വിഷു ആശംസകള്‍…

മനോരമയും മാതൃഭൂമിയും എന്തു വേണമെങ്കിലും പറയട്ടേ. നമുക്കു് വിഷു ആഘോഷിക്കാം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍.

വിഷുക്കണിക്കാവശ്യമായ എല്ലാ സാമഗ്രികളും കിട്ടാത്തതുകൊണ്ടു് കണിയുടെ പടം പോസ്റ്റുചെയ്യുന്നില്ല.

കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും, തിരുവാതിര വരും…
അന്നൊക്കെ ആരെന്നുമെന്തെന്നും,
ആര്‍ക്കൊക്കെ ബ്ലോഗറു ബ്ലോക്കെന്നും,
ആര്‍ക്കൊക്കെ ബ്ലോഗിനു കോപ്പൊക്കെ തീര്‍ന്നെന്നും,
ജോലി കുമിഞ്ഞെന്നും,
സമയം കുറഞ്ഞെന്നും,
പ്രാരബ്ധമായെന്നും,
സ്വാതന്ത്ര്യം പോയെന്നും,
ബ്ലോഗുറവ വറ്റീന്നും,
നാട്ടീന്നു പോണെന്നും,
കമ്പ്യൂട്ടര്‍ ചത്തെന്നും,
ഭാഷ മറന്നെന്നും,
വരമൊഴി മറന്നെന്നും,
ആല്‍‌ഷെമിഴ്സ് ബാധിച്ചു മൊത്തം മറന്നെന്നും,
കൈവിരല്‍ വിറച്ചെന്നും,
വിറ വിട്ട കൈകള്‍ക്കു കൂച്ചുവിലങ്ങെന്നും,
കണ്ണുകളടഞ്ഞെന്നും,
അടയാത്ത കണ്‍കളില്‍ തിമിരം പിടിച്ചെന്നും,
പതറുന്നു വാക്കെന്നും,
പതറാത്ത വാക്കുകളില്‍ ഗര്‍വ്വം കലര്‍ന്നെന്നും,
അരുതാത്ത ചെയ്തികളില്‍ ജീവിതമലഞ്ഞെന്നും,
അലറുന്ന കാലത്തൊടെതിരേറ്റു തോറ്റെന്നും,
അറിയുന്നതാരുണ്ടു്?

അതിനാല്‍,

വരിക സഖാക്കളേ,
അരികത്തു ചേര്‍ന്നു നില്‍ക്കൂ…
ഒരുമിച്ചു കൈകള്‍ കോര്‍ത്തെതിരേറ്റിടാം നമുക്കിന്നത്തെ വിഷുവിനെ,
എന്നിട്ടു നമ്മള്‍ക്കു
കുശുകുശുപ്പില്ലാത്ത,
കുന്നായ്മയില്ലാത്ത,
പരിഹാസമുതിരാത്ത,
സഹജരെക്കുത്താത്ത,
സഹനവും സമതയും കൈയില്‍ മുതലായുള്ള
പുതിയൊരു ബൂലോകമുണ്ടാക്കിടാം, അതില്‍
പുതിയൊരു സൌഹാര്‍ദ്ദമേകാം, പരസ്പരം
ഊന്നുവടികളായ് നില്‍ക്കാം….

(കക്കാടിനോടും അയ്യപ്പപ്പണിക്കരോടും കടപ്പാടു്)

പലവക (General)

Comments (9)

Permalink

മാതൃഭൂമിക്കെവിടെയാണു തെറ്റുപറ്റിയതു്?

കിടന്നിട്ടു് ഉറക്കം ശരിയായില്ല. മാതൃഭൂമി പഞ്ചാംഗത്തിനു് ഇങ്ങനെയൊരു തെറ്റു വരാന്‍ എന്താണു കാരണം എന്ന ഒരു കണ്‍ഫ്യൂഷന്‍.

ഇന്നലെ നാട്ടില്‍ നിന്നു മടങ്ങി വന്ന ഒരു സുഹൃത്തു് ഇക്കൊല്ലത്തെ ഒരു മാതൃഭൂമി കലണ്ടര്‍ കൊണ്ടു തന്നിരുന്നു. അതിലെ സംക്രമങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി – എല്ലാ സംക്രമങ്ങള്‍ക്കും ഏകദേശം 33 മിനിട്ടിന്റെ വ്യത്യാസമുണ്ടു്.

ഇക്കൊല്ലത്തെ സംക്രമങ്ങളുടെ സമയങ്ങള്‍ താഴെച്ചേര്‍ക്കുന്നു:

മലയാളമാസം സംക്രമം സംക്രമസമയം സംക്രമസമയം
(തീയതി) (ഞാന്‍) (മാതൃഭൂമി)
മകരം 2006/01/14 11:53 A 11:26 A
കുംഭം 2006/02/13 12:53 A 12:21 A
മീനം 2006/03/14 09:45 P 09:11 P
മേടം 2006/04/14 06:15 A 05:39 A
ഇടവം 2006/05/15 03:08 A 02:33 A
മിഥുനം 2006/06/15 09:44 A 09:14 A
കര്‍ക്കടകം 2006/07/16 08:36 P 08:09 P
ചിങ്ങം 2006/08/17 05:00 A 04:35 A
കന്നി 2006/09/17 04:56 A 04:33 A
തുലാം 2006/10/17 04:53 P 04:31 P
വൃശ്ചികം 2006/11/16 04:41 P 04:17 P
ധനു 2006/12/16 07:19 A 06:54 A

ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നതു താഴെപ്പറയുന്നവയില്‍ ഒന്നു സംഭവിച്ചിരിക്കാം എന്നാണു്:

  1. മാതൃഭൂമിക്കു് എന്തോ ഭീമാബദ്ധം പറ്റി. അവരുടെ ചരിത്രം നോക്കിയാല്‍ ഇങ്ങനെ വരാന്‍ സാദ്ധ്യത കുറവാണു്.
  2. അവര്‍ ലാഹിരിയുടെ അയനാംശമല്ല, മറ്റേതോ അയനാംശമാണു് ഉപയോഗിക്കുന്നതു്. മിക്കവാറും ഇതാണു കാരണം എന്നാണു തോന്നുന്നതു്.

