December 2008

2009-ലെ മലയാളം കലണ്ടർ/പഞ്ചാംഗം

കഴിഞ്ഞ കൊല്ലം ചെയ്ത പോലെ ഈക്കൊല്ലവും പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കൊല്ലം വായനക്കാരുടെ അപേക്ഷപ്രകാരം വിവിധ സ്ഥലങ്ങള്‍ക്കു വേണ്ടി പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. ആ സ്ഥലങ്ങള്‍ക്കെല്ലാം ഈക്കൊല്ലവും പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടു്.

പഞ്ചാംഗം ഈ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ മലയാളം കലണ്ടര്‍/പഞ്ചാംഗം എന്ന ലിങ്കില്‍ നിന്നു PDF ഫോര്‍മാറ്റില്‍ ഡൌണ്‍‌ലോഡ് ചെയ്യാം. ഇതിനുപയോഗിച്ച തിയറി അവിടെത്തന്നെയുള്ള ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.


കൂടുതൽ വിവരങ്ങൾ:

  1. ഈ കലണ്ടറിനെപ്പറ്റിയുള്ള അ.ല.പ്ര. (FAQ): ഇവിടെ.
  2. ഈ കലണ്ടർ എങ്ങനെ വായിക്കും/ഉപയോഗിക്കും എന്നതിനെപ്പറ്റി: ഇവിടെ.
  3. 2008-ലെ കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ പോസ്റ്റ്: ഇവിടെ.
  4. 2007-ലെ കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ പോസ്റ്റ്: ഇവിടെ.

പതിവു പോലെ, തെറ്റുകൾ കണ്ടാൽ ദയവായി ചൂണ്ടിക്കാണിക്കുക. അതുപോലെ, ഇതിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളിലെ കലണ്ടർ വേണമെങ്കിൽ ഒരു കമന്റിടുകയോ ഈ-മെയിൽ അയയ്ക്കുകയോ ചെയ്യുക.

എല്ലാവർക്കും നവവത്സരാശംസകൾ!

കലണ്ടര്‍ (Calendar)

Comments (5)

Permalink

വിക്കിയെ ചുമക്കുന്നവൻ

ഈ അടുത്തിടെ ഒരു പാർക്കിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിപ്പോകുമ്പോൾ എന്റെ സുഹൃത്തു് ദുലീപ് എടുത്ത ചിത്രം:

ജനിച്ചപ്പോൾ വിഘ്നേശിനെ “വിക്കി” എന്നു വിളിച്ചിരുന്നു. ഇപ്പോൾ കുറേക്കാലമായി “കിച്ചു” ആണു്.

(“പാർക്കു ക്രോപ്പു ചെയ്യണം” എന്നും മറ്റും പറഞ്ഞു വരുന്ന ഫോട്ടോപ്പുലികളുടെ നാക്കു ഞാൻ ക്രോപ്പു ചെയ്യും, പറഞ്ഞില്ലെന്നു വേണ്ടാ. ഐഫോണിന്റെ ക്യാമറയിലെടുത്ത ഒരു സാധാരണ ചിത്രം മാത്രമാണിതു്.)

ഈ ചിത്രം കണ്ടപ്പോൾ ഈ തലക്കെട്ടു നിർദ്ദേശിച്ചതു് പൂർവ്വാശ്രമത്തിൽ ഒരു ബ്ലോഗറും ഇപ്പോൾ വിക്കിപ്പീഡിയയെ ചുമക്കുന്നവരിൽ ഒരാളുമായ ശനിയൻ ആണു്.

ദുലീപിനും ശനിയനും നന്ദി.

“തലയില്ലെങ്കിലും തലക്കെട്ടു നന്നാവണം” എന്ന ബ്ലോഗറുടെ പതിനൊന്നാം കല്പന ഒരിക്കൽക്കൂടി പാലിക്കുന്നു – രാം മോഹൻ പാലിയത്തിനെ സ്മരിച്ചുകൊണ്ടു്.


ആർക്കെങ്കിലും വേറേ അടിക്കുറിപ്പു് എന്തെങ്കിലും തോന്നുന്നുണ്ടോ?

ചിത്രങ്ങള്‍ (Photos)
വിഘ്നേശ്
വൈയക്തികം (Personal)

Comments (9)

Permalink

ഛേ, അന്നു വേണ്ടായിരുന്നു!

കാലികപ്രാധാന്യമുള്ള ബ്ലോഗ് പോസ്റ്റുകള്‍ പലതുമുണ്ടു്. സമയക്കുറവു കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ സമയത്തു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ പറ്റാത്ത പോസ്റ്റുകളെപ്പറ്റി പലപ്പോഴും ദുഃഖം തോന്നാറുണ്ടു്. “ഛേ, നേരത്തേ എഴുതേണ്ടതായിരുന്നു…” എന്നു്. പലപ്പോഴും ഇതു തോന്നുന്നതു് മറ്റാരെങ്കിലും അതിനെപ്പറ്റി എഴുതിക്കഴിയുമ്പോഴാണെന്നു മാത്രം.

എഴുതിയ ഒരു പോസ്റ്റിനെപ്പറ്റി “ഛേ, വേണ്ടായിരുന്നു” എന്നു തോന്നുന്നതും വിരളമല്ല. (എനിക്കു് ഇതു വരെ തോന്നിയിട്ടില്ല.) പലപ്പോഴും പലരും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതു് അതുകൊണ്ടാണു്.

എഴുതിയ ഒരു പോസ്റ്റിനെപ്പറ്റി “ഛേ, അന്നു് ഇതു് എഴുതേണ്ടായിരുന്നു. ഇപ്പോള്‍ അതെഴുതുന്നതായിരുന്നു നല്ലതു്” എന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? ഇപ്പോള്‍ എഴുതിയാല്‍ ഒന്നുകൂടി നന്നായി എഴുതാം എന്നു തോന്നിയതു കൊണ്ടല്ല. ഇപ്പോഴാണു് അതെഴുതാന്‍ ഒന്നുകൂടി നല്ല സമയം എന്നു തോന്നുന്നതുകൊണ്ടു്.

ഇതു വരെ എനിക്കു് അങ്ങനെ തോന്നിയിരുന്നില്ല. ഇന്നു തോന്നി. വിക്കിപീഡിയയില്‍ റബ്ബര്‍ പട്ടികകള്‍ കയറ്റാനുള്ള ചന്ദ്രശേഖരന്‍ നായരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ പ്രശസ്തി കുറയുമ്പോള്‍… എന്ന പോസ്റ്റ് ഇപ്പോള്‍ എഴുതിയാല്‍ മതിയായിരുന്നു എന്നു തോന്നിപ്പോകുന്നു.

ഇപ്പോള്‍ എഴുതിയിരുന്നെങ്കില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയേനേ.

  1. ടൈറ്റില്‍ മാറ്റും. ഉള്ളതല്ലേ കുറയാന്‍ പറ്റൂ?
  2. വിശദീകരണത്തില്‍ അല്പം വ്യത്യാസം വരുത്തും. വിക്കിയെയും ഉള്‍പ്പെടുത്തും. പത്രങ്ങളിലും മറ്റും തന്നെപ്പറ്റി എഴുതിക്കും എന്നും ചേര്‍ക്കും.
  3. “സുഭാഷിതം” എന്ന വിഭാഗത്തില്‍ നിന്നു് “കുഭാഷിതം” എന്ന ഇടത്തിലേയ്ക്കു മാറ്റും.

ഷിജു അലക്സിന്റെ റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന പോസ്റ്റിനു് എന്റെ പ്രതികരണം ഇത്ര മാത്രം.

പ്രതികരണം

Comments (8)

Permalink

തുടങ്ങിയിടത്തു് എത്തുന്നവ

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല 🙂

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? 🙂

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?

കുട്ടികള്‍ക്കുള്ളവ
വിശാഖ്
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

ഗൂഗിള്‍ കലണ്ടറില്‍ ഇനി ഇസ്ലാമിക് കലണ്ടറും

അവസാനം നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകള്‍ ഗൂഗിള്‍ കലണ്ടറിലും!

ഡിസംബര്‍ 12 മുതല്‍ ഗൂഗിള്‍ കലണ്ടറില്‍ ഹിജ്രി (ഇസ്ലാമിക്) കലണ്ടര്‍ ഉള്‍ക്കൊള്ളിച്ചതോടെ, ഗ്രിഗോറിയനല്ലാത്ത കലണ്ടറുകളുടെ ആവശ്യകതയെപ്പറ്റി സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ ബോധവാന്മാരാകുന്നു എന്ന ആശാവഹമായ വസ്തുതയ്ക്കു് ഒരു തെളിവു കൂടി. കൂട്ടത്തില്‍, ലോകത്തു മുഴുവനുമുള്ള ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഗൂഗിളിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയും.

മറ്റു സോഫ്റ്റ്‌വെയറുകളെ അപേക്ഷിച്ചു് ഗൂഗിള്‍ കലണ്ടറിനുള്ള ഒരു പ്രത്യേകത അതു മൂന്നു തരം ഹിജ്രി കലണ്ടറുകള്‍ നല്‍കുന്നു എന്നതാണു്. സ്റ്റാന്‍ഡേര്‍ഡ് അരിത്‌മെറ്റിക്ക് (ഇമാക്സ്‍) കലണ്ടര്‍, കുവൈറ്റില്‍ ഉപയോഗിക്കുന്ന (മൈക്രോസോഫ്റ്റ്) കുവൈറ്റി കലണ്ടര്‍, സൌദി അറേബ്യയിലും യൂ. ഏ. ഇ. യിലും മറ്റും ഉപയോഗിക്കുന്ന ഉം അല്‍ ക്വിറാ കലണ്ടര്‍ എന്നിവയാണു് അതു്. (ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ പോസ്റ്റ് കാണുക.) ഗൂഗിള്‍ കലണ്ടര്‍ ഇപ്പോള്‍ അറബിക്, ഹീബ്രു ഭാഷകളും വലത്തുനിന്നു് ഇടത്തോട്ടുള്ള ലേ-ഔട്ടും തരുന്നതുകൊണ്ടു് (ഇതിനു് ജെനറല്‍ സെറ്റിംഗ്സിലെ Language അറബിയോ ഹീബ്രുവോ ആക്കി മാറ്റിയാല്‍ മതി.) അറബിയില്‍ത്തന്നെ നന്നായി കലണ്ടര്‍ വായിക്കാം.

താഴെക്കൊടുക്കുന്ന ഉദാഹരണങ്ങളില്‍ കലണ്ടര്‍ ഇംഗ്ലീഷിലും അറബിയിലും (അറബിയില്‍ കാണാന്‍ സെറ്റിംഗ്സില്‍ പോയി ഭാഷ അറബിയാക്കിയാല്‍ മതി.) കാണിക്കുന്നു.

