January 2007

സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
– – – എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

  1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

    കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

    ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

    ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
    വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
    തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
    ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

    ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

    ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

    തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
    വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
    ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
    നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

    അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

    മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
    മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
    കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
    കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

    (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

    ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

    അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

    എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

    അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

    ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

    കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
    ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
    മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
    പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സ്മരണകള്‍

Comments (87)

Permalink

എന്റെ ബ്ലോഗും പല തരം അന്ധവിശ്വാസികളും

ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടു് ഇന്നു രണ്ടു വര്‍ഷമാകുന്നു. 2005 ജനുവരി 19-നു് കവി സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റി ഒരു പോസ്റ്റെഴുതിയാണു് ഇതു തുടങ്ങിയതു്. ആദ്യം കുറെക്കാലം വ്യാകരണവും ഭാഷാശാസ്ത്രവും സംബന്ധിച്ച പോസ്റ്റുകളായിരുന്നു. കുറേ പരിഭാഷകളും. ഏതാണ്ടു് ഒരു കൊല്ലം മുമ്പാണു ഭാരതീയഗണിതത്തെപ്പറ്റി എഴുതാന്‍ തുടങ്ങിയതു്. സുഭാഷിതം, സമസ്യാപൂരണം തുടങ്ങിയവ തുടങ്ങിയിട്ടു് ഏഴെട്ടു മാസമേ ആയിട്ടുള്ളൂ. സ്മരണകളും അല്പസ്വല്പം നര്‍മ്മവും തുടങ്ങിയതു് വളരെ അടുത്തിടയ്ക്കും.

കുറെക്കാലം മുമ്പു്, എനിക്കു് ഭാരതീയഗണിതത്തിലെ തെറ്റുകള്‍ എന്ന ഒരു പോസ്റ്റ് എഴുതേണ്ടി വന്നു. ഭാരതീയഗണിതത്തെപ്പറ്റിയുള്ള എന്റെ പോസ്റ്റുകളില്‍ നിന്നു് ലോകവിജ്ഞാനം മുഴുവന്‍ പ്രാചീനഭാരതഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നതായി തെറ്റിദ്ധരിച്ചുള്ള കമന്റുകളും ഇ-മെയിലുകളും കിട്ടിയതിനെത്തുടര്‍ന്നായിരുന്നു അതു്.

നേരേ മറിച്ചു്, ശ്രീമദീയെമ്മെസ്സഷ്ടോത്തരനാമസ്തോത്രം (സവ്യാഖ്യാനം) തുടങ്ങിയ ചില പോസ്റ്റുകള്‍‍ക്കു ശേഷം ഞാന്‍ വേദങ്ങളിലും മതഗ്രന്ഥങ്ങളിലും പ്രാചീനഭാരതത്തിലും മുഴുവന്‍ അബദ്ധങ്ങളാണെന്നു കരുതുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടു്.

അതേ സമയം, എന്റെ ബ്ലോഗില്‍ ആകെ അരാഷ്ട്രീയതയാണെന്നും അതു് അപകടകരമായ ചില പ്രതിലോമരാഷ്ട്രീയത്തിനു വഴി തെളിക്കുന്നു എന്നും ഒരു ആരോപണം ഉയര്‍ന്നിട്ടുണ്ടു്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും ഒന്നു വ്യക്തമാക്കണം എന്നു തോന്നിയതിന്റെ ഫലമാണു് ഈ പോസ്റ്റ്.


അറിവു സമ്പാദിക്കുകയും സമ്പാദിക്കുന്നവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശ്യത്തോടു കൂടിയാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇതില്‍ വരുന്ന മിക്കവാറും എല്ലാം തന്നെ (ഈ അടുത്ത കാലത്തു സ്മരണകള്‍ എന്ന പേരില്‍ എഴുതിയ രണ്ടുമൂന്നു നര്‍മ്മലേഖനങ്ങളൊഴികെ) എവിടെനിന്നെങ്കിലും അടിച്ചുമാറ്റിയ വിവരങ്ങളാണു്. മൌലികമായി ആകെയുള്ളതു് വിവരങ്ങളുടെ ക്രോഡീകരണം മാത്രമാണു്.

മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… എന്നാണു് ഈ ബ്ലോഗിന്റെ പ്രഖ്യാപിതലക്ഷ്യം. “ഗുരുകുലം” എന്ന വാക്കു് തെരഞ്ഞെടുത്തതും ഗുരുക്കന്മാരുടെ കുലം എന്ന അര്‍ത്ഥത്തിലാണു്. എന്നെ സംബന്ധിച്ചിടത്തോളം, പഠിപ്പിച്ച അദ്ധ്യാപകര്‍ മാത്രമല്ല, വഴി പറഞ്ഞു തന്നവരും, കൂടെ ജോലി ചെയ്തവരും, പുസ്തകങ്ങളും പത്രമാസികകളും ബ്ലോഗുകളും എഴുതുന്നവരും തൊട്ടു് ഞാന്‍ ഇന്നു വായിച്ച വിക്കിപീഡിയ ലേഖനം അവസാനം എഡിറ്റു ചെയ്ത അജ്ഞാതന്‍ വരെ ഗുരുക്കളാണു്. എല്ലാവര്‍ക്കും പ്രണാമം!

പക്ഷേ അവയെ “വെറും ക്രോഡീകരണം” എന്നു പറഞ്ഞു തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഈ വിവരങ്ങളെ അറിയാവുന്ന മറ്റു കാര്യങ്ങളുമായി യോജിപ്പിച്ചുനോക്കുകയും സ്വന്തമായി ആലോചിച്ചു് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും കൂടി ചെയ്യുന്നുണ്ടു്. അതേ സമയം കുറേയെങ്കിലും പഠിക്കാതെ അഭിപ്രായം പറയില്ല എന്നൊരു ശാഠ്യവും ഉണ്ടു്. രാഷ്ട്രീയലേഖനങ്ങള്‍ എഴുതാത്തതും ഈ ശാഠ്യത്തിന്റെ ഫലമായാണു്.

ഈ ശാഠ്യം മൂലം പലപ്പോഴും ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയാറില്ല. ഉദാഹരണമായി, ജ്യോതിഷത്തെപ്പറ്റി അഭിപ്രായം പറയാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കണം. അതു കൂടുതല്‍ പഠിച്ചാല്‍ അതിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ തോന്നും. അങ്ങനെ വരുമ്പോള്‍ ജ്യോതിഷം പഠിക്കുന്നതു വൃഥാവ്യായാമമാണെന്നു കരുതുന്നവര്‍ക്കും ജ്യോതിഷം ശരിയാണെന്നു കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അനഭിമതനാകുന്നു. ഈ ബ്ലോഗിന്റെ അരാഷ്ട്രീയത ഈ വിധത്തിലുള്ള വിമര്‍ശനാത്മകപഠനത്തില്‍ (Critical reading) നിന്നുണ്ടായതാണു്.

മറ്റൊന്നു്, എനിക്കു താത്‌പര്യവും കുറച്ചൊക്കെ അറിവും ഉള്ള വിഷയങ്ങളെപ്പറ്റിയേ എഴുതാറുള്ളൂ. അവയില്‍ പലതും ഇന്നു പഴഞ്ചനും ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗവും പ്രതിലോമകരങ്ങളും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആണെന്നു പൊതുവേ ധാരണയുള്ള വിഷയങ്ങളാണു്. ഭാരതീയഗണിതം ഉദാഹരണം. വേദകാലത്തു തന്നെ ഭാരതത്തിലെ ഗണിതം ആധുനികഗണിതത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു എന്ന വാദവുമായി ബാലിശമായ സ്പാം ഇ-മെയിലുകളും അവകാശവാദങ്ങളും പ്രചരിക്കുന്ന ഈ കാലത്തു് “പെല്‍ സമവാക്യം” എന്നു ലോകം വിളിക്കുന്ന സാധനം ബ്രഹ്മഗുപ്തന്‍ നിര്‍ദ്ധരിച്ചിരുന്നു എന്നു പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വഴിയിലൂടെ പോകുന്ന മറ്റൊരുവന്‍ എന്നു ധരിക്കപ്പെടാന്‍ എളുപ്പമാണു്. നേരേ മറിച്ചു്, “വേദിക് മാത്തമാറ്റിക്സ്” എന്ന പേരില്‍ അടുത്ത കാലത്തു പ്രചരിക്കുന്ന രീതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാല്‍ ഭാരതത്തില്‍ ഒരു ചുക്കുമുണ്ടായിരുന്നില്ല എന്നു പറഞ്ഞു പുച്ഛിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതും സ്വാഭാവികം.


ഞാന്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണു്‌. സ്കൂളില്‍ വെച്ചു പഠിത്തം നിര്‍ത്തി ക്രിസ്ത്യന്‍ ഉപദേശിയായ ഒരു സുഹൃത്തു്‌ (എന്നെക്കാള്‍ ഒരു വയസ്സിനു മൂത്ത ആള്‍) ഒരിക്കല്‍ വീട്ടില്‍ വന്നു. അയാള്‍ക്കു ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഒരു പുസ്തകം വേണം. എനിക്കു്‌ ആശ്ചര്യവും അയാളെപ്പറ്റി മതിപ്പും തോന്നി. എന്റെ കയ്യില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച “പരിണാമം: പ്രക്രിയയും ഉത്‌പന്നവും” എന്ന പുസ്തകമുണ്ടായിരുന്നു. അതു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു്‌ അയാള്‍ അതു തിരിച്ചു കൊണ്ടു തന്നു. “മുഴുവന്‍ വായിച്ചോ?” ഞാന്‍ ചോദിച്ചു. “ഇല്ല, ആരു വായിക്കും ഇതൊക്കെ? ഇതു മുഴുവന്‍ പൊട്ടത്തെറ്റല്ലേ?” എന്നു മറുപടി. “പിന്നെന്തിനാ വാങ്ങിയതു്‌?” എന്നു ഞാന്‍. “ഒരു മാസികയില്‍ പരിണാമസിദ്ധാന്തം മുഴുവന്‍ തെറ്റാണെന്നു്‌ ഒരു ലേഖനം എഴുതണമായിരുന്നു. എഴുതി. സ്റ്റൈലായിട്ടു്‌. വളരെ ഉപകാരം, കേട്ടോ…”

ലേഖനം ഞാന്‍ വായിച്ചില്ല. എങ്കിലും എങ്ങനെ ആയിരിക്കും എന്നു്‌ എനിക്കു്‌ ഊഹിക്കാന്‍ കഴിയും. ആ പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു്‌ ബൈബിളിലെ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അവ തെറ്റാണെന്നു തെളിയിക്കും. വളരെ ലളിതം.

ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്‌. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്‌ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്‌ എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.


പത്തുപതിനഞ്ചു കൊല്ലം മുമ്പു ബോംബെയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു് ഒരു യുക്തിവാദി സഹപ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം തന്ന ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അവയില്‍ ചിലതു് വളരെ തരം താണതായിരുന്നു. മതഗ്രന്ഥങ്ങളിലും മറ്റും അസംബന്ധവും അശ്ലീലവും മറ്റുമാണെന്നു തെളിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താതെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു നടത്തുന്ന വൃഥാവ്യായാമം മാത്രമായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നതു്. അവയെപ്പറ്റി ആ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു.

ഈ സുഹൃത്തു് ഒരിക്കല്‍ ഒരു ഭഗവദ്‌ഗീത വ്യാഖ്യാനത്തോടു കൂടി വാങ്ങുന്നതു കണ്ടു് എനിക്കു സന്തോഷം തോന്നി-ഗീതയില്‍ എന്തുണ്ടെന്നു മനസ്സിലാക്കാന്‍ താത്‌പര്യമുണ്ടല്ലോ എന്നോര്‍ത്തു്. പക്ഷേ അദ്ദേഹം പറഞ്ഞതു് “ഇതില്‍ മുഴുവന്‍ അസംബന്ധമാണു് എന്നെനിക്കറിയാം. അതിനെപ്പറ്റി ഒരു ലേഖനം എഴുതണം. അതിനു വാങ്ങിയതാണു്” എന്നാണു്. “അസംബന്ധമാണു് എന്നെങ്ങനെ അറിയാം?” എന്നു ഞാന്‍. “അതു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു്” എന്നു് അദ്ദേഹം. “അപ്പോള്‍ വിവരമുള്ളവര്‍ എന്നു് അവര്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞതു ശരിയെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസം?” എന്നു ഞാന്‍. അതിനു് അദ്ദേഹത്തിനു മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, “സുഹൃത്തേ, മുന്‍‌വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ അസംബന്ധമല്ലാത്ത പലതും കണ്ടേക്കാം. അസംബന്ധവും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?”

അദ്ദേഹം ഗീത അങ്ങനെ വായിച്ചോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയാണു പല യുക്തിവാദികളും സംസ്കൃതത്തെയും പ്രാചീനഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്നതു് എന്നു പറയേണ്ടിയിരിക്കുന്നു. സംസ്കൃതത്തിലുള്ള വിജ്ഞാനം ശാസ്ത്രമല്ല, വെറും ‘ഡൊക്യുമെന്റേഷന്‍’ മാത്രമാണു് എന്നു് ഒരിടത്തു കണ്ടു. അതു ചവച്ചു തുപ്പിക്കളയേണ്ട ച്യൂയിംഗമാണു് എന്നു വേറേ ഒരിടത്തും. ടോയിലറ്റ് പേപ്പര്‍ തുടങ്ങി മറ്റു് ഉപമകളും കണ്ടിട്ടുണ്ടു്. ഇവയൊക്കെ പറയുന്നവരേക്കാള്‍ വലിയ അന്ധവിശ്വാസികള്‍ വേറെയില്ല. അവര്‍ ശാസ്ത്രം, കമ്യൂണിസം തുടങ്ങി പലതിലും അന്ധമായി വിശ്വസിക്കുന്നു. ഡാര്‍‌വിനോ മാര്‍ക്സോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍ അവരുടെ വിധം മാറും. സായിബാബയെയും അമൃതാനന്ദമയിയെയും മറ്റും പരസ്യമായി പച്ചത്തെറി പറയുന്നവര്‍ ഇ. എം. എസ്.-നെയോ ഇടമറുകിനെയോ വിമര്‍ശിച്ചാല്‍ രോഷാകുലരാകും. ഇതിനെ “യുക്തിവാദം” എന്നു വിളിക്കാമോ?


ശാസ്ത്രത്തെയും യുക്തിവാദത്തെയും അവഹേളിക്കാനല്ല ഇതെഴുതിയതു്. യുക്തിവാദികളെന്നും ശാസ്ത്രവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും യുക്തിചിന്ത ഇല്ല എന്നു പറയാന്‍ മാത്രമാണു്. മതമായാലും പ്രത്യയശാസ്ത്രമായാലും ശാസ്ത്രമായാലും എഴുതപ്പെട്ടിരിക്കുന്നതു തെറ്റില്ല എന്ന കടും‌പിടുത്തത്തില്‍ മറ്റുള്ളവയ്ക്കു നേരേ കണ്ണടയ്ക്കുന്ന എല്ലാവരും അന്ധവിശ്വാസികളാണു്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍ കണ്ണു തുറന്നു പിടിക്കണം. എതിര്‍‌സിദ്ധാന്തങ്ങളെ മുന്‍‌വിധിയില്ലാതെ വിശകലനം ചെയ്യാനുള്ള മനസ്സു വേണം. അതില്ലാത്തവരെല്ലാം അന്ധവിശ്വാസികളാണു്.

ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസികളേയും എതിര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ പറയട്ടേ, ഞാന്‍ വിശ്വാസത്തിനു് എതിരല്ല. വിശ്വാസം മനുഷ്യന്റെ ഒരു സ്വഭാവമാണു്. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസിക്കുന്നതാണു ദാമ്പത്യത്തിന്റെ അടിത്തറ. മറ്റേയാള്‍ വിശ്വസ്തന്‍/വിശ്വസ്തയാണെന്നതിനു തെളിവൊന്നുമില്ല. വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലല്ലോ. മറിച്ചും. ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ നല്ല ഒരു ശതമാനം വിശ്വസ്തത കാണിക്കാത്തവരാണു്. ഒരു ഭൌതികനിയമം ഉപയോഗിച്ചും വിശ്വസ്തതയെ തെളിയിക്കാനാവില്ല. ഇതൊക്കെയായിട്ടും നാം പരസ്പരം വിശ്വസിക്കുന്നില്ലേ? ഈ പറഞ്ഞതൊക്കെയല്ലേ നാം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരേ പറയുന്ന ന്യായങ്ങള്‍?

വിശ്വാസങ്ങള്‍ അന്ധവും അപകടകരവുമാകുന്നതു് അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവ തെളിയിക്കാന്‍ മറ്റു ശാസ്ത്രങ്ങളെ വൃഥാ കൂട്ടുപിിക്കുമ്പോഴുമാണു്. ഭാരതത്തിനും ലങ്കയ്ക്കും ഇടയില്‍ ഇപ്പോഴും ഒരു ചിറയുണ്ടെന്നും ജോഷ്വായുടെ കാലത്തു് ഒരു ദിവസം നിന്നു പോയി എന്നും വിശ്വസിക്കാം. പക്ഷേ അതു തെളിയിക്കാന്‍ നാസയുടെ ഉപഗ്രഹങ്ങളെയും കമ്പ്യൂട്ടറുകളെയും ചേര്‍ത്തു കള്ളക്കഥകള്‍ ഉണ്ടാക്കരുതു്.


പ്രാചീനഭാരതീയഗ്രന്ഥങ്ങളില്‍ വളരെയധികം ശാ‍സ്ത്രതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടു്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിജ്ഞാനമായിരുന്നു അവ എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം മറ്റു പലരും കണ്ടുപിടിച്ച പലതും അവയില്‍ അടങ്ങിയിട്ടുണ്ടു്. അതു് അംഗീകരിക്കാത്തവന്‍ യുക്തിവാദിയല്ല. ഇങ്ങനെ സംഭവിച്ചതു് ഭാരതത്തിന്റെ ദിവ്യത്വം കൊണ്ടല്ല, ഈ വിജ്ഞാനം പുറം‌ലോകം അറിയാഞ്ഞതുകൊണ്ടു് മറ്റുള്ളവര്‍ അവയെ വീണ്ടും കണ്ടുപിടിക്കാന്‍ നൂ‍റ്റാണ്ടുകള്‍ എടുത്തു എന്നേ ഉള്ളൂ. ഭാരതത്തില്‍ മാത്രമല്ല, ചൈന, ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ പല സ്ഥലങ്ങളിലും ഇങ്ങനെ സമകാലികലോകവിജ്ഞാനത്തെ കവച്ചുവെയ്ക്കുന്ന വിജ്ഞാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (ഗ്രീക്ക്/റോമന്‍, അറബികള്‍ എന്നിവരുടെ വിജ്ഞാനം മാത്രം ഏതാണ്ടു പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ലോകം അതാതു കാലത്തില്‍ത്തന്നെ അറിഞ്ഞിരുന്നു.)

