ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)
രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.
ഉപക്രമം
യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം
(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)
പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം
(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍സിനെ ഞാന്‍ നമസ്കരിക്കുന്നു.)
അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം
(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)
ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം
(ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)
ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്‌ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്‌ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).
മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).
ഇതു മാര്‍ക്സ്‌ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്‌ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മാര്‍ക്സ്‌ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്‌ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.
മാര്‍ക്സ്‌ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്‌യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.
മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.
കൃഷ്ണയജുര്‍വേദത്തില്‍ അനോണിമസ്‌ജി ഇങ്ങനെ പറയുന്നു.
അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)
“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.
ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:
മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)
“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്‍ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.
അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന്‍ തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്‍; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്‌യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.
കൃഷ്ണജി (മാ. മു. 58-ാം നൂറ്റാണ്ടു്) ഭഗവദ്‌ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)
“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.
ക്രിസ്തുജി (മാ. മു. 19-ാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:
മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)
“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്‌യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.
ന്യൂട്ടണ്‍ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:
മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം
“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്‍ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.
ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്‍ക്കരയില്‍ ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!
ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്‍കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.
കവിപരിചയം
മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്‍ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.
ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്‍ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള്‍ എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍ജി, വിഭീഷണന്‍, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.
അശ്വത്ഥാമാ ബലിര്‍വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ
ഈ വ്യാഖ്യാനത്തെപ്പറ്റി
പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.
ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ
അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:
ധ്യാനം
ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം
ശുക്ലാംബരധരം | : | വെളുത്ത വസ്ത്രം ധരിച്ചവനും |
ഭുക്തിമുക്തിപ്രദായകം | : | ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും |
തൂലികാ-സംയുതം | : | പേനയേന്തിയവനും |
ലോകശങ്കരം | : | ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ |
ശങ്കരം ദേവം | : | ശങ്കരന്‍ എന്ന ദേവനെ |
ധ്യായേ | : | (ഞാന്‍) ധ്യാനിക്കുന്നു |
മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.
ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.
അഷ്ടോത്തരനാമസ്തോത്രം
ഓം
എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്‍ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്‍ക്കുന്നു.
അ, ഉ, മ് എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.
അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)
എന്ന പ്രമാണമനുസരിച്ചു് അകാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്‍, ലക്ഷണയാ അരിവാള്‍)യെയും ഉകാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും മകാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.
അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.
ക്രിസ്തുജി ഇപ്രകാരം പറയുന്നു:
അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി
(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)
“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.
ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.
ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ
1 | ജനപ്രിയഃ | : | ജനപ്രിയനും |
2 | ജനപ്രേമീ | : | ജനങ്ങളില്‍ പ്രിയമുള്ളവനും |
3 | ജനമാനസമന്ദിരഃ | : | ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും |
4 | ജനായത്തമുനിശ്രേഷ്ഠഃ | : | ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും |
5 | ജന്മീ | : | ജന്മിയും |
6 | ജന്മിത്വനാശകഃ | : | ജന്മിത്വം അവസാനിപ്പിച്ചവനും |
“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന്‍ ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്നര്‍ത്ഥം.
“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.
പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ
7 | പ്രേഷിതഃ | : | നിയോഗിക്കപ്പെട്ടവനും |
8 | പ്രേക്ഷകഃ | : | എല്ലാം കാണുന്നവനും |
9 | പ്രാജ്ഞഃ | : | അറിവുള്ളവനും |
10 | പ്രേമപൂരിതമാനസഃ | : | സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും |
11 | പ്രപന്നജനമന്ദാരഃ | : | ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും |
12 | പ്രതിപക്ഷപ്രണാശനഃ | : | പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും |
ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്‍” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.
അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്
13 | അച്യുതാനന്ദസംസേവ്യഃ | : | അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും |
14 | ശ്രീധരപ്രാണദായകഃ | : | ശ്രീധരനു ജന്മം നല്‍കിയവനും |
15 | ഗോപാലകപരിത്രാതാ | : | ഇടയന്മാരെ സംരക്ഷിച്ചവനും |
16 | ഇന്ദിരാരിഃ | : | ഇന്ദിരയുടെ ശത്രുവും |
17 | അനംഗജിത് | : | കാമദേവനെ ജയിച്ചവനും |
“ഗോപാലകന്‍” എന്നതിനു് എ. കെ. ഗോപാലന്‍ എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്‍, എ. കെ. ഗോപാലന്‍ എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന്‍ പുത്രനും.
ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.
ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ
എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ആ ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ഈ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.
ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ
18 | ബ്രാഹ്മണഃ | : | ബ്രാഹ്മണനും |
19 | ക്ഷാത്രസന്നദ്ധഃ | : | യുദ്ധത്തിനു സന്നദ്ധനും |
20 | വൈശ്യതന്ത്രപരായണഃ | : | വ്യാപാരത്തെപ്പറ്റി അറിവുള്ളവനും |
21 | ശൂദ്രനാഥഃ | : | അധ്വാനിക്കുന്നവരുടെ നാഥനും |
22 | ബൌദ്ധബന്ധുഃ | : | ബൌദ്ധന്മാരുടെ ബന്ധുവും |
23 | ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ | : | ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും |
ബൌദ്ധശബ്ദത്തിനു നാസ്തികന്‍ എന്നും മുസ്ലീം ലീഗുകാരന്‍ എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).
നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.
ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ
എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.
വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്‍.
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ
(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്‍ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്‌ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്‍പ്പെട്ടവന്‍ എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.
ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്‍ക്കാരന്‍, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടുംതൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.
എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍വര്‍ണ്യത്തിനും എതിരാണു്.
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)
എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.
ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.
സൈദ്ധാന്തികോ വീരബാഹുഃ പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ
24 | സൈദ്ധാന്തികഃ | : | സിദ്ധാന്തമറിയാവുന്നവനും (theoretician) |
25 | വീരബാഹുഃ | : | ശക്തമായ കൈകള്‍ ഉള്ളവനും |
26 | പദ്‌മാക്ഷഃ | : | താമര പോലെ സുന്ദരമായ കണ്ണുള്ളവനും |
27 | തന്ത്രവല്ലഭഃ | : | തന്ത്രത്തില്‍ സമര്‍ത്ഥനും |
28 | വിദേശഗഃ | : | വിദേശത്തു പോയിട്ടുള്ളവനും |
29 | വിദേശജ്ഞഃ | : | വിദേശങ്ങളെപ്പറ്റി അറിയുന്നവനും |
30 | വൈദേശികവികീര്‍ത്തിതഃ | : | വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും |
മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി ആയ ആളാണു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).
ശാസ്ത്രജ്ഞസ്തത്ത്വശാസ്ത്രജ്ഞശ്ചരിത്രജ്ഞശ്ചരിത്രകൃത്
ത്രികാലജ്ഞോऽര്‍ത്ഥശാസ്ത്രജ്ഞോ വൈയാകരണകേസരീ
31 | ശാസ്ത്രജ്ഞഃ | : | ശാസ്ത്രം (science) അറിയാവുന്നവനും |
32 | തത്ത്വശാസ്ത്രജ്ഞഃ | : | തത്ത്വശാസ്ത്രം (philosophy) അറിയാവുന്നവനും |
33 | ചരിത്രജ്ഞഃ | : | ചരിത്രം അറിയാവുന്നവനും |
34 | ചരിത്രകൃത് | : | ചരിത്രം (History) ഉണ്ടാക്കിയവനും |
35 | ത്രികാലജ്ഞഃ | : | മൂന്നു കാലത്തെയും അറിയുന്നവനും |
36 | അര്‍ത്ഥശാസ്ത്രജ്ഞഃ | : | സാമ്പത്തികശാസ്ത്രം (Economics) അറിയുന്നവനും |
37 | വൈയാകരണകേസരീ | : | വ്യാകരണവിജ്ഞാനത്തില്‍ ഒരു പുലിയും |
“ചരിത്രമെഴുതുന്നവനല്ല, ചരിത്രത്തെ മാറ്റിമറിക്കുന്നവനാണ് യഥാര്‍ത്ഥ ചരിത്രകാരന്‍” എന്നു മാര്‍ക്സ്‌ജി പറഞ്ഞിട്ടുണ്ടു്. “ചരിത്രകൃത്” എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നു. ചരിത്രവിഷയകമായ അനേകം പുസ്തകങ്ങള്‍ എഴുതിയവനെന്നും പറയാം.
എല്ലാം അറിയാവുന്നവന്‍ എന്നു പ്രഖ്യാതമായിരിക്കേ എന്തിനു് ഓരോ വിഷയത്തെയും ഇങ്ങനെ പേരെടുത്തു പറയുന്നു എന്നു സംശയമുണ്ടായേക്കാം. അതിന്റെ സമാധാനം ഇങ്ങനെ: സാമാന്യമായ സൂക്ഷ്മശരീരത്തില്‍ നിന്നും വിശേഷമായ സ്ഥൂലശരീരത്തിലേക്കുള്ള ദേഹിയുടെ പ്രയാണത്തിലെ ഓരോ ആന്ദോളനത്തിലും ഉരുത്തിരിഞ്ഞു വരുന്ന കോടാനുകോടി കോശങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ആത്മജ്ഞാനത്തിന്റെ അന്തസ്സത്ത, പല നദികളും കൈവഴികളുമായി പോകുന്ന ജലം അവസാനം സമുദ്രത്തില്‍ ലയിച്ചു ചേരുന്നതുപോലെ, പല രൂപത്തില്‍ കുത്തിയൊഴുകുന്ന വിജ്ഞാനങ്ങളായി അവസാനം പരബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന പരമസത്യം പാമരന്മാര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ഉപാധിയാണു് വിശേഷങ്ങളെ വാച്യമാക്കിയും സാമാന്യത്തെ വ്യംഗ്യമാക്കിയും ഉള്ള ഈ വ്യായാമം.