ഇതിനായി ഒരു സാധാരണ അമേരിക്കന്‍ ബ്ലോഗറുടെ കലണ്ടര്‍ ഹൈജാക്കു ചെയ്തിരിക്കുന്നു. മരമാക്രികള്‍ ധാരാളമുള്ളതിനാലും ആ ബ്ലോഗറുടെ പ്രൈവസി നഷ്ടപ്പെടാതെ നോക്കേണ്ടതിനാലും അദ്ദേഹത്തിന്റെ ഐഡന്റിറ്റി താറടിച്ചു നശിപ്പിച്ചിരിക്കുന്നു. (ഓരോ സ്ക്രീന്‍‌ഷോട്ടിലും ക്ലിക്കു ചെയ്തു വലുതായി കാണാന്‍ മറക്കരുതു്!)

ഗൂഗിള്‍ കലണ്ടറില്‍ ഹിജ്രി തീയതികളും കാണാന്‍ കലണ്ടര്‍ സെറ്റിംഗ്സില്‍ പോയി Alternate Calendar എന്ന ഓപ്ഷനിലെ ഒരു കലണ്ടര്‍ തിരഞ്ഞെടുക്കുക.

താഴെക്കൊടുക്കുന്ന മൂന്നു കലണ്ടറുകളാണു് ഇപ്പോള്‍ ഉള്ളതു്.

കലണ്ടര്‍ വിശദവിവരങ്ങള്‍
Hijri – Standard July 16, 622-നു തുടങ്ങുന്നതും 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങളും ഉള്ള അരിത്‌മെറ്റിക് കലണ്ടര്‍. (ഇമാക്സ്)
Hijri – Kuwaiti July 15, 622-നു തുടങ്ങുന്നതും 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങളും ഉള്ള അരിത്‌മെറ്റിക് കലണ്ടര്‍. (മൈക്രോസോഫ്റ്റ്)
Hijri – Saudi കൃത്യമായ ജ്യോതിശ്ശാസ്ത്രരീതികള്‍ അവലംബിച്ചു് സൌദി അറേബ്യയിലെ മെക്കയില്‍ നിന്നു ദൃശ്യമാകുന്ന ചന്ദ്രന്റെ സ്ഥാനം അടിസ്ഥാനമാക്കി ഉള്ള അസ്ട്രോണമിക്കല്‍ കലണ്ടര്‍.

മൂന്നാമത്തെ കലണ്ടര്‍ (മിക്കവാറും അറബിനാടുകളില്‍ ഈ കലണ്ടറാണു് ഉപയോഗിക്കുന്നതു്) ഉപയോഗിച്ചുള്ള ഉദാഹരണങ്ങളാണു താഴെ.


കലണ്ടറിന്റെ ദിവസക്കാഴ്ച(day view)യില്‍ ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം.


കലണ്ടറിന്റെ വാരക്കാഴ്ച(week view)യില്‍ ഹിജ്രിത്തീയതികള്‍ ബ്രായ്ക്കറ്റില്‍ കാണാം. കൂടാതെ ആഴ്ചകളുടെ തലക്കെട്ടില്‍ അതാതു ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം.


കലണ്ടറിന്റെ മാസക്കാഴ്ച(week view)യില്‍ ഹിജ്രി മാസങ്ങള്‍ ബ്രായ്ക്കറ്റില്‍ കാണാം. കൂടാതെ ഓരോ തീയതിയിലും ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം. മാസം തുടങ്ങുന്ന ദിവസത്തില്‍ മാസത്തിന്റെ പേരും.


കലണ്ടറിന്റെ അജന്‍ഡാ വ്യൂവില്‍ (ഗൂഗിള്‍ കലണ്ടറിലെ അധികമാര്‍ക്കും അറിയാത്ത വ്യൂ ആണു് ഇതു്.) ഹിജ്രിത്തീയതികള്‍ ബ്രായ്ക്കറ്റില്‍ കാണാം. ലിസ്റ്റിലുള്ള തീയതികള്‍ ഒരെണ്ണമെങ്കിലും ഇപ്പോഴത്തെ വര്‍ഷമല്ലെങ്കില്‍ വര്‍ഷവും എല്ലാ തീയതികള്‍ക്കുമൊപ്പം ഉണ്ടാവും.


തീയതി കാണിക്കുക മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ സംഭവിക്കുന്ന കാര്യങ്ങള്‍ (recurring events) ഹിജ്രി കലണ്ടര്‍ അടിസ്ഥാനമാക്കി ഇടാന്‍ ഇപ്പോള്‍ നിര്‍വ്വാഹമില്ല. അതു ഭാവിയില്‍ ഉണ്ടാവും. അതുപോലെ ഹിജ്രി കൂടാതെ മറ്റു പല കലണ്ടറുകളും ഉള്‍ക്കൊള്ളിക്കാന്‍ ആലോചനയുണ്ടു്.

എന്നാണോ ഇതില്‍ നമ്മുടെ കൊല്ലവര്‍ഷം വരുന്നതു്? എന്നിട്ടു വേണം നമ്മുടെ ഓണവും സംക്രാന്തിയും ഏകാദശിയും അമ്മയുടെ പിറന്നാളും അമ്പലത്തിലെ ഉത്സവവും ഒക്കെ ഗൂഗിള്‍ കലണ്ടര്‍ നോക്കി കണ്ടുപിടിക്കാന്‍!

കലണ്ടര്‍ (Calendar)
ഗൂഗിള്‍
നര്‍മ്മം

Comments (6)

Permalink

സോഫ്റ്റ്‌വെയറുകളും നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകളും

ലോകത്തുള്ള പല നല്ല കലണ്ടറുകളെയും പിന്‍‌തള്ളി ഇന്നു ഗ്രിഗോറിയന്‍ കലണ്ടര്‍ എല്ലാ രാജ്യങ്ങളിലും ആധിപത്യം നേടിയ കഥ കലണ്ടറിന്റെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും‍ എന്ന പോസ്റ്റില്‍ വിശദീകരിച്ചിരുന്നല്ലോ. ഈക്കാരണം കൊണ്ടു തന്നെ കലണ്ടര്‍ സോഫ്റ്റ്വെയറുകള്‍ മിക്കവയും ഗ്രിഗോറിയന്‍ കലണ്ടര്‍ മാത്രം നല്‍കുന്നവയാണു്.

കമ്പ്യൂട്ടറില്‍ ലോകത്തുള്ള മറ്റു കലണ്ടറുകള്‍ ഉള്‍പ്പെടുത്തുന്നതിനെതിരായി പല വാദങ്ങളുമുണ്ടു്. ഇവയില്‍ പലതും ഇംഗ്ലീഷ് അല്ലാത്ത ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ കേട്ടവ തന്നെയാണു്.

  1. ഗ്രിഗോറിയന്‍ അല്ലാതെ ഏതെങ്കിലും കലണ്ടര്‍ ലോകത്തില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? (ഇംഗ്ലീഷല്ലാതെ ഏതെങ്കിലും ഭാഷ കമ്പ്യൂട്ടറില്‍ മനുഷ്യന്മാരാരെങ്കിലും ഉപയോഗിക്കുമോ?)
  2. അനാവശ്യമായ പണിയാണിതു്. കൂടുതല്‍ കണക്കുകൂട്ടലുകള്‍, കൂടുതല്‍ വലിയ പ്രോഗ്രാമുകളും ഡാറ്റയും. (ഇംഗ്ലീഷ് ഒരു ബൈറ്റിലൊതുങ്ങും. ഈ ഭാഷകള്‍ക്കൊക്കെ രണ്ടും മൂന്നും ചിലപ്പോള്‍ നാലും ബൈറ്റു വേണം ഒരക്ഷരത്തിനു്. എന്തൊരു വേസ്റ്റ്! പ്രോഗ്രാമിന്റെ സങ്കീര്‍ണ്ണത വേറെയും!)
  3. ലോകത്തിന്റെ ഏതോ മൂലയ്ക്കു കിടക്കുന്ന ചില ആദിവാസികള്‍ക്കു് അവരുടെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ കണ്ടുപിടിക്കുന്നതിനു മാത്രമാണു് ഈ കലണ്ടറുകള്‍. (ലോകത്തിന്റെ ഏതോ മൂലയ്ക്കു കിടക്കുന്ന ചില ആദിവാസികള്‍ക്കു് അവരുടെ ആരും ഉപയോഗിക്കാത്ത നാടന്‍ പാട്ടുകള്‍ പാടാന്‍ മാത്രമാണു് ഈ ഭാഷകള്‍.)
  4. നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്കു് ഒരു സ്റ്റാന്‍ഡേര്‍ഡുമില്ല. ഇന്ത്യയില്‍ത്തന്നെ എത്ര തരം കലണ്ടറുകളാണു്! (എവന്മാര്‍ക്കൊന്നും ഒരു സ്റ്റാന്‍ഡേര്‍ഡും ഇല്ലെന്നേ. ഇംഗ്ലീഷിനാണെങ്കില്‍ ഒരു വ്യക്തമായ സ്പെല്ലിംഗും അതെഴുതാന്‍ വ്യക്തമായ ഒരു രീതിയുമുണ്ടു്. എവന്മാര്‍ക്കു് അതാണോ? ചില്ലക്ഷരം എഴുതാന്‍ വരെ രണ്ടു പക്ഷമാണു്!)

ലോകഭാഷകള്‍ ഇന്നു് കമ്പ്യൂട്ടറില്‍ വളരെ പ്രചാരത്തിലായിക്കഴിഞ്ഞു (യൂണിക്കോഡിനു നന്ദി!). അതുപോലെ ലോകകലണ്ടറുകളും എല്ലാ കലണ്ടറിംഗ് സോഫ്റ്റ്‌വെയറുകളിലും ഡെസ്ക്‍റ്റോപ്പുകളിലും ഭാവിയില്‍ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കാം.


സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ തലതൊട്ടപ്പനായ ഗ്നു ഇമാക്സില്‍ ആണെന്നു തോന്നുന്നു നോണ്‍‍-ഗ്രിഗോറിയന്‍ കലണ്ടറുകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതു്. ഇമാക്സില്‍ ഒമ്പതു നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകളുണ്ടു്. ഇസ്ലാമിക്, ഹീബ്രു, പേര്‍ഷ്യന്‍, കോപ്റ്റിക്, ചൈനീസ്, എത്യോപ്യന്‍ എന്നിവ കൂടാതെ ISO commercial calendar, വളരെക്കാലം മുമ്പേ കാലം ചെയ്ത ഫ്രെഞ്ച് വിപ്ലവക്കലണ്ടര്‍, മായന്‍ കലണ്ടര്‍ എന്നിവയും ലിസ്പിലെഴുതിയ ഇമാക്സ് ലൈബ്രറിയിലുണ്ടു്. M-x calendar ഉപയോഗിച്ചു് കലണ്ടറിലെത്തിയാല്‍ Goto, Holidays, Diary എന്നു മൂന്നു മെനു ഉപയോഗിച്ചു് ഇവയൊക്കെ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ പേജും ഈ പേജും നോക്കുക.

