ശത്രുതയിലെത്തുന്ന സൌഹൃദം

കാളിദാസന്റെ ശാകുന്തളത്തില്‍ ദുഷ്യന്തന്‍ ഓര്‍ക്കുന്നില്ലെന്നു പറഞ്ഞതു കേട്ടു ദുഃഖിതയായി നില്‍ക്കുന്ന ശകുന്തളയോടു് ശാര്‍ങ്ഗരവന്‍ കൊടുത്ത ഉപദേശം:

അതഃ പരീക്ഷ്യ കര്‍ത്തവ്യം
വിശേഷാത് സംഗതം രഹഃ
അജ്ഞാതഹൃദയേഷ്വേവം
വൈരീഭവതി സൌഹൃദം

അര്‍ത്ഥം:

അതഃ : അതിനാല്‍
പരീക്ഷ്യ കര്‍ത്തവ്യം : പരീക്ഷിച്ചേ (എന്തും) ചെയ്യാവൂ
വിശേഷാത് : പ്രത്യേകിച്ചു്
രഹഃ സംഗതം : രഹസ്യമായി ചെയ്യുന്ന കൂട്ടുകെട്ടുകള്‍‌
അജ്ഞാത-ഹൃദയേഷു സൌഹൃദം : ഉള്ളിലിരിപ്പു് അറിയാത്ത ആളുകളോടുള്ള സൌഹൃദം
ഏവം വൈരീ-ഭവതി : ഇങ്ങനെ ശത്രുതയാകും.

വ്യക്തിബന്ധങ്ങളെപ്പറ്റിയുള്ള ഈ ഉപദേശം ഇന്നും പ്രസക്തമാണു്. വനത്തിനു നടുവിലുള്ള ഒരു ആശ്രമത്തില്‍ മുല്ലയ്ക്കു വെള്ളമൊഴിച്ചും മാനിനെ താലോലിച്ചും കഴിഞ്ഞ ഒരു പാവം പെണ്‍‌കുട്ടി വസ്ത്രം മാറുന്നതു് ഒളിഞ്ഞുനോക്കുകയും പിന്നീടു് അവള്‍ തന്റെ ജാതിയ്ക്കു പറ്റിയവളാണോ എന്നു് ആശങ്കപ്പെടുകയും അവളുടെ പ്രീതി എങ്ങനെയെങ്കിലും പിടിച്ചുപറ്റാന്‍ ശല്യപ്പെടുത്തിയ ഒരു വണ്ടിനെ ഓടിച്ചുവിട്ടു് വീരനാകുകയും ആദ്യം രാജാവിന്റെ ജോലിക്കാരനാണെന്നു കള്ളം പറയുകയും പിന്നീടു രാജാവു തന്നെയാണെന്നു പറയുകയും ചെയ്ത ഒരു അപരിചിതനെ വേണ്ടപ്പെട്ടവരെയൊന്നും അറിയിക്കാതെ വിശ്വസിച്ചതിനുള്ള മറുപടി.

ആലോചിക്കാതെ വ്യക്തിബന്ധങ്ങളില്‍ എടുത്തുചാടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണിതു്. കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം. നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരാകാം. സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പറഞ്ഞതൊക്കെ പൊതുസ്ഥലത്തു വിഴുപ്പലക്കുന്നവരാവാം. നമ്മളെപ്പറ്റി അപവാദം പറഞ്ഞുപരത്തുന്നവരാവാം. അസൂയക്കാരുടെ കൂടെ കൂടി കുത്തിത്തിരിപ്പുണ്ടാക്കി നമ്മളെ കരി തേച്ചു കാണിക്കുന്നവരുമാവാം.

ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.


നല്ല പരിഭാഷകളൊന്നും ഓര്‍മ്മയില്ല. പത്താം ക്ലാസ്സില്‍ പഠിച്ച “ശകുന്തളാപരിത്യാഗം” എന്ന പാഠത്തിലെ “രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചു ചെയ്യണം…” എന്ന ഭാഗം ഓര്‍മ്മയുണ്ടു്. ബാക്കി മറന്നുപോയി. അതിനാല്‍ ഒരു പരിഭാഷ ഞാന്‍ തന്നെ തട്ടിക്കൂട്ടുന്നു. വൃത്തം ഭുജംഗപ്രയാതം.

പരീക്ഷിച്ചു ചെയ്തീടണം കാര്യമെല്ലാം
വിശേഷിച്ചൊളിച്ചിട്ടു ചെയ്യുന്ന നേരം.
ശരിക്കാളറിഞ്ഞില്ലയെങ്കില്‍ സുഹൃത്തി-
ന്നരിത്വം ഭവിച്ചിട്ടനര്‍ത്ഥം ഭവിക്കും.

സുഭാഷിതം

Comments (23)

Permalink

ഏകാദശവര്‍ഷാണി ദാസവത്

2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.

ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.

മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.

പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!

ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?

അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാ‍ം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.

എന്നിട്ടെന്തുണ്ടായി?

ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!

വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?

പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.

എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാ‍ം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന്‍ സമയം കിട്ടണ്ടേ?

ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.

എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?

അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.

മഹാഭാരതത്തില്‍ കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:

ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃ

നമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.

അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന്‍ കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)

അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്‍ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.


ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:

  1. ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
  2. ഒരു ടൈറ്റിലിന്റെ കഥ
  3. ദീര്‍ഘസൂത്രം (procrastination എന്നും നെടും‌മംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)

ചിത്രങ്ങള്‍ (Photos)
വൈയക്തികം (Personal)

Comments (32)

Permalink

അദ്ധ്യാപകലക്ഷണം

വിദ്യാര്‍ത്ഥിലക്ഷണത്തിലാണു് സുഭാഷിതം തുടങ്ങിയതു്. വിദ്യാര്‍ത്ഥിയുടെ ലക്ഷണം അടങ്ങുന്ന ആ ശ്ലോകം വളരെ പ്രസിദ്ധമാണെങ്കിലും അദ്ധ്യാപകലക്ഷണങ്ങള്‍ അത്ര പ്രസിദ്ധമല്ല. അദ്ധ്യാപകന്‍, ആചാര്യന്‍, ഗുരു തുടങ്ങിയ പദങ്ങള്‍ക്കു പല വിധത്തിലുള്ള അര്‍ത്ഥവ്യാപ്തി ഉള്ളതുകൊണ്ടു് ഒരു നിര്‍വ്വചനത്തില്‍ അവയെ ഒതുക്കുക ബുദ്ധിമുട്ടാണു്.

അദ്ധ്യാപകന്റെ ലക്ഷണങ്ങളില്‍ എനിക്കു്‌ ഏറ്റവും ഇഷ്ടപ്പെട്ടതു് കാളിദാസന്‍ മാളവികാഗ്നിമിത്രത്തില്‍ നല്‍കുന്ന ഈ നിര്‍വ്വചനമാണു്.

ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ
സംക്രാന്തിരന്യസ്യ വിശേഷയുക്താ
യസ്യോഭയം സാധു, സ ശിക്ഷകാണാം
ധുരി പ്രതിഷ്ഠാപയിതവ്യ ഏവ

അര്‍ത്ഥം:

കസ്യചിത് : ഒരുത്തനു്
ആത്മ-സംസ്ഥാ ക്രിയാ ശിഷ്ടാ : തന്റെ ഉള്ളില്‍ ഉള്ള അറിവു് വിശിഷ്ടമായിരിക്കും.
അന്യസ്യ : വേറൊരുത്തനു്
സംക്രാന്തിഃ വിശേഷ-യുക്താ : പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന.
യസ്യ ഉഭയം സാധു, സ : രണ്ടും സാധിക്കുന്ന ആള്‍
ശിക്ഷകാണാം ധുരി : അദ്ധ്യാപകരുടെ ശിരസ്സില്‍
പ്രതി-സ്ഥാപയിതവ്യഃ ഏവ : വാഴ്ത്തപ്പെടേണ്ട ആളാണു്.

അദ്ധ്യാപകന്റെ ലക്ഷണം തരുന്ന മറ്റു് ഉദ്ധരണികള്‍ അറിയാവുന്നവര്‍ ദയവായി പങ്കുവെയ്ക്കുക.

ഇരുട്ടില്‍ നിന്നു രക്ഷപ്പെടുത്തുന്ന ആള്‍ എന്ന വാച്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന “ഗുരു” എന്ന വാക്കിനു് അദ്ധ്യാപകന്‍ എന്ന വാക്കിനെക്കാള്‍ വളരെ അര്‍ത്ഥവ്യാപ്തിയുണ്ടു്. അതിനെപ്പറ്റിയും ഭാരതീയരുടെ ഗുരുസങ്കല്പത്തെയും പറ്റി മറ്റൊരു പോസ്റ്റിലെഴുതാം.

ഇതനുസരിച്ചു് അദ്ധ്യാപകര്‍ മൂന്നു വിധം.

  1. ഉത്തമര്‍: നല്ല അറിവും നല്ലതുപോലെ പഠിപ്പിക്കാന്‍ കഴിവും ഉള്ളവര്‍.
  2. മദ്ധ്യമര്‍: ഇവര്‍ രണ്ടു തരമുണ്ടു്.
    1. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവര്‍.
    2. അറിവുണ്ടെങ്കിലും നന്നായി പഠിപ്പിക്കാന്‍ കഴിയാത്തവര്‍.
  3. അധമര്‍: അറിവും പഠിപ്പിക്കാന്‍ കഴിവും ഇല്ലാത്തവര്‍.