ഇവയെ ഋഷിപ്രോ‍ക്തം, അന്യൂനം എന്നൊക്കെ മുദ്രകുത്തി ഉള്ളതില്‍ക്കൂടുതല്‍ മഹത്ത്വം ആരോപിക്കുമ്പോഴാണു് പ്രശ്നം ഉണ്ടാകുന്നതു്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു് അതിന്റെ വൈകല്യങ്ങള്‍ കാണാന്‍ കഴിയില്ല. ഭൂമിയുടെ താഴെ പാതാളമുണ്ടെന്നും പരന്ന ഭൂമിയെ എട്ടു് ആനകള്‍ താങ്ങിനിര്‍ത്തുന്നു എന്നും മറ്റും അവര്‍ക്കു വിശ്വസിച്ചേ പറ്റൂ. കവികളുടെ ഭാവനാസൃഷ്ടികളായ വിമാനത്തെയും പറക്കും പരവതാനിയെയും ക്ലോണിംഗിനെയും ടെസ്റ്റ് ട്യൂബ് ശിശുക്കളെയും കൂടു വിട്ടു കൂടു മാറ്റത്തെയുമൊക്കെ അന്നത്തെ ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കരുതേണ്ടി വരും. ജ്യോതിഷത്തെയും മറ്റും പരീക്ഷിച്ചു നോക്കാതെ വിശ്വസിക്കേണ്ടി വരും.

അദ്വൈതവും ക്വാണ്ടം മെക്കാനിക്സും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ടെന്നു് ആരെങ്കിലും പറഞ്ഞാല്‍ “ഞാന്‍ അപ്പഴേ പറഞ്ഞില്ലേ, അദ്വൈതത്തിലില്ലാത്ത ലോകതത്ത്വമില്ല” എന്നു് ഒരു കൂട്ടര്‍, “ഇതു പൊട്ടത്തെറ്റാകാനേ വഴിയുള്ളൂ, ഇതൊക്കെ സംഘപരിവാറിന്റെ കളികളാണു്” എന്നു മറ്റൊരു കൂട്ടര്‍. അന്ധവിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രസിദ്ധമായ ഉദ്ധരണി നോക്കുക: The greatest damage done by superstition is, it deflects attention from the primary cause, and leads to a defeatist attitude of helpless acceptance. രണ്ടു കൂട്ടരും അപ്പോള്‍ അന്ധവിശ്വാസികളല്ലേ?

ഇവര്‍ രണ്ടു കൂട്ടരും ഒരു പോലെ അജ്ഞാനികളാണു്. ഭഗവദ്‌ഗീതയില്‍ പറയുന്നതു പോലെ “ഉഭൌ തൌ ന വീജാനീതോ”-രണ്ടു കൂട്ടരും അറിയുന്നില്ല. സത്യത്തെ സ്വര്‍ണ്ണപ്പാത്രത്തിന്റെ കീഴില്‍ത്തന്നെ നിലനിര്‍ത്താനാണു രണ്ടു കൂട്ടരും നോക്കുന്നതു്.

എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തു് ഒരിക്കല്‍ പറഞ്ഞു, “എനിക്കു് ഈ സംസ്കൃതം പറയുന്നവരെയൊക്കെ പുച്ഛമായിരുന്നു. അതുകൊണ്ടു് ഉമേഷിന്റെ പോസ്റ്റൊന്നും വായിക്കാറില്ലായിരുന്നു. പിന്നീടാണറിഞ്ഞതു് അവയില്‍ കഴമ്പുണ്ടെന്നു്”. മറ്റൊരാള്‍ ഇങ്ങനെ ഒരു കമന്റിട്ടു: “സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു…”. ഇതും മറ്റൊരു തരത്തിലുള്ള അന്ധവിശ്വാസം. അതു മാറ്റാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ജ്യോതിഷം, പഞ്ചാംഗഗണനം തുടങ്ങിയവയില്‍ താത്‌പര്യം കാണിക്കുന്നതുകൊണ്ടു് ഞാന്‍ ഒരു ജ്യോതിഷവിശ്വാസിയാണെന്നു് പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. (എന്റെ കല്യാണത്തിന്റെ ആലോചനയുമായി പെണ്‍‌വീട്ടില്‍ പോയ ഇടനിലക്കാരന്‍ പറഞ്ഞതു് “പയ്യന്‍ ഒരു അസ്ട്രോളജറാണു്” എന്നായിരുന്നു. നെറ്റിയില്‍ മൂന്നു ഭസ്മക്കുറികളും എന്തിനും ശകുനംനോക്കലും ഒക്കെയായി നടക്കുന്ന ഒരുവനെ പ്രതീക്ഷിച്ച പെണ്‍‌വീട്ടുകര്‍ക്കു കമ്പ്ലീറ്റു തെറ്റി!) പ്രാചീനകാലത്തു ശാസ്ത്രമായി ഗണിച്ചിരുന്ന അതിന്റെ പിന്നിലുള്ള ഗണിതവും ജ്യോതിശ്ശാസ്ത്രവും രസകരമാണു്‌. നമ്മുടെ കലണ്ടറുമായും അതു വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ജ്യോതിഷത്തില്‍ അവിശ്വാസിയാകാന്‍ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചു തുപ്പി പുച്ഛിച്ചു തള്ളണം എന്നു ഞാന്‍ കരുതുന്നില്ല.

“പഴഞ്ചന്‍ വിശ്വാസി” എന്നു യുക്തിവാദികളും “താന്തോന്നിയായ അവിശ്വാസി” എന്നു വിശ്വാസികളും മുദ്രകുത്തിയ ഒരാളാണു ഞാന്‍. എനിക്കതില്‍ അഭിമാനമേ ഉള്ളൂ. വിഗ്രഹഭഞ്ജനമല്ല, വിജ്ഞാനസമ്പാദനമാണു് എന്റെ ലക്ഷ്യം. നേരായ വഴി (എന്നു് എനിക്കു തോന്നുന്നതു്) മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യവും അതോടൊപ്പമുണ്ടു്‌. ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണവും അതു തന്നെ.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

സാമൂഹികം

Comments (55)

Permalink

ഡോ. പണിക്കര്‍ക്കു മറുപടി

ഡോ. പണിക്കര്‍ തന്റെ ശ്രീരാമന്റെ തിരിച്ചു വരവ്‌ എന്ന പോസ്റ്റിന്റെ ഒരു കമന്റില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും കുറേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഒരു കമന്റിട്ടിരിക്കുന്നതു കണ്ടു. അതിന്റെ മറുപടിയാണിതു്.

ഇതു് ഒരു കമന്റു മാത്രമാണു്. ഇത്ര വലിയ ഒരു കമന്റ് ഒന്നിച്ചു് അവിടെ ടൈപ്പു ചെയ്യാന്‍ സമയമില്ലാഞ്ഞതുകൊണ്ടും, ഇവിടെയായാല്‍ ഉദ്ധരണികളും മറ്റും കാണിക്കാന്‍ കൂടുതല്‍ സൌകര്യമുള്ളതുകൊണ്ടും ആണു് ഇവിടെ ഇടുന്നതു്. ഇതിന്റെ പ്രതികരണങ്ങള്‍ ദയവായി ഡോ. പണിക്കരുടെ പോസ്റ്റില്‍ത്തന്നെ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.


ഡോ. പണിക്കര്‍,

എന്നെക്കൊണ്ടു പറയിച്ചേ അടങ്ങൂ? പറയാം.

  1. ആദ്യമായി, ചൊവ്വദോഷത്തിന്റെ തര്‍ക്കം. താങ്കള്‍ ഇപ്പോള്‍ പറയുന്നു:

    ഉമേഷ്‌ ഗുരുവിന്‌ ഇപ്പോള്‍ ഈ ലേഖനത്തിന്റെ തീം മനസ്സിലായോ എന്തോ അദ്ദേഹം അല്ലെങ്കിലും അങ്ങനെയാണ്‌
    എന്നോട്‌ എന്തെങ്കിലും ചോദ്യം അങ്ങു ചോദിക്കും ഞാന്‍ ഉത്തരം പറഞ്ഞാല്‍ അതു ശരിയായോ ഇല്ലയോ
    എന്നൊന്നും രാണ്ടാമതു പറയുന്ന പതിവില്ല. മുമ്പ്‌ ചൊവ്വാദോഷത്തെ കുറിച്ചുള്ള പോസ്റ്റില്‍
    ഈയുള്ളവന്‍ അറിയാതെ ഒരു കമന്റിട്ടു പോയിരുന്നു- “മനപ്പൊരുത്തമാണ്‌ എറ്റവും പ്രധാനം
    അതുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല ” ഇതു കൈക്കുളങ്ങരരാമവാര്യരുടെ
    വ്യാഖ്യാനമുള്ള വരാമിഹിരന്റെ ഹോരാശസ്ത്രത്തിലുണ്ട്‌ എന്ന്‌. അതിനദ്ദേഹം എഴുതിയ മറുപടി
    പരസ്പരബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ പരമകാഷ്ടയാണ്‌,. അതിനു ഞാന്‍ പേജു നമ്പര്‍
    വരെ കാണിച്ച്‌ മറുപടി കൊടുത്തിരുന്നു.

    ഇനി എന്താണു സംഭവിച്ചതെന്നറിയാന്‍ നമുക്കു Mosilager-ന്റെ “സാധനം കയ്യിലുണ്ടോ?” എന്ന ബ്ലോഗിലെ ഈ പോസ്റ്റിലേക്കു പോകാം. (ഇങ്ങനെ ലിങ്കും റെഫറന്‍സുമൊന്നും കൊടുക്കുന്ന സ്വഭാവം താങ്കള്‍ക്കില്ലല്ലോ. ആരെങ്കിലും പറഞ്ഞതിന്റെ വക്കും മൂലയും വികലമായി ഉദ്ധരിച്ചാണല്ലോ താങ്കളുടെ നിരൂപണം!)

    താങ്കള്‍ പറഞ്ഞതു്:

    ജാതകപരിശോധനക്ക്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ്‌ വരാഹമിഹിരാചാര്യണ്റ്റേത്‌. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
    ആ പുസ്തകത്തില്‍ പറയുന്നുണ്ട്‌ മനപ്പൊരുത്തമാണ്‌ പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.

    അതിനു് എന്റെ ചോദ്യം:

    വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?

    ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.

    ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?

    വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.

    അതിനു താങ്കളുടെ മറുപടി:

    ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ്‌ ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ്‌ അതുകൊണ്ടാണ്‌ ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത്‌ നിര്‍ദ്ദേശിച്ചത്‌.

    താങ്കളുടെ ആദ്യവാക്യത്തിലെ സൂചന അങ്ങനെയല്ലല്ലോ. “ജാതകപരിശോധനയ്ക്കു്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍…” എന്നു വരാഹമിഹിരനെ കൂട്ടുപിടിച്ചു പറഞ്ഞ വാക്യത്തില്‍ ഇതു വരാഹമിഹിരന്‍ പറഞ്ഞതല്ല, വ്യാഖ്യാതാവു കൂട്ടിച്ചേര്‍ത്തതാണു്‌ എന്നു വിവക്ഷയില്ലല്ലോ? മൂലകൃതി എഴുതിയ ആള്‍ ഉദ്ദേശിച്ചതു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു വിശദീകരിച്ചുകൊടുക്കുന്ന പുസ്തകമല്ലേ വ്യാഖ്യാനം? മൂലകൃതിയിലില്ലാത്തതു വ്യാഖ്യാനത്തിലുണ്ടെങ്കില്‍ അതിനു മൂലകൃതിയുടെ ആധികാരികത ഉണ്ടാവുമോ? “ഹോരാശാസ്ത്രത്തിനു കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയ വ്യാഖ്യാനമാണു്‌ ജാതകപരിശോധനയ്ക്കു്‌ ആധാരമായ ഗ്രന്ഥം” എന്നോ മറ്റോ എഴുതിയാല്‍ സമ്മതിക്കാം.

    ഇനി താങ്കളുടെ കയ്യിലുള്ള പുസ്തകത്തിലെ 32-)ം പേജ് എന്നു പറഞ്ഞിട്ടു് എന്തു കാര്യം? വരാഹമിഹിരഹോരയും ദശാദ്ധ്യായിയും മറ്റും എന്റെ കയ്യിലുണ്ടു്. കുറഞ്ഞപക്ഷം ഹോരയിലെ ഏതു ശ്ലോകത്തിന്റെ വ്യാഖ്യാനം എന്നു പറഞ്ഞാലും മതി. (സക്കീനവക്കീല്‍ “കഥം ഭീഷ്മമഹം സംഖ്യേ…” എന്നതിന്റെ അര്‍ത്ഥം ഇവിടെ ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെയാവില്ല എന്നു പ്രതീക്ഷിക്കുന്നു.)

    മാത്രമല്ല, എന്റെ ആദ്യത്തെ ചോദ്യത്തില്‍ത്തന്നെ ഞാന്‍ അതു വ്യക്തമായി ചോദിച്ചിട്ടുണ്ടു്‌: “ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?” എന്നു്. അതിനു താങ്കള്‍ ഉത്തരം തന്നിട്ടില്ല. “പണിക്കര്‍ മാഷെന്താ ഉത്തരം തരാത്തതു്‌?” എന്നു്‌ ആഴ്ചയിലൊരു കമന്റ്‌ വീതം ഞാന്‍ ഇട്ടു കൊണ്ടിരിക്കണമെന്നാണോ പറയുന്നതു്‌?

    അസ്സല്‍ ആരോപണം. താങ്കളുടെ ചോദ്യത്തിനു്‌ ഇവിടെ ഞാന്‍ ഉത്തരം തന്നില്ലെന്നു്‌!

    ഇനി, കൈക്കുളങ്ങര രാമവാര്യര്‍ അപാരജ്ഞാനിയും ആചാര്യനും അദ്ദേഹം വ്യാഖ്യാനിച്ചിട്ടുള്ള പുസ്തകങ്ങളുടെ കര്‍ത്താക്കളെക്കാള്‍ മഹാനും ഒക്കെയാണെന്നാണു്‌ അഭിപ്രായമെങ്കില്‍ കേട്ടോളൂ. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഞാന്‍ നന്നായി വായിച്ചിട്ടുള്ളതു്‌ അമരകോശത്തിന്റെ “ബാലപ്രിയ” വ്യാഖ്യാനമാണു്‌. അതില്‍ അനവധി തെറ്റുകള്‍ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌ “അക്ഷൌഹിണി” എന്ന വാക്കിന്റെ വിവരണം അമരകോശത്തില്‍ (2:9:80-81) ഇങ്ങനെ കാണുന്നു:

    ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
    പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃ ക്രമാദാഖ്യാ യഥോത്തരം
    സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
    അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ

    അതായതു്‌, 1 ആന, 1 രഥം, 3 കുതിര, 5 കാലാള്‍ എന്നിവ ചേര്‍ന്നതിനെ “പത്തി” എന്നു പറയുന്നു. പത്തിയുടെ അംഗങ്ങളെ മൂന്നുകൊണ്ടു ക്രമത്തില്‍ ഗുണിച്ചവയെ സേനാമുഖം, ഗുല്‌മം, ഗണം, വാഹിനി, പൃതനാ, ചമൂ, അനീകിനി എന്നു പറയുന്നു. പത്തു്‌ അനീകിനി കൂടിയതാണു്‌ അക്ഷൌഹിണി.

    (അതായതു്‌, 3 പത്തി സേനാമുഖം, 3 സേനാമുഖം ഗുല്‌മം, 3 ഗുല്‌മം ഗണം, 3 ഗണം വാഹിനി, 3 വാഹിനി പൃതന, 3 പൃതന ചമു, 3 ചമു അനീകിനി, 10 അനീകിനി അക്ഷൌഹിണി എന്നര്‍ത്ഥം.)

    കൈക്കുളങ്ങര വ്യാഖ്യാനിച്ചിരിക്കുന്നതു്‌ 3 അനീകിനി ദശാനീകിനി, 3 ദശാനീകിനി അക്ഷൌഹിണി എന്നാണു്‌. അതായതു്‌ അക്ഷൌഹിണി എന്നതു 10 അനീകിനി എന്നതിനു പകരം 9 അനീകിനി എന്നു്‌!

    ഇതു്‌ അത്ര ഗഹനമായ കാര്യമൊന്നുമല്ല. അക്ഷൌഹിണിയുടെ നിര്‍വ്വചനം ഒരുപാടു സ്ഥലത്തുണ്ടു്‌. ഉദാഹരണമായി മഹാഭാരതം ആദിപര്‍വ്വത്തിന്റെ ആദിയിലുണ്ടു്‌. ഇവയൊന്നും നോക്കാതെയും “ദശം” എന്ന വാക്കിന്റെ അര്‍ത്ഥം “പത്തു്‌” എന്നാണെന്നു ചിന്തിക്കാതെയും തയ്യാറാക്കിയ പുസ്തകം (അതിന്റെ പിന്നീടുള്ള പതിപ്പുകളിലും- ഞാന്‍ വായിച്ചതു്‌ അറുപതുകളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു) ആധികാരികമായ വ്യാഖ്യാനമായി പരമ്പരാഗതവിദ്യാഭ്യാസക്കാര്‍ കരുതിപ്പോരുന്നുണ്ടു്‌. വൈദ്യം, ജ്യോതിഷം തുടങ്ങിയ പല മേഖലകളിലുമുള്ള ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടു്‌. വിവാഹത്തിനു മനപ്പൊരുത്തം സ്വന്തം നിലനില്‍പ്പിനു വേണ്ടി വ്യാഖ്യാനത്തില്‍ ഏച്ചുകെട്ടിയതാണു്‌.

  2. ഇനി, എവിടെയാണു ഗുരുമുഖത്തെപ്പറ്റി പറഞ്ഞതു് എന്നു്. താങ്കള്‍ ഇപ്പോള്‍ പറയുന്നു:

    അദ്ദേഹത്തിന്റെ തന്നെ പോസ്റ്റായ വിമാനസംബന്ധിയായ പോസ്റ്റില്‍ “ഗുരുമുഖത്തു നിന്നു പഠിച്ച വിദ്യക്കേ ഗുണമുള്ളു ” “എല്ലാം ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം” എന്നിത്യാദി പ്രസ്താവനകള്‍ ഞാന്‍ പറഞ്ഞു എന്നു എഴുതി കണ്ടു. അതിനും ഞാന്‍ ചോദിച്ചു ഞാന്‍ എവിടെയാണ്‌ ഇപ്പറഞ്ഞ രീതിയില്‍ പറഞ്ഞത്‌ ? എന്ന്‌. അതിനു മറുപടിയില്ല. അപ്പോള്‍ ഇപ്പറഞ്ഞ വ്യക്തമായി ആര്‍ എവിടെ എപ്പോള്‍ പറഞ്ഞു എന്നതൊന്നും അദ്ദേഹത്തിനു ബാധകമല്ലേ? ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന്‌ തുറന്നെഴുതിയാല്‍ അതു ഒന്നുകില്‍ തെളിയിക്കാണം അല്ലെങ്കില്‍ തിരുത്തണം. ഇതു സാമാന്യ മര്യാദയാണ്‌. മഹാന്മാര്‍ക്ക്‌ ഇതൊന്നും ബാധകമല്ലായിരിക്കാം.