ഗ്നു ഇമാക്സ് കലണ്ടറിലെ Goto മെനുവിന്റെ സ്ക്രീന്‍ഷോട്ട് താഴെ:

ഇതുപയോഗിച്ചു് ഏതു കലണ്ടറിലെയും ഏതു തീയതിയിലേക്കും പോകാം.

ഇനി, ഒരു പ്രത്യേക തീയതിയില്‍ ഡയറിയെഴുതുകയാണു വേണ്ടതെങ്കില്‍, അതിനുള്ള വഴിയും ഉണ്ടു്.

ഈ കലണ്ടറുകളിലെ വിശേഷദിവസങ്ങളും കണ്ടുപിടിക്കാം. ഓരോ കലണ്ടറിലെയും എല്ലാ പ്രധാനപ്പെട്ട വിശേഷദിവസങ്ങളും കണ്ടുപിടിക്കാനുള്ള അല്‍ഗരിതം ഇമാക്സിലുണ്ടു്. (കൂടുതലായി നമുക്കു ചേര്‍ക്കുകയും ചെയ്യാം.) 2008-ലെ എല്ലാ കലണ്ടറുകളില്‍ നിന്നുമുള്ള വിശേഷദിവസങ്ങള്‍ കിട്ടാനുള്ള വഴി താഴെ.

ഇമാക്സിലെ കലണ്ടര്‍ ഗ്രിഗോറിയന്‍ ആണു്. മേല്‍പ്പറഞ്ഞ കലണ്ടറുകളിലെ ഏതു തീയതിയിലും എത്താനും ഈ കലണ്ടറുകളിലെ തീയതി അറിയാനും അവയിലെ വിശേഷദിവസങ്ങള്‍ കണ്ടുപിടിക്കാനും ഇമാക്സ് ഉപയോഗിക്കാം. കൂടാതെ ലിസ്പ് അറിയാമെങ്കില്‍ ഇവ തമ്മില്‍ മാറ്റാനുള്ള പ്രോഗ്രാമുകള്‍ ഇമാക്സില്‍ തന്നെ എഴുതുകയും ചെയ്യാം.

ഇമാക്സില്‍ ഇവ ചേര്‍ത്ത ഇ. എം. റൈന്‍‌ഗോള്‍ഡ് എന്ന പ്രൊഫസറും ഇസ്രയേല്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ചില്‍ ജോലി ചെയ്യുന്ന എന്‍. ദെര്‍ഷോവിറ്റ്സും ചേര്‍ന്നെഴുതിയ Calendrical Calculations (Third edition) ആണു് കലണ്ടറുകളെപ്പറ്റി ഇന്നു ലഭ്യമായ ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നു്.


നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകള്‍ ഏറ്റവും നന്നായി കാണിക്കുന്ന സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് ആണെന്നു തോന്നുന്നു.
ഔട്ട്‌ലുക്കില്‍ ഹിജ്രി (ഇസ്ലാമിക്), ഹീബ്രൂ, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, തായ്, ഇന്ത്യന്‍ (സര്‍ക്കാര്‍ ശകവര്‍ഷം) എന്നിവ ഉണ്ടു്. Tools->Options->Calendar Options-ല്‍ Enable Alternate Calendar ചെക്കു ചെയ്യുക.

മുകളില്‍ കൊടുത്ത ഏഴു തരം കലണ്ടറുകള്‍ വിവിധ ഭാഷകളില്‍ കാണിക്കാനുള്ള സംവിധാനം ഔട്ട്‌ലുക്കിലുണ്ടു്. ഇസ്ലാമിക് (ഹിജ്രി) കലണ്ടര്‍ അറബിയില്‍ കാണിക്കുന്ന ഉദാഹരണങ്ങളാണു താഴെ.

ഔട്ട്‌ലുക്കിലെ ദിവസ-വാര-മാസ-ക്കാഴ്ചകള്‍ താഴെ.

ദിവസക്കാഴ്ച (day view):

വാരക്കാഴ്ച (week view):

മാസക്കാഴ്ച (month view):

ഔട്ട്‌ലുക്കിലെ ഇസ്ലാമിക് കലണ്ടര്‍ കുവൈറ്റി അല്‍ഗരിതം ആണു് ഉപയോഗിക്കുന്നതു്. വിസ്റ്റയില്‍ ഉം അല്‍-ക്വറാ കലണ്ടര്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്നു കേള്‍ക്കുന്നു.


സ്വതന്ത്രസോഫ്റ്റ്വെയറായ കെ. ഡി. ഇ. ഡെസ്ക്‍റ്റോപ്പില്‍ മൂന്നു നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകളുണ്ടു്. ഹിജ്രി, ഹീബ്രു, ജലാലി (ഇറാനിയന്‍) എന്നിവയാണു് അവ. ഇന്ത്യന്‍ കലണ്ടറുകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഉബുണ്ടുവില്‍ System Settings->Regional and accessibility ഉപയോഗിച്ചു് ഇഷ്ടമുള്ള കലണ്ടര്‍ തിരഞ്ഞെടുക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ട് താഴെ.

ഈ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ കെ ഡി ഇ-യിലെ എല്ലാ പ്രോഗ്രാമുകളിലും പുതിയ കലണ്ടര്‍ കാണാം. Korganizer കലണ്ടറിന്റെ സ്ക്രീന്‍‌‌ഷോട്ട് താഴെച്ചേര്‍ക്കുന്നു.

കെ. ഡി. ഇ. ഡെസ്ക്‍റ്റോപ്പില്‍ ഒരു സമയത്തു് ഒരു കലണ്ടര്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. അതുകൊണ്ടു് ഒരു കലണ്ടര്‍ തീയതിയില്‍ നിന്നു മറ്റൊന്നിലേയ്ക്കു മാറ്റുന്നതു് എളുപ്പമല്ല.

കെ. ഡി. ഇ. യിലെ ഇസ്ലാമിക് കലണ്ടര്‍ ഇമാക്സ് അല്‍ഗരിതമാണു് ഉപയോഗിക്കുന്നതു്.


ഐ. ബി. എം. ലോട്ടസ് നോട്ട്സില്‍ ഹിജ്രി, ഹീബ്രു, ജാപ്പനീസ് കലണ്ടറുകള്‍ ഉണ്ടെന്നു പറയുന്നു. ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടുള്ളവര്‍ വിശദവിവരങ്ങളും സ്ക്രീന്‍ ഷോട്ടുകളും അയച്ചുതന്നാല്‍ ഉപകാരമായിരുന്നു.


പല സൊഫ്റ്റ്‌വെയര്‍ ലൈബ്രറികളിലും പല തരം കലണ്ടറുകളിലുള്ള തീയതികള്‍ കണ്ടുപിടിക്കുവാനും അങ്ങോട്ടുമിങ്ങോട്ടും മാറ്റുവാനും ഉള്ള സൌകര്യമുണ്ടു്.

C++, Java എന്നീ ഭാഷകളില്‍ ലഭ്യമായ International Components for Unicode എന്ന ബൃഹത്-ലൈബ്രറിയില്‍ ഇസ്ലാമിക്, ഹീബ്രു, എത്തിയോപ്യന്‍, കോപ്റ്റിക്, ചൈനീസ്, ബുദ്ധിസ്റ്റ് എന്നീ കലണ്ടറുകളുണ്ടു്.

ജോഡാ ടൈം എന്ന ഡേറ്റ്/ടൈം ലൈബ്രറിയില്‍ മേല്‍പ്പറഞ്ഞവയും ISO കലണ്ടറും ഉണ്ടു്. ICU ഇസ്ലാമിക് കലണ്ടറിന്റെ ഒരു അരിത്‌മെറ്റിക് അല്‍ഗരിതവും (ഇമാക്സ് അല്‍ഗരിതവും) ഒരു അസ്ട്രോണമിക്കല്‍ അല്‍ഗരിവും നല്‍കുമ്പോള്‍ ജോഡാ ടൈം നാലു തരത്തിലുള്ള അധിവര്‍ഷങ്ങളും രണ്ടു് എപോക്കുകളും ഉപയോഗിച്ചുള്ള ഏതു കോംബിനേഷനിലുമുള്ള അരിത്‌മെറ്റിക് കലണ്ടറുകളെല്ലാം ലഭ്യമാക്കുന്നു.

ഇവ രണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈബ്രറികളാണു്.


ഇതുവരെ ഗ്രിഗോറിയന്‍ കലണ്ടര്‍ മാത്രം ഉപയോഗിച്ചിരുന്ന ഗൂഗിള്‍ കലണ്ടറില്‍ ഇപ്പോള്‍ ഹിജ്രി (ഇസ്ലാമിക്) കലണ്ടറും ഉണ്ടു്. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍.

എസ്. എം. സി.
കലണ്ടര്‍ (Calendar)
മൈക്രോസോഫ്റ്റ്
ലിനക്സ്

Comments (0)

Permalink

എങ്കില്‍…

(കഴിഞ്ഞ പോസ്റ്റിന്റെ ഹാംഗോവര്‍. ഒരു കുട്ടി കഴിഞ്ഞാല്‍ ഒരു വയറിളക്കം പതിവാണു്. ഉടനേ രണ്ടു പോസ്റ്റിടുമെന്നു് അന്തോണിച്ചനോടു പ്രോമിസ് ചെയ്തതുമാണു്.)

ചന്ദ്രന്‍ ഭൂമിയെ
കൃത്യം ഇരുപത്തെട്ടു 25.8461538 ദിവസം കൊണ്ടും
ഭൂമി സൂര്യനെ
കൃത്യം മുന്നൂറ്റിമുപ്പത്താറു ദിവസം കൊണ്ടും
ചുറ്റിയിരുന്നെങ്കില്‍,

ഹായ്!

ഒരു മാസത്തില്‍
ഇരുപത്തെട്ടു ദിവസവും
നാലാഴ്ചയും
ഒരു വര്‍ഷത്തില്‍
മുന്നൂറ്റിമുപ്പത്താറു ദിവസവും
നാല്പത്തെട്ടാഴ്ചയും
പന്ത്രണ്ടു മാസവും
ഉണ്ടാകുമായിരുന്നു

വരുമാനം
ക്ഌപ്തമാകുമായിരുന്നു
ക്രിസ്തുമസ്സിന്റെ അവധി
നഷ്ടപ്പെടാതിരിക്കുമായിരുന്നു
ഭാര്യയുടെ തീണ്ടാരി
എന്നും ഒരേ ദിവസം വരുമായിരുന്നു

ഏറ്റവും പ്രധാനമായി
“ഇത്ര കൃത്യമായി ചിട്ടയോടെ എല്ലാം ഇണക്കാന്‍
ഞാന്‍ എന്ന സര്‍വ്വശക്തനല്ലാതെ ആര്‍ക്കു കഴിയും?”
എന്നു പറഞ്ഞു്
“ഇതു ദൈവവചനമാണു്”
എന്ന ലേബലുമിട്ടു്
ഭാവിതലമുറയുടെ
അണ്ണാക്കിലേയ്ക്കു തള്ളാന്‍
ഒരു പുസ്തകമെഴുതാമായിരുന്നു…

(ഞാന്‍ എന്താ ശ്ലോകമല്ലാതെ ഗദ്യകവിതയെഴുതിയാല്‍ പുളിക്കുമോ?)