ഭാഗ്യവശാല്‍, എനിക്കു് (a) വിഭാഗത്തില്‍പ്പെട്ട ധാരാളം അദ്ധ്യാപകരുടെ ശിഷ്യനാകാന്‍ കഴിഞ്ഞിട്ടുണ്ടു്. (c) വിഭാഗത്തിലുള്ളവര്‍ നന്നേ കുറവായിരുന്നു താനും. ഭൂരിഭാഗം അദ്ധ്യാപകരും (b) വിഭാഗത്തിലുള്ളവരായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ (b1) വിഭാഗത്തിലുള്ള അദ്ധ്യാപകരായിരുന്നു കൂടുതല്‍. അറിയാത്ത വിഷയങ്ങളും മനോഹരമായി പഠിപ്പിക്കുന്നവര്‍. പരീക്ഷകള്‍ ജയിക്കാനും കൂടുതല്‍ മാര്‍ക്കു വാങ്ങാനും ഇത്തരം അദ്ധ്യാപകരാണു പ്രയോജനപ്പെടുക.

(b2) വിഭാഗത്തിലുള്ള അദ്ധ്യാപകരെ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു ധാരാളം കണ്ടുമുട്ടി. വളരെയധികം അറിവുണ്ടു്‌. പക്ഷേ, പറഞ്ഞുതരുന്നതില്‍ ഒരക്ഷരം പോലും മനസ്സിലാവില്ല.

ഇതില്‍ ഏതുതരം അദ്ധ്യാപകരാണു നല്ലതു് എന്ന അഭിപ്രായം കാ‍ലക്രമത്തില്‍ മാറിക്കൊണ്ടിരുന്നു. അറിവു കുറവാണെങ്കിലും നന്നായി പഠിപ്പിക്കുന്നവരാണു കൂടുതല്‍ നല്ലവര്‍ എന്നായിരുന്നു ആദ്യം കരുതിയിരുന്നതു്. താത്ക്കാലികമായ ഗുണം ഇവരെക്കൊണ്ടാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവര്‍ ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുക എന്നു പിന്നീടു മനസ്സിലായി. ചെറിയ ക്ലാസ്സുകളില്‍ തെറ്റായ വസ്തുതകള്‍ പഠിച്ചാല്‍ (കണക്കും ഭാഷകളുമാണു് ഇവയില്‍ പ്രധാനം) അവ തിരുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടിവന്നു. അതേ സമയം, പഠിപ്പിക്കാന്‍ നിപുണരല്ലെങ്കിലും അറിവുള്ളവര്‍ പഠിപ്പിച്ച ചെറിയ കാര്യങ്ങള്‍ പോലും പിന്നീടു് ആവശ്യം വന്നപ്പോള്‍ ഉപകരിക്കുന്നതായും കണ്ടു. ഒന്നും മനസ്സിലായില്ല എന്നതു തെറ്റായ ഒരു തോന്നലായിരുന്നെന്നും, ശരിയായ അറിവിന്റെ ഒരു ചെറിയ കണം പോലും എന്നും പ്രയോജനപ്രദമായിരിക്കും എന്നു് ഇപ്പോള്‍ മനസ്സിലാകുന്നു.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ വ്യക്തികള്‍ക്കു മാത്രമുള്ളതല്ല. പുസ്തകങ്ങളും ഇന്റര്‍നെറ്റിലെ വിവരങ്ങളും ബ്ലോഗുകളുമൊക്കെ അദ്ധ്യാപകരാണു്. അവയെയും ഈ മൂന്നു വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും തിരിക്കാം. ഉത്തമാദ്ധ്യാപകബ്ലോഗിനു് ഒരു നല്ല ഉദാഹരണമാണു് സീയെസ്സിന്റെ ശാസ്ത്രലോകം.


ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയിലുള്ള ഈ ശ്ലോകത്തിനു ഞാന്‍ കേട്ടിട്ടുള്ള രണ്ടു പരിഭാഷകള്‍:

  1. ഏ. ആര്‍. രാജരാജവര്‍മ്മ (വസന്തതിലകം):
    ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;
    ഓതിക്കൊടുക്കുവതിലന്യനു കെല്പു കൂടും;
    ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ
    ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍.

  2. കുണ്ടൂര്‍ നാരായണമേനോന്‍? (ഉപേന്ദ്രവജ്ര):
    പഠിപ്പു കാട്ടും ചിലര്‍ കേള്‍; ചിലര്‍ക്കു
    മിടുക്കതന്യന്നു മനസ്സിലാക്കാന്‍;
    പടുത്വമീ രണ്ടിനുമുള്ളവന്‍ താന്‍
    നടക്കണം ശിക്ഷകവര്യനായി.

സുഭാഷിതം

Comments (12)

Permalink

ഷൈനിയ്ക്കു് ഒരു ഗീതം

ഇരുപത്തൊന്നു കൊല്ലം മുമ്പെഴുതിയ ഒരു കവിത. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഈ കവിത ഓര്‍ത്തെഴുതാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മുഴുവന്‍ ഓര്‍മ്മ കിട്ടിയില്ല. ഈയിടെ വീടു മാറിയപ്പോള്‍ ഇതെഴുതിവെച്ചിരുന്ന ഒരു പഴയ നോട്ടുബുക്കു കിട്ടി. ഇത്രയും കാലത്തിനു ശേഷം വായിക്കുമ്പോള്‍ ബാലിശമായിത്തോന്നുന്നു. ഏതായാലും ഇവിടെ ഇടുന്നു. ബാലിശമായതും ഇടാനല്ലേ ബ്ലോഗ്?

സന്ദര്‍ഭം: 1986-ലെ ഏഷ്യാഡ്. അന്നു ഞാന്‍ ആര്‍. ഇ. സി. യില്‍ ഒരു പ്രധാന പരീക്ഷയുടെ സ്റ്റഡിലീവിലായിരുന്നു. അപ്പോഴാണു ട്രാക്ക് മാറി ഓടിയതുകൊണ്ടു ഷൈനി വില്‍‌സനെ (ഷൈനി ഏബ്രഹാം) അയോഗ്യയാക്കിയ വാര്‍ത്ത ആരോ പറഞ്ഞതു്‌. അതു വളരെയധികം വിഷമമുണ്ടാക്കി. ഈ എഞ്ചിനീയറിംഗു തന്നെ തനിക്കിഷ്ടമല്ലാത്ത വിഷയമാണെന്നുള്ള അറിവും അതു പഠിക്കാന്‍ വന്നപ്പോള്‍ അക്ഷരശ്ലോകം, സാഹിത്യം, ചെസ്സ് തുടങ്ങിയ കാ‍ര്യങ്ങള്‍ക്കായി പഠിത്തത്തില്‍ നിന്നു വ്യതിചലിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയും ചേര്‍ന്നപ്പോള്‍ പരീക്ഷയ്ക്കു പഠിക്കുന്നതിനു പകരം ഈ കവിത എഴുതി.

മാതൃഭൂമി ആഴ്ചപ്പതിപ്പു് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ കവിതാമത്സരത്തിനു്‌ ഇതയച്ചുകൊടുത്തു. സമ്മാനം കിട്ടിയില്ലെന്നു മാത്രമല്ല, “സമ്മാനം അര്‍ഹിക്കുന്ന കവിതകളൊന്നും ഇക്കുറി കിട്ടിയില്ല, തമ്മില്‍ ഭേദമെന്നു തോന്നുന്ന മൂന്നെണ്ണം ഇതാ” എന്നു പറഞ്ഞു മൂന്നു പരട്ടക്കവിതകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും വലിയ ഒരു അപമാനമില്ല. പത്രമാസികകള്‍ക്കു സൃഷ്ടികള്‍ അയയ്ക്കുന്ന പരിപാടി അതോടെ നിര്‍ത്തി. മലയാളികളുടെ ഭാഗ്യം!

അതിലും വലിയ പ്രശ്നമുണ്ടായതു്‌ വീട്ടില്‍ ഈ കവിത കാണിച്ചപ്പോഴാണു്. മലയാളാദ്ധ്യാപികയായ അമ്മയ്ക്കു് ഇതിഷ്ടപ്പെടുമെന്നാണു ഞാന്‍ കരുതിയതു്. പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു. ഇതിലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും “ഇവരാണു നാടിന്റെ ശാപം” എന്നു പറഞ്ഞതു് എന്റെ സ്വന്തം കാര്യമാണെന്നു് എന്റെ അദ്ധ്യാപിക കൂടിയായിരുന്ന അമ്മ തെറ്റിദ്ധരിച്ചു. ഒരു ലക്ഷ്യം മനസ്സില്‍ അടിച്ചുകയറ്റി അതിലേക്കു കുട്ടികളെ തള്ളിവിടുന്നവരെപ്പറ്റിയാണു ഞാന്‍ എഴുതിയതെന്നു ഞാന്‍ പറഞ്ഞതൊന്നും അമ്മയുടെ തലയില്‍ കയറിയില്ല. അതിനു ശേഷം എന്റെ ജീവിതത്തിനെ സംഭവിക്കുന്ന ഒരു കാര്യത്തിലും അമ്മ അഭിപ്രായം പറയാറില്ല. “നീ നിന്റെ വഴി, അതു മാറ്റിപ്പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല” എന്ന മട്ടു്.

ഷൈനി വില്‍‌‌സനു് ഈ കവിത അയച്ചുകൊടുക്കണം എന്നു് ഒരിക്കല്‍ ഞാന്‍ കരുതിയിരുന്നു. ചെയ്തില്ല. ഷൈനിയ്ക്കു കവിത ഇഷ്ടമാണോ എന്നറിയില്ലല്ലോ. പിന്നെ ഇതു് എങ്ങനെ അവരെ ബാധിക്കും എന്നറിയുകയുമില്ലല്ലോ.

