പിതൃത്വം പിഴച്ച പ്രമാണങ്ങള്‍

ശാസ്ത്രപ്രമാണങ്ങളുടെ പിതൃത്വം നിശ്ചയിക്കുന്നതു രണ്ടു കാര്യം നോക്കിയാണു്-ആരാണു് അതു് ആദ്യം പറഞ്ഞതെന്നു നോക്കിയും, ആരാണു് അതു് ആദ്യം തെളിയിച്ചതെന്നു നോക്കിയും. ഗണിതശാസ്ത്രത്തില്‍ പൊതുവേ തെളിയിച്ച ആളിന്റെ പേരിലാണു സിദ്ധാന്തങ്ങളൊക്കെ. വളരെക്കാലം തെളിയിക്കപ്പെടാതെ കിടന്ന പല സിദ്ധാന്തങ്ങളും ആദ്യം പറഞ്ഞവരുടെ പേരിലും അറിയപ്പെടാറുണ്ടു്. ഫെര്‍മയുടെ അന്ത്യസിദ്ധാന്തം (Fermat’s last theorem) ഒരുദാഹരണം.


ഈ പ്രശ്നം സംഭവിച്ച ഒരു പഴയ സിദ്ധാന്തമാണു് മട്ടത്രികോണസിദ്ധാന്തം. അതായതു്, ഒരു മട്ടത്രികോണത്തിന്റെ (Right angled triangle) കര്‍ണ്ണം വശമായി ഒരു സമചതുരം വരച്ചാല്‍ അതിന്റെ വിസ്താരം മറ്റു രണ്ടു വശങ്ങളിലും വരയ്ക്കുന്ന സമചതുരങ്ങളുടെ വിസ്താരത്തിന്റെ തുകയോടു തുല്യമാണെന്നുള്ള സിദ്ധാന്തം. ഇതിന്റെ പിതൃത്വം ഗ്രീക്ക് ഗണിതജ്ഞനായിരുന്ന പിഥഗോറസില്‍ (Pythagoras-ക്രി. മു. ആറാം ശതകം) ആണു കെട്ടിവെച്ചിരിക്കുന്നതു്. ഈ സിദ്ധാന്തം ആദ്യമായി തെളിയിച്ചതു് ഗ്രീക്ക് ഗണിതജ്ഞനായിരുന്ന യൂക്ലിഡ് (ക്രി. മു. നാലാം നൂറ്റാണ്ടു്) ആണു്. (ക്രി. മു. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ആപസ്തംബശുല്ബസൂത്രത്തില്‍ ഈ സിദ്ധാന്തത്തിന്റെ ഒരു ജ്യാമിതീയ ഉപപത്തിയുണ്ടു്‌. പക്ഷേ, ആപസ്തംബശുല്ബസൂത്രത്തിനു്‌ അത്ര പഴക്കമില്ല എന്നൊരു വാദമുണ്ടു്‌. അതിനാല്‍ ആദ്യം ഇതു തെളിയിച്ചതു്‌ യൂക്ലിഡ് ആണെന്നു തന്നെ പറയാം.)

ആദ്യമായി ആരാണിതു പറഞ്ഞതു് എന്നു ചോദിച്ചാല്‍ അതൊരു കഥയാണു്.

പിഥഗോറിയന്‍ ത്രയങ്ങള്‍ എന്നറിയപ്പെടുന്ന സംഖ്യാത്രയങ്ങളെപ്പറ്റി (3, 4, 5; 5, 12, 13 തുടങ്ങിയവ) ക്രിസ്തുവിനു നാല്പതു നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനുഷ്യര്‍ക്കറിയാമായിരുന്നു എന്നാണു വിക്കിപീഡിയ പറയുന്നതു്. ഏതായാലും പിരമിഡുകള്‍ നിര്‍മ്മിച്ച ഈജിപ്തുകാര്‍ മട്ടകോണം ഉണ്ടാക്കാന്‍ ഇത്തരം സംഖ്യാത്രയങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നാണു വിദഗ്ദ്ധമതം.

ഈ സിദ്ധാന്തം ആദ്യമായി പറഞ്ഞതു് ഭാരതത്തില്‍ വേദകാലഘട്ടത്തില്‍ (ഇതിനെയാണു് Vedic Mathematics എന്നു വിളിക്കേണ്ടതു്; അല്ലാതെ പുരി ശങ്കരാചാര്യര്‍ അടുത്ത കാലത്തെഴുതിയെന്നു പറയപ്പെടുന്ന തട്ടിപ്പിനെയല്ല.) ശുല്‍ബസൂത്രങ്ങളിലൊരെണ്ണം എഴുതിയ ബോധായനനാണു്. (ക്രി. മു. പത്താം നൂറ്റാണ്ടു്). ആപസ്തംബശുല്‍ബസൂത്രത്തില്‍ ഇങ്ങനെ പറയുന്നു:

സമചതുരശ്രസ്യക്ഷ്ണയാ രജ്ജു ദ്വിഷ്ടാവതിം ഭൂമിം കരോതി

സമചതുരത്തിന്റെ കര്‍ണ്ണം വശമായി വരയ്ക്കുന്ന സമചതുരത്തിന്റെ വിസ്താരം ഇരട്ടിയായിരിക്കും എന്നര്‍ത്ഥം.

കൂടാതെ, ഏതു മട്ടത്രികോണത്തിനും ഇതു ബാധകമാണെന്നും പറഞ്ഞിട്ടുണ്ടു്:

ദീര്‍ഘചതുരശ്രസ്യക്ഷ്ണയാ രജ്ജുഃ പാര്‍ശ്വമാനി തിര്യന്മാനി ച യത്പൃഥഗ്ഭൂതേ കുരുതസ്തദുഭയം കരോതി

ദീര്‍ഘചതുരത്തിന്റെ നീളത്തിന്റെയും വീതിയുടെയും സമചതുരങ്ങളുടെ വിസ്തീര്‍ണ്ണം കൂട്ടിയാല്‍ കര്‍ണ്ണത്തിന്റെ സമചതുരത്തിന്റെ വിസ്തീര്‍ണ്ണമാകും എന്നര്‍ത്ഥം.