ഓഫ്: (ഒരു മണിക്കൂറിനു ശേഷം)

ഈ പോസ്റ്റിലെ കണക്കില്‍ ഒരു തെറ്റുണ്ടു്. ആര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?


ഉത്തരം: (അര ദിവസത്തിനു ശേഷം)

ശരിയുത്തരം ആദ്യം പറഞ്ഞതു സിബുവാണു്. ഭൂമിയെ കൃത്യം 28 ദിവസം കൊണ്ടു് ചന്ദ്രന്‍ ചുറ്റുകയാണെങ്കില്‍ രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള സമയം 28 ദിവസത്തില്‍ കൂടുതലായിരിക്കും. കാരണം, അതിനിടയില്‍ ഭൂമിയും കുറേ പോയിട്ടുണ്ടാവും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെയും ചന്ദ്രന്റെയും സ്ഥിതി തമ്മിലുള്ള വ്യത്യാസമാണു് തിഥി(phase of moon)യും അതു വഴി ചാന്ദ്രമാസവും നിര്‍ണ്ണയിക്കുന്നതു്.

ഇവിടെ ചാന്ദ്രമാസം എത്രയാണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.

ദിവസം. അപ്പോഴും ചാന്ദ്രമാസം ദിവസത്തിന്റെ പൂര്‍ണ്ണഗുണിതം ആവില്ല.

ഇനി, ചാന്ദ്രമാസം കൃത്യം 28 ദിവസമാവാന്‍ ചന്ദ്രന്‍ എത്ര ദിവസം കൊണ്ടു ഭൂമിയെ ചുറ്റണം എന്നു നോക്കാം.

ദിവസം.

ഇതനുസരിച്ചു കവിത തിരുത്തിയിട്ടുണ്ടു് 🙂


യഥാര്‍ത്ഥത്തില്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റാനെടുക്കുന്ന ശരാശരി സമയം 27.3217 ദിവസമാണു്. (ഇതാണു നമ്മുടെ നക്ഷത്രചക്രം. ഇതിനെ 27 നക്ഷത്രങ്ങള്‍ കൊണ്ടു സൂചിപ്പിക്കുന്നു.) ഭൂമി സൂര്യനെ ചുറ്റാന്‍ 365.242191 ദിവസവും. അതിനാല്‍ ചാന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം

ആണു്. (ഇതാണു നമ്മുടെ തിഥിചക്രം. 30 തിഥികളെക്കൊണ്ടു സൂചിപ്പിക്കുന്നു.)

കലണ്ടര്‍ (Calendar)
കവിതകള്‍ (My poems)
നര്‍മ്മം

Comments (17)

Permalink

കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും

ഞാന്‍ വളരെ ആദരിക്കുന്ന ഒരു ബ്ലോഗറാണു് ശ്രീ ഇ. എ. ജബ്ബാര്‍. യുക്തിചിന്തകള്‍ പ്രചരിപ്പിച്ചും ഖുര്‍ ആനിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുമുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വളരെ വിലപ്പെട്ടവയാണു്. എങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ ഒരെണ്ണത്തിനോടു് എനിക്കു യോജിക്കാന്‍ പറ്റുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.

ശ്രീ ജബ്ബാറിന്റെ കാലഹരണപ്പെട്ട കാലഗണന എന്ന പോസ്റ്റ് മുസ്ലീങ്ങള്‍ തങ്ങളുടെ മതപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഹിജ്ര (ഹിജ്രി) കലണ്ടര്‍ അശാസ്ത്രീയമാണെന്നു വാദിക്കുന്നതാണു്. മറ്റു കലണ്ടറുകളെപ്പോലെ സൂര്യന്റെ ചലനത്തെയും സീസണുകളെയും അവലംബിക്കാതെ ചാന്ദ്രമാസത്തെയും (lunar month) ചാന്ദ്രവര്‍ഷത്തെയും (lunar year) അടിസ്ഥാനമാക്കി കാലഗണന നടത്തുന്നതുകൊണ്ടാണു് അതു് അശാസ്ത്രീയമാണെന്നു ജബ്ബാര്‍ സമര്‍ത്ഥിക്കുന്നതു്.

എന്താണു ശാസ്ത്രീയം എന്നു നോക്കണമെങ്കില്‍ എങ്ങനെയാണു കലണ്ടറുകള്‍ ഉണ്ടാക്കുന്നതെന്നു നോക്കേണ്ടി വരും.


മനുഷ്യന്‍ ആദ്യം അളക്കാന്‍ തുടങ്ങിയ കാലയളവു് ദിവസമായിരിക്കാം. രണ്ടു സൂര്യോദയങ്ങള്‍ക്കിടയിലുള്ള സമയം ഏറെക്കുറെ തുല്യമാണെന്നു് അവന്‍ നിരീക്ഷിച്ചു. വളരെയധികം കലണ്ടറുകളില്‍ (ഇന്ത്യയിലെ പരമ്പരാഗത കലണ്ടറുകള്‍ ഉദാഹരണം) ദിവസം സൂര്യോദയം മുതല്‍ സൂര്യോദയം വരെയാണു്. മറ്റു പല കലണ്ടറുകളിലും (ഇസ്ലാമിക്, ഹീബ്രു) ദിവസം സൂര്യാസ്തമയത്തിനു് ആരംഭിച്ചു് അടുത്ത സൂര്യാസ്തമയത്തിനു് അവസാനിക്കുന്നു.

ദിവസത്തിന്റെ നിര്‍വ്വചനം കാലക്രമത്തില്‍ മാറിയിരിക്കുന്നു. ഇപ്പോഴത്തെ നിര്‍വ്വചനമനുസരിച്ചു് സീഷിയം 133 ആറ്റത്തിന്റെ ഗ്രൌണ്ട് സ്റ്റേറ്റിലുള്ള രണ്ടു ഹൈപ്പര്‍ഫൈന്‍ ലെവലുകള്‍ക്കിടയിലുള്ള മാറ്റത്തിനെടുക്കുന്ന സമയത്തിന്റെ 794,243,384,928,000 ഇരട്ടിയാണു്. ഇതു് ഇപ്പോഴത്തെ ശരാശരി സൌരദിവസത്തെക്കാള്‍ 0.002 സെക്കന്റ് കൂടുതലാണു്.

സൂര്യന്‍ കഴിഞ്ഞാല്‍ പിന്നീടു മനുഷ്യന്‍ ശ്രദ്ധിച്ച ആകാശഗോളം ചന്ദ്രനാണു്. ഏകദേശം മുപ്പതു ദിവസത്തില്‍ അടുത്ത കറുത്ത വാവെത്തുന്നതും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ ഒരു പ്രത്യേകസമയത്തു് ഒരു പ്രത്യേക ആകൃതിയില്‍ ഉദിക്കുന്നതും അവന്‍ കണ്ടു. കറുത്ത വാവു മുതല്‍ കറുത്ത വാവുവരെയുള്ള, അല്ലെങ്കില്‍ വെളുത്ത വാവു മുതല്‍ വെളുത്ത വാവു വരെയുള്ള, കാലയളവിനെ അവന്‍ മാസം എന്നു വിളിച്ചു.

വര്‍ഷം എന്ന കാലയളവു് കൊല്ലത്തിലൊരിക്കല്‍ നൈല്‍നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുന്നതുകൊണ്ടു് ഈജിപ്തുകാര്‍ക്കു പണ്ടേ ഉണ്ടായിരുന്നു. സീസണുകളെ ആശ്രയിച്ചു കൃഷി ചെയ്യുന്ന മനുഷ്യര്‍ക്കു് സൂര്യനെ അടിസ്ഥാനമാക്കി വര്‍ഷം കണക്കാക്കേണ്ടി വന്നു.

ആഴ്ചയ്ക്കു മാത്രം പ്രത്യേകിച്ചു് ഒരു ജ്യോതിശ്ശാസ്ത്രാടിസ്ഥാനവുമില്ല. നക്ഷത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചലിക്കുന്ന ഏഴു ഗ്രഹങ്ങളെ (സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) ഓരോ ദിവസത്തിന്റെ നാഥനാക്കി ഒരു കാലഗണന ഉണ്ടായി എന്നാണു് ഒരു തിയറി. ആറു ദിവസം സൃഷ്ടിച്ചിട്ടു് ഏഴാം ദിവസം വിശ്രമിച്ച ദൈവത്തിന്റെ കഥയും ഒരു വഴിക്കു കൂടി പോകുന്നുണ്ടു്.

ചന്ദ്രനെ അടിസ്ഥാനമാക്കി മാസവും സൂര്യനെ അടിസ്ഥാനമാക്കി വര്‍ഷവും കണക്കാക്കുന്നതു് അല്പം വശപ്പിശകുണ്ടാക്കി. 12 ചന്ദ്രമാസങ്ങള്‍ ഏകദേശം 354 ദിവസമാണു്. സൌരവര്‍ഷം അതിലും അല്പം കൂടുതല്‍. ഏകദേശം 365.25 ദിവസം. ബാക്കി പതിനൊന്നു ദിവസം എന്തു ചെയ്യും?

അങ്ങനെയാണു് ചാന്ദ്ര-സൌര-കലണ്ടറുകള്‍ (lunisolar calendars) ഉണ്ടായതു്. ഇങ്ങനെ കൂടി വരുന്ന 11 ദിവസം രണ്ടുമൂന്നു കൊല്ലം കഴിയുമ്പോള്‍ ഒരു മാസത്തിന്റെ വലിപ്പമാവും. അപ്പോള്‍ ഒരു അധിമാസം (leap month or intercalary month) ഇടയ്ക്കു ചേര്‍ക്കും. ഹീബ്രൂ, ചൈനീസ്, പഴയ ശകവര്‍ഷം എന്നിവ ഇതാണു ചെയ്യുന്നതു്. ഇതു് ഏറ്റവും ശാസ്ത്രീയമായി ചെയ്യുന്നതു ചൈനീസ് കലണ്ടര്‍ ആണു്. കൂടുതലുള്ള ദിവസങ്ങള്‍ ഒരു മാസത്തിനു തുല്യമാകുമ്പോള്‍ അവിടെ അധിമാസം പ്രതിഷ്ഠിക്കും. മറ്റു കലണ്ടറുകളില്‍ പന്ത്രണ്ടാം മാസത്തിനു ശേഷം പതിമൂ‍ന്നാം മാസമായാണു് അധിമാസത്തെ ചേര്‍ക്കുന്നതു്.