എന്റെ ചില അടുത്ത കൂട്ടുകാര്‍ മാത്രമേ അന്നു്‌ ഈ കവിത കണ്ടിട്ടുള്ളൂ. ആദ്യമായാണു് എവിടെയെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്നതു്. അന്നത്തെ അമിതമായ പ്രാസഭ്രമവും കാല്പനികതാഭ്രമവും സംസ്കൃതപക്ഷപാതിത്വവും എഴുത്തിന്റെ തഴക്കക്കുറവും ഇതില്‍ കാണാം.

ഇനി കവിത:


ഇതു നിന്റെ മാത്രമാമഴലല്ല ഷൈനി, ഈ
ധരണിയുടെ മൊത്തമഴലത്രേ;
ഒരു സ്വര്‍ണ്ണമെഡലിന്റെ കഥയല്ല, പൊയ്പ്പോയ
പെരുമകള്‍ക്കുള്ള കഥയത്രേ.

മെഡലല്ല നീയോടി നേടിയതു, ഭാരത-
ക്ഷിതി തന്റെയഭിമാനചിഹ്നം!
അണ തിങ്ങിയൊഴുകുമാഹ്ലാദമോര്‍ക്കില്‍ വെറും
തൃണതുല്യമഞ്ചു ഗ്രാം സ്വര്‍ണ്ണം!

ഉഷയൊത്തു നീയാര്‍ന്ന വിജയങ്ങളോര്‍ക്കുകില്‍
അഭിമാനസാന്ദ്രം ഹൃദന്തം;
ശരി, പക്ഷേയാരു മറന്നിടും നിന്റെയീ
കഠിനശ്രമത്തിന്‍ ദുരന്തം?


വെടി കേട്ടിടും മുമ്പു പായാതെ, നഗ്നമാം
അടികളെങ്ങും പതറിടാതെ,
നിജവീഥി തെറ്റാതെ, ലക്ഷ്യം മറക്കാതെ,
വിജയാശ കൈവിട്ടിടാതെ,

കുതി കൊണ്ടു നീയെത്ര ട്രാക്കുകളി, ലെത്രയോ
മെഡലുകളരിഞ്ഞു കൊയ്തിട്ടു!
എന്നിട്ടുമാ ലക്ഷ്യമെത്തുവാന്‍ എന്തിനായ്
പിന്നിട്ട പാത നീ വിട്ടു?

ഒരു വേള, മാര്‍ഗ്ഗമ, ല്ലണയേണ്ട ലക്ഷ്യമാ-
ണെവിടെയും വലുതെന്ന തത്ത്വം
അകതാരിലെങ്ങോ കിടന്നതു മൂലമി-
ന്നിളകിയെന്നോ നിന്റെ സ്വത്വം?


അണയേണ്ട ലക്ഷ്യമാണരുളേണ്ട മാര്‍ഗ്ഗത്തില്‍
വലുതെന്ന പ്രാചീനതത്ത്വം
അതു താന്‍-അതാണു യുവതലമുറയെയന്യായ-
പഥി നയിച്ചോരു ദുസ്സത്വം.

ലക്ഷ്യത്തിലെത്താന്‍-ജയിക്കാന്‍-നമുക്കേതു
കുത്സിതമാര്‍ഗ്ഗവുമാമോ?
തെറ്റായ മാര്‍ഗ്ഗത്തിലൂടെ നാം നേടുന്ന-
തൊക്കെ ന്യായീകരിക്കാമോ?

ലക്ഷ്യമല്ലേറ്റം പ്രധാനം-പ്രധാനമോ
നിശ്ചയം പൂതമാം മാര്‍ഗ്ഗം;
തന്നോടിണങ്ങുന്ന ലക്ഷ്യത്തിലെത്തുവാന്‍
മന്നിലതേയുള്ളു മാര്‍ഗ്ഗം.


വളരുന്ന പൈതലിനെ ‘യിഞ്ചിനീ’രാക്കുവാന്‍
തുനിയുന്ന മാതാപിതാക്കള്‍,
“തവ ലക്ഷ്യമെന്തു നീ പറകെടോ,” യെന്നു ചൊ-
ന്നവനെക്കുഴക്കും ഗുരുക്കള്‍

ഇവരൊന്നു ചേര്‍ന്നിട്ടു പൈതലില്‍ ദുരാശ തന്‍
കൊടുവിഷം കുത്തിവെയ്ക്കുന്നു;
അറിയാത്ത ലക്ഷ്യത്തിലറിയാതെ തന്നെയവന്‍
അതിയാകുമാശ വെയ്ക്കുന്നു.

ആശിച്ച ലക്ഷ്യത്തിലെത്താതെ പോയവര്‍-
ക്കാശ്രയമെന്തു? ചൊല്ലില്ല;
ആഞ്ഞോരു ലക്ഷ്യം തനിക്കാവതല്ലെന്നു
തോന്നിയാല്‍ ശാന്തിയേകില്ല.

ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന-
തിവരോര്‍ക്കുകില്‍ കൊടിയ പാപം;
യുവജനത തന്നില്‍ നിരാശത ചേര്‍ത്തിടും
ഇവരാണു നാടിന്റെ ശാപം.


ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ-
ജനത തന്‍ കദനകഥയത്രേ;
ഒരു വെറും ട്രാക്കിന്റെ വ്യഥയല്ല, ജീവിത-
പ്പെരുവഴികള്‍ തന്റെ കഥയത്രേ.

കഴിവുണ്ടു ശേഷിയുണ്ടകതാരിനെങ്കിലും
വഴിതെറ്റിയോടുന്നു ഞങ്ങള്‍;
ഗതി മാറിയാണു തന്‍ കുതിയെന്നു കാണവേ
ചിതറുന്നു സ്വര്‍ണ്ണമോഹങ്ങള്‍!

“എല്ലാവരും പിന്നി”ലെന്നുള്ളൊരാ വെറും
ഹുങ്കു മാത്രം സ്വന്തമായി;
സ്വന്തമാം വഴിയിത, ല്ലൊന്നുമിതു നേടുകി-
ല്ലെന്നറിഞ്ഞീടുവാന്‍ വൈകി!

നീയറിഞ്ഞീല നീ ഗതി മാറി, വഴി വിട്ടു
പോയ, തതു തന്റെ വഴിയെന്നേ
ഓര്‍ത്തുള്ളു നീ, യതില്‍ വിജയം വരിച്ചു നീ-
വാഴ്ത്തുമെല്ലാവരും നിന്നെ.

വഴി മാറിയെന്ന കഥയറിയുന്നു ഞങ്ങളി-
ന്നണയവേ കവലയോരോന്നും.
എന്നിട്ടുമോടേണ്ട വഴിയില്‍ മടങ്ങിടാന്‍
വിമ്മിട്ടമാണെന്നു, മിന്നും.

വെങ്കലമെങ്കിലും കിട്ടുമപ്പാതയിനി-
യെങ്കിലും തേടിപ്പിടിച്ചാല്‍
എന്നറിയുന്നു ഞാന്‍-എന്താണു കിട്ടാത്ത-
തിന്നൊന്നു നാം വിചാരിച്ചാല്‍?


അറിയാതെ ഞാന്‍ കാടു കയറി, നിന്‍ പുണ്ണിനി
വലുതാക്കുവാനല്ലയെന്‍ നോട്ടം.
പറയവേ, പറയേണ്ട പലതുമെന്‍ മനസ്സിലൂ-
ടറിയാതെ പോയ്-അത്ര മാത്രം.

ഒരു കോച്ചുമില്ലാതെ, സ്വപ്രയത്നത്തിന്റെ
പെരുമയാലെത്തി നീ മുന്നില്‍.
മതി, ബാക്കി കേള്‍ക്കേണ്ടെനിക്കു, നീ നേടുവാന്‍
ഇതിലേറെയെന്തുണ്ടു മന്നില്‍?

കവിതകള്‍ (My poems)

Comments (17)

Permalink

ദീര്‍ഘദര്‍ശനം

പണ്ടുപണ്ടു്‌, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്‍ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.

അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്‍. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന്‍ രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്‍കാന്‍ സ്വമേധയാ സമ്മതിച്ചു.

ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന്‍ വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.

അച്ഛനു വേണ്ടി ദേവവ്രതന്‍ അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.

എന്നിട്ടെന്തുണ്ടായി?

സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന്‍ തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന്‍ കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.

അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.

എന്നിട്ടെന്തുണ്ടായി?

മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.

ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്

എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന്‍ എന്നല്ല.)


കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.

എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ആയിടെ നല്ല ഒരു ആലോചന വന്നു.

പയ്യന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?

പക്ഷേ…

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലം‌മാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.

അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.

കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന്‍ ബോംബെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.

സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?

അങ്ങനെ ആ കല്യാണം നടന്നു.

എന്നിട്ടെന്തുണ്ടായി?

അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:

  1. 1996 ഓഗസ്റ്റ്: വിവാഹം.
  2. 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
  3. 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
  4. 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
  5. 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്‌റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
  6. 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു (നേപ്പര്‍‌വില്‍) താമസം മാറ്റം.
  7. 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
  8. 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.

    (ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)

  9. 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്‌ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
  10. 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍‌‌സണ്‍‌വില്‍-2 മൈല്‍ ദൂരം.)
  11. 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാ‍ര്‍ട്ട്‌മെന്റിലേയ്ക്കു്.
  12. 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു താത്‌‌ക്കാലികമായ താമസം മാറ്റം.
  13. 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.

    (ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)

  14. 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ഹിത്സ്‌ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
  15. 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍‌സണ്‍‌വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
  16. 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്‌ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.

    ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?

  17. 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്‌കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
  18. 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്‌മെന്റില്‍ (സാന്റാ ക്ലാര).
  19. 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.

അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്


“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”

പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്‌.

ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.

രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.

മൂന്നാ‍മതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.

നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.

അങ്ങനെ ഞങ്ങള്‍ തത്‌ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?


ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്‍, ദേവന്‍, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്‍ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്‌ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക 🙂

നര്‍മ്മം
വൈയക്തികം (Personal)
സ്മരണകള്‍

Comments (40)

Permalink

Prayer (പ്രാര്‍ത്ഥന)

Our Malayalam who art in unicode
boolOgam be thy name
Thy chillaksharams come
Thy will be done in Firefox as it will be in IE
Give us our daily rendering on all computers
Forgive our stupid posts as we forgive the stupid comments in our blogs
Guard us from Anonies and Varmas
Off-ing ever and for ever
qw_er_ty

യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ
നിന്റെ നാമം ബൂലോഗമാകേണമേ
നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ
നിന്റെ തിരുശേഷിപ്പു് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ
അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ
ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടു പൊറുക്കേണമേ
അനോണികളില്‍ നിന്നും വര്‍മ്മമാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
എന്നും ഓഫടിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ
കൊരട്ടി

ഓഫ് ടോപ്പിക്:

പിന്മൊഴികളില്‍ പ്രസിദ്ധീകൃതമായി ലോകപ്രശസ്തരാകാനാണു്‌ ആളുകള്‍ കമന്റിടുന്നതെന്നാണു്‌ എതിരന് കതിരവനും സംഘവും പറയുന്നതു്‌. അതു ശരിയാണോ എന്നു നോക്കട്ടേ. ഇതിന്റെ കമന്റുകള്‍ പിന്മൊഴികളില്‍ പോവില്ല. ആരെങ്കിലും കമന്റിടുമോ എന്നു കാണാമല്ലോ.

നര്‍മ്മം

Comments (529)

Permalink

ഗാംഗേയന്റെ അമ്മ

(പെരിങ്ങോടന്റെ ഗാംഗേയന്‍ എന്ന കഥയും അതിനു ഡാലി ഇട്ട കമന്റുമാണു് ഈ കഥയ്ക്കു പ്രചോദനം. ഇതു വായിക്കുന്നതിനു മുമ്പു് ദയവായി അവ വായിക്കുക.)

നദീതീരത്തു കാറ്റു വീശുന്നുണ്ടായിരുന്നു.

ഗംഗ ധരിച്ചിരുന്ന മുട്ടോളമെത്തുന്ന വസ്ത്രം കാറ്റത്തു് ഇളകിപ്പൊങ്ങി. എങ്കിലും നദീതീരത്തു കാറ്റു കൊള്ളാന്‍ വന്നവരും ബോട്ടില്‍ അക്കരയ്ക്കു പോകാന്‍ വെമ്പുന്നവരുമായ പുരുഷന്മാര്‍ ഒളികണ്ണിട്ടു പോലും നോക്കിയില്ല.

ഇതുപോലെയുള്ള ഒരു കാറ്റാണു് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതു്, അവള്‍ ഓര്‍ത്തു.

അന്നു നദിയില്‍ ഇതില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു ചെറിയ സംഘം നദീതീരത്തുള്ള കല്ലുകളുടെയും മറിഞ്ഞുവീണ വൃക്ഷങ്ങളുടെയും പുറത്തും മണല്‍ത്തിട്ടയിലുമായി വട്ടത്തില്‍ കൂടിയിരുന്നു.

അതു നടന്നതു കഴിഞ്ഞ ജന്മത്തിലാണു് എന്നാണു് ഇപ്പോള്‍ തോന്നുന്നതു്. താന്‍ വാര്‍ദ്ധക്യവും ജരാനരകളും മരണവും ഇല്ലാത്ത ഒരു അമരസുന്ദരിയാണു് എന്നു ചിന്തിച്ച കാലം. വടിവൊത്ത ശരീരത്തില്‍ ആവശ്യത്തിനു മാത്രം വസ്ത്രം ധരിച്ചു്, അവയ്ക്കു് അല്‍പം സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും തനിക്കു നേരേ നീളുന്ന കഴുകന്‍കണ്ണുകളെ കണ്‍കോണില്‍ക്കൂടി കണ്ടു് ആനന്ദിച്ചു്, കിലുകിലെ ചിരിച്ചു്, അവള്‍‍ ഒഴുകിയൊഴുകി നടന്നു. പകുതി ദേഹം പോലും ഭാര്യയ്ക്കു തീറെഴുതിക്കൊടുത്ത കാരണവന്മാരുടെ വെള്ളെഴുത്തു ബാധിച്ച മൂന്നാം കണ്ണുകളില്‍ പോലും ആസക്തിയുടെ കണങ്ങള്‍ കണ്ടപ്പോള്‍ തന്റെ അമരത്വത്തില്‍ അവള്‍ അഹങ്കരിക്കുകയായിരുന്നു.

അപ്പോഴാണു് ഇതുപോലെയൊരു കാറ്റു് അവളുടെ പാവാട ഉയര്‍ത്തിപ്പറപ്പിച്ചതു്. അപ്പോള്‍ത്തന്നെയാണു് ഒട്ടുമാറി താഴെ മണല്‍ത്തിട്ടില്‍ ഇരുന്നിരുന്ന, മീശ മുളച്ചിട്ടില്ലാത്ത കിളുന്തുപയ്യന്റെയും അവളുടെയും കണ്ണുകള്‍ തമ്മിലിടഞ്ഞതു്. ജാള്യവും കുസൃതിയും നിറഞ്ഞ രണ്ടു് അമര്‍ത്തിയ ചിരികള്‍ പരസ്പരം കൈമാറാതിരിക്കാന്‍ കഴിഞ്ഞില്ല്ല.

അടുത്ത തവണ മറ്റാരും അടുത്തില്ലാതിരുന്ന സന്ദര്‍ഭത്തില്‍ അവന്‍ ഈ വിഷയം എടുത്തിടുമെന്നു അവള്‍‍ കരുതിയില്ല. അവളുടെ വടിവൊത്ത കാലുകളെപ്പറ്റി അവന്‍ കവിത എഴുതിയത്രേ! അവളെക്കാണാതെ അവനു് ഒരു നിമിഷം പോലും ഇരിക്കാന്‍ സാദ്ധ്യമല്ലത്രേ!

താന്‍ പോകുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്തുടര്‍ന്ന അവന്‍ അവള്‍ക്കു് ഒരു മഹാശല്യമായി മാറി. ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ ഒട്ടിച്ചേരാന്‍ തുടങ്ങി. അവസാനം താക്കീതു നല്‍കി അവളെ കോളേജില്‍ നിന്നു പുറത്താക്കുന്നതു വരെ എത്തി കാര്യങ്ങള്‍. മുള്ളിന്റെയും ഇലയുടെയും ഉപമ കേട്ടിട്ടുള്ളതുകൊണ്ടു് അതില്‍ ആശ്ചര്യം തോന്നിയില്ല.

പഠിത്തം അവസാനിപ്പിച്ചിട്ടും അവന്റെ ശല്യം മാറിയില്ല. കത്തായും ഇ-മെയിലായും ചാറ്റായും സ്ക്രാപ്പായും അവന്‍ തന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം എല്ലാ ഐഡികളും വിലാസങ്ങളും ഉപേക്ഷിച്ചു് ഒരു പുതിയ ജന്മത്തിലേക്കു യാത്രയായി.

മറന്നുവെന്നു കരുതിയ ഒരു ദിവസം അവനെ പിന്നെയും ഓര്‍ത്തു. അപ്പോഴാണു് അവന്റെ യഥാര്‍ത്ഥ പേരു പോലും തനിക്കറിയില്ല എന്നു് അവള്‍ മനസ്സിലാക്കിയതു്. “മഹാഭിഷക്‌” എന്നൊരു ചാറ്റ് പ്രൊഫൈല്‍ പേരു മാത്രമേ (ഒരു വലിയ ഡോക്ടറാകാനായിരുന്നത്രേ അവന്റെ ആഗ്രഹം) അവന്റേതായി അവള്‍ക്കറിയുമായിരുന്നുള്ളൂ.

പിന്നീടൊരിക്കലും അവനെ കാണുമെന്നു കരുതിയില്ല. കണ്ടപ്പോഴാകട്ടേ, അതു് അവളുടെ രണ്ടാം ജന്മമായിരുന്നു.

ശന്തനു എന്നായിരുന്നു അവന്റെ പേരു്. അന്നാട്ടിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരേയൊരു അവകാശി. വെപ്പാട്ടികള്‍ അനേകമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ കുലത്തിന്റെ അന്തകനാകാന്‍ കച്ചകെട്ടിയിറങ്ങിയവന്‍.

സ്ത്രീലമ്പടത്വം അവന്റെ ജീനില്‍ ഉള്ളതാണു്. അവന്റെ ഒരു വല്യപ്പൂപ്പന്‍ വയസ്സുകാലത്തു സ്വന്തം യൌവനം തിരിച്ചുകിട്ടാന്‍ ഒരു മന്ത്രവാദിയെക്കൊണ്ടു സ്വന്തം മകന്റെ വരിയുടച്ചത്രേ. മറ്റൊരപ്പൂപ്പന്‍ ഒരു കാട്ടുപെണ്ണിനെ ഗര്‍ഭിണിയാക്കിയതും അവള്‍ തറവാട്ടില്‍ വന്നു ഗര്‍ഭസത്യാഗ്രഹമിരുന്നതും നാട്ടിലെല്ലാം പ്രസിദ്ധമായ കാര്യമാണു്. ഒരു അംനീഷ്യയുടെ സുരക്ഷ സ്തുതിപാഠകന്മാര്‍ അയാള്‍ക്കു കൊടുത്തു രക്ഷിക്കാന്‍ നോക്കിയെങ്കിലും അധികമാരും അതു വിശ്വസിച്ചിട്ടില്ല.

