കവിതകള്‍ (My poems)

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (16)

Permalink

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു – ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (6)

Permalink

ബഹുകോണപ്രേമം

95 ശതമാനം ഹിന്ദിസിനിമകളുടെയും പ്രമേയമാണു ത്രികോണപ്രേമം. രണ്ടു് ആണുങ്ങള്‍, ഒരു പെണ്ണു്. അല്ലെങ്കില്‍ രണ്ടു പെണ്ണുങ്ങള്‍, ഒരു ആണു്. ഇത്രയും മിനിമം. പിന്നെ കൂടുതല്‍ സങ്കീര്‍ണ്ണവുമാകാം.

ഇതാ ഒരു പഴയ സംസ്കൃതകവി ഇതിന്റെ ഒരു കുഴഞ്ഞുമറിഞ്ഞ ഉദാഹരണം തരുന്നു. ത്രികോണമല്ല, ഒരു ബഹുകോണമാണു് ഇവിടെ.

ഇതെഴുതിയതു ഭര്‍ത്തൃഹരിയാണെന്നാണു് എന്റെ ഓര്‍മ്മ. ഉറപ്പില്ല. നീതിശതകത്തിലും വൈരാഗ്യശതകത്തിലും ഈ ശ്ലോകം കാണുന്നില്ല.

യാം കാമയാമി മയി സാ തു വിനഷ്ടകാമാ
സാऽപ്യന്യമിച്ഛതി സ ചാന്യവധൂപ്രസക്തഃ
മത്‌കാരണേന പരിശുഷ്യതി കാചിദന്യാ
ധിക് താം ച തം ച മദനം ച ഇമാം ച മാം ച

അര്‍ത്ഥം:

യാം കാമയാമി : ഞാന്‍ ഇഷ്ടപ്പെടുന്നവള്‍ക്കു്
സാ മയി തു വിനഷ്ട-കാമാ : എന്നെ ഇഷ്ടമല്ല
സാ അപി അന്യം ഇച്ഛതി : അവള്‍ക്കു വേറെ ഒരുത്തനെയാണു് ഇഷ്ടം
സ ച അന്യ-വധൂ-പ്രസക്തഃ : അവന്‍ വേറൊരു പെണ്ണിന്റെ പുറകേ നടക്കുന്നു
കാചിത് അന്യാ മത്‌-കാരണേന പരിശുഷ്യതി : വേറൊരുത്തി എന്നെ ഓര്‍ത്തു വിഷമിച്ചു നടക്കുന്നു
താം ച : അവളും (ഞാന്‍ ഇഷ്ടപ്പെടുന്നവള്‍)
തം ച : അവനും (അവള്‍ ഇഷ്ടപ്പെടുന്നവന്‍)
മദനം ച : (ഇതിനൊക്കെ കാരണമായ) കാമദേവനും
ഇമാം ച : ഇവളും (എന്നെ ഇഷ്ടപ്പെടുന്നവളും)
മാം ച : ഞാനും
ധിക്! : നശിച്ചുപോകട്ടേ!

(“ധിക്” എന്ന പദത്തിന്റെ അര്‍ത്ഥവിശേഷങ്ങളെപ്പറ്റി അറിയാന്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുക.)

എന്തൊരു സ്ഥിതി! ഏതെങ്കിലും സിനിമയില്‍ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ പ്രണയം ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.

(ഇതൊരു സുഭാഷിതം ആണോ എന്നു് എനിക്കു സംശയമുണ്ടു്. എന്തായാലും ഇവിടെ കിടക്കട്ടേ…)


വസന്തതിലകത്തിലുള്ള ശ്ലോകത്തിനു് എന്റെ അതേ വൃത്തത്തിലുള്ള പരിഭാഷ:

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;–
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത — എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

മറ്റു പരിഭാഷകളും ക്ഷണിക്കുന്നു.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (5)

Permalink

കൂട്ടുകെട്ടു്

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (16)

Permalink

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” – “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” – “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” – “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” – “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി – ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സരസശ്ലോകങ്ങള്‍

Comments (9)

Permalink

പഞ്ചാംഗഗണനം

എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചതിനു ശേഷം പഞ്ചാംഗത്തിലെ വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള തിയറി അല്പം കൂടി വിശദമായി എഴുതണമെന്നു് ഒന്നുരണ്ടു പേര്‍ അപേക്ഷിച്ചിരുന്നു. അല്‍ഗരിതങ്ങള്‍ മുഴുവനും എഴുതാന്‍ സമയമെടുക്കും. തത്കാലം, എന്റെ കൈവശം ഇതുവരെ എഴുതിവെച്ചിട്ടുള്ളവ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടു്.

ഞാന്‍ എല്ലാക്കൊല്ലവും തയ്യാറാക്കുന്ന കേരളപഞ്ചാംഗത്തിനു വേണ്ടി തയ്യാറാക്കിയ കേരളപഞ്ചാംഗഗണനം എന്ന ലേഖനം (PDF) ഇവിടെ.

ഇതനുസരിച്ചു് ആലുവാ, ടോക്കിയോ, ദുബായ്, ന്യൂ യോര്‍ക്ക്, പോര്‍ട്ട്‌ലാന്‍ഡ് എന്നീ സ്ഥലങ്ങള്‍ക്കു വേണ്ടി കണക്കുകൂട്ടിയ 2006-ലെ പഞ്ചാംഗങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.

