മനസ്സിന്റെ താളുകള്‍ക്കിടയില്‍…
തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണു് ഈ സംഭവം ഓര്‍മ്മ വന്നതു്.
പണ്ടു പണ്ടു്, ടെലിവിഷനും പാട്ടുപെട്ടിയും ഒന്നും വീട്ടിലില്ലായിരുന്ന കാലത്തു്, പാട്ടു കേള്‍ക്കാന്‍ ആകെ ആലംബം റേഡിയോ ആയിരുന്നു. എന്റെ വീട്ടിലെ റേഡിയോ ആലപ്പുഴ സ്റ്റേഷനിലേക്കു സ്ഥിരമായി ട്യൂണ്‍ ചെയ്തു വെച്ചിരുന്നതുകൊണ്ടു് 550 എന്ന സംഖ്യയ്ക്കു മുകളില്‍ വര വീണതായിരുന്നു. എന്റെ ചെറുപ്പത്തില്‍ അതില്‍ നിന്നു് “ആകാശവാണി-തൃശ്ശൂര്‍, ആലപ്പുഴ” എന്നു് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. പിന്നീടു് തിരുവനന്തപുരവും ആ ലിസ്റ്റില്‍ വന്നു. വല്ലപ്പോഴും കോഴിക്കോടും. ആലപ്പുഴ ഒരു റിലേ സ്റ്റേഷന്‍ മാത്രമാണെങ്കിലും, ഞങ്ങള്‍ക്കതു് അഭിമാനത്തിന്റെ പ്രതീകമായിരുന്നു.
റേഡിയോ സാമാന്യം നന്നായിത്തന്നെ കേട്ടിരുന്നു. ആറു് അമ്പതിന്റെ പ്രാദേശികവാര്‍ത്തകള്‍ തൊട്ടുള്ള വാര്‍ത്തകള്‍ (മലയാളത്തിലുള്ളവ മാത്രം), ഏഴരയ്ക്കോ മറ്റോ ഉള്ള ലളിതസംഗീതപാഠം, ഇടയ്ക്കിടയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ എന്നിവയും, ആഴ്ചയിലൊരിക്കലുള്ള നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളടങ്ങിയ രഞ്ജിനി, ബാലലോകം, രാത്രി എട്ടു മണിക്കുള്ള “കണ്ടതും കേട്ടതും,” രാത്രി ഒമ്പതേകാലിനുള്ള തുടര്‍നാടകം എന്നിവയും വല്ലപ്പോഴും രാത്രി ഒമ്പതരയ്ക്കുള്ള ചലച്ചിത്ര ശബ്ദരേഖ, കൊല്ലത്തില്‍ ഒരിക്കലുള്ള നാടകവാരം, അതില്‍ ഒരു ദിവസമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുക്കുന്ന നാടകം എന്നിവയും എന്നിങ്ങനെ ആലപ്പുഴ നിലയത്തിലെ ഒരുമാതിരി പരിപാടികള്‍ മുഴുവന്‍ കേട്ടിരുന്നെങ്കിലും, ഏറ്റവും പ്രിയങ്കരം ചലച്ചിത്രഗാനങ്ങള്‍ തന്നെ. വീട്ടിലുള്ള ഏതു സമയത്തും ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലുണ്ടെങ്കില്‍ വെച്ചിരിക്കും-ഏതു പരീക്ഷയുടെ നടുക്കാണെങ്കിലും.
സ്കൂള്‍ കഴിഞ്ഞു് കോളേജില്‍ പോയപ്പോഴും ഈ ശീലം വിട്ടില്ല. ആര്‍. ഇ. സി. യില്‍ ചലച്ചിത്രഗാനസമയത്തു് എന്നെ കാണണമെങ്കില്‍ സ്വന്തമായി റേഡിയോ ഉണ്ടായിരുന്ന ആരുടെയെങ്കിലും മുറിയില്‍ പോകണം എന്ന സ്ഥിതിയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണു് ആ അത്യാഹിതം ഉണ്ടായതു്. ചലച്ചിത്രഗാനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി പരസ്യങ്ങള്‍. നാലു മിനിട്ടു പാട്ടു്. പിന്നെ പത്തു മിനിട്ടു പരസ്യം. ആരോടു പ്രതികരിക്കാന്‍? അന്നു ബ്ലോഗും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
ക്രമേണ ഈ പരസ്യങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. അവയിലെ ഭംഗിയുള്ള പ്രയോഗങ്ങളും വൈകൃതങ്ങളും ചലച്ചിത്രഗാനങ്ങള്‍ പോലെ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.