    എന്റെ വിമാനസംബന്ധിയായ പോസ്റ്റ് ഇതാണു്. ഇതിലെവിടെയാണു ഞാന്‍ ഡോ. പണിക്കര്‍ അങ്ങനെ പറഞ്ഞതായി പറഞ്ഞിട്ടുള്ളതു്? ആരോപണമുന്നയിക്കുമ്പോഴെങ്കിലും ശരിയായ റെഫറന്‍സു കൊടുത്തുകൂടേ?

    ഞാന്‍ ഇതു ചോദിച്ചതു താങ്കളുടെ പോസ്റ്റുകളില്‍ കമന്റുകളായാണു്. മുകളില്‍ പറഞ്ഞ ചൊവ്വദോഷം പോസ്റ്റിന്റെ കമന്റിലും സൂചിപ്പിച്ചിട്ടുണ്ടു്. എന്റെ ബ്ലോഗിലെ ഈ കമന്റില്‍ താങ്കള്‍ അവസാനം കൊടുത്ത ഗുരുനിര്‍വ്വചനം എനിക്കു സ്വീകാര്യമാണെന്നും ഇനി അതില്‍ വാദമില്ലെന്നും പറഞ്ഞിരുന്നു. (അതിനു താങ്കള്‍ എഴുതിയ വലിയ കമന്റിനു് ഇതു വരെ മറുപടി പറഞ്ഞില്ല. “ഗുരു” എന്നതിനെപ്പറ്റി ഒരു പോസ്റ്റെഴുതിവരുന്നതൊകൊണ്ടാണു് എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.) കൂടാതെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം) എന്ന പോസ്റ്റില്‍ ഈ വാദത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതു താങ്കള്‍ക്കെതിരേയുള്ള വിമര്‍ശനമായിരുന്നില്ല. ഈ വാദം ഞാന്‍ ഒരുപാടു കാലമായി കേള്‍ക്കുന്നതാണു്.

    ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:

    ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.

    അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.

    അതല്ലാതെ പറയാന്‍ പാടില്ലെന്നാണ്‌ മിന്നാമിനുങ്ങിനെ പിടിച്ചു വച്ച്‌ തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്‌.

    അതുകൊണ്ടാണ്‌ കഠോപനിഷത്തില്‍ നചികേതസ്സിന്‌ യമധര്‍മ്മന്റെ അടുത്ത്‌ ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്‌

    അതനുസരിക്കാതിരുന്നതുകൊണ്ടാണ്‌ കട്ട്‌ ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്‌ — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട്‌ ഞാനവക്ക്‌ മരൂപടി പറയുന്നില്ല.

    ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം.

  3. താങ്കളുടെ അടുത്ത കണ്ടുപിടിത്തം:

    “അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റുകരയിലാണ്‌ മുട്ടയിടുക ” എന്നൊരു ചൊല്ലുണ്ട്‌. മലയാള വാക്കുകളുടെ
    അര്‍ഥത്തെ പറ്റി തര്‍ക്കം വരുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടാറുള്ള ശബ്ദതാരവലിയില്‍
    കൂര്‍മ്മബുദ്ധി എന്ന വാക്കും അതിന്റെ അര്‍ഥവും കൊടുത്തിട്ടുണ്ട്‌. തീക്ഷ്ണമായ ബുദ്ധി എന്നാണ്‍് അത്‌,
    ഞങ്ങളൊക്കെ ചെറുപ്പത്തില്‍ പഠിച്ചതും അതുതന്നെയാണ്‌; – പക്ഷെ ഉമേഷ്‌ ഗുരുവിന്റെ
    അഭിപ്രായത്തില്‍ അതിന്‌ കൂര്‍മ്മത്തിന്റെ- ആമയുടെ ബുദ്ധി എന്നാണ്‌ അര്‍ഥം. ഇതിനൊക്കെ മറുപടി
    പറയുവാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല.

    ഇതിനു താങ്കള്‍ ശബ്ദതാരാവലി (“താരവലി” അല്ല) നോക്കിയതിനു നന്ദി. ശബ്ദതാരാവലിയില്‍ ഇങ്ങനെയാണു കൊടുത്തിരിക്കുന്നതു്:

    കൂര്‍മ്മബുദ്ധി-ബുദ്ധിക്കു കൂര്‍മ്മയുള്ളവന്‍ (അ. പാ.)

    ഏതു് എഡിഷനിലാണു “തീക്ഷ്ണമായ ബുദ്ധി” എന്നു കണ്ടതു്?

    ഇനി ദയവായി “അ. പാ.” എന്നാല്‍ എന്താണെന്നു് ശബ്ദതാരാവലിയുടെ ആദ്യത്തിലുള്ള സങ്കേതസൂചികയില്‍ (എന്റെ കയ്യിലിരിക്കുന്ന പുസ്തകത്തില്‍ പേജ് ൧൬) നോക്കുക. “അപപാഠം” എന്നാണു്. തെറ്റായ പ്രയോഗം എന്നു്. ശബ്ദതാരാവലി നല്ല വാക്കുകള്‍ മാത്രം തരുന്ന നിഘണ്ടുവല്ല. അപപാഠങ്ങളും അശ്ലീലവും ഗ്രാമ്യപദങ്ങളും ഒക്കെ അതിലുണ്ടു്. ഇതു മാത്രമല്ല, സ്വതവേ (സ്വതേ ശരി), മനോസാക്ഷി (മനസ്സാക്ഷി ശരി), മനോസുഖം (മനസ്സുഖം), ക്ഷണനം (ക്ഷണിക്കല്‍ എന്ന അര്‍ത്ഥത്തില്‍-ക്ഷണം ശരി) തുടങ്ങിയ അപപാഠങ്ങളും അതിലുണ്ടു്. വിവരമില്ലാത്തവര്‍ ഇങ്ങനെ പലതും പറയും, അവ തെറ്റാണു് എന്നു വ്യക്തമാക്കാനാണു് ശബ്ദതാരാവലി എഴുതിയ ആള്‍ അവയെയും ചേര്‍ത്തതു്.

    കിണറ്റിന്‍ കരയില്‍ കണ്ടതു പൊന്മാന്റെ മുട്ടയല്ലല്ലോ മാഷേ, കാക്കയുടെ കാഷ്ഠമായിരുന്നല്ലോ. വേറേ എവിടെങ്കിലും തപ്പിനോക്കൂ!

  4. താങ്കള്‍ തുടര്‍ന്നു പറയുന്നു:

    പിന്നെയും പറയുന്നു ശ്രീരാമനെ പോലെ ഒളിയമ്പു എയ്യാനാണോ ഭാവം? എന്നൊരു ചോദ്യം. ശ്രീരാമന്‍
    ഒളിയമ്പെയ്തതു ബാലിയെയാണ്‌ ബാലി ഒരു വാനരന്‍ –(വാനരന്‍ എന്നാല്‍ കുരങ്ങ്‌ എന്നാണ്‌ അര്‍ഥം ഇനി
    അദ്ദെഹത്തിന്റെ ഭാഷയില്‍ വേറെ വ്യഖ്യാനമുണ്ടായേക്കാം). അതുകൊണ്ട്‌ അങ്ങനെയൊന്നും വിചാരിക്കേണ്ട.

    ഒളിയമ്പു പോലെയുള്ള അധര്‍മ്മത്തിന്റെ കാര്യം പറയുമ്പോഴൊക്കെ അധര്‍മ്മത്തിനിരയായവന്റെ കുലത്തെ അധിക്ഷേപിച്ചുകൊണ്ടു് (ശംബൂകന്റെ കഥ രാമായണത്തിലില്ലെന്നു കയ്യൊഴിഞ്ഞെങ്കിലും) തര്‍ക്കുത്തരം പറയുന്ന കാലം കഴിഞ്ഞു മാഷേ. ഈ കുരങ്ങന്മാരായിരുന്നു നമ്മുടെ മുതുമുത്തച്ഛന്മാര്‍ എന്നൊരു തിയറി കേട്ടിട്ടുണ്ടോ? ഞാനും താങ്കളുമൊക്കെ ഒരു പക്ഷേ ഈ ബാലിയുടെയും സുഗ്രീവന്റെയും ജാംബവാന്റെയുമൊക്കെ വംശത്തില്‍ പെട്ടവരായിരിക്കും, ആര്‍ക്കറിയാം? ഇനി, പണ്ഡിതനും ശക്തനും രാവണനെപ്പോലും എളുപ്പത്തില്‍ തോല്പിച്ചവനുമായ ബാലിയുടെ വംശപരമ്പരയില്‍പ്പെട്ടവനാണു ഞാന്‍ എന്നു വന്നാലും എനിക്കു് അഭിമാനമേ ഉള്ളൂ.

  5. താങ്കള്‍ അവസാനമായി പറയുന്നു:

    പ്രൊഫെയിലില്‍ നിങ്ങളുടെ പ്രായം ശരിയാണെങ്കില്‍ നിങ്ങള്‍ ജനിക്കുന്നതിനു മുമ്പു മുതല്‍ വാല്മീകിരാമായണം പഠിച്ചു തുടങ്ങിയവനാണ്‌ ഞാന്‍ നിങ്ങളെഴുതിയതു പോലെ അയലുവക്കത്തെ വീട്ടില്‍ നിന്നും ഫോണ്‍ വഴി വായിച്ചു കേള്‍ക്കേണ്ട ഗത്‌ഇകേട്‌ ഇല്ല.

    രാമായണവും മഹാഭാരതവും മൂലകൃതികള്‍ എന്റെ കയ്യിലുണ്ടു്. അയല്‍‌വക്കത്തു ഫോണ്‍ ചെയ്തു ചോദിക്കാം എന്നു ഞാന്‍ ഇവിടെ പറഞ്ഞതു് മഹാഭാരതത്തിന്റെ പ്രതാപചന്ദ്രറോയിയുടെ ഇംഗ്ലീഷ് പരിഭാഷയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മലയാളപരിഭാഷയുമാണു്. (റെഫറന്‍സുകള്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നു് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.) ഒരു കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പു് കിട്ടാവുന്ന റെഫറന്‍സുകള്‍ നോക്കുക എന്നതു് എന്റെ ഒരു ദൌര്‍ബല്യമാണു്. ഗുരുത്വമില്ലാത്തതുകൊണ്ടു് അതേയുള്ളു വഴി. താങ്കള്‍ക്കു ഗുരുത്വവും അകക്കണ്ണും ഉള്ളതുകൊണ്ടു് തെറ്റുകളൊന്നും വരില്ലായിരിക്കും. അങ്ങനെയല്ലല്ലോ പാമരനായ ഞാന്‍!

    താങ്കളുടെ പ്രൊഫൈല്‍ പ്രായം ശരിയാണെങ്കില്‍ പത്തു വയസ്സിനു മുമ്പേ വാല്മീകിരാമായണം വായിക്കാന്‍ തുടങ്ങി, അല്ലേ? കൊള്ളാം! എന്നിട്ടെന്തായി, ബാലകാണ്ഡം കഴിഞ്ഞോ? എന്നു വായിക്കാന്‍ തുടങ്ങി എന്നതിലല്ല കാര്യം, എങ്ങനെ വായിക്കുന്നു എന്നതിലാണു്.


വക്കാരീ, ക്ഷമിക്കുക. വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച… കണ്ടു. ഇതൊന്നു പോസ്റ്റു ചെയ്തു കഴിഞ്ഞിട്ടു വായിക്കാം 🙂

പ്രതികരണം
സംവാദം

Comments Off on ഡോ. പണിക്കര്‍ക്കു മറുപടി

Permalink

ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

ജ്യോതിര്‍മയിയുടെ ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം) എന്ന വാഗ്‌ജ്യോതി പോസ്റ്റിനു കമന്റായി ഇട്ട ശ്ലോകം. പതിനഞ്ചു മിനിട്ടു കൊണ്ടെഴുതിയതാണെങ്കിലും (എഴുതിയതു് എന്നതു ശരിയല്ല, ടൈപ്പുചെയ്തതു് എന്നതു ശരി) പിന്നീടു വായിച്ചപ്പോള്‍ അതു കൂടുതല്‍ രസകരമായിത്തോന്നി. അതിനാല്‍ ഇവിടെയും ഇടുന്നു.

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലെറിയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! “ഹിഹി”, സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവേന്‍!

(കമന്റിട്ടപ്പോള്‍ “തേങ്ങയില്ലുടയുവാന്‍…” എന്നും “ശുട്ടീടുവന്‍” എന്നുമായിരുന്നു.)

ആരെങ്കിലും ഈ ബൂലോഗം എന്താണെന്നറിയാന്‍ ആദ്യമായി എന്റെ ബ്ലോഗിലെങ്ങാനും എത്തി അന്ധാളിച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു വ്യാഖ്യാനവും താഴെ:

  • ബ്ലോഗാറില്ല: ബ്ലോഗുക എന്നു വെച്ചാല്‍ ബ്ലോഗ് എഴുതുക എന്നര്‍ത്ഥം. To blog.
  • കമന്റുക: കമന്റു ടൈപ്പു ചെയ്യുക. To comment.
  • ഏവൂര്‍ജി: ബൂലോഗത്തില്‍ ആളുകളെ ഏട്ടന്‍, ചേട്ടന്‍, ജി, മാഷ്, സാര്‍, ഗുരു, ലഘു എന്നൊക്കെ വിളിച്ചാല്‍ വിളിക്കുന്ന ആളുകള്‍ക്കു പ്രായം കുറവാണെന്നു തോന്നും എന്നൊരു മിഥ്യാധാരണയുണ്ടു്. പാപ്പാനെ ഒഴികെ ആരെയും “ജി” എന്നു വിളിക്കാം. പാപ്പാനെ “പാപ്പാന്‍‌ജി” എന്നു വിളിച്ചാല്‍ (വരമൊഴിയില്‍ ഇടയിലൊരു _ ഇട്ടില്ലെങ്കില്‍ “പാപ്പാഞി” ആയിപ്പോകും എന്നു വേറൊരു കുഴപ്പം) ആനയെക്കൊണ്ടു ചവിട്ടിക്കും എന്നു കേള്‍ക്കുന്നു. ഒരേ പ്രായമുള്ളവരെ “ഗഡി” എന്നു വിളിക്കണം. പ്രായം കുറവായവരെ “ഉണ്ണി” എന്നോ “കുട്ടി” എന്നോ (കുട്ടി എന്നു സമപ്രായക്കാരെയും വിളിക്കാം എന്നും ഒരു മതമുണ്ടു്.) “ഊട്ടി” (as in ബിന്ദൂട്ടി) എന്നോ വെറും പേരോ വിളിക്കാം. അചിന്ത്യയ്ക്കു മാത്രം ആരെയും എന്തും വിളിക്കാം.

    ഇവിടെ സ്മര്യപുരുഷന്‍ ഏവൂരാന്‍ ആണു്. അദ്ദേഹം തനിമലയാളത്തിനും മറ്റും ചെയ്യുന്ന സംഭാവനകളെ ആദരിക്കാന്‍ ഏവൂര്‍‌ജി എന്നു വിളിക്കുന്നു. ഏവൂരാന്‍‌ജി എന്നും (അണ്ടര്‍സ്കോര്‍ മറക്കരുതു്) വിളിക്കാം. പാപ്പാനെപ്പോലെ വയലന്റല്ല ഈ ജി.

  • സര്‍വര്‍: ഏവൂരാന്റെ തനിമലയാളം സര്‍വര്‍. ഇവിടെച്ചെന്നാല്‍ പുതിയ പോസ്റ്റുകളുടെ ലിസ്റ്റു കാണാം.

    അവിടെ പരസ്യങ്ങള്‍ മൂലം കാലതാമസമുള്ളതിനാല്‍ പോകില്ല എന്നും പകരം പോളിന്റെ സര്‍വറിലാണു പോകുന്നതെന്നും ഇതിനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്താല്‍ കവി ഉത്തരവാദിയല്ല.

  • തേങ്ങ: Coconut. പോസ്റ്റു വായിക്കാന്‍ സമയമില്ലെങ്കില്‍ തേങ്ങയടിക്കാം പിന്നെ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു കണ്ടുപിടിച്ചതു അഗ്രജനും സുല്ലുമാണു്. ഒരു തേങ്ങാക്കാരന്‍ മറ്റൊരു തേങ്ങാക്കാരന്റെ തെങ്ങിന്‍തോപ്പില്‍ പോയി തേങ്ങയടിച്ചതിന്റെ ഉദാഹരണം ഇവിടെ.
  • ആര്‍മ്മാദം: ഇതിന്റെ അര്‍ത്ഥം മലയാളം എമ്മേ (എന്റമ്മേ!) പാസ്സായ സിജിയ്ക്കു പോലും അറിയില്ല (അലങ്കാരം അര്‍ത്ഥാപത്തി). ഏതോ സിനിമയില്‍ ഇന്നസെന്റു പറയുന്നു എന്നു സൂ പറയുന്നു. ഏതായാലും ബൂലോഗത്തില്‍ ആദിത്യനും ദില്‍ബാസുരനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഇതെടുത്തു പൂശാറുണ്ടു്. ബൂലോഗക്ലബ്ബിന്റെ പ്രഖ്യാപിതലക്ഷ്യവാക്യത്തിലും ഇതുണ്ടു്. “അടിച്ചു പൊളിക്കുക” എന്നര്‍ത്ഥം. ഇതൊരു തൃശ്ശൂര്‍ സ്ലാങ്ങാണെന്നാണു് ഏറ്റവും ഒടുവില്‍ കിട്ടിയ അറിവു്.
  • ഹാ, കഷ്ടം: വൃത്തത്തിനും പ്രാസത്തിനും വേണ്ടി തിരുകിക്കയറ്റിയതു്. ഇങ്ങനെയുള്ള ഒരാളിന്റെ സ്ഥിതിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകും എന്നു് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടു്.
  • ഹി ഹി: ബൂലോഗത്തില്‍ ചിരിക്കേണ്ടതു് ഇങ്ങനെയാണു് എന്നു കണ്ടു പിടിച്ചതു ജ്യോതിയാണു്. പെരിങ്ങോടനു മാത്രം “ഹാ ഹാ” എന്നു ചിരിക്കാം. അട്ട എന്ന ജീവി ഹസിക്കുന്നതും അങ്ങനെ തന്നെ.
  • സ്മൈലി: “വായിച്ചു, കൂടുതലൊന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ കമന്റിലിടുന്ന സാധനം. ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ഇതിട്ടതു സൂ ആണു്.

    അങ്ങനെയല്ലാതെ പുട്ടിനിടയില്‍ തേങ്ങാപ്പീര ഇടുന്നതുപൊലെയും ഇതു് ഇടാം. “തല്ലണ്ടാ, വിരട്ടി വിട്ടാല്‍ മതി…” എന്നര്‍ത്ഥം. (കട: പതാലി) അങ്ങനെ ഇതു് ഏറ്റവും കൂടുതല്‍ ഇട്ടിട്ടുള്ളതു വക്കാരി.