അതുകൊണ്ടു് ചൈനീസ് കലണ്ടര്‍ കൃഷി ചെയ്യാന്‍ വളരെ യോജിച്ചതാണു്. ഇറാനിയന്‍ കലണ്ടറിന്റെ അത്രയും വരില്ല എങ്കിലും.

ഇനി, ചന്ദ്രനെ ആശ്രയിക്കാതെ സൂര്യനെ മാത്രം ആശ്രയിച്ചു് കണക്കുകൂട്ടിക്കൂടേ? വര്‍ഷത്തെ പന്ത്രണ്ടായി വിഭജിച്ചു് ഓരോന്നിനെയും ഓരോ മാസമാക്കി?

ചെയ്യാം. അതാണു് സോളാര്‍ കലണ്ടറുകള്‍ ചെയ്യുന്നതു്. ഏറ്റവും നല്ല ഉദാഹരണം നമ്മുടെ മലയാളം (കൊല്ലവര്‍ഷം) കലണ്ടര്‍ തന്നെ. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ നക്ഷത്രങ്ങളെ അപേക്ഷിച്ചു് സൂര്യന്‍ ഒരു കറക്കം കറങ്ങി വരുന്ന സമയം ഒരു വര്‍ഷം. ഇതിനെ 360 ഡിഗ്രി ആയി കണക്കാക്കി അതിനെ പന്ത്രണ്ടു കൊണ്ടു ഹരിച്ചു് ഓരോ മുപ്പതു ഡിഗ്രിയും കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയത്തെ ഓരോ മാസം എന്നു വിളിച്ചു. ഇതിന്റെ ശരാശരി ദൈര്‍ഘ്യം ഏകദേശം മുപ്പതര ദിവസമാണു്. അതിനാല്‍ മാസത്തിനു് മുപ്പതോ മുപ്പത്തൊന്നോ ദിവസം ഉണ്ടാവാം. എന്നാല്‍ സൂര്യന്റെ ചുറ്റും ഭൂമി കറങ്ങുന്നതു് ഒരു ദീര്‍ഘവൃത്തമായതുകൊണ്ടു്, സൂര്യനോടു് അടുത്തിരിക്കുമ്പോള്‍ ഭൂമി കൂടുതല്‍ വേഗത്തിലും അകന്നിരിക്കുമ്പൊള്‍ പതുക്കെയും പോകുന്നു. (ഒരേ സമയത്തു് കടക്കുന്ന ചാപത്തിന്റെ വിസ്താരം തുല്യമായിരിക്കും എന്നു കെപ്ലര്‍.) അതിനാല്‍ കൊല്ലവര്‍ഷമാസങ്ങളില്‍ 29, 32 എന്നീ ദിവസങ്ങളും ഉണ്ടാവാം.

കൊല്ലവര്‍ഷത്തിന്റെ ഒരു കുഴപ്പം അതു സൌരവര്‍ഷത്തെ(solar year)യല്ല, നക്ഷത്രവര്‍ഷത്തെ(sidereal year)യാണു് അടിസ്ഥാനമാക്കുന്നതെന്നാണു്. അതുമൂലം, ഈ കലണ്ടറും കാലം ചെല്ലുമ്പോള്‍ സീസണില്‍ നിന്നു് അകന്നു പോകുന്നു. 500 കൊല്ലം മുമ്പു കേരളത്തിലുണ്ടായിരുന്ന ചൊല്ലുപയോഗിച്ചു് ഇപ്പോള്‍ കൃഷി ചെയ്യരുതു് എന്നു് അര്‍ത്ഥം. ഉദാഹരണത്തിനു്, പകലും രാത്രിയും തുല്യമായി വരുന്ന ദിവസമാണു് വിഷു (സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ചു് വടക്കോട്ടു പ്രയാണം ആരംഭിക്കുന്ന ദിവസം) എന്നാണു സങ്കല്പം. പണ്ടു് ആയിരുന്നു. ഇപ്പോള്‍ അല്ല. ഇപ്പോള്‍ ഏകദേശം മാര്‍ച്ച് 21-നാണു രാത്രിയും പകലും തുല്യമായി വരുന്നതു്. വിഷു വരുന്നതു് ഏപ്രില്‍ 14-നും. ഇതു് നൂറ്റാണ്ടുകള്‍ കൊണ്ടു വന്ന വ്യത്യാസമാണു്.

അതായതു്, ജ്യോതിശ്ശാസ്ത്രപരമായി വളരെ ശാസ്ത്രീയമാണെങ്കിലും ഒരു സോളാര്‍ കലണ്ടര്‍ എന്ന രീതിയില്‍ കൊല്ലവര്‍ഷം ശാസ്ത്രീയമല്ല എന്നര്‍ത്ഥം.

എന്നാല്‍ സൌരവര്‍ഷത്തെ അടിസ്ഥാനമാക്കി ഒരു സോളാര്‍ കലണ്ടര്‍ ഉണ്ടാക്കിക്കൂടേ? ഉണ്ടാക്കാം. അതാണു് ഇറാനിലെ പേര്‍ഷ്യന്‍ കലണ്ടര്‍. വസന്തവിഷുവത്തിനു് (രാത്രിയും പകലും തുല്യമായി വരുന്ന ദിവസം) ആണു് അവരുടെ വര്‍ഷം തുടങ്ങുന്നതു്. മാസങ്ങളും സോളാര്‍ തന്നെ. ലോകത്തിലെ ഏറ്റവും കൃത്യമായ സോളാര്‍ കലണ്ടറാണു് അതു്. കണക്കുകൂട്ടാന്‍ നന്നേ ബുദ്ധിമുട്ടാണെന്നു മാത്രം.


കണക്കുകൂട്ടാനുള്ള ഈ ബുദ്ധിമുട്ടു കുറയ്ക്കാനാണു് ഇങ്ങനെ കൃത്യമായ ജ്യോതിശ്ശാസ്ത്ര-കലണ്ടറുകള്‍ക്കു (astronomical calendars) പകരം അങ്കഗണിത-കലണ്ടറുകള്‍ (arithmetic calendars) കൂടുതല്‍ പ്രചാരത്തില്‍ വന്നതു്. അവ ഏതെങ്കിലും ജ്യോതിശ്ശാസ്ത്രകലണ്ടറിനെ ഒരു ലളിതമായ രീതിയില്‍ അനുകരിക്കുന്നു. അത്തരം ഒരു കലണ്ടറാണു് ഗ്രിഗോറിയന്‍ കലണ്ടര്‍.

സത്യം പറഞ്ഞാല്‍ ഇതുപോലെ അശാസ്ത്രീയമായ ഒരു കലണ്ടര്‍ വേറേ അധികമില്ല. 28 മുതല്‍ 31 വരെ ദിവസങ്ങളുള്ള മാസങ്ങള്‍. ആ മാസങ്ങള്‍ക്കു് ജ്യോതിശ്ശാസ്ത്രപരമായി യാതൊരു പ്രത്യേകതയുമില്ല. മാസങ്ങളുടെ പേരാകട്ടേ, അതിലും അബദ്ധവും.

പഴയ കലണ്ടറില്‍ പത്തു മാസമായിരുന്നു. ജനുവരിയും ഫെബ്രുവരിയും പിന്നീടു കൂട്ടിച്ചേര്‍ത്തതാണു്. എങ്കിലും പഴയ പേരു കളഞ്ഞില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നിവയുടെ അര്‍ത്ഥം ഏഴാമത്തെ, എട്ടാമത്തെ, ഒമ്പതാമത്തെ, പത്താമത്തെ എന്നാണു്. (സപ്തം, അഷ്ടം, നവം, ദശം എന്നീ സംസ്കൃതപദങ്ങളുമായുള്ള സാമ്യം ശ്രദ്ധിച്ചോ?) ബാക്കിയുള്ളവയ്ക്കു് ചില രാജാക്കന്മാരുടെയും ദേവന്മാരുടെയും പേരുകളും.

അധിവര്‍ഷം കണ്ടുപിടിക്കുന്ന രീതിയാണു് അതിലും അശാസ്ത്രീയം.

365.25 ദിവസമാണു് ഒരു വര്‍ഷം എന്നായിരുന്നു പണ്ടു കരുതിയിരുന്നതു്. (ഇന്നും പല കലണ്ടറുകളും അങ്ങനെയാണു കണക്കുകൂട്ടുന്നതു്.) ആ കലണ്ടറിനെ “ജൂലിയന്‍ കലണ്ടര്‍” എന്നാണു വിളിക്കുന്നതു്. സാധാരണ വര്‍ഷങ്ങള്‍ക്കു 365 ദിവസം. കൂടുതലുള്ള കാല്‍ വര്‍ഷം നാലു കൊല്ലം കൂടുമ്പോള്‍ ഒരു ദിവസമാകും. അപ്പോള്‍ ഒരു ദിവസം ഫെബ്രുവരിയോടു ചേര്‍ത്തു് അധിവര്‍ഷമാക്കും. അങ്ങനെ തന്നെയാണു ചെയ്യേണ്ടതു്. അങ്ങനെ ചെയ്യുന്ന കലണ്ടറുകളെ പൊതുവേ ചാക്രിക-കലണ്ടറുകള്‍ (cyclic calendars) എന്നാണു പറയുന്നതു്.

പിന്നീടാണു് അതല്പം കൂടുതലാണെന്നു കണ്ടെത്തിയതു്. പിന്നീടു് വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.2425 എന്നാക്കി (ഇതും ശരിയല്ല. എങ്കിലും ആ വ്യത്യാസം വളരെ നൂറ്റാണ്ടുകള്‍ കൊണ്ടേ പ്രകടമാവുകയുള്ളൂ.) അതനുസരിച്ചു് 400 വര്‍ഷത്തില്‍ 97 അധിവര്‍ഷങ്ങളേ പാടുള്ളൂ. (ജൂലിയന്‍ കലണ്ടറില്‍ 100 എണ്ണമുണ്ടായിരുന്നു.) ഈ മൂന്നു ദിവസം കുറച്ചതു് നൂറാമത്തെയും ഇരുനൂറാമത്തെയും മുന്നൂറാമത്തെയും വര്‍ഷങ്ങളിലാണു്. അതായതു്, 1600 അധിവര്‍ഷമാണു്. 1700, 1800, 1900 എന്നിവ അല്ല. 2000 ആണു്. 2100, 2200, 2300 എന്നിവ അല്ല. 2400 ആണു് എന്നിങ്ങനെ. ബാക്കിയെല്ലാം ജൂലിയന്‍ കലണ്ടര്‍ പോലെ.