അയനാംശം എന്നു പറയുന്നതെന്താണെന്നു പറയാന്‍ മറ്റൊരു പോസ്റ്റു വേണ്ടി വരും. (എനിക്കെന്നാണോ ഇതൊക്കെ എഴുതാന്‍ സമയം കിട്ടുക? 🙁 ) എങ്കിലും ചുരുക്കമായി പറയാം.

പാശ്ചാത്യര്‍ ഭൂമിയെ അപേക്ഷിച്ചു് സൂര്യനുള്ള ചലനത്തിന്റെ അടിസ്ഥാനത്തിലാണു് സംക്രമങ്ങള്‍ കണക്കാക്കുക. അവര്‍ക്കു് മാര്‍ച്ച് 21-നാണു മേടസംക്രമം. (First point of Aries). അന്നാണു് സൂര്യന്‍ ഭൂമദ്ധ്യരേഖ തെക്കു നിന്നു വടക്കോട്ടു മുറിച്ചുകടക്കുന്നതു്. അന്നാണു് ഭൂമിയിലെവിടെയും രാത്രിയും പകലും തുല്യദൈര്‍ഗ്ഘ്യത്തോടെ വരുന്നതു്. (സെപ്റ്റംബര്‍ 23-നും ഇതു സംഭവിക്കും – സൂര്യന്‍ വടക്കുനിന്നു തെക്കോട്ടു കടക്കുമ്പോള്‍ – തുലാസംക്രമം – First point of Libra). ശരിക്കു് വിഷു വരേണ്ടതു് ഈ ദിവസമാണു്, നിര്‍വ്വചനമനുസരിച്ചു്. കൂടുതല്‍ ശാസ്ത്രീയവും ഇതാണു്.

പക്ഷേ, സൂര്യനെ അപേക്ഷിച്ചു നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നു എന്നു കരുതിയ ഭാരതീയര്‍ നക്ഷത്രങ്ങളെയാണു് സ്ഥാനമാനത്തിനു് ഉപയോഗിച്ചതു്. ജ്യോതിശ്ചക്രത്തെ (360 ഡിഗ്രി) അവര്‍ ഇരുപത്തേഴായി വിഭജിച്ചു് ഓരോ ഭാഗവും (13 ഡിഗ്രി 20 മിനിട്ടു്) അവിടെയുള്ള ഓരോ നക്ഷത്രത്തിനു (അശ്വതി, ഭരണി തുടങ്ങിയവ) കൊടുത്തു. ഇതനുസരിച്ചു്, രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കുള്ള സ്ഥലം പൂജ്യം ഡിഗ്രിയിലും ചിത്തിരയുടെ മദ്ധ്യം 180 ഡിഗ്രിയിലുമായിരുന്നു.

ഇതു് ക്രി. പി. ആറാം നൂറ്റാണ്ടിലെ (ആര്യഭടന്റെ കാലം) കാര്യം. ലോകത്തില്‍ ഒന്നും സ്ഥിരമല്ല. ഇന്നു് അശ്വതിയുടെ ആദിക്കും ചിത്തിരയ്ക്കും ഇടയ്ക്കുള്ള ആംഗിള്‍ 180 ഡിഗ്രി അല്ല. അതുപോലെ തന്നെ മറ്റു നക്ഷത്രങ്ങളും. ഇവയില്‍ ഏതു നക്ഷത്രത്തെ അടിസ്ഥാനമാക്കി വേണം സ്ഥാനമാനം എന്നു് ഭാരതീയശാസ്ത്രജ്ഞന്മാര്‍ കലഹിക്കാന്‍‍ തുടങ്ങി. ഇന്നും ആ കലഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പാശ്ചാത്യരുടെ സൂര്യനെ അടിസ്ഥാനമാക്കിയുള്ള തിയറിയില്‍ നിന്നു് ഒരു പ്രത്യേകഭാരതീയമാനത്തിനു് എത്ര ഡിഗ്രി വ്യത്യാസമുണ്ടു് എന്ന അളവാണു് അയനാംശം. ഇതു പലര്‍ക്കും പലതാണു്. ഉദാഹരണമായി 2000 തുടങ്ങുമ്പോഴുള്ള പല അയനാംശങ്ങളും താഴെച്ചേര്‍ക്കുന്നു.

ലാഹിരി 23:51:41
ബി. വി. രാമന്‍ 22:24:11
Fagan/Bradley 24:44:11
ഉഷ – ശശി 20:03:26
കൃഷ്ണമൂര്‍ത്തി 23:45:06
ദേവദത്ത 23:28:34

ഇതനുസരിച്ചു് ഗ്രഹസ്ഫുടങ്ങള്‍ക്കും സംക്രമസമയങ്ങള്‍ക്കും (നക്ഷത്രം, ഞാറ്റുവേല തുടങ്ങിയവയ്ക്കും ഇതു ബാധകമാണു്) വ്യത്യാസമുണ്ടാകും. ഭാരതസര്‍ക്കാര്‍ അംഗീകരിച്ചരിക്കുന്നതു് (എന്റെ അറിവില്‍) ലാഹിരിയുടെ അയനാംശമാണു്.

