു തത്ത്വവും അതിനൊരു രസികന്‍ ഉദാഹരണവും കൊടുക്കുന്ന സംസ്കൃതശ്ലോകങ്ങള്‍ ധാരാളമുണ്ടു്. അര്‍ത്ഥാന്തരന്യാസം, ദൃഷ്ടാന്തം എന്ന അലങ്കാരങ്ങളുടെ ചമല്‍ക്കാരവും ഇത്തരം താരതമ്യമാണു്.

അച്ഛന്‍ പൊന്നുപോലെ നോക്കിയ മകളെ ജാമാതാക്കള്‍ കൊണ്ടു പോയി പിഴപ്പിച്ച കഥകളും ധാരാളമുണ്ടു്. കവിതയുടെയും വ്യാഖ്യാതാക്കളുടെയും കാര്യത്തില്‍ അവ അല്പം കൂടുതലുമാണു്. അതൊരു വലിയ പോസ്റ്റിനുള്ള വിഷയമായതിനാല്‍ തത്ക്കാലം അതിനു തുനിയുന്നില്ല.

സന്തോഷ് തോട്ടിങ്ങലിന്റെ ഈ പോസ്റ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ വാല്മീകി ഇട്ട ഈ കമന്റാണു് ഇപ്പോള്‍ ഇതു പോസ്റ്റു ചെയ്യാന്‍ പ്രചോദനം.


ഇതിന്റെ പരിഭാഷകള്‍ ഒന്നുമറിയില്ല. ഇതിനെ അവലംബിച്ചു വരമൊഴിയെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയ ശ്ലോകം താഴെ:

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

ഇതു് എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും ബാധകമാണു്. ടെലഫോണിനെപ്പറ്റി ഗ്രഹാം ബെല്ലിനെക്കാളും ഇലക്ട്രിക് ബള്‍ബിനെപ്പറ്റി എഡിസനെക്കാളും പില്‍ക്കാലത്തുള്ളവര്‍ മനസ്സിലാക്കി. സ്റ്റാള്‍മാനെക്കാള്‍ ഇമാക്സും സന്തോഷ് തോട്ടിങ്ങലിനെക്കാള്‍ മലയാളം സ്പെല്‍ ചെക്കറും ഉപയോഗിക്കുന്നതും അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുന്നതും അതിന്റെ ഉപയോക്താക്കളാണു്.

സുഭാഷിതം

Comments (12)

Permalink

പിറന്നാളും കലണ്ടറും

കലണ്ടറുകളെപ്പറ്റി പ്രതിപാദിച്ച കഴിഞ്ഞ പോസ്റ്റിനു ശേഷവും അലപ്ര(FAQ)കള്‍ക്കു കുറവുണ്ടായില്ല. അവയില്‍ പ്രധാനമായതു് നക്ഷത്രം, തിഥി തുടങ്ങിയവ എന്റെ കലണ്ടറില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണു് എന്നതായിരുന്നു. ഈ ചോദ്യങ്ങളില്‍ക്കൂടി പോയപ്പോള്‍ സാധാരണ കലണ്ടറുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളും കാര്യമായി ആളുകള്‍ക്കു മനസ്സിലാകുന്നില്ല എന്നു മനസ്സിലായി. കലണ്ടറുകളിലെ ചില വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഒരു ശ്രമമാണു് ഈ പോസ്റ്റില്‍.

ഇതില്‍ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ വലിപ്പം കുറച്ചതുകൊണ്ടു ചിലപ്പോള്‍ വ്യക്തത കുറഞ്ഞതായേക്കാം. അതില്‍ ക്ലിക്കു ചെയ്താല്‍ വലിയ ചിത്രം കിട്ടും.

ഉദാഹരണം കാണിക്കാന്‍ 2008-ലെ ഓണ്‍‌ലൈന്‍ കലണ്ടറൊന്നും കിട്ടിയില്ല. അതിനാല്‍ 2007 ഡിസംബറിലെ ദീപിക കലണ്ടര്‍ ഇവിടെ നിന്നും എടുത്തു. താരതമ്യത്തിനായി 2007-ലെ എന്റെ ആലുവാ കലണ്ടര്‍ ഇവിടെ നിന്നും.

സൌകര്യത്തിനു വേണ്ടി, ഈ പോസ്റ്റില്‍ സാധാരണ നാം അച്ചടിയിലോ ഓണ്‍‌ലൈനായോ കാണുന്ന കലണ്ടറുകളെ ഒന്നിച്ചു് “ദീപിക കലണ്ടര്‍” എന്നു വിളിക്കുന്നു. ഇവ ഏതു കലണ്ടറിലും നോക്കാം. ഞാന്‍ പ്രസിദ്ധീകരിച്ച PDF കലണ്ടറിനെ “എന്റെ കലണ്ടര്‍” എന്നും.


ആദ്യമായി തീയതികള്‍. ഇതില്‍ സംശയമൊന്നും ഉണ്ടാവാന്‍ സാദ്ധ്യതയില്ല.

കലണ്ടറില്‍ ഇംഗ്ലീഷ് (ഗ്രിഗോറിയന്‍), മലയാളം (കൊല്ലവര്‍ഷം), ശകവര്‍ഷം എന്നിവയിലെ തീയതികള്‍ ഉണ്ടാവും. ഇവ എന്റെ കലണ്ടറില്‍ ആദ്യത്തെ മൂന്നു കോളത്തില്‍ ഉണ്ടു്. (നാട്ടിലെ കലണ്ടറില്‍ ഉള്ള ഹിജ്‌റ വര്‍ഷത്തീയതികള്‍ എന്റെ കലണ്ടറില്‍ ഇല്ല.) കലണ്ടറില്‍ മുകളില്‍ (അല്ലെങ്കില്‍ ഇടത്തു്) ഉള്ള ആഴ്ച എന്റെ കലണ്ടറില്‍ അടുത്ത കോളത്തില്‍ ഉണ്ടു്. ഇവയെ താഴെ രേഖപ്പെടുത്തി കാണിച്ചിരിക്കുന്നു.


ഇനി നക്ഷത്രം കണ്ടുപിടിക്കുന്നതു്.

ദീപിക കലണ്ടറില്‍ ഡിസംബര്‍ 5-ന്റെ താഴെ ഇങ്ങനെ കാണാം.

ചിത്തിര 47/00

ഇതിന്റെ അര്‍ത്ഥം 5-നു സൂര്യോദയത്തിനു ചിത്തിര നക്ഷത്രമാണെന്നും അതു് അതിനു ശേഷം 47 നാഴികയും 0 വിനാഴികയും കഴിഞ്ഞാല്‍ ചിത്തിര കഴിഞ്ഞു ചോതി ആകും എന്നുമാണു്. 47 നാഴിക = 47 x 24 = 1128 മിനിട്ടു് = 18 മണിക്കൂര്‍ 48 മിനിട്ടു്. എല്ലാ ദിവസത്തിന്റെയും സൂര്യോദയം ദീപിക കലണ്ടറിലില്ല. എന്റെ കലണ്ടറില്‍ അതു 6:31 AM എന്നു കാണാം. അതുകൊണ്ടു് 6:31 + 18:48 = 25:19 അതായതു പിറ്റേ ദിവസം 1:19 AM വരെ ചിത്തിരയാണു്. ദീപിക കലണ്ടര്‍ ഉണ്ടാക്കിയതു് ആലുവയിലെ സമയത്തിനു് ആവില്ല. അതിനാല്‍ ഈ സമയം അല്പം വ്യത്യാസമുണ്ടാവും.

എന്റെ കലണ്ടറില്‍ നോക്കുക. ചിത്തിര മാത്രമേ ഉള്ളൂ. അതിന്റെ അര്‍ത്ഥം 5-നു മുമ്പുള്ള അര്‍ദ്ധരാത്രി മുതല്‍ കഴിഞ്ഞുള്ള അര്‍ദ്ധരാത്രി വരെ ചിത്തിര ആണെന്നാണു്. പിറ്റേ ദിവസം നോക്കിയാല്‍ 1:25 AM വരെ ചിത്തിരയും അതു കഴിഞ്ഞാല്‍ ചോതിയുമാണെന്നു കാണാം.

ഇനി, പിറന്നാള്‍, ഓണം തുടങ്ങിയവ കണക്കാക്കുന്നതു് സൂര്യോദയത്തിനുള്ള നക്ഷത്രം നോക്കിയാണു്. അതുകൊണ്ടു് 5-നു ചിത്തിരയും 6-നു ചോതിയുമാണു്. എന്റെ കലണ്ടറില്‍ സൂര്യോദയത്തിനുള്ള നാളും തിഥിയും കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു. അവയും അങ്ങനെ തന്നെ എന്നു കാണാം. 6 ചിത്തിരയില്‍ തുടങ്ങുന്നെങ്കിലും ഉദയത്തിനു മുമ്പേ ചോതി ആകുന്നു എന്നു ശ്രദ്ധിക്കുക.


ഒരുദാഹരണം കൂടി. ഡിസംബര്‍ 4 നോക്കുക.