തെറ്റുകള്‍ കാണുന്നതു ദയവായി ചൂണ്ടിക്കാണിക്കുക. Algorithms പിന്നീടു പ്രസിദ്ധീകരിക്കാം. മറ്റു സ്ഥലങ്ങള്‍ക്കു വേണ്ടിയുള്ള പഞ്ചാംഗങ്ങളും ആവശ്യക്കാരുണ്ടെങ്കില്‍ ഇവിടെത്തന്നെ ഇടാം.

എല്‍‌ജീ, പ്രാപ്ര, ഇപ്പോള്‍ മുഴുവന്‍ തിയറിയും ആയില്ലേ? 🙂

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (12)

Permalink

ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?

ഇന്ദുലേഖ ബ്ലോഗില്‍ കാട്ടുമാടം നാരായണന്റെ മന്ത്രവാദവും മനശ്ശാസ്ത്രവും എന്ന പുസ്തകത്തെപ്പറ്റി കൊടുത്ത പോസ്റ്റിനുള്ള പ്രതികരണമാണിതു്‌:

ശാസ്ത്രമോ വിശ്വാസമോ അന്ധവിശ്വാസമോ ആയിക്കൊള്ളട്ടേ. ഇങ്ങനെയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോടു് എനിക്കു യോജിപ്പാണു്. വസ്തുനിഷ്ഠമായിരിക്കണം എന്നു മാത്രം. നമ്മുടെ നാട്ടിലുള്ള പല അറിവുകളെപ്പറ്റിയും അറിയാന്‍ ഇവ സഹായിക്കും. പലതും ശരിയാവാം. പലതും തെറ്റാവാം. പലതും സംസ്കാരത്തിന്റെ ഭാഗമാവാം. ഇന്നത്തെ നിയമങ്ങളുമായി യോജിച്ചുപോകുന്നില്ല എന്ന കാരണം കൊണ്ടു മനുസ്മൃതിയെപ്പോലെയുള്ള പുസ്തകങ്ങള്‍ കത്തിക്കണമെന്നു പറയുന്നതു പരമാബദ്ധമാണു്. ജ്യോതിഷത്തെപ്പറ്റിയും മന്ത്രവാദത്തെയും മറ്റും പറ്റി ഇനിയും ഇങ്ങനെ പുസ്തകങ്ങളുണ്ടാവട്ടേ.

ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധികളും മന്ത്രവാദങ്ങളും പൂജകളും കൊണ്ടു കാലയാപനം നടത്തിയ ആളായതുകൊണ്ടു ശ്രീ നാരായണന്‍ ജ്യോത്സ്യത്തിനനുകൂലമായിപ്പറഞ്ഞതിനു തെറ്റില്ല. അദ്ദേഹം ഉന്നയിച്ച ഉദാഹരണങ്ങളും വാദങ്ങളും അംഗീകരിക്കുന്നു. ഏതൊരു ജ്യോതിഷവിശ്വാസിയ്ക്കും ആഹ്ലാദം നല്‍കുന്ന അനുഭവകഥകളാണു്‌ അവ.

എനിക്കു പറയാനുള്ളതു്‌ അതിലെ ശാസ്ത്രത്തെപ്പറ്റിയുള്ള പരാമര്‍ശമാണു്‌. ലേഖകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

ഒരു ദൂരദര്‍ശിനിയുടെ സഹായം പോലുമില്ലാതെ അടുത്ത നൂറു കൊല്ലക്കാലത്തെ സൂര്യോദയവും അസ്തമയവും വേലിയേറ്റവും ഇറക്കവും, സൂര്യചന്ദ്രഗ്രഹണങ്ങളും നാമമാത്രപോലും തെറ്റാതെ പ്രവചിക്കാന്‍ കഴിയുന്ന ഈ അദ്ഭുതത്തെ ആദരവോടെ നോക്കിനിക്കാനേ എനിക്കു പറ്റൂ.

അതായതു്‌, ജ്യോത്സ്യന്മാര്‍ക്കു്‌ ഈ വക കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ മേല്‍പ്പറഞ്ഞവയൊക്കെ കണക്കുകൂട്ടി കണ്ടുപിടിക്കാന്‍ കഴിയുമെന്നു്‌. ഉവ്വുവ്വേ!

ഇനി എന്താണു സംഭവിക്കുന്നതെന്നു പറയാം.