അയനാംശം, അതു് ഏതു പദ്ധതിയാണെങ്കിലും, ഒരു സ്ഥിരസംഖ്യയല്ല. അതു കൂടിക്കൊണ്ടിരിക്കുന്നു.

ഞാന്‍ എന്റെ കണക്കുകൂട്ടലുകള്‍ക്കുപയോഗിച്ചിരിക്കുന്നതു് ലാഹിരിയുടെ അയനാംശമാണു്. കൃത്യമായിപ്പറഞ്ഞാല്‍, ലാഹിരിയുടെ പട്ടികകളില്‍ നിന്നു് ഞാന്‍ least square fitting ഉപയോഗിച്ചു് ഉണ്ടാക്കിയെടുത്ത

അയനാംശം =

എന്ന സൂത്രവാക്യം. ഇതില്‍ c എന്നതു് 2000 ജനുവരി 1 നട്ടുച്ച (GMT) മുതലുള്ള നൂറ്റാണ്ടുകളുടെ എണ്ണം (2000-ത്തിനു മുമ്പുള്ള തീയതികള്‍ക്കു് ഇതു നെഗറ്റീവായിരിക്കും.) ഒരു ഭിന്നമായി കൊടുത്തതാണു്.

ഈ അടുത്തകാലത്തു് കൃഷ്ണമൂര്‍ത്തിയുടെ പദ്ധതിയാണു “കൂടുതല്‍ ശരി” എന്നു് വളരെ ജ്യോത്സ്യന്മാര്‍ (ഭാവിഫലം ശരിയാകാനാണേ, ശാസ്ത്രത്തിനു വേണ്ടിയല്ല!) വാദിക്കുന്നുണ്ടു്.

എനിക്കു തോന്നുന്നതു് മാതൃഭൂമി ഇപ്പോള്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുന്നതു് എന്നാണു്.

ഇതു് തെറ്റെന്നു പറഞ്ഞുകൂടാ. എല്ലാം ഒരുപോലെ ശരിയാണു്. അഥവാ എല്ലാം ഒരുപോലെ തെറ്റും. ഇതില്‍ ഞാന്‍ പൂര്‍ണ്ണമായും നിഷ്പക്ഷനാണു്. കണ്‍ഫ്യൂഷന്‍ കുറവുള്ള പാശ്ചാത്യരീതിയോടാണു് എനിക്കു ചായ്‌വു്. പക്ഷേ ഭാരതീയര്‍ അതു സമ്മതിക്കുമെന്നു തോന്നുന്നില്ല.

മാതൃഭൂമി മിക്കവാറും വിശദീകരണം പ്രസിദ്ധീകരിച്ചേക്കും. ആരെങ്കിലും അതു കണ്ടാല്‍ ദയവായി ഇവിടെയൊരു കമന്റിടുക.

കലണ്ടര്‍ (Calendar)
ഭാരതീയഗണിതം (Indian Mathematics)

Comments (5)

Permalink

വിഷു, മാതൃഭൂമി, മനോരമ…

കുട്ട്യേടത്തി അയച്ചു തന്ന മനോരമ ലിങ്കിലെ വസ്തുതകളെപ്പറ്റിയുള്ള ആദ്യത്തെ പ്രതികരണമാണിതു്.

ഈ പോസ്റ്റിന്റെ കമന്റില്‍ ഞാന്‍ “മനോരമ എഴുതിയിരിക്കുന്നതു് ടോട്ടല്‍ നോണ്‍സെന്‍സ് ആണു്…” എന്നെഴുതിയിരുന്നു. അതു തെറ്റാണു്. പതിനാറു കൊല്ലം മുമ്പുണ്ടായ ഒരു തര്‍ക്കത്തിന്റെ മുന്‍‌വിധിയില്‍ കണക്കൊന്നും കൂട്ടാതെ പറഞ്ഞതാണു്. ക്ഷമിക്കുക.

മനോരമ പറയുന്നതിലും കാര്യമുണ്ടു്. എങ്കിലും അവര്‍ പറയുന്നതു മുഴുവനും ശരിയല്ല. വിഷു 14-നു തന്നെ.

മനോരമ ലേഖനത്തിലെ പ്രധാന വസ്തുതകള്‍

  1. വി. പി.കെ. പൊതുവാള്‍ ഗണിച്ച മാതൃഭൂമി പഞ്ചാംഗമനുസരിച്ചു് മേടസംക്രമം 14-നു വെളുപ്പിനു് 5:39-നാണു്. ഇതു തെറ്റാണു്.
  2. ശരിയായ മേടസംക്രമം വെളുപ്പിനു് 6:19-നാണു്. ഇതാണു് അധികഗണിതജ്ഞരും അംഗീകരിക്കുന്നതു്.
  3. സൂര്യോദയം വിവിധസ്ഥലങ്ങളില്‍ വിവിധസമയത്താണു്. തിരുവനന്തപുരം – 6:17, കൊച്ചി – 6:18, കോഴിക്കോടു് – 6:20, കണ്ണൂര്‍ – 6:20, കാസര്‍കോടു് – 6:20 എന്നിങ്ങനെയാണു്.
  4. തിരുവനന്തപുരത്തു് ഉദയത്തിനു ശേഷം രണ്ടു മിനിട്ടു കഴിഞ്ഞിട്ടാണു് മേടസംക്രമം. അതിനാല്‍ പിറ്റേന്നാണു വിഷുക്കണി.