ആകസ്മികമായി ആയിരുന്നു രണ്ടാമത്തെ കണ്ടുമുട്ടല്‍. വെറുപ്പോടെ മുഖം തിരിക്കുകയാണു് അവള്‍ ആദ്യം ചെയ്തതു്.

വെറുപ്പു് സഹതാപവും സഹതാപം വാത്സല്യവും വാത്സല്യം സ്നേഹവുമായി മാറിയതു് എങ്ങനെയാണെന്നു ഗംഗയ്ക്കോര്‍മ്മയില്ല. തന്നെയോര്‍ത്തു വര്‍ഷങ്ങളായി ഒരാള്‍ കാത്തിരിക്കുന്നു എന്നു കേട്ടതു് അവള്‍ വിശ്വസിച്ചു. അവളുടെ പഴയ ഒരു ചിത്രം‍ ഫ്രെയിം ചെയ്തു തന്റെ പഠനമുറിയില്‍ സൂക്ഷിച്ചിരുന്നതു് അവന്‍ കാണിച്ചു. എന്നും അവന്‍ ആ പടവും കെട്ടിപ്പിടിച്ചാണു് ഉറങ്ങിയിരുന്നതത്രേ!

തന്റെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന മഹാരോഗത്തിന്റെ വിവരം അവള്‍ അവനില്‍ നിന്നു മറച്ചുവെച്ചു. ജരണവും മരണവും ബാധിക്കാത്തവളാണു താനെന്ന അഹങ്കാരത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടു് ഏതാനും മാസം മുമ്പാണു് അതു കടന്നുവന്നതു്. ആകാശത്തില്‍ നിന്നു പാതാളത്തിലേക്കള്ള പതനത്തിനിടയില്‍ താങ്ങായി ഒരു ശിരസ്സു് അവള്‍ കൊതിക്കുകയായിരുന്നു.

എങ്കിലും കുളിക്കടവുകളിലും ഞാറു നടുന്ന പെണ്ണുങ്ങളിലും നീണ്ടുചെല്ലുന്ന അവന്റെ കണ്ണുകള്‍ അവള്‍ക്കു കണ്ടില്ലെന്നു നടിക്കാനായില്ല. നഗ്നത അവന്റെ ഒരു ദൌര്‍ബല്യമായിരുന്നു. എന്നിട്ടും അവന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കു് അവള്‍ വഴങ്ങി.

വിവാഹം കഴിക്കുന്നതിനു മുമ്പു് രണ്ടു വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചു. ഒന്നു്, താമസിയാതെ താന്‍ അവനെ വിട്ടുപോകും. രണ്ടു്, തങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല.

താന്‍ പോയാല്‍ തന്റെ കുട്ടികളുടെ സ്ഥിതിയെന്താണെന്നു് അവള്‍ വ്യാകുലപ്പെട്ടു. ഏതെങ്കിലും അപ്സരസ്സിന്റെയോ അരയത്തിയുടെയോ തുണി അല്പം മാറിയാല്‍ ഹാലിളകി അവളെ സ്വന്തമാക്കാന്‍ എന്തു നീചകൃത്യവും ചെയ്യാന്‍ ഇവന്‍ മടിക്കില്ല. അവളും അവളുടെ കുടുംബക്കാരും ചേര്‍ന്നു് തന്റെ മക്കളെ എന്തു വേണമെങ്കിലും ചെയ്തേക്കാം. സ്വത്തിനു കണക്കു പറയാന്‍ കുട്ടികളുണ്ടാകാതിരിക്കാന്‍ തന്റെ മക്കളുടെയും വരിയുടയ്ക്കുവാന്‍ ആ തന്ത കൂട്ടുനിന്നേക്കാം. പിന്നെ അവളുടെ മക്കള്‍ക്കു കൂട്ടിക്കൊടുക്കാന്‍ പെണ്ണന്വേഷിച്ചും പുത്രവധുക്കളും പൌത്രവധുക്കളും പിഴച്ചു പ്രസവിക്കുന്ന കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ മദ്ധ്യസ്ഥത വഹിക്കാനും തന്റെ മകന്‍ പോകേണ്ടി വന്നേക്കാം. ഉദ്ധാരണശേഷിയില്ലാത്ത പിതാമഹന്‍ എന്ന പേരു സമ്പാദിച്ചു് അവസാനകാലം ശരശയ്യയില്‍ കഴിയാനാകും അവന്റെ വിധി.

വേണ്ടാ, എനിക്കു് ഒരു കുഞ്ഞു വേണ്ടാ.

വ്യവസ്ഥകള്‍ പാലിക്കാന്‍ അവനു താത്‌പര്യം കുറഞ്ഞുവന്നു. അവളുടെ സൌന്ദര്യത്തെയോ അവന്റെ സുഖത്തെയോ അല്പമെങ്കിലും കുറയ്ക്കുന്ന ഒരു മുന്‍‌കരുതലിനും അവന്‍ തയ്യാറായിരുന്നില്ല. കാമപൂരണത്തിനു മുന്നില്‍ ദിവസങ്ങളുടെ കണക്കുകളും അവന്‍ മറന്നുപോയിരുന്നു. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച കൈക്കരുത്തിന്റെ മുന്നില്‍ അവളുടെ എല്ലാ ശക്തിയും ചോര്‍ന്നുപോയിരുന്നു. സാധാരണക്കാരുടെ അറപ്പുപോലും അവനൊരു ശീലമായി മാറിയിരുന്നു.

തന്റെ കുഞ്ഞിനെ ഏതു മികച്ച യന്ത്രത്തേക്കാളും മുന്നേ അവള്‍ അറിഞ്ഞു. ഉദരത്തില്‍ കുഞ്ഞു നാമ്പെടുക്കുമ്പോള്‍ അവളുടെ മുല ചുരന്നിരുന്നു. സീസണല്ലാത്ത കാലത്തു പോലും പപ്പായ കിട്ടുന്ന ഗ്രാമത്തിലേക്കു രണ്ടു മണിക്കൂറിന്റെ വഴിയേ ഉണ്ടായിരുന്നുള്ളൂ. അവന്‍ കാണാതെ അതു സൂക്ഷിച്ചു വെയ്ക്കാന്‍ അവന്റെ സ്റ്റോര്‍‌റൂമിലെ തന്റെ ഫോട്ടൊയുടെ പിറകിലുള്ള സ്ഥലം ധാരാളം.

ഏഴു തവണ അവനറിഞ്ഞില്ല. ഏഴു കുഞ്ഞുങ്ങള്‍ക്കു ശാപമോക്ഷം കൊടുത്തു. പുത് എന്ന നരകത്തില്‍ അവന്‍ കിടന്നലയുമ്പോള്‍ അവര്‍ മുകളില്‍ നിന്നു കൈകൊട്ടിച്ചിരിക്കട്ടേ.

കണ്ടുപിടിച്ചതു് അവന്റെ അമ്മയാണു്. അവര്‍ കൂടെ വന്നു താമസിക്കാന്‍ തുടങ്ങിയതോടെ പപ്പായ സൂക്ഷിക്കല്‍ ഒരു പ്രശ്നമായി. അവരുടെ “മച്ചി” എന്ന വിളി കേട്ടില്ലെന്നു നടിച്ചു. പക്ഷേ വീടിന്റെ ഓരോ മൂലയും അരിച്ചുപെറുക്കുന്ന അവരുടെ കണ്ണുകളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പിന്നെയുള്ള ജീവിതം തീവ്രപരിചരണത്തിന്റേതായിരുന്നു. പറഞ്ഞ സമയത്തു് എത്താത്ത മരണത്തെ അവള്‍ ശപിച്ചു.

അങ്ങനെ ഇവന്‍ ജനിച്ചു-ഗാംഗേയന്‍. കഴിഞ്ഞ ജന്മത്തില്‍ ഇവനും ചെയ്തിട്ടുണ്ടാവാം എന്തോ വലിയ പാപം.

കുഞ്ഞു ജനിച്ചതോടെ തീവ്രപരിചരണത്തിന്റെ ശക്തി അല്പം കുറഞ്ഞു. ഒരു രാത്രി കുഞ്ഞിനെ എടുത്തുകൊണ്ടു് അവള്‍ ‍ നാടുവിട്ടു. ശേഷിച്ച ജീവിതം ഗാംഗേയനു വേണ്ടി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു.

രോഗം അനുദിനം മൂര്‍ച്ഛിച്ചുവന്നു. അവള്‍‍ ആശുപത്രിയില്‍ നിത്യസന്ദര്‍ശകയായി.

എന്നു വേണമെങ്കിലും മരിക്കാം എന്നു തോന്നിയ ഒരു ദിവസം മകനോടു് അവന്റെ അച്ഛന്റെ വിവരം പറഞ്ഞു. പ്രതാപിയായ അച്ഛന്റെ അടുത്തുനിന്നു് തന്നെ അടര്‍ത്തിമാറ്റിയ അമ്മയെ ഗാംഗേയന്‍ ചീത്തപറഞ്ഞു. അച്ഛന്റെ അടുത്തേക്കു് മടങ്ങിപ്പോകണമെന്നു് വാശിപിടിച്ചു. ഈ വയറ്റില്‍ വന്നു പിറന്നതില്‍ വ്യസനിച്ചു. അവള്‍ ചെയ്യരുതാത്തതു ചെയ്തവളാണെന്നു മുദ്രകുത്തി.

അങ്ങനെ ഇന്നു് അതേ നദീതീരത്തുവെച്ചു് അവനു് അവന്‍ തനിക്കു നല്‍കിയ മകനെ തിരിച്ചുകൊടുക്കാന്‍ എത്തിയതാണു ഗംഗ.

ഗൌണ്‍ കാറ്റത്തു് വല്ലാതെ ഇളകിപ്പറക്കുന്നു. ഇപ്പോള്‍ ആശുപത്രിക്കാര്‍ വെറുതേ തന്ന ഗൗണുകള്‍ മാത്രമേയുള്ളൂ വസ്ത്രങ്ങളായി. ഗാംഗേയന്റെ പഠിപ്പിനും ആശുപത്രിച്ചെലവിനുമായി കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. അല്ലെങ്കില്‍ത്തന്നെ അകാലവാര്‍ദ്ധക്യം ബാധിച്ചു മൊട്ടത്തലയും ശുഷ്കിച്ച ദേഹവുമായി നടക്കുന്ന തനിക്കെന്തിനു വസ്ത്രം?

അവന്‍ തന്നെ കാണരുതു്. അവന്റെ മനസ്സില്‍ ഇപ്പോഴും താന്‍ കടഞ്ഞെടുത്തതുപോലെയുള്ള അവയവങ്ങളുള്ള ഗംഗയാണു്. ഒറ്റമുലച്ചിയും മൊട്ടത്തലച്ചിയും വിരൂപയുമായ തന്നെ തന്റെ മകന്റെ അമ്മയായി കാണാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

മകനേ, എന്നോടു ക്ഷമിക്കൂ. ഏഴു മക്കളെ കുരുതി കൊടുത്തപ്പോള്‍ തോന്നാത്ത നൊമ്പരം നിന്നെ ഈ ദുര്‍‌വിധിയിലേക്കു തള്ളിയിടുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു. പക്ഷേ എനിക്കിതേ കഴിയൂ. എന്റെ ശിഷ്ടജീവിതം മാലിന്യങ്ങളുടെയും ശവങ്ങളുടെയും പാപികളുടെയും കൂടെയാണു്. ഇനിയും താഴേയ്ക്കു വീഴുമ്പോള്‍ എന്നെ തലയില്‍ താങ്ങാന്‍ ഇനി ആരുമില്ല.

ശന്തനു ഗാംഗേയനുമൊത്തു നടന്നുമറയുന്നതു് കണ്ണില്‍ നിന്നു മായുന്നതുവരെ ഗംഗ നോക്കി നിന്നു. പിന്നെ തിരിഞ്ഞുനടന്നു, എല്ലാ പാപികളുടെയും പാപങ്ങള്‍ ഏറ്റുവാങ്ങാന്‍…


ഇതു പ്രസിദ്ധീകരിച്ചതു മറ്റൊരു ബ്ലോഗിലാണു്. അവിടെ കിട്ടിയ കമന്റുകള്‍ താഴെച്ചേര്‍ക്കുന്നു.

At 12:48 PM, ഉമേഷ്::Umesh said…
ഒരു അതിക്രമം ചെയ്തിട്ടുണ്ടു്.

ജീവിതത്തിലാദ്യമായി ഞാനൊരു കഥയെഴുതി. ബാക്കിയുള്ള അഭ്യാസങ്ങള്‍ പലതും പയറ്റി നോക്കിയിട്ടുണ്ടെങ്കിലും ഇതു് ആദ്യമായാണു്.

ചില സാങ്കേതികകാരണങ്ങളാല്‍ ഇതു ഗുരുകുലത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു് എന്റെ കഴിഞ്ഞ ജന്മത്തിലെ ബ്ലോഗര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.

പതിവുപോലെ, ഇതും മൌലികമല്ല. പെരിങ്ങോടന്റെ ഗാംഗേയന്‍ എന്ന കഥയുടെ പൊളിച്ചെഴുത്താണു്. ആ കഥയും അതിനു ഡാലി ഇട്ട ഈ കമന്റുമാണു് ഇതു് എന്നെക്കൊണ്ടു് എഴുതിച്ചതു്. രണ്ടുപേര്‍ക്കും നന്ദി.

ഒരു കാര്യം കൂടി. ഇതു മഹാഭാരതത്തിലെ ശന്തനുവിന്റെയും ഗംഗയുടെയും കഥയുടെ പുനരാവിഷ്കരണമല്ല. പെരിങ്ങോടന്റെ കഥയുടെ പുനരാവിഷ്കരണമാണു്.

പ്രീ-പബ്ലിക്കേഷന്‍ ആയി ഇതു വായിച്ചു് അഭിപ്രായം പറഞ്ഞ ഇഞ്ചിപ്പെണ്ണു്, ഏവൂരാന്‍, ഡാലി, പെരിങ്ങോടന്‍, രാജേഷ് വര്‍മ്മ, സന്തോഷ്, സിബു എന്നിവരോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. അവര്‍ പറഞ്ഞതൊന്നും ഞാന്‍ അനുസരിച്ചില്ല എന്നതു മറ്റൊരു കാര്യം.

ഒരു ബാലകഥാകൃത്തിന്റെ കടിഞ്ഞൂല്‍ക്കഥയാണെന്നുള്ള പരിഗണന തരണം എന്ന അപേക്ഷയോടെ,

– ഉമേഷ്

At 1:19 PM, daly said…
ഇവിടെ തേങ്ങ അടിച്ചില്ലെങ്കില്‍ വേറെ എവിടെ അടിയ്ക്കും.
എല്ലാ ഫെമിനിസ്റ്റോളേം കൂട്ടി ഇപ്പോ വരാം

At 1:25 PM, സിബു::cibu said…
ലേബല്‍ ‘കഥ’ എന്ന്‌ തിരുത്തൂ ഉമേഷേ 🙂

At 2:04 PM, ബിന്ദു said…
‘ഫാവിയുണ്ട്’. 🙂

At 5:12 PM, ജ്യോതിര്‍മയി said…
“നിന്നെക്കുറിച്ചാരു പാടും, ദേവി!
നിന്നേത്തിരഞാരു കേഴും
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ!
വരള്‍നാവു താഴുമീ വംശതീരങ്ങളില്‍
നിന്‍ നെഞ്ചിനുറവാരു തേടും?“

മധുസൂദനന്‍ നായര്‍ക്ക് തെറ്റാനിടയില്ലല്ലോ !!

At 9:16 PM, കണ്ണൂസ്‌ said…
ശോ! ഉമേഷ്‌ ബൂലോഗത്തിനു നീക്കി വെക്കുന്ന വിലപ്പെട്ട സമയം ഇങ്ങനെ പാഴായി പോവുന്നല്ലോ! 😮

At 11:10 PM, ശ്രീജിത്ത്‌ കെ said…
ഓഹോ, ആ കഥ ഇങ്ങനേയും പറയാമല്ലേ.

തൂടക്കക്കാരന്റെ അസ്കിത ഒന്നും കാണാനില്ലാട്ടോ, കഥ നന്നായി. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, ഒറ്റ വായനയില്‍ മനസ്സിലാകാത്ത വാചകങ്ങളോ കണ്ടില്ല എന്നൊരു പോരായ്മയുണ്ട്. സാരമില്ല, അടുത്ത കഥയില്‍ ശ്രദ്ധിച്ചാല്‍ മതി. (പ്രീ-പബ്ലിക്കേഷനു എനിക്ക് കഥ അയച്ചിരുന്നെങ്കില്‍ ഞാന്‍ ഈ കഥ ഒരു കവിത സമം ശ്ലോക രൂപത്തില്‍ ആക്കിത്തന്നേനേലോ. അതും അടുത്ത തവണ ശ്രദ്ധിച്ചാല്‍ മതി.)

ഓ.ടോ (ഇതില്ലാണ്ട് പറ്റില്ലാന്നായിരിക്കുണു): ഈ ബ്ലോഗിനെ പേര്, മലയാളത്തില്‍ ആക്കൂ പ്ലീസ്. ബ്ലോഗ്‌റോളില്‍ ചേര്‍ക്കാനാണേയ്…

At 11:26 PM, kumar © said…
ഈ വെടിക്കുള്ള മരുന്നും ഉള്ളിലിട്ടുകൊണ്ടാണോ മനുഷ്യനു മനസിലാവത്ത ശ്ലോകങ്ങള്‍ ശ്ലോകിച്ച് നടന്നത്.

അവിടെ വനിതാലോകത്തൂന്നു പെണ്ണുങ്ങള്‍ എല്ലാം കൂടി പടനയിച്ചു വരുന്നുണ്ട്. ഇന്നിവിടെ എന്തെങ്കീലും സംഭവിക്കും.

At 11:41 PM, Pramod.KM said…
ഇതു നന്നായി.:)

At 4:02 AM, എതിരന്‍ കതിരവന്‍ said…
പുതിയ കഥാകൃത്തിന്ന്റ്റെ ജനനം അഘോഷിക്കപ്പെടെണ്ടതാണ്. അതെയൊ ഇനിയും കൈവയ്ക്കാന്‍ മേഖലകളൊന്നു മില്ലാത്തതിനാല്‍ കഥകൃത്തിനു ആലസ്യം ബാധിക്കുമോ?
“ഞാന്‍”പറയുന്നതായിട്ടു ആദ്യം മുതലെ തുടങ്ങിയ്രുന്നെങ്കില്‍ കുറച്ചുകൂടി ശക്തി കിട്ടിയേനെ കതാപാത്രത്തിനു എന്നു തോന്നി.
അവള്‍ക്കെവിടുന്നു കിട്ടി എയ്ഡ്സ്? അമ്മയില്‍ നിന്നൊ? അച്ഛനില്‍ നിന്നോ? നന്നായിപ്പോയി, ശന്തനുവിനു ഇതു കിട്ടിക്കാണും.പാവം ആ കുഞ്ഞിനു കിട്ടിക്കാണരുതേ എന്നു പ്രാര്‍ത്ഥന.