ദീപിക കലണ്ടറില്‍ അത്തം 39:28 എന്നാണു്. 24 x (39:28) = 947 മിനിട്ടു് = 15 മണിക്കൂര്‍ 47 മിനിട്ടു്. ഉദയം 6:31-നു് എന്നു കരുതിയാല്‍ അത്തം 22:18 വരെ അതായതു് 10:18 PM വരെ ഉണ്ടെന്നു കാണാം. 10:23 ആണു് എന്റെ കലണ്ടറിലെ സമയം.

തിഥിയും ഇങ്ങനെ തന്നെ കാണാം.


ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം ഏകദേശം ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം തന്നെ വരും. അതിനാല്‍ മിക്കവാറും ദിവസങ്ങളില്‍ ഒരു തവണയേ നക്ഷത്രം മാറുകയുള്ളൂ. ഇങ്ങനെയല്ലാതെയും സംഭവിക്കാം. ഒരു ദിവസം നക്ഷത്രം മാറാതെ ഒരേ ദിവസമായിത്തന്നെ നില്‍ക്കുന്നതു് മുകളില്‍ കണ്ടല്ലോ. (ദീപിക കലണ്ടറില്‍ ഇതു് അടുത്തടുത്തു രണ്ടു ദിവസം ഒരേ നക്ഷത്രമായി കാണാം.)

സൂര്യോദയം മുതല്‍ സൂര്യോദയം വരെയുള്ള ദിവസത്തില്‍ രണ്ടു തവണ നക്ഷത്രം മാറിയാല്‍ ദീപിക കലണ്ടറില്‍ അതു രണ്ടും കൊടുത്തിട്ടുണ്ടാവും. ഉദാഹരണം താഴെ (2007 ഡിസംബര്‍ 23).

ഇതനുസരിച്ചു് സൂര്യോദയത്തിനു രോഹിണിനക്ഷത്രം. 1 നാഴിക 52 വിനാഴിക (അതായതു് 48 മിനിട്ടു്) കഴിഞ്ഞാല്‍ മകയിരം. 55 നാഴിക 27 വിനാഴിക (22 മണിക്കൂര്‍ 11 മിനിട്ടു്) കഴിഞ്ഞാല്‍ തിരുവാതിര.

സൂര്യോദയം രാവിലെ 6:40 എന്നു കരുതിയാല്‍ മകയിരം 7:28-നു തുടങ്ങും. തിരുവാതിര അന്നു രാത്രി (പിറ്റേന്നു വെളുപ്പിനു്) 4:51-നും. സൂര്യോദയത്തിനു മുമ്പായതിനാലാണു് അതേ ദിവസം തന്നെ കാണിക്കുന്നതു്.

എന്റെ കലണ്ടറില്‍ ഇവ യഥാക്രമം രാവിലെ 7:28, പിറ്റേന്നു രാവിലെ 4:54 എന്നു കാണാം. എന്റെ കലണ്ടര്‍ അര്‍ദ്ധരാത്രി മുതല്‍ അര്‍ദ്ധരാത്രി വരെയായതു കൊണ്ടു് ഇവ രണ്ടു ദിവസമായാണു കാണിക്കുന്നതു്.

ഇനി, എന്റെ കലണ്ടറിലെ ഒരു ദിവസത്തില്‍ നക്ഷത്രം രണ്ടു പ്രാവശ്യം മാറുന്നതിനു് ഉദാഹരണം. 2007 ഡിസംബര്‍ 26.

എന്റെ കലണ്ടറില്‍, ഡിസംബര്‍ 26 അര്‍ദ്ധരാത്രിയ്ക്കു തൊട്ടു ശേഷം 12:49-നു നക്ഷത്രം പുണര്‍തത്തില്‍ നിന്നു പൂയമാകുന്നു. അന്നു രാത്രി 11:39-നു് പൂയത്തില്‍ നിന്നു് ആയില്യവും.

ദീപിക കലണ്ടറില്‍ ഇതില്‍ ആദ്യത്തേതു് 25-നാണു കാണുക. പുണര്‍തത്തില്‍ നിന്നു പൂയമാകുന്നതു് ഉദയത്തിനു ശേഷം 45 നാഴികയും 20 വിനാഴികയും (അതായതു്, 18 മണിക്കൂര്‍ 8 മിനിറ്റ്) കഴിഞ്ഞാണു്. ഉദയം രാവിലെ 6:41 എന്നു കരുതിയാല്‍ ഇതു സംഭവിക്കുന്നതു് രാത്രി 12:49-നു്.

രണ്ടാമത്തേതു 26-നു തന്നെ. ഉദയാല്‍പ്പരം 42 നാഴികയും 29 വിനാഴികയും (17 മണിക്കൂര്‍) കഴിഞ്ഞു്. ഉദയം 6:42 എന്നു കരുതിയാല്‍ രാത്രി 11:42-നു്.

ദിവസത്തിന്റെ നിര്‍വ്വചനം രണ്ടു കലണ്ടറിലും രണ്ടു വിധമായതുകൊണ്ടു് ഇതു സംഭവിക്കുന്നതു് അവയില്‍ ഒരേ ദിവസമല്ല എന്നും വ്യക്തമായല്ലോ.

പറഞ്ഞുവന്നതു്, എപ്പോള്‍ ഒരു നക്ഷത്രം തീര്‍ന്നിട്ടു് അടുത്തതു തുടങ്ങുന്നു എന്നു കണ്ടുപിടിക്കാന്‍ സാധാരണ കലണ്ടറുകളില്‍ എത്ര ബുദ്ധിമുട്ടാണെന്നു നോക്കുക.


ഇനി ഗ്രഹസ്ഫുടങ്ങളുടെ കാര്യം. ദീപിക കലണ്ടറില്‍ ഇതു് ഓരോ മാസത്തിന്റെയും ഒന്നാം തീയതി രാവിലെ 5:30-നുള്ള ഗ്രഹസ്ഥിതി (ഈ രാവിലെ അഞ്ചരയ്ക്കു് എന്താണിത്ര പ്രത്യേകത എന്നു് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ജ്യോതിഷവും ശാസ്ത്രവും: ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്? എന്ന പോസ്റ്റ് വായിക്കുക. വിജ്ഞാനം വര്‍ദ്ധിപ്പിക്കുക.) പടം വരച്ചു കാണിക്കുന്നു. മുകളില്‍ ഇടത്തേ അറ്റത്തു മീനം തുടങ്ങി ക്രമത്തില്‍ മേടം, ഇടവം തുടങ്ങി ഓരോ കളവും ഓരോ രാശിയെ സൂചിപ്പിക്കുന്നു. അതിലുള്ള ഗ്രഹങ്ങളുടെ ചുരുക്കരൂപവും കൊടുത്തിരിക്കുന്നു.

ഈ ചിത്രം പട്ടികയായി എഴുതിയാല്‍ ഇങ്ങനെ വരും.

ഗ്രഹം രാശി
കു (കുജന്‍ – ചൊവ്വ) മിഥുനം
ച (ചന്ദ്രന്‍) ചിങ്ങം
മ (മന്ദന്‍ – ശനി) ചിങ്ങം
ശി (ശിഖി – കേതു) ചിങ്ങം
ശു (ശുക്രന്‍) തുലാം
ര (രവി – സൂര്യന്‍) വൃശ്ചികം
ബു (ബുധന്‍) വൃശ്ചികം
ഗു (ഗുരു – വ്യാഴം) ധനു
സ (സര്‍പ്പം – രാഹു) കുംഭം

എന്റെ കലണ്ടറിലും ഇതു തന്നെ കാണാം. രാശി മാത്രമല്ല, ഗ്രഹസ്ഫുടവും ഉണ്ടു്. എന്റെ മൂല്യങ്ങള്‍ അഞ്ചരയ്ക്കല്ല, അര്‍ദ്ധരാത്രിയ്ക്കാണു് എന്നും ഓര്‍ക്കുക. പക്ഷേ, ഈ ഗ്രഹങ്ങളൊന്നും അഞ്ചര മണിക്കൂറിനുള്ളില്‍ രാശി മാറിയിട്ടില്ല.