  1. എല്ലാ വര്‍ഷവും, ഇംഗ്ലണ്ടിലെ ഗ്രീനിച്ചില്‍, ആധുനികശാസ്ത്രസിദ്ധാന്തങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു്‌ ഗ്രഹങ്ങളുടെ ഒരു കൊല്ലത്തെ സ്ഥാനങ്ങള്‍ കണ്ടുപിടിച്ചു്‌ ഒരു അല്‍മനാക്‌ പ്രസിദ്ധീകരിക്കുന്നു. ഇതാണു്‌ പല രാജ്യങ്ങളിലെയും അല്‍മനാക്കുകളുടെയും പഞ്ചാംഗങ്ങളുടെയും റെഫറന്‍സ്‌. GMT-യില്‍ ഓരോ ദിവസവും തുടങ്ങുമ്പോള്‍ (അതായതു്‌ അര്‍ദ്ധരാത്രിയ്ക്കു്‌) ഗ്രഹങ്ങളുടെ പല കോ-ഓര്‍ഡിനേറ്റുകളും ഈ പുസ്തകത്തില്‍ കാണാം. ഇവയില്‍ geocentric longitude മാത്രമേ ജ്യോത്സ്യന്മാര്‍ക്കു്‌ ആവശ്യമുള്ളൂ. അതിനെ അവര്‍ “സ്ഫുടം” എന്നു വിളിക്കുന്നു.
  2. കല്‍ക്കട്ടയില്‍, ഭാരത സര്‍ക്കാര്‍ നടത്തുന്ന Positional Astronomy Centre എന്ന സ്ഥാപനമുണ്ടു്‌, അവര്‍ എല്ലാക്കൊല്ലവും ഒരു Indian Astronomical Almanac പുറത്തിറക്കുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്കുള്ള ഗ്രഹസ്ഫുടങ്ങള്‍ അതില്‍ കാണാം.

    എന്തിനു്‌ ഈ ഒന്നുമല്ലാത്ത അഞ്ചരമണി സ്വീകരിച്ചു എന്നു്‌ എനിക്കു വളരെക്കാലം സംശയമുണ്ടായിരുന്നു. സൂര്യോദയമാകാന്‍ വഴിയില്ല. അതു സാധാരണയായി ആറു മണിക്കാണല്ലോ. പിന്നെ മനസ്സിലായി. GMT അര്‍ദ്ധരാത്രിയാവുമ്പോള്‍ IST രാവിലെ അഞ്ചര. അപ്പോള്‍ ബിലാത്തിയിലെ അല്‍മനാക്‌ ഒരു വ്യത്യാസവും കൂടാതെ നേരെ എടുക്കാം. കണക്കു കൂട്ടി ബുദ്ധിമുട്ടേണ്ടാ!

    കണക്കുകൂട്ടേണ്ടാ എന്നതു്‌ അത്ര ശരിയല്ല. താഴെപ്പറയുന്ന കണക്കുകളുണ്ടു്‌.

    • ഭാരതീയജ്യോതിശാസ്ത്രവും പാശ്ചാത്യജ്യോതിശാസ്ത്രവും തമ്മില്‍ ഒരു വ്യത്യാസമുണ്ടു്‌. പാശ്ചാത്യര്‍ First Point of Aries-നെ അവലംബിച്ചുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍, ഭാരതീയര്‍ ചിത്തിരനക്ഷത്രത്തെ (ഇതിലും അഭിപ്രായവ്യത്യാസമുണ്ടു്‌) അടിസ്ഥാനമാക്കിയാണു കണക്കാക്കുന്നതു്‌. അതിനാല്‍ ഇവ തമ്മില്‍ 23 ഡിഗ്രിയില്‍ കൂടുതല്‍ വ്യത്യാസമുണ്ടു്‌. (മാതൃഭൂമിക്കെവിടെയാണു തെറ്റു പറ്റിയതു് എന്ന പോസ്റ്റില്‍ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ടു്‌.) പാശ്ചാത്യരുടെ ഗണനത്തെ ഭാരതീയര്‍ “സായനസ്ഫുടം” എന്നു പറയുന്നു. ഭാരതീയരുടേതു്‌ “നിരയനസ്ഫുടം” എന്നും. തമ്മിലുള്ള വ്യത്യാസത്തെ “അയനാംശം” എന്നും.

      ഓരോ ദിവസത്തെയും അയനാംശം കണ്ടുപിടിച്ചു്‌ അതു്‌ ബിലാത്തിക്കാര്‍ കൊടുത്ത മൂല്യത്തില്‍ നിന്നു്‌ കുറച്ചു്‌ എഴുതണം. അതു്‌ ഒരു കണക്കുകൂട്ടല്‍.