എന്റെ നിരീക്ഷണങ്ങള്‍

ഞാന്‍ ജ്യോതിശ്ശാസ്ത്രം, കലണ്ടര്‍, കൊല്ലവര്‍ഷം തുടങ്ങിയവയുടെ ഗണിതക്രിയകള്‍ ഉള്‍ക്കൊള്ളുന്ന ഏതാനും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതിയിട്ടുണ്ടു്. മറ്റു പല രീതികള്‍ പോലെ interpolation പോലെയുള്ള ഏകദേശരീതികള്‍ ഉപയോഗിച്ചല്ല, ആധുനികശാസ്ത്രത്തിന്റെ ഡാറ്റ ഉപയോഗിച്ചാണു് ഇതുണ്ടാക്കിയിട്ടുണ്ടു്. ലോകത്തു പല സ്ഥലത്തു നിന്നും ഇറങ്ങുന്ന അല്‍മനാക്കുകളും പഞ്ചാംഗങ്ങളും ഉപയോഗിച്ചു് ഇതിന്റെ സാധുത സ്ഥിരീകരിച്ചിട്ടുണ്ടു്.

ഇതിന്റെ വെളിച്ചത്തില്‍ മുകളില്‍ പറയുന്ന നാലു വസ്തുതകളെ ഒന്നു പരിശോധിക്കട്ടേ.

  1. മനോരമ പറഞ്ഞതു ശരിയാണു്. മാതൃഭൂമിക്കും പൊതുവാളിനും തെറ്റുപറ്റിപ്പോയി. എന്റെ കണക്കുകൂട്ടലില്‍ 6:15-നാണു മേടസംക്രമം. പൊതുവാളിന്റെ 5:39 ഒരു ഭീമാബദ്ധമാണു്.
  2. ശരിയായ മേടസംക്രമം വെളുപ്പിനു് 6:15-നാണു്. അധികഗണിതജ്ഞരും അംഗീകരിക്കുന്ന മൂല്യമെന്നു മനോരമ പറയുന്ന സമയത്തെക്കാള്‍ നാലു മിനിറ്റു മുമ്പു്. (ഈ നാലു മിനിറ്റ് ഇവിടെ വളരെ വലുതാണേ!)
  3. ഇവിടെയും മനോരമ ശരിയാണു്. കേരളത്തിലെ വിവിധസ്ഥലങ്ങളിലെ ഉദയം താഴെച്ചേര്‍ക്കുന്നു:
    സ്ഥലം അക്ഷാംശം രേഖാംശം ഉദയം മനോരമ
    (ഡിഗ്രി:മിനിട്ട് N) (ഡിഗ്രി:മിനിട്ട് E) (AM IST) (AM IST)
    പാറശ്ശാല 08:28 76:55 06:17
    തിരുവനന്തപുരം 08:29 76:59 06:17 06:17
    ശബരിമല 09:22 76:49 06:17
    കൊച്ചി 09:58 76:17 06:18 06:18
    ആലുവ 10:07 76:24 06:18
    ഗുരുവായൂര്‍ 09:34 76:31 06:18 06:18
    പാലക്കാടു് 10:46 76:39 06:16
    കോഴിക്കോടു് 11:15 75:49 06:19 06:20
    കണ്ണൂര്‍ 11:52 75:25 06:20 06:20
    കാസര്‍കോടു് 12:30 75:00 06:22 06:22
  4. ഇവിടെ മനോരമയ്ക്കും കേരളസര്‍ക്കാരിനും തെറ്റുപറ്റി. ഇവയില്‍ ഒരു സ്ഥലത്തും ഉദയത്തിനു ശേഷമല്ല മേടസംക്രമം. അതിനാല്‍ എല്ലായിടത്തും വിഷു 14-നു തന്നെ.

ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നതു് ഇതാണു്: മാതൃഭൂമി പഞ്ചാംഗം ഗണിച്ച വി. പി. കെ. പൊതുവാളിനു് ഒരു വലിയ അബദ്ധം പറ്റിപ്പോയി. മനോരമ അതു കണ്ടുപിടിച്ചു. തൊണ്ണൂറുകളുടെ ആദ്യം സംഭവിച്ച ക്ഷീണം വിട്ടുമാറാത്ത (അന്നു് ഇതുപോലൊരു തര്‍ക്കമുണ്ടായിട്ടു് മാതൃഭൂമിയുടെ വാദമാണു ശരിയെന്നു തീരുമാനമുണ്ടായി) മനോരമ ഈ അവസരം ശരിക്കു വിനിയോഗിച്ചു. പക്ഷേ ഇതു മൂലം വിഷുവിന്റെ തീയതി തെറ്റിയിട്ടില്ല. സര്‍ക്കാരിന്റെ കലണ്ടറിലെ തെറ്റു് വികലമായ കണക്കുകൂട്ടലിന്റെ ഫലമാണു്.

തമിഴ്‌നാട്ടില്‍ 15-നാണു വിഷുക്കണി എന്നു മനോരമ പറയുന്നതു ശരിയാണു്. കുറച്ചുകൂടി കിഴക്കുള്ള അവര്‍ക്കു സൂര്യന്‍ അല്പം നേരത്തെ ഉദിക്കും. അതുകൊണ്ടു് സൂര്യോദയത്തിനു ശേഷമേ മേടസംക്രമം ഉണ്ടാവുകയുള്ളൂ.

അതിനാല്‍, കേരളത്തിലും അതിനു പടിഞ്ഞാറോട്ടു് അമേരിക്ക വരെയുള്ളവര്‍ 14-നു തന്നെ വിഷു ആഘോഷിച്ചു കൊള്ളൂ. കേരളത്തിനു കിഴക്കുള്ളവള്‍ 15-നാണെന്നു തോന്നുന്നു. വക്കാരി ഏതായലും 14-നു തന്നെ ആഘോഷിക്കൂ. 15-നു വേണോ എന്നു് ഞാന്‍ ഒരു ദിവസത്തിനകം പറയാം.