ഇതു വരെ പറഞ്ഞതു സംഗ്രഹിച്ചാല്‍:

  1. ദീപിക കലണ്ടറില്‍ ഒരു തീയതിയ്ക്കു താഴെ ഒരു നക്ഷത്രമോ തിഥിയോ കണ്ടാല്‍ അതിനര്‍ത്ഥം ആ ദിവസം മുഴുവന്‍ ആ നക്ഷത്രം/തിഥി ആണെന്നല്ല. സൂര്യോദയത്തിനു് ആ നക്ഷത്രം/തിഥി ആണെന്നു മാത്രമാണു്. അതിനു വലത്തുവശത്തു കൊടുത്തിരിക്കുന്ന നാഴികവിനാഴികകളാണു് സൂര്യോദയത്തിനു ശേഷം അതിന്റെ ദൈര്‍ഘ്യം. അതിനു ശേഷം അതിനടുത്ത നക്ഷത്രം/തിഥി ആണു്. (സ്വന്തം നക്ഷത്രത്തിനു തന്നെ ക്ഷേത്രദര്‍ശനം നടത്തണമെന്നു നിര്‍ബന്ധമുള്ളവര്‍ വൈകിട്ടാണു് അതു ചെയ്യുന്നതെങ്കില്‍ ഇതു ശ്രദ്ധിക്കുന്നതു നന്നു്.). എന്റെ കലണ്ടറില്‍ ഇതിനു പകരമായി നക്ഷത്രം/തിഥി കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു. പിറന്നാളിനും വിശേഷദിവസങ്ങള്‍ക്കും മറ്റും അതുപയോഗിക്കാം.
  2. ദീപിക കലണ്ടറില്‍ സൂര്യോദയം മുതലാണു് ഒരു ദിവസം തുടങ്ങുന്നതു്. സൂര്യോദയത്തിനു മുമ്പുള്ള സമയം തലേ ദിവസത്തിന്റെ ഭാഗമായാണു കരുതുക. ഭാരതീയപഞ്ചാംഗങ്ങള്‍ പൊതുവേ ഇങ്ങനെയാണു്. സമയങ്ങള്‍ സൂര്യോദയം തൊട്ടുള്ള നാഴികവിനാഴികകളായി രേഖപ്പെടുത്തിയിട്ടുണ്ടാവും.

    എന്റെ കലണ്ടറില്‍ സൌകര്യത്തിനു വേണ്ടി അര്‍ദ്ധരാത്രി മുതല്‍ അര്‍ദ്ധരാത്രി വരെയാണു് ഒരു ദിവസം. ഭാരതീയഗണനത്തിലെ മൂല്യങ്ങള്‍ എളുപ്പത്തില്‍ കിട്ടാന്‍ ചില കാര്യങ്ങള്‍ (നക്ഷത്രം, തിഥി, ലഗ്നം) കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.


ദീപിക കലണ്ടറും എന്റെ കലണ്ടറും തരുന്ന സമയങ്ങള്‍ ഏകദേശം ഒന്നു തന്നെയാണെങ്കിലും രണ്ടുമൂന്നു മിനിട്ടിന്റെ വ്യത്യാസം പലയിടത്തും കാണാം. താഴെപ്പറയുന്നതില്‍ ഒന്നാവാം കാരണം.

  1. ദീപിക കലണ്ടറിനു് അവലംബിച്ച സ്ഥലവും ആലുവായും തമ്മില്‍ സൂര്യോദയത്തിനു് ഏകദേശം 5/6 മിനിട്ടിന്റെ വ്യത്യാസമുണ്ടെന്നു കാ‍ണാം. പക്ഷേ ഇതു മാത്രമല്ല കാരണം. ദീപിക കലണ്ടറിലെ സൂര്യോദയസമയം വെച്ചു നോക്കിയാലും രണ്ടുമൂന്നു മിനിറ്റു വ്യത്യാസം ചിലപ്പോള്‍ കാണുന്നുണ്ടു്.
  2. ദീപിക കലണ്ടറിലെ സമയങ്ങള്‍ കണക്കാക്കാന്‍ ഏകദേശക്കണക്കുകളും റൌണ്ടിംഗും മറ്റും ഉപയോഗിക്കുന്നുണ്ടാവും. ഞാന്‍ കഴിയുന്നത്ര കൃത്യത (C++ double type) അവസാനത്തെ കണക്കുകൂട്ടലില്‍ വരെ സൂക്ഷിക്കുന്നുണ്ടു്.
  3. അയനാംശത്തില്‍ വ്യത്യാസമുണ്ടാവാം. ലാഹിരി അയനാംശത്തിന്റെ പട്ടികയില്‍ നിന്നു least-square fitting ഉപയോഗിച്ചുണ്ടാക്കിയ ഒരു സൂത്രവാക്യമാണു ഞാന്‍ ഉപയോഗിക്കുന്നതു്.
  4. സീയെസ് ഇവിടെ പറയുന്നതു പോലെ എന്റെ പ്രോഗ്രാമില്‍ ഏതോ ബഗ്ഗുണ്ടാവാം.

ഏതായാലും ഇതു കണ്ടുപിടിക്കാന്‍ പല കലണ്ടറുകള്‍ താരതമ്യം ചെയ്തു നോക്കണം. ആരെങ്കിലും സഹായിക്കാനുണ്ടോ? 🙂


ഇത്രയും വായിക്കാന്‍ ക്ഷമയുണ്ടായവരോടു്:

കാര്യങ്ങള്‍ വ്യക്തമായെന്നു കരുതുന്നു. ഇല്ലെങ്കില്‍ ഒരു കമന്റിടുക. കൂടുതല്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം.

കലണ്ടര്‍ (Calendar)

Comments (16)

Permalink

2008-ലെ കലണ്ടറും കുറേ അലപ്രകളും

കഴിഞ്ഞ കൊല്ലം ചെയ്ത പോലെ ഈക്കൊല്ലവും പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കൊല്ലം വായനക്കാരുടെ അപേക്ഷപ്രകാരം വിവിധ സ്ഥലങ്ങള്‍ക്കു വേണ്ടി പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. ആ സ്ഥലങ്ങള്‍ക്കെല്ലാം ഈക്കൊല്ലവും പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടു്. കൂടുതല്‍ സ്ഥലങ്ങള്‍ക്കു വേണമെങ്കില്‍ ഈ പോസ്റ്റിനൊരു കമന്റിടുകയോ എനിക്കൊരു ഈ-മെയില്‍ അയയ്ക്കുകയോ ചെയ്യുക.

പഞ്ചാംഗം ഈ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ മലയാളം കലണ്ടര്‍/പഞ്ചാംഗം എന്ന ലിങ്കില്‍ നിന്നു PDF ഫോര്‍മാറ്റില്‍ ഡൌണ്‍‌ലോഡ് ചെയ്യാം. ഇതിനുപയോഗിച്ച തിയറി അവിടെത്തന്നെയുള്ള ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.


അടിയ്ക്കടി ലഭിക്കുന്ന പ്രശ്നങ്ങള്‍ (അലപ്ര) [Frequently Asked Questions]

കഴിഞ്ഞ കൊല്ലം ഈ പഞ്ചാംഗം പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ ചോദിച്ചതും ഇനി ചോദിക്കാന്‍ ഇടയുള്ളതുമായ പ്രധാന ചോദ്യങ്ങളും അവയുടെ മറുപടികളുമാണു് താഴെ.

  1. ഇതൊരു പഞ്ചാംഗമാണോ?
    തിഥി, നക്ഷത്രം, വാരം, യോഗം, കരണം എന്നിവ അടങ്ങിയതാണു പഞ്ചാംഗം. ഇതില്‍ ആദ്യത്തേതു മൂന്നുമുണ്ടു്. അവസാനത്തേതു രണ്ടുമില്ല. അതിനാല്‍ ഇതിനെ പഞ്ചാംഗം എന്നു പറഞ്ഞുകൂടാ. എങ്കിലും ഇതിലുള്ള വിവരങ്ങളില്‍ നിന്നു യോഗവും കരണവും കണ്ടുപിടിക്കാനുള്ള വഴി കേരളപഞ്ചാംഗഗണനം (പേജ് 5, 9, 10) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ടു്.

  2. ഇതൊരു കലണ്ടറാണോ?
    തീയതികളും മറ്റു വിവരങ്ങളും കൃത്യമായി കൊടുത്തിട്ടുള്ളതുകൊണ്ടു് (A calendar is a system of organizing days for a socially, religious, commercially, or administratively useful purpose എന്നു വിക്കിപീഡിയ.) ഇതൊരു കലണ്ടറാണെന്നു പറയാം. എന്നാല്‍ വര്‍ണ്ണശബളമായ ചിത്രങ്ങളോടു കൂടിയോ അല്ലാതയോ ഓരോ മാസത്തെയും ആഴ്ച തിരിച്ചു പട്ടികയാക്കി കാണിച്ചു ഭിത്തിയില്‍ തൂങ്ങുന്ന സാധനം എന്ന അര്‍ത്ഥത്തില്‍ ഇതു കലണ്ടറല്ല.

  3. ഈ കുന്ത്രാണ്ടം ഉണ്ടാക്കാന്‍ എന്താണു പ്രചോദനം?
    കലണ്ടര്‍, ആഴ്ച, തീയതി, നക്ഷത്രം, തിഥി തുടങ്ങിയവ പണ്ടേ എനിക്കു താത്പര്യമുള്ള വിഷയങ്ങളായിരുന്നു. അമേരിക്കയില്‍ വെച്ചു് പിറന്നാള്‍ എന്നാഘോഷിക്കണം, ഇവിടെ ജനിക്കുന്ന കുട്ടിയുടെ നക്ഷത്രമെന്താണു്, രാഹുകാലം എപ്പോള്‍ നോക്കണം, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വ്രതങ്ങള്‍ എന്നാണു നോക്കേണ്ടതു് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊടുക്കുന്നതിനോടൊപ്പം മാതൃഭൂമി കലണ്ടര്‍ നോക്കി ഈ സമയങ്ങള്‍ എങ്ങനെ അമേരിക്കന്‍ സമയത്തിലേക്കു മാറ്റി ഇവ കണ്ടുപിടിക്കും എന്നു മനുഷ്യര്‍ക്കു പറഞ്ഞുകൊടുത്തതൊക്കെ അവര്‍ ഒരു ചെവിയിലൂടെ അകത്തേയ്ക്കെടുത്തു് മറുചെവിയിലൂടെ പുറത്തേയ്ക്കു കളഞ്ഞു് അടുത്ത തവണയും അതേ ചോദ്യവുമായി വരുന്നതില്‍ മനം നൊന്തു് എല്ലാവര്‍ക്കുമായി ഉണ്ടാക്കിയതാണു് ഇതു്.

    ആദ്യം ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലാക്കാന്‍ പ്രചോദനം രാജേഷ് വര്‍മ്മയാണു്. ശ്രീ എ. ജെ. അലക്സ് സരോവര്‍ പോര്‍ട്ടലില്‍ ഇട്ടിരുന്ന LaTeX മലയാളം പാക്കേജ് ഉപയോഗിച്ചു മലയാളം ഉണ്ടാക്കുന്ന ഒരു വിദ്യ അറിയാമായിരുന്നു. വരമൊഴിയെയും ബ്ലോഗുകളെയും യൂണിക്കോഡിനെയും ഒക്കെ പരിചയപ്പെടുന്നതിനു മുമ്പാണു സംഭവം. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ നിന്നു LaTeX സോഴ്സ് ഉണ്ടാക്കാന്‍ പറ്റുമെന്നതിനാല്‍ ഇതിനെ ഒരു പ്രോഗ്രാമിലൊതുക്കാനും പറ്റി.

    പിന്നെ, ബ്ലോഗു തുടങ്ങിയപ്പോള്‍ എല്ലാക്കൊല്ലവും ഇതു പ്രസിദ്ധീകരിക്കാനും തുടങ്ങി.

  4. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ എങ്ങനെയാണു് ഉപയോഗിക്കുക?
    ആദ്യത്തെ മൂന്നു കോളങ്ങളില്‍ ഇംഗ്ലീഷ്, മലയാളം, ശകവര്‍ഷത്തീയതികളെ സൂചിപ്പിക്കുന്നു. പിന്നെ ആഴ്ച. അടുത്ത രണ്ടു കോളങ്ങളില്‍ നക്ഷത്രവും തിഥിയും. പിന്നെ ഉദയവും അസ്തമയവും. അതിനു ശേഷം രാഹുകാലം.

    പട്ടികയ്ക്കു താഴെ ഏകാദശി, പ്രദോഷം, ഷഷ്ഠി എന്നീ വ്രതങ്ങളുടെ ദിവസങ്ങള്‍ കൊടുത്തിരിക്കുന്നു. മുകളില്‍ മാസങ്ങള്‍, സംക്രമസമയം തുടങ്ങിയ വിവരങ്ങളും.

    C

  5. 10 മുതല്‍ 21 വരെയുള്ള പേജുകളില്‍ ഉള്ള പട്ടികകള്‍ ഉപയോഗിച്ചു നക്ഷത്രവും തിഥിയും എങ്ങനെ കണ്ടുപിടിക്കും?
    ഒരു നക്ഷത്രത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറുന്നതു ദിവസത്തിനിടയിലായിരിക്കും. അതുകൊണ്ടു് രണ്ടും ഇടയില്‍ / ഇട്ടു കാണിച്ചിരിക്കുന്നു. ആദ്യത്തേതില്‍ നിന്നു രണ്ടാമത്തേതിലേക്കു മാറുന്ന സമയവും കാണിച്ചിട്ടുണ്ടാവും. ഒരു ദിവസത്തില്‍ ഒന്നിലധികം തവണ മാറുന്നുണ്ടെങ്കില്‍ രണ്ടു വരികളിലായി കൊടുത്തിട്ടുണ്ടാവും.

    സൂര്യോദയസമയത്തെ നക്ഷത്രവും തിഥിയും കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു. ഇതു മാത്രമേ സാധാരണ കലണ്ടറുകള്‍/പഞ്ചാംഗങ്ങള്‍ കൊടുക്കാറുള്ളൂ.

    ഉദാഹരണമായി കോഴിക്കോട്ടെ പഞ്ചാംഗത്തില്‍ 2008 ജനുവരി 4 നോക്കുക. (പേജ് 10, പട്ടിക 1 2.1.) 2008 ജനുവരി 4. 1183 ധനു 19. 1929 പൌഷം 14. വെള്ളിയാഴ്ച. സൂര്യോദയത്തിനു നക്ഷത്രം വിശാഖം. ഉച്ചയ്ക്കു 2:23-നു വിശാഖത്തില്‍ നിന്നു് അനിഴമാകും. സൂര്യോദയത്തിനു തിഥി കറുത്ത പക്ഷത്തിലെ ഏകാദശി. രാവിലെ 10:06-നു ദ്വാദശിയാകും. സൂര്യോദയം 6:50-നു്. അസ്തമയം 6:12-നു്. രാഹുകാലം 11:06 മുതല്‍ 12:31 വരെ.

  6. വെള്ളിയാഴ്ച രാഹുകാലം രാവിലെ പത്തര മുതല്‍ പന്ത്രണ്ടു വരെ എന്നാണല്ലോ മാതൃഭൂമി കലണ്ടറില്‍.
    സൂര്യന്‍ ആറു മണിക്കുദിച്ചു് ആറു മണിക്കസ്തമിച്ചാല്‍ പത്തര മുതല്‍ പന്ത്രണ്ടു വരെയാണു്. ഉദയാസ്തമയങ്ങള്‍ അനുസരിച്ചു് കാലങ്ങളും മാറും. ഈ ദിവസം 6:50-നു് ഉദിച്ചു് 6:12-നു് അസ്തമിക്കുന്നതുകൊണ്ടു കാലങ്ങളും അതിനനുസരിച്ചു മാറും. വിശദവിവരങ്ങള്‍ കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജിലുണ്ടു്. മറ്റു സ്ഥലങ്ങളില്‍ ഇതു വ്യത്യസ്തമായിരിക്കും.

  7. ഈ രാഹുകാലം എന്നൊക്കെ പറയുന്നതു് അന്ധവിശ്വാസമല്ലേ? പിന്നെ എന്തിനാണു് അതല്ല ഇതാണു ശരി എന്നു പറയുന്നതു്?
    രാഹുകാലം അന്ധവിശ്വാസമല്ല. അതൊരു സമയനിര്‍ണ്ണയോപാധിയാണു്. രാഹുകാലം തുടങ്ങിയ കാലങ്ങള്‍ നോക്കി ചെയ്യുന്ന പ്രവൃത്തികള്‍ക്കു ഗുണദോഷങ്ങള്‍ ഉണ്ടു് എന്നു പറയുന്നതാണു് അന്ധവിശ്വാസം.

    ജ്യോതിഷം എന്ന “ശാസ്ത്ര”ത്തെ ശരിയെന്നു കരുതുന്നവരും ഇതൊന്നും ശരിയായി കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും കാണിക്കാറില്ലെന്നും, ശരാശരി മാത്രം കാണിച്ചാലും ഈ വ്യത്യാസത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാറില്ല എന്നും വ്യക്തമാക്കാന്‍ കൂടിയാണു് ഇതിവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

  8. ഇതില്‍ രാഹുകാലമേ ഉള്ളല്ലോ. ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ എങ്ങനെ കണ്ടുപിടിക്കും?
    കേരളപഞ്ചാംഗഗണനം എന്ന പുസ്തകത്തില്‍ പതിനൊന്നാം പേജു നോക്കി ഉദയാസ്തമയങ്ങളില്‍ നിന്നു കണക്കുകൂട്ടുക.

  9. 24-ാ‍ം പേജു മുതല്‍ 35-ാ‍ം പേജു വരെയുള്ള പട്ടികകള്‍ എങ്ങനെ ഉപയോഗിക്കാം?
    ഓരോ ദിവസവും തുടങ്ങുമ്പോഴുള്ള (അര്‍ദ്ധരാത്രി) ഗ്രഹസ്ഫുടമാണു് അതിലുള്ളതു്. ഉദാഹരണമായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 2008 ജനുവരി 1-നു മുമ്പുള്ള അര്‍ദ്ധരാത്രിയ്ക്കു സൂര്യന്‍ ധനു 15:43, ചന്ദ്രന്‍ കന്നി 20:34, ചൊവ്വ മിഥുനം 5:58, ബുധന്‍ ധനു 23:56, വ്യാഴം ധനു 9:4, ശുക്രന്‍ വൃശ്ചികം 7:16, ശനി ചിങ്ങം 14:36, രാഹു കുംഭം 6:22, കേതു ചിങ്ങം 6:22.