രക്തവര്‍ണ്ണോ രക്തകേതൂ രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ രക്തവര്‍ണ്ണസുമാര്‍ച്ചിതഃ
38 | രക്തവര്‍ണ്ണഃ | : | ചുവന്ന നിറമുള്ളവനും |
39 | രക്തകേതുഃ | : | ചുവന്ന കൊടിയുള്ളവനും |
40 | രക്തസാക്ഷ്യഭിവന്ദിതഃ | : | രക്തസാക്ഷികളാല്‍ വന്ദിക്കപ്പെടുന്നവനും |
41 | രക്തനേത്രഃ | : | ചുവന്ന കണ്ണുകളുള്ളവനും |
42 | രക്തമാല്യഃ | : | ചുവന്ന മാല ധരിക്കുന്നവനും |
43 | രക്തവര്‍ണ്ണസുമാര്‍ച്ചിതഃ | : | ചുവന്ന പുഷ്പങ്ങളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവനും |
വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ വിശ്വകര്‍മ്മജനായകഃ
44 | വര്‍ഗ്ഗയോദ്ധാ | : | വര്‍ഗ്ഗസമരയോദ്ധാവും |
45 | വര്‍ഗ്ഗഹീനഃ | : | വര്‍ഗ്ഗചിന്ത ഇല്ലാത്തവനും |
46 | വര്‍ഗ്ഗശത്രുവിനാശകഃ | : | തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനും |
47 | വൈരുദ്ധ്യാധിഷ്ഠിതഃ | : | വൈരുദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനും |
48 | വന്ദ്യഃ | : | വന്ദിക്കപ്പെടുന്നവനും |
49 | വിശ്വകര്‍മ്മജനായകഃ | : | ലോകത്തിലെ തൊഴിലാളികളുടെ നായകനും |
ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യുടെ പ്രസ്താവനകള്‍ വായിച്ചിട്ടുള്ളവര്‍ക്കു “വൈരുദ്ധ്യാധിഷ്ഠിതഃ” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകും. വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെയും ആദ്ധ്യാത്മികവാദത്തിന്റെയും രാഷ്ട്രീയവാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.
കാമഘ്നഃ കാമസന്ദാതാ കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ ആര്യാമാനസവല്ലഭഃ
50 | കാമ-ഘ്നഃ | : | കാമത്തെ (സ്വകാര്യസ്വത്തിനോടുള്ള ആഗ്രഹം) ഇല്ലാതാക്കുന്നവനും |
51 | കാമ-സന്ദാതാ | : | ഇഷ്ടങ്ങളെ തരുന്നവനും |
52 | കാമിനീ-ജന-കാമിതഃ | : | സുന്ദരിമാരാല്‍ ആഗ്രഹിക്കപ്പെടുന്നവനും |
53 | അഹങ്കാര-വിനിര്‍മ്മുക്തഃ | : | അഹങ്കാരമില്ലാത്തവനും |
54 | ആര്യാ-മാനസ-വല്ലഭഃ | : | ആര്യാ അന്തര്‍ജ്ജനത്തിന്റെ മാനസേശ്വരനും |
ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഭഗവാന്‍ ശിവജിക്കും യോജിക്കും. ഇവിടെ “കാമഘ്നഃ” എന്നതിനു് “കാമദേവനെ കൊന്നവന്‍” എന്ന അര്‍ത്ഥം പറയണം.
ഗൌരീഹൃദയമര്‍മ്മജ്ഞോ ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ രാഘവാര്‍ത്തിവിധായകഃ
55 | ഗൌരീ-ഹൃദയ-മര്‍മ്മജ്ഞഃ | : | ഗൌരിയുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയവനും |
56 | ഭൂതനാഥഃ | : | എല്ലാ ചരാചരങ്ങളുടെയും അധിപതിയും |
57 | ഗണാധിപഃ | : | അണികളുടെ നാഥനും |
58 | കരുണാകര-ഗര്‍വ്വഘ്നഃ | : | കരുണാകരന്റെ അഹങ്കാരം ഇല്ലാതാക്കിയവനും |
59 | രാഘവ-ആര്‍ത്തി-വിധായകഃ | : | രാഘവനു ദുഃഖം കൊടുത്തവനും |
മാര്‍ക്സിസം വിട്ടു പുറത്തുപോയ നേതാവായിരുന്നു ഗൌരിയമ്മ. “താനാണു കേരളരാഷ്ട്രീയത്തിലെ ലീഡര്‍” എന്നു ഭാവിച്ചിരുന്ന ആളായിരുന്നു കെ. കരുണാകരന്‍. “ഞാന്‍ പോയാല്‍ മാര്‍ക്സിസം ഉണ്ടാവില്ല” എന്നഹങ്കരിച്ചിരുന്നു എം. വി. രാഘവന്‍.