പരസ്യങ്ങളില്‍ ഒട്ടു വ്യത്യസ്തത പുലര്‍ത്തിയിരുന്നു പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റേതു്. കവിത തുളുമ്പുന്ന പരസ്യവാക്യങ്ങള്‍. പുളിമൂട്ടിലില്‍ ആരോ കവികളുണ്ടെന്നു് ഞാന്‍ അനുമാനിച്ചു.
അങ്ങനെയിരിക്കേ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ഒരു പരസ്യം കേട്ടു:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടു പോലെ നിങ്ങള്‍ സൂക്ഷിച്ച ആ സ്വപ്നം…
സംഭവമൊക്കെ കൊള്ളാം. പക്ഷേ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടോ? കുറേ ദിവസം ഇതു കേട്ടതിനു ശേഷം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു പോസ്റ്റ് കാര്‍ഡെടുത്തു് ഇങ്ങനെ എഴുതി:
സുഹൃത്തേ,
താളുകള്‍ക്കിടയില്‍ ആരും മയില്‍പ്പീലിത്തണ്ടു വെയ്ക്കാറില്ല. മയില്‍പ്പീലിയാണു വെയ്ക്കുക. ഇത്തരമൊരു മണ്ടത്തരം ദയവായി മലയാളികളെ മൊത്തം കേള്‍പ്പിക്കാതിരിക്കുക.
ഈ കത്തു് “മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്, കോട്ടയം” എന്ന വിലാസത്തില്‍ അയച്ചു. തൊടുപുഴയിലാണു ഹെഡ് ഓഫീസ് എന്നു് അറിയില്ലായിരുന്നു. “കോട്ടയം, തൊടുപുഴ” എന്നു പറയുന്നതുകൊണ്ടു് കോട്ടയമാണെന്നു കരുതി.
ഒരു മാസത്തിന്റെ അവസാനത്തോടടുപ്പിച്ചായിരുന്നു ഇതയച്ചതു്. എന്റെ പൂര്‍ണ്ണമായ മേല്‍വിലാസവും എഴുതിയിരുന്നെങ്കിലും, അതിനു മറുപടി എനിക്കു കിട്ടിയില്ല.
ഒരു പരസ്യത്തിന്റെ കോണ്ട്രാക്ട് ഒരു മാസത്തേക്കാണു്. അടുത്ത മാസം ആദ്യമേ പിന്നെ മാറ്റാന്‍ പറ്റൂ. അടുത്ത മാസം പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു പരസ്യമായിരുന്നു-“പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്” എന്നു് ഒരു പെമ്പ്രന്നോര്‍ അഞ്ചാറു തവണ “ഗപധപധപ” എന്ന ശ്രുതിയില്‍ പറയുന്ന ഒരു പരസ്യം. ഷോര്‍ട്ട് നോട്ടീസില്‍ കിട്ടിയ പ്രമാദം അവര്‍ മനസ്സിലാക്കിയെന്നും പകരം ഒന്നുണ്ടാക്കാന്‍ കുറഞ്ഞ സമയത്തില്‍ പറ്റിയില്ല എന്നും മനസ്സിലായി.
ഞാന്‍ കാത്തിരുന്നു, അടുത്ത മാസത്തിനു വേണ്ടി.
പ്രതീക്ഷിച്ച പോലെ, അടുത്ത മാസത്തില്‍ അവര്‍ പരസ്യം മാറ്റി:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തുണ്ടു പോലെ…
തെറ്റു തിരുത്തി. അതേ സമയം നേരത്തേ കേട്ടിട്ടുള്ളവര്‍ തെറ്റുണ്ടായിരുന്നു എന്നു മനസ്സിലാക്കുകയും ഇല്ല! മിടുക്കന്മാര്‍!
എന്നിട്ടും ഞാന്‍ പുളിമൂട്ടില്‍ ഏതോ കവിയുണ്ടെന്നു വിശ്വസിച്ചു പോന്നു. കുറേക്കാലം കഴിഞ്ഞപ്പോഴാണു് ഇത്രയും ചലച്ചിത്രഗാനങ്ങള്‍ കേട്ടിട്ടും ഞാന്‍ വിട്ടുപോയ ഒരു ഗാനത്തില്‍ ഓ. എന്‍. വി. എഴുതിയതാണു് ഈ കല്പന എന്നറിഞ്ഞതു്:
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചു വെച്ചു….
ആ ഗാനം അതിനു ശേഷം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറി.
[2006/08/17] ഈ ഗാനം അചിന്ത്യ, ചേച്ച്യമ്മ, ഉമാചിന്ത്യ എന്നു പല പേരുകളിലും അറിയപ്പെടുന്ന ഉമച്ചേച്ചി അയച്ചുതന്നതു്: