കുറത്തി (ആലാപനം)

കടമ്മനിട്ട രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തവും തീക്ഷ്ണവുമായ കവിത. കവിയുടെ ചൊല്‍ക്കാഴ്ചകള്‍ കേട്ടിട്ടുള്ളവര്‍ക്കു് ഇതൊരു ചാപല്യമായി തോന്നിയേക്കാം. എങ്കിലും ആ കവിത എന്റെ രീതിയില്‍…. (15 മിനിട്ടു് – 14 MB)

download MP3

ഇതിന്റെ ഒരു വലിപ്പം കുറഞ്ഞ രൂപം (ഇതു തയ്യാറാക്കിത്തന്ന ഏവൂരാനു നന്ദി.) താഴെ (1.7 MB).

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (20)

Permalink

ഭൂമിക്കു് ഒരു ചരമഗീതം (ആലാപനം)

1983-ല്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചുട്ടുപഴുത്ത വേനലിനെയാണു കേരളീയര്‍ കണ്ടതു്. ഒ. എന്‍. വി. അന്നെഴുതിയ കവിതയാണിതു്. ഓണത്തിനു് ആകാശവാണി നടത്തിയ കവിയരങ്ങില്‍ കവി തന്നെ ചൊല്ലിയാണു് ഈ കവിത ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു്. അക്കൊല്ലത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു.

കവിത എന്റെ കയ്യിലില്ല. ഓര്‍മ്മയില്‍ നിന്നു ചൊല്ലുന്നതു്. തെറ്റുകള്‍ കണ്ടേക്കാം. (ഏകദേശം 10 മിനിട്ടു്)

download MP3

2006/05/17:

ഓര്‍മ്മയില്‍ നിന്നു ചൊല്ലിയതായതുകൊണ്ടു് ഇതില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ടു്. ശരിയായ രൂപം മനോജിന്റെ ഈ പാരായണത്തില്‍ കേള്‍ക്കാം.

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (6)

Permalink

ടെമ്പ്ലേറ്റ് മാറ്റം

ഗുരുകുലം ബ്ലോഗിന്റെ ടെമ്പ്ലേറ്റ് (തീം) മാറ്റാന്‍ ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണു്. പാതി വഴിയേ ആയിട്ടുള്ളൂ. അഭിപ്രായങ്ങള്‍ ദയവായി കമന്റുകളായി അറിയിക്കുക. ശരിയായിക്കഴിഞ്ഞാല്‍ ഈ പോസ്റ്റ് എടുത്തുകളയും.

പലവക (General)

Comments (66)

Permalink

സഫലമീ യാത്ര (ആലാപനം)

പെരിങ്ങോടര്‍ക്കു കൊടുത്ത വാക്കുകളില്‍ ഒന്നു പാലിച്ചിരിക്കുന്നു. ഇതാ “സഫലമീ യാത്ര”:

download MP3

പഴയതുപോലെ ഇപ്പോള്‍ ശ്വാസം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു മനസ്സിലാക്കി. എന്റെ മകന്‍ അതിനിടയില്‍ വന്നു “ഞാനും കൂടി കൂടട്ടേ, ഞാന്‍ മൃദംഗമടിക്കട്ടേ” എന്നൊക്കെ ചോദിച്ചതുകൊണ്ടു് അല്പം പതര്‍ച്ചയുമുണ്ടായി. എങ്കിലും, ചെയ്യാന്‍ പറ്റിയല്ലോ, ഭാഗ്യം!

2006/05/26:

മുകളിലുള്ള ആലാപനം അത്ര ശരിയായില്ല. അല്പം കൂടി ആര്‍ദ്രമാക്കാമായിരുന്നു എന്നാണു് അധികം പേരും അഭിപ്രായപ്പെട്ടതു്. ഇതാ അല്പം കൂടി ആര്‍ദ്രമായ ആലാപനം. ശബ്ദം കുറച്ചപ്പോള്‍ തൊണ്ട വല്ലാതെ ഇടറുന്നു.