ശിവപക്ഷത്തിലും ഈ ശ്ലോകം യോജിക്കും. “കരുണാകരഗര്‍വ്വഘ്നഃ” എന്നതു ശിവജിയുടെ അഗ്രം കണ്ടുപിടിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടു് അഹങ്കാരം ശമിച്ച മഹാവിഷ്ണുജിയെ സൂചിപ്പിക്കുന്നു.
നിരീശ്വരോ യുക്തിവാദിര്‍ മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ദ്ധോ മുഖ്യമന്ത്രികുലോത്തമഃ
60 | നിരീശ്വരഃ | : | നിരീശ്വരനും |
61 | യുക്തിവാദിഃ | : | യുക്തിവാദിയും |
62 | മന്ത്രീ | : | മന്ത്രിയും |
63 | മന്ത്ര-വിശാരദഃ | : | ഉപദേശിക്കാന്‍ സമര്‍ത്ഥനും |
64 | മുദ്രാവാക്യ-പ്രിയഃ | : | മുദ്രാവാക്യം ഇഷ്ടമുള്ളവനും |
65 | മുഗ്‌ദ്ധഃ | : | മോഹിപ്പിക്കുന്നവനും |
66 | മുഖ്യമന്ത്രി-കുലോത്തമഃ | : | മുഖ്യമന്ത്രിമാരില്‍ വെച്ചു ശ്രേഷ്ഠനും |
കര്‍മ്മയോഗിഃ കര്‍മ്മഹീനോ കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തഃ ഝഷകേതനസന്നിഭഃ
67 | കര്‍മ്മയോഗിഃ | : | കര്‍മ്മയോഗിയും |
68 | കര്‍മ്മഹീനഃ | : | കര്‍മ്മം ഇല്ലാത്തവനും |
69 | കര്‍മ്മസംഗരനായകഃ | : | വര്‍ഗ്ഗസമരത്തിന്റെ നായകനും |
70 | ഝഷനേത്രഃ | : | മത്സ്യം പോലെയുള്ള കണ്ണുള്ളവനും |
71 | ഝഷാസക്തഃ | : | മത്സ്യം ഇഷ്ടമുള്ളവനും |
72 | ഝഷ-കേതന-സന്നിഭഃ | : | കാമദേവനെപ്പോലെ സുന്ദരനും |
കൃഷ്ണജി ഭഗവദ്‌ഗീതയില്‍ (2:47) പറഞ്ഞിരിക്കുന്നതു് ഇവിടെയും പ്രസക്തമാണു്.
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ മാ തേ സംഗോऽസ്ത്വകര്‍മ്മണി.(കര്‍മ്മണി ഏവ അധികാരഃ തേ, മാ ഫലേഷു കദാചന, മാ കര്‍മ്മ-ഫല-ഹേതുഃ ഭൂഃ, മാ തേ സംഗഃ അസ്തു അകര്‍മ്മണി)
“ജോലി ചെയ്യുക എന്നതല്ലാതെ നിനക്കു വേറേ ഒരു അധികാരവും ഇല്ല. മാര്‍ക്സിസത്തിനാണു് അതിനു് അധികാരം. ഫലമെടുക്കുന്നതും എല്ലാവര്‍ക്കും വീതിച്ചുകൊടുക്കുന്നതും മാര്‍ക്സിസമാണു്. ജോലി ചെയ്യാതിരുന്നാല്‍ നിന്റെ മുട്ടു തല്ലിയൊടിക്കും.” എന്നര്‍ത്ഥം.
ഇതു തന്നെയാണു മാര്‍ക്സ്‌ജിയെയും എംഗല്‍സ്‌ജിയും കമ്യൂണിസ്റ്റ് മാനിഫേസ്റ്റോയിലും പറഞ്ഞിരിക്കുന്നതും.
ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു മീന്‍കറി വളരെ ഇഷ്ടമായിരുന്നു. അതാണു് “ഝഷാസക്തഃ” എന്നു പറഞ്ഞിരിക്കുന്നതു്.
നിര്‍ദ്ധനോ ധനതത്ത്വജ്ഞോ ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ ധന്യോ ധാന്യക്രയപ്രിയഃ
73 | നിര്‍ദ്ധനഃ | : | ധനമില്ലാത്തവനും |
74 | ധന-തത്ത്വ-ജ്ഞഃ | : | ധനത്തിന്റെ തത്ത്വം അറിഞ്ഞവനും |
75 | ധന-പാല-സമാശ്രിതഃ | : | പണക്കാര്‍ വന്നു് ആശ്രയിക്കുന്നവനും |
76 | ധനാസക്തി-വിമുക്താത്മാ | : | പണത്തിനോടു് ആസക്തിയില്ലാത്തവനും |
77 | ധന്യഃ | : | ധന്യനും |
78 | ധാന്യ-ക്രയ-പ്രിയഃ | : | അരി മുതലായ വസ്തുക്കളുടെ വാണിജ്യത്തില്‍ പ്രിയമുള്ളവനും |
സ്വന്തം ധനമൊക്കെ പാര്‍ട്ടിയ്ക്കു കൊടുത്തു നിര്‍ദ്ധനനായ മഹാത്മാവായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). ധനതത്ത്വശാസ്ത്രം അറിയുന്നവനായിട്ടും ധനത്തില്‍ ആസക്തി തെല്ലും ഉണ്ടായിരുന്നില്ല.
