April 2008

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം – 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ – ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

അക്ഷരശ്ലോകം
ആലാപനം (Recital)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (18)

Permalink

എനിക്കു രസമീ…

ഇതു ഗുരുകുലത്തിലെ 201-ാ‍മത്തെ പോസ്റ്റ്.

ബ്ലോഗ് തുടങ്ങിയതു് 2005 ജനുവരി 19-നു്. നൂറാമത്തെ പോസ്റ്റ് (പുഴ. കോമിലെ മകരസംക്രമഫലം – ഒരു വിശകലനം) 2006 ജൂലൈ 14-നു്-ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷം.

നൂറായി എന്നറിയിച്ച പോസ്റ്റ് (നൂറടിക്കുമ്പോള്‍…) കൃത്യം ഒന്നര വര്‍ഷത്തിനു ശേഷം – ജൂലൈ 18-നു്.

അടുത്ത 50 പോസ്റ്റുകള്‍ക്കു വെറും നാലു മാസമേ എടുത്തുള്ളൂ – നൂറ്റമ്പതാമത്തെ പോസ്റ്റ് (ഭയം) 2006 നവംബര്‍ 28-നു്. പക്ഷേ അടുത്ത 50 പോസ്റ്റുകള്‍ എഴുതാന്‍ 16 മാസമെടുത്തു. ഇരുനൂറാമത്തെ പോസ്റ്റ് (ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍) 2008 മാര്‍ച്ച് 31-നു്.

വ്യക്തിപരമായ കാരണങ്ങളാണു് ക്രമമില്ലാത്ത ഈ അക്രമത്തിന്റെ (പണ്‍ ഇന്റന്റഡ്) കാരണം. അതിനെപ്പറ്റി വിശദമായി ഇനിയൊരിക്കലെഴുതാം.

എന്തായാലും ഈ ക്രമമില്ലായ്മയിലൂടെ കടന്നു പോകുന്നതും ഒരു സുഖമാണു്. ഇടശ്ശേരി പറഞ്ഞതു പോലെ


എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…


അമിതസ്ഥൂലതയാണു് എന്റെ പോസ്റ്റുകളുടെ ഒരു പ്രധാന ന്യൂനത. എന്റെ അടുത്ത സുഹൃത്തും വിമര്‍ശകനുമായ രാജേഷ് വര്‍മ്മ എന്റെ മിക്ക പോസ്റ്റുകളും വായിക്കാറില്ല. പോസ്റ്റിന്റെ വലിപ്പം കണ്ടു് പകച്ചു് റിട്ടയര്‍ ചെയ്തതിനു ശേഷം സമയം കിട്ടുമ്പോള്‍ വായിക്കാന്‍ മാറ്റിവെയ്ക്കും.

അദ്ദേഹത്തിന്റെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതസ്തോത്രത്തിന്റെ വ്യാഖ്യാനമാണു് ഞാനെഴുതിയ ഏറ്റവും വലിയ പോസ്റ്റ് എന്നതു മറ്റൊരു കാര്യം. ഇതു വരെ എഴുതിയ പോസ്റ്റുകളില്‍ ഏറ്റവും പണിപ്പെട്ടതും അതിനു വേണ്ടിയാണു്. രാജേഷിന്റെ ഇരുപതു ശ്ലോകങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയതു കൂടാതെ ഒമ്പതു ശ്ലോകങ്ങള്‍ സ്വന്തമായെഴുതുകയും പല പ്രസിദ്ധവാക്യങ്ങളെയും വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയും ചെയ്ത ആ പോസ്റ്റാണു് എനിക്കേറ്റം പ്രിയപ്പെട്ടതും.

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പോസ്റ്റും അതു തന്നെ. പഴയ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും തങ്ങളുടെ പ്രവാചകന്‍ മാത്രമാണു ശരി എന്നും ശഠിക്കുന്ന മതമൌലികവാദികളെ പരിഹസിക്കുന്ന ആ പോസ്റ്റ് ഒരു കമ്യൂണിസ-ഉപാലംഭമാണെന്നു് വിവരമുള്ളവര്‍ കൂടി കരുതിയപ്പോള്‍ അദ്‌ഭുതം തോന്നി. ഒരു സ്തോത്രം എഴുതാന്‍ ഏറ്റവും യോജിക്കാത്ത ആളെ അന്വേഷിച്ചു് അവസാനം ഇ. എം. എസില്‍ എത്തിയ രാജേഷും മതഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനത്തിനു് ഏറ്റവും യുക്തിരഹിതമായ കമ്യൂണിസം തിരഞ്ഞെടുത്ത എന്നെയും കമ്യൂണിസ്റ്റ് വിരുദ്ധരെന്നു മുദ്ര കുത്തിയതു് ആക്ഷേപഹാസ്യം ഒരിക്കലും അരാഷ്ട്രീയമാവില്ല എന്നതിന്റെ തെളിവാണോ എന്തോ?

ഏറ്റവും ചെറുതു് എന്റെ ആദ്യത്തെ പോസ്റ്റു തന്നെ-പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്.


ഒരു വര്‍ഷത്തിനിടയില്‍ 134 പോസ്റ്റുകളിട്ട 2006 ഫെബ്രുവരി മുതല്‍ 2007 ജനുവരി വരെയുള്ള കാലമാണു് എന്റെ ബ്ലോഗിലെ ഇതു വരെയുള്ള സുവര്‍ണ്ണകാലം. ഒരു പോസ്റ്റു പോലും എഴുതാത്ത 2005 ജൂണ്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള അഞ്ചു മാസമാണു് ഏറ്റവും മോശം. അതിനിടയ്ക്കു നാല്പതു വയസ്സു തികഞ്ഞപ്പോള്‍ എഴുതിയ ഈ പോസ്റ്റ് ഇല്ലായിരുന്നെങ്കില്‍ ഇതു് ഒമ്പതു മാസമായി ഉയര്‍ന്നേനേ.

ഏറ്റവും കൂടുതല്‍ പോസ്റ്റുകളിട്ട മാസം 2006 ഫെബ്രുവരിയാണു് – 21 പോസ്റ്റുകള്‍. ഒരു പോസ്റ്റു പോലും എഴുതാത്ത 11 മാസങ്ങളുണ്ടു് ഇതു വരെ.


2006 ഓഗസ്റ്റ് ഇരുപതാം തീയതി എന്റെ ബ്ലോഗിംഗ് ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നാണു് മാതൃഭൂമി വാരാ‍ന്ത്യപ്പതിപ്പില്‍ ബ്ലോഗിനെപ്പറ്റി വന്ന ലേഖനത്തില്‍ എന്നെയും എന്റെ ബ്ലോഗിനെപ്പറ്റിയും പരാമര്‍ശിച്ചതു്.

അതിനു മുമ്പും ബ്ലോഗിനെപ്പറ്റിയുള്ള വാര്‍ത്തകളില്‍ എന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതു പോലെ ഒന്നു മുമ്പുണ്ടായിട്ടില്ല. എന്റെ നാട്ടിലെയും അമേരിക്കയിലും വിലാസവും ബ്ലോഗിനെപ്പറ്റിയുള്ള വിവരങ്ങളും ഒക്കെ ചേര്‍ത്തു് ഒരു പാരഗ്രാഫ്. ഈ ലേഖനം എഴുതാന്‍ വേണ്ടി ഈ സി. പി. ബിജു ഒരു ബ്ലോഗറായി കുറേ ദിവസം ബ്ലോഗുലകത്തില്‍ കറങ്ങി കുറേ പോസ്റ്റുകളും കമന്റുകളുമൊക്കെ ഇട്ടു് ഇതിന്റെ ഒരു ഫീലിംഗ് നേടിയിരുന്നെന്നാണു കേള്‍വി.

പത്രത്തില്‍ പേരൊക്കെ വന്നപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിനെപ്പറ്റിയും അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും കൂടുതല്‍ ബോധവാനാകുകയും പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം വിശാലനു പറ്റിയതു പോലെ പിന്നീടു മസിലു പിടിച്ചു മാത്രം എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്നല്ല പറയാന്‍ പോകുന്നതു്. വഴിത്തിരിവു് വേറൊരു വിധത്തിലായിരുന്നു.

അന്നു വരെ എന്റെ ബ്ലോഗിംഗ് പരമരഹസ്യമായിരുന്നു. സ്വന്തം പേരില്‍ത്തന്നെയാ‍ണു് എഴുതിയിരുന്നെങ്കിലും എന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അതിനെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നു് (അക്ഷരശ്ലോകം തുടങ്ങി) എന്റെ ഭാര്യയ്ക്കറിയാമായിരുന്നെങ്കിലും ഇത്രയും വലിയ ഒരു സെറ്റപ്പുണ്ടെന്നു് തത്രഭവതി അറിഞ്ഞിരുന്നില്ല.

മേല്‍പ്പറഞ്ഞ ലേഖനം എന്റെ അമ്മ വായിച്ചു. ഭാര്യയുടെ അമ്മ വായിച്ചു. ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ അമ്മ വായിച്ചു. (ഭാഗ്യത്തിനു ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ ആങ്ങള കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.) ഞായറാഴ്ച രാവിലെ (അപ്പോള്‍ ഇന്ത്യയില്‍ ഞായറാഴ്ച വൈകുന്നേരം) പതിവു പോലെ നാട്ടിലേക്കു വിളിച്ചപ്പോള്‍ ഇവര്‍ക്കൊക്കെ പറയാന്‍ ഈ വാര്‍ത്തയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രാവിലെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ ഈ ജനമൊക്കെ അവിടെയുണ്ടു്. ഇത്രയും കാലം കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരുന്നതു മുഴുവന്‍ ഇതിനായിരുന്നോ എന്ന മുഖഭാവവുമായി. ഭാഗ്യത്തിനു് അന്നത്തെ ലേറ്റസ്റ്റ് പോസ്റ്റ് ഗണിതവും വ്യാകരണവും ഒന്നുമായിരുന്നില്ല. മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന മനുഷ്യനു മനസ്സിലാകുന്ന ഒരു പോസ്റ്റായിരുന്നു.

അന്നു മുതല്‍ എന്റെ വീട്ടുകാരും കൂട്ടുകാരും എന്റെ ബ്ലോഗ് വായിച്ചു തുടങ്ങി. സിന്ധുവിനു് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് ഞാന്‍ വിശാഖിനെപ്പറ്റി എഴുതിയ അമ്മ ഇന്നാളു പറഞ്ഞല്ലോ ആണു്. മകനെപ്പറ്റിയുള്ള പൊങ്ങച്ചമായതിനാലാണോ തത്രഭവതിയും അതിലെ ഒരു കഥാപാത്രമായതു കൊണ്ടാണോ എന്നെ അതിലൊരു വിഡ്ഢിയായി ചിത്രീകരിച്ചതു കൊണ്ടാണോ എന്നു് എനിക്കറിയില്ല. (ബൂലോഗത്തിലെ ഹാസ്യസമ്രാട്ടു് അരവിന്ദനും ഒരിക്കല്‍ ആ പോസ്റ്റാണു തനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് എന്നു പറഞ്ഞിട്ടുണ്ടു്.)


200 പോസ്റ്റുകള്‍ക്കു മൊത്തം 4640 കമന്റുകള്‍ കിട്ടി. (ഡിലീറ്റു ചെയ്ത കമന്റുകള്‍ കണക്കിലെടുക്കാതെ.) ഒരു പോസ്റ്റിനു ശരാശരി 23 കമന്റുകള്‍. ഏറ്റവും കൂടുതല്‍ കമന്റുകളിട്ടതു് ആരാണെന്നു് അറിയില്ല. പല പേരുകളില്‍ കമന്റിട്ട ദേവനാവാം. അല്ലെങ്കില്‍ വക്കാരിയാവാം. ഏതായാലും എല്ലാ കമന്റുകളിലും കൂടി ഏറ്റവും കൂടുതല്‍ വാക്കുകളെഴുതിയതു് വക്കാരി തന്നെ – ഉദാഹരണമായി ഈ കമന്റ്.

ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയതു് (528) Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിനാണു്. പോസ്റ്റിന്റെ ഗുണം കൊണ്ടൊന്നുമല്ല, പിന്മൊഴികളില്ലെങ്കിലും കമന്റു വീഴും എന്നു തെളിയിക്കാന്‍ ആളുകള്‍ മത്സരിച്ചു കമന്റടി ആഘോഷം നടത്തിയതിന്റെ ബഹളമാണു് അവിടെ. നൂറു പോസ്റ്റു തികച്ചപ്പോള്‍ എഴുതിയ നൂറടിക്കുമ്പോള്‍… എന്ന പോസ്റ്റിലും ഇങ്ങനെയൊരു കമന്റടി മഹാമഹം (231 കമന്റുകള്‍) നടന്നിരുന്നു. ഭാഗ്യത്തിനു് ഈ രണ്ടു പോസ്റ്റുകളിലൊഴികെ ഒന്നിലും കാര്യമാത്രപ്രസക്തമല്ലാത്ത കമന്റുകള്‍ കുറവായിരുന്നു എന്നതു് ആശ്വാസം. അനോണികള്‍ക്കും (ആന്റണി ഒഴികെ) വര്‍മ്മമാര്‍ക്കും (രാജേഷ് ഒഴികെ) എന്റെ ബ്ലോഗിലെ ഭക്ഷണം ദഹിക്കാത്തതുകൊണ്ടാവാം!

ഈ രണ്ടു പോസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ 198 പോസ്റ്റുകളില്‍ കിട്ടിയ കമന്റുകള്‍ 3881. അതായതു് ശരാശരി ഒരു പോസ്റ്റിനു് ഏകദേശം പത്തൊമ്പതര കമന്റുകള്‍.