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (20)

Permalink

സംന്യാസി, സന്ന്യാസി, സന്യാസി…

ദുര്‍ഗ്ഗയുടെ എന്ന പോസ്റ്റില്‍ കമന്റെഴുതുമ്പോള്‍ പ്രാപ്ര ഇങ്ങനെ ചോദിച്ചു:

ഉമേഷ്‌ജീ, ഒരു പുസ്തകത്തില്‍ സംന്യാസി എന്ന് ഉപയോഗിച്ച് കണ്ടപ്പോള്‍ ഒരു സംശയം, നമ്മളില്‍ പലരും ഉപയോഗിക്കുന്ന സന്യാസി എന്ന വാക്ക് തെറ്റാണോ എന്ന്. മാഷാണെങ്കില്‍ ഇതു രണ്ടും അല്ലാത്ത സന്ന്യാസി എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂന്നും ശരിയായ പ്രയോഗം ആണോ?
സംസ്കൃതത്തില്‍ ‘സം’ എന്ന്‍ തുടങ്ങുന്ന വേറെയും പല വാക്കുകളും ഉള്ളത് കൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നൊരു തോന്നല്‍.

അതിന്റെ ഉത്തരം ഇവിടെ എഴുതിയേക്കാം:

സം, ന്യസ്‌ എന്നീ പദങ്ങളില്‍ നിന്നുണ്ടായതുകൊണ്ടു്‌ സംന്യാസി എന്നാണു വാക്കു്‌.

വര്‍ഗ്ഗാക്ഷരങ്ങളുടെ (ക മുതല്‍ മ വരെയുള്ളവ) മുന്നില്‍ അനുസ്വാരം വന്നാല്‍ ആ വര്‍ഗ്ഗത്തിലെ അനുനാസികമായാണു്‌ ഉച്ചരിക്കുക. ഉദാഹരണത്തിനു്‌, ഗംഗ = ഗങ്ഗ, സംജാതം = സഞ്ജാതം, സംതതം = സന്തതം, അംബിക = അമ്‌ബിക എന്നിങ്ങനെ. ബാക്കിയുള്ളവയുടെ മുന്നില്‍ മലയാളികള്‍ (സംസ്കൃതത്തിലും – സംസ്കൃതവാര്‍ത്ത ശ്രദ്ധിക്കുക) ‘മ’യും ഉത്തരേന്ത്യക്കാര്‍ ‘ന’യും ഉച്ചരിക്കുന്നു. ഉദാഹരണത്തിനു്‌, സംസാരം = സമ്‌സാരം (മലയാളി), സന്‍സാര്‍ (ഹിന്ദിക്കാരന്‍).

അപ്പോള്‍ സംന്യാസി = സന്ന്യാസി എന്നു മനസ്സിലായല്ലോ. രണ്ടും ശരിയാണു്.

പിന്നെ, സന്യാസി എന്നെഴുതിയാലും നാം ഉച്ചരിക്കുന്നതു്‌ സന്ന്യാസി എന്നാണല്ലോ. (കൂട്ടക്ഷരത്തിന്റെ ആദ്യത്തെ വ്യഞ്ജനം മിക്കവാറും ഇരട്ടിക്കും.) അതുകൊണ്ടു്‌ സന്യാസി എന്നു പോരേ എന്ന വാദവുമുണ്ടു്‌. ഈ വാദത്തിന്റെ അങ്ങേയറ്റമാണു്‌ ‘ദേശാഭിമാനി’യില്‍ കാണുന്ന വാര്‍ത, പാര്‍ടി തുടങ്ങിയ വാക്കുകള്‍.

സാധാരണയായി, കൂട്ടക്ഷരങ്ങളുള്ളിടത്തു്‌ ഉച്ചാരണം കൊണ്ടു മാത്രമല്ല, ഘടന കൊണ്ടും ദ്വിത്വമുണ്ടെങ്കില്‍ ഇരട്ടിച്ചു തന്നെ എഴുതാറുണ്ടു്‌. അങ്ങനെ സന്ന്യാസി, തത്ത്വം, മഹത്ത്വം തുടങ്ങിയവ ഇരട്ടിച്ചെഴുതുന്നു. (കവിത്വത്തിനും ദ്വിത്വത്തിനും ഇതു വേണ്ട.)

പിന്നെ, സന്യാസി, തത്വം, മഹത്വം എന്നിങ്ങനെ ധാരാളം എഴുതിക്കാണാറുണ്ടു്‌. അച്ചു ലാഭിക്കാന്‍ അച്ചടിക്കാര്‍ നടപ്പാക്കിയ വഴി. സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു്‌ അവയും ശരിയാണു്‌. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു്‌ എനിക്കിഷ്ടം.

വ്യാകരണം (Grammar)

Comments (30)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു – ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (11)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ – ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (3)

Permalink

കൊല്ലവര്‍ഷത്തീയതിയില്‍ നിന്നു കലിദിനസംഖ്യ

കൊല്ലവര്‍ഷത്തിലെ ഒരു തീയതിയില്‍ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ഒരു ശ്ലോകം വിശ്വപ്രഭ അയച്ചുതന്നതു താഴെച്ചേര്‍ക്കുന്നു:


കോളംബം തരളംഗാഢ്യം
ഗോത്രഗായകവര്‍ദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിര്‍ ഭവേത്.

ഇതു് ഏതെങ്കിലും വര്‍ഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു് – പരല്‍പ്പേര്‍ ഉപയോഗിച്ചു്.

തരളാംഗം = 3926 (ത = 6, ര = 2, ള = 9, ഗ = 3)
ഗോത്രഗായക = 11323 (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1)
കുലം = 31 (ക = 1, ല = 3)

അതായതു്, കൊല്ലവര്‍ഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു ഹരിച്ചാല്‍ ആ വര്‍ഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നര്‍ത്ഥം.

ഉദാഹരണമായി. ഇക്കഴിഞ്ഞ മേടം 1, 2006 ഏപ്രില്‍ 14-നു് ആയിരുന്നല്ലോ. കൊല്ലവര്‍ഷം 1181 ആണു്.

എന്നു കിട്ടും. അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നര്‍ത്ഥം. ഇവിടെ നോക്കി ഇതു സ്ഥിരീകരിക്കാം.

ഇതിന്റെ പിന്നിലെ തിയറി വളരെ ലളിതമാണു്. കലിവര്‍ഷം 3926-ല്‍ ആണു് കൊല്ലവര്‍ഷം തുടങ്ങിയതു്. (കൊല്ലത്തില്‍ തരളാംഗത്തെക്കൂട്ടിയാല്‍ കലിവര്‍ഷമാം; കൊല്ലത്തില്‍ ശരജം കൂട്ടി ക്രിസ്തുവര്‍ഷം ചമയ്ക്കണം എന്നതനുസരിച്ചു് കൊല്ലവര്‍ഷത്തോടു 3926 (തരളാംഗം) കൂട്ടിയാല്‍ കലിവര്‍ഷവും, 825 (ശരജം) കൂട്ടിയാല്‍ ക്രിസ്തുവര്‍ഷവും ലഭിക്കും.) അപ്പോള്‍ 3926 കൂട്ടിയാല്‍ കലിവര്‍ഷം ലഭിക്കും. ഭാരതീയഗണിതപ്രകാരം ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം ആണു്. അതുകൊണ്ടു ഗുണിച്ചാല്‍ കഴിഞ്ഞുപോയ ദിവസങ്ങളുടെ എണ്ണവും കിട്ടും. അതിനോടു് ഒന്നു കൂട്ടിയാല്‍ അന്നത്തെ ദിവസവും കിട്ടും. ഇതിന്റെ വിപരീതക്രിയ ഉപയോഗിച്ചാല്‍ (ഒന്നു കുറച്ചു്, 31 കൊണ്ടു ഗുണിച്ചു്, 11323 കൊണ്ടു ഹരിച്ചു്, 3926 കുറച്ചാല്‍) കലിദിനസംഖ്യയില്‍ നിന്നു കൊല്ലവര്‍ഷവും കണ്ടുപിടിക്കാം.