ശിവപക്ഷത്തില്‍ കുബേരന്‍ (ധനപാലന്‍) ആശ്രയിക്കുന്നവന്‍ എന്നര്‍ത്ഥം.
ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ
79 | ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞഃ | : | ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രയോഗം അറിഞ്ഞവനും |
80 | അര്‍ത്ഥശാസ്ത്രപരായണഃ | : | അര്‍ത്ഥശാസ്ത്രം (economics) അറിയുന്നവനും |
81 | മുക്തഃ | : | മുക്തനും |
82 | കാമവിമുക്താത്മാ | : | ആഗ്രഹമില്ലാത്ത മനസ്സോടുകൂടിയവനും |
83 | പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ | : | പുരുഷനു വേണ്ട അര്‍ത്ഥങ്ങളെ ഉപേക്ഷിച്ചവനും |
ശ്ലേഷസുന്ദരമായ ശ്ലോകം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും ശ്ലേഷരീത്യാ സൂചിപ്പിച്ചിരിക്കുന്നു. പാമരനായിരുന്ന രാജേഷിനെക്കൊണ്ടു് ഇത്ര മനോഹരമായ കവിത എഴുതിച്ച പുലഹജിയുടെ മാഹാത്മ്യത്തെപ്പറ്റി എന്തു പറയാന്‍!
വിപ്ലവജ്ഞോ വിപ്ലവേശോ വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ വിപ്ലവാതീതമാനസഃ
84 | വിപ്ലവജ്ഞഃ | : | വിപ്ലവം അറിയുന്നവനും |
85 | വിപ്ലവേശഃ | : | വിപ്ലവത്തിന്റെ ഈശ്വരനും |
86 | വിപ്ലവപ്രാണദായകഃ | : | വിപ്ലവത്തിനു വേണ്ടി ജീവന്‍ പോലും കൊടുക്കുന്നവനും |
87 | വിപ്ലവാനന്ദിതഃ | : | വിപ്ലവത്താല്‍ ആനന്ദിക്കുന്നവനും |
88 | വിപ്രഃ | : | വിപ്രനും |
89 | വിപ്ലവാതീതമാനസഃ | : | വിപ്ലവ(പെട്ടെന്നുള്ള മാറ്റം)ത്തിനു് അതീതമായ മനസ്സുള്ളവനും |
വിപ്രശബ്ദത്തിനു് വിശേഷേണ തപഃപൂര്‍ത്തിയെ ചെയ്യുന്നവന്‍ (വി-പ്രാ പൂര്‍ത്തൌ) എന്നും കോപത്തിങ്കല്‍ അധിക്ഷേപിക്കുന്നവന്‍ (വിപ ക്ഷേപേ) എന്നും ബ്രാഹ്മണന്‍ എന്നും മൂന്നര്‍ത്ഥം. എല്ലാം ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു യോജിക്കും.
നിസ്വാര്‍ത്ഥോ നിരഹങ്കാരോ നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ നിരാകാരോ നിരാശ്രയഃ
90 | നിസ്വാര്‍ത്ഥഃ | : | സ്വാര്‍ത്ഥതയില്ലാത്തവനും |
91 | നിരഹങ്കാരഃ | : | അഹങ്കാരമില്ലാത്തവനും |
92 | നിര്‍മ്മമഃ | : | (ഒന്നിലും) ആഗ്രഹമില്ലാത്തവനും |
93 | നിത്യനിര്‍മ്മലഃ | : | ഒരിക്കലും കളങ്കമില്ലാത്തവനും |
94 | നിര്‍നിദ്രഃ | : | ഉറക്കമില്ലാത്തവനും |
95 | നിര്‍വികാരാത്മാ | : | വികാരമില്ലാത്ത മനസ്സോടു കൂടിയവനും |
96 | നിരാകാരഃ | : | ആകാരമില്ലാത്തവനും (വിനയമുള്ളവനും) |
97 | നിരാശ്രയഃ | : | ആരെയും ആശ്രയിക്കാത്തവനും |
ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു് ഉറക്കം വളരെ കുറവായിരുന്നു. അതുകൊണ്ടാണു “നിര്‍നിദ്രഃ” എന്നു പറഞ്ഞിരിക്കുന്നതു്.