തോന്നുന്നു എന്നു പറഞ്ഞതു് എന്റെ അറിവുകേടു കൊണ്ടാണു്. വിഷു എന്നും മേടം 1-നാണെന്നാണു ഞാന്‍ കരുതിയിരുന്നതു്. അല്ലെന്നു തോന്നുന്നു. വിശദമായി അന്വേഷിച്ചതിനു ശേഷം അതിനെപ്പറ്റി എഴുതാം. മേടം 1 ഏതായാലും 14-നു തന്നെ.

വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന തര്‍ക്കം ഒന്നാം തീയതിയെപ്പറ്റിയായിരുന്നു. വിഷുവാണോ ആണ്ടുപിറപ്പാണോ (ചിങ്ങം 1) എന്നു് ഓര്‍മ്മയില്ല.

മലയാളമാസം ഒന്നാം തീയതി കണ്ടുപിടിക്കുന്നതു് ഇങ്ങനെയാണു്:

സൂര്യന്‍ മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കുന്നതു് (മേടസംക്രമം) എപ്പോഴാണെന്നു നോക്കുക. (കലണ്ടറില്‍ കാണും. അല്ലെങ്കില്‍ കണക്കുകൂട്ടുക.)

ഈ സമയം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെങ്കില്‍, ആ ദിവസം തന്നെ ഒന്നാം തീയതിയും വിഷുവും. മദ്ധ്യാഹ്നത്തിനു ശേഷമാണെങ്കില്‍ പിറ്റേന്നും.

ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും. (ഇതായിരുന്നു മാതൃഭൂമിയും മനോരമയും തമ്മിലുള്ള തര്‍ക്കം. മനോരമ ഉച്ച എന്നു കരുതി. ആ വര്‍ഷം സംക്രമം 12 മണിക്കും 1:12-നും ഇടയ്ക്കായിരുന്നു)

പിന്നെ, വടക്കേ മലബാറില്‍ ഈ പ്രശ്നമൊന്നുമില്ല. അവിടെ എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. ഇതും മാതൃഭൂമി കലണ്ടറില്‍ കാണാം. “വടക്കേ മലബാറില്‍ ചിങ്ങം … ദിവസം. … -നു കന്നി 1.” എന്നിങ്ങനെ. സൂക്ഷിച്ചു നോക്കിയാല്‍, ആ മാസങ്ങളുടെ സംക്രമം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെന്നു കാണാം.

പൊതുവാള്‍ അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ഇതുവരെ മാതൃഭൂമി കലണ്ടറിനെ വലിയ വിശ്വാസവും ബഹുമാനവുമായിരുന്നു. (നാട്ടില്‍ പോയ ഒരു സുഹൃത്തിനോടു പറഞ്ഞു് ഇന്നലെ ഒന്നു കിട്ടിയതേ ഉള്ളൂ.) അതു പോയിക്കിട്ടി.

മനോരമയും അതേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നു തോന്നുന്നു.

(ദയവായി ഇതുകൂടി വായിക്കുക.)

കലണ്ടര്‍ (Calendar)
ഭാരതീയഗണിതം (Indian Mathematics)

Comments (28)

Permalink

മഞ്ഞു വേണോ മഞ്ഞു്?

അമേരിക്കയിലെ സ്നോയുടെ പടങ്ങള്‍ വേണമെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇതാ കുറേ ചിത്രങ്ങള്‍:

ഇവിടെ ഞെക്കൂ. എന്നിട്ടു് അവസാനത്തെ (Nabyl’s snow pictures) എന്ന ആല്‍ബം കാണൂ.

കുറഞ്ഞ റെസൊലൂഷനിലാണു് പടം പ്രത്യക്ഷമാവുക. എങ്കിലും അതിന്റെ പൂര്‍ണ്ണവലിപ്പത്തില്‍ കാണാനുള്ള സംവിധാനം ഓരോ പേജിന്റെയും മുകളില്‍ വലത്തു മൂലയിലുണ്ടു്.

എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ Nabyl Bennouri തന്റെ സുഹൃത്തുക്കളോടൊപ്പം മൌണ്ട് ഹുഡ് എന്ന മലയുടെ മുകളില്‍ നടത്തിയ കസര്‍ത്തുകളുടെ പടങ്ങളാണു് അവിടെ. ഫോട്ടോകള്‍ ആര്‍ക്കും കാണുകയോ ഡൌണ്‍‌ലോഡു ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാം. അവന്റെ പേരു പറയുകയാണെങ്കില്‍ നന്നു് എന്ന ഒരു അഭിപ്രായം മാത്രമേ അവനുള്ളൂ.

സൂ, കൊള്ളാവുന്നതുണ്ടെങ്കില്‍ അടിക്കുറിപ്പുസഭയിലേക്കും എടുത്തുകൊള്ളൂ.

പിന്മൊഴി: ഇതേ സ്ഥലത്തു തന്നെയുള്ള In the snow എന്ന ആല്‍ബത്തിലും അതേ മല തന്നെയാണു്. എന്തൊരന്തരം! കാശു കൊടുത്തു് ക്യാമറ വാങ്ങണമെന്നു പറയുന്നതു് ഇതാണു് 🙂

ചിത്രങ്ങള്‍ (Photos)

Comments (4)

Permalink

പരല്‍പ്പേരു് – വിക്കിപീഡിയയിലും സോഴ്സ്ഫോര്‍ജിലും

ഗണിതശാസ്ത്രത്തിനു ദക്ഷിണഭാരതത്തിന്റെ – പ്രത്യേകിച്ചു കേരളത്തിന്റെ – സംഭാവനകളിലൊന്നായ പരല്‍പ്പേരിനെപ്പറ്റി ഞാന്‍ ഇവിടെ എഴുതിയ ലേഖനങ്ങള്‍ (1, 2)അധികം ആളുകള്‍ക്കും അജ്ഞാതമായിരുന്ന ആ രീതിയെ പരിചയപ്പെടുത്താന്‍ ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. ആ ലേഖനങ്ങള്‍ താഴെപ്പറയുന്നവയ്ക്കു പ്രചോദനമായതില്‍ അതിലും സന്തോഷം.