    • ഭാരതീയര്‍ക്കു കൂടുതല്‍ താത്പര്യമുള്ള നക്ഷത്രം, തിഥി തുടങ്ങിയവ കണക്കുകൂട്ടണം. ഇതു വളരെ എളുപ്പമാണു്‌. ചന്ദ്രന്റെ നിരയനസ്ഫുടമെടുക്കുക. ഇരുപത്തേഴു കൊണ്ടു ഹരിക്കുക. അതിലെ ഓരോ ഭാഗത്തെയും അശ്വതി തുടങ്ങി ഓരോ നക്ഷത്രത്തിന്റെ പേരു വിളിക്കുക. ഇനി സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങളുടെ വ്യത്യാസം കണ്ടുപിടിച്ചു മുപ്പതു കൊണ്ടു ഹരിക്കുക. ഓരോന്നിനെയും പ്രഥമ, ദ്വിതീയ തുടങ്ങിയ പേരിട്ടു വിളിക്കുക (രണ്ടു പക്ഷത്തിലും 15 തിഥി വീതം ആകെ 30). ഈ തിഥിയെയോരോന്നിനെയും രണ്ടായി മുറിച്ചു്‌ ഓരോന്നിനും പേരിട്ടാല്‍ കരണമായി. സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങള്‍ കൂട്ടി 27 കൊണ്ടു ഹരിച്ചാല്‍ നിത്യയോഗവുമായി. അങ്ങനെ പഞ്ചാംഗത്തിന്റെ അഞ്ചു കാര്യങ്ങളുമായി.
    • കൂടാതെ, ചില ഇന്ത്യന്‍ വിശേഷദിവസങ്ങളും കണ്ടുപിടിക്കും. അവ മുകളില്‍ കിട്ടിയ വിവരങ്ങളില്‍ നിന്നു കിട്ടും.
  3. ഇനി, നമ്മുടെ കേരളത്തില്‍ പഞ്ചാംഗം, കലണ്ടര്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ആളുകള്‍ എന്തു ചെയ്യുന്നു? അവര്‍ കല്‍ക്കട്ടക്കാരുടെ പഞ്ചാംഗത്തെ തപ്പിയെടുക്കുന്നു. (അല്ല പിന്നെ! ആര്‍ക്കു കഴിയും അയനാംശം കണ്ടുപിടിക്കാനും കുറയ്ക്കാനുമൊക്കെ!) സകലമാന സാധനങ്ങളും അവിടെയുണ്ടു്‌. ഇനി പഞ്ചാംഗം ഏതു സ്ഥലത്താണെന്നു വെച്ചാല്‍ അവിടത്തെ ഒരു കൊല്ലത്തെ ഉദയം കണ്ടുപിടിക്കുന്നു. (കണ്ടുപിടിക്കുകയൊന്നും വേണ്ടാ, അതൊക്കെ മറ്റു പലയിടത്തു നിന്നും കിട്ടും) ഓരോ നക്ഷത്രവും തിഥിയും തുടങ്ങുന്നതു്‌ സൂര്യന്‍ ഉദിച്ചതിനു ശേഷം എത്ര സമയത്തിനു ശേഷമാണെന്നു കണ്ടുപിടിക്കുക. അതിനെ നാഴികവിനാഴികളാക്കുക. (ഒരു നാഴിക 24 മിനിട്ട്‌. അറുപതു വിനാഴിക ഒരു നാഴിക) സമയമറിയാന്‍ ക്ലോക്കും വാച്ചും ഉപയോഗിക്കുന്ന ഇക്കാലത്തു്‌ ഈ ഉദയാല്‍പ്പരനാഴിക കലണ്ടറില്‍ കൊടുത്തിട്ടു്‌ എന്തു കാര്യമെന്നു്‌ എനിക്കു്‌ ഒരു പിടിയുമില്ല.

    പിന്നെ, രാഹുകാലം, ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ. ഇവ അന്നന്നത്തെ ദിവസദൈര്‍ഘ്യം നോക്കി വേണം കണക്കുകൂട്ടാന്‍ എന്നാണു തിയറി. അതൊക്കെ കാറ്റില്‍ പറത്തി, തിങ്കളാഴ്ച ഏഴര മുതല്‍ ഒമ്പതു വരെ രാഹു എന്നിങ്ങനെ അച്ചടിച്ചുവെച്ചിരിക്കുന്ന പട്ടിക ചേര്‍ക്കുക. മുസ്ലീം നമസ്കാരസമയം ഇസ്ലാമിക്‌ പണ്ഡിതര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്തിനിന്നു്‌ അടിച്ചുമാറ്റുക. എല്ലാ ദിവസത്തെയും വേണ്ട. പത്തോ പതിനഞ്ചോ ദിവസത്തിലൊരിക്കല്‍ മാത്രമുള്ളതു മതി.

    ഇനി സൂര്യന്‍ ഓരോ മാസത്തിലും കടക്കുന്ന സമയം നോക്കിയിട്ടു്‌ (അതു കല്‍ക്കട്ടക്കാര്‍ പറഞ്ഞിട്ടുണ്ടാവും) ഓരോ മലയാളമാസത്തിന്റെയും ഒന്നാം തീയതി എന്നാണെന്നു കണ്ടുപിടിക്കുക. (ഇവിടെയാണു്‌ ശരിക്കും അടി നടക്കുക. മാതൃഭൂമിയും മനോരമയും തമ്മില്‍ കുറെക്കാലമായി ഇറാനും ഇറാക്കും പോലെ തല്ലിക്കൊണ്ടിരിക്കുന്നു. ഇക്കൊല്ലവുമുണ്ടായിരുന്നു വിഷുവിനു്‌.) ഒന്നാം തീയതി കിട്ടിയാല്‍ ആ മാസത്തെ മറ്റു ദിവസങ്ങള്‍ എല്ലാം ഈസി.

    പ്രധാന പണി ഇനി കിടക്കുന്നതേ ഉള്ളൂ. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവം, ആറാട്ടു്‌, പെരുന്നാള്‍ തുടങ്ങിയവ ഏതു മാസം ഏതു ദിവസം ആണെന്നു നോക്കി അതൊക്കെ രേഖപ്പെടുത്തുക.

ഇങ്ങനെയാണു പഞ്ചാംഗം ഉണ്ടാക്കുന്നതു്‌. ഇവിടെ എവിടെയാണു ഭാരതീയജ്യോതിശ്ശാസ്ത്രത്തെ ഉപയോഗിക്കുന്നതു്‌?