ഒരു സ്വഭാവമുള്ളതു മറ്റൊന്നായി മാറുന്നതു വികാരം. തരമനുസരിച്ചു സ്വഭാവം മാറുന്നവന്‍ വികാരി. സ്വഭാവം മാറാത്ത ആത്മാവുള്ളവന്‍ നിര്‍വികാരാത്മാ.
വാമദേവോ വാമരൂപോ വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ
98 | വാമദേവഃ | : | ദേവന്മാരില്‍ വെച്ചു ശ്രേഷ്ഠനും |
99 | വാമരൂപഃ | : | സുന്ദരമായ ശരീരത്തോടു കൂടിയവനും |
100 | വാമനഃ | : | പൊക്കം കുറഞ്ഞവനും |
101 | വാമിനീയുതഃ | : | പൊക്കം കുറഞ്ഞ പത്നിയോടുകൂടിയവനും |
102 | വാമപക്ഷകുലോത്തംസഃ | : | ഇടതുപക്ഷത്തിലെ ശ്രേഷ്ഠനും |
103 | വാമപക്ഷകുലാന്തകഃ | : | ഇടഞ്ഞവരുടെ വംശം നശിപ്പിക്കുന്നവനും |
“വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ” എന്നതിലെ വിരോധാഭാസം അത്യന്തരമണീയം! ഒരു ദിവ്യനു മാത്രമേ ഇങ്ങനെയൊന്നു് എഴുതാന്‍ കഴിയൂ!
വാമനശബ്ദം അര്‍ത്ഥഗര്‍ഭമാണു്. “മൂന്നു് അടി” എന്ന ഭീഷണിയുമായിച്ചെന്നു മാ. പി. 130-കളില്‍ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഭൂമി പിടിച്ചെടുത്ത കഥ വിശ്വപ്രസിദ്ധമാണു്. സ്വകാര്യസ്വത്തു കൈവശം വെയ്ക്കുന്നവനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തണം എന്ന അഭിപ്രായക്കാരനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).
വിവേകദോ വിശേഷജ്ഞോ വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ വിരാഗയുതമാനസഃ
104 | വിവേകദഃ | : | വിവേകത്തെ തരുന്നവനും |
105 | വിശേഷജ്ഞഃ | : | വിശേഷജ്ഞാനമുള്ളവനും |
106 | വിവേചനവിവര്‍ജ്ജിതഃ | : | വിവേചനം ഇല്ലാത്തവനും |
107 | വിജിതേന്ദ്രിയസംഘാതഃ | : | ഇന്ദ്രിയങ്ങളെ ജയിച്ചവരോടു കൂട്ടുകൂടുന്നവനും |
108 | വിരാഗയുതമാനസഃ | : | ആഗ്രഹമില്ലായ്മയുള്ള മനസ്സോടുകൂടിയവനും |
(ശങ്കരം ധ്യായേ) | : | (ആയ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യെ ഞാന്‍ ധ്യാനിക്കുന്നു.) |
ഫലശ്രുതി
അഷ്ടോത്തരമിദം പുണ്യം യഃ പഠേത് ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി ഹ്യധികാരം ച സര്‍വ്വദാ
ഇദം പുണ്യം അഷ്ടോത്തരശതം | : | ഈ മോക്ഷദായകമായ അഷ്ടോത്തരശതം |
യഃ ഭക്തിമാന്‍ നരഃ പഠേത് | : | ഏതു മനുഷ്യന്‍ ഭക്തിയോടെ ജപിക്കുന്നുവോ |
വിദ്യാ ച വിത്തം (ച) അധികാരം ഹി | : | (അവനു്) വിദ്യയും ധനവും അധികാരവും |
സര്‍വ്വദാ അവാപ്‌നോതി | : | എന്നും ലഭിക്കുന്നു. |
ഫലശ്രുതിയില്‍ ഇതിനു ശേഷം ഈ രണ്ടു ശ്ലോകങ്ങള്‍ കൂടി ചൊല്ലിക്കേള്‍ക്കാറുണ്ടു്. പില്‍ക്കാലത്തു് എഴുതിച്ചേര്‍ത്തതാവാം.
ഏകകാലേ പഠേന്നിത്യം മഹാരാഷ്ട്രിയവല്ലഭഃ
ദ്വികാലം യോ ജപേന്നിത്യം സഭാസാമാജികോऽപി ചത്രികാലം യോ ലിഖേന്നിത്യം മുഖ്യമന്ത്രിസ്സ രാജതേ
സര്‍വ്വകാലേ സ്മരേന്നിത്യം സര്‍വ്വശാസനകോവിദഃ“(ഈ സ്തോത്രം) ദിവസവും ഒരു നേരം വായിച്ചാല്‍ വലിയ രാഷ്ട്രീയനേതാവാകും. രണ്ടു നേരം ജപിച്ചാല്‍ നിയമസഭാസാമാജികനാകും. മൂന്നുനേരം എഴുതിപ്പഠിച്ചാല്‍ മുഖ്യമന്ത്രിയാകും. എല്ലാ സമയത്തും ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവരെയൊക്കെ നിയന്ത്രിച്ചു് ഏ. കെ. ജി. സെന്ററില്‍ ഇരിക്കുന്നവനാകും” എന്നര്‍ത്ഥം.