400 വര്‍ഷങ്ങളില്‍ 97 അധിവര്‍ഷങ്ങളെ വിന്യസിക്കാന്‍ അതൊരു ചാക്രിക-കലണ്ടറാണെങ്കില്‍ 5 9 13 17 21 25 29 33 38 42 46 50 54 58 62 66 71 75 79 83 87 91 95 99 104 108 112 116 120 124 128 132 137 141 145 149 153 157 161 165 170 174 178 182 186 190 194 198 203 207 211 215 219 223 227 231 236 240 244 248 252 256 260 264 269 273 277 281 285 289 293 297 302 306 310 314 318 322 326 330 335 339 343 347 351 355 359 363 368 372 376 380 384 388 392 396 എന്നീ വര്‍ഷങ്ങളാണു് അധിവര്‍ഷമാകേണ്ടതു്. അങ്ങനെയാണെങ്കില്‍ എല്ലാക്കൊല്ലവും മാര്‍ച്ച് 21-നു തന്നെ വസന്തവിഷുവം വന്നേനേ. ഗ്രിഗോറിയന്‍ കലണ്ടറില്‍ അതല്ല സ്ഥിതി.

അധിവര്‍ഷത്തില്‍ അവസാനത്തില്‍ ഒരു ദിവസം ചേര്‍ക്കുന്നതിനു പകരം ഇടയ്ക്കു് ഫെബ്രുവരിയുടെ അവസാനം ചേര്‍ത്തതു മറ്റൊരു പ്രശ്നം. ക്രിസ്തുവിന്റെ ജനനത്തിനു ശേഷം ഉടന്‍ തന്നെ വര്‍ഷം തുടങ്ങാന്‍ വേണ്ടിയാണു് ഈ അഭ്യാസം ചെയ്തതു്. പിന്നീടാണു്, ഈ കണക്കനുസരിച്ചു് ക്രിസ്തുവിനു നാലു വര്‍ഷങ്ങള്‍ക്കെങ്കിലും മുമ്പാണു് ക്രിസ്തുവിന്റെ ജനനം എന്നു സ്ഥിരീകരിച്ചതു്. അപ്പോഴേയ്ക്കും കലണ്ടര്‍ ഒരു പരുവത്തില്‍ എത്തിയിരുന്നു.

ഇങ്ങനെ എല്ലാം കൊണ്ടും അശാസ്ത്രീയമായ ഒരു കലണ്ടറാണു് നാമെല്ലാം പിന്തുടരുന്ന ഗ്രിഗോറിയന്‍. ശാസ്ത്രീയതയ്ക്കും പോപ്പുലാരിറ്റിയ്ക്കും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. കീഴടക്കുന്ന സാമ്രാജ്യങ്ങള്‍ പിന്തുടര്‍ന്നു പോരുന്നതു് അടിമകളും പിന്തുടരുന്നു, അത്ര മാത്രം.


അത്ര ശാസ്ത്രീയമല്ലെങ്കിലും ഗ്രിഗോറിയന്‍ കലണ്ടര്‍ ലോകം മുഴുവന്‍ പ്രചാരത്തിലായതോടെ ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ പരമ്പരാഗതകലണ്ടറുകളെ ഗ്രിഗോറിയന്‍ രീതിയില്‍ നവീകരിക്കാന്‍ തുടങ്ങി.

  • ജപ്പാന്‍കാര്‍ തങ്ങളുടെ ലൂണിസോളാര്‍ കലണ്ടര്‍ കളഞ്ഞിട്ടു് ഗ്രിഗോറിയന്‍ കലണ്ടറിന്റെ വര്‍ഷം മാത്രം മാറ്റി (ഇപ്പോഴത്തെ ചക്രവര്‍ത്തിയുടെ ഭരണം തുടങ്ങിയതു മുതല്‍ എണ്ണി. ഇപ്പോള്‍ അതൊരു കലണ്ടറേ അല്ലാതായി. രണ്ടു ചക്രവര്‍ത്തികളുടെ കാലത്തുള്ള രണ്ടു തീയതികളുടെ വ്യത്യാസം കണ്ടുപിടിക്കണമെങ്കില്‍ ഇപ്പോള്‍ ചില്ലറപ്പണിയല്ല.) കിട്ടുന്ന ഒരു സാധനം ഉപയോഗിക്കാന്‍ തുടങ്ങി.
  • തായ്‌വാനും അതു തന്നെ. അവര്‍ക്കു സ്വാതന്ത്ര്യം കിട്ടിയെന്നു് അവര്‍ കരുതുന്ന (ചൈന ഇപ്പോഴും സമ്മതിക്കുന്നില്ല) 1941 മുതലാണു് എണ്ണല്‍. അതിനു മുമ്പു പ്രളയം. ചരിത്രം വഴിമുട്ടി നില്‍ക്കുന്നു.
  • ഇന്ത്യന്‍ ശകവര്‍ഷത്തിനു് 1950-കളില്‍ ഒരു നവീകരണം നടന്നു. പഴയ ലൂണിസോളാര്‍ രീതി മാറ്റി ഗ്രിഗോറിയനെ പിന്‍‌തുടര്‍ന്നു കൊണ്ടുള്ള ഒരു കലണ്ടര്‍. വിശദവിവരങ്ങള്‍ താഴെ.
    1. ഗ്രിഗോറിയനില്‍ അധിവര്‍ഷമായ വര്‍ഷങ്ങളില്‍ (അതു് ഏറ്റവും അശാസ്ത്രീയമാണെന്നു നാം മുകളില്‍ കണ്ടു) ഇന്ത്യന്‍ കലണ്ടറിലും അധിവര്‍ഷമാണു്. ആ വര്‍ഷത്തില്‍ ചൈത്രത്തിനു 31 ദിവസം ഉണ്ടാവും. അധിവര്‍ഷമല്ലാത്തവയില്‍ 30 ദിവസവും.
    2. ഇതു് ആദ്യത്തെ മാസത്തിന്റെ കാര്യം. രണ്ടു മുതല്‍ ആറു വരെയുള്ള മാസങ്ങള്‍ക്കു് 31 ദിവസം വീതം. ഏഴു മുതല്‍ 12 വരെയുള്ളവയ്ക്കു 30 ദിവസം വീതം. മൊത്തം സാധാരണവര്‍ഷത്തില്‍ 365 ദിവസം, അധിവര്‍ഷത്തില്‍ 366 ദിവസം.
    3. ജനുവരി 1 (പൌഷം 11) മുതല്‍ ഫെബ്രുവരി 28 (ഫാല്‍ഗുനം 9) വരെയും, ഏപ്രില്‍ 21 (വൈശാഖം 1) മുതല്‍ ഡിസംബര്‍ 31 (പൌഷം 10) വരെയും ഓരോ ഗ്രിഗോറിയന്‍ തീയതിക്കും തത്തുല്യമായ ഒരു ശകവര്‍ഷത്തീയതി ഉണ്ടു് എല്ലാ വര്‍ഷത്തിലും.
    4. ഫെബ്രുവരി 28-ന്റെ പിറ്റേ ദിവസം (മാര്‍ച്ച് 1/ഫെബ്രുവരി 29: ഫാല്‍ഗുനം 10) മുതല്‍ ഏപ്രില്‍ 20 (ചൈത്രം 30/31) വരെ സാധാരണ വര്‍ഷത്തിലും അധിവര്‍ഷത്തിലും തത്തുല്യമായ ശകവര്‍ഷത്തീയതിക്കു് ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടു്.
    5. ഫെബ്രുവരി 20-നു തുടങ്ങി സാധാരണ വര്‍ഷത്തില്‍ മാര്‍ച്ച് 21 വരെയും അധിവര്‍ഷത്തില്‍ മാര്‍ച്ച് 20 വരെയുമാണു് പന്ത്രണ്ടാം മാസമായ ഫാല്‍ഗുനം. ഇതിനു് എപ്പോഴും 30 ദിവസം. സാധാരണ വര്‍ഷത്തില്‍ മാര്‍ച്ച് 22-നും അധിവര്‍ഷത്തില്‍ മാര്‍ച്ച് 21-നും തുടങ്ങി ഏപ്രില്‍ 20-നു തീരുന്നതാണു് ആദ്യമാസമായ ചൈത്രം. ഇതിനു സാധാരണ വര്‍ഷങ്ങളില്‍ 30 ദിവസവും അധിവര്‍ഷങ്ങളില്‍ 31 ദിവസവും ഉണ്ടു്.

    ആദ്യത്തെ ആറു മാസത്തിന്റെ ദൈര്‍ഘ്യം പിന്നത്തെ ആറുമാസത്തിന്റെ ദൈര്‍ഘ്യത്തെക്കാള്‍ അഞ്ചോ ആറോ ദിവസം കൂടുതലാണെന്നു ശ്രദ്ധിക്കുക. എന്തു ലോജിക്കാണോ ഇതിന്റെ പിന്നില്‍. ആര്‍ക്കറിയാം!

    ഈ കലണ്ടറില്‍ എന്തു ചെയ്യണമെങ്കിലും ഗ്രിഗോറിയനിലേയ്ക്കു മാറ്റേണ്ട ഗതികേടാണു്. ഉദാഹരണത്തിനു്, ഒരു വര്‍ഷം അധിവര്‍ഷമാണോ എന്നറിയണമെങ്കില്‍ 78 കൂട്ടി അതിനെ ഗ്രിഗോറിയന്‍ വര്‍ഷമാക്കി അതു് അധിവര്‍ഷമാണോ എന്നു നോക്കണം. അതാകട്ടേ, നേരേ ചൊവ്വേ ഒന്നുമല്ല അധിവര്‍ഷം കണ്ടുപിടിക്കുന്നതു്!

    ഈ നവീകരണം കൊണ്ടു് എന്തു ഗുണമുണ്ടായി? ഒന്നുമുണ്ടായില്ല. ഗ്രിഗോറിയനു പകരം ഇതുപയോഗിക്കാമെന്നായിരുന്നു പ്ലാന്‍. ആരും ഉപയോഗിച്ചില്ല. അതു സര്‍ക്കാര്‍ കലണ്ടറില്‍ മാത്രം ഒതുങ്ങി നിന്നു. എന്നാല്‍ ഇതു് ദീപാവലി മുതലായ വിശേഷദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കാമോ? അതുമില്ല. കാരണം അവയൊക്കെ വെളുത്ത വാവിനും അഷ്ടമിയ്ക്കും ഒക്കെ ആവണമെന്നു നിര്‍ബന്ധമുണ്ടു്. ഇപ്പോള്‍ ഇരട്ടിപ്പണിയാണു്. പുതിയ കലണ്ടര്‍ ഉപയോഗിച്ചു മാസം കണ്ടുപിടിക്കണം. എന്നിട്ടു വേറേ ഏതെങ്കിലും രീതിയില്‍ തിഥി കണ്ടുപിടിക്കണം. പണ്ടു് ഒരേ മാസത്തിലെ 8, 9, 10 തീയതികളില്‍ നടന്നിരുന്ന ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും ഇപ്പോള്‍ രണ്ടു മാസത്തിലാവാന്‍ സാദ്ധ്യതയുണ്ടു്. അതുകൊണ്ടു്, വിശേഷദിവസങ്ങള്‍ കണ്ടുപിടിക്കുന്നവരും ജ്യോത്സ്യന്മാരും മറ്റും പഴയ കലണ്ടറും തോന്നിയ കണക്കുകൂട്ടലും ഒക്കെ ഉപയോഗിച്ചു് പഞ്ചാംഗം ഉണ്ടാക്കാന്‍ തുടങ്ങി. (ചുമ്മാതാണോ കലണ്ടറിനും പഞ്ചാംഗത്തിനും ഇത്ര വില!)