  • ഓഫ്: ഓഫ്‌ടോപ്പിക്കിന്റെ ചുരുക്കരൂപം. “ഓ. ടോ.” (ഓട്ടോ അല്ല), “ഓ. പൂ.” (ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം) എന്നൊക്കെ പറയും. ആദിത്യന്‍, ഇഞ്ചിപ്പെണ്ണു്, ബിന്ദു തുടങ്ങിയവര്‍ പുനരുജ്ജീവിപ്പിച്ച പ്രാചീനകല. ഇതിനൊരു യൂണിയനും ഉണ്ടു്. പ്രെസിഡണ്ട് ദില്‍ബാസുരന്‍. സെക്രട്ടറി ബിന്ദു. കജാഞ്ചി (ഖജാന്‍‌ജി എന്നതിന്റെ ബൂലോഗവാക്കു്) ആദിത്യന്‍. സാങ്കേതികസഹായം ശ്രീജിത്ത്. ശബ്ദം സുല്ല് & അഗ്രജന്‍ (“ഠോ”). വെളിച്ചം ഇത്തിരിവെട്ടം. ഗ്രാഫിക്സ് കുമാര്‍.

    “ദില്‍ബാസ്വരന്‍” ലോപിച്ചാണു “ദില്‍ബാസുരന്‍” ആയതു്‌. “ഓഫ്‌ യൂണിയന്‍” എന്നതു സ്വരത്തില്‍ തുടങ്ങുന്നതു കൊണ്ടു്‌ സ്വരത്തില്‍ തുടങ്ങുന്ന പേരുള്ളവരേ പ്രെസിഡന്റാകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. (ഇതിനു മുമ്പുള്ള രണ്ടു പ്രെസിഡന്റുകളുടെയും-ഉമേഷ്‌, ഇടിവാള്‍- പേരു്‌ സ്വരത്തിലായിരുന്നു തുടങ്ങിയിരുന്നതു്‌.) ദില്‍ബനു്‌ പ്രെസിഡന്റാവുകയും വേണം. ഈ ദുഃസ്ഥിതി ഒഴിവാക്കാന്‍ ദില്‍ബനു്‌ “അസ്വരന്‍” എന്ന പേരു കൊടുത്തു. സ്വരമില്ലാത്തവന്‍ എന്നര്‍ത്ഥം. അതു്‌ ആളുകള്‍ വിളിച്ചുവിളിച്ചു്‌ “അസുരന്‍” എന്നായി. ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ.

    ഇതിന്റെ മറ്റൊരു വകഭേദമാണു് നൂറടിക്കുക, ഇരുനൂറടിക്കുക തുടങ്ങിയവ. സന്തോഷും ബിന്ദുവുമാണു് ഇതിനു വിദഗ്ദ്ധര്‍. എത്ര തവണ നൂറടിച്ചാലും തലയുടെ സ്ഥിരതയില്‍ കാര്യമായ മാറ്റം ഇവര്‍ക്കു വരാറില്ല.

  • എന്തരോ ആകട്ടേ: രാജമാണിക്യത്തില്‍ നിന്നും ദേവരാഗത്തില്‍ നിന്നും ബൂലോഗം കടം കൊണ്ട ഭാഷ. ഈ ചിന്താഗതിയെ “അരാഷ്ട്രീയത” എന്നു ചന്ത്രക്കാറനും ബെന്നിയും വിളിക്കുന്നു.
  • ഗഡി: ബൂലോഗത്തിനു വിശാലമനസ്കന്‍ നല്‍കിയ രണ്ടാമത്തെ മികച്ച സംഭാവന. ഇപ്പോള്‍ ഇതു പബ്ലിക്ക് ഡൊമൈനില്‍. ആദ്യത്തെ സംഭാവന കറന്റ് ബൂക്സിന്റെ പ്രൈവറ്റ് ഡൊമൈനിലും. കൂട്ടുകാരന്‍, കാശിനു കൊള്ളാത്തവന്‍ എന്നൊക്കെ അര്‍ത്ഥം. സുന്ദരന്‍ എന്ന അര്‍ത്ഥമില്ല. അതിനു “ചുള്ളന്‍” എന്നു പറയണം.
  • പോസ്റ്റ്: ബ്ലോഗില്‍ ഒരു സമയത്തു വരുന്ന സാധനം. ഇതിനെന്തിനു പോസ്റ്റ് എന്നു പറയുന്നതെന്നറിയണമെങ്കില്‍ ഉമേഷിന്റെ ബ്ലോഗില്‍ നോക്കിയാല്‍ മതി. അവസാനം എത്തുമ്പോഴേയ്ക്കു് ആദ്യത്തിലുള്ളതു മറന്നുപോകും, വല്ലതും മനസ്സിലായെങ്കില്‍!
  • ശുട്ടീടുവേന്‍: ബൂലോഗത്തിനു വക്കാരിയുടെ പല സംഭാവനകളില്‍ ഒന്നു്. തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍ ഏവൂരാന്‍ ഇട്ട പോസ്റ്റില്‍ വക്കാരി ഉമേഷിനെ ഭീഷണിപ്പെടുത്തിയതു്. മണിച്ചിത്രത്താഴു് സിനിമയില്‍ നിന്നു പൊക്കിയതാണെന്നു തോന്നുന്നു.

അര്‍ത്ഥം:

ബ്ലോഗെഴുതാറില്ല, കമന്റിടുവാന്‍ സമയമില്ല, തനിമലയാളം പേജില്‍ പോകാറുപോലുമില്ല, വായിച്ചില്ലെങ്കിലും പേജു വരെ പോയി ഒരു തേങ്ങായടിക്കുകയും കൂടിയില്ല, വായിച്ചു കമന്റിട്ടു അതിന്റെ ബാക്കി കമന്റിട്ടു നൂറടിച്ചു രസിക്കാറില്ല. ഹാ, കഷ്ടമെന്നേ പറയേണ്ടൂ… ഒരു ചിരി പോലും -“ഹി ഹി” എന്നോ ഒരു സ്മൈലി ഇട്ടോ-ചിരിക്കാറില്ല, ഒരു ഓഫ്‌ടോപ്പിക് കമന്റു പോലും ഇടാറില്ല… എന്തു പറ്റി ഉണ്ണീ നിനക്കു്? എന്തെങ്കിലും ആകട്ടേ, പോസ്റ്റു വായിക്കുന്നതു നീ നിര്‍ത്തരുതു്. നിര്‍ത്തിയാല്‍ കൊന്നുകളയും ഞാന്‍!

[ഞാന്‍ ഓടി പാലത്തില്‍ നിന്നു വെള്ളത്തിലേക്കെടുത്തു ചാടി നീന്തി തുമ്പയിലെത്തി ഒരു റോക്കറ്റിന്റെ മൂട്ടില്‍ പിടിച്ചു ചന്ദ്രനിലേക്കു പോകട്ടേ-പുറകേ ജ്യോതി മാത്രമല്ല, കവിതയില്‍ ഇമ്മാതിരി ഭാഷയും ഇംഗ്ല്ലീഷും ഉപയോഗിച്ചതിനു് അനംഗാരിയും അതിനെ വ്യാഖ്യാനിച്ചതുകൊണ്ടു് അങ്ങനെ പറ്റുന്നതിനു പകരം ഇങ്ങനെ പറ്റിയില്ലേ എന്നു ചോദിച്ചു വക്കാരിയും ഉണ്ടു്!]


ബ്ലോഗുഭാഷയിലെ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ പത്തൊന്‍പതക്ഷരമല്ലേ ഉള്ളൂ.

ഇതുപോലെയുള്ള ബ്ലോഗുഭാഷയിലെഴുതിയ ബ്ലോഗുകവിതകള്‍ കമന്റുകളായി ക്ഷണിച്ചുകൊള്ളുന്നു. ഏറ്റവും നല്ല കവിതയ്ക്കു് ജ്യോതി ഒരു സമ്മാനം കൊടുക്കുമായിരിക്കും. കൊടുത്തില്ലെങ്കില്‍ വക്കാരിയെക്കൊണ്ടു് “ശുട്ടിടുവേന്‍” എന്നു പറയിച്ചു നോക്കാം 🙂


(അടുത്ത തവണ പുഴ.കോമിന്റെ കൊളാഷില്‍ ഇതായിരിക്കും എന്റെ ടിപ്പിക്കല്‍ പോസ്റ്റായി വരുന്നതു്. ആര്‍ക്കറിയാം!)

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (33)

Permalink

ഭാരതീയജ്ഞാനം-ചില ചിന്തകള്‍

ചിത്രകാരന്റെ ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? എന്ന പോസ്റ്റില്‍ വന്ന ചില കമന്റുകള്‍ക്കുള്ള പ്രതികരണമായി നവംബര്‍ 25 മുതല്‍ 28 വരെ എഴുതിയതാണു് ഈ പോസ്റ്റിന്റെ സിംഹഭാഗവും. ഇതില്‍ പ്രതിപാദിച്ചിരുന്ന ഒരു വാദം പിന്നീടു് രാമായണവും വിമാനവും എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റാക്കി. ഇതിലെ മറ്റു ചില വാദങ്ങള്‍ ചേര്‍ത്തു് ഒരു പോസ്റ്റാക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും അതു് എങ്ങുമെത്തിയില്ല. ഇതുവരെ എഴുതിയതു് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു. അല്ലെങ്കില്‍ ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ടുപോകും.

ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു:

  1. ഇതു് ചിത്രകാരന്റെ പോസ്റ്റിന്റെ ആസ്വാദനമല്ല. സെന്‍‌സേഷണല്‍ വിഷയങ്ങള്‍ എന്തെങ്കിലും എടുത്തു് ആധികാരതയോ ആവശ്യമായ പഠനമോ ഇല്ലാതെ എന്തെങ്കിലും എഴുതിവിടുന്ന ചിത്രകാരന്റെ പോസ്റ്റുകളില്‍ ഒന്നുപോലും നിലവാരമുള്ളതായി എനിക്കു തോന്നിയിട്ടില്ല. പലതും നല്ല സംവാദങ്ങള്‍ക്കു വഴിയൊരുക്കി എന്നതൊഴിച്ചാല്‍ ഇതുവരെ എന്തെങ്കിലും ഗുണം അദ്ദേഹത്തിന്റെ എഴുത്തില്‍ (പോസ്റ്റായാലും കമന്റായാലും) ഉണ്ടെന്നു് എനിക്കു തോന്നിയിട്ടില്ല. ആ പോസ്റ്റ് അതിനൊരു അപവാദമല്ല.
  2. ചിത്രകാരന്റെ പോസ്റ്റിന്റെ വിഷയമോ (“ശബരിമല ബുദ്ധവിഹാരമോ?”) സംവാദങ്ങളില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട വിഷയമോ (“ഐ. ടി. മേഖലയും ദളിതരും”) അല്ല എന്റെ ഈ പോസ്റ്റിന്റെ പ്രതിപാദ്യം. സംവാദത്തില്‍ത്തന്നെ ഉരുത്തിരിഞ്ഞതും ഞാന്‍ മറ്റു പലയിടത്തും പറഞ്ഞുകൊണ്ടിരിക്കുന്നതും ആയ മറ്റൊരു വിഷയമാണു്.
  3. ഈ പോസ്റ്റ് പൂര്‍ണ്ണമല്ല. എഴുതണമെന്നുള്ളതു മുഴുവന്‍ എഴുതാന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍ണ്ണത ഇല്ലായ്മയെക്കാള്‍ മെച്ചമാണല്ലോ എന്നു കരുതി പ്രസിദ്ധീകരിക്കുന്നു. സംവാദങ്ങള്‍ ഇതിനെ പൂര്‍ണ്ണമാക്കും എന്നു പ്രതീക്ഷിക്കുന്നു.

പൊതുവാളന്‍ എഴുതുന്നു:

ഉത്തരാധുനിക ശാസ്ത്രയുഗത്തില്‍ കണ്ടെത്തലുകളുടെ മൊത്ത അവകാശികളായ പടിഞ്ഞാറന്‍ ലോകം അവരുടെ നൂതന സമ്പ്രദായങ്ങളെല്ലാം മാറ്റിവെച്ച്‌ ഭാരതത്തിന്റെ ഋഷീശ്വരന്‍‌മാര്‍ കണ്ടെടുത്ത ആയുര്‍വേദവും യോഗമര്‍ഗവും ദത്തെടുത്ത്‌ അവരുടേതാക്കുകയാണ്.

നമ്മുടെ നാട്ടില്‍ നിന്നു കുരുമുളകും കോഹിനൂര്‍ രത്നവും മറ്റും അടിച്ചുമാറ്റിയതു പോലെ (ഇതില്‍ പലതും അടിച്ചുമാറ്റിയതല്ല, പരവതാനികളും ആയുധങ്ങളും മറ്റും തന്നിട്ടു ക്രയവിക്രയം നടത്തിയതാണെന്നതു മറ്റൊരു കാര്യം) നമ്മുടെ താളിയോലഗ്രന്ഥങ്ങളും അറബികള്‍ തൊട്ടുള്ളവര്‍ ഇവിടെനിന്നു പൊക്കിയിട്ടുണ്ടു്‌. ഇതിനു പലതിനും തിരിച്ചു വിലയും നല്‍കിയിട്ടുണ്ടു്‌. ചിലപ്പോള്‍ പണമായി. ചിലപ്പോള്‍ ആയുധശക്തി ഉപയോഗിച്ചു കൊള്ളയടിച്ചു്‌. ഇങ്ങനെയുള്ള ക്രയവിക്രയവും കൊള്ളയടികളും ചരിത്രത്തിന്റെ ഭാഗമാണു്‌. പളപളപ്പിനു പകരമായി ദ്രവിച്ച താളിയോലകള്‍ എടുത്തുകൊടുത്ത ജന്മിമാര്‍ വിസ്മൃതരായപ്പോള്‍ അയല്‍രാജ്യത്തെ ഒതുക്കാനായി വിദേശികള്‍ക്കു കോട്ട കെട്ടാന്‍ അനുവാദം കൊടുത്ത രാജാക്കന്മാര്‍ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ വിളങ്ങുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ.

ഇവിടെ ചില കാര്യങ്ങള്‍ ഓര്‍ക്കാനുണ്ടു്‌:

  • കോഹിനൂര്‍ രത്നവും മയൂരസിംഹാസനവുമൊക്കെ ഇന്ത്യന്‍ മണ്ണിന്‍ മുളച്ചതല്ലാത്തതുപോലെ (അവ ഇവിടെ വന്നതിന്റെ പിന്നിലും ഇങ്ങനെയുള്ള ക്രയവിക്രയങ്ങളും കൊള്ളയടികളും ഉണ്ടു്‌) ഈ വിജ്ഞാനവും പൂര്‍ണ്ണമായി ഭാരതത്തിന്റേതല്ല. പ്രാചീനഭാരതത്തില്‍ മറ്റു രാജ്യങ്ങളുമായി വിജ്ഞാനം പങ്കുവെയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ എടുക്കും എന്നു മാത്രം. ഇവിടെ നിന്നു്‌ വിജ്ഞാനം അടിച്ചുമാറ്റിയ വണിക്കുകള്‍ തന്നെയാണു്‌ പലപ്പോഴും മറ്റു രാജ്യങ്ങളിലെ വിജ്ഞാനവും വസ്തുക്കളും ഇവിടെ എത്തിച്ചതും. ഭാരതത്തിലെ ആള്‍ജിബ്ര മറ്റു രാജ്യങ്ങളിലെത്തിയതുപോലെ ഗ്രീസിലെ ജ്യോമട്രി ഭാരതത്തിലും എത്തിയിട്ടുണ്ടു്‌. ബാബിലോണിയക്കാര്‍ തുടങ്ങി വെച്ചതും പിന്നെ നശിച്ചതുമായ place holder symbol തിയറി (ഇതു് വളരെ ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായ പൂജ്യം/place value system കണ്ടുപിടിക്കാന്‍ ഭാരതീയര്‍ക്കു പ്രചോദനമായിട്ടുണ്ടു്‌) മറ്റൊരുദാഹരണം.
  • വിദേശികള്‍ തട്ടിക്കൊണ്ടുപോയ കാര്യങ്ങള്‍ മാത്രമേ ഭാരതത്തിന്റേതായി അറിയപ്പെടുന്നുള്ളൂ. ഗണിതശാസ്ത്രത്തില്‍ ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്കരന്‍ II എന്നു മൂന്നു പേരുകള്‍ മാത്രമേ ഗണിതചരിത്രപുസ്തകങ്ങളില്‍ കാണൂ. ശ്രീപതിയും വടേശ്വരനും മാധവനും പരമേശ്വരനും നീലകണ്ഠസോമയാജിയും പുതുമന സോമയാജിയുമൊക്കെ ലോകര്‍ക്കറിയാത്ത ഗണിതജ്ഞരാണു്‌. കാരണം, ഇവരുടെ പുസ്തകങ്ങള്‍ വിദേശികള്‍ക്കു്‌ അപ്രാപ്യമായി ഭാരതത്തിലെ ജന്മികളുടെ പത്തായത്തിലെ താളിയോലകളായി ജീര്‍ണ്ണിച്ചുകിടന്നു. സായിപ്പു കൊണ്ടുപോയവ പ്രസിദ്ധമാണു്‌. അവയെ അവലംബിച്ചും അവയെ സായിപ്പു കട്ടുകൊണ്ടുപോയി എന്നു വിലപിച്ചും നാം പുസ്തകങ്ങള്‍ എഴുതിക്കൂട്ടുന്നു. (ഞാനും വ്യത്യസ്തനല്ല.)

    ക്രി. പി. എട്ടാം നൂറ്റാണ്ടില്‍ കനകന്‍ എന്നൊരു ജ്യോതിശ്ശാസ്ത്രജ്ഞന്‍ അറേബിയയിലെ ഖലീഫയായിരുന്ന അല്‍-മന്‍സൂറിന്റെ സഭയിലെ അംഗമായി. അദ്ദേഹത്തിന്റെ കയ്യില്‍ ആര്യഭടന്റെയും ബ്രഹ്മഗുപ്തന്റെയും ഗ്രന്ഥങ്ങളും സൂര്യസിദ്ധാന്തം തുടങ്ങിയ സിദ്ധാന്തങ്ങളും അടങ്ങിയ ഒരു ചെറിയ പുസ്തകശേഖരം ഉണ്ടായിരുന്നു. അവയിലെ ഗണിതശാസ്ത്രം കണ്ടു വിസ്മയിച്ച ഖലീഫ അവയെ അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ ഏര്‍പ്പാടു ചെയ്തു. Great Sindhind (മഹാസിദ്ധാന്തം-അറബി പേരു് എനിക്കറിയില്ല) എന്നാണു് ആ പരിഭാഷ അറിയപ്പെടുന്നതു്. ഈ പുസ്തകമാണു് ഭാരതീയഗണിതം പാശ്ചാത്യര്‍ക്കു പ്രാപ്യമാക്കിത്തീര്‍ത്തതു്.

    പിന്നീടു് ഇതുപോലെയുള്ള ഒരു‍ ശ്രമം നടക്കാന്‍ ആയിരത്തിലധികം കൊല്ലം കഴിയേണ്ടിവന്നു. കോള്‍ബ്രൂക്ക് തുടങ്ങിയവര്‍ ഭാസ്കരാചാര്യരുടെയും മറ്റും കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചപ്പോള്‍.