ഇതി രാജേശകൃതൈയെമ്മെസ്സഷ്ടോത്തരശതനാമസ്തോത്രസ്യോമേശകൃതവ്യാഖ്യാനം “മുക്തിദീപികാ” സമ്പൂര്‍ണ്ണം.
നാമാവലി
ഭക്തജനത്തിനു നിത്യപാരായണസൌകര്യത്തിനായി ഈ നൂറ്റെട്ടു പേരുകള്‍ നാമാവലിയായി താഴെച്ചേര്‍ക്കുന്നു:
1 | ഓം | ജനപ്രിയായ | നമഃ | 55 | ഓം | ഗൌരീഹൃദയമര്‍മ്മജ്ഞായ | നമഃ | |
2 | ഓം | ജനപ്രേമിണേ | നമഃ | 56 | ഓം | ഭൂതനാഥായ | നമഃ | |
3 | ഓം | ജനമാനസമന്ദിരായ | നമഃ | 57 | ഓം | ഗണാധിപായ | നമഃ | |
4 | ഓം | ജനായത്തമുനിശ്രേഷ്ഠായ | നമഃ | 58 | ഓം | കരുണാകരഗര്‍വ്വഘ്നായ | നമഃ | |
5 | ഓം | ജന്മിനേ | നമഃ | 59 | ഓം | രാഘവാര്‍ത്തിവിധായകായ | നമഃ | |
6 | ഓം | ജന്മിത്വനാശകായ | നമഃ | 60 | ഓം | നിരീശ്വരായ | നമഃ | |
7 | ഓം | പ്രേഷിതായ | നമഃ | 61 | ഓം | യുക്തിവാദിനേ | നമഃ | |
8 | ഓം | പ്രേക്ഷകായ | നമഃ | 62 | ഓം | മന്ത്രിണേ | നമഃ | |
9 | ഓം | പ്രാജ്ഞായ | നമഃ | 63 | ഓം | മന്ത്രവിശാരദായ | നമഃ | |
10 | ഓം | പ്രേമപൂരിതമാനസായ | നമഃ | 64 | ഓം | മുദ്രാവാക്യപ്രിയായ | നമഃ | |
11 | ഓം | പ്രപന്നജനമന്ദാരായ | നമഃ | 65 | ഓം | മുഗ്ദ്ധായ | നമഃ | |
12 | ഓം | പ്രതിപക്ഷപ്രണാശനായ | നമഃ | 66 | ഓം | മുഖ്യമന്ത്രികുലോത്തമായ | നമഃ | |
13 | ഓം | അച്യുതാനന്ദസംസേവ്യായ | നമഃ | 67 | ഓം | കര്‍മ്മയോഗിനേ | നമഃ | |
14 | ഓം | ശ്രീധരപ്രാണദായകായ | നമഃ | 68 | ഓം | കര്‍മ്മഹീനായ | നമഃ | |
15 | ഓം | ഗോപാലകപരിത്രാത്രേ | നമഃ | 69 | ഓം | കര്‍മ്മസംഗരനായകായ | നമഃ | |
16 | ഓം | ഇന്ദിരാരയേ | നമഃ | 70 | ഓം | ഝഷനേത്രായ | നമഃ | |
17 | ഓം | അനംഗജിതേ | നമഃ | 71 | ഓം | ഝഷാസക്തായ | നമഃ | |
18 | ഓം | ബ്രാഹ്മണായ | നമഃ | 72 | ഓം | ഝഷകേതനസന്നിഭായ | നമഃ | |
19 | ഓം | ക്ഷാത്രസന്നദ്ധായ | നമഃ | 73 | ഓം | നിര്‍ദ്ധനായ | നമഃ | |
20 | ഓം | വൈശ്യതന്ത്രപരായണായ | നമഃ | 74 | ഓം | ധനതത്ത്വജ്ഞായ | നമഃ | |
21 | ഓം | ശൂദ്രനാഥായ | നമഃ | 75 | ഓം | ധനപാലസമാശ്രിതായ | നമഃ | |
22 | ഓം | ബൌദ്ധബന്ധവേ | നമഃ | 76 | ഓം | ധനാസക്തിവിമുക്താത്മനേ | നമഃ | |
23 | ഓം | ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതായ | നമഃ | 77 | ഓം | ധന്യായ | നമഃ | |
24 | ഓം | സൈദ്ധാന്തികായ | നമഃ | 78 | ഓം | ധാന്യക്രയപ്രിയായ | നമഃ | |
25 | ഓം | വീരബാഹവേ | നമഃ | 79 | ഓം | ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞായ | നമഃ | |