ഏറ്റവും സന്തോഷം തന്ന കമന്റുകള്‍ സമസ്യാപൂരണങ്ങള്‍ക്കാണു്. നശിച്ചു പോയ ഒരു വിനോദം എന്നു കരുതിയ സമസ്യാപൂരണത്തിനു് ഇത്രയും വലിയ പ്രതികരണം കിട്ടുമെന്നു കരുതിയില്ല.

ഏറ്റവും കനത്ത കമന്റുകള്‍ കിട്ടിയ പോസ്റ്റുകള്‍ മനുസ്മൃതിയെപ്പറ്റി എഴുതിയ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്നതും അതിന്റെ തുടര്‍ച്ചയായ സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും… എന്നതുമാണു്. ഏറ്റവും നൊസ്റ്റാല്‍ജിയ നിറഞ്ഞ കമന്റുകള്‍ മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന പോസ്റ്റിനു കിട്ടിയ റേഡിയോപ്പരസ്യങ്ങളെപ്പറ്റിയുള്ള കമന്റുകളാണു്. ഏറ്റവും രസകരമായ കമന്റുകള്‍ ഉത്തമഭാര്യ എന്ന പോസ്റ്റിനു കിട്ടിയവയാണു്. എങ്കിലും എന്നെ ഏറ്റവും ചിരിപ്പിച്ചതു് കാര്യമായ ഫലിതമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഈ കമന്റാണു് (എഴുതിയതു് ആദിത്യന്‍).


മുപ്പത്തേഴു വിഭാഗങ്ങളിലായാണു് (categories) ഇത്രയും പോസ്റ്റുകള്‍ എഴുതിയതു്. 67 പോസ്റ്റുകളുള്ള ഭാരതീയഗണിതം ആണു് ഏറ്റവും മുന്നില്‍. (അവിടെ ഒരു പോസ്റ്റിട്ടിട്ടു് 15 മാസത്തിലധികമായി എന്നതു മറ്റൊരു കാര്യം.) 40 പോസ്റ്റുകളുള്ള സുഭാഷിതം, 35 പോസ്റ്റുകളുള്ള കവിതകള്‍ എന്നിവയാണു് അതിനു പുറകില്‍.

പല വിഭാഗങ്ങളും ഒരു ആവേശത്തിനു് തുടങ്ങിയതാണു്. ഏഴെണ്ണത്തില്‍ ഓരോ പോസ്റ്റു മാത്രമേ ഉള്ളൂ. പത്തോ അതിലധികമോ പോസ്റ്റുകള്‍ ഉള്ള വിഭാഗങ്ങള്‍ പത്തെണ്ണം മാത്രം.

ഏറ്റവും ആദ്യം തുടങ്ങിയ വിഭാഗം വ്യാകരണം. ഇതുവരെയുള്ളതില്‍ അവസാനത്തേതു് സരസശ്ലോകങ്ങള്‍.


സ്വന്തം ബ്ലോഗില്‍ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്തിട്ടുള്ളതു് ശേഷം ചിന്ത്യം എഴുതുന്ന സന്തോഷ് ആണെന്നു തോന്നുന്നു. ഞാന്‍ ഏറ്റവും ലിങ്കു ചെയ്തിട്ടുള്ള ബ്ലോഗ് എന്റേതു തന്നെ. മറ്റു ബ്ലോഗുകളില്‍ ഏതെന്നു പിടിയില്ല. രാജേഷ് വര്‍മ്മയുടെ നെല്ലിക്കയോ ജ്യോതിര്‍മയിയുടെ വാഗ്ജ്യോതിയോ ആയിരിക്കണം.

ഒരു പോസ്റ്റില്‍ നിന്നു തന്നെ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്ത പോസ്റ്റ് രാജേഷ് വര്‍മ്മയുടെ സ്വാതന്ത്ര്യദിനസ്മരണകള്‍ ആണു്. (ആ പോസ്റ്റിനു് ഒരു പ്രതികാരപ്പോസ്റ്റ് അന്നെഴുതിത്തുടങ്ങിയതു് ഇതു വരെ തീര്‍ന്നില്ല.)

എന്റെ ബ്ലോഗിനെയും എഴുത്തിനെയും പറ്റി ഇതു വരെ രണ്ടുപേര്‍ മാത്രമേ നിരൂപണം എഴുതിയിട്ടുള്ളൂ-ഉമേഷിനു സ്നേഹപൂര്‍വ്വം എഴുതിയ ചന്ത്രക്കാറനും, “എന്തൊരഹന്ത!” തുടങ്ങിയ പല പോസ്റ്റുകളില്‍ക്കൂടി വിമര്‍ശിച്ച ജ്യോതിര്‍മയിയും. (ജ്യോതിയുടെ വിമര്‍ശനങ്ങളില്‍ വെട്ടിച്ചുരുക്കിയ അമ്മ നല്ല അമ്മ ഒഴികെ എല്ലാം ഡിലീറ്റു ചെയ്തു കളഞ്ഞു.)

എന്നെപ്പറ്റി അഭിപ്രായം എഴുതിയില്ലെങ്കിലും വിശാലനും സൂവും എന്നെ സ്വപ്നം കണ്ടിട്ടുണ്ടു്. അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതുകൊണ്ടു് ഞാന്‍ പലരുടെയും പേടിസ്വപ്നങ്ങളില്‍ കടന്നുവന്നിരുന്നു. ഈയിടെയായി ആ പണി നിര്‍ത്തിയതുകൊണ്ടു് ബ്ലോഗേഴ്സ് സുഖമായി ഉറങ്ങുന്നുണ്ടു്.

(ഞാന്‍ ഇവരെയൊന്നും സ്വപ്നം കണ്ടിട്ടില്ല. അതിനു സമയമുണ്ടായിരുന്നെങ്കില്‍ ആ സമയത്തു് ഉണര്‍ന്നിരുന്നു രണ്ടു പോസ്റ്റെഴുതാമായിരുന്നു!)


ഞാന്‍ എഴുതിയവയെ തെറ്റായി ധരിച്ചും ധരിച്ചെന്നു നടിച്ചും പലരും പലയിടത്തും എഴുതിയിട്ടുണ്ടു്. ഞാന്‍ ഒരു വലിയ ജ്യോതിഷവിശ്വാസിയാണെന്നും കമ്യൂണിസ്റ്റ് വിരോധിയാണെന്നും അമേരിക്കന്‍ ലോബി വര്‍ക്കറാ‍ണെന്നും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവനാണെന്നും മറ്റും പലയിടത്തും വായിച്ചിട്ടുണ്ടു്.

അത്തരത്തിലുള്ള മഞ്ഞക്കണ്ണടകളില്‍ പ്രമുഖമാണു് സ്വതന്ത്രമലയാ‍ളം കമ്പ്യൂട്ടിംഗിലെ വാചകമടിവിദഗ്ദ്ധനായ അനിവര്‍ അരവിന്ദ് സ്വ.മ.ക. മെയിലിംഗ് ലിസ്റ്റിലേക്കയച്ച ഈ കത്തു്.

മലയാളം യൂണിക്കോഡിന്റെ ലോകത്ത് “ചില്ല് ” അഥവാ ചില്ലക്ഷരങ്ങള്‍ വലിയൊരു പ്രതീകമാണ്. അത് ഒരുപാട് ഈഗോകളേയും(ഇതിന് മലയാളം എന്താണാവോ?) അവയ്ക്ക് ബൂലോകത്തിലുള്ള (മലയാളം ബ്ലോഗുലകം)സ്വാധീനത്തേയും (തെറ്റിദ്ധരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നു തിരുത്ത് ) തുറന്നു കാട്ടുന്നു. അത് മലയാളം ബ്ലോഗര്‍മാരെക്കൊണ്ട് (ബ്ലോഗിനികളെക്കൊണ്ടും) ഇങ്ങനെ പ്രാര്‍ത്ഥനവരെ ഏറ്റ് ചൊല്ലിച്ചു.

“യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ! നിന്റെ നാമം ബൂലോഗമാകേണമേ. നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ. നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍‌ഫോക്സിലും കാണപ്പെടേണമേ.

അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ. ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടും പൊറുക്കേണമേ. ”

രചന (കോപ്പിറൈറ്റും): ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ ഗുരുകുലം ( ബ്ലോഗ് സെമിനാരി)

മലയാളം ചില്ലക്ഷരത്തിലാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും എന്നും ZWJ , ZWNJ തുടങ്ങിയവ ചെകുത്താന്റെ സന്തതികളാണെന്നും ഏതുറക്കത്തില്‍ വിളിച്ച് ചോദിചാലും മലയാളം ബ്ലോഗര്‍മാര്‍ വരമൊഴി വിക്കിയയിലെ റഫറന്‍സ് url ഉള്‍പ്പെടെ പറഞ്ഞു തരുമായിരുന്നു.
[…]

എന്റെ Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിലെ വരികള്‍ ഇഞ്ചിപ്പെണ്ണു് തന്റെ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ കുറിച്ചിട്ടിരുന്നതാണു് (ഗുരുകുലം സെമിനാരി എന്ന പ്രയോഗം അതിലുള്ളതാണു്) അനിവറിന്റെ സമനില തെറ്റിച്ചതു്. ക്രിസ്തുവിന്റെ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന ഏകപ്രാര്‍ത്ഥനയ്ക്കു പാരഡിയായി എഴുതിയ ആ നര്‍മ്മപ്രാര്‍ത്ഥനയിലെ “നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ” എന്ന വരിയെയാണു് യൂണിക്കോഡില്‍ സിബുവും മറ്റും വാദിക്കുന്ന അറ്റോമിക് ചില്ലുകള്‍ കൊണ്ടുവരണേ എന്നു ഞാന്‍ ബ്ലോഗെഴുത്തുകാരെക്കൊണ്ടു് ഏറ്റുചൊല്ലിച്ചതായി അനിവര്‍ വ്യാഖ്യാനിച്ചതു്. ഞാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ യൂണിക്കോഡില്‍ ചില്ലക്ഷരങ്ങള്‍ ശരിക്കു കാണിക്കണേ എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ എന്നു് തലയ്ക്കു സ്ഥിരതയുള്ള ആര്‍ക്കും മനസ്സിലാകും. (അതു് അതിനു ശേഷമുള്ള “നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍‌ഫോക്സിലും കാണപ്പെടേണമേ…” എന്നതില്‍ നിന്നു വ്യക്തമാണു്. ഇനി അതിനു കുത്തകബ്രൌസര്‍ നല്ലതും സ്വതന്ത്രബ്രൌസര്‍ ചീത്തയുമാണെന്ന അര്‍ത്ഥം എപ്പോഴാ‍ണോ ഉണ്ടാക്കിക്കൊണ്ടു വരുക!) ചില്ലക്ഷരങ്ങള്‍ ശരിക്കു കാണാത്തതു് മലയാളം യൂണിക്കോഡ് വായിക്കുന്ന പലരുടെയും പ്രശ്നമാണു്. ദാ‍ ഇപ്പോള്‍ തന്നെ, വിന്‍ഡോസ് എക്സ്-പി-യില്‍ ഫയര്‍ഫോക്സില്‍ ഈ എഴുതുന്നതില്‍ ഒരു ചില്ലു പോലും കാണാന്‍ പറ്റുന്നില്ല.

“ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ…” എന്നെഴുതിയതു ശ്രദ്ധിക്കുക. കൂ‍ടെ ജോലി ചെയ്യുന്നവനെ സഹായിക്കുകയാണെന്നു വ്യംഗ്യം. ആ പോസ്റ്റ് എഴുതുന്ന കാലത്തു് ഞാന്‍ ഗൂഗിളില്‍ ജോലി ചെയ്യുകയല്ല. യൂണിക്കോഡിന്റെയും അറ്റോമിക് ചില്ലുകളുടെയും സാങ്കേതികതയെപ്പറ്റി കാര്യമായ വിവരവുമില്ല. (അനിവര്‍ ഇതെഴുതുമ്പോള്‍ സംഗതി മാറി.) അനിവറിനു് ആരോപണമുന്നയിക്കാന്‍ വ്യക്തമായ അടിസ്ഥാനമൊന്നും വേണ്ടല്ലോ. മഹേഷ് പൈയെ എതിര്‍ക്കാന്‍ ഇന്‍ഡിക്ക് ലിസ്റ്റില്‍ വക്കീലന്മാരെ മുഴുവന്‍ തെറി പറഞ്ഞ വീരനില്‍ നിന്നു ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

മലയാ‍ളത്തിലെ ബ്ലോഗെഴുത്തുകാരെ തെറ്റിദ്ധരിപ്പിക്കുകയും അവരെക്കൊണ്ടു തെറ്റുകള്‍ ഏറ്റുപറയിക്കുകയും ചെയ്യുന്ന, ബൂലോഗത്തില്‍ ഏറെ സ്വാധീനമുള്ള ഈഗോ എന്നാണു് അനിവര്‍ എന്നെ വിശേഷിപ്പിച്ചതു്. ഇതുവരെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നു് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോഴും അവ വസ്തുനിഷ്ഠമാകാനും രണ്ടു പക്ഷങ്ങളിലെയും ന്യായാന്യായങ്ങള്‍ പരിശോധിക്കാനും എന്നും ശ്രമിക്കാറുമുണ്ടു്.


കൊച്ചുത്രേസ്യ തന്റെ വാര്‍ഷികപോസ്റ്റില്‍ താന്‍ ബ്ലോഗിംഗ് തുടങ്ങിയതു അരവിന്ദന്‍ കാരണമാണെന്നും ആ ദ്രോണാചാര്യര്‍ക്കു കീബോര്‍ഡിലെ എന്റര്‍ കീ പോലും കൊടുക്കാന്‍ തയ്യാറാണെന്നും വായിച്ചു ഞാന്‍ ഗദ്ഗദകണ്ഠനായി. ആരെങ്കിലും എന്നെപ്പറ്റി അങ്ങനെ പറയുമോ? എവിടെ? ഞാന്‍ മൂലം ബ്ലോഗിംഗും മലയാളഭാഷയും നിര്‍ത്തിയവരുണ്ടാവാം. തുടങ്ങിയവര്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല.

അങ്ങനെയങ്ങു് എഴുതിത്തള്ളാന്‍ വരട്ടേ. താന്‍ ബ്ലോഗിംഗ് തുടങ്ങിയതു് എന്റെ വസന്തതിലകം എന്ന പോസ്റ്റ് വായിച്ചതിനു ശേഷമാണെന്നു് ഡാലി ഇവിടെ പറഞ്ഞിട്ടുണ്ടു്. (കൊടകരപുരാണം മൂലമാണു ബ്ലോഗിലെത്തിയതു് എന്നു പറഞ്ഞതു ഞാന്‍ വിഴുങ്ങുന്നു. ഇങ്ങനെയാണല്ലോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതു്!) ഡാലിയെപ്പോലെ വ്യക്തിത്വമുള്ള ഒരു നല്ല എഴുത്തുകാരിക്കു് അല്പമെങ്കിലും പ്രചോദനം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍!

വേറേ ആര്‍ക്കെങ്കിലും എന്റെ എഴുത്തു കൊണ്ടു ഗുണമുണ്ടായെന്നതിനു് ഇതു വരെ തെളിവൊന്നുമില്ല.


“ഗുരുകുലം” തുടങ്ങുന്നതിനു മുമ്പു് ബ്ലോഗ്സ്പോട്ടില്‍ എനിക്കു് ഒരു ഡസനോളം ബ്ലോഗുകള്‍ ഉണ്ടായിരുന്നു. അവയിലെ പോസ്റ്റുകളെല്ലാം കൂട്ടിയാണു് കൈപ്പള്ളിയുടെ സൂചിക എന്നെ ഏറ്റവും കൂടുതല്‍ പോസ്റ്റ് എഴുതിയ ബ്ലോഗറാക്കിയതു്.

പക്ഷേ, ആ വസ്തുത ശരിയല്ല. അതിലെ അഞ്ഞൂറിലധികം പോസ്റ്റുകള്‍ അക്ഷരശ്ലോകസദസ്സിലെ ശ്ശ്ലോകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന അക്ഷരശ്ലോകസദസ്സ് എന്ന ബ്ലോഗില്‍ നിന്നാണു്. അക്ഷരശ്ലോകത്തിനു വേണ്ടി ഒരു വെബ് പേജ് തുടങ്ങിയതോടെ ആ ബ്ലോഗ് നിന്നു. (ഈ പേജും ഇപ്പോള്‍ ഔട്ട്ഡേറ്റഡ് ആണു്.) അതു തുടര്‍ന്നിരുന്നെങ്കില്‍ എന്റെ പോസ്റ്റുകളുടെ എണ്ണം ഗിന്നസ് ബുക്കില്‍ കടന്നേനേ. അക്ഷരശ്ലോകസദസ്സിലെ ശ്ലോകങ്ങളുടെ എണ്ണം 5000 കവിഞ്ഞു.

ഇപ്പോള്‍ ഗുരുകുലം കൂടാതെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗു കൂടി ഞാന്‍ എഴുതുന്നുണ്ടു്. പസ്സിലുകള്‍ക്കു വേണ്ടി. പസ്സിലുകളെക്കാള്‍ ബ്ലോഗുലകത്തിലുള്ള ആളുകളെപ്പറ്റി കഥകളെഴുതാനും ചൊറിയാനും (പുറം ചൊറിയാനല്ല) ആണു് ആ ബ്ലോഗ് ഉപയോഗിക്കുന്നതു്. “ബുദ്ധിപരീക്ഷ” എന്ന പേരു് “വ്യക്തിഹത്യ” എന്നു് ആക്കിക്കൂടേ അന്നു പലരും ചോദിച്ചിട്ടുണ്ടു്.


എന്നെപ്പറ്റി പലര്‍ക്കുമുള്ള ഒരു പരാതി പോസ്റ്റെഴുതാന്‍ ഞാന്‍ കാണിക്കുന്ന ശുഷ്കാന്തി കമന്റുകള്‍ക്കു മറുപടി പറയാന്‍ കാണിക്കുന്നില്ല എന്നതാണു്. അതു സമ്മതിക്കുന്നു.

വളരെക്കാലം കൊണ്ടാണു് ഒരു പോസ്റ്റെഴുതുന്നതു്. കിട്ടുന്ന സമയത്തിനു കുറച്ചുകുറച്ചെഴുതി. കമന്റ് ഒന്നിച്ചെഴുതണം എന്നതു കൊണ്ടു പലപ്പോഴും മാറ്റിവെയ്ക്കും. മറ്റാരെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അതു് ആവര്‍ത്തിക്കാന്‍ മിനക്കെടാറുമില്ല.

സന്തോഷ് തോട്ടിങ്ങലിന്റെ ഈ ചോദ്യം, ജ്യോതിര്‍മയിയുടെ ഈ ചോദ്യം തുടങ്ങിയവയുടെ ഉത്തരങ്ങള്‍, വക്കാരിയുടെ ചോദ്യത്തിനുത്തരമായി എഴുതാമെന്നു് ഇവിടെ വാക്കു കൊടുത്ത പോസ്റ്റ് തുടങ്ങി ഒരുപാടു മറുപടികള്‍ പറയാന്‍ കിടക്കുന്നു. പലതിനും മറുപടിയായി പോസ്റ്റുകള്‍ എഴുതിത്തുടങ്ങിയിട്ടും ഉണ്ടു്. സമയം അനുവദിക്കുന്നതനുസരിച്ചു് മറുപടി പറയാന്‍ ശ്രമിക്കാറുണ്ടു്. അത്രയേ പറയാന്‍ പറ്റൂ. ക്ഷമിക്കുക.


ഞാന്‍ ഒരു പോസ്റ്റെഴുതാന്‍ എത്ര സമയമെടുക്കുന്നു എന്നും അതില്‍ എത്ര സമയം വീടു്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചു ചെലവാക്കുന്നു എന്നും അങ്കിള്‍ ഇവിടെ സംശയം ചോദിച്ചിരുന്നു. അങ്കിളിന്റെ സംശയദൂരീകരണത്തിനായി അന്ത അഹന്തയ്ക്കിന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതുമ്പോള്‍ ഞാന്‍ സമയത്തിനു കണക്കു വെച്ചിരുന്നു. വിശദവിവരങ്ങള്‍ താഴെ:

എഴുതിയ വിഷയങ്ങള്‍‍: എഴുതിയ സ്ഥലങ്ങള്‍:
7 ശ്ലോകങ്ങള്‍ ടൈപ്പു ചെയ്യാന്‍ : 20 മിനിറ്റ് പോര്‍ട്ട്‌ലാന്‍ഡില്‍ വെക്കേഷനു പോയപ്പോള്‍ : 115 മിനിറ്റ്
7 ശ്ലോകങ്ങള്‍ക്കു് അര്‍ത്ഥമെഴുതാന്‍ : 45 മിനിറ്റ് വീട്ടില്‍ വെച്ചു് : 195 മിനിറ്റ്
7 ശ്ലോകങ്ങള്‍ റെക്കോര്‍ഡു ചെയ്യാനും MP3 ആക്കി അപ്‌ലോഡു ചെയ്യാനും : 55 മിനിറ്റ് ബസ് സ്റ്റോപ്പിലും ബസ്സിലും ഇരുന്നു് : 25 മിനിറ്റ്
ബാക്കി പോസ്റ്റെഴുതാന്‍ : 255 മിനിറ്റ് ഓഫീസ് സമയത്തു് : 15 മിനിറ്റ്
അവസാന മിനുക്കു പണികള്‍, ലിങ്കു കൊടുക്കല്‍ etc. : 20 മിനിറ്റ് സുഹൃത്തുക്കളുടെ വീട്ടില്‍ : 35 മിനിറ്റ്


മൊത്തം : 385 മിനിറ്റ് മൊത്തം : 385 മിനിറ്റ്


മൊത്തം ആറേകാല്‍ മണിക്കൂര്‍ എടുത്തു അതെഴുതാന്‍. എഴുതാന്‍ തുടങ്ങിയതു് ഫെബ്രുവരി 8-നാണു്. എഴുതിത്തീര്‍ത്തതു് മാര്‍ച്ച് 5-നും. അതു കൊണ്ടു് മൊത്തം 27 ദിവസം എടുത്തു എന്നും പറയാം. പ്രതിദിനം 15 മിനിട്ടില്‍ താഴെ. ഇതിനിടയില്‍ മറ്റു പല പോസ്റ്റുകളിലും സമയം ചെലവഴിച്ചിട്ടുണ്ടു്.

അങ്കിളിനു് ആവശ്യമായ വിവരങ്ങളൊക്കെ ആയോ?


ഒരു പോസ്റ്റെഴുതാന്‍ 27 ദിവസം എന്നതു് എന്റെ ശരാശരിയെക്കാള്‍ വളരെ കുറവാണു്. പല പോസ്റ്റുകളും എഴുതുന്നതു മാസങ്ങളെടുത്താണു്.

ഇതു വരെ പൂര്‍ത്തിയാക്കിയവയില്‍ ഏറ്റവും കൂടുതല്‍ കാലം എഴുതിയതു് ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റാണു്. 2006 മാര്‍ച്ചില്‍ തുടങ്ങിയതു് രണ്ടു വര്‍ഷത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതു്. ഇപ്പോള്‍ ഈ ബ്ലോഗില്‍ (ഈ പോസ്റ്റു കൂട്ടാതെ) 42 ഡ്രാഫ്റ്റ് പോസ്റ്റുകള്‍ ഉണ്ടു്. 2006 ജൂണില്‍ എഴുതിത്തുടങ്ങിയ വൃത്തനിര്‍ണ്ണയം എന്ന പോസ്റ്റാണു് (വൃത്തം കണ്ടുപിടിക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ്) പൂര്‍ത്തിയാകാതെ കിടക്കുന്ന ഏറ്റവും പഴയ പോസ്റ്റ്. “അരണ്യരുദിതം കൃതം” എന്ന ശ്ലോകം വിവരിക്കുന്ന സുഭാഷിതമാണു് ഏറ്റവും പുതിയതു്.

ഒരു ആശയം തോന്നിയാല്‍ അതു മറന്നു പോകാതിരിക്കാന്‍ തലക്കെട്ടും രണ്ടോ മൂന്നോ വാക്യങ്ങളും എഴുതി ഒരു ഡ്രാഫ്റ്റ് പോസ്റ്റ് ഉണ്ടാക്കും. പല പോസ്റ്റുകളും കുറേ എഴുതിക്കഴിയുമ്പോള്‍ അതിലുള്ള ഉത്സാഹം നഷ്ടപ്പെട്ടിട്ടു് അവിടെയിടും. പിന്നെ എന്നെങ്കിലും അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കു് അതു മറ്റൊരു സാധനമായിട്ടുണ്ടാവും.


ഈ ബ്ലോഗിലെ സമയം ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം അല്ല. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പസഫിക് സ്റ്റാന്ഡേര്‍ഡ്/ഡേലൈറ്റ് സമയവുമല്ല. Universal time എന്നു വിളിക്കുന്ന GMT ആണു്. ഇതു പ്രസിദ്ധീകരിക്കുന്നതു് ഏപ്രില്‍ 24 8:45 AM എന്നു പറഞ്ഞാല്‍ അതിനും അഞ്ചര മണിക്കൂര്‍ കഴിഞ്ഞു് 2:45 PM ആണു് ഇന്ത്യയിലെ സമയം. ഏഴു മണിക്കൂര്‍ മുമ്പു് (നവംബര്‍ മുതല്‍ മാര്‍ച്ച് വരെ എട്ടു മണിക്കൂര്‍ മുമ്പു്) 1:45 AM ആണു് എന്റെ സമയം. ഞാന്‍ ഓഫീസ് സമയത്താണു ബ്ലോഗ് ചെയ്യുന്നതു് എന്നു് അങ്കിളിനു തോന്നിയതു് ഞാന്‍ പല പോസ്റ്റുകളും വീട്ടിലിരുന്നു രാവിലെ പ്രസിദ്ധീകരിച്ചതുകൊണ്ടാവണം.


അടുത്ത കാലം വരെ ഇതില്‍ ലിങ്കുകള്‍ കാണിച്ചിരുന്നതു് അക്ഷരത്തിന്റെ നിറം നീലയാക്കി മാത്രമായിരുന്നു. അടിവരയിടാഞ്ഞതു മനഃപൂര്‍വ്വമാണു്. കാരണം, അടിവരയിട്ടാല്‍ വര പലപ്പോഴും അക്ഷരങ്ങള്‍ക്കിടയിലൂടെയാണു പോകുന്നതു്. ഉദാഹരണമായി കുട്ടപ്പന്‍ എന്നതു് അടിവരയിട്ടതു ശ്രദ്ധിക്കൂ. മലയാളത്തിനു് അടിവര അത്ര ശരിയല്ലെന്നു തോന്നി.

ലിങ്കുകള്‍ ഇങ്ങനെ കാണിക്കുന്നതു കൊണ്ടു് പലതും ആളുകള്‍ കാണാതെ പോകുന്നു എന്നു തോന്നി. പച്ചാളത്തിന്റെ ഈ കമന്റാണു് ഇതു വെളിവാക്കിയതു്. എങ്കിലും അടിവരയിട്ടു വൃത്തികേടാക്കണ്ടാ എന്നു കരുതി.