ഇതു തന്നെ മട്ടത്രികോണസിദ്ധാന്തം. ശുല്‍ബസൂത്രമാണെന്നു തോന്നുന്നു ആദ്യമായി ഇതു രേഖപ്പെടുത്തിയതു്. (ഒരു പക്ഷേ, അതിനു മുമ്പു തന്നെ ഇതിനെപ്പറ്റി അറിവുണ്ടായിരുന്നിരിക്കണം.) ആദ്യം തെളിയിച്ചതു യൂക്ലിഡും. രണ്ടായാലും പിഥഗോറസിന്റേതല്ല.


പെല്‍ സമവാക്യം എന്നു വിളിക്കുന്ന ഒന്നുണ്ടു് സംഖ്യാശാസ്ത്രത്തില്‍.

എന്നതാണതു്. ഇവിടെ x, y എന്നിവ പൂര്‍ണ്ണസംഖ്യകളായി കണ്ടുപിടിക്കണം. D തന്നിട്ടുള്ള, പൂര്‍ണ്ണവര്‍ഗ്ഗമല്ലാത്ത ഒരു സംഖ്യയാണു്. (പൂര്‍ണ്ണവര്‍ഗ്ഗമാണെങ്കില്‍ x, y ഇവയ്ക്കു 1, -1, 0 എന്നീ മൂല്യങ്ങളേ ഉണ്ടാവുകയുള്ളൂ.)

പ്രശസ്ത ഗണിതജ്ഞനായിരുന്ന ഓയ്‌ലര്‍ (Leonard Euler) ആണു് ഇതിനെ ജോണ്‍ പെല്‍ എന്ന ഗണിതജ്ഞനുമായി ബന്ധപ്പെടുത്തിയതു്. ഒരു സുപ്രഭാതത്തില്‍ ഇതു കണ്ട പെല്‍ അമ്പരന്നിട്ടുണ്ടാവണം. കാരണം, ഇതിന്റെ തിയറിയ്ക്കു് പെല്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണു വാസ്തവം.

ഇതു വളരെ പഴയ പ്രശ്നമാണു്. ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍ (ഇതു് ആര്‍ക്കിമിഡീസിന്റേതാണോ എന്നു പലര്‍ക്കും സംശയമുണ്ടു്.)

എന്ന സമവാക്യം കിട്ടും. ആര്‍ക്കിമിഡീസിന്റെ കാലത്തു് ഇതു നിര്‍ദ്ധരിക്കാന്‍ കഴിയുമായിരുന്നു എന്നു തോന്നുന്നില്ല. പിന്നീടും ഗണിതജ്ഞര്‍ പരസ്പരം മത്സരബുദ്ധ്യാ ഇതു നിര്‍ദ്ധരിക്കാനുള്ള പ്രശ്നങ്ങള്‍ ഇടുമായിരുന്നു.

ഇതു നിര്‍ദ്ധരിക്കാനുള്ള പൂര്‍ണ്ണമായ വഴി ആദ്യമായി പറഞ്ഞതു ലെഗ്രാന്‍‌ഗെ (പതിനെട്ടാം നൂറ്റാണ്ടു്) ആണെന്നാണു പാശ്ചാത്യഗണിതചരിത്രം പറയുന്നതു്. തുടര്‍ഭിന്നങ്ങള്‍ (continued fractions) ഉപയോഗിച്ചു് ഇതിന്റെ കൃത്യവും സമഗ്രവുമായ ഒരു നിര്‍ദ്ധാരണരീതി അദ്ദേഹം പറഞ്ഞിട്ടുണ്ടു്. പെല്ലിനു പകരം ഇദ്ദേഹത്തിന്റെ പേരാണു വരേണ്ടിയിരുന്നതു്.

പിതൃത്വം പിഴച്ചെന്നു പാശ്ചാത്യര്‍ സമ്മതിക്കുന്ന ഈ സിദ്ധാന്തത്തിന്റെ പിതൃത്വം കണ്ടുപിടിക്കുന്നതില്‍ അവര്‍ ഒന്നുകൂടി പിഴച്ചു എന്നതാണു സത്യം. ക്രി. പി. ഏഴാം നൂറ്റാണ്ടില്‍ ബ്രഹ്മഗുപ്തന്‍ ഈ സമവാക്യം നിര്‍ദ്ധരിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചിരുന്നു. പിന്നീടു ഭാസ്കരാചാര്യര്‍ (പന്ത്രണ്ടാം നൂറ്റാണ്ടു്) അതിനെ പരിഷ്കരിച്ചു സരളമാക്കി. “ചക്രവാളരീതി” എന്നാണു് അതിന്റെ പേരു്. (ഞാന്‍ ഭാസ്കരാചാര്യരെ മാത്രമേ വായിച്ചിട്ടുള്ളൂ. ബ്രഹ്മഗുപ്തന്റെ കൃതികളൊന്നും കണ്ടിട്ടില്ല.)

ചക്രവാളരീതി വിശദീകരിക്കാന്‍ ഒരു വലിയ പോസ്റ്റ് തന്നെ വേണം. അതു മറ്റൊരിക്കലാവാം. എങ്കിലും ഇത്രയും പറയട്ടേ.

ഒരു കരണിയുടെ (surd) തുടര്‍ഭിന്നവികസനം കണ്ടുപിടിക്കാന്‍ ഒരു ഗണിതശാസ്ത്രരീതിയുണ്ടു്. ഇതും ലെഗ്രാന്‍‌ഗെ കണ്ടുപിടിച്ചതു തന്നെ. (ഒരു റെഫറന്‍സു തരാന്‍ ഇന്റര്‍നെറ്റില്‍ ഇതു കാണുന്നില്ല.) മുകളില്‍ക്കൊടുത്ത സമവാക്യത്തിന്റെ നിര്‍ദ്ധാരണത്തില്‍ ഈ രീതി ഉപയോഗിച്ചാല്‍ കിട്ടുന്ന രീതി തന്നെയാണു ഭാസ്കരാചാര്യരുടെ ചക്രവാളരീതി. ഭാസ്കരാചാര്യര്‍ക്കു തുടര്‍ഭിന്നങ്ങളെപ്പറ്റിയും അവ കണ്ടുപിടിക്കാനുള്ള സരളരീതിയെപ്പറ്റിയും അറിയാമായിരുന്നു എന്നാണു് ഇതില്‍ നിന്നു മനസ്സിലാക്കെണ്ടതു്.

ഭാരതീയാചാര്യന്മാര്‍ കണ്ടുപിടിച്ച എന്തെങ്കിലും ഒരു കാര്യം ഉദ്ധരിച്ചു് അതിനു പിന്നിലുള്ള എല്ലാ തിയറിയും അവര്‍ക്കറിയാമായിരുന്നും എന്നു പറയുന്ന ഒരു പ്രവണതയുണ്ടു്. (വിമാനവും ആറ്റം ബോംബും ഉദാഹരണം. സിദ്ധാന്തങ്ങളുടെ തെളിവുകള്‍ മറ്റൊന്നു്.) ഇതു് അത്തരത്തിലൊന്നല്ല എന്നു പറഞ്ഞുകൊള്ളട്ടേ. തുടര്‍ഭിന്നങ്ങളെപ്പറ്റി അറിയാതെ ചക്രവാളരീതി എങ്ങനെ ഉണ്ടാക്കും എന്നതിനു് എനിക്കു് ഒരു വിശദീകരണവും തോന്നുന്നില്ല.

എങ്കിലും ഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ ഇതിനെ ഇപ്പോഴും Pell’s equation എന്നു വിളിക്കുന്നു.


Binomial coefficients ക്രമമായി കിട്ടാന്‍ ബ്ലൈസ് പാസ്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ഒരു സൂത്രമുണ്ടു്. പാസ്കല്‍ ത്രിഭുജം എന്നാണു് അതറിയപ്പെടുന്നതു്. ഇതു പിംഗളസൂത്രങ്ങളുടെ വ്യാഖ്യാതാവായ ഹലായുധന്‍ (പത്താം നൂറ്റാണ്ടു്) ഖണ്ഡമേരു (മേരുപ്രസ്തം) എന്ന പേരില്‍ പറയുന്നുണ്ടു്. ഓരോ ഛന്ദസ്സിലും നിശ്ചിത എണ്ണം ഗുരു (അല്ലെങ്കില്‍ ലഘു) വരുന്ന വൃത്തങ്ങളുടെ എണ്ണം കണ്ടുപിടിക്കാനാണു് ഇതുപയോഗിക്കുന്നതു്. പാസ്കല്‍ ത്രിഭുജത്തിന്റെ രൂപത്തിലല്ലെങ്കിലും ഇതേ കാര്യം തന്നെ കണ്ടുപിടിക്കാന്‍ പിംഗളന്‍ (ക്രി. മു. മൂന്നാം നൂറ്റാണ്ടു്) തന്നെ മാര്‍ഗ്ഗം കൊടുത്തിട്ടുണ്ടു്. ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു് കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്കല്‍ തന്നെ കണ്ടുപിടിച്ചതും പിന്നീടു ഐസക് ന്യൂട്ടന്‍ സാമാന്യവത്കരിച്ചതുമായ Binomial theorem പിംഗളന്റെ സംഭാവനയാണെന്നു് തെറ്റായ ഒരു വാദമുണ്ടു്. ഒന്നിലധികം വസ്തുക്കള്‍ കലരുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്തവിധങ്ങള്‍ (Combinations) കണ്ടുപിടിക്കുന്നതിനുള്ള രീതിയാണു പിംഗളന്റെ കണ്ടുപിടിത്തം. ബൈനോമിയല്‍ തിയറമാകട്ടേ

എന്നും. ഇതിന്റെ ഓരോ പദത്തിന്റെയും ഗുണകങ്ങള്‍ (Coefficients)--കണ്ടുപിടിക്കാനുള്ള വഴിയാണു പിംഗളന്റെ രീതിയില്‍ നിന്നു കിട്ടുക. അല്ലാതെ അവയെ എന്നതിന്റെ വികസനവുമായി യോജിപ്പിക്കുന്ന ബൈനോമിയല്‍ തിയറമല്ല. എങ്കിലും ഈ തെറ്റായ അവകാശവാദം വിക്കിപീഡിയയിലും കാണാം. ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു. എത്രത്തോളം ശരിയാണെന്നറിയില്ല.


കലനം (Calculus) കണ്ടുപിടിക്കപ്പെട്ട പതിനേഴാം നൂറ്റാണ്ടിനടുത്തു കണ്ടുപിടിക്കപ്പെട്ടതെന്നു പറയുന്ന പല അനന്തശ്രേണികളും ഭാരതീയഗണിതജ്ഞരുടെ സംഭാവനയാണെന്നു് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ടു്. (എന്റെ ഗ്രിഗറിസായ്പും മാധവനും, ഗ്രിഗറി/മാധവശ്രേണിയുടെ സാമാന്യരൂപം, ചില അനന്തശ്രേണികള്‍, അനന്തശ്രേണികളുടെ സാധുത എന്നീ ലേഖനങ്ങള്‍ കാണുക.) അവ മറ്റു പലരുടെയും പേരിലാണു് അറിയപ്പെടുന്നതു്.


നിത്യജീവിതത്തില്‍ നിന്നുള്ള കുറേ സംഖ്യകള്‍ എടുത്തിട്ടു് (ഇവ റാന്‍ഡം നമ്പരുകള്‍ അല്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക) അവയുടെ ആദ്യത്തെ (പൂജ്യമല്ലാത്ത) അക്കങ്ങള്‍ മാത്രം എണ്ണി നോക്കിയാല്‍ ഏതക്കമായിരിക്കും കൂടുതല്‍? 1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ ഏകദേശം ഒരേ എണ്ണം ഉണ്ടാവുമോ? (ഇതിനോടു സദൃശമായ ഒരു പ്രശ്നം സന്തോഷിന്റെ റാന്‍‌ഡം നമ്പരുകള്‍ എന്ന പോസ്റ്റിലുണ്ടു്.) അല്ല എന്നാണൊരു കണ്ടുപിടിത്തം. 1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ ആദ്യത്തെ അക്കമായി വരാനുള്ള സാദ്ധ്യത യഥാക്രമം 30.1%, 17.6%, 12.5%, 9.1%, 7.9%, 6.7%, 5.8%, 5.1%, 4.6% ആയിരിക്കുമത്രേ. (മറ്റക്കങ്ങള്‍ക്കും ഇതുപോലെയുള്ള തിയറിയുണ്ടു്.) കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ ലേഖനം കാണുക.

ഈ സിദ്ധാന്തത്തെ ബെന്‍ഫോര്‍ഡിന്റെ നിയമം (Benford’s law) എന്നാണു വിളിക്കുന്നതു്. ഫ്രാങ്ക് ബെന്‍ഫോര്‍ഡ് എന്ന അമേരിക്കന്‍ ഊര്‍ജ്ജതന്ത്രജ്ഞന്‍ 1938-ല്‍ ആദ്യമായി പറഞ്ഞു എന്നു ചിലര്‍ പറഞ്ഞതു കൊണ്ടാണു് ആ പേരു വന്നതു്. എന്നാല്‍ ഇതു് ആദ്യമായി പറഞ്ഞതു് 1881-ല്‍ Simon Newcomb ആണു്. ആദ്യമായി തെളിയിച്ചതു് Theodore P. Hill എന്ന ഗണിതജ്ഞനും-1988-ല്‍. (പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്.)


പോല്യ എന്യൂമറേഷന്‍ തിയറം എന്നറിയപ്പെടുന്ന ഒരു സിദ്ധാന്തമുണ്ടു്. ഹംഗറിയില്‍ നിന്നു് അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത ജോര്‍ജ് പോല്യ എന്ന ഗണിതജ്ഞന്‍ 1936-ല്‍ കണ്ടുപിടിച്ചതു കൊണ്ടാണു് ഈ സിദ്ധാന്തത്തിനു് ഈ പേരു കിട്ടിയതു്. ഇതിനും ഒന്‍പതു കൊല്ലം മുമ്പേ ജെ. എഛ്. റെഡ്‌ഫീല്‍ഡ് എന്ന ഗണിതജ്ഞന്‍ ഇതു കണ്ടുപിടിക്കുകയും അമേരിക്കന്‍ ജേണല്‍ ഓഫ് മാത്തമാറ്റിക്സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.


ഇങ്ങനെ അനവധിയനവധി സിദ്ധാന്തങ്ങളുണ്ടു് കണ്ടുപിടിച്ചവന്റെ പേരിലല്ലാതെ അറിയപ്പെടുന്നവ.

ഇതിന്റെ അങ്ങേയറ്റം

“ശാസ്ത്രീയമായ ഒരു കണ്ടുപിടിത്തവും അതു കണ്ടുപിടിച്ച ആളിന്റെ പേരിലല്ല അറിയപ്പെടുന്നതു്…”

എന്നു പറയുന്ന Stigler’s law of eponymy എന്ന സിദ്ധാന്തമാണു്. ഇതിന്റെ ആവിഷ്കാരകനെന്നറിയപ്പെടുന്ന സ്റ്റിഗ്ലര്‍ (ഇദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ ഒരു സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണു്) പറയുന്നതു് ഇതു യഥാര്‍ത്ഥത്തില്‍ ആവിഷ്കരിച്ചതു് അമേരിക്കന്‍ സാമൂഹികശാസ്ത്രജ്ഞനായ Robert K. Merton ആണെന്നാണു്!

ഈ സിദ്ധാന്തം അതിന്റെ തന്നെ ഉദാഹരണമാണെന്നു സാരം.

ഗണിതം (Mathematics)
ഭാരതീയഗണിതം (Indian Mathematics)

Comments (20)

Permalink

കമന്റുകള്‍ക്കു നമ്പര്‍ വേരിഫിക്കേഷന്‍

സ്പാം ഒഴിവാക്കാന്‍ ഒരു പുതിയ പണി നോക്കുകയാണു്. വേര്‍ഡ് വേരിഫിക്കേഷനു പകരം നമ്പര്‍ വേരിഫിക്കേഷന്‍.

കമന്റിനു താഴെ ഒരു നമ്പര്‍ ചിത്രമായി ഉണ്ടാവും. അതു ടെക്സ്റ്റ് ബോക്സില്‍ ടൈപ്പു ചെയ്യുക. അതു ശരിയായാലേ കമന്റിനെ സ്വീകരിക്കുകയുള്ളൂ.

ഈ സെക്യൂരിറ്റി കോഡ് തെറ്റുകയോ മറ്റു തെറ്റുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അതു വേറൊരു പേജില്‍ എറര്‍ മെസ്സേജ് കാണിക്കും. അവിടെ Back button അമര്‍ത്തി തിരിച്ചു പോസ്റ്റിലേക്കു പോകാം.

ഇതു ടെസ്റ്റു ചെയ്യുന്നതു വരെ ദയവായി കമന്റിനെ കോപ്പി ചെയ്തിട്ടു മാത്രം പോസ്റ്റു ചെയ്യുക-നഷ്ടപ്പെട്ടു പോകാതിരിക്കാന്‍.

പ്രശ്നങ്ങള്‍ കണ്ടാല്‍ അറിയിക്കുക-ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം.

സാങ്കേതികം (Technical)

Comments (19)

Permalink

മരങ്ങളും പരോപകാരികളും

ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും (അഞ്ചാം അങ്കം) കാണുന്ന ഒരു പ്രസിദ്ധശ്ലോകം. ഇതു ഭര്‍ത്തൃഹരിയുടേതാണെന്നും ശാകുന്തളത്തില്‍ ആരോ പിന്നെ കൂട്ടിച്ചേര്‍ത്തതാണെന്നും (പ്രക്ഷിപ്തം) ആണു പണ്ഡിതമതം.

ഭവന്തി നമ്രാസ്തരവഃ ഫലോദ്‌ഗമൈര്‍-
നവാംബുഭിര്‍ ദൂരവിലംബിനോ ഘനാഃ
അനുദ്ധതാഃ സത്‌പുരുഷാഃ സമൃദ്ധിഭിഃ
സ്വഭാവ ഏവൈഷ പരോപകാരിണാം

അര്‍ത്ഥം:

തരവഃ ഫല-ആഗമൈഃ നമ്രാഃ ഭവന്തി : മരങ്ങള്‍ പഴങ്ങളുണ്ടാകുമ്പോള്‍ കുനിയുന്നു
ഘനാഃ നവ-അംബുഭിഃ ദൂര-വിലംബിനഃ (ഭവന്തി) : മേഘങ്ങള്‍ പുതിയ വെള്ളമുണ്ടാകുമ്പോള്‍ കൂടുതല്‍ താഴുന്നു
സത്‌പുരുഷാഃ സമൃദ്ധിഭിഃ അനുദ്ധതാഃ (ഭവന്തി) : നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല
ഏഷ പരോപകാരിണാം സ്വഭാവഃ ഏവ : ഇതു പരോപകാരികളുടെ സ്വഭാവം തന്നെയാണു്.

“ഫലോദ്‌ഗമൈഃ” എന്നതിനു “ഫലാഗമൈഃ” എന്നും “ദൂരവിലംബിനഃ” എന്നതിനു “ഭൂരിവിലംബിനഃ” എന്നും പാഠഭേദം.

വംശസ്ഥം ആണു് ഇതിന്റെ വൃത്തം.


പരിഭാഷകള്‍:

ശാകുന്തളത്തിന്റെ മിക്കവാറും എല്ലാ പരിഭാഷകരും ഈ ശ്ലോകം പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മൂന്നെണ്ണം താഴെച്ചേര്‍ക്കുന്നു.

  1. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (വൃത്തം: വംശസ്ഥം)
    മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍;
    പരം നമിക്കുന്നു ഘനം നവാംബുവാല്‍;
    സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ;
    പരോപകാരിക്കിതു താന്‍ സ്വഭാവമാം

  2. ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തം: വംശസ്ഥം)
    മരങ്ങള്‍ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
    ധരിച്ചു നീരം ജലദങ്ങള്‍ തൂങ്ങിടും;
    ശിരസ്സു സത്തര്‍ക്കുയരാ സമൃദ്ധിയാല്‍;
    പരോപകാരിക്കിതു ജന്മസിദ്ധമാം.

  3. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (വൃത്തം: ദ്രുതവിളംബിതം)
    ഫലഭരേണ തരുക്കള്‍ നമിച്ചിടും;
    ജലഭരേണ ഘനങ്ങളുമങ്ങനെ;
    അലഘുസമ്പദി സജ്ജനവും തഥാ
    വിലസിടുന്നു-ഗുണം ഗുണികള്‍ക്കിതു്.

അക്ഷരശ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സില്‍ ഒരു സ-ഫ ശ്ലോകം filler ആയി ആവശ്യം വന്നപ്പോള്‍ ഇതിനെ അവലംബിച്ചു ഞാന്‍ എഴുതിയ ഒരു ശ്ലോകം: (വൃത്തം: ദ്രുതവിളംബിതം)

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

മക്കളൊക്കെ ഒരു നിലയിലായി വിട്ടുപോകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുള്ള സ്ഥിതിയാണു് ഇതെന്നായിരുന്നു ബാലേന്ദുവിന്റെ നിരീക്ഷണം 🙂

സുഭാഷിതം

Comments (4)

Permalink

പക്ഷിമൃഗങ്ങളില്‍ നിന്നു പഠിക്കേണ്ടതു്

പക്ഷിമൃഗാദികളില്‍ നിന്നു മനുഷ്യനു് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണു് ഒരു പ്രാചീനാചാര്യന്‍ പറയുന്നതു്. അത്തരം ഇരുപതു ഗുണങ്ങളാണു താഴെ.

സിംഹാദേകം ബകാദേകം
ശിക്ഷേച്ചത്വാരി കുക്കുടാത്
വായസാത് പഞ്ചശിക്ഷേ ച
ഷഡ്‌ശുനസ്ത്രീണി ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സിംഹാത് ഏകം : സിംഹത്തില്‍ നിന്നു് ഒന്നും
ബകാത് ഏകം : കൊക്കില്‍ നിന്നു് ഒന്നും
കുക്കുടാത് ചത്വാരി : കോഴിയില്‍ നിന്നു നാലും
വായസാത് പഞ്ചശിക്ഷേ : കാക്കയില്‍ നിന്നു് അഞ്ചും
ശുനഃ ഷട് : പട്ടിയില്‍ നിന്നു് ആറും
ഗര്‍ദ്ദഭാത് ത്രീണി ച : കഴുതയില്‍ നിന്നു മൂന്നും (ഗുണങ്ങള്‍)
ശിക്ഷേത് : പഠിക്കണം

ഓന്തു്, കുറുക്കന്‍, മുതല, കാണ്ടാമൃഗം തുടങ്ങിയവയില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ടു് എന്നാണു് ആധുനികമനുഷ്യന്റെ കണ്ടുപിടിത്തം.

പ്രവൃത്തം കാര്യമല്പം വാ
യോ നരഃ കര്‍ത്തുമിച്ഛതി
സര്‍വ്വാരംഭേണ തത്‌കാര്യം
സിംഹാദേകം പ്രചക്ഷതേ

അര്‍ത്ഥം:

കാര്യം അല്പം വാ പ്രവൃത്തം വാ : ഒരു കാര്യം ചെറുതായാലും വലുതായാലും
യഃ നരഃ കര്‍ത്തും ഇച്ഛതി : ചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍
സര്‍വ്വാരംഭേണ തത്‌കാര്യം : മൊത്തം ശ്രമത്തോടെയും ചെയ്യണമെന്ന കാര്യം
സിംഹാത് ഏകം പ്രചക്ഷതേ : സിംഹത്തില്‍ നിന്നു പഠിക്കേണ്ട ഗുണമാണു്.

തര്‍ക്കിക്കുന്ന കാര്യമാണെങ്കില്‍ നമ്മളെല്ലാം സിംഹത്തെപ്പോലെ തന്നെ. ചെറുതായാലും വലുതായാലും പൂര്‍ണ്ണശക്തിയും ഉപയോഗിച്ചാണു വാദം!

ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേത്

അര്‍ത്ഥം:

പണ്ഡിതഃ നരഃ : പണ്ഡിതനായ മനുഷ്യന്‍
ബക-വത് ഇന്ദ്രിയാണി സംയമ്യ : കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ അടക്കി
ദേശ-കാല-ബലം ജ്ഞാത്വാ : സ്ഥലവും സമയവും നോക്കി
സര്‍വ്വ-കാര്യാണി സാധയേത് : എല്ലാ കാര്യവും സാധിക്കണം.

എന്തു ചെയ്യാന്‍, ഇങ്ങനെ ആയിപ്പോയി-അനീതിയും അക്രമവും കാണുമ്പോഴാണെന്നു മാത്രം. സ്ഥലവും കാലവും നോക്കി, ഇന്ദ്രിയങ്ങളെ അടക്കി, വാലും ചുരുട്ടി വീട്ടില്‍ പോകും നമ്മള്‍!

പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗഞ്ച ബന്ധുഷു
സ്വയമാക്രമ്യഭുക്തഞ്ച
ശിക്ഷേച്ചത്വാരി കുക്കുടാത്

അര്‍ത്ഥം:

പ്രാക് ഉത്ഥാനം ച : നേരത്തേ ഉണരുകയും
യുദ്ധം ച : യുദ്ധം ചെയ്യുകയും
ബന്ധുഷു സംവിഭാഗം ച : കിട്ടിയതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും
സ്വയം ആക്രമ്യ ഭുക്തം ച : സ്വയം ജോലി ചെയ്തു ഭക്ഷിക്കാനുണ്ടാക്കുകയും
ചത്വാരി : എന്നു നാലു കാര്യങ്ങള്‍
കുക്കുടാത് ശിക്ഷേത് : കോഴിയില്‍ നിന്നു പഠിക്കണം.

വക്കാരി വെറുതേ നിലാവത്തെ കോഴിയാണെന്നു പറഞ്ഞു നടക്കുന്നു. ഈ ഗുണങ്ങളില്‍ ഏതെങ്കിലും വക്കാരിക്കുണ്ടോ?

ഗൂഢമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം
പഞ്ചശിക്ഷേച്ച വായസാത്

അര്‍ത്ഥം:

ഗൂഢമൈഥുനധീരത്വം : രഹസ്യമായി മാത്രം മൈഥുനം ചെയ്യുന്നതും ധൈര്യവും
കാലേ കാലേ ച സംഗ്രഹം : സമയം നോക്കി ഗ്രഹിക്കുന്നതും
അപ്രമത്വം : ശ്രദ്ധയോടിരിക്കുന്നതും
അവിശ്വാസം : ആരെയും വിശ്വസിക്കാതിരിക്കുന്നതും
പഞ്ച വായസാത് ശിക്ഷേത് : (ഇങ്ങനെ) അഞ്ചു കാര്യം കാക്കയില്‍ നിന്നു പഠിക്കണം.

ആദ്യത്തേതും അവസാനത്തേതും നമുക്കുണ്ടെന്നു തോന്നുന്നു. ആദ്യത്തേതു തല്ലു കൊള്ളുമെന്നു പേടിയുള്ളതു കൊണ്ടു്, അവസാനത്തേതു പാര കേറുമെന്നു പേടിയുള്ളതു കൊണ്ടും.

ബഹ്വാശീ സ്വല്പസന്തുഷ്ടഃ
സുനിദ്രോ ലഘുചേതനഃ
സ്വാമിഭക്തീ ച ശൂരത്വം
ഷഡേതേ ശ്വാനതോ ഗുണഃ

അര്‍ത്ഥം:

ബഹു-ആശീ : (കിട്ടിയാല്‍) വളരെ ഭക്ഷിക്കുന്നതും
സ്വല്പ-സന്തുഷ്ടഃ : (അതേ സമയം) കുറച്ചു കിട്ടിയാല്‍ അതില്‍ സന്തോഷിക്കുന്നതും,
സു-നിദ്രഃ : നല്ല പോലെ ഉറങ്ങുകയും,
ലഘു-ചേതനഃ : (അതേ സമയം) “ഉറക്കബോധം” ഉണ്ടായിരിക്കുകയും
സ്വാമി-ഭക്തീ : യജമാനനോടുള്ള ഭക്തിയും
ശൂരത്വം : ശൂരത്വവും
ഏതേ ഷട് ശ്വാനതഃ : ഈ ആറു കാര്യങ്ങള്‍ പട്ടിയില്‍ നിന്നും (പഠിക്കണം).