ഭാരതീയജ്യോതിശ്ശാസ്ത്രത്തില്‍ ഇതൊന്നും ഇല്ലെന്നല്ല. ഉണ്ടു്‌. ആര്യഭടീയം, സൂര്യസിദ്ധാന്തം, വടേശ്വരസംഹിത, തന്ത്രസംഗ്രഹം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇവ എങ്ങനെ കണ്ടുപിടിക്കും എന്നു വിശദമായി പറഞ്ഞിട്ടുണ്ടു്‌. സായനം കണ്ടുപിടിച്ചു കുറയ്ക്കാതെ തന്നെ. പക്ഷേ അവയൊക്കെ കാലഹരണപ്പെട്ടുപോയിരിക്കുന്നു. സൂര്യന്റെയും മറ്റും വ്യാസം (ഗ്രഹണം കണ്ടുപിടിക്കാന്‍), ഭൂമിയില്‍ നിന്നു്‌ അവയിലേക്കുള്ള ദൂരം, ഭൂമിക്കു ചുറ്റും ഈ ഗോളങ്ങളുടെ ഭ്രമണപഥം (എല്ലാം വൃത്തങ്ങളും ഉപവൃത്തങ്ങളുമായാണു്‌ കണക്കുകൂട്ടല്‍. ക്രിസ്തുവിനോടടുത്തു്‌ ടോളമി ആവിഷ്കരിച്ച തിയറി) എന്നിവയെപ്പറ്റിയുള്ള പ്രാചീനഭാരതീയരുടെ അറിവില്‍ നിന്നു നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഈ ഗ്രന്ഥങ്ങള്‍ അനുസരിച്ചു ഗ്രഹണം കണ്ടുപിടിച്ചാല്‍ ഇപ്പോള്‍ ഒന്നുരണ്ടു ദിവസത്തെയെങ്കിലും വ്യത്യാസമുണ്ടാവും. അതിനു്‌ ഇപ്പോഴത്തെ തിയറി ഉപയോഗിച്ചേ മതിയാവൂ.

ഇതാണു സത്യം. ഇനി ഇവ കണക്കുകൂട്ടാന്‍ ജ്യോത്സ്യം പഠിക്കുകയുമൊന്നും വേണ്ടാ. Astronomyയുടെ ഒരു പുസ്തകവും, ഫിസിക്സിലും കണക്കിലും സാമാന്യജ്ഞാനവും ഒരു സയന്റിഫിക്‌ കാല്‍ക്കുലേറ്ററും (കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ വളരെ നല്ലതു്‌) ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ.

ഇനി നമ്മുടെ ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്താണെന്നു നോക്കാം. മുകളില്‍ മൂന്നാമതു പറഞ്ഞ പഞ്ചാംഗം എടുക്കും. നോക്കേണ്ട ദിവസത്തെ ഗ്രഹനില വരയ്ക്കും. കൃത്യ സമയത്തെ ഗ്രഹനില അറിയാന്‍ (പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിലെയും ചിലതില്‍ പത്തു ദിവസത്തിലൊരിക്കലെയും സ്ഫുടങ്ങളേ ഉള്ളല്ലോ) ഉള്ള വിലകളൊക്കെ വെച്ചു് ത്രൈരാശികം എന്നു വിളിക്കുന്ന linear interpolation ചെയ്യും. (പല ജ്യോത്സ്യന്മാരും ഇതു ചെയ്യാറില്ല. തലേന്നത്തെയോ പിറ്റേന്നത്തെയോ സ്ഫുടം എടുക്കും. കണക്കുകൂട്ടാന്‍ അറിഞ്ഞിട്ടു വേണ്ടേ?) ഗ്രഹങ്ങളുടെ സഞ്ചാരം linear അല്ല. എങ്കിലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഇന്റര്‍പൊളേഷന്‍? അങ്ങനെ കിട്ടുന്ന സ്ഫുടങ്ങള്‍ ഗ്രഹനിലയോടുകൂടി എഴുതും. അവയെ ഒമ്പതുകൊണ്ടു ഹരിച്ചു നവാംശങ്ങള്‍ കണ്ടുപിടിച്ചു് അതുമെഴുതും. എന്നിട്ടു് ഇവയെല്ലാം കൂടി വെച്ചു് അറിയാവുന്ന തിയറി ഉപയോഗിച്ചു് യോഗങ്ങളൊക്കെ കണ്ടുപിടിച്ചു് ഭാവിഫലങ്ങള്‍ പ്രവചിക്കും. വിംശോത്തരിദശ, ഗോചരം (transit) തുടങ്ങിയ മറ്റു ചില ടെക്‍നിക്കുകളും ഉപയോഗിക്കാറുണ്ടു്. (അവയെപ്പറ്റി പിന്നീടു്.) ഇതില്‍ ഗണിതശാസ്ത്രമോ ജ്യോതിശ്ശാസ്ത്രമോ ഏഴയലത്തുപോലും വരുന്നില്ല. മുകള്‍പ്പറഞ്ഞ പല പടവുകള്‍ കടന്നു വരുമ്പോഴുള്ള പിശകുകള്‍ കൂടിച്ചേര്‍ന്നു് ജ്യോതിഷത്തിന്റെ തിയറി അനുസരിച്ചുപോലും പരമാബദ്ധമായ ജാതകമാണു് അവസാനം കിട്ടുക.