At 4:06 AM, എതിരന്‍ കതിരവന്‍ said…
കഴിഞ്ഞ കമന്റില്‍ “എവിടുന്നു കിട്ടി എയ്ഡ്സ്? (AIDS) ‘എന്നാണ്.

At 4:28 AM, മിടുക്കന്‍ said…
ഒരൊഫ്: എന്റമ്മേ…. ധൈര്യം അപാരം..,
എതിരന്‍ കതിരവന്‍ ഉമേഷേട്ടന്റെ ബ്ലൊഗില്‍ വന്ന് നടു നിവര്‍ത്തി പച്ചയ്ക്ക് അക്ഷരപിശാച് പറയുന്നു..

At 4:33 AM, ഗന്ധര്‍വ്വന്‍ said…
ഗംഗയെ പറ്റി എഴുതുമ്പോള്‍ ഉമേശനാകരുത്‌. ഗംഗേശനാകണം.

എംകിലെ ശൃംഗാരാദി,കരുണാദി രസങ്ങളുടെ ചേരുവ ശരിയാകു.

ഇത്‌ ഉമേശവീക്ഷണത്തില്‍ മൂന്നാം തൃക്കണ്ണും തുറന്ന്‌ വച്ച്‌
ഭയാനകം, ഭീഭല്‍സം, രൗദ്രം……

എന്തായാലും മാഷാളു മോശമല്ല . പെരിങ്ങോടാദികളുടെ
ഭാര്‍ത പര്യടനത്തിനുള്ള റ്റിക്കറ്റ്‌ കേന്‍സല്‍ ചെയ്യിപ്പിച്ചു എന്ന്‌ കേള്‍ക്കുന്നു. മഹഭാരതത്തിലെ കഥാപാത്രങ്ങള്‍ അലമുറയിട്ട്‌
വിളിക്കുന്നത്‌ എനിക്കീ ഉഷ്ണമേഖലയിലിരുന്നറിയാനാകുന്നു.

കുര്‍ക്ഷേത്രയുദ്ധം കഴിഞ്ഞതിനേക്കാള്‍ ഭയാനകം.

അവരൊക്കെ ഒന്നവതരിച്ചോട്ടെ മാഷെ. അല്ലെങ്കില്‍ മാഷെല്ലാരേം ഇപ്പ
ചെയ്തപോലെ എത്നേസ്യക്ക്‌ വിധേയമാക്കു.

ശ്രമങ്ങള്‍ തുടരുക. ഈ കുസൃതി എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കുന്നു.

ദേ എന്റെ അക്ഷരതെറ്റുകളെക്കുറിച്ച്‌ ഒരക്ഷരം മുണ്ടല്ലെ. ആ അക്ഷരം
ഒര്‌ ചില്ലാണ്‌ .

At 7:53 AM, ഉമേഷ്::Umesh said…
ഇതു ബ്ലോഗ്‌റോളില്‍ ചേര്‍ക്കണ്ടാ ശ്രീജിത്തേ. ഇതു പൂട്ടിക്കെട്ടിയ ബ്ലോഗാണു്. ഈ പോസ്റ്റ് ഗുരുകുലത്തിലേക്കു കമന്റുകളടക്കം മാറ്റും.

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. കണ്ണൂസേ, വിടരണമെന്നു് ആഗ്രഹമുള്ള മൊട്ടുകളെ ചവിട്ടിയരയ്ക്കുന്നവര്‍ പോകുന്ന നരകം ഏതാണെന്നറിയാമോ? 🙂

At 5:30 PM, RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said…
ഇതൊക്കെ വായിച്ചിട്ട്‌ ഞാനും എഴുതിപ്പോയി ഒരു കഥ:

ഗാംഗേയന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയ്ക്കു കല്യാണത്തിനു മുന്‍പുണ്ടായ മകന്‍

രാജധാനിയില്‍ നിന്നോടിയകലുന്ന രാജധാനി എക്സ്‌പ്രെസ്സിലിരിക്കുമ്പോള്‍ മിനിയാന്ന് അമ്മ വിളിച്ചത്‌ ഓര്‍ത്തുപോയി. “മകനേ നീ ഇവിടം വരെ ഒന്നു വരണം.”
“എന്താണമ്മേ കാര്യം?”
“എന്റെ മക്കള്‍, നിന്റെ അനിയന്മാര്‍ രണ്ടും മക്കളില്ലാതെ മരിച്ചുപോയതുകൊണ്ട്‌ കിരീടാവകാശികളില്ലാതെ രാജ്യം പ്രതിസന്ധിയിലാണ്‌. അവരുടെ ഭാര്യമാര്‍ക്ക്‌ നീ ഓരോ മക്കളെ കൊടുക്കണം.”
“അതിനെന്തിനാ അമ്മേ ഞാന്‍? അപ്പുറത്തെ കൊട്ടാരത്തില്‍ കാലനും വേണ്ടാതെ ഒരുത്തന്‍ പുരനിറഞ്ഞ്‌ നില്‍ക്കുന്നില്ലേ? ഇടയ്ക്കിടയ്ക്ക്‌ ഓരോ ശപഥവും. ആ ഗാംഗേയനെ പിടിച്ചു കല്യാണം കഴിപ്പിച്ചുകൂടെ അമ്മേ? ”
“അതു പാടില്ല ഉണ്ണീ…ഞാന്‍ വെറുമൊരു ഫെമിനിസ്റ്റല്ല, ദളിത്‌ ഫെമിനിസ്റ്റാണെന്നു നിനക്കറിഞ്ഞുകൂടേ? നമ്മുടെ ദളിത്‌ രക്തത്തില്‍ പിറക്കുന്ന കുട്ടികള്‍ വേണം നാളെ ഈ മഹാഭാരത്തിന്റെ വസ്ത്രാക്ഷേപം നടത്തുന്ന ചക്രവര്‍ത്തിമാരായിത്തീരാന്‍.”

റാണിമാര്‍ക്ക്‌ ഓരോന്നും ബോണസ്‌ എന്ന നിലയില്‍ വേലക്കാരിക്ക്‌ ഒന്നും മക്കളെ സമ്മാനിച്ചു മടങ്ങുമ്പോള്‍ യാത്രയയക്കാന്‍ മനസ്സുനിറയെ പ്രത്യാശയായിരുന്നു. ഈ കുട്ടികളുടെ തലമുറകള്‍ പരസ്പരം കൊന്നൊടുക്കും. ഒപ്പം എണ്ണാമറ്റ ആന, കുതിര, കാലാളുകളും ചത്തൊടുങ്ങും. എന്നിട്ട്‌ ആ കഥയെഴുതി സീരിയല്‍കാരന്‍ ബി. ആര്‍. ചോപ്രയ്ക്കു വിറ്റിട്ടു വേണം തനിയ്ക്കൊന്ന് അര്‍മ്മാദിക്കാന്‍. ഊര്‍ദ്ധ്വബാഹുര്‍ വിരൗമ്യേഷു…

At 5:52 PM, Ambi said…
അസാധ്യ കമന്റ് രാജേഷേട്ടാ..സമ്മത് കര്‍നാ.. (എന്നുപറഞ്ഞാ..നമിച്ചിരിയ്ക്കുന്നു)
🙂

At 8:46 PM, ഗന്ധര്‍വ്വന്‍ said…
Nice comment- Rajesh

കഥകള്‍ (stories)

Comments (0)

Permalink

Protest against Yahoo!/യാഹൂവിനെതിരേ പ്രതിഷേധം

 

As a person who blogs in the Malayalam language, I protest the plagiarism and copyright violation Yahoo! and Yahoo! India did in preparing their Yahoo! Malayalam page. They prepared their pages by copying articles from Malayalam blogs without asking the permission from the authors. This is unfortunate and condemnable.

മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്ന ഒരാളെന്ന നിലയ്ക്കു് ഞാന്‍ യാഹൂ മലയാളം എന്ന പേജ് ഉണ്ടാക്കുന്നതില്‍ യാഹൂവും യാഹൂ ഇന്‍ഡ്യയും നടത്തിയ മോഷണത്തെയും പകര്‍പ്പവകാശതിരസ്കരണത്തെയും അപലപിക്കുകയും എന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. എഴുതിയവരുടെ അനുവാദം വാങ്ങാതെയാണു് മലയാളം ബ്ലോഗുകളില്‍ നിന്നു് കൃതികള്‍ മോഷ്ടിച്ചു് അവര്‍ തങ്ങളുടെ പേജുകളില്‍ ഇട്ടതു്. ഇതു് ഏറ്റവും നിര്‍ഭാഗ്യകരവും ഗര്‍ഹണീയവും ആണു്.