    ഈയിടെ മറ്റൊരു നവീകരണത്തെപ്പറ്റി കേട്ടു. ചൈത്രമാസത്തിലാണല്ലോ വര്‍ഷം തുടങ്ങുന്നതു്. അതായതു് മാര്‍ച്ച് 20-നോ 21-നോ. പക്ഷേ ഭാരതീയരുടെ പരമ്പരാഗതപുതുവര്‍ഷം മേഷസംക്രാന്തിയാണു് (നമ്മുടെ വിഷു). അതു് ഏപ്രില്‍ 14/15 ആകും. അതൊരു പ്രശ്നമാണല്ലോ! അതിനുള്ള വഴി ചൈത്രത്തില്‍ തുടങ്ങാതെ രണ്ടാം മാസമായ വൈശാഖത്തില്‍ തുടങ്ങുക. എങ്ങനെയുണ്ടു്? ഇനി കുറേ നൂറ്റാണ്ടു കഴിഞ്ഞാല്‍ ജ്യേഷ്ഠത്തിലും ആഷാഢത്തിലും തുടങ്ങാം. ഇതുവരെ എങ്ങുമില്ലാത്ത പുതിയ സിസ്റ്റം!

    വളരെ കൃത്യമായി ഒരു ലൂണിസോളാര്‍ കലണ്ടര്‍ ഉണ്ടാക്കിയ (അതു സൈഡീരിയല്‍ വര്‍ഷമാണെന്നേ പ്രശ്നമുണ്ടായിരുന്നുള്ളൂ) നമ്മുടെ പൂര്‍വ്വികരുടെ ഗണിതപാടവത്തിനു നേരേ കൊഞ്ഞനം കുത്തിക്കൊണ്ടു് ഒരു ട്രോപ്പിക്കല്‍ വര്‍ഷത്തില്‍ ഒരു സൈഡീരിയല്‍ കലണ്ടര്‍ ഏച്ചുകെട്ടി ഇങ്ങനെയൊരു കലണ്ടര്‍ ഉണ്ടാക്കേണ്ട ആവശ്യമെന്തായിരുന്നു? ആര്‍ക്കറിയാം!


ഇനി നമുക്കു ഇസ്ലാമിക് കലണ്ടറിലേയ്ക്കു മടങ്ങിവരാം.

ഇസ്ലാമിക് അഥവാ ഹിജ്ര അഥവാ ഹിജ്രി ഒരു ലൂനാര്‍ കലണ്ടറാണു്. ചാന്ദ്രമാസങ്ങളും പന്ത്രണ്ടു ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന വര്‍ഷവുമാണു് അതിനുള്ളതു്. അതുകൊണ്ടു് അതിന്റെ ഒരു വര്‍ഷത്തിനു് ഏകദേശം 354 ദിവസമേ ഉള്ളൂ. അതു് സൌരവര്‍ഷത്തേക്കാള്‍ ചെറുതാണു്. അതു് സീസണുകള്‍ക്കു് അനുസൃതമല്ല. (ഉദാഹരണമായി, റംസാന്‍ മാസം വേനല്‍ക്കാലത്തോ വര്‍ഷകാലത്തോ വരാം.)

പക്ഷേ, അതുകൊണ്ടു് അതു ശാസ്ത്രീയമല്ല എന്നു പറയാമോ? കൊല്ലവര്‍ഷവും ഇറാനിയന്‍ കലണ്ടറും സൂര്യനെ അടിസ്ഥാനമാക്കി മാസവും വര്‍ഷവും നിര്‍ണ്ണയിക്കുന്നതു പോലെ, ഹിജ്രി കലണ്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കുന്നു, അത്ര മാത്രം. കൃഷി ചെയ്യാന്‍ ഈ കലണ്ടര്‍ ഉപയോഗിക്കാന്‍ പറ്റില്ല. വെളുത്ത വാവു് എന്നാണെന്നു കണ്ടുപിടിക്കാന്‍ ഗ്രിഗോറിയന്‍ കലണ്ടറും ഫലപ്രദമല്ല. എന്താ, വെളുത്ത വാവു് പ്രധാനമല്ല എന്നുണ്ടോ?

വളരെ ലളിതമാണു് ഹിജ്രി കലണ്ടറിന്റെ ഘടന. കറുത്ത വാവിനു ശേഷം ചന്ദ്രന്‍ സൂര്യാസ്തമയത്തിനു ശേഷം ഉദിക്കുമ്പോള്‍ ഒരു പുതിയ മാസം തുടങ്ങുന്നു. അടുത്ത കറുത്ത വാവിനു് അടുത്ത മാസവും. ഇങ്ങനെ പന്ത്രണ്ടു മാസം കൂടുമ്പോള്‍ ഒരു വര്‍ഷമാവും.

പക്ഷേ, ഇതിനു രണ്ടു കുഴപ്പങ്ങളുണ്ടു്. ഒന്നു്, ലോകത്തിന്റെ പല ഭാഗത്തും സൂര്യന്റെയും ചന്ദ്രന്റെയും അസ്തമയങ്ങള്‍ പല സമയത്തായതുകൊണ്ടു്, തീയതിയില്‍ വ്യത്യാസം വരാന്‍ സാദ്ധ്യതയുണ്ടു്. (ചന്ദ്രനെ കാണാതായാല്‍ കാണുന്നതു വരെ അടുത്ത മാസം തുടങ്ങാത്ത പ്രശ്നം വേറെയും.) രണ്ടു്, സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം കണ്ടുപിടിക്കുന്നതു് വളരെ ബുദ്ധിമുട്ടുള്ള പണിയാണു്.

മാസം തുടങ്ങുന്നതു് എന്നു് എന്നറിയാന്‍ മാസം തുടങ്ങുന്നതു വരെ കാത്തിരിക്കാന്‍ ബുദ്ധിമുട്ടാണു് എന്നു പണ്ടു തൊട്ടേ ആളുകള്‍ മനസ്സിലാക്കിയിരുന്നു. നേരത്തേ അതു കണ്ടുപിടിക്കാന്‍ പല വഴികളും ആളുകള്‍ ഉണ്ടാക്കി.

കൃത്യമായ ജ്യോതിശ്ശാസ്ത്രരീതികള്‍ ഉപയോഗിച്ചു് സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം കണക്കുകൂട്ടി തീയതി നിശ്ചയിക്കുന്ന രീതിയാണു് ഒന്നു്. സൌദി അറേബ്യയിലും മറ്റു ചില രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഉം അല്‍-ക്വിറാ കലണ്ടറില്‍ അതാണു ചെയ്യുന്നതു്. ജ്യോതിശ്ശാസ്ത്രരീതി അവലംബിക്കുന്ന മറ്റു രാജ്യങ്ങളുമുണ്ടു്. പല നാടുകളില്‍ പല തീയതികളാവും എന്ന ഒരു പ്രത്യേകത ഇതിനുണ്ടു്.

കുറച്ചുകൂടി സരളമായ രീതികളുപയോഗിച്ചു് മാസാദ്യം വലിയ തെറ്റില്ലാതെ കണക്കുകൂട്ടുന്നതാണു് മറ്റൊരു രീതി. ഒരു ചന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം 29.53 ദിവസമാണു്. അതിനെ 29.5 എന്നു കരുതി ഒന്നിടവിട്ടു് 30, 29 എന്നിങ്ങനെ ദിവസങ്ങളുള്ള പന്ത്രണ്ടു മാസങ്ങള്‍ നിരത്തുന്നതാണു് ഈ രീതി.

ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ ഒരു വര്‍ഷത്തില്‍ 0.03 x 12 = 0.36 ദിവസത്തിന്റെ വ്യത്യാസം വരും. 30 വര്‍ഷത്തില്‍ ഇതു് ഏകദേശം 11 ദിവസമാകും. 11 അധിവര്‍ഷമുള്ള മുപ്പതു വര്‍ഷങ്ങള്‍ അടങ്ങുന്ന ഒരു ചക്രമാണു് ഹിജ്രി കലണ്ടര്‍. അധിവര്‍ഷങ്ങളില്‍ പന്ത്രണ്ടാമത്തെ മാസത്തിനു് 29-നു പകരം 30 ദിവസങ്ങള്‍ ഉണ്ടാകും.

ഇനി ഏതൊക്കെ വര്‍ഷങ്ങളാണു് അധിവര്‍ഷങ്ങള്‍? ശരിക്കും ഒരു ചാക്രിക-കലണ്ടറായ ഹിജ്രി ബാക്കിയുള്ള സമയം ഒരു ദിവസമോ അതില്‍ കൂടുതലോ ആകുമ്പോഴാണു് ഒരു അധിവര്‍ഷം ഉണ്ടാക്കുന്നതു്. (അതുകൊണ്ടു് അതു വളരെ ശാസ്ത്രീയമാണു് എന്നു പറയേണ്ടി വരും.) പക്ഷേ അതിനു് കലണ്ടര്‍ തുടങ്ങുമ്പോള്‍ എത്ര സമയം ബാക്കിയുണ്ടായിരുന്നു എന്നും നോക്കണം.

ഇതിന്റെ അടിസ്ഥാനത്തില്‍ പല രീതികളുമുണ്ടു്. ചിലര്‍ 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങളായി കരുതുന്നു. മറ്റു ചിലര്‍ക്കു് 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നിവയാണു് അധിവര്‍ഷങ്ങള്‍. 2, 5, 8, 10, 13, 16, 19, 21, 24, 27, 29 എന്ന രീതിയും 2, 5, 8, 11, 13, 16, 19, 21, 24, 27, 30 എന്ന രീതിയും നോക്കുന്നവരും ഉണ്ടു്.

മറ്റൊരു വ്യത്യാസം ഹിജ്രി കലണ്ടര്‍ എന്നു തുടങ്ങി എന്നതാണു്. ജൂലിയന്‍ കലണ്ടറില്‍ 622 ജൂലൈ 15 വ്യാഴാഴ്ച കഴിഞ്ഞുള്ള സൂര്യാസ്തമയത്തിനാണു് അതു തുടങ്ങിയതു്. അപ്പോള്‍ ആദ്യത്തെ ദിവസമായി 15-)ം തീയതിയെ കണക്കാക്കണോ 16-)ം തീയതിയെ കണക്കാക്കണോ എന്നു രണ്ടു പക്ഷമുണ്ടു്. ഈ വ്യത്യാസം മൂലം തീയതികള്‍ക്കു് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടു്.