  1. പരല്‍പ്പേരിനെപ്പറ്റി ഒരു ലേഖനം വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പരല്‍പ്പേരിനെപ്പറ്റിയുള്ള എന്റെ എല്ലാ ലേഖനങ്ങളുടെയും സംഗ്രഹം അവിടെ കാണാം.
  2. അഞ്ജലീപിതാവായ കെവിന്‍ പരല്‍പ്പേരിലുള്ള ഒരു വാക്കോ വാക്യമോ സംഖ്യയാക്കാനുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി. പ്രോഗ്രാമും അതിന്റെ സോഴ്സും സോഴ്സ്ഫോര്‍ജിലുള്ള ഇവിടെ നിന്നു കിട്ടും.

കെവിന്റെ പ്രോഗ്രാം ഒരു നല്ല കൊച്ചു പ്രോഗ്രാമാണു്. നന്ദി കെവിന്‍. ഇതിനെ അടിസ്ഥാനമാക്കി ആരെങ്കിലും ഒരു വെബ് പ്രോഗ്രാം കൂടി എഴുതുമോ – PHP-യിലോ മറ്റോ?

ഭാരതീയഗണിതം (Indian Mathematics)

Comments (8)

Permalink

ശ്ലോകമോഷണം

അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:


“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”

ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:


മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:

ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.

ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:


മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)

എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!

( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink

അച്ഛനും മകനും

പെരിങ്ങോടരുടെ അപേക്ഷപ്രകാരം കുറച്ചു കവിതകള്‍ ചൊല്ലി ബ്ലോഗിലിട്ടേക്കാമെന്നു കരുതി ഒരു മൈക്കും വാങ്ങി audocity എന്ന സോഫ്റ്റ്‌വെയറും താഴെയിറക്കി അതില്‍ നിന്നു് MP3 ഉണ്ടാകാന്‍ LAME എന്ന വേറേ ഒരു കുന്ത്രാണ്ടവും സംഘടിപ്പിച്ചു് അരയും തലയും തൊണ്ടയും മുറുക്കി മുഹൂര്‍ത്തവും നോക്കി തുടങ്ങിയപ്പോഴാണു് പ്രശ്നം.

എന്റെ അഞ്ചുവയസ്സുകാരന്‍ മകന്‍, വിശാഖ്, പെട്ടെന്നു് ഒരു പാട്ടുകാരനായി മാറി. അവനറിയാവുന്നതും അല്ലാത്തതുമായ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്യുകയാണു് അവന്റെ ഇപ്പോഴത്തെ കളി. ഇതിനിടെ നൂറോളം ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിക്കഴിഞ്ഞു. അവന്റെ audocity പ്രോജക്റ്റുകളും MP3 ഫയലുകളും കൊണ്ടു് എന്റെ ഹാര്‍ഡ്‌ഡിസ്കു തീര്‍ന്നുപോകുമെന്നാണു പേടി.

ഇടയ്ക്കിടെ എന്നെയും പാടാന്‍ സമ്മതിക്കും. അവന്റെ കൂടെ പിന്നണി പാടാന്‍ മാത്രം. ഒരുദാഹരണം ഇതാ:

download MP3

ഇക്കഴിഞ്ഞ നവംബറില്‍ ഇവിടെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന “കേരളോത്സവ”ത്തില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ഒരു ലഘുനാടകം അവതരിപ്പിച്ചിരുന്നു. പല സിനിമകളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും മിമിക്സ് പരേഡുകളില്‍ നിന്നും അടിച്ചുമാറ്റിയ ഫലിതങ്ങള്‍ ചേര്‍ത്തു് ഒരു അച്ഛന്റെയും മകന്റെയും തര്‍ക്കത്തിന്റെ രൂപത്തില്‍ ഞാന്‍ തയ്യാറാക്കിയ ഒരു സ്കിറ്റ്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.

ഈ സ്കിറ്റ് ഒന്നു റെക്കോര്‍ഡു ചെയ്യണം എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി അവന്റെ ഡിമാന്‍ഡ്. അഞ്ചാറു മാസം കഴിഞ്ഞതുകൊണ്ടു ഡയലോഗൊക്കെ മറന്നുപോയിരുന്നെങ്കിലും അവസാനം ഞങ്ങള്‍ അതും ചെയ്തു. ദാ ഇവിടെ കേള്‍ക്കാം:

download MP3

അതു കഴിഞ്ഞപ്പോള്‍, ഇനി അവന്‍ അച്ഛനും ഞാന്‍ മകനുമായി ഇതു് ഒന്നുകൂടി റെക്കോര്‍ഡു ചെയ്യണം എന്നായി നിര്‍ബന്ധം. അങ്ങനെ അതും ചെയ്തു. ദാ, ഇവിടെ:

download MP3

പെരിങ്ങോടരേ, “സഫലമീ യാത്ര” തീരുമ്പോഴേക്കു ദശാബ്ദങ്ങള്‍ കഴിയും….

വിശാഖ്
വൈയക്തികം (Personal)
ശബ്ദം (Audio)

Comments (48)

Permalink

അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (2)

Permalink

യാത്രാമൊഴി (Sergei Esenin)

പ്രശസ്ത റഷ്യന്‍ കവി സെര്‍ഗെയ്‌ എസെനിന്‍ ആത്മഹത്യയ്ക്കു തൊട്ടുമുമ്പു്‌ എഴുതിയ കവിതയുടെ പരിഭാഷ. 1988-ല്‍ റഷ്യനില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയതു്‌.