മേടം 1-ന്റെ കലിദിനസംഖ്യയേ ഈ വിധത്തില്‍ കണ്ടുപിടിക്കാന്‍ പറ്റൂ. ഏതെങ്കിലും ദിവസത്തെ കലിദിനസംഖ്യ കാണാന്‍ മേടം ഒന്നു മുതലുള്ള ദിവസങ്ങള്‍ എണ്ണേണ്ടി വരും. കൊല്ലവര്‍ഷത്തില്‍ മറ്റു കലണ്ടറുകളെപ്പോലെ നിയതമായ തീയതിക്രമമില്ല. ഭൂമിയെ അനുസരിച്ചു് അക്കൊല്ലത്തെ സൂര്യന്റെ ചലനമനുസരിച്ചാണു് മാസങ്ങളിലെ തീയതികള്‍ വ്യത്യാസപ്പെടുക.

കലണ്ടര്‍ (Calendar)
ഭാരതീയഗണിതം (Indian Mathematics)

Comments (4)

Permalink

കലിദിനസംഖ്യ കണ്ടുപിടിക്കാന്‍…

കലിദിനസംഖ്യയെപ്പറ്റി ഇതുവരെ എഴുതാന്‍ കഴിഞ്ഞില്ല. താമസിയാതെ എഴുതാം.

ഏതു ദിവസത്തിന്റെയും കലിദിനസംഖ്യ കണ്ടുപിടിക്കാനും, കലിദിനസംഖ്യയില്‍ നിന്നു തീയതി കണ്ടുപിടിക്കാനുമുള്ള ഒരു ഓണ്‍‌ലൈന്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ടു്. ഇംഗ്ലീഷില്‍ ഒരു ചെറിയ കുറിപ്പും ഇട്ടിട്ടുണ്ടു്. ദയവായി പരീക്ഷിച്ചുനോക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക.

കലണ്ടര്‍ (Calendar)
ഭാരതീയഗണിതം (Indian Mathematics)

Comments (29)

Permalink

മരങ്ങള്‍ (ജോയ്‌സി കില്‍മര്‍)

മന്‍‌ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ജോയ്‌സി കില്‍മര്‍ എന്ന അമേരിക്കന്‍ കവിയുടെ മരങ്ങള്‍ എന്ന കവിത ഇന്നു പരിഭാഷപ്പെടുത്തിയതു്.

പരിഭാഷ മൂലകവിത
ഒരു മരം പോലെ മനോഹരമായൊരു
കവിത ഞാന്‍ കാണുമോ ഭൂവില്‍?

കൊതിയോടെ ഭൂമിയുടെ മധുരമാം വിരിമാറില്‍
അധരമര്‍പ്പിച്ചു നില്‍ക്കുന്നു…

ഹരിതാഭമാം കൈയുയര്‍ത്തി ലോകേശനു
സ്തുതി പാടി വിണ്ണില്‍ നോക്കുന്നു…

ചുടുകാലമെത്തവേ, കിളികളുടെ കൂടു തന്‍
മുടിയില്‍ വടിവൊത്തു ചൂടുന്നു…

ഹിമമതിന്‍ മാറത്തു കഞ്ചുകം തീര്‍ക്കുന്നു,
മഴയില്‍ നനഞ്ഞു കുതിരുന്നു…

കവിതകളെന്‍ കണക്കൊരു മണ്ടനെഴുതിടാം –
മരമൊന്നു തീര്‍പ്പതവന്‍ താന്‍!
I think that I shall never see
A poem lovely as a tree.

A tree whose hungry mouth is prest
Against the earth’s sweet flowing breast;

A tree that looks at God all day,
And lifts her leafy arms to pray;

A tree that may in summer wear
A nest of robins in her hair;

Upon whose bosom snow has lain;
Who intimately lives with rain.

Poems are made by fools like me,
But only God can make a tree.

പരിഭാഷകള്‍ (Translations)

Comments (6)

Permalink