രക്ഷയ്ക്കെത്തിയതു സിബുവാണു്. സിബുവിന്റെ നിര്‍ദ്ദേശമനുസരിച്ചു് അടിവരയിടുന്നതിനു പകരം അക്ഷരത്തിനു ചുറ്റും ബോര്‍ഡര്‍ വരച്ചു. താഴെയുള്ള വര മാത്രം കട്ടിയിലും ബാക്കി വീതിയില്ലാത്ത വരകളായും വരച്ചപ്പോള്‍ സംഗതി അടിവരയായി. ഇപ്പോള്‍ കുട്ടപ്പന്‍ കുട്ടപ്പനായി.

സിബുവിനു നന്ദി. സിബു പറഞ്ഞു തന്ന CSS trick താഴെ:

  a {
    text-decoration: none;
    border-width: 1px;
    border-color: #546188;
    border-bottom-style: solid;
  }

മറ്റു പല ബ്ലോഗുകള്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ ഈ ബ്ലോഗിനുണ്ടു്.

  • ഈ ബ്ലോഗ് ബ്ലോഗറിലല്ല. വേര്‍ഡ്പ്രെസ്സ് ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്താണു് ഇതു നടത്തുന്നതു്. അതിനാല്‍ ഫോര്‍മാറ്റിംഗിലും അവതരണത്തിലും ചില സൌകര്യങ്ങളൊക്കെയുണ്ടു്. അതേ സമയം, ബായ്ക്ക് ലിങ്കുകള്‍, കൈപ്പള്ളിയുടെ സൂചികയിലും ഗൂഗിളിന്റെ ബ്ലോഗ് സേര്‍ച്ചിലും വരല്‍ തുടങ്ങിയ ചില കാര്യങ്ങള് ബ്ലോഗറിനെപ്പോലെ ഇതില്‍ കിട്ടിയെന്നു വരില്ല.
  • തന്നത്താനെ അപ്‌ഡേറ്റ് ആകുന്ന, വിഭാഗം തിരിച്ച ഒരു ഇന്‍ഡക്സ് ഇതിനുണ്ടു്. പഴയ പോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍ ഇതാണു നല്ല വഴി. കൂടാതെ ഏറ്റവും പുതിയ 25 പോസ്റ്റുകള്‍ ഇടത്തുവശത്തുള്ള സൈഡ്‌ബാറില്‍ കാണാം.
  • എന്റെ വകയാ‍യി കുറച്ചു ഫോര്‍മാറ്റിംഗ് പരീക്ഷണങ്ങള്‍ ഇതില്‍ ശ്രമിച്ചിട്ടുണ്ടു്. ശ്ലോകങ്ങള്‍ക്കും മറ്റും പ്രത്യേക വലിപ്പവും നിറവും കൊടുക്കുക, ഉദ്ധരണികള്‍ക്കും അടിക്കുറിപ്പുകള്‍ക്കും പ്രത്യേക രീതികള്‍ ഉപയോഗിക്കുക, കമന്റുകള്‍ക്കു മറുപടി അതിനോടൊപ്പം തന്നെ ചേര്‍ക്കുക തുടങ്ങി പലതും.
  • ഗണിതസൂത്രവാക്യങ്ങളും മറ്റും കാണിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി,

  • സ്പാമന്മാരെ ഓടിക്കാനുള്ള വേര്‍ഡ് വേരിഫിക്കേഷന്‍ അക്കത്തിലാണു്. അതിനാല്‍ കീമാനും മറ്റും ഉപയോഗിക്കുന്നവര്‍ കാപ്ച ടൈപ്പു ചെയ്യാന്‍ മാത്രം മോഡ് മാറ്റേണ്ട കാര്യമില്ല.
  • ഇടയ്ക്കൊരു കുഞ്ഞു വരയിട്ടു് തമ്മില്‍ ചേരാത്ത വിഷയങ്ങളെ വേര്‍തിരിക്കുന്ന സമ്പ്രദായവും മലയാളം ബ്ലോ‍ഗില്‍ ഞാനാണു തുടങ്ങിയതെന്നു തോന്നുന്നു.

മനഃപൂര്‍വ്വം വലിച്ചുനീട്ടിയതാണു് ഈ പോസ്റ്റ്. എന്റെ പല പോസ്റ്റുകളും ഇതുപോലെ വലിച്ചുനീട്ടിയ പോസ്റ്റുകളാണെന്നും പലതും എഡിറ്റു ചെയ്തു ചെറുതാക്കണം എന്നും (അരവിന്ദന്റെയും കുറുമാന്റെയും പോസ്റ്റുകളെപ്പറ്റിയും ഇതു തോന്നിയിട്ടുണ്ടു്) ഉള്ള തോന്നലില്‍ നിന്നാണു് ഇരുനൂറു തികച്ചതിനെപ്പറ്റിയുള്ള ഈ പോസ്റ്റ് ഇങ്ങനെ വലിച്ചുവാരി എഴുതണമെന്നു തോന്നിയതു്.

ഒരു പോസ്റ്റില്‍ നിന്നു് എന്റെ ബ്ലോഗിലേക്കു് ഏറ്റവും കൂടുതല്‍ ലിങ്കു കൊടുത്തതു രാജേഷ് വര്‍മ്മയാണെന്നു മുകളില്‍ പറഞ്ഞതു തെറ്റാണു്. ഞാന്‍ തന്നെയാണതു്. ഈ പോസ്റ്റില്‍ എന്റെ ബ്ലോഗിലെ പോസ്റ്റുകളിലേക്കും പേജുകളിലേക്കും കമന്റുകളിലേക്കുമായി 34 ലിങ്കുകളുണ്ടു്. രാജേഷിന്റെ പോസ്റ്റില്‍ വെറും 14 ലിങ്കുകളേയുള്ളൂ.


ഇങ്ങനെയൊക്കെയാണെങ്കിലും ഇതു് എനിക്കു രസം തന്നെയാണു്. കുറച്ചുകാലം എഴുതുക, പിന്നെ കുറച്ചുകാലം എഴുതാതിരിക്കുക, കുറേ കാര്യമാത്രപ്രസക്തമായ പോസ്റ്റുകള്‍ എഴുതുക, പിന്നെ കുറേ വലിച്ചുവാരി എഴുതുക, തര്‍ജ്ജമയും പാരഡിയും ശ്ലോകവും സമസ്യാപൂരണങ്ങളും ഗണിതവും കലണ്ടറും വൃത്തവും സ്മരണകളും ആലാപനവും കൂട്ടിക്കലര്‍ത്തി വായനക്കാരെ ബോറടിപ്പിക്കുക, തല്ലു കൂടുക, ഇടയ്ക്കിടെ മറ്റു ബ്ലോഗില്‍ പോയി അടിയുണ്ടാക്കുക, പിന്നെ കുറേക്കാലം മിണ്ടാതിരിക്കുക ഇങ്ങനെ, ഇങ്ങനെ…


എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…

ബ്ലോഗ്
സ്മരണകള്‍

Comments (30)

Permalink

ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

ഈസ്റ്റര്‍ കണ്ടുപിടിക്കുന്നതിനു പിന്നിലെ കോലാഹലങ്ങളുടെ വിവരണം എന്റെ കഴിഞ്ഞ പോസ്റ്റില്‍ വായിച്ചല്ലോ. (വായിച്ചില്ലെങ്കില്‍ അതു വായിച്ചിട്ടു മാത്രം ഈ പോസ്റ്റു വായിക്കുക.) ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളുടെ ഒരു വിവരണമാണു് ഈ പോസ്റ്റില്‍. ഉദാഹരണം കാണിക്കാന്‍ 2008-ലെ ഈസ്റ്റര്‍ കണ്ടുപിടിക്കുന്ന രീതിയും കൂടെ ചേര്‍ത്തിട്ടുണ്ടു്.

ഈസ്റ്റര്‍ ആഘോഷിച്ചു തുടങ്ങിയിട്ടു നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞെങ്കിലും അതു കണ്ടുപിടിക്കാനുള്ള ഗണിതക്രിയകള്‍ക്കു് 200 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമില്ല. അതിനു മുമ്പു് പല തരത്തിലുള്ള പട്ടികകളും മറ്റും ഉപയോഗിച്ചു് സഭാനേതാക്കള്‍ പ്രസിദ്ധീകരിക്കുന്ന തീയതികള്‍ സാമാന്യജനം ഉപയോഗിച്ചു പോന്നു. വിശദവിവരങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം.

ആദ്യമായി ഈസ്റ്റര്‍ ഗണനത്തിനു് ഒരു ഗണിതരീതി ഉണ്ടാക്കിയതു് പ്രസിദ്ധഗണിതശാസ്ത്രജ്ഞനായിരുന്ന ഗാസ് ആയിരുന്നു. ആ രീതിയില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനാല്‍ പിന്നെയും പട്ടികകള്‍ ഉപയോഗിക്കണമായിരുന്നു. വിശദവിവരങ്ങള്‍ ഇവിടെ.

ഓര്‍ത്തോഡോക്സ് രീതി

കിഴക്കന്‍ ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ (ഗ്രീസിലും മറ്റും) ഈസ്റ്റര്‍ ആഘോഷിക്കുന്നതു വേറേ രീതിയിലാണെന്നു നേരത്തേ പറഞ്ഞല്ലോ. പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണു് ഈ രീതിയ്ക്കുള്ളതു്.

  1. ജൂലിയന്‍ കലണ്ടര്‍ ഉപയോഗിച്ചാണു മാര്‍ച്ച് 21 കണ്ടുപിടിക്കുന്നതു്. ജൂലിയന്‍ കലണ്ടറില്‍ ഓരോ നാലു വര്‍ഷത്തിലും അധിവര്‍ഷം വരും. 400 കൊണ്ടു ഹരിക്കാന്‍ പറ്റാത്ത നൂറ്റാണ്ടുകള്‍ ഉള്‍പ്പെടെ.
  2. യഹൂദരുടെ പെസഹാ‍യ്ക്കു ശേഷമേ ഈസ്റ്റര്‍ ആഘോഷിക്കൂ. അതായതു്, മാര്‍ച്ച് 21-നു ശേഷമുള്ള കറുത്ത വാവിനു ശേഷമുള്ള വെളുത്ത വാവിനു ശേഷം മാത്രം.

ഈ രീതിയില്‍ ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള ഒരു വഴി താഴെച്ചേര്‍ക്കുന്നു.

  1. വര്‍ഷത്തെ 19 കൊണ്ടു ഹരിച്ചു ശിഷ്ടത്തെ G എന്നു വിളിക്കുക. ഇവിടെ 2008 = 105 x 19 + 13 ആയതിനാല്‍ G = 13.
  2. (19G + 15) കണ്ടുപിടിക്കുക. അതിനെ 30 കൊണ്ടു ഹരിച്ച ശിഷ്ടത്തെ I എന്നു വിളിക്കുക. ഇവിടെ 19 x 13 + 15 = 262. അതിനെ 30 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 22. I = 22.
  3. വര്‍ഷത്തിന്റെ കൂടെ അതിന്റെ നാലിലൊന്നും മുകളില്‍ക്കൊടുത്ത I-യും കൂട്ടുക. അതിനെ ഏഴു കൊണ്ടു ഹരിച്ച ശിഷ്ടത്തെ J എന്നു വിളിക്കുക. ഇവിടെ 2008 + 502 + 22 = 2532. അതിനെ 7 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 5. J = 5.
  4. I-യില്‍ നിന്നു J കുറയ്ക്കുക. I-യുടെ വില 0 മുതല്‍ 29 വരെയും J-യുടെ വില 0 മുതല്‍ 6 വരെയും ആകാവുന്നതുകൊണ്ടു് ഇതു് -6 മുതല്‍ 29 വരെയുള്ള ഒരു മൂല്യമായിരിക്കും. ഇതിനെ L എന്നു വിളിക്കുക. ഇവിടെ L = 22 – 5 = 17.
  5. L നാലില്‍ കുറവാണെങ്കില്‍ ഈസ്റ്റര്‍ മാര്‍ച്ചിലായിരിക്കും. തീയതി (L+28) ആയിരിക്കും. L നാലോ അതില്‍ കൂടുതലോ ആണെങ്കില്‍ മാസം ഏപ്രിലും തീയതി (L-3)-ഉം ആയിരിക്കും. ഇവിടെ മാസം ഏപ്രില്‍. തീയതി 17 – 3 = 14.

ഇതാണു ജൂലിയന്‍ കലണ്ടറിലെ ഇക്കൊല്ലത്തെ ഈസ്റ്റര്‍. പക്ഷേ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതു ഗ്രിഗോറിയന്‍ കലണ്ടറാണു്. ജൂലിയന്‍ കലണ്ടറില്‍ എല്ലാ നാലാമത്തെ വര്‍ഷവും (നാലു കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന വര്‍ഷങ്ങള്‍) ഫെബ്രുവരിക്കു് 29 ദിവസമുള്ള അധിവര്‍ഷങ്ങള്‍ (leap years) ആണു്. ഗ്രിഗോറിയന്‍ കലണ്ടറില്‍ 100 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും എന്നാല്‍ 400 കൊണ്ടു നിശ്ശേഷം ഹരിക്കാന്‍ കഴിയാത്തതുമായ 1900, 2100 തുടങ്ങിയ വര്‍ഷങ്ങള്‍ അധിവര്‍ഷങ്ങളല്ല. 400 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന 1600, 2000, 2400 തുടങ്ങിയവ അധിവര്‍ഷങ്ങളാണു താനും.