പരിഭാഷ മൂലകവിത
വിട ചൊല്‍വു ഞാന്‍ നിന്നൊടെന്‍ തോഴ, നീയെന്റെ
ഹൃദയത്തിലെന്നുമുണ്ടല്ലോ
പിരിയാന്‍ വിധിച്ച വിധി തന്നെ നാമൊന്നു കൂ-
ടൊരുമിക്കുവാന്‍ വിധി നല്‍കും.

വിട, ഹസ്തദാനമി, ല്ലുരിയാട്ടമില്ല, നാം
പിരിയുന്നു, കണ്‍കള്‍ നിറയേണ്ട,
പുതുതല്ല മരണമീ ലോകത്തി, ലെങ്കിലും
പുതുമയുണ്ടോ ജീവിതത്തില്‍?
До свиданья, друг мой, до свиданья.
Милый мой, ты у меня в груди.
Предназначенное расставанье
Обещает встречу впереди.

До свиданья, друг мой, без руки, без слова,
Не грусти и не печаль бровей,-
В этой жизни умирать не ново,
Но и жить, конечно, не новей.

വിക്കിപീഡിയയിലെ ഈ ലേഖനം എസെനിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. അതിന്റെ അവസാനത്തില്‍ ഇതിന്റെ മൂലകവിതയും ഒരു ഇംഗ്ലീഷ്‌ പരിഭാഷയും കൊടുത്തിട്ടുണ്ടു്‌.

എസെനിന്റെ മരണക്കുറിപ്പെന്നതില്‍ കൂടുതലായി കാര്യമായ മാഹാത്മ്യമില്ലാത്ത ഒരു കവിതയാണിതു്‌. എസെനിന്‍ എന്റെ പ്രിയപ്പെട്ട റഷ്യന്‍ കവിയാണെങ്കിലും, ഞാന്‍ അദ്ദേഹത്തിന്റെ ഈ കവിത മാത്രമേ ഇതുവരെ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

വേര്‍ഡ്പ്രെസ്സില്‍ നിന്നു പിന്മൊഴിയിലേക്കു്

ബ്ലോഗറിലുള്ള ബ്ലോഗുകളുടെ മലയാളം കമന്റുകള്‍ പിന്മൊഴിയിലേക്കു വിടാന്‍ വളരെ എളുപ്പമാണു്. Settings->Comments->Comment Notification Address-ല്‍ pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നു കൊടുത്താല്‍ മതി.

വേര്‍ഡ്‌പ്രെസ്സിലാണെങ്കില്‍ ഇതത്ര എളുപ്പമല്ല. എങ്കിലും അതിനു് ഇപ്പോള്‍ ചില സംവിധാനങ്ങളുണ്ടു് – പ്രധാനമായി ഏവൂരാന്റെ പരിശ്രമത്തിന്റെ ഫലമായി.

വേര്‍ഡ്‌പ്രെസ്സ് രണ്ടു വിധത്തില്‍ ഉപയോഗിക്കാം.

  1. wordpress.com-ല്‍ സൌജന്യമായി ഒരു പേജ് കിട്ടും. ബ്ലോഗര്‍ പോലെ തന്നെ. ബ്ലോഗറിനെ അപേക്ഷിച്ചു് പല നല്ല ഗുണങ്ങളും ഉണ്ടെങ്കിലും, ചില കാര്യങ്ങളില്‍ ബ്ലോഗറിനെക്കാള്‍ മോശവുമാണു്.
  2. സ്വന്തമായ ഒരു സര്‍വറില്‍ ഹോസ്റ്റു ചെയ്യാന്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റാള്‍ ചെയ്തു് ഉപയോഗിക്കാം. ഇതും സൌജന്യമാണു്. ഇവിടെ വേര്‍ഡ്‌പ്രെസ്സിനെ നമുക്കു സമയവും വിവരമുണ്ടെങ്കില്‍ എത്ര വേണമെങ്കിലും നല്ലതാക്കാം. (ബ്ലോഗറിലും ഈ സംവിധാനമുണ്ടു്. ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.)

ഈ രണ്ടു രീതിയിലും കമന്റുകള്‍ പിന്മൊഴികളിലേക്കു വിടാനുള്ള വിദ്യ താഴെച്ചേര്‍ക്കുന്നു:

wordpress.com-ലെ ബ്ലോഗുകള്‍

ബ്ലോഗര്‍ പോലെ തന്നെ കമന്റുകള്‍ ഒരു ഇ-മെയിലിലേക്കു വിടാന്‍ സംവിധാനമുണ്ടു്. സാധാരണയായി, പോസ്റ്റിട്ട ആളുടെ ഇ-മെയില്‍ അഡ്രസ്സിലേക്കാണു കമന്റുകള്‍ പോവുക. ഒരാള്‍ മാത്രം കൊണ്ടുനടക്കുന്ന ബ്ലോഗാണെങ്കില്‍ Dashboard->Options->General എന്ന സ്ഥലത്തു പോയി ഇ-മെയില്‍ അഡ്രസ്സു മാറ്റിയാല്‍ മതി.