    C

  10. കുജന്‍, ശനി, രാഹു, കേതു എന്നിവയുടെ സ്ഫുടം കട്ടിയുള്ള അക്ഷരത്തിലാണല്ലോ.
    അവ വക്രം (retrograde) ആണെന്നാണു് അര്‍ത്ഥം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അവ പുറകോട്ടു പോകുന്നതായി തോന്നുന്നു എന്നര്‍ത്ഥം. ഇതെന്തുകൊണ്ടാണെന്നു് (സൂര്യനെ ചുറ്റി ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതുകൊണ്ടു്) പണ്ടുള്ളവര്‍ക്കു് അറിയാന്‍ പാടില്ലാത്തതിനാല്‍ അധിവൃത്തങ്ങളുടെ ഒരു തിയറി ഉണ്ടാക്കുകയും വക്രനായാല്‍ ഒരു ഗ്രഹത്തിന്റെ ബലം വിപരീതമാകുകയോ കുറയുകയോ ചെയ്യുമെന്നും പറഞ്ഞു.

    സൂര്യനും ചന്ദ്രനും ഒരിക്കലും വക്രമാവില്ല. (കാരണം നമുക്കറിയാം. സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും ഒരേ ദിശയില്‍ത്തന്നെ ചുറ്റുന്നു.) സൂര്യ-ചന്ദ്രപഥങ്ങളുടെ സംഗമബിന്ദുക്കള്‍ എപ്പോഴും പുറകോട്ടു പോകുന്നതു കൊണ്ടു് രാഹുവും കേതുവും എപ്പോഴും വക്രന്മാരാണു്. ബാക്കി എല്ലാ ഗ്രഹങ്ങളും വക്രമാവാം. ഇതൊക്കെ ജ്യോതിഷപുസ്തകങ്ങളില്‍ പ്രത്യേകനിയമങ്ങളായി കൊടുത്തിട്ടുണ്ടു്. ചില “കാരണങ്ങളും” പറഞ്ഞിട്ടുണ്ടു്.

  11. അര്‍ദ്ധരാത്രിയല്ലാത്ത സമയത്തിന്റെ സ്ഫുടം എങ്ങനെ കണ്ടുപിടിക്കും?
    Linear interpolation ഉപയോഗിക്കുക. ഇതില്‍ കൂടുതല്‍ granularity കൊടുക്കാന്‍ നിവൃത്തിയില്ല. പഞ്ചാംഗങ്ങളില്‍ 10 ദിവസങ്ങളിലൊരിക്കല്‍ ഉള്ള സ്ഫുടമേ ഉള്ളൂ എന്നും ഓര്‍ക്കുക.

  12. യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവ കാണുന്നില്ലല്ലോ? 🙂
    36-ാ‍ം പേജില്‍ അതുമുണ്ടു്. മാസത്തില്‍ രണ്ടു പ്രാവശ്യമേ ഉള്ളൂ എന്നു മാത്രം. ആര്‍ക്കെങ്കിലും വേണമെങ്കില്‍ എടുക്കാം 🙂

  13. എന്താണു ലഗ്നം? 38 മുതല്‍ 49 വരെയുള്ള പേജുകളിലെ ടേബിളുകള്‍ എന്തിനാണു്?
    ഒരു സ്ഥലത്തിന്റെ കൃത്യം കിഴക്കുഭാഗത്തു് ഒരു പ്രത്യേക സമയത്തു് ഉള്ള രാശിയാണു ലഗ്നം (Ascendant). രാശി എന്നതുകൊണ്ടു് ഒരു ബിന്ദുവിനെ അടിസ്ഥാനമാക്കിയുള്ള ആംഗിള്‍ എന്നു കരുതിയാല്‍ മതി. ഇതു് ഓരോ സ്ഥലത്തിനും (ഒരേ ടൈം സോണിലുള്ളവയ്ക്കും) വ്യത്യസ്തമായിരിക്കും.

    ഇതു ജ്യോതിഷത്തില്‍ മാത്രമുപയോഗിക്കുന്ന ഒരു കാര്യമാണു്. സാധാരണ ആവശ്യമുള്ളതല്ല.

  14. ഇവയിലെ ആദ്യത്തെ സെറ്റ് ടേബിളുകളേ സാധാരണ ആവശ്യമുള്ളൂ. ഇതു മൂന്നു ഡോക്യുമെന്റ് ആയി പ്രസിദ്ധീകരിച്ചുകൂടേ? എല്ലാം കൂടി പ്രിന്റ് ചെയ്യണ്ടല്ലോ.
    അക്രോബാറ്റ് റീഡറില്‍ പറയുന്ന പേജുകള്‍ മാത്രം പ്രിന്റു ചെയ്യാനുള്ള വകുപ്പുണ്ടല്ലോ.

    ടേബിളുകള്‍ പുനഃക്രമീകരിക്കണമെന്നു് ആഗ്രഹമുണ്ടു്. ഒരേ ടൈം സോണിലുള്ളവയ്ക്കു പൊതുവായുള്ളതു വേറെയും വ്യത്യസ്തമായതു വേറെയും എന്നിങ്ങനെ. മുസ്ലീം നമസ്കാരസമയം തുടങ്ങിയവയും അതിനോടൊപ്പം ചേര്‍ക്കാം.

  15. നക്ഷത്രവും മറ്റും മാറുന്ന സമയം സാധാരണ കലാണ്ടറുകളില്‍ കാണുന്നതില്‍ നിന്നു വ്യത്യാസമുണ്ടല്ലോ, ഞാന്‍ കോഴിക്കോട്ടേ പഞ്ചാംഗം നോക്കിയിട്ടും?
    സാധാരണ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഉദയാല്‍പ്പരനാഴികയാണു കൊടുക്കുക. അതായതു്, സൂര്യോദയത്തിനു ശേഷം എത്ര നാഴിക (1 നാഴിക = 24 മിനിട്ടു് = 60 വിനാഴിക) കഴിഞ്ഞാണെന്നു്.

    ഉദാഹരണമായി, 2008 ജനുവരി 2-നു കോഴിക്കോട്ടു് ഉദയം 6:49-നാണു്. ചിത്തിര നക്ഷത്രം ചോതിയാകുന്നതു് 8:26-നാണു്-അതായതു് ഉദയം കഴിഞ്ഞു് 97 മിനിറ്റ് കഴിഞ്ഞു്, അതായതു് 97/24 = 4.041666… നാഴിക കഴിഞ്ഞു്. അതായതു് 4 നാഴിക 2.5 വിനാഴിക കഴിഞ്ഞു്. കലണ്ടറുകളില്‍ 4:2 എന്നോ 4:3 എന്നോ കാണാം.

    സൂര്യോദയത്തിനു നാഴികവട്ട സജ്ജീകരിച്ചു് അതിനെ നോക്കി സമയം കണ്ടുപിടിക്കുന്ന രീതി ഇപ്പോഴും തുടരുന്നതു് എന്തിനാണെന്നറിയില്ല. കലണ്ടറിലെ സമയം കണ്ടുപിടിക്കാന്‍ ആളുകള്‍ക്കു് ഇപ്പോള്‍ അന്നത്തെ സൂര്യോദയം കണ്ടുപിടിച്ചു് അതു കുറച്ചു് മണിക്കൂര്‍/മിനിട്ടു് ആക്കണം.

  16. ചില ജ്യോതിഷകാര്യങ്ങള്‍ക്കു് ഉദയാല്‍പ്പരനാഴിക തന്നെ വേണമെന്നു കേള്‍ക്കുന്നല്ല്ലോ.
    ലഗ്നം കണ്ടുപിടിക്കാനുള്ള ഭാരതീയരീതിയ്ക്കാണു് അതു വേണ്ടതു്. ഈ പഞ്ചാംഗത്തില്‍ ലഗ്നത്തിനു വേറേ പട്ടികകളുണ്ടു്. ഇനി ഉദയാല്‍പ്പരനാഴിക കണ്ടുപിടിക്കണമെങ്കില്‍ത്തന്നെ മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ കണക്കു കൂട്ടി കണ്ടുപിടിക്കാം.

  17. ജ്യോതിഷത്തിനു ശാസ്ത്രീയാടിസ്ഥാനമുണ്ടോ?
    ശാസ്ത്രീയമായ പഠനങ്ങള്‍ കാണിക്കുന്നതു സംഭാവ്യതാശാസ്ത്രം തരുന്നതില്‍ കൂടുതല്‍ ഫലമൊന്നും ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്കില്ല എന്നാണു്. അതിനാല്‍ ശാസ്ത്രീയാടിസ്ഥാനം ഇല്ലെന്നു തന്നെ പറയേണ്ടി വരും.