    പൂജ്യത്തിനു ശേഷം ഒന്നും ഉണ്ടാകാത്തതല്ല, ഉണ്ടായതൊക്കെ പത്തായപ്പുരകളില്‍ ജീര്‍ണ്ണിച്ചുപോയതാണു്. ഈയിടെ ഒരു അമേരിക്കന്‍ ഗൃഹത്തില്‍ ഒരു താളിയോലഗ്രന്ഥം കണ്ടു. എന്താണെന്നു് ആര്‍ക്കും ഒരു പിടിയുമില്ല. ചോദിച്ചപ്പോള്‍ വീടിന്റെ ഐശ്വര്യത്തിനു വേണ്ടിയാണെന്നു പറഞ്ഞു. വീട്ടില്‍ ഗ്രന്ഥം വേണമെന്നു് ആരോ പറഞ്ഞിട്ടുണ്ടത്രേ! ഒരു വീടിന്റെ ഐശ്വര്യത്തിനു് അവിടെ പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം എന്നു പറഞ്ഞ പ്രാചീനാചാര്യന്റെ വാക്കുകളെ താളിയോലഗ്രന്ഥം എന്നു മനസ്സിലാക്കിയതിനെപ്പറ്റി എന്തു പറയാന്‍! ഇവ വായിക്കാന്‍ കഴിയുന്ന ഗവേഷകരുടെ പക്കല്‍ ഏല്‍പ്പിക്കാതെ ഐശ്വര്യത്തിനു വേണ്ടി പല വീടുകളിലും ഗര്‍ദ്ദഭം ചുമക്കുന്ന കുങ്കുമം പോലെ ഇരിക്കുന്നുണ്ടാവും. നമ്മുടെ വിദ്യയെ അര്‍ഹിക്കുന്ന ആദരവു നല്‍കി പ്രസിദ്ധീകരിച്ച പാശ്ചാത്യരല്ല, മ്ലേച്ഛന്മാര്‍ തൊടരുതു് എന്നു പറഞ്ഞു് ആറടി മണ്ണില്‍ കുഴിച്ചു താഴ്ത്തിയ നമ്മള്‍ തന്നെയാണു കുറ്റക്കാര്‍.

  • “കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കും തോറുമേകിടും” എന്നാണു കവി പാടിയിരിക്കുന്നതു്‌. കട്ടുകൊണ്ടു പോയാലും അതു വിദ്യയല്ലേ? കൂടുതല്‍ ആളുകളുടെ കയ്യിലെത്തുന്നതു നല്ലതല്ലേ? അല്ലെങ്കിലും അറിവിനു സ്രഷ്ടാവില്ല, വാഹകരേ ഉള്ളൂ.
  • ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ഒരു വാക്കാണു്‌ “പാശ്ചാത്യര്‍” എന്നതു്‌. എന്താണതിനര്‍ത്ഥം? ഇംഗ്ലണ്ട്‌, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്‌, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ചില കാര്യങ്ങള്‍ ഇന്ത്യയ്ക്കു മുന്നേ ഗ്രീസിലും ബാബിലോണിയയിലും ഉണ്ടായിരുന്നു എന്നു പറയുന്നതു്‌ അവരുടെ പക്ഷപാതിത്വമാണെന്നു പറയുന്നതിന്റെ പൊരുളെന്താണു്‌?

    ഭാരതത്തിലെ ജ്ഞാനത്തെപ്പറ്റി വിദേശികള്‍ അറിയുന്നില്ലെങ്കില്‍ കുറ്റക്കാര്‍ നാം തെന്നെയാണു്‌. നമ്മളില്‍ അറിയാവുന്നവര്‍ അതു വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കണം. അല്ലാതെ അനേകം ആശ്ചര്യചിഹ്നങ്ങള്‍ ഇട്ടു്‌ സ്പാം ഇ-മെയിലുകള്‍ അയച്ചാല്‍ പോരാ.

    വസ്തുനിഷ്ഠമായി ഭാരതീയജ്ഞാനത്തെപ്പറ്റി പ്രസിദ്ധീകരിക്കുന്നവരും ഉണ്ടു്‌-“ആര്‍ഷജ്ഞാന”ത്തെപ്പറ്റി വികാരം കൊള്ളാതെ തന്നെ. ബി. ദത്തയും എ. എന്‍. സിംഗും ചേര്‍ന്നെഴുതിയ History of Hindu Mathematics ഒരുദാഹരണം. പാശ്ചാത്യരും പൌരസ്ത്യരുമായ പണ്ഡിതര്‍ ഇതിലെ വസ്തുതകളെ മാനിക്കുന്നു.


ചിത്രകാരന്‍ പറയുന്നു:

ശ്രീ ശങ്കരാചാര്യരെക്കുറിച്ചോ വേറെ ഏതെങ്കിലും ഭിക്ഷക്കാരനെക്കുറിച്ചോ (മഹാബലിയില്‍ നിന്നും മലയാളികളുടെ ആത്‌മാഭിമാനം ഭിക്ഷയായി വാങ്ങിയ വാമനന്‍ഭട്ടതിരിപ്പാട്‌) ചിത്രകാരന്‍ പോസ്‌റ്റില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ശ്രീ ശങ്കരന്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തില്‍ കമന്റിയിരിക്കുന്നു…കഷ്ടം!!! യഥാര്‍ത്ഥത്തില്‍ ക്ഷൌരക്കാരന്‍ പരശുരാമന്‍ ഭട്ടതിരിപ്പാട്‌ ആയുധമെടുത്തു തന്നെ ബ്രാഹ്‌മണ ഹിന്ദുമതം അടിച്ചേല്‍പ്പിച്ച കഥ സൌകര്യം പോലെ ഇവര്‍ മറന്നുപോകുന്നു.
ദൈവത്തിന്റെ അച്ചനായി ചമഞ്ഞിരിക്കുന്ന എല്ലാ തന്ത്രിമാരെയും ക്ഷേത്രങ്ങളില്‍നിന്നും പുറത്താക്കാത്തപക്ഷം ബ്രാഹ്മണ്യം നാമറിയാതെതന്നെ വീണ്ടും നമ്മെ വിഴുങ്ങും.

ഇവിടെ ചിത്രകാരന്‍ തന്നെയല്ലേ വര്‍ഗ്ഗീയവാദിയും വികാരഭരിതനും ആ‍കുന്നതു്? വാമനനെ തെണ്ടി എന്നു വിളിച്ചതു സമ്മതിക്കാം. പരശുരാമനെ “ക്ഷൌരക്കാരന്‍” എന്നു വിളിച്ചതിന്റെ യുക്തിയെന്തു്?


ചന്ത്രക്കാരന്‍ പറയുന്നു:

ചിലപ്പോള്‍ പറയേണ്ടത്‌ പറയാതിരിക്കാറുണ്ടെങ്കിലും താങ്കള്‍ (ഉമേഷ്) പറയേണ്ടാത്തത്‌ പറയാറില്ല.

പറയേണ്ടതു്‌, പറയേണ്ടാത്തതു്‌ എന്നതു്‌ ആപേക്ഷികമല്ലേ? ഓരോ വ്യക്തിയ്ക്കും ഓരോ കാര്യത്തിലായിരിക്കും കൂടുതല്‍ താത്‌പര്യം.

പറയേണ്ടതു പലപ്പോഴും പറയാത്തതു സമയക്കുറവു മൂലമാണു്‌. ആദ്യമേ പറയാന്‍ വേണ്ട സമയം മനസ്സിലൊന്നു കണക്കു കൂട്ടി നോക്കും. വലുതെന്നു തോന്നിയാല്‍ വേണ്ടെന്നു വെയ്ക്കും. അതുപോലെ എന്നെക്കാള്‍ നന്നായി എന്റെ അഭിപ്രായം പറയുന്നവര്‍ സംവാദത്തിലുണ്ടെങ്കിലും ഞാന്‍ മൌനം പാലിക്കും. ആശയങ്ങളല്ലേ പ്രധാനം, പറയുന്ന വ്യക്തികളല്ലല്ലോ.

(ഇതു് ഒന്നര മാസം മുമ്പെഴുതിയതാണു്. അതിനു ശേഷം ചന്ത്രക്കാരന്‍ എഴുതിയ “ഉമേഷിനു സ്നേഹപൂര്‍വ്വം” എന്ന പോസ്റ്റു വായിച്ചതിനു ശേഷം അദ്ദേഹം ഉദ്ദേശിച്ചതു് എന്താണെന്നു കൂടുതല്‍ വ്യക്തമായി.)


ചന്ത്രക്കാരന്‍ പറയുന്നു:

വെറും ഡോക്യുമെന്റേഷന്‍, അതും ഈ ജ്ഞാനശാഖകള്‍ ഉരുത്തിരിയുന്നതില്‍ മിക്കവാറും ഒരു പങ്കുമില്ലാത്ത സംസ്കൃതത്തില്‍, ഉണ്ടാക്കിവച്ചതൊഴിച്ചാല്‍ ഇന്ത്യന്‍ സവര്‍ണ്ണന്‍ കാര്യമായ എന്തെങ്കില്‍ സംഭാവന്‍ നല്‍കിയിട്ടുണ്ടോ നമ്മുടെ ജ്ഞാനശാഖകള്‍ക്ക്‌? സ്വാതന്ത്ര്യസമരത്തോടുകൂടി അറിവാണ്‌ ഭാവിയിലെ അധികാരം എന്നു ബോദ്ധ്യപ്പെട്ടപ്പോളല്ലേ ആഢ്യഹിന്തു ജ്ഞാനമേഖലകളില്‍ കൈവക്കുന്നത്‌.

വിയോജിപ്പുണ്ടു്. പിന്നീടു വ്യക്തമാക്കാം. “വെറും ഡോക്യുമെന്റേഷന്‍…” എന്ന അഭിപ്രായത്തോടും യോജിപ്പില്ല. കുറേ ആളുകളില്‍ ഒതുങ്ങി നിന്നു നശിച്ചുപോകേണ്ട വിദ്യയെ കാലാതിശായിയാക്കുന്നതാണു ഡോക്യുമെന്റേഷന്‍. സംസ്കൃതത്തിനു് ഈ മേഖലയില്‍ മറ്റു ഭാഷകളെക്കാള്‍ അന്നു കൂടുതല്‍ ഗുണങ്ങളും ഉണ്ടായിരുന്നു.


ഒരു Anonymous പറയുന്നു:

saasthav the son of sivan and vishnumaya is verymuch mentioned in kamparamayana and bhagavatham in more than one places, if you take these as part of “Hindu” Purana.

കമ്പരും എഴുത്തച്ഛനുമൊക്കെ വളരെ പിന്നീടുണ്ടായവരല്ലേ-പുരാണത്തിന്റെ ഭാഗമായി കരുതാന്‍ പറ്റുമോ? ശാസ്താവു് എന്ന സങ്കല്പത്തിനു് അയ്യപ്പനെക്കാള്‍ പഴക്കമുണ്ടു്. എങ്കിലും ഇന്ദ്രന്‍, അഗ്നി, വരുണന്‍, യമന്‍, ത്രിമൂര്‍ത്തികള്‍, വിഷ്ണുവിന്റെ അവതാരങ്ങള്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്ന കാലത്തു് ശാസ്താവിന്റെ കഥ പ്രചാരത്തില്‍ ‍വന്നിട്ടില്ല.

ഭാഗവതത്തില്‍ ശാസ്തൃകഥയുണ്ടെന്നു് അറിയില്ലായിരുന്നു. ഏതായാലും ഇന്നു നാം കാണുന്ന ഭാഗവതത്തിന്റെ രചന ക്രി. പി. ഏഴാം നൂറ്റാണ്ടിനു ശേഷമാണെന്നു് പണ്ഡിതര്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണു്. വ്യാസന്‍ എഴുതി എന്നു പറയപ്പെടുന്ന ഭാഗവതപുരാണമല്ല അതു്.

അനോണി തുടര്‍ന്നെഴുതുന്നു:

Buddhism was a propagandist religion and except for the withdrwan saints seeking enlightenment and the huge settlements that were buddist colleges, monks always had their vihars built in towns and crowded places, so as to facilitate familiarization of their religion to the masses. I have never seen an exception. Do you think they would have made a vihara in an unhabitated place like Sabarimala? Highly unlikely that they were trying to convert the scanty tribal population. Buddists targeted people above a certain level of development, in India and elsewhere and no tribal settlement was ever converted, but flourishing kingdoms were.

ശരിയാണു്. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, ബുദ്ധമതവും പ്രചാരണത്തിനാണു് വിഹാരങ്ങള്‍ കെട്ടിപ്പൊക്കിയതു്. അവ ജനവാസമുള്ള സ്ഥലങ്ങളിലായിരുന്നു താനും. പക്ഷേ പില്‍ക്കാലത്തു് അനുയായികള്‍ ആരാധനയ്ക്കായി അമ്പലങ്ങള്‍ പണിയാന്‍ തുടങ്ങി. അവര്‍ക്കു മതപ്രചാരണം അല്ലായിരുന്നു ലക്ഷ്യം. തങ്ങളുടെ സ്ഥലത്തു് ആരാധനാസ്ഥലം വേണം. അത്ര തന്നെ. ഷിര്‍ദ്ദി സായിബാബയുടെ മന്ദിരങ്ങളും മറ്റും ആള്‍ത്താമസം അധികമില്ലാത്തിടത്തും കാണുന്നുണ്ടല്ലോ.

ഇന്നത്തെ കാലത്തു് ഇവ പണിയുന്നതു മതപ്രചാരണത്തിനല്ല-കാണിക്കയായി പണം കിട്ടാനാണു് എന്നതു മറ്റൊരു കാര്യം. അപ്പോള്‍ അതും ജനവാസമുള്ള സ്ഥലങ്ങളിലാകുന്നു. മാര്‍ഗ്ഗം ലക്ഷ്യത്തെയും സാധൂകരിക്കാമല്ലോ!

Like you said, story of Ayyappan (not Sastha) started coming into picture around 175 to 200 years back. Budhism was long dead before that. If it was a modernized Vihar, what was it for almost a thousand years?

അങ്ങനെയാണോ ഞാന്‍ പറഞ്ഞതു്? ശാസ്താവിനെപ്പറ്റി സംസ്കൃതത്തില്‍ സ്തോത്രങ്ങളുണ്ടായതു് അപ്പോഴാണെന്നല്ലേ പറഞ്ഞുള്ളൂ? പുരാണപ്രഥിതമാണെങ്കില്‍ ശാസ്തൃസ്തോത്രങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ സ്തോത്രങ്ങള്‍ പോലെ ഉണ്ടാകേണ്ടതല്ലേ എന്നായിരുന്നു ചോദ്യം.

വിശ്വാസം കുറെക്കാലം നിന്നു കഴിയുമ്പോഴാണു സ്തോത്രങ്ങള്‍ പ്രചാരത്തിലാകുന്നതു്. ജീവിച്ചിരിക്കുമ്പോള്‍ സ്തോത്രങ്ങള്‍ പ്രചരിക്കുന്നതു് ഇരുപതാം നൂറ്റാണ്ടു മുതലുള്ള ദൈവങ്ങളുടെ ഭാഗ്യമാണെന്നു തോന്നുന്നു 🙂

Lot of local greatpersons or for a names purpose, saintly figures were “placed” in temples as dieties. Isnt it fairly possible that some son of Pandalam family was a saintly figure to whom family built a temple on the spot he attained his samadhi, like any other muthappan temple or yakshi temple and unlike them the learned king of pandalam introduced the best prayer practices known to him across religions?

ശരിയാണു്. ഇതു തന്നെയാണു പല പണ്ഡിതരുടെയും അഭിപ്രായം. പന്തളം രാജാവിന്റെ വളര്‍ത്തുമകനായ അയ്യപ്പന്‍ സ്ഥാപിച്ച ബുദ്ധ/ശാസ്താ ക്ഷേത്രമാണു ശബരിമല എന്നു്.

Can I e-mail you few more matters?

Sure. എന്റെ ഇ-മെയില്‍ ഐഡി എന്റെ ബ്ലോഗിന്റെ About പേജിലുണ്ടു്.


പൊതുവാളന്‍ വീണ്ടും പറയുന്നു:

മറ്റെല്ലാ മതങ്ങള്‍ക്കും പ്രാമാണിക ഗന്ഥങ്ങളുള്ളപ്പോള്‍ അങ്ങനെയൊന്നില്ലാത്ത ഹിന്ദു മതത്തെക്കുറിച്ച്‌ കുരുടന്‍‌മാര്‍ ആനയെക്കണ്ടതു പോ‍ലെ പലരും പലരീതിയില്‍ മനസ്സിലാക്കിയതിനാലാണ് ഈ തര്‍ക്കവിതര്‍ക്കങ്ങളെല്ലാം എന്നു തോന്നുന്നു.ഹിന്ദുവിനെക്കുറിച്ചു പറയുമ്പോള്‍ ആരും തന്നെ പുരാണങ്ങളും,ഇതിഹാസങ്ങളും കഴിഞ്ഞ്‌ പുറകിലോട്ട്‌ പോയിക്കണ്ടില്ല. എന്തേ അതിനും മുന്‍പെഴുതിയ കൃതികള്‍ നമുക്കില്ലേ?.
അവയിലൊക്കെ എന്താണുള്ളതെന്നു മനസ്സിലാക്കാന്‍ പോലും സന്മനസ്സു കാണിക്കാതെയാണ് ,പില്‍ക്കാലത്ത്‌ സംഭവിച്ചിട്ടുണ്ടാകാവുന്ന കാര്യങ്ങള്‍ മാത്രം പൊക്കിപ്പിടിച്ച്‌ നമ്മള്‍ നമ്മളെത്തന്നെ താറടിച്ചുകൊണ്ടിരിക്കുന്നത്‌.

ഇതു് ഏതൊക്കെ കൃതികളാണെന്നും അവയില്‍ എന്തൊക്കെയുണ്ടെന്നും വസ്തുനിഷ്ഠമായി എഴുതൂ പൊതുവാളാ. അതിനു സംസ്കൃതം പഠിക്കണമെങ്കില്‍ പഠിക്കൂ. അതു വലിയ കീറാമുട്ടിയൊന്നുമല്ല. അല്ലെങ്കില്‍ നല്ല പരിഭാഷകളും വ്യാഖ്യാനങ്ങളും വായിച്ചു മനസ്സിലാക്കൂ. ഇങ്ങനെ എന്താണെന്നു വ്യക്തമായി മനസ്സിലാക്കാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും “വളാവളാ” പറയുന്നതു നമ്മളെ അപഹാസ്യരാക്കുകയേ ഉള്ളൂ.