അപ്പോള്‍ പോസ്റ്റു ചെയ്യുന്ന ആളിന്റെ ഇ-മെയില്‍ ഐഡി pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിട്ടാല്‍ സംഗതി ശരിയാകും എന്നു തോന്നാം. പക്ഷേ, ഇതിനൊരു കുഴപ്പമുണ്ടു്. ഈ ഇ-മെയിലില്‍ കമന്റു കൂടാതെ അയച്ച ആളിന്റെ IP address തുടങ്ങിയ ചില കാര്യങ്ങളുണ്ടു്. അതു് പിന്മൊഴികളിലേക്കയയ്ക്കുന്നതു ശരിയല്ല.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഏവൂരാന്‍ ഒരു വഴി കൊടുത്തിട്ടുണ്ടു്. കമന്റുകളെ

എന്ന ഐഡിയിലേക്കയയ്ക്കുക. (സ്പാമന്മാരെ അകറ്റിനിര്‍ത്താനാണു് ഇ-മെയില്‍ ഐഡി ഇമേജായി കൊടുത്തിരിക്കുന്നതു്.) കമന്റിലെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമെടുത്തു് ഭംഗിയാക്കി ഏവൂരാന്‍ പിന്മൊഴികളിലേക്കയച്ചുകൊള്ളും.

ഒന്നുകൂടി നല്ല വഴി, കമന്റ് ഫില്‍ട്ടറിംഗ് ഉള്ള ഏതെങ്കിലും ഇ-മെയില്‍ സിസ്റ്റത്തിലേക്കു് (ഉദാ: ജി-മെയില്‍) അയച്ചിട്ടു് അതിനെ അവിടെനിന്നു ഏവൂരാനു ഫോര്‍വേര്‍ഡു ചെയ്യുകയാണു്. വേര്‍ഡ്‌പ്രെസ്സ് കമന്റുകളില്‍ മാത്രം കാണുന്ന “Author:”, “Whois:” തുടങ്ങിയ വാക്കുകള്‍ ഉള്ള മെസ്സേജുകള്‍ മാത്രം അയയ്ക്കാന്‍ ഒരു ഫില്‍ട്ടര്‍ എഴുതാന്‍ എളുപ്പമാണു്. (സംശയമുണ്ടെങ്കില്‍ ഈ പോസ്റ്റിനു് ഒരു കമന്റെഴുതി ചോദിക്കൂ.)

ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് ഏവൂരാന്റെ ഈ ലേഖനം വായിക്കൂ.

സ്വന്തം സര്‍വറില്‍ ഹോസ്റ്റു ചെയ്യുന്ന വേര്‍ഡ്‌പ്രെസ്സ് ബ്ലോഗുകള്‍

ഇവിടെയും ഏവൂരാന്റെ വിദ്യ തന്നെ ഉപയോഗിക്കാം. Dashboard->Options->General എന്ന സ്ഥലത്തുപോയി ഏവൂരാന്‍ തന്ന ഇ-മെയില്‍ ഐഡി അവിടെ കൊടുക്കാം. സമയക്കുറവുണ്ടെങ്കിലതു തന്നെ ഏറ്റവും എളുപ്പമുള്ള പണി.

അല്പം കൂടി സമയമുണ്ടെങ്കില്‍ മറ്റൊരു വഴിയുണ്ടു്. എങ്ങോട്ടു് ഇ-മെയില്‍ പോകണമെന്നതു് വേര്‍ഡ്‌പ്രെസ്സിന്റെ കോണ്‍ഫിഗറേഷന്‍ ഫയലുകളില്‍ത്തന്നെ പറയാം. അല്പസ്വല്പം PHP-യോ കട്ടിംഗ്/പേസ്റ്റിംഗ് വിദ്യയോ അറിഞ്ഞാല്‍ മതി. വേര്‍ഡ്‌പ്രെസ്സില്‍ നിന്നു പോസ്റ്റെഴുതുന്ന ആള്‍ക്കു കിട്ടുന്ന ഇ-മെയില്‍ വേണ്ടെന്നു വെയ്ക്കുകയും വേണ്ട. സ്പാമന്മാരെ കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ അതു വേണ്ടിവരും.

താഴെക്കൊടുക്കുന്നതു് റോക്സി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗത്തിന്റെ ഒരു പരിഷ്കൃതരൂപമാണു്. ഇതുപയോഗിച്ചാണു് ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴികളിലേക്കയയ്ക്കുന്നതു്.
(ഇതു തയ്യാറാക്കാന്‍ സഹായിച്ച റോക്സി, ഏവൂരാന്‍, സിബു എന്നിവര്‍ക്കു നന്ദി.)

  1. വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റലേഷനിലെ wp-includes ഡയറക്ടറിയിലുള്ള pluggable-functions.php എന്ന ഫയല്‍/പ്രോഗ്രാം കണ്ടുപിടിക്കുക.
  2. അതില്‍ wp_notify_postauthor($comment_id, $comment_type=”) എന്ന ഫങ്ക്ഷനുള്ളില്‍
    
       if ('comment' == $comment_type) {
          [code]
          [code]
          [code]
          ....
          [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]]
     } elseif ('trackback' == $comment_type) {
    
    

    എന്നു കാണാം. അതില്‍ [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]] എന്നു കൊടുത്തിരിക്കുന്നിടത്തു് ഈ വരികള്‍ ചേര്‍ക്കുക:

  3. ഇനി, താഴെ
       @wp_mail($user->user_email, $subject, $notify_message, $message_headers);
    

    എന്നതിനു ശേഷം ഈ വരികള്‍ വരികള്‍ ചേര്‍ക്കുക:

ഈ പ്രോഗ്രാം സേര്‍വറില്‍ സേവു ചെയ്തു കഴിഞ്ഞാല്‍ മലയാളം കമന്റുകള്‍ പിന്മൊഴികളില്‍ പൊയ്ക്കൊള്ളും.

ഒന്നു ശ്രമിച്ചുനോക്കൂ!

സാങ്കേതികം (Technical)

Comments (32)

Permalink