ശ്രീ നാരായണന്‍ ഇങ്ങനെയും പറയുന്നുണ്ടു്:

പന്ത്രണ്ടു സ്ഥാനങ്ങള്‍ക്കും വ്യക്തമായ കാരകത്വമുണ്ടു്. ലഗ്നഭാവമായ (ഒരു വ്യക്തി ജനിക്കുന്ന സമയം കണക്കാക്കിയാണു് അതു നിശ്ചയിക്കുക. കവടി നിരത്തി രാശി വെയ്ക്കുമ്പോഴും കിട്ടുക ലഗ്നം തന്നെ.)….

ഇതിന്റെ അര്‍ത്ഥം മുകളില്‍ പറഞ്ഞതുപോലെ കണക്കുകൂട്ടി കണ്ടുപിടിക്കുന്ന ഗ്രഹനിലയും മറ്റു വിവരങ്ങളും കവടി നിരത്തിയും കണ്ടുപിടിക്കാമെന്നാണു്. ഇതു സത്യവിരുദ്ധമാണു്. ഗ്രഹനില വരച്ചിട്ടു് അതില്‍ കവടി വിതറി ചില രീതികള്‍ ഉപയോഗിച്ചു് ഗ്രഹസ്ഥിതി കണ്ടുപിടിക്കുന്ന രീതിയാണു കവടി നിരത്തല്‍. ഈ ഗ്രഹസ്ഥിതിയും വന്ന ആളിന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയും തമ്മില്‍ ഒരു ബന്ധവുമില്ല. (ഒരു പ്രത്യേക സമയത്തെ ഗ്രഹസ്ഥിതി കണക്കു കൂട്ടാതെ കവടി നിരത്തി ആര്‍ക്കെങ്കിലും കണ്ടുപിടിക്കാം എന്നു് അവകാശവാദമുണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കുക.) വേണ്ട ഗ്രഹസ്ഥിതിക്കു പകരം കവടി നിരത്തിക്കിട്ടുന്ന ഗ്രഹസ്ഥിതി ഉപയോഗിച്ചു ഫലം പറയുന്ന രീതിയാണു് ഇവിടെ ഉപയോഗിക്കുന്നതു്. ഇതു മറ്റേതിനെക്കാള്‍ എളുപ്പമാണു്. കണക്കുകൂട്ടേണ്ട, പഞ്ചാംഗം നോക്കേണ്ട, ത്രൈരാശികം ചെയ്യേണ്ട, എന്തു സുഖം!

ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കുന്നു എന്ന “ശാസ്ത്ര“തത്ത്വം നമുക്കു് അംഗീകരിച്ചുകൊടുക്കാം. പക്ഷേ ഗ്രഹസ്ഥിതിയുമായി യാതൊരു ബന്ധവുമില്ലാത്ത, എണ്ണിപ്പെറുക്കിവെച്ച കവടിയുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയ ഇതു് എങ്ങനെയാണു് മനുഷ്യന്റെ ഭാവിയെയും സ്വഭാവത്തെയും ബാധിക്കുക?

ജ്യോതിഷം ഒരു വിശ്വാസമാണു്. ആ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. വിശ്വാസങ്ങള്‍ക്കും ജീവിതഗതിയില്‍ വലിയ സ്വാധീനമുണ്ടു്. അവയില്‍ എത്രത്തോളം ശാസ്ത്രമുണ്ടെന്നുള്ള കാര്യത്തെ മാത്രമേ ഞാന്‍ വിമര്‍ശിക്കുന്നുള്ളൂ.

ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് എന്ന നിലയ്ക്കു് ജ്യോതിഷത്തിനു പ്രസക്തിയുണ്ടു്. പാകപ്പിഴകളുമുണ്ടു്. അതു് അടുത്ത ലേഖനത്തില്‍.

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (113)

Permalink

ഗ്രാനഡാ (Гренада) : മിഖയൈല്‍ സ്വെറ്റ്‌ലോവ് (Михаил Светлов)

ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ റഷ്യന്‍ കവിത. മിഖയൈല്‍ സ്വെറ്റ്‌ലോവിന്റെ (Михаил Светлов: 1903-1964) ഗ്രേനാഡാ (ГРЕНАДА) എന്ന കവിത.

ഇതൊരു ബാലഡ് ആണെന്നു തോന്നുന്നു. എനിക്കു വലുതായൊന്നും മനസ്സിലായിട്ടുമില്ല. അത്രയധികം ഇഷ്ടപ്പെട്ടിട്ടല്ല ഇതു പരിഭാഷപ്പെടുത്തിയതു്.

നേ നാഡോ, നേ നാഡോ
നേ നാഡോ, ദ്രൂസ്യാ
ഗ്രേനാഡാ, ഗ്രേനാഡാ,
ഗ്രേനാഡാ, മോയാ

എന്ന കവിതാഭാഗത്തെ

മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!

എന്നു “ഓമനക്കുട്ടന്‍…” രീതിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഒരു സുഖം തോന്നി. അങ്ങനെ ബാക്കിയും പരിഭാഷപ്പെടുത്തി.

സാധാരണയായി ഞാന്‍ റഷ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഒഴിവാക്കാറുണ്ടു്. “ഫിര്‍” മരത്തെ “അരയാലും” ഒരു പ്രത്യേക വീരനെ “വീര”നും ഒക്കെയാക്കി മാറ്റാറുണ്ടായിരുന്നു. ഇതില്‍ അതു ചെയ്തിട്ടില്ല. കാര്‍ക്കോവ്, ഷെവ്‌ചെങ്കോ തുടങ്ങിയ വാക്കുകള്‍ ഇതിലുണ്ടു്.