26 | ഓം | പദ്മാക്ഷായ | നമഃ | 80 | ഓം | അര്‍ത്ഥശാസ്ത്രപരായണായ | നമഃ | |
27 | ഓം | തന്ത്രവല്ലഭായ | നമഃ | 81 | ഓം | മുക്തായ | നമഃ | |
28 | ഓം | വിദേശഗായ | നമഃ | 82 | ഓം | കാമവിമുക്താത്മനേ | നമഃ | |
29 | ഓം | വിദേശജ്ഞായ | നമഃ | 83 | ഓം | പുരുഷാര്‍ത്ഥവിവര്‍ജ്ജിതായ | നമഃ | |
30 | ഓം | വൈദേശികവികീര്‍ത്തിതായ | നമഃ | 84 | ഓം | വിപ്ലവജ്ഞായ | നമഃ | |
31 | ഓം | ശാസ്ത്രജ്ഞായ | നമഃ | 85 | ഓം | വിപ്ലവേശായ | നമഃ | |
32 | ഓം | തത്ത്വശാസ്ത്രജ്ഞായ | നമഃ | 86 | ഓം | വിപ്ലവപ്രാണദായകായ | നമഃ | |
33 | ഓം | ചരിത്രജ്ഞായ | നമഃ | 87 | ഓം | വിപ്ലവാനന്ദിതായ | നമഃ | |
34 | ഓം | ചരിത്രകൃതേ | നമഃ | 88 | ഓം | വിപ്രായ | നമഃ | |
35 | ഓം | ത്രികാലജ്ഞായ | നമഃ | 89 | ഓം | വിപ്ലവാതീതമാനസായ | നമഃ | |
36 | ഓം | അര്‍ത്ഥശാസ്ത്രജ്ഞായ | നമഃ | 90 | ഓം | നിസ്വാര്‍ത്ഥായ | നമഃ | |
37 | ഓം | വൈയാകരണകേസരയേ | നമഃ | 91 | ഓം | നിരഹങ്കാരായ | നമഃ | |
38 | ഓം | രക്തവര്‍ണ്ണായ | നമഃ | 92 | ഓം | നിര്‍മ്മമായ | നമഃ | |
39 | ഓം | രക്തകേതവേ | നമഃ | 93 | ഓം | നിത്യനിര്‍മ്മലായ | നമഃ | |
40 | ഓം | രക്തസാക്ഷ്യഭിവന്ദിതായ | നമഃ | 94 | ഓം | നിര്‍നിദ്രായ | നമഃ | |
41 | ഓം | രക്തനേത്രായ | നമഃ | 95 | ഓം | നിര്‍വികാരാത്മനേ | നമഃ | |
42 | ഓം | രക്തമാല്യായ | നമഃ | 96 | ഓം | നിരാകാരായ | നമഃ | |
43 | ഓം | രക്തവര്‍ണ്ണസമാര്‍ച്ചിതായ | നമഃ | 97 | ഓം | നിരാശ്രയായ | നമഃ | |
44 | ഓം | വര്‍ഗ്ഗയോദ്ധായ | നമഃ | 98 | ഓം | വാമദേവായ | നമഃ | |
45 | ഓം | വര്‍ഗ്ഗഹീനായ | നമഃ | 99 | ഓം | വാമരൂപായ | നമഃ | |
46 | ഓം | വര്‍ഗ്ഗശത്രുവിനാശകായ | നമഃ | 100 | ഓം | വാമനായ | നമഃ | |
47 | ഓം | വൈരുദ്ധ്യാധിഷ്ഠിതായ | നമഃ | 101 | ഓം | വാമിനീയുതായ | നമഃ | |
48 | ഓം | വന്ദ്യായ | നമഃ | 102 | ഓം | വാമപക്ഷകുലോത്തംസായ | നമഃ | |
49 | ഓം | വിശ്വകര്‍മ്മജനായകായ | നമഃ | 103 | ഓം | വാമപക്ഷകുലാന്തകായ | നമഃ | |
50 | ഓം | കാമഘ്നായ | നമഃ | 104 | ഓം | വിവേകദായ | നമഃ | |
51 | ഓം | കാമസന്ദാത്രേ | നമഃ | 105 | ഓം | വിശേഷജ്ഞായ | നമഃ | |
52 | ഓം | കാമിനീജനകാമിതായ | നമഃ | 106 | ഓം | വിവേചനവിവര്‍ജ്ജിതായ | നമഃ | |
53 | ഓം | അഹങ്കാരവിനിര്‍മുക്തായ | നമഃ | 107 | ഓം | വിജിതേന്ദ്രിയസംഘാതായ | നമഃ | |
54 | ഓം | ആര്യാമാനസവല്ലഭായ | നമഃ | 108 | ഓം | വിരാഗയുതമാനസായ | നമഃ |