This issue in news:

  1. Yahoo Plagiarism Protest Scheduled March 5th
  2. Mathrubhoomi (Malayalam News)
  3. Bloggers protest on March 5th 2007 against Yahoo!
  4. Indian bloggers Mad at Yahoo
  5. Indian Bloggers Enraged at Yahoo! India’s Plagiarism
  6. Indian bloggers Mad at Yahoo
  7. Malayalam Bloggers Don’t Agree with Yahoo India
  8. Yahoo back upsetting people
  9. Wat Blog
  10. Tamil News
  11. Yahoo India accused of plagiarism by Malayalam blogger
  12. Yahoo India Denies Stealing Recipes
  13. ahoo! India Rejects Web Plagiarism Accusations
  14. Global Voice – News
  15. Content theft by Yahoo India
  16. Lawyers’ Opinion

Protest from other bloggers:

  1. യാഹൂവിന്റെ ബ്ലോഗ് മോഷണം-ഹരീ
  2. ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)- കൃഷ്
  3. yahoo-india-corporate-hypocrisy- ഇടങ്ങള്‍
  4. protest-event-against-yahoo-ഇഞ്ചിപ്പെണ്ണ്
  5. and-yahoo-counsels-us-to-respect- ദേവരാഗം
  6. content-theft-by-yahoo-shame-shame- കെവിന്‍സിജി
  7. protest-against-yahoo-india- സപ്തവര്‍ണങ്ങള്‍
  8. yahoo-indias-dirty-play- വിഷ്ണുപ്രസാദ്
  9. yahoos-copyright-infringement- കൈപ്പള്ളി
  10. യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ എന്റെ പ്രതിഷേധം – മണിനാദം
  11. yahoo-should-apologize-സാരംഗി
  12. Yahoo! shame shame – -സു-സുനില്‍
  13. യാഹൂ മോഷണം. My protest against plagiarisation of Yahoo India-മണി
  14. ബ്ലോഗ് മോഷണം, എന്റെ പ്രതിഷേധം – ശ്രീജിത്ത്‌
  15. യാഹൂ മാപ്പ് പറയുക – കൈതമുള്ള്
  16. My protest against plagiarisation of Yahoo India-പടിപ്പുര
  17. March 5th, 2007: Protest against plaigarism by Yahoo! India-സതീഷ്
  18. My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം-അങ്കിള്‍
  19. ബ്ലോഗര്‍വിജയം – ഒന്നാം ദിവസം അഥവ യാഹൂവധം തുള്ളല്‍- പി. ശിവപ്രസാദ്
  20. മാര്‍ച്ച് 5 – പ്രതിഷേധ ദിനം – നന്ദു
  21. യാഹുവിനെതിരെ – JamesBright
  22. My protest against plagiarisation of Yahoo India- Chethana
  23. യാഹൂ! ഇന്ത്യ പോര്‍ട്ടല്‍ ഉള്ളടക്കതിനെതിരായ പ്രതിഷേധം-കണ്ണൂസ്
  24. യാഹുവിന്റെ ബ്ലോഗ് പൈറസിക്കെതിരെ -Kiranz
  25. കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ…-വിശ്വപ്രഭ
  26. അകവും പുറവും – ബ്ലോഗ്കളവ് കാര്‍ട്ടൂണ്‍ -2 – അലിഫ് /alif
  27. രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം – keralafarmer
  28. കോപ്പിയടിക്കപ്പുറം -സിബു
  29. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ -സന്തോഷ്
  30. യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം – സു Su
  31. Remove Plagiarism – Sandeepa
  32. content-lift- indosungod
  33. യാഹുവിന്റെ ബ്ലോഗ് പൈറസിക്കെതിരെ!- Sul സുല്‍
  34. indian-bloggers-protest-against-yahoos Appol Shari – അപ്പോള്‍ ശരി
  35. yaaaaaaaaaa-hoooooooo-protest-against- A Yunus
  36. യാ…..ഹൂ….പ്രതിഷേധം (protest)- santhosh balakrishnan
  37. MARCH 5, 2007- PROTEST AGAINST YAHOO! INDIA’S PLAGIARISM -MKERALAM
  38. പ്രതിഷേധ ദിനത്തിനും മുന്‍പേ!- ഷാനവാസ്‌ ഇലിപ്പക്കുളം
  39. http://www.plagiarismtoday.com/2007/02/26/yahoo-plagiarism-protest-scheduled-march-5th
  40. indian-bloggers-mad-at-yahoo – Om Malik
  41. My protest against plagiarisation of Yahoo India!-നന്ദന്‍
  42. My protest against plagiarisation of Yahoo India!-സുഗതരാജ് പലേരി
  43. യാഹൂ മാപ്പ് പറയുക.-Balu..,..ബാലു
  44. plagiarism-yahoo-webdunia-on-blogs -കരീം മാഷ്
  45. plagiarism-by-yahoo-india-Krish
  46. my-protest-against-plagiarisation-ജ്യോതിര്‍മയി
  47. protest-against-plagiarism-ഷിജു അലക്സ്‌
  48. protest-against-plagiarism -Thulasi
  49. യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം-ചേച്ചിയമ്മ
  50. Protest against Yahoo!/യാഹൂവിനെതിരേ പ്രതിഷേധം – Umesh
  51. Yahoo! plagiarizing contents from bloggers!! – Lizabeth

 

പ്രതികരണം
പ്രതിഷേധം
ബ്ലോഗ് ഇവന്റ്

Comments (7)

Permalink

Indibloggies അവാര്‍ഡ് കുറുമാനു്

ഇന്‍ഡിബ്ലോഗീസ് 2006-ന്റെ ഏറ്റവും നല്ല മലയാളബ്ലോഗിനുള്ള പുരസ്കാരം കുറുമാന്റെ “കുറുമാന്റെ കഥകള്‍”ക്കു്. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 37% വോട്ടു നേടിക്കോണ്ടു് കുറുമാന്‍ തകര്‍പ്പന്‍ ജയം നേടി. ബാക്കിയുള്ളവര്‍ക്കെല്ലാം കെട്ടിവെച്ച കാശു നഷ്ടമായി 🙂

വിശദവിവരങ്ങള്‍ ഇവിടെ.

താഴെപ്പറയുന്ന ക്രമത്തിലാണു് നില.

മൊത്തം വോട്ടുകള്‍: 133

സ്ഥാനം ബ്ലോഗ് വോട്ടുകള്‍ ശതമാനം
1 കുറുമാന്റെ കഥകള്‍ 49 (36.8%)
2 ഗുരുകുലം 25 (18.8%)
3 ഇടിവാള്‍ 22 (16.5%)
4 മൊത്തം ചില്ലറ 19 (14.3%)
5 കൊടകരപുരാണം 13 (9.8%)
6 ശേഷം ചിന്ത്യം 5 (3.8%)

കുറുമാനു് അഭിനന്ദനങ്ങള്‍! കറന്റ് ബുക്സ്‌കാരേ, ഇപ്പോഴേ ബുക്കുചെയ്തോളൂ…. 🙂

(ബൂലോഗക്ലബ്ബില്‍ പോസ്റ്റു ചെയ്യാന്‍ നോക്കിയിട്ടു പറ്റിയില്ല. പുതിയ ബ്ലോഗര്‍ പ്രശ്നം. ആരെങ്കിലും അവിടെയും ദയവായി ഇടൂ…)

ബ്ലോഗ്

Comments (32)

Permalink

കവിതയും ചിഹ്നങ്ങളും

ഉമ്പാച്ചിയുടെ ആദ്യപകല്‍ എന്ന കവിതയ്ക്കു് അനംഗാരി എഴുതിയ കമന്റിനു് ഒരു പ്രതികരണം. അവിടെ ഒരു കമന്റിടാന്‍ നോക്കിയിട്ടു പറ്റാഞ്ഞിട്ടാണു് ഇവിടെ എഴുതുന്നതു്.

ദയവായി ഇതിന്റെ പ്രതികരണങ്ങള്‍ ഉമ്പാച്ചിയുടെ പോസ്റ്റില്‍ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.


വിപുലമായ വിഷയമായതുകൊണ്ടു് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കവിതകളില്‍ ചിഹ്നങ്ങളിടുന്നതിനെപ്പറ്റി പത്തറുപതു കൊല്ലം മുമ്പു് കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞതു കേള്‍ക്കുന്നതു രസാവഹമായിരിക്കും. (അവലംബം: സന്തോഷിന്റെ “കുത്തും കോമയും” എന്ന പോസ്റ്റ്‌.)

വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (………! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

അക്ഷരശ്ലോകം ഗ്രൂപ്പിനു വേണ്ടി ശ്ലോകങ്ങള്‍ ശേഖരിക്കുമ്പോള്‍ സംസ്കൃത-മലയാളശ്ലോകങ്ങളില്‍ അര്‍ത്ഥം വ്യക്തമാകത്തക്കവിധത്തില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കുന്ന ഒരു പരിഷ്കാരം ഞാന്‍ കൊണ്ടുവന്നിരുന്നു. ഇതിനെ പലരും ചോദ്യം ചെയ്തിരുന്നു. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല എന്നതാണു കാരണം.

അപരിചിതത്വം (unfamiliarity) ആണു് പലപ്പോഴും ഇത്തരം വിവാദങ്ങള്‍ക്കു കാരണം. സാഹിത്യത്തിന്റെ നിര്‍വ്വചനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഈ അടുത്ത കാലത്തു സംഗീതം നല്‍കിയ പാട്ടുകള്‍ പലതും ഹിറ്റായില്ലല്ലോ. പാട്ടുകളെ സംബന്ധിച്ചും ഗുണത്തെക്കാളേറേ നൊസ്റ്റാള്‍ജിയയാണു് ആളുകളെ അതിനോടു് അടുപ്പിക്കുന്നതെന്നു തോന്നുന്നു. അതുപോലെ വായനയുടെ ആദ്യഘട്ടത്തില്‍ നമുക്കു പരിചിതമാകുന്ന ഘടനയും സങ്കേതങ്ങളും ആ സാഹിത്യത്തിന്റെ നിര്‍വ്വചനമായി നാം ഉറപ്പിക്കുന്നതും ഇതിനു കാരണമാകുന്നു.

എന്നു പറഞ്ഞതുകൊണ്ടു് എന്തെഴുതിയാലും കവിതയായി എന്നര്‍ത്ഥമില്ല.

ഉമ്പാച്ചിയുടെ കവിത ഇഷ്ടമായി. എങ്കിലും ഉദാത്തം, പ്രതിഭയുടെ അനര്‍ഗ്ഗളപ്രവാഹം എന്നൊക്കെ ഇതിനെ പറയുന്നതു് അബദ്ധമാണു് എന്നും ഞാന്‍ കരുതുന്നു.

പ്രതികരണം

Comments Off on കവിതയും ചിഹ്നങ്ങളും

Permalink