ഈ കവിതയെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി കമന്റിടുക.

പരിഭാഷ
ഗ്രാനഡ (1988)
മൂലകവിത
ГРЕНАДА (1926)
അശ്വത്തിന്‍ മുകളേറി ദൂരങ്ങ-
ളൊക്കെയും താണ്ടിടുമ്പൊഴും,
യുദ്ധരംഗത്തു ശത്രുവിന്റെ നേര്‍-
ക്കൊത്തു താന്‍ പൊരുതുമ്പൊഴും,
ആപ്പിളിന്റെ പാട്ടശ്വസൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാട്ടിലും പുല്‍ത്തകിട്ടിലും ചെന്ന-
പ്പാട്ടു മാറ്റൊലിക്കൊണ്ടുതേ.
Мы ехали шагом,
Мы мчались в боях,
И “Яблочко”-песню
Держали в зубах.
Ах, песенку эту
Доныне хранит
Трава молодая –
Степной малахит.
ജീനിമേലെയിരുന്നു പാടുന്ന
നേരമെന്നുടെ സ്നേഹിതന്‍
ഏതോ നാടിനെ വാഴ്ത്തിടുന്നൊരു
ഗാനമുച്ചത്തില്‍ പാടിനാന്‍.
സ്വന്തനാടിനു നേര്‍ക്കയാളിട-
യ്ക്കൊന്നു നോക്കിടും, പാടിടും:
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но песню иную
О дальней земле
Возил мой приятель
С собою в седле.
Он пел, озирая
Родные края:
“Гренада, Гренада,
Гренада моя!”
പാടിക്കൊണ്ടേയിരുന്നു പിന്നെയു-
മേറെ ഹൃദ്യമപ്പാട്ടവന്‍
എന്തുകൊണ്ടു ദുഃഖിപ്പു മത്സുഹൃ-
ത്തിന്നു സ്പെയ്നിനെയോര്‍ക്കവേ?
ചൊല്‍കലക്സാണ്ഡ്ര്യ, ചൊല്‍ക കാര്‍ക്കോവേ,
ഇന്നിച്ചോദ്യത്തിനുത്തരം:
നിങ്ങളേറെനാളായിപ്പാടുന്നു-
ണ്ടെന്നോ സ്പെയ്നിന്റെ ഗാനങ്ങള്‍?
Он песенку эту
Твердил наизусть…
Откуда у хлопца
Испанская грусть?
Ответь, Александровск,
И, Харьков, ответь:
Давно ль по-испански
Вы начали петь?
ഉക്രയിന്‍, നിന്റെയീ വിശാലമാം
പുല്‍പ്പരപ്പിങ്കലല്ലയോ
ഷെവ്ചെങ്കോയെപ്പോലുള്ളവര്‍ ദേശ-
ഭക്തരൊക്കെയുറങ്ങുന്നു?
എന്തുകൊണ്ടാണു മത്സഖേ, ഭവാന്‍
ചൊല്‍വതെപ്പോഴുമീ ഗാനം?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Скажи мне, Украйна,
Не в этой ли ржи
Тараса Шевченко
Папаха лежит?
Откуда ж, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഒട്ടുനേരം കഴിഞ്ഞു ചൊല്ലിനാന്‍
സ്വപ്നത്തില്‍പ്പോല്‍ ചിരിച്ചവന്‍:
“ഗ്രാനഡായെന്ന പേരു ഞാന്‍ കണ്ട-
തേതോ ഗ്രന്ഥത്തിലാണെടോ;
നാമമെത്ര മനോഹര, മതിന്‍
മാനമെത്രയുമുന്നതം!
ഉണ്ടുപോലൊരു ദേശമാ സ്പെയിന്‍-
തന്നിലിപ്പേരിലങ്ങഹോ!”
Он медлит с ответом,
Мечтатель-хохол:
– Братишка! Гренаду
Я в книге нашел.
Красивое имя,
Высокая честь –
Гренадская волость
В Испании есть!
വീടു വിട്ടു ഞാന്‍ യുദ്ധരംഗത്തേ-
യ്ക്കോടി, സൈനികനായി ഞാന്‍.
ഗ്രാനഡായിലെക്കര്‍ഷകര്‍ക്കു തന്‍
ഭൂമി നേടിക്കൊടുക്കണം,
യാത്ര ചൊല്ലുന്നു വീടിനോടു ഞാന്‍,
യാത്ര ചൊല്‍വൂ കുടുംബമേ,
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Я хату покинул,
Пошел воевать,
Чтоб землю в Гренаде
Крестьянам отдать.
Прощайте, родные,
Прощайте, друзья –
“Гренада, Гренада,
Гренада моя!”
യുദ്ധവ്യാകരണങ്ങളും വെടി
പൊട്ടിക്കുന്നതിന്‍ ഭാഷയും
ഞങ്ങള്‍ സ്വായത്തമാക്കി, സ്വപ്നങ്ങള്‍
കണ്ടു, മുന്നോട്ടു തന്നെ പോയ്‌
ഏറെയുണ്ടായുദയങ്ങളതു-
പോലെയസ്തമയങ്ങളും
കാനനത്തിലൂടോടിയോടിയെന്‍
പാവമശ്വം തളര്‍ന്നുപോയ്‌.
Мы мчались, мечтая
Постичь поскорей
Грамматику боя –
Язык батарей.
Восход подымался
И падал опять,
И лошадь устала
Степями скакать.
ആപ്പിളിന്റെ പാട്ടിപ്പോള്‍ സൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാലമാകും വയലിനില്‍ കഷ്ട-
പ്പാടിന്‍ പാട്ടവര്‍ മീട്ടിനാര്‍;
എങ്ങു പോയെന്റെ തോഴ, നീയും മാല്‍
തിങ്ങിടും നിന്റെ ഗാനവും?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но “Яблочко”-песню
Играл эскадрон
Смычками страданий
На скрипках времен…
Где же, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഛിന്നഭിന്നമാം മെയ്യൊടശ്വത്തില്‍-
നിന്നും താഴെപ്പതിച്ചൊരാള്‍
മന്നില്‍ വീണു കിടപ്പതായ്‌ കണ്ടു
ഞങ്ങളാ രക്തസാക്ഷിയെ.
ചന്ദ്രരശ്മിയിറങ്ങിയാ മുഖം
ചുംബിക്കുന്നതും കണ്ടു ഞാന്‍
അപ്പോഴും മന്ത്രിച്ചില്ലേ ചുണ്ടുകള്‍
സ്വല്‍പമിങ്ങനെ – “ഗ്രാ…ന…ഡാ…”
Пробитое тело
Наземь сползло,
Товарищ впервые
Оставил седло.
Я видел: над трупом
Склонилась луна,
И мертвые губы
Шепнули “Грена…”
സത്യ, മെത്രയോ ദൂരത്തെന്‍ സുഹൃ-
ത്തിപ്പോഴാപ്പരലോകത്തില്‍
വിശ്രമിച്ചുകൊണ്ടേറ്റവും പ്രിയ-
പ്പെട്ടൊരാപ്പാട്ടു പാടുന്നു.
പാട്ടുകാരനെയോര്‍പ്പതില്ല നാം,
പാട്ടും നമ്മള്‍ മറന്നുപോയ്‌;
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Да. В дальнюю область,
В заоблачный плес
Ушел мой приятель
И песню унес.
С тех пор не слыхали
Родные края:
“Гренада, Гренада,
Гренада моя!”
പോയൊരാളിന്റെ വേര്‍പാടൊട്ടുമേ
ബാധിച്ചില്ലന്നു ഞങ്ങളെ;
`ആപ്പിളിന്‍ പാട്ടു’ പിന്നെയും ഞങ്ങ-
ളാര്‍ത്തു പാടാന്‍ തുടങ്ങിനാര്‍.
സൂര്യനസ്തമിച്ചീടും നേരത്തു
വ്യോമം മാത്രം നിശ്ശബ്ദമായ്‌
കണ്ണുനീര്‍ മഴയായി ഭൂമിയില്‍
ഹന്ത, വര്‍ഷിച്ചു മേവിനാന്‍.
Отряд не заметил
Потери бойца,
И “Яблочко”-песню
Допел до конца.
Лишь по небу тихо
Сползла погодя
На бархат заката
Слезинка дождя…
നാളു പോകവേ, നവ്യഗീതങ്ങ-
ളേറെയുണ്ടായ്‌; അതൊക്കെയും
ഈ വിധം തന്നെ പാടി :- “മക്കളേ,
മാഴ്കൊലാ, നിങ്ങള്‍ മാഴ്കൊലാ”.
മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!
Новые песни
Придумала жизнь…
Не надо, ребята,
О песне тужить.
Не надо, не надо,
Не надо, друзья…
Гренада, Гренада,
Гренада моя!