400 വര്‍ഷങ്ങളില്‍ മൂന്നു ദിവസം കുറയുന്നതു കൊണ്ടു് ഗ്രിഗോറിയന്‍ വര്‍ഷത്തിലെ ഒരു തീയതി ജൂലിയന്‍ കലണ്ടറിനെക്കാള്‍ നേരത്തേ എത്തും. ഒരു പ്രത്യേകദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതി ജൂലിയന്‍ കലണ്ടറിനേക്കാള്‍ ശേഷമുള്ള ഒന്നായിരിക്കും എന്നര്‍ത്ഥം. ജൂലിയന്‍ കലണ്ടര്‍ തീയതിയെ ഗ്രിഗോറിയന്‍ കലണ്ടര്‍ തീയതിയാക്കാന്‍ ഫെബ്രുവരിയ്ക്കു ശേഷമുള്ള മാസങ്ങളില്‍ താഴെക്കൊടുക്കുന്നത്രയും ദിവസങ്ങള്‍ കൂട്ടിയാല്‍ മതി.

ഇതു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ഓരോ നൂറ്റാണ്ടിലും ഓരോ ദിവസം കൂടുന്നു. എന്നാല്‍ നാലാമത്തെ നൂറ്റാണ്ടില്‍ കൂടുന്നില്ല. അതിനാല്‍ എല്ലാ നൂറ്റാണ്ടിനും ഒരു ദിവസം കൂട്ടി എല്ലാ നാനൂറ്റാണ്ടിനും ഒരു ദിവസം കുറയ്ക്കുന്നു. പിന്നീടു കുറയ്ക്കുന്ന 2 ദിവസം ഈ രണ്ടു കലണ്ടറുകള്‍ തമ്മിലുള്ള ഓഫ്‌സെറ്റ് വ്യത്യാസമാണു്.

ഇതനുസരിച്ചു് 2008-ലെ വ്യത്യാസം 20 – 5 – 2 = 13 ദിവസം. ഇതു കൂടി ഏപ്രില്‍ 14-നോടു കൂടെ കൂട്ടിയാല്‍ കിട്ടുന്ന ഏപ്രില്‍ 27 ആണു് ഇക്കൊല്ലം ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ചു് ഈസ്റ്റേണ്‍ ഓര്‍ത്തോഡോക്സുകാര്‍ ആഘോഷിക്കുന്ന ഈസ്റ്ററിന്റെ തീയതി.

ഓര്‍ത്തോഡോക്സ് ഈസ്റ്റര്‍ – മറ്റൊരു വഴി

Oudin എന്ന ആള്‍ 1940-ല്‍ ഉണ്ടാക്കിയ വഴിയാണു മുകളില്‍ കൊടുത്തതു്. മറ്റൊരു വഴി താഴെച്ചേര്‍ക്കുന്നു. John Meeus-ന്റെ Astronomical Algorithms എന്ന പുസ്തകത്തില്‍ നിന്നു്.

  1. വര്‍ഷത്തെ 4 കൊണ്ടു ഹരിച്ച ശിഷ്ടത്തെ a എന്നു വിളിക്കുക. ഇവിടെ 2008-നെ നാലു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 0. a = 0.
  2. വര്‍ഷത്തെ 7 കൊണ്ടു ഹരിച്ച ശിഷ്ടത്തെ b എന്നു വിളിക്കുക. ഇവിടെ 2008-നെ 7 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 6. b = 6.
  3. വര്‍ഷത്തെ 19 കൊണ്ടു ഹരിച്ച ശിഷ്ടത്തെ c എന്നു വിളിക്കുക. ഇവിടെ 2008-നെ 19 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 13. c = 13.
  4. (19c + 15)-നെ 30 കൊണ്ടു ഹരിച്ച ശിഷ്ടത്തെ d എന്നു വിളിക്കുക. ഇവിടെ 19 x 13 + 15 = 262. 30 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 22.
  5. (2a + 4b – d + 34) കണ്ടുപിടിക്കുക. 7 കൊണ്ടു ഹരിച്ച ശിഷ്ടത്തെ e എന്നു വിളിക്കുക. ഇവിടെ 2 x 0 + 4 x 6 – 22 + 34 = 36. 7 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1.
  6. f = d + e + 114. ഇവിടെ 22 + 1 + 114 = 137.
  7. f-നെ 31 കൊണ്ടു ഹരിക്കുക. ഹരണഫലം മാസമായിരിക്കും. ശിഷ്ടത്തോടു് ഒന്നു കൂട്ടിയാല്‍ ദിവസവും. ഇവിടെ 137-നെ 31 കൊണ്ടു ഹരിച്ചാല്‍ ഹരണഫലം 4, ശിഷ്ടം 13. അതിനാല്‍ ഈസ്റ്റര്‍ ഏപ്രില്‍ 14-നു്.

ഇതു് ജൂലിയന്‍ കലണ്ടറിലെ തീയതിയാണു്. ഇതിനെ മുകളില്‍ പറഞ്ഞതു പോലെ ഗ്രിഗോറിയന്‍ കലണ്ടറാക്കാന്‍ 13 ദിവസം കൂടി കൂട്ടേണ്ടി വരും. അതായതു് ഏപ്രില്‍ 27.

ഗ്രിഗോറിയന്‍ ഈസ്റ്റര്‍

യൂറോപ്പിലെ ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികളേ മുകളില്‍ പറഞ്ഞ രീതിയില്‍ ഈസ്റ്റര്‍ ഇക്കൊല്ലം ഏപ്രില്‍ 27-നു് ആഘോഷിക്കുന്നുള്ളൂ. ബാക്കി മിക്കവരും (കത്തോലിക്കരും പ്രോട്ടസ്റ്റന്റും ഉള്‍പ്പെടെ) ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള ഈസ്റ്ററാണു് അനുസരിക്കുന്നതു്. അതു് ഇക്കൊല്ലം മാര്‍ച്ച് 23-നായിരുന്നു.

ഗ്രിഗോറിയന്‍ ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള ഒരു വഴി താഴെ. Calendrical calculations എന്ന പുസ്തകത്തില്‍ നിന്നു്.

  1. ആദ്യമായി വര്‍ഷത്തെ Y എന്നു വിളിക്കുക. ഇവിടെ, Y = 2008.
  2. വര്‍ഷത്തെ 19 കൊണ്ടു ഹരിച്ചു് ശിഷ്ടം കണ്ടുപിടിക്കുക. അതിനെ G എന്നു വിളിക്കുക. ഇതു് പൂജ്യം മുതല്‍ 18 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണമായിരിക്കും. ഇവിടെ 2008 = 105 x 19 + 13 ആയതിനാല്‍ G = 13.
    19 കൊല്ലത്തിലൊരിക്കല്‍ വെളുത്തവാവിന്റെ തീയതി ആവര്‍ത്തിക്കും എന്ന ജൂലിയന്‍ കലണ്ടറിലെ ഏകദേശക്കണക്കിനെപ്പറ്റി പറഞ്ഞല്ലോ. അപ്പോള്‍ വര്‍ഷങ്ങളെ 19 വിഭാഗങ്ങളായി തിരിക്കാം. ഒരു വര്‍ഷം ഇവയില്‍ ഏതു വിഭാഗമാകും എന്ന സംഖ്യയെ ഗോള്‍ഡന്‍ നമ്പര്‍ എന്നു വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടികകള്‍. (അതുപയോഗിച്ചുള്ള ഒരു പട്ടികയ്ക്കു ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍ എന്ന പോ‍സ്റ്റ് കാണുക.) ആ “ഗോള്‍ഡന്‍ നമ്പര്‍” ആണു G.
  3. വര്‍ഷത്തെ 100 കൊണ്ടു ഹരിക്കുക. ഹരണഫലത്തോടു് 1 കൂട്ടുക. ഇതിനെ C എന്നു വിളിക്കുക. ഇവിടെ 2008 / 100 = 20 (ഹരണഫലം), 8 (ശിഷ്ടം). C = 20 + 1 = 21.
    ഇതു് നാം ഇന്നു വിളിക്കുന്ന രീതിയിലുള്ള “നൂറ്റാണ്ടു്” ആണു്. ഇരുപത്തൊന്നാം നൂറ്റാണ്ടു് എന്നര്‍ത്ഥം.
  4. (11G + 14) കണ്ടുപിടിക്കുക. അതിനെ D എന്നു വിളിക്കുക. ഇവിടെ D = 14 + 11 x 13 = 157.
    ഒരു കൊല്ലം ചന്ദ്രന്റെ പക്ഷം അതേ ജൂലിയന്‍ തീയതിയില്‍ 11 ദിവസം മുന്നോട്ടു പോകും. അതിനാലാണു് 11 കൊണ്ടു ഗുണിക്കുന്നതു്‌. പതിന്നാലു ദിവസം കഴിഞ്ഞുള്ള വെളുത്ത വാവു കിട്ടാന്‍ 14 കൂട്ടുന്നു.
  5. താഴെപ്പറയുന്ന മൂല്യം കണ്ടുപിടിക്കുക.

    അതു് D-യില്‍ നിന്നു കുറയ്ക്കുക. ഇവിടെ

    D = 157 – 9 = 148.

    ജൂലിയന്‍ വര്‍ഷത്തെ ഗ്രിഗോറിയന്‍ കലണ്ടറാക്കുമ്പോഴുള്ള കറക്‍ഷന്‍ ആണു് ആദ്യത്തേതു്. നാലു നൂറ്റാണ്ടുകളില്‍ മൂന്നെണ്ണത്തിലും ഒരു ദിവസം കുറയുമല്ലോ.

    19 വര്‍ഷത്തില്‍ ചാന്ദ്രപക്ഷക്രമം ആവര്‍ത്തിക്ക്കുമെന്നുള്ളതു് ഏകദേശക്കണക്കാണെന്നു പറഞ്ഞല്ലോ. ഇതു ശരിയാക്കാന്‍ 2500 വര്‍ഷത്തില്‍ 8 ദിവസം കൂട്ടണം. അതാണു രണ്ടാമത്തെ കറക്‍ഷന്‍.

  6. D-യെ 30 കൊണ്ടു ഹരിച്ചു ശിഷ്ടം കാണുക. അതിനെ S എന്നു വിളിക്കുക.

    ഇവിടെ 148-നെ 30 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 28. S = 28.

  7. മുകളില്‍ കിട്ടിയ S-നു് ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ് വേണം. അതിന്റെ മൂല്യം 1 ആയിരിക്കുകയും G 10-ല്‍ കൂടുതലായിരിക്കുകയും ചെയ്താല്‍ S-നോടു് ഒന്നു കൂട്ടുക. S പൂജ്യമാണെങ്കിലും അതിനോടു് ഒന്നു കൂട്ടുക. ഇവിടെ ഇതു രണ്ടും അല്ലാത്തതിനാല്‍ S = 28 തന്നെ.
  8. ഏപ്രില്‍ 19-ല്‍ നിന്നു് S കുറയ്ക്കുക. കിട്ടുന്ന തീയതിയെ M എന്നു വിളിക്കുക.

    ഇവിടെ ഏപ്രില്‍ 19-ല്‍ നിന്നു് 28 പോയാല്‍ മാര്‍ച്ച് 22. M = മാര്‍ച്ച് 22.

  9. M കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച കണ്ടുപിടിക്കുക. അതാണു് ഈസ്റ്റര്‍. ഇവിടെ മാര്‍ച്ച് 23.

ഗ്രിഗോറിയന്‍ കലണ്ടര്‍ – Spencer-Butcher-Meuss രീതി

ഇതാണു് ഏറ്റവും പ്രചാരത്തിലുള്ള രീതി. മിക്കവാറും എല്ലായിടത്തും ഈ രീതിയാണു് ഉപയോഗിക്കുന്നതു്.

  1. ആദ്യമായി വര്‍ഷത്തെ Y എന്നു വിളിക്കുക. ഇവിടെ, Y = 2008.
  2. വര്‍ഷത്തെ 19 കൊണ്ടു ഹരിച്ചു് ശിഷ്ടം കണ്ടുപിടിക്കുക. അതിനെ a എന്നു വിളിക്കുക. ഇതു് പൂജ്യം മുതല്‍ 18 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണമായിരിക്കും. ഇവിടെ 2008 = 105 x 19 + 13 ആയതിനാല്‍ a = 13.
  3. വര്‍ഷത്തെ 100 കൊണ്ടു ഹരിക്കുക. ഹരണഫലത്തെ b എന്നും ശിഷ്ടത്തെ c എന്നും വിളിക്കുക. ഇവിടെ b = 20, c = 8.
  4. b-യെ 4 കൊണ്ടു ഹരിക്കുക. ഹരണഫലത്തെ d എന്നും ശിഷ്ടത്തെ e എന്നും വിളിക്കുക. ഇവിടെ d = 5, e = 0.
  5. b-യോടു് 8 കൂട്ടി 25 കൊണ്ടു ഹരിക്കുക. ഹരണഫലത്തെ f എന്നു വിളിക്കുക. ശിഷ്ടം കളയുക. ഇവിടെ 20 + 8 = 28, 28/25 = 1 (ഹരണഫലം), 3 (ശിഷ്ടം). f = 1.
  6. (b – f + 1) കണ്ടുപിടിച്ചു മൂന്നു കൊണ്ടു ഹരിക്കുക. ഹരണഫലത്തെ g എന്നു വിളിക്കുക. ശിഷ്ടം കളയുക. ഇവിടെ, 20 – 1 + 1 = 20. 20/6 = 3 (ഹരണഫലം). g = 3.
  7. (19a + b – d – g + 15) കണ്ടുപിടിക്കുക. 30 കൊണ്ടു ഹരിക്കുക. ഹരണഫലം കളയുക. ശിഷ്ടത്തെ h എന്നു വിളിക്കുക. ഇവിടെ 19 x 13 + 20 – 5 – 6 + 15 = 271. 271/30 = 9 (ഹരണഫലം), 1 (ശിഷ്ടം). h = 1.
  8. c-യെ 4 കൊണ്ടു ഹരിക്കുക. ഹരണഫലത്തെ i എന്നും ശിഷ്ടത്തെ k എന്നും വിളിക്കുക. 8/4 = 2 (ഹരണഫലം), 0(ശിഷ്ടം). i = 2, k = 0.
  9. (32 + 2e + 2i – h – k) കണ്ടുപിടിച്ചു് 7 കൊണ്ടു ഹരിക്കുക. ഹരണഫലം കളയുക. ശിഷ്ടത്തെ L എന്നു വിളിക്കുക. ഇവിടെ 32 + 2 x 0 + 2 x 2 – 1 – 0 = 35. 35/7 = 5 (ഹരണഫലം), 0 (ശിഷ്ടം). L = 0.
  10. (a + 11h + 22L) കണ്ടുപിടിക്കുക. അതിനെ 451 കൊണ്ടു ഹരിക്കുക. ഹരണഫലത്തെ m എന്നു വിളിക്കുക. ശിഷ്ടം കളയുക. ഇവിടെ 13 + 11 x 1 + 22 x 0 = 24. 24/451 = 0 (ഹരണഫലം), 24 (ശിഷ്ടം). m = 0.
  11. (h + L – 7m + 114) കണ്ടുപിടിക്കുക. അതിനെ 31 കൊണ്ടു ഹരിക്കുക. ഹരണഫലം മാസത്തിന്റെ സംഖ്യയായിരിക്കും. ശിഷ്ടത്തോടു് ഒന്നു കൂട്ടിയാല്‍ ദിവസവും. ഇവിടെ 1 + 0 – 7 x 0 + 114 = 115. 31 കൊണ്ടു ഹരിച്ചാല്‍ ഹരണഫലം 3, ശിഷ്ടം 22. അതിനാല്‍ ഈസ്റ്റര്‍ മാര്‍ച്ച് 23-നു്.