മൂന്നു തരത്തിലുള്ള അരിത്‌മെറ്റിക് കലണ്ടറുകളാണു് ഇതു മൂലം പ്രചാരത്തിലുള്ളതു്.

  1. ജൂലൈ 16-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ വര്‍ഷങ്ങളെ അധിവര്‍ഷങ്ങളാക്കുന്ന സമ്പ്രദായം. ഇതാണു് അരിത്ത്മെറ്റിക് കലണ്ടറുകളില്‍ ഏറ്റവും പ്രചാരത്തിലുള്ളതു്. ഹിജ്രി കലണ്ടര്‍ കണ്‍‌വേര്‍ഷന്‍ തരുന്ന പല സോഫ്റ്റ്വെയറുകളും ഓണ്‍‌ലൈന്‍ കണ്‍വെര്‍ട്ടറുകളും ഇതാണു് ഉപയോഗിക്കുന്നതു്. GNU Emacs-ലെ ഇസ്ലാമിക് കലണ്ടര്‍ ഇതാണു്.
  2. ജൂലൈ 15-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന സമ്പ്രദായം. കുവൈറ്റില്‍ ഇതാണു് ഉപയോഗിക്കുന്നതു്. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഈ സമ്പ്രദായമാണു് ഉപയോഗിച്ചിരിക്കുന്നതു്. അവര്‍ അതിനെ കുവൈറ്റി അല്‍ഗരിതം എന്നു വിളിക്കുന്നു.
  3. ജൂലൈ 15-നെ ഒന്നാം ദിവസമായി കണക്കാക്കി 2, 5, 8, 10, 13, 16, 19, 21, 24, 27, 29 എന്നീ അധിവര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു തരം കലണ്ടര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള കുറേ മുസ്ലീങ്ങള്‍ ഉപയോഗിക്കുന്നു. Fatmid എന്നാണു് ഈ കലണ്ടറിന്റെ പേരു്. (കേരളത്തിലുള്ളവര്‍ ഇതല്ല ഉപയോഗിക്കുന്നതു്.)

ഈ അങ്കഗണിത-കലണ്ടറുകളില്‍ ഒമ്പതാം നൂറ്റാണ്ടിലേ കണ്ടുപിടിച്ചവയാണു്. ചന്ദ്രന്റെ ശരിക്കുള്ള സഞ്ചാരത്തെ വളരെ കൃത്യമായി എന്നാല്‍ സരളമായി അവ കണക്കുകൂട്ടുന്നു. ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും അറബികള്‍ക്കുണ്ടായിരുന്ന വിജ്ഞാനത്തെയാണു് ഇതു കാണിക്കുന്നതു്.

ചുരുക്കം പറഞ്ഞാല്‍, നമ്മളെല്ലാം പിന്തുടരുന്ന ഗ്രിഗോറിയനെക്കാള്‍ ഒട്ടും ശാസ്ത്രീയത കുറവല്ല ഇസ്ലാമിക് കലണ്ടറിനു്. സൌരവര്‍ഷം ഉപയോഗിച്ചു ശീലിച്ച നമുക്കു് അതല്പം തലതിരിഞ്ഞതാണെന്നു തോന്നുന്നു എന്നു മാത്രം.

കാലഗണന എങ്ങനെ വേണമെങ്കിലും ആവാം. ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതു് ക്രമമായി കൂടുന്ന സംഖ്യകളായി ഓരോ ദിവസത്തെയും സൂചിപ്പിക്കുന്ന ജൂലിയന്‍ ഡേ നമ്പര്‍ ആണു്. ഈ ആശയം ഭാരതത്തില്‍ ഉണ്ടായതാണു്. ജൂലിയന്‍ ഡേ ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ മുമ്പേ ഇതേ ആവശ്യത്തിനായി നമുക്കു കലിദിനസംഖ്യ ഉണ്ടായിരുന്നു. അതില്‍ വര്‍ഷമില്ല, ആഴ്ചയില്ല, മാസമില്ല, ദിവസം മാത്രം. അതു ശാസ്ത്രീയമല്ല എന്നു് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?

ഏതെങ്കിലും മതവുമായി ബന്ധമുള്ളതു കൊണ്ടു മാത്രം ഒന്നും അശാസ്ത്രീയമാവുന്നില്ല. യാമങ്ങളും കാലങ്ങളും നക്ഷത്രവും തിഥിയുമൊക്കെ കാലനിര്‍ണ്ണയത്തിനുള്ള പല ഉപാധികളാണു്. അവ പലതും വളരെ ശാസ്ത്രീയവുമാണു്. അവയെ അടിസ്ഥാനമാക്കി ഭാവിയും ഭൂതവുമൊക്കെ പറയുന്നതാണു് അശാസ്ത്രീയം.


കാലഹരണപ്പെട്ട കാലഗണനയില്‍ ശ്രീ ജബ്ബാര്‍ ഇങ്ങനെ എഴുതുന്നു:

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

കലണ്ടറുകളിലെ തര്‍ക്കം പുത്തരിയല്ല. വിഷുവോ വേറേ ഏതെങ്കിലും വിശേഷദിവസമോ എന്നാവണമെന്നു പറഞ്ഞു് മാതൃഭൂമിയും മനോരമയും മിക്കവാറും എല്ലാ കൊല്ലവും തല്ലുകൂടാറുണ്ടു്. കലണ്ടര്‍ കൂടുതല്‍ “ശാസ്ത്രീയം” ആകും തോറും തര്‍ക്കങ്ങള്‍ കൂടും. കാരണം, കലണ്ടറിന്റെ കാര്യത്തില്‍ “ശാസ്ത്രീയം” എന്നു പറയുന്നതു് ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനു പല സ്ഥലങ്ങളിലും വ്യത്യാസമുണ്ടാവും. ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്ന മലയാളം കലണ്ടറില്‍ പല സ്ഥലങ്ങളില്‍ മലയാളം തീയതിയ്ക്കു വ്യത്യാസമുണ്ടെന്നു കാണാം.

ഗ്രിഗോറിയന്‍ കലണ്ടറില്‍ തര്‍ക്കങ്ങളില്ലാഞ്ഞല്ല. മുന്നൂറു വര്‍ഷം കൊണ്ടാണു് തര്‍ക്കമൊക്കെ തീര്‍ത്തു് ലോകരാഷ്ട്രങ്ങള്‍ അതു് അംഗീകരിച്ചതു്. അതും നിവൃത്തിയില്ലാതെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വിശേഷദിവസങ്ങള്‍ക്കു് തോന്നിയ നിയമങ്ങള്‍ വെച്ചാല്‍ പിന്തുടരാന്‍ എളുപ്പമാകും. എങ്കിലും ഈസ്റ്റര്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അടിയാണു്. കൂടുതല്‍ വിവരങ്ങള്‍ക്കു് ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍ എന്ന പോസ്റ്റു കാണുക.


ഒരു താരതമ്യത്തിനായി 1429 എന്ന ഹിജ്രി വര്‍ഷത്തിലെ (ഇതു പൂര്‍ണ്ണമായും 2008-ല്‍ ഉള്‍ക്കൊണ്ടിരിക്കുന്നു) മാസങ്ങള്‍ തുടങ്ങുന്ന ദിവസം പല സിസ്റ്റങ്ങളില്‍ താഴെക്കൊടുക്കുന്നു.

ഹിജ്രി ഗ്രിഗോറിയന്‍
ഇമാക്സ് ഔട്ട്‌ലുക്ക് സൌദി ഫാറ്റ്മിദ്
1429/1/1 2008/1/10 2008/1/9 2008/1/10 2008/1/8
1429/2/1 2008/2/9 2008/2/8 2008/2/8 2008/2/7
1429/3/1 2008/3/9 2008/3/8 2008/3/9 2008/3/7
1429/4/1 2008/4/8 2008/4/7 2008/4/7 2008/4/6
1429/5/1 2008/5/7 2008/5/6 2008/5/6 2008/5/5
1429/6/1 2008/6/6 2008/6/5 2008/6/5 2008/6/4
1429/7/1 2008/7/5 2008/7/4 2008/7/4 2008/7/3
1429/8/1 2008/8/4 2008/8/3 2008/8/2 2008/8/2
1429/9/1 2008/9/2 2008/9/1 2008/9/1 2008/8/31
1429/10/1 2008/10/2 2008/10/1 2008/10/1 2008/9/30
1429/11/1 2008/10/31 2008/10/30 2008/10/30 2008/10/29
1429/12/1 2008/11/30 2008/11/29 2008/11/29 2008/11/28

സൌദിയിലെ ഉം അല്‍-ക്വറാ കലണ്ടറാണു് യു. എ. ഇ. ഉള്‍പ്പെടെ മിക്ക അറബിരാജ്യങ്ങളിലും ഉപയോഗിക്കുന്നതു്. ഔട്ട്‌ലുക്കിലെ തീയതി കുവൈറ്റില്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ ഉപയോഗിക്കുന്നതു് ഇമാക്സിലെ തീയതികളുമായി ഏറെക്കുറെ ഒത്തുപോകുന്നുണ്ടെങ്കിലും അതല്ല. ഇക്കൊല്ലം ജൂലൈ 5-നു പകരം ജൂലൈ 4-നാണു കേരളത്തില്‍ റജബ് മാസം തുടങ്ങിയതു്. കേരളത്തില്‍ (മാതൃഭൂമി കലണ്ടറാണു ഞാന്‍ നോക്കിയതു്) ഒരു ജ്യോതിശ്ശാസ്ത്രഗണനമാണു നടത്തുന്നതെന്നു തോന്നുന്നു.

ഒമാനിലൊഴികെ എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും സൌദി കലണ്ടര്‍ തന്നെയാണെന്നാണു് എന്റെ അറിവു്. ഒമാനില്‍ ഇമാക്സ് കലണ്ടര്‍ ആണെന്നു തോന്നുന്നു. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാണെന്നു് അറിയില്ല.

നിങ്ങളുടെ നാട്ടില്‍ ഇസ്ലാമിക് കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു നോക്കി ഇതില്‍ ഏതു കലണ്ടറാണെന്നു പറയാമോ? മുകളില്‍ കൊടുത്ത പന്ത്രണ്ടു തീയതികള്‍ ശ്രദ്ധിച്ചാല്‍ മതി. ഏതെങ്കിലും ഒരു തീയതി വ്യത്യാസമുണ്ടെങ്കില്‍ അതു് ആ കലണ്ടറല്ല. അങ്ങനെ വന്നാല്‍ നിങ്ങളുടെ കലണ്ടറിലെ തീയതികളും കമന്റില്‍ ചേര്‍ക്കുക.

കലണ്ടര്‍ (Calendar)
പ്രതികരണം

Comments (23)

Permalink