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (6)

Permalink

സൌഹൃദം (Дружба) : വാസിലി ഷുക്കോവ്സ്കി

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കിയുടെ ഒരു കുഞ്ഞു മുക്തകത്തിന്റെ പരിഭാഷ:

പരിഭാഷ
സൌഹൃദം (1988)
മൂലകവിത
ДРУЖБА (1805)
ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല – യിതാണു സൌഹൃദം ഹാ!
Скатившись с горной высоты,
Лежал на прахе дуб, перунами разбитый;
А с ним и гибкий плющ, кругом его обвитый.
О Дружба, это ты!

ഷുക്കോവ്സ്കിയുടെ മറ്റൊരു കവിത ഇവിടെ വായിക്കാം.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (14)

Permalink

പരിഭാഷകളും മൂലകവിതകളും

ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എല്ലാ പരിഭാഷകളുടെയും മൂലകവിതകള്‍ അതാതു കവിതയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

റഷ്യന്‍ ടൈപ്പു ചെയ്യാനുള്ള വഴി പറഞ്ഞു തന്ന തണുപ്പനു നന്ദി. റഷ്യന്‍ കവിതകള്‍ ഞാന്‍ ടൈപ്പു ചെയ്തില്ല. എങ്കിലും ഗൂഗിളില്‍ തെരയാന്‍ ഇതു സഹായകമായി.

പരിഭാഷകള്‍ ഇവിടെ കാണാം.

പരിഭാഷകള്‍ (Translations)

Comments (1)

Permalink