ഗ്രിഗോറിയന്‍ ഈസ്റ്റര്‍ – Oudin 1940-ല്‍ കണ്ടുപിടിച്ച രീതി

  1. ആദ്യമായി വര്‍ഷത്തെ Y എന്നു വിളിക്കുക. ഇവിടെ, Y = 2008.
  2. വര്‍ഷത്തെ 19 കൊണ്ടു ഹരിച്ചു് ശിഷ്ടം കണ്ടുപിടിക്കുക. അതിനെ G എന്നു വിളിക്കുക. ഇതു് പൂജ്യം മുതല്‍ 18 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണമായിരിക്കും. ഇവിടെ 2008 = 105 x 19 + 13 ആയതിനാല്‍ G = 13.
  3. Y-യില്‍ എത്ര നൂറ്റാണ്ടുകളുണ്ടെന്നു കണ്ടുപിടിക്കുക. അതായതു് 100 കൊണ്ടു ഹരിച്ചു് ഹരണഫലം മാത്രം എടുക്കുക. അതിനെ C എന്നു വിളിക്കുക. ഇവിടെ C = 20.
  4. താഴെപ്പറയുന്ന മൂല്യം കണ്ടുപിടിക്കുക.

    അതിനെ 30 കൊണ്ടു ഹരിച്ചു കിട്ടുന്ന ശിഷ്ടത്തെ H എന്നു വിളിക്കുക. ഇതു് 0 മുതല്‍ 29 വരെയുള്ള ഒരു സംഖ്യ ആയിരിക്കും.

    ഇവിടെ

    271-നെ 30 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1. H = 1.

  5. താഴെപ്പറയുന്ന മൂല്യം കണ്ടുപിടിക്കുക.

    ഇതു മുഴുവന്‍ കണക്കുകൂട്ടണമെന്നില്ല. H 28-ല്‍ കുറവാണെങ്കില്‍ ഇതു പൂജ്യമായിരിക്കും. 29 ആണെങ്കില്‍ ഒന്നും. 28-നു് ഇതു് പൂജ്യമോ ഒന്നോ ആയിരിക്കും. താഴെപ്പറയുന്നതു കണ്ടുപിടിച്ചാല്‍ 28-ന്റെ മൂല്യം കിട്ടും.

    (G പൂജ്യത്തിനും 18നും ഇടയ്ക്കുള്ള ഒരു സംഖ്യയായതു കൊണ്ടു് ഇതു് ഒന്നോ പൂജ്യമോ ആയിരിക്കും.)

    ഇങ്ങനെ കിട്ടുന്നതു് H-ല്‍ നിന്നു കുറച്ചതിനെ I എന്നു വിളിക്കുക.
    2008-ല്‍ H = 1 ആയതിനാല്‍ I = H – 0 = 1.

  6. താഴെപ്പറയുന്ന മൂല്യം കണ്ടുപിടിക്കുക.

    ഇതിനെ 7 കൊണ്ടു ഹരിച്ച ശിഷ്ടത്തെ J എന്നു വിളിക്കുക. ഇവിടെ

    .

    അതിനെ 7 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 6. J = 6.

  7. L = I – J. ഇവിടെ L = 1 – 6 = -5.
  8. L നാലോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈസ്റ്റര്‍ ഏപ്രില്‍ മാസത്തിലെ (L-3) എന്ന തീയതിയായിരിക്കും; അല്ലെങ്കില്‍ മാര്‍ച്ച് മാസത്തിലെ (28+L) എന്ന തീയതി ആയിരിക്കും. ഇവിടെ -5 നാലില്‍ കുറവായതിനാല്‍ മാര്‍ച്ചുമാസം. തീയതി = 28 – 5 = 23.

അതായതു്, 2008-ല്‍ മാര്‍ച്ച് 23-നാണു് ഈസ്റ്റര്‍.

നാലാം സ്റ്റെപ്പില്‍ നിന്നു് H 0 മുതല്‍ 29 വരെയുള്ള ഒരു സംഖ്യയാണെന്നു കാണാം. അതു പോലെ, അഞ്ചാം സ്റ്റെപ്പില്‍ നിന്നു് I 0 മുതല്‍ 28 വരെയുള്ള ഒരു സംഖ്യയാണെന്നും, ആറാം സ്റ്റെപ്പില്‍ നിന്നു് J-യുടെ മൂല്യം 0 മുതല്‍ 6 വരെയുള്ള ഒരു സംഖ്യയാണെന്നും. അപ്പോള്‍ ഏഴാം സ്റ്റെപ്പിലെ L-ന്റെ വില -6 മുതല്‍ 28 വരെയുള്ള ഒരു സംഖ്യയാണു്. ഇതില്‍ -6 ആയാല്‍ ഈസ്റ്റര്‍ മാര്‍ച്ച് 22-നായിരിക്കും. 28 ആയാല്‍ ഏപ്രില്‍ 25-ഉം. ഇവയാണു് ഈസ്റ്റര്‍ സംഭവിക്കാവുന്ന ഏറ്റവും ആദ്യവും അവസാനവും ആയ തീയതികള്‍.


മേല്‍പ്പറഞ്ഞ അല്‍ഗരിതങ്ങള്‍ ഒരു പൈത്തണ്‍ പ്രോഗ്രാമിന്റെ രൂപത്തില്‍ ഇവിടെ ഉണ്ടു്. അതുപയോഗിച്ചു് 2000 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളിലെ ഈസ്റ്റര്‍ തീയതികള്‍ കണക്കുകൂട്ടിയതു താഴെച്ചേര്‍ക്കുന്നു. ഈ പട്ടിക വിക്കിപീഡിയയിലും ഉണ്ടു്.

---------------------------------------
Year     Gregorian  Julian     Orthodox
---------------------------------------
2000     Apr 23     Apr 17     Apr 30
2001     Apr 15     Apr  2     Apr 15
2002     Mar 31     Apr 22     May  5
2003     Apr 20     Apr 14     Apr 27
2004     Apr 11     Mar 29     Apr 11
2005     Mar 27     Apr 18     May  1
2006     Apr 16     Apr 10     Apr 23
2007     Apr  8     Mar 26     Apr  8
2008     Mar 23     Apr 14     Apr 27
2009     Apr 12     Apr  6     Apr 19
2010     Apr  4     Mar 22     Apr  4
2011     Apr 24     Apr 11     Apr 24
2012     Apr  8     Apr  2     Apr 15
2013     Mar 31     Apr 22     May  5
2014     Apr 20     Apr  7     Apr 20
2015     Apr  5     Mar 30     Apr 12
2016     Mar 27     Apr 18     May  1
2017     Apr 16     Apr  3     Apr 16
2018     Apr  1     Mar 26     Apr  8
2019     Apr 21     Apr 15     Apr 28
2020     Apr 12     Apr  6     Apr 19
2021     Apr  4     Apr 19     May  2
2022     Apr 17     Apr 11     Apr 24
2023     Apr  9     Apr  3     Apr 16
2024     Mar 31     Apr 22     May  5
2025     Apr 20     Apr  7     Apr 20
---------------------------------------

കലണ്ടര്‍ (Calendar)
ഗണിതം (Mathematics)

Comments (5)

Permalink

ഉയിര്‍ത്തെഴുന്നേല്‍പ്പിലെ കുരിശുകള്‍

അല്പം വൈകിയാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

വൈകാതിരിക്കുന്നതെങ്ങനെ? ഈക്കൊല്ലം ഈസ്റ്റര്‍ എത്ര നേരത്തെയാണു വന്നതു്! മാര്‍ച്ച് 23-നു ഈസ്റ്റര്‍ വരുന്നതു കാണുന്നതു് ഇതാദ്യമായാണു്. ഇതു വായിക്കുന്ന മിക്കവാറും ആളുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും. 1913-ല്‍ ആണു് ഏറ്റവും അവസാനം ഇതു സംഭവിച്ചതു്. (95 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആരെങ്കിലും ഗുരുകുലം വായിക്കുന്നുണ്ടോ എന്തോ?) ഇനി ഉണ്ടാവുക 2160-ലും.

മാര്‍ച്ച് 23-നും മുമ്പു് ഈസ്റ്റര്‍ വരുമോ? വരാം. മാര്‍ച്ച് 22 ആണു് ഏറ്റവും നേരത്തേ വരാവുന്ന ഈസ്റ്റര്‍ തീയതി. പക്ഷേ, അതു നമ്മളാരും കാണില്ല. 1818-ലാണു് ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇതു് അവസാനം വന്നതു്. ഇനി വരുന്നതു് 2285-ലും.

ഏറ്റവും താമസിച്ചു വരുന്ന ഈസ്റ്റര്‍ ഏപ്രില്‍ 25 ആണു്. 1943-ല്‍ ഒരെണ്ണം കഴിഞ്ഞു. ഇനി 2038-ലേ ഉള്ളൂ. നമ്മളില്‍ ചിലരൊക്കെ അതു കാണാന്‍ ഉണ്ടാവും. അത്രയും ക്ഷമിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കു വേണ്ടി 2011-ല്‍ ഏപ്രില്‍ 24-നു് ഈസ്റ്റര്‍ വരുന്നുണ്ടു്. ഈ അടുത്ത കാലത്തു് ഈസ്റ്റര്‍ ഏറ്റവും വൈകി വന്നതു് 2000-ത്തിലാണു്-ഏപ്രില്‍ 23-നു്.

ഈസ്റ്റര്‍ വരാവുന്ന ഏറ്റവും ആദ്യവും അവസാനവുമായ തീയതികള്‍ മാര്‍ച്ച് 23, ഏപ്രില്‍ 25 എന്നിവയാണെന്നുള്ളതിന്റെ ഒരു വിശദീകരണം ഇവിടെ വായിക്കുക.

ലോകത്തിലെല്ലാ ക്രിസ്ത്യാനികളും ഇക്കൊല്ലം മാര്‍ച്ച് 23-നാണോ ഈസ്റ്റര്‍ ആഘോഷിക്കുന്നതു്?

അല്ല എന്നതാണു് ഉത്തരം. കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിഭാഗക്കാരും മാര്‍ച്ച് 23-നായിരുന്നു ഈസ്റ്റര്‍ ആഘോഷിച്ചതു്. എങ്കിലും ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ (യൂ‍റോപ്പിലാണു് ഇവരില്‍ അധികം ആളുകളും) ഏപ്രില്‍ 27-നാണു് ഇക്കൊല്ല്ലം ഈസ്റ്റര്‍ ആഘോഷിക്കുന്നതു്.

കേരളത്തിലെ ഓര്‍ത്തോഡോക്സ്, പാത്രിയാക്കീസ്/യാക്കോബാ, മാര്‍ത്തോമാ, കല്‍‌ദിയ, സി. എസ്. ഐ., പെന്തക്കോസ്ത്, ബ്രെദറന്‍, റോമന്‍-ലാറ്റിന്‍-മലങ്കര-മലബാര്‍-കത്തോലിക്കര്‍‍ മലബാര്‍ തുടങ്ങി ഹിന്ദുമതത്തിലെ ജാതികളെക്കാളും കേരളാ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളേക്കാളും കൂടുതല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുള്ളതില്‍ ആരെങ്കിലും മാര്‍ച്ച് 23-നല്ലാതെ ഏപ്രില്‍ 27-നു് ഈസ്റ്റര്‍ ആഘോഷിക്കുന്നുണ്ടോ? കേരളത്തില്‍ ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ ആരുമില്ലേ?

ഈസ്റ്റര്‍ കണ്ടുപിടിക്കുവാനുള്ള വിവിധ രീതികളും അതിനു പുറകിലെ ജ്യോതിശ്ശാസ്ത്രയുക്തികളും ഇവിടെ എഴുതിയിരുന്നതു് കണക്കു കണ്ടാല്‍ ബോധക്കേടു വരുന്നവരുടെ സൌകര്യാര്‍ത്ഥം ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റിലേക്കു മാറ്റിയിരിക്കുന്നു. എങ്കിലും അതിന്റെ നൂലാമാലകള്‍ താഴെ വിശദീകരിക്കുന്നു.