എനിക്കു വളരെയധികം എതിര്‍പ്പുള്ള ഒരു ഉപമയാണു്‌ കുരുടന്മാര്‍ കണ്ട ആനയുടേതു്‌. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു്‌ ചെയ്യാവുന്നതില്‍ ഏറ്റവും നല്ല പഠനങ്ങള്‍ നടത്തിയ നാലു പേരെ അവരുടെ അംഗവൈകല്യത്തിന്റെ പേരില്‍ പരിഹസിക്കുന്നതാണു്‌ നാം ഇവിടെ കാണുന്നതു്‌. പലപ്പോഴും ഈ ഉപമ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ കാഴ്ചശക്തിയുണ്ടായിരുന്നവരെ കുരുടന്മാരാക്കിയവര്‍ തന്നെയാണു്‌ അവരുടെ അന്ധതയെ പിന്നീടു പരിഹസിക്കുന്നതു്‌ എന്നതാണു കൂടുതല്‍ വേദനാജനകം.

ആനയെ കണ്ട കുരുടന്മാര്‍ എന്റെ മാതൃകാപുരുഷന്മാരാണു്‌. അവര്‍ക്കു കഴിയുന്ന സ്പര്‍ശനം എന്ന കഴിവുപയോഗിച്ചു്‌ ആനയെപ്പറ്റി കിട്ടാവുന്ന ഏറ്റവും മികച്ച വിവരം തന്ന അവര്‍ “ആന എന്നതു കൊമ്പും തുമ്പിക്കൈയുമുള്ള ഒരു കറുത്ത മൃഗമാണു്‌” എന്നു്‌ ഉരുവിട്ടു പഠിക്കുന്നവരേക്കാള്‍ മികച്ചവരാണു്‌.

ലോകത്തിലെ എല്ലാ വിജ്ഞാനവും-അതു വേദാന്തമോ ആപേക്ഷികതാസിദ്ധാന്തമോ ആയിക്കോട്ടേ-കുരുടന്മാര്‍ ആനയെക്കാണുന്നതു പോലെയാണു്‌. പൂര്‍ണ്ണജ്ഞാനം ആര്‍ക്കുമില്ല. അതുകൊണ്ടു തന്നെയാണല്ലോ പല മതങ്ങളും സാക്ഷാത്‌കാരത്തിനു പല വഴികള്‍ പറയുന്നതും, പല ശാസ്ത്രശാഖകളും (അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ എന്നിവ ഉദാഹരണം.) പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങള്‍ രോഗകാരണമായി പറയുന്നതും പല പ്രത്യയശാസ്ത്രങ്ങളും ലോകനന്മയെ പല തരത്തില്‍ നിര്‍വ്വചിക്കുന്നതും. എന്നിട്ടു്‌ ആ കുരുടന്മാരെപ്പോലെ തന്നെ മോക്ഷം എന്തെന്നും രോഗം എന്തെന്നും സമൂഹനന്മ എന്തെന്നും തര്‍ക്കിച്ചു കലഹിച്ചുകൊണ്ടിരിക്കുന്നു!

(ഇതൊരു പ്രത്യേക പോസ്റ്റാക്കണമെന്നു കരുതിയതാണു്‌. പോട്ടേ, ഇനിയും ചെയ്യാമല്ലോ.)

പലരും പറയുന്നത്‌ കേട്ടു,പൂജ്യം മാത്രമാണ് ലോകത്തിന് ഭാരതത്തിന്റെ സംഭാവന എന്ന്‌. ഉത്തരാധുനിക ശാസ്ത്രയുഗത്തില്‍ കണ്ടെത്തലുകളുടെ മൊത്ത അവകാശികളായ പടിഞ്ഞാറന്‍ ലോകം അവരുടെ നൂതന സമ്പ്രദായങ്ങളെല്ലാം മാറ്റിവെച്ച്‌ ഭാരതത്തിന്റെ ഋഷീശ്വരന്‍‌മാര്‍ കണ്ടെടുത്ത ആയുര്‍വേദവും യോഗമര്‍ഗവും ദത്തെടുത്ത്‌ അവരുടേതാക്കുകയാണ്.തലമുറകള്‍ കൈമാറിക്കിട്ടിയ നമ്മുടെ ബൌദ്ധികസ്വത്തുക്കള്‍ ചോര്‍ത്തിയെടുത്ത്‌ പേറ്റന്റ്‌ നേടി അത് വീണ്ടും നമുക്ക്‌ വിറ്റ്‌ കാശാക്കാമെന്ന്‌ മോഹിക്കുനുണ്ടെങ്കില്‍ അതിന്‌ ചില മേന്മകളുണ്ടായിരിക്കും എന്നെങ്കിലും നിങ്ങള്‍ സമ്മതിക്കുമോ?. എങ്കില്‍ അവയൊക്കെ ആര്‍ക്കവകാശപ്പെട്ടതാണെന്നൊന്ന് പറഞ്ഞു തരാമോ?.
പല തരം പ്രചരണങ്ങള്‍ നടത്തി നമ്മുടെ പൈതൃകഭാഷയില്‍ നിന്നു പോലും നമ്മെ അകറ്റി ഇവിടെ നിന്നും വിജ്ഞാന നിധികളായ താളിയോലകള്‍ കടത്തിക്കൊണ്ടുപോയി , അവ പഠിക്കുകയും തുടര്‍ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്‌ ആരാണെന്നു നിങ്ങള്‍ക്കറിയാമോ?.

ഇതിന്റെ മറുപടി ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞു. വിദ്യ എന്നതു്‌ ഒരാളുടെയും തറവാട്ടുസ്വത്തല്ല എന്ന അറിവു കിട്ടിയില്ലെങ്കില്‍ വിദ്യ കൊണ്ടെന്തു പ്രയോജനം?

പാശ്ചാത്യര്‍ കണ്ടെത്തിയതായ എല്ലാ അത്യന്താധുനിക കണ്ടെത്തലുകളുടെയും ആദ്യകിരണങ്ങള്‍ (ഇമാജിനേഷന്‍)ഹിന്ദുവിന്റെ തലയ്ക്കടിക്കാന്‍ നിങ്ങളെല്ലാം ഉപയോഗിക്കുന്ന പുരാണേതിഹാസങ്ങളില്‍ നമുക്ക്‌ കാണാനാകും.
വിമാനം മുതല്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന ക്ലോണിങ്‌ വരെ ഒത്തിരി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.

വിമാനത്തെപ്പറ്റി ഞാന്‍ “രാമായണവും വിമാനവും” എന്ന ലേഖനത്തില്‍ പറഞ്ഞുകഴിഞ്ഞു.

ഇതു വായിച്ചപ്പോള്‍ പുരാണത്തില്‍ ക്ലോണിംഗ്‌ എവിടെ പറഞ്ഞിരിക്കുന്നു എന്നു മനസ്സിലായിരുന്നില്ല. രാവണന്‍ അപഹരിക്കുന്നതിനു മുമ്പു്‌ സീതയെ ക്ലോണ്‍ ചെയ്തു്‌ മായാസീത എന്നൊരാളെ ഉണ്ടാക്കിയ കഥ എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്നതു്‌ (സീതയുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാനുള്ള മറ്റൊരു സദാചാരശ്രമം) ആണുദ്ദേശിച്ചതു്‌ എന്നാണു കരുതിയതു്‌. എന്റെ പോസ്റ്റില്‍ പൊതുവാളന്‍ തന്നെയിട്ട ഈ കമന്റില്‍ നിന്നാണു്‌ കൌരവരുടെ ജനനമാണു്‌ അദ്ദേഹം ഉദ്ദേശിച്ചതു്‌ എന്നു മനസ്സിലായതു്‌.

ജീവശാസ്ത്രത്തില്‍ എന്റെ അറിവു്‌ തുലോം പരിമിതമാണു്‌. അറിവുള്ളവര്‍ പറഞ്ഞുതരട്ടേ. ഗാന്ധാരിക്കു സംഭവിച്ചതു്‌ അസൂയ മൂലം വയറ്റിലിടിച്ചതുകൊണ്ടു ഗര്‍ഭച്ഛിദ്രം സംഭവിച്ചപ്പോള്‍ ആ ഭ്രൂണത്തെ പല കഷണങ്ങളാക്കി സൂക്ഷിക്കുക വഴി പല 101 കുട്ടികളുണ്ടായതാണു്‌. ഇതാണോ ക്ലോണിംഗ്‌?

മൂന്നു ദശാബ്ദത്തിനു മുമ്പു് ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ ഉണ്ടാക്കിയപ്പോള്‍ ഇതുപോലെ ഒരു വാദം കേട്ടിരുന്നു. “എന്തരു് ടെസ്റ്റ് റ്റ്യൂബ്, നമ്മടെ പുരാണങ്ങളില്‍ പണ്ടേ ഉണ്ടല്ലു്…” എന്ന മട്ടില്‍. ഇതിനു് ആലംബമായ പല കഥകളുമുണ്ടു പുരാണത്തില്‍.

  1. ഘൃതാചി എന്ന അപ്സരസ്സിന്റെ നഗ്നത കണ്ടപ്പോള്‍ ഭരദ്വാജമുനിയ്ക്കു സ്ഖലിച്ച ശുക്ലം ഒരു മുളങ്കുഴലിലാക്കി സൂക്ഷിച്ചതില്‍ നിന്നാണു ദ്രോണര്‍ ഉണ്ടായതു്‌.
  2. ജാനപതി എന്ന അപ്സരസ്സു മൂലം ശരദ്വാന്‍ എന്ന മുനിയ്ക്കും ഇതേ അനുഭവമുണ്ടായതില്‍ നിന്നാണു കൃപന്റെയും കൃപിയുടെയും ജനനം. മുളങ്കുഴലിനു പകരം വില്ലിലാണു വീണതെന്നും ശുക്ലം രണ്ടായി വിഭജിച്ചു പോയതുകൊണ്ടു രണ്ടു കുട്ടികള്‍ ഉണ്ടായി എന്നുമാണു ഭാഷ്യം.
  3. കാട്ടിലകപ്പെട്ട ഉപരിചരവസു തന്റെ ഭാര്യയ്ക്കു വേണ്ടി തന്റെ ശുക്ലമെടുത്തു്‌ ഒരു പരുന്തു വഴി കൊട്ടാരത്തിലേക്കയച്ചതു വഴിയ്ക്കു്‌ മറ്റൊരു പരുന്തുമായുള്ള വഴക്കില്‍ വെള്ളത്തില്‍ വീണതു്‌ ഒരു മീന്‍ തിന്നുകയും ഒരു മുക്കുവന്‍ ആ മീനിനെ പിടിച്ചു മുറിച്ചു നോക്കിയപ്പോള്‍ രണ്ടു കുട്ടികളെ കിട്ടി എന്നും ഒരു കഥയുണ്ടു്‌. അതിലെ പെണ്‍കുട്ടിയാണു വ്യാസമാതാവായ സത്യവതി.
  4. മിത്രന്‍ എന്ന ദേവന്റെ കൂടെ രമിക്കുന്ന ഉര്‍വ്വശിയെ കണ്ടിട്ടു വരുണന്‍ എന്ന ദേവനു സ്ഖലിച്ച ശുക്ലവും മിത്രന്റെ ശുക്ലം ഉര്‍വ്വശിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു താഴെ വീണതും കൂടി ഒരു കുടത്തില്‍ അടച്ചതു്‌ അവസാനം അഗസ്ത്യനും വസിഷ്ഠനുമായി എന്നു്‌ മറ്റൊരു കഥ. ഇവരെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ഇരട്ടകളായി കരുതുന്നു.

ഈ കഥകളില്‍ നിന്നു്‌ ഒരു കാര്യം വ്യക്തമാണു്‌. അന്നത്തെ ശാസ്ത്രജ്ഞാനമനുസരിച്ചു്‌ പുരുഷശുക്ലം മാത്രം മതി കുഞ്ഞുണ്ടാവാന്‍. സ്ത്രീയുടെ അണ്ഡം എന്നൊരു സാധനം ആവശ്യമില്ല. ഗര്‍ഭപാത്രം ഒരു ടെസ്റ്റ്‌ ട്യൂബു മാത്രം. (അവസാനത്തെ കഥയില്‍ മാത്രം ഒരു സ്ത്രീയുടെ അണ്ഡവും ഉള്‍പ്പെട്ടേക്കാം.) ഇന്നത്തെ ശാസ്ത്രം ഇത്രത്തോളം വളര്‍ന്നിട്ടില്ല. നമുക്കു്‌ ഒന്നുരണ്ടു നൂറ്റാണ്ടുകൂടി കാത്തിരിക്കാം. അണ്ഡവുമായി കൂടിച്ചേരാതെ പുംബീജത്തില്‍ നിന്നു തന്നെ ഭ്രൂണമുണ്ടാക്കുന്ന വിദ്യ ശാസ്ത്രം കണ്ടുപിടിച്ചേക്കാം. അപ്പോള്‍ ഈ കഥ ഉദ്ധരിക്കുന്നതാവും ഉചിതം!


കണ്ണൂസ് പറയുന്നു:

ഇന്ന്, ഒരു മതേതര റിപ്പബ്ലിക്കില്‍ പാര്‍ശ്വവത്‌കരണങ്ങളും അനീതികളും നടക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നത്‌ മനസ്സിലാക്കാം. പക്ഷേ, കാട്ടുനീതി നടപ്പായിരുന്ന കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ കാലത്ത്‌ ബ്രാഹ്‌മണ്യം കുറെ ഭിക്ഷുക്കളെ ഓടിച്ച്‌ ഒരമ്പലം പിടിച്ചെടുത്ത ചരിത്രം, ഇന്നത്തെ വര്‍ത്തമാനത്തിന്റെ കൂടെ കൂട്ടിവായിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ എനിക്ക്‌ ഓര്‍മ്മ വരുന്നത്‌ ബാബര്‍ ഒരു ക്ഷേത്രം തകര്‍ത്ത്‌ പള്ളി പണിഞ്ഞ കാര്യം പറഞ്ഞു നടക്കുന്ന അതേ മുഖങ്ങളാണ്‌.

പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ മാത്രമല്ല, ഇതിനു പിമ്പേ വന്ന ശ്രീ ശ്രീ രവിശങ്കറിനെപ്പറ്റിയുള്ള ലേഖനത്തെപ്പറ്റിയുള്ള സംവാദത്തിലും ഞാന്‍ പൂര്‍ണ്ണമായി കണ്ണൂസിനോടൊപ്പമാണു്.


പൊതുവാളന്‍ വീണ്ടും പറയുന്നു:

ഒരു രുദ്രമന്ത്രത്തില്‍ സൂര്യനെ നമസ്ക്കരിക്കുന്ന സായണാചാര്യന്‍ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കി ഇത്ര സമയം കൊണ്ട്‌ ഭൂമിയിലേക്ക്‌ നിന്റെ രശ്മി പതിപ്പിക്കുന്ന സൂര്യദേവാ നിനക്ക്‌ നമസ്ക്കാരം എന്നുപറയുന്നുണ്ട്‌ എന്നെവിടെയോ കേട്ടതായി ഓര്‍ക്കുന്നു ഞാന്‍.

എവിടെയാണു്‌, എങ്ങനെയാണു്‌ ഇതെന്നു കണ്ടുപിടിച്ചു പറയൂ പൊതുവാളാ. എന്റെ അറിവില്‍ ഒരുപാടു കാലം കൊണ്ടാണു ഭാരതീയശാസ്ത്രജ്ഞര്‍ സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള ദൂരം ഏറെക്കുറെ കൃത്യമായി (ഭ്രമണപഥം ദീര്‍ഘവൃത്തമായതുകൊണ്ടു്‌ അതു മാറുകയും ചെയ്യും) കണ്ടുപിടിച്ചതു്‌.

ദൂരം പറയുന്നതു വല്ല യോജനയിലോ മറ്റോ ആയിരിക്കും. അങ്ങനെയാണെങ്കില്‍ ആ യൂണിറ്റ്‌ എത്ര കിലോമീറ്റര്‍ ആണെന്നും ഒന്നു കണ്ടുപിടിച്ചു തരണം. റെഫറന്‍സോടുകൂടി. ഇപ്പോഴത്തെ വിലയെ ആ വില കൊണ്ടു ഹരിച്ച ഫലം പോരാ.

പല കാലങ്ങളിലായി ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞര്‍ പറഞ്ഞ വിലകള്‍ വേണമെങ്കില്‍ ഞാന്‍ കണ്ടുപിടിച്ചു തരാം.

അതു ശരിയാണോ, തെറ്റാണോ എന്നു കൃത്യമായി പറയണമെങ്കില്‍ അതു വായിച്ചു മനസ്സിലാക്കാന്‍ എനിക്കു കഴിയണം ,അതിനു ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല.പണ്ടൊരു പക്ഷെ സാധാരണക്കാരനപ്രാപ്യമായിരുന്നിരിക്കാം സംസ്ക്കൃതഭാഷയും വേദങ്ങളുമൊക്കെ. ഇന്നു സാധ്യമെങ്കിലും അജ്ഞത മൂലം ആരും അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല.

ആരെയാണു്‌ ഇവിടെ കുറ്റം പറയുന്നതു്‌? “ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ ഒരുത്തന്‍ വയ്യാതെ ചാവാറായി വഴിയരികില്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരികെ വരുമ്പോഴും അയാള്‍ അവിടെയുണ്ടായിരുന്നു. ഈ ലോകം ഇത്ര കരുണയില്ലാത്തതായിപ്പോയല്ലോ” എന്നു വിലപിച്ച ഒരു ഉപദേശിയെ ഓര്‍മ്മ വരുന്നു.

ഭൌതികശാസ്ത്രം ഭൂമി ഉരുണ്ടതാണെന്നു വിളിച്ചുപറയുന്നതിനും ആയിരത്താണ്ടുകള്‍ക്കു മുന്‍പ്‌ ഭാരതീയനായ ഒരാള്‍ അങ്ങനെയൊന്നു കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതറിയാനും അഭിമാനിക്കാനും നമുക്കര്‍ഹതയുണ്ട്‌.

തീര്‍ച്ചയായും ഉണ്ടു്. പക്ഷേ അതു കണ്ടെത്തണം. കാളയെ കുതിരയാക്കുന്ന വിദ്യ കാട്ടാതെ തെളിയിക്കുകയും വേണം. ശരിയെങ്കില്‍ അഭിമാനിക്കുക. അല്ലെങ്കില്‍ വേറേ ആരെങ്കിലും ക്രെഡിറ്റു കൊണ്ടുപോകട്ടേ.


പൊതുവാളന്‍ വീണ്ടും പറയുന്നു:

കുറച്ചുകൂടി വിശാലമായി ചിന്തിച്ചാല്‍ ഈ ലോകത്തുള്ള എല്ലാവരുടെയും പൈതൃകം ഒന്നു തന്നെ.
അങ്ങനെ കരുതി ജീവിച്ച ഒരു ജനത നമുക്കെല്ലാവര്‍ക്കുമായി ബാക്കിവെച്ച വിജ്ഞാനഭണ്ഡാരങ്ങളാണ് വേദങ്ങളും ഉപനിഷത്തുകളും മറ്റും.

ഇങ്ങനെ ചിന്തിച്ചാല്‍ പിന്നെ ആരു ക്രെഡിറ്റു കൊണ്ടുപോയി എന്നു വിഷമിക്കണ്ടല്ലോ. അതോ എല്ലാം കഴിഞ്ഞു്‌ അവസാനം പറയാനുള്ള മഹദ്വചനം മാത്രമാണോ ഈ ലോകമേ തറവാടു്‌ വാദം? ഇതു്‌ ആദ്യമേ ചിന്തിച്ചാല്‍ പ്രശ്നമില്ലല്ലോ.