  18. എന്റെ സ്ഥലത്തിന്റെ പഞ്ചാംഗം ഈ ലിസ്റ്റിലില്ലല്ലോ. എന്തു ചെയ്യും?
    അടുത്തുള്ളതും അതേ ടൈം‌സോണിലുള്ളതുമായ ഏതെങ്കിലും സ്ഥലത്തിന്റെ പഞ്ചാംഗം കൊണ്ടു് തത്ക്കാലം അഡ്‌ജസ്റ്റു ചെയ്യൂ. കോഴിക്കോട്ടോ കോട്ടയത്തോ ഗണിച്ച കലണ്ടര്‍ കൊണ്ടു മലയാളികള്‍ മുഴുവന്‍ അഡ്ജസ്റ്റു ചെയ്യുന്നില്ലേ?

    അതു പോരാ എന്നുണ്ടെങ്കില്‍ ഏതു സ്ഥലത്തിന്റെ പഞ്ചാംഗം വേണമെന്നു കാണിച്ചു് ഒരു കമന്റിടുക. ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ ഒരു മെയിലയച്ചാലും മതി.

  19. ഭൂമിയിലുള്ള ഏതു സ്ഥലത്തിന്റെയും പഞ്ചാംഗം ഗണിക്കാന്‍ പറ്റുമോ?
    പറ്റില്ല. ഇതിലെ പലതും കണ്ടുപിടിക്കുന്നതിനു് ആ ദിവസത്തെ സൂര്യോദയാസ്തമയങ്ങള്‍ ആവശ്യമാണു്. ആറുമാസത്തേയ്ക്കു സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ആര്‍ട്ടിക് സര്‍ക്കിളിനു വടക്കുള്ളതോ അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ളതോ ആയ സ്ഥലങ്ങള്‍ക്കു് ഈ ക്രിയകള്‍ എങ്ങനെ ചെയ്യും എന്നു് എനിക്കറിയില്ല.

    നോര്‍വ്വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ, അമേരിക്ക (അലാസ്ക സ്റ്റേറ്റ്), കാനഡ, ഗ്രീന്‍‌ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാത്രമേ ആര്‍ട്ടിക് സര്‍ക്കിളിന്റെ വടക്കു മനുഷ്യവാസമുള്ളൂ. അന്റാര്‍ട്ടിക് സര്‍ക്കിളിനു തെക്കു് അന്റാര്‍ട്ടിക്ക മാത്രമേ ഉള്ളൂ.

  20. ഞാന്‍ ഫിന്‍ലാന്‍ഡില്‍ താമസിക്കുന്ന ഒരു ബ്ലോഗസഹോദരനാണു്. എനിക്കിവിടെ ആറു മാസം പകലും ആറു മാസം രാത്രിയുമാണു്. എന്റെ പ്രിയപ്പെട്ട ബ്ലോഗസഹോദരനു പിറന്നാള്‍ ആശംസകള്‍ ഫോണില്‍ വിളിച്ചു് അര്‍പ്പിക്കുന്നതെങ്ങനെയെന്നു പറഞ്ഞുതരാമോ?
    ആര്‍ട്ടിക് സര്‍ക്കിളിനു തെക്കുള്ള ഹെല്സിങ്കിയിലെ പഞ്ചാംഗം വേണമെങ്കില്‍ ഉണ്ടാക്കിത്തരാം. അല്ലെങ്കില്‍ അതേ ടൈം‌സോണിലുള്ള ഏതെങ്കിലും പഞ്ചാംഗം നോക്കി പിറന്നാളിന്റെ തീയതി കണ്ടുപിടിച്ചു വിളിച്ചാല്‍ മതി.

    സൂര്യോദയത്തിനു് നക്ഷത്രം വരുന്ന ദിവസമാണു് പിറന്നാളായി ആഘോഷിക്കുന്നതു്. ഈ പഞ്ചാംഗത്തില്‍ അതു കട്ടിയുള്ള അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.

    പിന്നെ, തലയില്‍ ഒരു രോമമെങ്കിലുമുള്ളവരുടെ മാത്രമേ പിറന്നാള്‍ ആഘോഷിക്കാറുള്ളൂ 🙂

  21. ഞാന്‍ ഇന്ത്യ, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ജിടെന്‍ഷാ അഥവാ സൈക്കിളില്‍ പര്യടനം നടത്തുന്ന ഒരു സഞ്ചാരിയാണു്. ഞാന്‍ ഇപ്പോള്‍ എവിടെയാണെന്നു പറയാന്‍ എനിക്കു മനസ്സില്ല. എനിക്കു ഷഷ്ഠി, ഏകാദശി തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിക്കാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    യാത്ര ചെയ്യുമ്പോള്‍ വ്രതം നോക്കാന്‍ പഞ്ചാംഗം നോക്കണ്ടാ സഞ്ചാരീ. എവിടെയാണെന്നു പറയാന്‍ മനസ്സില്ലെങ്കില്‍ ഈ ചോദ്യത്തിനു് ഉത്തരം പറയാന്‍ എനിക്കും മനസ്സില്ല.

  22. ഇന്ത്യ, അമേരിക്ക, ഉഗാണ്ടാ, കൊളംബിയ, ഇറ്റലി, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ ആഴ്ചയും മാറിമാറി താമസിക്കുന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണാണു ഞാന്‍. ഓരോ ആഴ്ചയിലും പേരും മാറ്റാറുണ്ടു്. എല്ലാ ക്ഷാരബുധനും, ദുഃഖവെള്ളിയാഴ്ചയ്ക്കും ക്രിസ്തുമസ്സിനും ഞാന്‍ ഓരോ ബ്ലോഗ് ഡിലീറ്റ് ചെയ്തു ബലിയര്‍പ്പിക്കാറുണ്ടു്. ഈ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഏതു പഞ്ചാംഗമാണു നോക്കേണ്ടതു്?
    ക്രിസ്തുമസ് എല്ലാക്കൊല്ലവും എല്ലാ പഞ്ചാംഗത്തിലും ഡിസംബര്‍ 25 ആണു്. ബാക്കിയുള്ളവ മാറും. എങ്കിലും ഒരു പ്രത്യേക വര്‍ഷത്തില്‍ അവയെല്ലാം നിശ്ചിതതീയതിയിലായിരിക്കും. അതുകൊണ്ടു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാല്‍ മതി.
    എവിടെയായാലും 2008-ല്‍ ക്ഷാരബുധന്‍ ഫെബ്രുവരി 6, ദുഃഖവെള്ളിയാഴ്ച മാര്‍ച്ച് 21, ക്രിസ്തുമസ് ഡിസംബര്‍ 25. ഈ തീയതികളില്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തുകൊള്ളൂ.

  23. ഇതു മൊത്തം തെറ്റാണു ചേട്ട. ക്രിസ്തുമസ് ഡിസംബര്‍ 25 അല്ല. ഗാന്ധിജയന്തി വിശേഷദിവസമായി കാണിക്കാന്‍ തക്ക മഹാത്മാവല്ല ഗാന്ധി. അമേരിക്കാ‍ാ‍ാ‍ാ‍ായിലെ താങ്ക്സ് ഗിവിംഗുമൊക്കെ മലയാളം പഞ്ചാങ്കത്തില്‍ എന്തരു കാട്ടണതു്?
    പോപ്പുലറായ കുറച്ചു വിശേഷദിവസങ്ങളാണു് ഇതിലുള്ളതു്. സമഗ്രമെന്നു് അവകാശപ്പെടുന്നില്ല. പല വിശേഷദിവസങ്ങളും ശരിയായ ദിവസത്തിലല്ല ആഘോഷിക്കുന്നതെന്നറിയാം. എങ്കിലും പൊതുവേ ഉപയോഗിച്ചു വരുന്ന തീയതികളാണു് ഇതില്‍ കാണുക.

    ഇതിന്റെ വലിയൊരു പങ്ക് ഉപഭോക്താക്കള്‍ അമേരിക്കയിലുള്ളവരാണു്. അതുകൊണ്ടാണു് അമേരിക്കന്‍ വിശേഷദിവസങ്ങളും ഉള്‍ക്കൊള്ളിച്ചതു്.

  24. ഇതു മൊത്തം ആസ്കി ഫോണ്ടാണല്ലോ. ഈ മല്ല്ലുക്കളോടു പറഞ്ഞു മടുത്തു. എത്ര പറഞ്ഞാലും നീയൊന്നും യൂണിക്കോട് ഉപയോഗിക്കുകയില്ല എന്നുറച്ചിരിക്കുകയാണോ? നിന്നെയൊക്കെ വേലിപ്പത്തലൂരി മുക്കാലിയില്‍ കെട്ടി അടിക്കണം.
    യൂണിക്കോഡിനെപ്പറ്റി അറിയാത്ത കാലത്തു് ഉണ്ടാക്കിയതാണിതു്. PDF-ല്‍ യൂണിക്കോഡ് അല്പം ബുദ്ധിമുട്ടുമാണു്. ഈയിടെ ഒരു ലാറ്റക് മലയാളം/ഒമേഗ പാക്കേജ് http://malayalam.sarovar.org/-ല്‍ കണ്ടു. അതു് ഉപയോഗിച്ചു തുടങ്ങുന്നതേ ഉള്ളൂ. അതു ശരിയായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ ഇതും യൂണിക്കോഡിലാക്കാം.

  25. ബാംഗ്ലൂരില്‍ നിന്നും അമേരിക്കയിലെ മിനസോട്ടയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു രണ്ടക്ക-ഐക്യു ബ്ലോഗറാ‍ണു ഞാന്‍. ഞാന്‍ എവിടെപ്പോയാലും അവിടെ അത്യാഹിതം സംഭവിക്കും. ഒരു പാലത്തിന്റെ പടമെടുത്താ‍ല്‍ അതു പൊളിയും. വെക്കേഷനു പോകുന്ന സ്ഥലത്തു തീപിടിത്തമുണ്ടാവും. യാത്ര തുടങ്ങുമ്പോള്‍ രാഹുകാലം നോക്കാത്തതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു് ബാംഗ്ലൂരുള്ള ഒരു മുന്‍ കമ്യൂണിസ്റ്റ് നേതാവു പറഞ്ഞു. ഇതു ശരിയാണോ?
    ശരിയല്ല. രാഹുകാലം നോക്കുന്നതു് ഒരു അന്ധവിശ്വാസമാണു്. അതു നോക്കുന്നതുകൊണ്ടോ നോക്കാത്തതു കൊണ്ടോ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.

  26. രാഹുകാലം, ഗ്രഹസ്ഫുടങ്ങള്‍, ലഗ്നം ഇവയൊക്കെ കൊടുക്കുന്നതുകൊണ്ടു് താങ്കള്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ?
    ഞാന്‍ ഇവയുടെ സമയം കണക്കുകൂട്ടി കൊടുക്കുക മാത്രമാണു ചെയ്യുന്നതു്. അല്ലാതെ ആ സമയങ്ങള്‍ക്കു് എന്തെങ്കിലും പ്രത്യേകതയുണ്ടെന്നോ ആ സമയത്തു ചെയ്യുന്ന കാര്യങ്ങള്‍ക്കു ഗുണമോ ദോഷമോ ഉണ്ടാകും എന്നോ പറയുന്നില്ല. എന്നു മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ വെറും അന്ധവിശ്വാസമാണെന്ന അഭിപ്രായക്കാരനാണു ഞാന്‍.

    ഞാന്‍ ഇതു പ്രസിദ്ധീകരിക്കുന്നതിനു പല കാരണങ്ങളുണ്ടു്:

    1. മലയാളികളുടെ പല വിശേഷദിവസങ്ങളും (ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങിയവ) കണ്ടുപിടിക്കുന്നതു ശ്രമകരമാണു്. ഇവയില്‍ പലതും മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണു്. അവ ആചരിക്കുന്നവര്‍ക്കു്, പ്രത്യേകിച്ചു വിദേശത്തുള്ളവര്‍ക്കു്, ചിന്താക്കുഴപ്പമില്ലാതെ അവരവരുടെ സമയത്തില്‍ അവയെ കാണിക്കുന്നതു പ്രയോജനപ്രദമാകും എന്നു കരുതി.
    2. ജ്യോതിഷപ്രവചനങ്ങള്‍ തെറ്റുമ്പോള്‍ പലപ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണു് അങ്ങനെ സംഭവിച്ചതു് എന്നൊരു വാദം കേള്‍ക്കാറുണ്ടു്. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം ഇതു നല്‍കുന്നു. ആധുനികജ്യോതിശ്ശാസ്ത്രം (astronomy) ഉപയോഗിച്ചു ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിനോടൊപ്പം ഭാരതീയജ്യോതിഷത്തിലെ നക്ഷത്രം, തിഥി, ലഗ്നം തുടങ്ങിയവയും കൃത്യമായി കണ്ടുപിടിക്കുന്നു. ജ്യോത്സ്യന്മാര്‍ സാധാരണയായി ഉപയോഗിക്കുന്ന ത്രൈരാശികം (linear interpolation) എന്ന ഏകദേശക്കണക്കിനു പകരം സൂക്ഷ്മമായ iterative algorithms ഉപയോഗിച്ചാണു് സങ്കീര്‍ണ്ണമായ ഗണിതക്രിയകള്‍ ചെയ്യുന്നതു്.
    3. കലണ്ടറുകളില്‍ കാണുന്ന ഉദയാല്‍പ്പരനാഴികയ്ക്കു പകരം ഇന്നു പ്രചാരത്തിലുള്ള ഘടികാരസമയം തന്നെ കാണിക്കുക. Day light savings ഉള്ള സ്ഥലങ്ങളില്‍ അതും കണക്കിലെടുക്കുക.
    4. വ്രതങ്ങളും മറ്റും നോക്കുന്ന വിശ്വാസികള്‍ക്കു് നാട്ടിലെ കലണ്ടറില്‍ നിന്നു സമയം സംസ്കരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു്‌ ഒഴിവാക്കാന്‍ ഒരു വഴി.

    ഇവയാണു്, ഇവ മാത്രമാണു്, ഇതിന്റെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, എതിര്‍ക്കാ‍ന്‍ തന്നെയാണു് എന്റെ ശ്രമം.

  27. അഗ്രഹാരത്തില്‍ ജനിച്ചു് ഇപ്പോഴും പൂജ, കൂടോത്രം, ജ്യോതിഷം, മന്ത്രവാദം എന്നിവ നിത്യേന ചെയ്യുന്ന ഒരു മൂത്ത കമ്മ്യൂണിസ്റ്റ് യുക്തിവാദിനിയാണു ഞാന്‍. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഞാന്‍ മാര്‍ക്സ്, എംഗത്സ്, ലെനിന്‍, ചെ ഗുവര, ഇ. എം. എസ്. തുടങ്ങിയവരുടെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പൊങ്കാലയിടാറുണ്ടു്. പക്ഷേ, നാട്ടിലെ കലണ്ടറില്‍ കാണുന്ന ദിവസമല്ല ഈ പഞ്ചാംഗത്തില്‍ ഒന്നാം തീയതി. ഏതു ദിവസമാണു ഞാന്‍ ഉപയോഗിക്കേണ്ടതു്?
    സൂര്യന്‍ ഒരു രാശി(മാസം)യില്‍ നിന്നു് അടുത്ത രാശിയിലേക്കു മാറുന്ന നിമിഷം (സംക്രമം) ഒരു പകലിന്റെ അഞ്ചില്‍ മൂന്നു ഭാഗം കഴിയുന്നതിനു മുമ്പാണെങ്കില്‍ അതേ ദിവസവും, ശേഷമാണെങ്കില്‍ പിറ്റേ ദിവസവും ആണു് രണ്ടാമത്തെ മാസത്തിലെ ഒന്നാം തീയതി എന്നാണു കണക്കു്. (വടക്കേ മലബാര്‍ കണക്കനുസരിച്ചു് എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. അതു് ഇവിടെ കൊടുത്തിട്ടില്ല. മാതൃഭൂമി കലണ്ടറില്‍ അതുണ്ടു്.) എന്റെ പഞ്ചാംഗത്തില്‍ അതാതു സ്ഥലത്തെ ഉദയം നോക്കിയിട്ടു് ഞാന്‍ ഈ നിയമം ഉപയോഗിച്ചു് ഒന്നാം തീയതി കണ്ടുപിടിക്കുന്നു. ഇതു നാട്ടിലെ കലണ്ടറുമായി ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതിയില്‍ വ്യത്യാസമുണ്ടാവാം.

    ഇങ്ങനെ തന്നെ വേണോ കൊല്ലവര്‍ഷകലണ്ടര്‍ തയ്യാറാക്കാന്‍, അതോ കേരളത്തിലെ ഏതെങ്കിലും സ്ഥലത്തെ അടിസ്ഥാനമാക്കി വേണോ എന്നതിനെപ്പറ്റി ആരും ആധികാരികമായി എഴുതിയിട്ടില്ല. അതിനാല്‍ ഞാന്‍ എനിക്കു ശാസ്ത്രീയമെന്നു തോന്നിയ ഈ രീതി ഉപയോഗിക്കുന്നു.

  28. ഇതില്‍ ബക്രീദ്, റംസാന്‍ തുടങ്ങിയ മുസ്ലീം വിശേഷദിവസങ്ങള്‍ ഇല്ലല്ലോ. ഹിജ്ര വര്‍ഷത്തീയതിയും ഇല്ല.
    ഇസ്ലാമിക് കലണ്ടറിന്റെ കണക്കുകൂട്ടലുകള്‍ കൈവശമുണ്ടെങ്കിലും ഇതു വരെ അതു് ഈ കലണ്ടറില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. താമസിയാതെ ചേര്‍ക്കാം എന്നു കരുതുന്നു.

  29. രാഹുകാലം പോലെയുള്ള അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കി മുസ്ലീം നമസ്കാരസമയങ്ങള്‍ ചേര്‍ത്തുകൂടേ?
    രാഹുകാലവും മുസ്ലീം നമസ്കാരസമയവും ഒരുപോലെ തന്നെയുള്ള ആചാരങ്ങളാണു്. രണ്ടും കണ്ടുപിടിക്കുന്നതില്‍ സാമ്യവുമുണ്ടു്. ഓരോ ദിവസത്തിന്റെയും മുസ്ലീം നമസ്കാരസമയവും ചേര്‍ക്കാന്‍ ഉദ്ദേശ്യമുണ്ടു്. പക്ഷേ, ഉയര്‍ന്ന അക്ഷാംശം ഉള്ളിടത്തെ കണക്കുകൂട്ടലില്‍ ഇസ്ലാമിക് പണ്ഡിതന്മാര്‍ക്കു ഭിന്നാഭിപ്രായമുണ്ടു്. അതുപോലെ ചില നിസ്കാരസമയം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ രണ്ടു വിധത്തിലാണു കണക്കുകൂട്ടുന്നതു്. ഏറ്റവും ശരിയായ തിയറി കിട്ടിയാല്‍ അതും ചേര്‍ക്കാം. ഇതുവരെ എനിക്കറിയാവുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ടു്.

  30. കേരളത്തിലെ അഞ്ചു സ്ഥലങ്ങളിലെ പഞ്ചാംഗമുണ്ടെങ്കിലും കൊല്ലവര്‍ഷം തുടങ്ങിയ കൊല്ലം നഗരത്തിന്റെ പഞ്ചാംഗമില്ല. ഇതിനെതിരേ മുഖ്യമന്ത്രിയ്ക്കു് ഒരു നിവേദനം സമര്‍പ്പിക്കുകയും ഒരു സെക്രട്ടേറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുകയും ചെയ്താലോ എന്നു കരുതുകയാണു്.
    വായനക്കാര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെ പഞ്ചാംഗങ്ങളാണു് ഇവ. അല്ലാതെ സ്ഥലങ്ങളുടെ പ്രാധാന്യം നോക്കിയുള്ളതല്ല. കൊല്ലത്തിന്റെയോ മറ്റേതെങ്കിലും സ്ഥലത്തിന്റെയോ പഞ്ചാംഗം വേണമെങ്കില്‍ അറിയിക്കുക.

  31. പഴയ പഞ്ചാംഗത്തിന്റെ രീതിയിലുള്ള പട്ടികകള്‍ക്കു പകരം ആധുനികകലണ്ടറുകളുടെ രീതിയില്‍ ആഴ്ച തിരിച്ചു് പ്രസിദ്ധീകരിക്കാമോ?
    ഇതിനുപയോഗിക്കുന്ന ലൈബ്രറിയുപയോഗിച്ചു് (ലൈബ്രറി എന്താണെന്നറിയാന്‍ അരവിന്ദന്റെ വികടസരസ്വതി എന്ന കൃതി വായിക്കുക) അതും ഉണ്ടാക്കാന്‍ പറ്റും. കുറച്ചു പണിയുണ്ടെന്നു മാത്രം. ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

  32. ഇതു് ഗ്നു ലൈസന്‍സ് ഉപയോഗിച്ചു് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആക്കിക്കൂടേ?
    ആക്കണം. അതിനു മുമ്പു് കോഡ് ഒന്നു നേരേ ചൊവ്വേ ആക്കണം. മലയാളം ലാറ്റക് മാത്രം ഉണ്ടാക്കുന്ന API മാറ്റി ഏതു ഫോര്‍മാറ്റിലും customized ആയി ഔട്ട്‌പുട്ട് ഉണ്ടാക്കാവുന്ന രീതിയില്‍ മാറ്റിയെഴുതണം. അത്രയും ചെയ്തു കഴിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്വെയറായി പ്രസിദ്ധീകരിക്കും.

  33. കേരളീയപഞ്ചാംഗഗണനത്തിനുള്ള algorithms ഒരു ബ്ലോഗ് പോസ്റ്റോ PDF പുസ്തകമോ ആയി പ്രസിദ്ധീകരിച്ചുകൂടേ?
    ആഗ്രഹമുണ്ടു്. കുറെയൊക്കെ എഴുതി വെച്ചിട്ടുമുണ്ടു്. പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്നു നോക്കട്ടേ.

  34. ഇതില്‍ മാതൃഭൂമിയും മനോരമയും മറ്റും പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല ദേവാലയങ്ങളിലെയും ഉത്സവങ്ങള്‍, പല ആചാരങ്ങളുടെയും തീയതികള്‍, നേതാക്കന്മാരുടെയും മറ്റും ജനന/മരണത്തീയതികള്‍ തുടങ്ങി ധാരാളം വിശേഷദിവസങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്. പിന്നെ തീവണ്ടിസമയം, STD കോഡുകള്‍ തുടങ്ങിയ വിവരങ്ങളും. അവയൊന്നും ഇതിലില്ല. കൂടാതെ അവയുടെ ഫോര്‍മാറ്റ് അല്പം കൂടി സൌകര്യപ്രദമാണെന്നു മിക്കവരും പറയുന്നു.

    അതേ സമയം, ഇതില്‍ നാളും മറ്റും മാറുന്ന സമയം ഘടികാരസമയമായി കൊടുത്തിരിക്കുന്നതു കൂടുതല്‍ സൌകര്യമാണെന്നു പറയുന്നവരുമുണ്ടു്.

  35. ഇതില്‍ മാതൃഭൂമിയും ഗുരുവായൂര്‍ ദേവസ്വവും മറ്റും പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗങ്ങളിലെ എല്ലാ വിവരങ്ങളും ഉണ്ടോ? അവയ്ക്കു പകരം ഇതുപയോഗിച്ചാല്‍ മതിയോ?
    ഇല്ല, പോരാ. അവയില്‍ പല തരം മുഹൂര്‍ത്തങ്ങള്‍, വ്രതങ്ങള്‍, വിശേഷദിവസങ്ങള്‍ തുടങ്ങിയവയും ചേര്‍ത്തിട്ടുണ്ടു്. കൂടാതെ ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രം, സീതാചക്രം, സുബ്രഹ്മണ്യചക്രം, ദശാചക്രം, ഓരോ നക്ഷത്രത്തിന്റെയും ദേവന്‍, വൃക്ഷം തുടങ്ങിയ വിവരങ്ങള്‍, ഭാവി പ്രവചിക്കാനുള്ള പല വഴികള്‍, വിവാഹപ്പൊരുത്തം തുടങ്ങിയ പല കാര്യങ്ങളുമുണ്ടു്. അവ ഇതിലില്ല.

  36. കേരളം: 50 വിശേഷദിവസങ്ങള്‍ എന്നൊരു പരമ്പര എഴുതിവരുകയാണു ഞാന്‍. എഴുതണമെന്നുള്ള പല വിശേഷദിവസങ്ങളും ഇതിലില്ല. അവ ഉള്‍ക്കൊള്ളിക്കാന്‍ എന്താണു വഴി?
    അവയുടെ നിര്‍വ്വചനങ്ങള്‍ (ഉദാ: മീനമാസത്തിലെ അവസാനത്തെ ഭരണിനക്ഷത്രം) അയച്ചുതരുക. ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

  37. സീയെസ് ഇവിടെ പറഞ്ഞ പ്രശ്നം പരിഹരിച്ചോ?
    ഇല്ല. ഇതുവരെ അതു നോക്കാന്‍ സമയം കിട്ടിയില്ല.

  38. 38 മുതല്‍ 45 വരെയുള്ള പേജുകളിലുള്ള ലഗ്നപ്പട്ടികകളില്‍ ചിലതിന്റെ അവസാനത്തെ കോളത്തിനു് ആവശ്യമില്ലാത്ത വീതിയുണ്ടല്ലോ.
    അതൊരു ബഗ്ഗാണു്. ലാറ്റക് ടേബിള്‍ സെല്ലുകള്‍ക്കു വീതീ നിശ്ചയിക്കുന്നതു് ആ കോളത്തിലെ ഏറ്റവും നീളമുള്ള സ്ട്രിംഗിന്റെ നീളം അനുസരിച്ചാണു്. ഗ്ലിഫ്-ബേസ്ഡ് ആയ ഈ രീതിയില്‍ മലയാളം വാക്കുകളുടെ നീളം ശരിക്കു് ഊഹിക്കാന്‍ വരുന്ന പാകപ്പിഴയാണതു്.

    സെല്ലുകള്‍ക്കു ഫിക്സ്ഡ് വിഡ്ത്ത് കൊടുത്തു് ഇതു പരിഹരിക്കാം. പതുക്കെ ചെയ്യാം.

  39. ഇങ്ങനെയുള്ള പ്രവൃത്തികള്‍ വഴി താ‍ങ്കള്‍ പ്രതിലോമചിന്തകള്‍ക്കു വളം വെച്ചു കൊടുക്കുന്നു എന്നല്ലേ ചന്ത്രക്കാറന്‍ ഇവിടെ പറഞ്ഞതു്?
    അതേ. അതു കൊണ്ടു തന്നെയാണു് ഈ അലപ്ര ഇന്നു് ഇവിടെ എഴുതിയതും. ചന്ത്രക്കാറനു നന്ദി.

കലണ്ടര്‍ (Calendar)
നര്‍മ്മം

Comments (20)

Permalink