ഈസ്റ്റര്‍ എന്നാണു് ആഘോഷിക്കേണ്ടതിന്റെ ഉത്തരം കണ്ടെത്താന്‍ നാം ബൈബിളിനെത്തന്നെ ശരണം പ്രാപിക്കേണ്ടി വരും. യേശുവിനെ കുരിശിലേറ്റിയതിന്റെ തലേ ദിവസം നടന്ന അത്താഴം യഹൂദരുടെ പെസഹാ (passover) ദിവസമായിരുന്നു എന്നു സുവിശേഷങ്ങള്‍ പറയുന്നു.

  • മത്തായി 26:17:

    പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

  • മാര്‍ക്കോസ് 14:12:

    പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.

  • ലൂക്കോസ് 22:7-8:

    പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.

എല്ലാക്കാര്യത്തിലും മറ്റു സുവിശേഷകരുമായി ഭിന്നാഭിപ്രായം പുലര്‍ത്തുന്ന യോഹന്നാന്റെ സുവിശേഷം അനുസരിച്ചു് ക്രിസ്തുവിനെ ക്രൂശിച്ച ദിവസമാണു പെസഹാ.

യോഹന്നാന്‍ 18:28:

പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്‍ തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല.

യോഹന്നാന്‍ 19:13-14:

ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു. അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

എന്തായാലും പെസഹായ്ക്കു ശേഷമുള്ള ഞായറാഴ്ചയാണു് ഈസ്റ്റര്‍ എന്നു് ഉറപ്പിക്കാം. ഇതാണു് ക്രിസ്തീയസഭകള്‍ അംഗീകരിച്ച നിര്‍വ്വചനം.

നിര്‍വ്വചനം 1: പെസഹായ്ക്കു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇനി എന്നാണു പെസഹാ എന്നു നോക്കാം.

യഹൂദരുടെ ഹീബ്രൂ കലണ്ടറിലെ Nisan എന്ന മാസത്തിലെ 15-)ം ദിവസമാണു പെസഹാ. സൂര്യന്‍ ഭൂമദ്ധ്യരേഖയെ തെക്കു നിന്നു വടക്കോട്ടേയ്ക്കു മുറിച്ചു കടക്കുന്ന Vernal equinox-നോ (ഇതു് ഏകദേശം മാര്‍ച്ച് 21-നാണു സംഭവിക്കുന്നതു്) അതിനു ശേഷമോ ഉള്ള ആദ്യത്തെ കറുത്തവാവിനു ശേഷമുള്ള ദിവസമാണു് ഈ മാസം തുടങ്ങുന്നതു്.

ഈ Vernal equinox-നു ഭൂമിയില്‍ എല്ലായിടത്തും പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിവസത്തെത്തന്നെയാണു മലയാളികള്‍ വിഷു എന്നു വിളിച്ചതു്, നിര്‍വ്വചനമനുസരിച്ചു്. പക്ഷേ, സൂര്യഗതിയെ അടിസ്ഥാനമാക്കാതെ സ്ഥിരമെന്നു തെറ്റായി വിശ്വസിക്കപ്പെട്ട നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കണക്കുകൂട്ടലുകള്‍ നടത്ത്തിയതു കൊണ്ടു് (ഈ കണക്കുകൂട്ടലുകള്‍ മൂലം ഗ്രഹങ്ങളുടെ geocentric longitude-നു ഏകദേശം 23 ഡിഗ്രിയുടെ വ്യത്യാസം ഇപ്പോഴുണ്ടു്. ഇതിനെയാണു് അയനാംശം എന്നു പറയുന്നതു്.) മേടം 1 എന്നതു് ഏകദേശം ഏപ്രില്‍ 15-നായി. (സൂര്യഗതിയെ അടിസ്ഥാനമാക്കുന്ന പാശ്ചാത്യരുടെ മേടം – Aries – തുടങ്ങുന്നതു മാര്‍ച്ച് 21-നാണെന്നതു ശ്രദ്ധിക്കുക.) അതുകൊണ്ടു് നിര്‍വ്വചനമനുസരിച്ചു് മാര്‍ച്ച് 21-നു വരേണ്ട വിഷു ഏപ്രില്‍ 15-നായി. ഇപ്പോഴും വിഷുവിനു പകലിനും രാത്രിയ്ക്കും ഒരേ ദൈര്‍ഘ്യമാണെന്നു കരുതുന്നവരുണ്ടു്. സൂര്യന്റെ ഉദയാസ്തമയസമയങ്ങളില്‍ നിന്നു് അതൊന്നു കണക്കൂകൂട്ടി നോക്കിയിരുന്നെങ്കില്‍!

കൊന്നപ്പൂക്കള്‍ പൂക്കുന്നതും വിഷുപ്പക്ഷി അലയ്ക്കുന്നതുമൊക്കെ കാലം തെറ്റി നേരത്തേ ആണെന്നു ചിലരൊക്കെ പറയുന്നതു കേള്‍ക്കാറുണ്ടു്. ഇതാവുമോ കാരണം?

അപ്പോള്‍ ഈസ്റ്ററിന്റെ നിര്‍വ്വചനം ഇങ്ങനെ പറയാം.

നിര്‍വ്വചനം 2: മാര്‍ച്ച് 21-നു ശേഷമുള്ള ആദ്യത്തെ കറുത്ത വാവു കഴിഞ്ഞുള്ള പതിനഞ്ചാം ദിവസത്തിനു ശേഷമുള്ള ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇതു തെറ്റാണെന്നു് ഇക്കൊല്ലത്തെ ഈസ്റ്റര്‍ നോക്കിയാല്‍ അറിയാം. മാര്‍ച്ച് 21-നു ശേഷമുള്ള കറുത്ത വാവു് ഏപ്രില്‍ 6-നു്. അതു കഴിഞ്ഞുള്ള 15–)ം ദിവസം ഏപ്രില്‍ 21. അതിനു ശേഷമുള്ള ഞായറാഴ്ച ഏപ്രില്‍ 27. അന്നല്ലല്ലോ ഈസ്റ്റര്‍, മാര്‍ച്ച് 23-നല്ലേ? എവിടെയോ പ്രശ്നമുണ്ടല്ലോ?

ആ പ്രശ്നം തന്നെയാണു് പാശ്ചാത്യരും ഗ്രീക്ക് ഓര്‍ത്തോഡോക്സുകാരും തമ്മിലുള്ള വ്യത്യാസം. ഗ്രീക്ക് ഓര്‍ത്തോഡോക്സുകാര്‍ യഹൂദരുടെ പെസഹാ കഴിഞ്ഞു മാത്രമേ ഈസ്റ്റര്‍ ആഘോഷിക്കുകയുള്ളൂ. ഇക്കൊല്ലം അതു് ഏപ്രില്‍ 27-നാണു്.

സത്യക്രിസ്ത്യാനിയും ഗ്രീക്ക് ഓര്‍ത്തോഡോക്സുകാരുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവനുമായ തമനുവിനോടു ചോദിച്ചപ്പോള്‍ ഇക്കൊല്ലം രണ്ടു ദിവസം (മാര്‍ച്ച് 23-നും ഏപ്രില്‍ 27-നും) അവധി കിട്ടി എന്നതൊഴിച്ചാല്‍ തനിക്കു് ഒരു കുന്തവും അറിയില്ല എന്നു പറഞ്ഞു. ഇവനും ഇലന്തൂര്‍ക്കാരനാണല്ലോ ദൈവമേ!

പിന്നെ കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരും ബാക്കിയുള്ളവരും എങ്ങനെ വേറേ ഒരു ദിവസം ആഘോഷിക്കുന്നു?

ഇതിനു കാരണം മുകളിലുള്ള രണ്ടാം നിര്‍വ്വചനത്തില്‍ സൌകര്യത്തിനു വേണ്ടി വരുത്തിയ ഒരു വ്യത്യാസമാണു്.

കറുത്തവാവിനു ശേഷം 15 ദിവസം കഴിഞ്ഞാല്‍ വെളുത്ത വാവാണല്ലോ. അതുകൊണ്ടു് നിര്‍വ്വചനം ഇങ്ങനെ പരിഷ്കരിച്ചു.

നിര്‍വ്വചനം 3: മാര്‍ച്ച് 21-നോ അതിനു ശേഷമോ വരുന്ന ആദ്യത്തെ വെളുത്ത വാവിനു ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയാണു് ഈസ്റ്റര്‍.

ഇവിടെ ഒരു പ്രശ്നമുണ്ടു്. മാര്‍ച്ച് 21-നു ശേഷം കറുത്ത വാവിനു മുമ്പു വെളുത്ത വാവാണു വരുന്നതെങ്കില്‍ (ഇക്കൊല്ലം അങ്ങനെയായിരുന്നു) കത്തോലിക്കരുടെ ഈസ്റ്റര്‍ നേരത്തേ വരും. ഓര്‍ത്തോഡോക്സ് ഈസ്റ്റര്‍ അതിനു ശേഷം ഒരു മാസം കഴിഞ്ഞേ വരൂ.

അതു പോകട്ടേ. മൂന്നാം നിര്‍വ്വചനമാണു ശരി എന്നു തന്നെ ഇരിക്കട്ടേ. അപ്പോള്‍ അതനുസരിച്ചാണോ ഈസ്റ്റര്‍ കണ്ടുപിടിക്കുന്നതു്?

ഏയ്, അല്ല. ഈ നിര്‍വ്വചനവും പാലിക്കാന്‍ എന്നാണു വെളുത്ത വാവുണ്ടാക്കുന്നതെന്നു കണ്ടുപിടിക്കണ്ടേ? അതിനു് ജ്യോതിശ്ശാസ്ത്രം ഉപയോഗിക്കണ്ടേ? ശാസ്ത്രം എന്നു കേട്ടാല്‍ അതു പറയുന്നവരെ കുന്തത്തില്‍ കുത്തി തീയില്‍ ചുടാനും വിചാരണ നടത്തി കള്ളസത്യം ചെയ്യിക്കാനുമായിരുന്നല്ലോ സഭയ്ക്കു് അന്നു താത്പര്യം!

ഇതിനു വ്യത്യാസം വാന്നിട്ടുണ്ടെന്നതു് ആശാവഹമാണു്. ഗലീലിയോയെയും ഡാര്‍‌വിനെയും കത്തോലിക്കാസഭ ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടു്. ബൈബിളിലും മറ്റു മതഗ്രന്ഥങ്ങളിലും പറയുന്നതു നൂറു ശതമാനം ശരിയാണെന്നു ശഠിക്കുന്നവര്‍ കുറഞ്ഞു വരുന്നു എന്നതു നല്ല കാര്യം.

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കൃത്യം എതിര്‍വശത്തു വരുന്ന (180 ഡിഗ്രി) സമയമാണല്ലോ വെളുത്ത വാവു്. ഇതു് ആവര്‍ത്തിക്കുന്നതു ശരാശരി 29.5307 ദിവസത്തിലൊരിക്കലാണു്. 19 വര്‍ഷത്തില്‍ ശരാശരി 19 x 365.25 = 6939.75 ദിവസം ഉണ്ടു്. ഈ കാലം നേരത്തേ പറഞ്ഞ വെളുത്ത വാവുകള്‍ക്കിടയിലെ കാലയളവിന്റെ ഏകദേശം 235 ഇരട്ടിയാണു്. 235 x 29.5307 = 6939.688. ഈ വസ്തുത (Metonic cycle) പണ്ടേ മനുഷ്യന്‍ ശ്രദ്ധിച്ചിരുന്നു. (എന്റെ പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും എന്ന പോസ്റ്റില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്) ക്രിസ്ത്യന്‍ സഭാശാസ്ത്രജ്ഞര്‍ ഇതു കൃത്യമായി ഒന്നാകുന്നു എന്നു തീരുമാനിച്ചു.

ബൈബിളില്‍ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ (7:23) “അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു…” എന്നു പറഞ്ഞതുകൊണ്ടു് പൈ (π) യുടെ മൂല്യം 3 എന്നു കരുതിയാല്‍ മതി എന്നു വാദിക്കുന്നവരാണു കടുത്ത വിശ്വാസികള്‍. (അമേരിക്കയില്‍ ഇന്‍ഡ്യാന സ്റ്റേറ്റില്‍ ഒരിക്കല്‍ ഒരു ബില്ലു വരെ വന്നതാണു് ഇങ്ങനെ. രാഷ്ട്രീയക്കാരും കണക്കു തന്നെ!) അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതു് വളരെ ചെറിയ ഒരു അപരാധം മാത്രം!

അപ്പോള്‍ സംഗതി വളരെ എളുപ്പം. വര്‍ഷത്തെ 19 കൊണ്ടു ഹരിക്കുക. ശിഷ്ടം കാണുക. ഒന്നു കൂട്ടുക. 1 മുതല്‍ 19 വരെയുള്ള ഒരു സംഖ്യ കിട്ടും. ഓരോ സംഖ്യയ്ക്കും ഒരു തീയതിയുണ്ടാവും, മാര്‍ച്ച് 21-നു ശേഷമുള്ള ആദ്യത്തെ വെളുത്ത വാവായി. സഭ അതിനു താഴെപ്പറയുന്ന ഒരു പട്ടികയുണ്ടാക്കി.

1  : ഏപ്രില്‍ 5
2  : മാര്‍ച്ച് 25
3  : ഏപ്രില്‍ 13
4  : ഏപ്രില്‍ 2
5  : മാര്‍ച്ച് 22
6  : ഏപ്രില്‍ 10
7  : മാര്‍ച്ച് 30
8  : ഏപ്രില്‍ 18
9  : ഏപ്രില്‍ 7
10  : മാര്‍ച്ച് 27
11  : ഏപ്രില്‍ 15
12  : ഏപ്രില്‍ 4
13  : മാര്‍ച്ച് 24
14  : ഏപ്രില്‍ 12
15  : ഏപ്രില്‍ 1
16  : മാര്‍ച്ച് 21
17  : ഏപ്രില്‍ 9
18  : മാര്‍ച്ച് 29
19 : ഏപ്രില്‍ 17
ഇതു് ഇപ്പോള്‍ തെറ്റാണെന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണമായി 2008 = 105 x 19 + 13. ശിഷ്ടം 13 വന്നാല്‍ സംഖ്യ 14. വെളുത്ത വാവു് ഏപ്രില്‍ 12. ഇക്കൊല്ലം മാര്‍ച്ച് 21-നും ഏപ്രില്‍ 20-നുമായിരുന്നു വെളുത്ത വാവു്. നമ്മള്‍ ഇപ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നതു കൊണ്ടാണു് ഇതു്. അതിനെപ്പറ്റി വിശദവിവരങ്ങള്‍ താഴെ.

പട്ടികയില്‍ നിന്നു വെളുത്തവാവുദിവസം കണ്ടുപിടിച്ചു് അതിനു ശേഷം വരുന്ന ഞായറാഴ്ചയായി ഈസ്റ്റര്‍ ആഘോഷിച്ചു. (വെളുത്ത വാവു് ഞായറാഴ്ചയാണെങ്കില്‍ അതിനടുത്ത ഞായറാഴ്ചയാണു് ഈസ്റ്റര്‍).

പില്‍ക്കാലത്തു വന്ന ഗണിതശാസ്ത്രജ്ഞര്‍ ഈ പട്ടികയെ ഒരു ഗണിത/അല്‍ഗരിതരൂപത്തില്‍ ആക്കാന്‍ പറ്റുമോ എന്നു ശ്രമിച്ചു. അവര്‍ കണ്ടുപിടിച്ച വഴി ഇങ്ങനെ: മാര്‍ച്ച് 22-നുള്ള ചന്ദ്രന്റെ “പ്രായം” കണ്ടുപിടിക്കാന്‍ ഒരു സൂത്രവാക്യം ഉണ്ടാക്കി. അതായതു് കറുത്ത വാവു കഴിഞ്ഞു് എത്ര ദിവസം കഴിഞ്ഞാണു മാര്‍ച്ച് 22 വരുന്നതെന്നു്. അതില്‍ നിന്നു പിന്നീടുള്ള വെളുത്ത വാവും അതിനു ശേഷമുള്ള ഞായറാഴ്ചയും കണക്കു കൂട്ടി.


ഇങ്ങനെ ഈസ്റ്റര്‍ ആഘോഷിച്ചു വരുന്ന വേളയിലാണു് കലണ്ടര്‍ പരിഷ്കരണം ഉണ്ടായതു്. എല്ല്ലാ നാലുകൊല്ലത്തിലൊരിക്കല്‍ അധിവര്‍ഷം വരുന്നതും വര്‍ഷത്തിനു കൃത്യം 365.25 ദിവസം എന്നു കണക്കു കൂട്ടുന്നതുമായ ജൂലിയന്‍ കലണ്ടര്‍ കൃത്യമല്ലെന്നും, 400 കൊണ്ടു നിശ്ശേഷം ഹരിക്കാന്‍ പറ്റാത്ത 1900, 1800 തുടങ്ങിയ നൂറ്റാണ്ടുകളെ അധിവര്‍ഷമല്ലാതെ കണക്കാക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കണം എന്നും ശാസ്ത്രജ്ഞര്‍ വാദിച്ചു. പല രാജ്യങ്ങളും ഇതിനെ ആദ്യമൊന്നും അംഗീകരിച്ചില്ല. കാരണം 19 വര്‍ഷത്തിലെ ആവര്‍ത്തനം ഈ പരിഷ്കാരത്തിനു ശേഷം വളരെ ബാ‍ലിശമായിപ്പോകും. അവസാനം ഈസ്റ്ററിനു ഫലപ്രദമായ ഒരു കണക്കുകൂട്ടല്‍ ഉണ്ടാക്കിയതിനു ശേഷം മാത്രമേ പലരും ഗ്രിഗോറിയന്‍ കലണ്ടറിനെ അംഗീകരിച്ചുള്ളൂ. പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച ജൂലിയന്‍-ഗ്രിഗോറിയന്‍ മാറ്റം ലോകരാഷ്ട്രങ്ങള്‍ എല്ലാം അംഗീകരിച്ചതു് ഇരുപതാം നൂറ്റാണ്ടിലാണു്. ഈസ്റ്റര്‍ തന്നെയായിരുന്നു പ്രധാന പ്രശ്നം.

ഈസ്റ്ററിന്റെ കണക്കുകൂട്ടല്‍ പിന്നെയും സങ്കീര്‍ണ്ണമായി. ഗ്രിഗോറിയന്‍ കലണ്ടറിനു വേണ്ടി വരുന്ന കണക്കുകൂട്ടലുകള്‍ ഒരു വശത്തു്. ജ്യോതിശ്ശാസ്ത്രവ്യവസ്ഥകളൊക്കെ കാറ്റില്‍ പറത്തി 19 വര്‍ഷത്തിന്റെ ചാന്ദ്രചക്രത്തെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയിരുന്ന ഈസ്റ്റര്‍ ഇനി അതേ പോലെ കണക്കാക്കണമെങ്കില്‍ ഒരുപാടു സങ്കീര്‍ണ്ണതകള്‍ വേണ്ടിവരും. അവസാനം അവയും ശരിയാക്കി. ചന്ദ്രന്റെ “പ്രായം” കണക്കാക്കാനുള്ള തീയതി മാര്‍ച്ച് 22-ല്‍ നിന്നു ജനുവരി 1 ആക്കി. മാര്‍ച്ച് 22-ലെ പ്രായത്തില്‍ നിന്നു് ജനുവരി 1-ലെ പ്രായം കണ്ടുപിടിക്കാന്‍ വഴി കണ്ടുപിടിച്ചു. അതില്‍ ഗ്രിഗോറിയന്‍ കലണ്ടറിലെ അധിവര്‍ഷത്തിന്റെ കണക്കുകള്‍ ചേര്‍ത്തു. പിന്നെ മാര്‍ച്ച് 22-നു ശേഷമുള്ള ആദ്യത്തെ വെളുത്ത വാവു കണ്ടുപിടിച്ചു. അതിനടുത്ത ഞായറാഴ്ചയും. ഇതൊക്കെ ചേര്‍ത്തുവെച്ചാല്‍ സാധാരണമനുഷ്യനു് ഒരു എത്തും പിടിയും കിട്ടാത്ത കണക്കുകളായി.

ഇതിനെ ഗണിതസൂത്രവാക്യങ്ങളാക്കാന്‍ പല ഗണിതജ്ഞരും ശ്രമിച്ചു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഗാസ് ആണു് ഒരാള്‍. ഗാസ് ഒരു അടിപൊളി അല്‍ഗരിതം ഉണ്ടാക്കി. പക്ഷേ ഒരു കുഴപ്പം. എല്ലാ വര്‍ഷത്തിനും അതു ശരിയാവില്ല. അതു കഴിഞ്ഞു് പിന്നീടു പട്ടികകള്‍ ഉപയോഗിച്ചു് ശരിയാക്കണം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണു് ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള കുറ്റമറ്റ ഗണിതരീതികള്‍ ഉണ്ടായതു്. അവയെപ്പറ്റിയുള്ള വിശദമായ വിവരണം ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റില്‍ വാ‍യിക്കാം.

2006 മാര്‍ച്ചില്‍ എഴുതിത്തുടങ്ങിയതാണു് ആ പോസ്റ്റ്. ആ ഈസ്റ്ററിനു പ്രസിദ്ധീകരിക്കാനായിരുന്നു പ്ലാന്‍. അതു നടന്നില്ല. അടുത്ത ഈസ്റ്ററായപ്പോഴേക്കും ജോലി മാറല്‍, വീടുവില്പന തുടങ്ങിയ തിരക്കുകളായി. ഇക്കൊല്ലമെങ്കിലും ഈസ്റ്ററിനു തൊട്ടുമുമ്പു പ്രസിദ്ധീകരിക്കണമെന്നു കരുതി. നടന്നില്ല. ഇനിയെങ്കിലും ഇതിട്ടില്ലെങ്കില്‍ ഇനി ഒരിക്കലും പറ്റിയില്ലെങ്കിലോ? അതാണു വൈകിയാണെങ്കിലും ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതു്.

ഗ്രിഗോറിയന്‍ കലണ്ടറില്‍ ആകെ ഇതു മാത്രമേ സങ്കീര്‍ണ്ണമായുള്ളൂ. ഭാരതത്തിലെ കലണ്ടറുകളുടെ സങ്കീര്‍ണ്ണതകളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതു് ഒന്നുമല്ല. നമ്മുടെ വിശേഷദിവസങ്ങളും മറ്റും കണ്ടുപിടിക്കാന്‍ സൂര്യോദയാസ്തമയസമയം തുടങ്ങി ഒരുപാടു കാര്യങ്ങള്‍ നോക്കണം. ഇതു പോലെ ഒരു പ്രശ്നം 1957-ല്‍ ഇന്ത്യയില്‍ ശകവര്‍ഷം പരിഷ്കരിച്ചപ്പോഴും ഉണ്ടായി. ഇപ്പോള്‍ വിശേഷദിവസങ്ങളില്‍ പലതും പഴയ നിര്‍വ്വചനങ്ങളുമായി ഒത്തു പോകുന്നില്ല. അതിനെപ്പറ്റി എഴുതാന്‍ വേറെയൊരു വലിയ പോസ്റ്റു തന്നെ വേണം. അതെഴുതിയാല്‍ മധുരാജിന്റെ ഈ ചോദ്യത്തിനു് ഉത്തരവുമാകും.


ജൂലിയന്‍ കലണ്ടറില്‍ 28 വര്‍ഷത്തില്‍ തീയതി-ആഴ്ച കലണ്ടര്‍ ആവര്‍ത്തിയ്ക്കും. 19 വര്‍ഷത്തിലൊരിക്കല്‍ ചാന്ദ്രചക്രവും. ഈസ്റ്റര്‍ രണ്ടിനെയും ആശ്രയിക്കുന്നതുകൊണ്ടു് 28 x 19 = 532 വര്‍ഷത്തില്‍ ഈസ്റ്റര്‍ തീയതികള്‍ ആവര്‍ത്തിക്കും. ഗ്രിഗോരിയന്‍ കലണ്ടരില്‍ സംഭവം ആകെ മാറി. തീയതി-ആ‍ഴ്ച കലണ്ടര്‍ 400 കൊല്ലത്തിലൊരിക്കലേ ആവര്‍ത്തിക്കൂ. ചാന്ദ്രചക്രം 14250 വര്‍ഷത്തിലും. അതിനാല്‍ 57,00,000 വര്‍ഷത്തില്‍ ഒരിക്കലേ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഈസ്റ്റര്‍ തീയതികള്‍ ആവര്‍ത്തിക്കൂ.

ഈ 57,00,000 വര്‍ഷത്തെ ചക്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വരുന്ന ഈസ്റ്റര്‍ തീയതി ഏപ്രില്‍ 19 ആണത്രേ – 3.87%. ഏറ്റവും കുറവു് മാര്‍ച്ച് 22-ഉം – 0.48%. വിശദവിവരങ്ങള്‍ ഇവിടെ.


ഗ്രഹചലനങ്ങളുടെ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിയ ജോഹനാസ് കെപ്ലര്‍ ഒരിക്കല്‍ പറഞ്ഞു: “ഈസ്റ്റര്‍ ഒരു ആഘോഷം മാത്രമാണു്, ഗ്രഹമല്ല” (“After all, Easter is a feast, not a planet!”). വിശ്വാസത്തില്‍ അധിഷ്ഠിതമായ ആ ആഘോഷം ജ്യോതിശ്ശാസ്ത്രനിര്‍വ്വചനങ്ങള്‍ അനുസരിച്ചു തന്നെ വേണമെന്നു നിര്‍ബന്ധമില്ല. ഈസ്റ്ററും ക്രിസ്തുമസ്സുമൊക്കെ നല്‍കുന്ന സന്ദേശമാണു പ്രധാനം. ഹിന്ദുക്കളെപ്പോലെ ഗ്രഹങ്ങള്‍ ചില സ്ഥലങ്ങളില്‍ നീല്‍ക്കുന്ന ദിവസങ്ങള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ വിശുദ്ധമാണു് എന്ന വിശ്വാസവും ക്രിസ്ത്യാനികള്‍ക്കു പൊതുവേ ഇല്ല.


രാജേഷ് വര്‍മ്മയുടെ ഒരു കഥയാണു് “ഉയിര്‍ത്തെഴുന്നേല്‍ക്കണ്ടായിരുന്നു…”.

കഥയുടെ ശീര്‍ഷകമല്ല, മൊത്തം കഥ തന്നെയാണു് അതു്. കഥ ഇവിടെ.

രാജേഷിന്റെ ക്രിസ്തു അങ്ങനെ പറഞ്ഞതു് ഒരു പക്ഷേ ഉയിര്‍ത്തെഴുന്നേല്‍പ്പിനെച്ചൊല്ലി നടക്കുന്ന കോലാഹലങ്ങള്‍ കണ്ടായിരിക്കും, അല്ലേ?

കലണ്ടര്‍ (Calendar)
ഗണിതം (Mathematics)

Comments (17)

Permalink