ചിത്രകാരന്‍ പറയുന്നു:

ഉപനിഷത്തുക്കാളോടും മറ്റുമുള്ള നിയപാട്‌: രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ച്യുയിഗം ചവക്കുന്നതുകൊണ്ട്‌ സ്വന്തം ഉമിനീരിലുപരി ഒന്നും ലഭിക്കാത്ത വൃഥാവ്യായാമമാണ്‌ .

ദാ ഇതിന്റെ മറ്റേയറ്റം. ഈ രണ്ടു കൂട്ടരില്‍ ആരാണു കൂടുതല്‍ അന്ധവിശ്വാസി എന്നു പറയുക വിഷമം. അമ്മയെ വ്യഭിചരിക്കരുതു്‌ എന്നുള്ളതു്‌ അതിനും മുമ്പുള്ള ഒരു ആചാരമാണല്ലോ ചിത്രകാരാ. (വായനക്കാര്‍ ക്ഷമിക്കുക. ചൈനക്കാരോടു സംവദിക്കുമ്പോള്‍ ചൈനീസില്‍ സംസാരിക്കുന്നതല്ലേ അതിന്റെ ഒരു ശരി?) പഴയതായതിനാല്‍ ചവച്ചുതുപ്പാം, അല്ലേ?

പഴയതായാലും പുതിയതായാലും, എന്റെ അച്ഛന്‍ പറഞ്ഞതായാലും എന്റെ ശത്രുവിന്റെ അച്ഛന്‍ പറഞ്ഞതായാലും നല്ല കാര്യങ്ങള്‍ ഉള്ളതു്‌ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതല്ലേ ഉചിതം? പുതിയ ച്യൂയിംഗം ചവച്ചുതുപ്പിയിട്ടു്‌ ചിലപ്പോള്‍ നമ്മള്‍ പഴയ അച്ചാര്‍ തൊട്ടുനക്കാറില്ലേ?


ഒരു പോസ്റ്റിനുള്ള ആശയമായി. ടൈറ്റില്‍: “രണ്ടു തരം അന്ധവിശ്വാസികള്‍”. ഉടനേ പ്രതീക്ഷിക്കാം.

പ്രതികരണം
സംവാദം

Comments (16)

Permalink

രാമായണവും വിമാനവും

വിമാനം തുടങ്ങിയ ആധുനിക‌ഉപകരണങ്ങളുടെ നിര്‍മ്മാണവും പ്രയോഗവും പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നു എന്നൊരു വാദം പലയിടത്തും കേള്‍ക്കുന്നുണ്ടു്. ഇതു് ഒരു പൊള്ളയായ വാദമാണു് എന്നായിരുന്നു ഞാന്‍ ഇതു വരെ കരുതിയിരുന്നതു്. അതിനെപ്പറ്റി കൂടുതല്‍ അറിയാനാണു് ഈ പോസ്റ്റ്. അറിയാവുന്നവര്‍ ദയവായി വികാരഭരിതര്‍ മാത്രമാകാതെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.


പുതിയ വാക്കുകള്‍ ആവശ്യമായി വരുമ്പോള്‍ നാം പഴയ വാക്കുകളെ വീണ്ടും ഉപയോഗിക്കുന്നു. “വിമാനം” (വി-മാനം) എന്ന സംസ്കൃതപദത്തിനു് “പക്ഷിയെപ്പോലെയുള്ളതു്” എന്നാണര്‍ത്ഥം. മുനിമാരും മറ്റും സ്വര്‍ഗ്ഗത്തില്‍ നിന്നു് ഭൂമിയിലേക്കു വരുന്നതിനെ “വിമാനമാര്‍ഗ്ഗം” വരുന്നു എന്നു പറയും. ഈ വാക്കു് പല ഗ്രന്ഥങ്ങളിലും ഉണ്ടു്. എല്ലായിടത്തും ആകാശത്തുകൂടി ഓടുന്ന വാഹനം എന്ന അര്‍ത്ഥത്തിലാവണമെന്നില്ല.

Aeroplane എന്ന വാക്കിനെ സൂചിപ്പിക്കാന്‍ ഭാരതീയപദം വേണ്ടിവന്നപ്പോള്‍ രാമായണകഥയിലുള്ള “വിമാനം” തന്നെ നാം ഉപയോഗിച്ചു. അതില്‍ നിന്നു് ആ വിമാനവും ഈ വിമാനവും ഒന്നാണെന്നു കരുതരുതു് എന്നാണു് ആദ്യം ശ്രദ്ധിക്കേണ്ടതു്.

“സ്വാതന്ത്ര്യം” എന്ന വാക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഇതു സൂചിപ്പിച്ചിരുന്നു. അതുപോലെ വാതാനുകൂലം, ആകാശവാണി തുടങ്ങിയവയും പഴയ പുസ്തകങ്ങളില്‍ കാണാം. അവയെ ഇന്നു് airconditioning, radio എന്നിവയുടെ പര്യായമായി ഉപയോഗിക്കുന്നുണ്ടല്ലോ.

“ശൂന്യം” എന്ന വാക്കു സംസ്കൃതത്തില്‍ പണ്ടു തൊട്ടേയുണ്ടു്. ആ അര്‍ത്ഥം വരുന്ന വാക്കുകള്‍ പല ഭാഷകളിലുമുണ്ടു്. പൂജ്യം എന്ന ഗണിതശാസ്ത്രസങ്കല്‍പ്പത്തിനു ഈ വാക്കുകളുടെ പഴക്കമുണ്ടെന്നു് അനുമാനിക്കാന്‍ കഴിയില്ലല്ലോ.

വിമാനവും ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നതു്. വാക്കു് ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ആധുനികകാലത്തു് ആ വാക്കു സൂചിപ്പിക്കുന്ന വസ്തുവിനോടു് അതിനെ തെറ്റിദ്ധരിക്കുന്ന പ്രശ്നം ഒഴിവാക്കണം എന്നേ അര്‍ത്ഥമുള്ളൂ.


ആധുനികവിമാനം കണ്ടുപിടിച്ചതു റൈറ്റ് സഹോദരന്മാരാണെന്നാണു വെയ്പ്. അതു് aeroplane എന്നതിന്റെ ആധുനികനിര്‍വ്വചനം അനുസരിച്ചാണു്. ആകാശത്തു പറക്കുന്ന സാധനങ്ങള്‍ (ഉദാ: പട്ടം, ബലൂണ്‍, ഗ്ലൈഡറുകള്‍) അതിനു മുമ്പും മനുഷ്യന്‍ ഉണ്ടാക്കിയിട്ടുണ്ടു്. ആകാ‍ശത്തില്‍ താങ്ങില്ലാതെ സഞ്ചരിക്കുന്നതും മനുഷ്യനു കയറാവുന്നതും പൂര്‍ണ്ണമായും ഒരാള്‍ക്കു നിയന്ത്രിക്കാന്‍ പറ്റുന്നതും ആയ വാഹനം എന്നാണു് ഈ നിര്‍വ്വചനം. സാധാരണയായി വായുവിന്റെ മര്‍ദ്ദം ഉപയോഗപ്പെടുത്തിയാണു് ഇവ സഞ്ചരിക്കുന്നതു്.

ഈ നിര്‍വ്വചനമനുസരിച്ചു് പട്ടവും ബലൂണും വിമാനമല്ല. ഗ്ലൈഡറുകള്‍ ഒരു പരിധി വരെ ആണു താനും. ലക്ഷണമൊത്ത ആദ്യത്തെ വിമാനം ഉണ്ടാക്കിയതായി തെളിവുകളുള്ളതു് റൈറ്റ് സഹോദരന്മാര്‍ക്കാണു് എന്നാണു് “കണ്ടുപിടിച്ചു” എന്നു പറയുന്നതിന്റെ പൊരുള്‍.

രാമായണം നടന്ന കഥയാണു് എന്ന വിശ്വാ‍സത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനും വളരെ മുമ്പു് വിമാനം ഉണ്ടായിരുന്നു എന്നു കരുതിക്കൂടേ? രാമായണത്തില്‍ അതിനെപ്പറ്റി വിശദമായി പറയുന്നുണ്ടല്ലോ. ഇല്ലാത്തതിനെപ്പറ്റി എങ്ങനെ പറയും? ഇനി, രാമന്റെ കാലത്തില്ലെങ്കിലും രാമായണം എഴുതിയ വാല്മീകിയുടെ കാലത്തെങ്കിലും വിമാനമുണ്ടായിരുന്നു എന്നു കരുതിക്കൂടേ? ഇതാണു് ഒരു വാദം.


വിമാനത്തെപ്പറ്റി ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചതു് ഇറ്റാലിയന്‍ ചിന്തകനായിരുന്ന ലിയാനാര്‍ഡോ ഡാവിഞ്ചി ആണെന്നാണു് ഇപ്പോഴുള്ള ഒരു അറിവു്. അദ്ദേഹം ഹെലിക്കോപ്ടറിന്റെയും ഗ്ലൈഡറിന്റെയും വിജയകരമാകാമായിരുന്ന മോഡലുകളുടെ സ്കെച്ചുകള്‍ ഉണ്ടാക്കിയിരുന്നത്രേ.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഡാവിഞ്ചിയ്ക്കും നൂറ്റാണ്ടുകള്‍ മുമ്പു രാമായണമെഴുതിയ വാല്മീകി വിമാനത്തെപ്പറ്റി ചിന്തിച്ചില്ലേ? വിമാനത്തെപ്പറ്റി ചിന്തിച്ചതിന്റെയെങ്കിലും ക്രെഡിറ്റ് വാല്മീകിയ്ക്കു കൊടുത്തുകൂടേ?


ഇതിനു മറുപടി പറയാന്‍ ഭാവനയെയും ശാസ്ത്രീയതയെയും വേര്‍തിരിച്ചു കാണേണ്ടി വരും.

പക്ഷികളെ കണ്ട കാലം തൊട്ടേ മനുഷ്യന്‍ ആകാശത്തു പറക്കുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ആകാശത്തു പറക്കാന്‍ വേണ്ടി മുതുകത്തു പക്ഷിച്ചിറകുകള്‍ മെഴുകു വെച്ചു് ഒട്ടിച്ച ഒരു അച്ഛന്റെയും മകന്റെയും കഥ ഗ്രീക്ക് പുരാണങ്ങളില്‍ കാണാം. അവര്‍ക്കു പറക്കാന്‍ കഴിഞ്ഞു. പക്ഷേ അതു വളരെ ഉയരത്തിലായതു കൊണ്ടു് സൂര്യന്റെ ചൂടേറ്റു് മെഴുകുരുകി മകന്‍ താഴെ വീണുപോയി. (ഇതിനോടു സാദൃശ്യമുള്ള ഒരു കഥ-സമ്പാതിയുടെയും ജടായുവിന്റെയും-ഭാരതീയപുരാണങ്ങളിലും കാണാം.)

ഇതിന്റെ ഭാവന കൊള്ളാമെങ്കിലും ശാസ്ത്രീയാടിസ്ഥാനം വളരെ ദുര്‍ബ്ബലമാണെന്നു കാണാന്‍ കഴിയും. മുകളിലേക്കു പോകുന്തോറും ചൂടു കൂടുകയല്ല കുറയുകയാണെന്നും, സൂര്യന്റെ അത്രയും അടുത്തെത്തണമെങ്കില്‍ വായുവില്ലാത്ത സ്ഥലത്തുകൂടി പോകണമെന്നും, അങ്ങനെ പോയാല്‍ പറക്കാന്‍ കഴിയില്ല എന്നും അവര്‍ക്കറിയില്ലായിരുന്നു എന്നു വ്യക്തം. ഇങ്ങനെയുള്ള യുക്തിഭംഗം മിക്കവാറും എല്ലാ ഭാവനയിലും കാണാം.

ചന്ദ്രനിലും ഭൂമിയുടെ ഉള്ളിലും പോകുന്നതു ജൂള്‍സ് വേണ്‍ എഴുതിയിട്ടുണ്ടു്. അദൃശ്യമനുഷ്യനെയും സമയയന്ത്രത്തെയും ഗോളാന്തരയാത്രയെയും പറ്റി എച്ച്. ജി. വെല്‍‌സും പറഞ്ഞിട്ടുണ്ടു്. ഇവയിലുള്ള അശാസ്ത്രീയതകള്‍ പിന്നീടു് യാക്കോവ് പെരല്‍‌മാനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ടു്. പൂര്‍ണ്ണമായ ശാസ്ത്രീയജ്ഞാനമില്ലാതെ എഴുതുന്ന ഭാവനയെ ആ ജ്ഞാനം കിട്ടിക്കഴിയുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. എന്നിട്ടൂം തെറ്റാത്ത ഭാവനകളും ഉണ്ടായേക്കാം. വളരെ സവിശേഷമായ ഭാവന എന്നേ അതിനെപ്പറ്റി പറയാന്‍ പറ്റൂ.


വാല്മീകി വിമാനത്തെപ്പറ്റി പറയുന്നതെന്താണെന്നു നോക്കാം.

തര്‍ജ്ജമ എന്റേതു്. പദാനുപദതര്‍ജ്ജമയ്ക്കു ശ്രമിച്ചിട്ടില്ല. ആശയം എഴുതിയിരിക്കുന്നതേ ഉള്ളൂ.

രാവണനെയും മറ്റും കൊന്നിട്ടു് ശ്രീരാമനും പരിവാരങ്ങളും തിരിച്ചു് അയോദ്ധ്യയ്ക്കു പോകുന്ന രംഗം. യുദ്ധകാണ്ഡം സര്‍ഗ്ഗം 123-ല്‍ നിന്നു്.

ഏവമുക്തസ്തു രാമേണ രാക്ഷസേന്ദ്രോ വിഭീഷണഃ
വിമാനം സൂര്യസങ്കാശമാജുഹാവ ത്വരാന്വിതഃ [23]

തതഃ കാഞ്ചനചിത്രാംഗം വൈദൂര്യമണിവേദികം
കൂടാഗാരൈഃ പരിക്ഷിപ്തം സര്‍വ്വതോ രജതപ്രഭം [24]

പാണ്ഡുരാഭിഃ പതാകാഭിര്‍ധ്വജൈശ്ച സമലംകൃതം
കാഞ്ചനം കാഞ്ചനൈര്‍ഹര്‍മ്യൈര്‍ഹേമപദ്മൈര്‍വിഭൂഷിതൈഃ [25]

പ്രകീര്‍ണ്ണം കിങ്കിണീജാലൈര്‍മുക്താമണിഗവാക്ഷകം
ഘണ്ടാജാലൈഃ പരിക്ഷിപ്തം സര്‍വ്വതോ മധുരസ്വനം [26]

തം മേരുശിഖരാകാരം നിര്‍മ്മിതം വിശ്വകര്‍മ്മണാ
ബൃഹദ്ഭിര്‍ഭൂഷിതം ഹര്‍മ്യൈര്‍മുക്തരജതശോഭിതൈ [27]

തലൈഃ സ്ഫാടികചിത്രാംഗൈര്‍വൈദൂര്യശ്ച വരാസനൈഃ
മഹാര്‍ഹാസ്ത്രണോപേതൈരുപപന്നം മഹാഘനൈഃ [28]

ഉപസ്ഥിതമനാധൃഷ്യം തദ്വിമാനം മനോജവം… [29]

അര്‍ത്ഥം ചുരുക്കത്തില്‍: രാമന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ വിഭീഷണന്‍ സൂര്യനെപ്പോലെ ശോഭിക്കുന്ന വിമാനം കൊണ്ടുവന്നു. സ്വര്‍ണ്ണമയമായതും വൈഡൂര്യരത്നങ്ങള്‍ പതിച്ചതും ചുറ്റും കൂടാഗാരം (balcony) ഉള്ളതും വെള്ളിനിറമുള്ളതും വെളുത്ത പതാകകളും കൊടിമരങ്ങളും സ്വര്‍ണ്ണത്താമരകളും കിങ്ങിണികളും മുത്തും മണികളും കൊണ്ടു് അലങ്കരിച്ചതും നല്ല ശബ്ദമുണ്ടാക്കുന്നതും മേരുപര്‍വ്വതത്തിന്റെ കൊടുമുടിയ്ക്കു തുല്യം വലിപ്പമുള്ളതും വിശ്വകര്‍മ്മാവു് ഉണ്ടാക്കിയതും വലിയ വീടുകള്‍ അടങ്ങിയതും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയാല്‍ ശോഭിക്കുന്നതും ചില്ലു പതിച്ച തറകളും വൈഡൂര്യം പതിച്ച ഇരിപ്പിടങ്ങളും വലിയ മേഘങ്ങള്‍ ചേരുന്നതും മഹത്തും മനസ്സിന്റെ വേഗമുള്ളതുമായ ആ വിമാനം കണ്ടിട്ടു്…

ഇതൊരു കപ്പലിന്റെ വിവരണം പോലെയുണ്ടു്. വാല്‌മീകിയുടെ കാലത്തു കപ്പലുകള്‍ ഉണ്ടായിരുന്നിരിക്കാം. പറക്കാന്‍ വേണ്ടിയാകാം മേഘങ്ങളുടെ കാര്യം പറയുന്നുണ്ടു്. മേഘങ്ങള്‍ ഉപയോഗിച്ചു പറക്കുന്ന പര്‍വ്വതതുല്യമായ ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം.

ഇനി വിമാനത്തില്‍ കയറുന്ന രംഗം (യുദ്ധകാണ്ഡം സര്‍ഗ്ഗം 124).

തതസ്താന്‍ പൂജിതാന്‍ ദൃഷ്ട്വാ രത്നാര്‍ഥേര്‍ഹരിയൂഥപാന്‍
ആരുരോഹ തദാ രാമസ്തദ്വിമാനമനുത്തമം [11]

അങ്കേനാദായ വൈദേഹിം ലജ്ജമാനാം മനസ്വിനം
ലക്ഷ്മണേന സഹ ഭ്രാത്രാ വിക്രാന്തേന ധനുഷ്മതാ [12]

അബ്രവീത് സ വിമാനസ്ഥഃ പൂജയന്‍ സര്‍വ്വവാനരാന്‍… [13]

തേഷ്വാരൂഢേഷു സര്‍വ്വേഷു കൌബേരം പരമാസനം
രാഘവേണാഭ്യനുജ്ഞാതമുത്പപാത വിഹായസാം[25]

അര്‍ത്ഥം ചുരുക്കത്തില്‍: … രാമന്‍ മഹത്തായ ആ വിമാനത്തില്‍ കയറി. നാണക്കാരിയും മനസ്വിനിയുമായ സീതയെ മടിയിലിരുത്തി, വില്ലേന്തിയ സഹോദരന്‍ ലക്ഷ്മണന്റെ കൂടെ വിമാനത്തില്‍ ഇരുന്നു് എല്ലാ കുരങ്ങന്മാരോടും ഇങ്ങനെ പറഞ്ഞു:


എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോള്‍ രാമന്റെ ആജ്ഞയനുസരിച്ചു് കുബേരന്റെ വാഹനം ആകാശത്തിലേക്കു കുതിച്ചുപൊങ്ങി.

അതായതു്, അറബിക്കഥകളിലെ പറക്കും പരവതാനി പോലെ ആളുകളുടെ മനസ്സറിഞ്ഞു പറക്കുന്ന ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം. അതു പൊങ്ങുന്നതെങ്ങനെയെന്നോ, പൊങ്ങുമ്പോള്‍ വിമാനത്തിലിരിക്കുന്നവര്‍ക്കു് അനുഭവപ്പെടുന്ന കാഴ്ചകളും മറ്റു് അനുഭവങ്ങളുമോ വര്‍ണ്ണിച്ചിട്ടില്ല.

അയോദ്ധ്യയില്‍ വിമാനമിറങ്ങുന്ന ഭാഗവും വായിച്ചു നോക്കി. “ഇറങ്ങി” എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

വിമാനത്തിലിരുന്നു കൊണ്ടു സീതയോടു പറയുന്ന വാക്കുകളില്‍ “ഇവിടെ വെച്ചു ഞാന്‍ വിരാധനെ കൊന്നു, അവിടെ വെച്ചു ഹനുമാനെ കണ്ടു” എന്നൊക്കെ മാത്രമേ പറയുന്നുള്ളൂ. (രാമനും ലക്ഷ്മണനും വരുന്ന വഴികളിലൂടെ കൃത്യമായാണു വിമാനം തിരിച്ചു പോകുന്നതു്!) വിമാനത്തില്‍ നിന്നുള്ള കാഴ്ചകളും മറ്റും-അത്ര ഉയരത്തില്‍ നിന്നു മാത്രം അനുഭവവേദ്യമായ ഒന്നും- ഇല്ല.

ഇനി രാവണന്‍ വിമാനമോടിക്കുന്നതിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്നു നോക്കാം. സീതയെ അപഹരിച്ചു കൊണ്ടു പുഷ്പകത്തില്‍ കയറുന്ന രംഗം. (അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 49)

അഭിഗമ്യ സുദുഷ്ടാത്മാ രാക്ഷസഃ കാമമോഹിതഃ
ജഗ്രാഹ രാവണഃ സീതാം ബുധഃ ഖേ രോഹിണീമിവ[18]

വാമേന സീതാം പദ്മാക്ഷീം മൂര്‍ദ്ധജേഷു കരേണ സഃ
ഊര്‍വോസ്തു ദക്ഷിണേനൈവ പാരിജഗ്രാഹ പാണിനാ [17]

തതസ്താം പരുഷൈര്‍വാക്യൈരഭിതര്‍ജ്യ മഹാസ്വനഃ
അങ്കേനാദായ വൈദേഹീം രഥമാരോഹയത് തദാ[20]

അര്‍ത്ഥം ചുരുക്കത്തില്‍: കാമമോഹിതനും ദുഷ്ടാത്മാവുമായ രാവണരാക്ഷസന്‍ അടുത്തു വന്നിട്ടു് ആകാശത്തില്‍ ബുധന്‍ രോഹിണിയെയെന്ന പോലെ സീതയെ എടുത്തു. ഇടത്തുകൈ കൊണ്ടു തലമുടിയിലും വലത്തുകൈ കൊണ്ടു തുടയിലും പിടിച്ചു്…


സീതയെ ചീത്ത പറഞ്ഞുകൊണ്ടു് ഭയങ്കരശബ്ദമുള്ള അവന്‍ അവളെ മടിയിലിരുത്തി രഥത്തില്‍ കയറി.

തീര്‍ന്നു. എങ്ങനെ വിമാനം സ്റ്റാര്‍ട്ടു ചെയ്തു എന്നു പോലുമില്ല.

ഇതാണു വാല്‌മീകിരാമായണത്തില്‍ അന്നു വിമാനം ഉപയോഗിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകളുണ്ടായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനം. ഇതൊരു വെറും സാധാരണ ഭാവന മാത്രം. ഇതിനോടു വിദൂരസാദൃശ്യമുള്ള എന്തെങ്കിലും അന്നുണ്ടായിരുന്നു എന്നു തോന്നുന്നില്ല. വാല്മീകിയ്ക്കു വിമാനം എങ്ങനെയാവും പ്രവര്‍ത്തിക്കുക എന്നതിനെപ്പറ്റിയും എന്തെങ്കിലും വിവരമുണ്ടായിരുന്നു എന്നു തോന്നുന്നില്ല.


രാമായണത്തില്‍ ഭാവനയില്‍ കൂടുതല്‍ ഒന്നുമില്ലെന്നു കണ്ടല്ലോ. മറ്റു കാവ്യങ്ങളിലും ഇതൊക്കെത്തന്നെ സ്ഥിതി. ലങ്കയില്‍ നിന്നു ശ്രീരാമന്‍ മടങ്ങുന്ന സന്ദര്‍ഭത്തില്‍ കാളിദാസന്‍ (രഘുവംശം) “ഭുജവിജിതവിമാനരത്നാധിരൂഢഃ” (കരബലം കൊണ്ടു നേടിയ വിമാനത്തില്‍ കയറിയവന്‍) എന്നേ പറയുന്നുള്ളൂ.

വിമാനത്തില്‍ നിന്നുള്ള വിവരണം വാല്മീകിയുടേതിനേക്കാള്‍ അല്പം കൂടി വിശദമാണു്. അധികവും അലങ്കാരജടിലങ്ങളായ വര്‍ണ്ണനകള്‍. രണ്ടുദാഹരണങ്ങള്‍:

ക്വചിത് പഥാ സഞ്ചരതേ ഘനാനാം
ക്വചിത് സുരാണാം പതതാം ക്വചിച്ച
യഥാവിധോ മേ മനസോऽഭിലാഷഃ
പ്രവര്‍ത്ത്യതേ പശ്യ തഥാ വിമാനം (13:19)

“ഇടയ്ക്കു മേഘങ്ങളുടെയും ഇടയ്ക്കു ദേവന്മാരുടെയും ഇടയ്ക്കു പക്ഷികളുടെയും മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ മനസ്സില്‍ കരുതുന്ന വഴികളിലൂടെ പറക്കുന്ന ഈ വിമാനത്തെ കണ്ടാലും” എന്നു സീതയോടു ശ്രീരാമന്‍.

“മേ മനസോऽഭിലാഷഃ“ എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

അസൌ മഹേന്ദ്രദ്വിപദാനഗന്ധി-
സ്ത്രിമാര്‍ഗ്ഗഗാ വീചിവിമര്‍ദ്ദശീതഃ
ആകാശവായുര്‍ദിനയൌവനോത്ഥാന്‍
ആചാമതി സ്വേദലവാന്‍ മുഖേ തേ.

“ഇന്ദ്രന്റെ ആനയുടെ മണവും ആകാശഗംഗയില്‍ നിന്നുള്ള തണുപ്പും ചേര്‍ന്ന കാറ്റു് നിന്റെ മുഖത്തു പതിച്ചു് അതിലെ വിയര്‍പ്പു് ഒപ്പിയെടുക്കുന്നു…” എന്നു രാമന്‍ സീതയോടു്.


ഇനി, അറിയാവുന്നവ മുഴുവന്‍ വാല്മിീകിയോ കാളിദാസനോ എഴുതണമെന്നില്ലല്ലോ എന്നാണു വാദമെങ്കില്‍, സാധാരണ ഗതിയില്‍ അവ വര്‍ണ്ണിക്കാന്‍ കിട്ടുന്ന അവസരമൊന്നും കവികള്‍ വെറുതേ വിടാറില്ല. അതിവേഗത്തിലോടുന്ന രഥത്തില്‍ നിന്നുള്ള കാഴ്ചയെ കാളിദാസന്‍ “യദാലോകേ സൂക്ഷ്മം…” എന്ന ശാകുന്തളശ്ലോകത്തില്‍ വരച്ചുകാട്ടുന്നു. മഹാഭാരതത്തില്‍ അന്നുപയോഗിച്ചിരുന്ന ആയുധങ്ങളുടെയും കുതിര, ആന തുടങ്ങിയവയുടെയും രഥങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും വസ്തുനിഷ്ഠമായ വര്‍ണ്ണനകളുണ്ടു്.

മുകളില്‍ നിന്നു താഴേയ്ക്കു വരുന്നതിന്റെ ഒരു വര്‍ണ്ണന കാളിദാസന്റെ ശാകുന്തളത്തിലുണ്ടു്.

ശൈലാനാമവരോഹതീവ ശിഖരാദുന്മജ്ജതാം മേദിനീ
പര്‍ണ്ണസ്വാസ്തരലീനതാം വിജഹതി സ്കന്ധോദയാത്‌ പാദപാഃ
സന്താനം തനുഭാവനഷ്ടസലിലാ വ്യക്തം വ്രജന്ത്യാപഗാഃ
കേനാപ്യുത്ക്ഷിപതേവ മര്‍ത്യഭുവനം മത്പാര്‍ശ്വമാനീയതേ

പര്‍വ്വതങ്ങളുടെ അഗ്രങ്ങള്‍ മേലേയ്ക്കു പൊങ്ങി വരുമ്പോള്‍ ഭൂമി താഴേയ്ക്കു പോകുന്നു. ഇലക്കൂട്ടമായി കണ്ടതു ശാഖകള്‍ ചേര്‍ന്ന മരങ്ങളായി മാറുന്നു. വെള്ളച്ചാലുകള്‍ പോലെ കാണുന്നതു നദികളായിത്തീരുന്നു. ആരോ ഭൂമിയെ എന്റെ അടുത്തേയ്ക്കു പൊക്കിക്കൊണ്ടു വരുന്നതാണോ?

ഇതു വളരെ നല്ല ഒരു വര്‍ണ്ണന തന്നെ. പക്ഷേ ഇതും ഭാവനയുടെ സന്താനം തന്നെയാണെന്നു വ്യക്തം.


സന്തോഷിന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടായിരുന്നു:

രാമായണത്തിലെ വിമാനപരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഉണ്ടാക്കുന്ന ടെക്‍നോളജി ഇന്ത്യയിലുണ്ടായിരുന്നു എന്നു പറയുന്നതാണു് അപഹാസ്യം. Back to the future എന്ന സിനിമ കണ്ടിട്ടു് ഇരുപതാം നൂറ്റാണ്ടില്‍ ടൈം മെഷീന്‍ ഉണ്ടായിരുന്നു എന്നു പറയുന്നതു പോലെയാണതു്.

അതിനു മറുപടിയായി ഒരു അജ്ഞാതന്‍/അജ്ഞാത ഒരു കമന്റ് ഇട്ടിരുന്നു. പ്രസക്തഭാഗങ്ങള്‍:

Umesh,
I agree with your initial opinions but beg to differ in your opinion about Vimanas.

Vimanas did very much exist before the Wright brothers. Mercury vortex engines were ones of the main propulsion system used. More detailed information is also available in the vedic text Samarangana Sutradhara. Moreover there are numerous references or descriptions in other Sanskrit and Tamil texts (Rg, Yajur & Atharva-veda, Yuktilkalpataru of Bhoja, Mayamatam (architect Maya), Satapathya Brahmana, Markandeya Purana, Vishnu Purana, Bhagavata Purana, the Harivamsa, the Uttararamcarita, the Harsacarita, the Tamil text Jivakacintamani etc).

ഇവയില്‍ ഹരിവശവും (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ) ഉത്തരരാമചരിതവും (മന്നാടിയാരുടെ തര്‍ജ്ജമയും മൂലകൃതിയും) ഭാഗവതവും (കുറേ ഭാഗം മാത്രം) മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. ഇവയില്‍ രാമായണത്തില്‍ ഉള്ളതിനേക്കാള്‍ ശാസ്ത്രീയമായി ഒന്നും ഞാന്‍ കണ്ടിട്ടില്ല.

There is also a controversial text called Vimanika Shastra by Maharishi Bhradwaj which describes the vortex engine. In 1895, Shivkar Bapuji Talpade built a mercury ion engine and demonstrated it in Mumbai. There is also research going on in these areas in IISc Bengaluru(Bangalore), mostly by analysing these recovered ancient Sanskrit texts, as most of our libraries were destroyed by the invading Islamic barbarians.

ഇതിനെപ്പറ്റി കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ദേവരാഗം ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് MS Word format-ല്‍ അയച്ചു തന്നിട്ടുണ്ടു്. വിശദമായി വായിച്ചിട്ടു് അതിനെപ്പറ്റി എഴുതാം. അതു കിട്ടിയതില്‍പ്പിന്നെ ഈ പോസ്റ്റിന്റെ തലക്കെട്ടു മാറ്റി രാമായണത്തിലെ വിമാനത്തെപ്പറ്റി മാത്രം പറയുന്നതാക്കി.

ഈ പുസ്തകം ക്രിസ്തുവിനു മുമ്പു് രണ്ടാം നൂറ്റാണ്ടിലെഴുതിയ ഭരദ്വാജന്റെ വിമാനശാസ്ത്രത്തെ അവലംബിച്ചെഴുതിയതാണെന്നു പറയുന്നു. വിശദമായി വായിക്കട്ടേ.

Hope, the next time you won’t be so sarcastic about our Vedic history and achievements…

ക്ഷമിക്കണം. എനിക്കു സര്‍ക്കാസ്റ്റിക് ആയേ മതിയാവൂ. ഭാരതീയസംസ്കാരത്തെപ്പറ്റി പൊള്ളയായ അവകാശവാദമുന്നയിക്കുന്നവര്‍ അത്രയ്ക്കു് അപഹാസ്യമായ രീതിയിലാണു് ഗണിത-ന്യൂസ്‌ഗ്രൂപ്പുകളിലും മറ്റും സംവദിക്കുന്നതു്. ഭാരതീയജ്ഞാനത്തെപ്പറ്റി ഒട്ടും ബഹുമാനക്കുറവില്ലാത്ത ഒരാളാണു ഞാന്‍ എന്നു് എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. ദയവായി ഇവിടെപ്പോയി “ഭാരതീയഗണിതം” എന്ന വിഭാഗത്തില്‍ ഉള്ള ലേഖനങ്ങള്‍ വായിക്കൂ.

വായിച്ച പുസ്തകങ്ങള്
സംവാദം

Comments (43)

Permalink

ശ്രീജിത്തിന്റെ കവിത (“മരണം”)-ഒരു മൊഴിമാറ്റം

ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിത വായിച്ചപ്പോള്‍ നാലു മുക്തകങ്ങള്‍ വായിക്കുന്ന സുഖം കിട്ടി. അവയെ ശ്ലോകങ്ങളായി മാറ്റിയെഴുതിയാലോ എന്ന തോന്നലിന്റെ ഫലമാണു് ഇതു്.

ലാപുടയുടെ കവിതയെ പദ്യത്തിലാക്കിയതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. അതു വളരെ മോശമായിരുന്നു. അതിനെക്കാള്‍ കൊള്ളാം ഇതു് എന്നാണു് എന്നിലെ വിമര്‍ശകന്‍ പറയുന്നതു്.

ശ്രീജിത്തിന്റെ ആശീര്‍‌വാദത്തോടെ, പദ്യപരിഭാഷകള്‍ താഴെ. മൂലകവിതയില്‍ അദ്ദേഹത്തിനു് ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത (ചട്ടക്കൂടിന്റെ പ്രശ്നം ശ്രീജിത്തിനും ഉണ്ടായിരുന്നു എന്നു സാരം) ആശയങ്ങളും കൂടി ഉള്‍ക്കൊള്ളിക്കണം എന്നും ചില ഭാഗങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കണം എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ചു് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്.

(മുക്തകങ്ങളല്ലേ, നാലും നാലു വൃത്തമായ്ക്കോട്ടേ എന്നും കരുതി 🙂 )

അമ്മയ്ക്കു് (കുസുമമഞ്ജരി)

ഉമ്മ വെച്ചു, മടിയില്‍ക്കിടത്തി, യലിവാര്‍ന്നു തന്റെ മുലയൂട്ടവേ
“അമ്മ”യെന്ന പദമാദ്യമന്‍‌പൊടു പറഞ്ഞ, തന്റെ തണലാകുവാന്‍
സമ്മതിച്ച, നിജരക്തജന്യനിവനെന്റെ വായ്ക്കരിയിടേണ്ടയാള്‍
ഉണ്മ വിട്ടിതു വിധം കിടന്നിടുവതമ്മയെങ്ങനെ സഹിച്ചിടും?

സഹോദരനു് (സ്രഗ്ദ്ധര)

കൂടെച്ചാടിക്കളിക്കാന്‍, ഇടയിലടി പിടിക്കാന്‍, പിണങ്ങാ, നിണങ്ങി-
ക്കൂടാന്‍, ചിത്തം തുറക്കാന്‍, ചുമലൊരഭയമായ് നല്‍കുവാന്‍, ചേര്‍ന്നുറങ്ങാന്‍,
പാടാന്‍ സന്മാര്‍ഗ്ഗ, മെന്നിട്ടതിനു പരിഭവം കേള്‍ക്കുവാന്‍, വന്‍ പ്രതാപം
നേടുമ്പോള്‍ ധന്യനാവാ, നിവനു പകരമായ്‌ക്കാണുവാ, നാരെനിക്കു്?

ഭാര്യയ്ക്കു് (പഞ്ചചാമരം)

കരം ഗ്രഹിച്ചു മാനസത്തിലന്‍‌പു കൊണ്ടു മൂടിയോന്‍,
കിനാക്ക, ളാശ, ദുഃഖമെന്നില്‍ നിന്നു നെഞ്ചിലേറ്റിയോന്‍,
സഖാവു, പുത്ര, നച്ഛനെന്നു സര്‍വ്വമായി ജീവിതം
സനാഥമാക്കിയോന്‍, പ്രിയന്‍-പിരിഞ്ഞിടുന്നതെങ്ങനെ?

മകനു് (ശാര്‍ദ്ദൂലവിക്രീഡിതം)

താങ്ങായും, തണലായു, മെന്നുമുപദേശാനുഗ്രഹം വിദ്യയും
വാങ്ങാനും, വഴിയായ്, കരുത്തു വഴിയും സാഹായ്യമായ്, ജ്ഞാനമായ്,
പാങ്ങായും, ധനമായു, മെന്നുമണയാനത്താണിയായ്, ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?

അടികള്‍ വരട്ടേ. ഞാന്‍ മുതുകത്തു പാള വെച്ചു കെട്ടിയിട്ടുണ്ടു് 🙂


ശ്രീജിത്തിന്റെ മൂലകവിത താഴെ:

അമ്മയ്ക്കു്

തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ടു്!

സഹോദരനു്

കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്കു പകരമാകാന്‍; പ്രാണനെ‍ പിരിഞ്ഞാലും അവനോടാകുമോ!

ഭാര്യയ്ക്കു്

കരം ഗ്രഹിച്ചു മനസ്സില്‍ സ്വീകരിച്ചു തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാടു താങ്ങുവാന്‍ കഴിയുമോ!

മകനു്

താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!

പരിഭാഷകള്‍ (Translations)

Comments (10)

Permalink