“സുനിദ്രഃ” എന്നതിനു “സൂവിനെപ്പോലെ ഉറങ്ങുകയും” എന്നും, “ലഘുചേതനഃ” എന്നതിനു “പെരിങ്ങോടനെപ്പോലെ ലഘുചിത്തനായിരിക്കുകയും” എന്നു് ആര്‍ക്കെങ്കിലും അര്‍ത്ഥം തോന്നിയാല്‍ ബ്ലോഗുവായന കുറയ്ക്കണം എന്നു മനസ്സിലാക്കാം 🙂

“സ്വാമിഭക്തി”യുടെ മലയാളമാണു “മണിയടി”.

സുശ്രാന്തോऽപി വഹേദ് ഭാരം
ശീതോഷ്ണൌ ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സുശ്രാന്തഃ അപി ഭാരം വഹേത് : ക്ഷീണിച്ചാലും ഭാരം ചുമക്കുന്നതും
ശീത-ഉഷ്ണൌ ന പശ്യതി : ചൂടും തണുപ്പും കണക്കാക്കാത്തതും
നിത്യം സന്തുഷ്ടഃ ചരതേ : എന്നും സന്തോഷത്തോടുകൂടി നടക്കുന്നതും
ത്രീണി ഗര്‍ദ്ദഭാത് ശിക്ഷേത് : (എന്നിങ്ങനെ) മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കണം.

ഈ ഗുണമൊന്നും നമുക്കില്ല. അതിനു നമ്മള്‍ കഴുതകളല്ലല്ലോ!

യ ഏതാന്‍ വിംശതി ഗുണാന്‍
ആചരിഷ്യതി മാ‍നവഃ
കാര്യാവസ്ഥാസു സര്‍വ്വാസു
വിജയീ സംഭവിഷ്യതി

അര്‍ത്ഥം:

ഏതാന്‍ വിംശതി ഗുണാന്‍ : ഈ ഇരുപതു ഗുണങ്ങള്‍
യഃ മാനവഃ ആചരിഷ്യതു : ആചരിക്കുന്ന മനുഷ്യന്‍
സര്‍വ്വാസു കാര്യ-അവസ്ഥാസു : എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും
വിജയീ സംഭവിഷ്യതി : വിജയിയായി ഭവിക്കും.

എണ്ണി നോക്കിയിട്ടു് ഇതില്‍ എത്ര ഗുണമുണ്ടെന്നു പറയൂ. ജീവിതത്തില്‍ എത്ര വിജയിക്കും എന്നു നമുക്കു കണ്ടുപിടിക്കാം 🙂

എല്ലാവര്‍ക്കും ഓണാശംസകള്‍!

സുഭാഷിതം

Comments (17)

Permalink

സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (ഇതിനു മുമ്പുള്ള പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

എന്റെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റിനെത്തുടര്‍ന്നു് ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. അതു പ്രതീക്ഷിച്ചതാണു്. പക്ഷേ, എന്റെ അഭിപ്രായങ്ങള്‍ക്കു ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി എന്നു മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണ വായനക്കാരുടെ കുഴപ്പമല്ല, എന്റെ എഴുത്തിന്റെ തന്നെ പ്രശ്നം തന്നെ. മനുസ്മൃതിയെപ്പറ്റി എന്റെ നിലപാടു വ്യക്തമാക്കാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനുമാണു് ഈ പോസ്റ്റ്. കമന്റായി തുടങ്ങി പോസ്റ്റായി വളര്‍ന്ന സാധനം.

ഇതു വായിക്കുന്നതിനു മുമ്പു് ദയവായി ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.

ഒരു ലേഖനമായല്ല, പല ശിഥിലലേഖനങ്ങളായാണു് ഈ പോസ്റ്റ്. ഈ വികലഘടന പൊറുക്കുക.


മനുസ്മൃതിയെപ്പറ്റി എനിക്കുള്ള പരിമിതമായ അറിവില്‍ നിന്നു് അതിലെ സാമൂഹികനീതിശാസ്ത്രത്തെപ്പറ്റി എനിക്കു കടുത്ത വിരോധമാണു്. ഹിന്ദുമതത്തിലെയും ഭാരതത്തിലെയും പല അനാചാരങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ഗ്രന്ഥമാണു മനുസ്മൃതി.

അതേ സമയം തന്നെ, അന്നത്തെ സാമൂഹികസ്ഥിതിയെപ്പറ്റി അറിവു തരുന്ന ഒരു അമൂല്യചരിത്രഗ്രന്ഥവുമാണു് അതു്.


ഇഞ്ചി എഴുതിയതുപോലെ ഞാന്‍ പ്ലേറ്റ് തിരിച്ചുവെയ്ക്കുകയല്ല. (പ്ലേറ്റ് തിരിച്ചുവെയ്ക്കുന്നതു മോശമാണെന്നൊരു അഭിപ്രായം എനിക്കില്ല. അതിനല്ലേ ചര്‍ച്ച. വിവരമുള്ളവര്‍ പറയുന്നതു കേട്ടു നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റുന്നതു നല്ല കാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാത്തവരെയല്ലേ നാം യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നതു്?) ഇവിടെ എഴുതാന്‍ പോകുന്ന അഭിപ്രായങ്ങള്‍ തന്നെയാണു് ആ പോസ്റ്റെഴുതുമ്പോഴും എനിക്കുണ്ടായിരുന്നതു്. (ഇതിന്റെ ഒരേയൊരു അപവാദം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ ആദ്യത്തെ ഐറ്റമായി പറഞ്ഞിട്ടുണ്ടു്.) അവ വേറേ അര്‍ത്ഥം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.


ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ മനുസ്മൃതിയുടെ ദേവനാഗരിയിലുള്ള ഒരു കോപ്പി ഇന്റര്‍നെറ്റില്‍ കിട്ടി. ലളിതമായ സംസ്കൃതമാണു്. മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ഒമ്പതാം അദ്ധ്യായത്തില്‍ വിവാഹത്തെയും മറ്റും പറയുന്നുണ്ടു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാന്‍ തോന്നുന്നു. അവ ഇവിടെ ഇട്ടിട്ടുണ്ടു്. രണ്ടു പക്ഷക്കാര്‍ക്കും ഉദ്ധരിക്കാന്‍ ഇഷ്ടം പോലെ വകുപ്പുണ്ടു്.

(ഒറ്റ വായനയില്‍ തോന്നിയ അര്‍ത്ഥമാണു്. തെറ്റു പറ്റിയിട്ടുണ്ടായിരിക്കാം. ജ്യോതീ, സഹായിക്കുമോ?)


ഒന്നാമതായി, “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാം. ഇന്നു് അതിന്റെ അര്‍ത്ഥം freedom, independence, emancipation, liberty എന്നൊക്കെയാണു്. മനുവിന്റെ കാലത്തെ സംസ്കൃതത്തില്‍ അതിന്റെ അര്‍ത്ഥം അല്പം വ്യത്യസ്തമാണു്. സ്വ-തന്ത്രം ചെയ്യാനുള്ള കഴിവാണു സ്വാതന്ത്ര്യം. അതായതു്, താന്‍ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാനുള്ള കഴിവു്. ഇതിന്റെ ശരിക്കുള്ള മലയാളം “താന്തോന്നിത്തം” ആണു്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യം ഒരു മഹത്തായ വാക്കും താന്തോന്നിത്തം ഒരു നികൃഷ്ടമായ വാക്കുമായിപ്പോയി.

വാക്കുകള്‍ക്കുള്ള ഈ അര്‍ത്ഥവ്യത്യാസം മറ്റു പല വാക്കുകള്‍ക്കുമുണ്ടു്. “അതിശയം” സംസ്കൃതത്തില്‍ exceed എന്ന അര്‍ത്ഥത്തിലാണു് ഉപയോഗിക്കുന്നതു്. ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതാണു് അതിശയോക്തി. കവിഞ്ഞു പറയുന്നതു പലപ്പോഴും ആശ്ചര്യമുണ്ടാക്കുന്നതു കൊണ്ടു് അതിശയോക്തിക്കു് ആശ്ചര്യമുണ്ടാക്കുന്ന ഉക്തി എന്നും അതിശയത്തിനു് ആശ്ചര്യം എന്നും അര്‍ത്ഥമുണ്ടായി. പ്രമാദം, മേധാവി തുടങ്ങിയ പദങ്ങള്‍ക്കും ഇതുപോലെ അര്‍ത്ഥവ്യത്യാസമുണ്ടായി. ഈ വ്യത്യാസങ്ങള്‍ മലയാളത്തിലാണുണ്ടായതു് എന്നു പറഞ്ഞുകൊള്ളട്ടേ. സംസ്കൃതത്തില്‍ ഇന്നും ഇവയ്ക്കു് ആദ്യത്തെ അര്‍ത്ഥം തന്നെ.

താന്തോന്നിത്തം അത്ര നികൃഷ്ടമായ ഒരു പദമല്ല. ഒരു പറ്റം താന്തോന്നികളെക്കൊണ്ടാണു ലോകത്തില്‍ മഹത്തായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉണ്ടായതു്. മറ്റുള്ളവര്‍ കാട്ടിത്തന്ന വഴിയിലൂടെയല്ലാതെ സ്വന്തം ബുദ്ധി നയിക്കുന്ന വഴിയിലൂടെ മുന്നേറുന്നതാണു് താന്‍-തോന്നി-ത്തം. അതു സമൂഹനിയമങ്ങള്‍ക്കെതിരാകുമ്പോഴാണു് നാം കൂടുതല്‍ അറിയുന്ന അര്‍ത്ഥം കിട്ടുന്നതു്.

ഇനി, സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥമറിയണമെങ്കില്‍ സോക്രട്ടീസ് ചോദിച്ചതുപോലെയുള്ള ചോദ്യങ്ങളിലേക്കു പോകണം. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കു് ഉത്തരം പറഞ്ഞുനോക്കൂ.

  1. യുദ്ധമുന്നണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പടയാളി. സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ട സമയം. തെറ്റായ തീരുമാനമെടുത്താല്‍ അപകടമാകും. ഈ പടയാളിക്കു സ്വാതന്ത്ര്യമുണ്ടോ?
  2. ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ജന്‍. പൂര്‍ണ്ണമായും ശ്രദ്ധിച്ചു് തെറ്റുപറ്റാതെ രോഗിയുടെ ശരീരം കീറിമുറിച്ചുകൊണ്ടിരിക്കുന്നു. ഈ ഡോക്ടര്‍ക്കു സ്വാതന്ത്ര്യമുണ്ടോ?

“താന്തോന്നിത്തം” എന്ന അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ഇവിടെ രണ്ടു കൂട്ടര്‍ക്കുമില്ല. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതു വളരെ പരിമിതമാണു്. അവ ചെയ്യാനേ അവര്‍ക്കു് അപ്പോള്‍ കഴിയൂ. ഗവേഷണവും പരീക്ഷണങ്ങളുമൊക്കെ മറ്റൊരവസരത്തില്‍. ഇപ്പോള്‍ ഗതാനുഗതികത്വം തന്നെ വഴി.

ഇവര്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും കുട്ടികള്‍ക്കും എന്നല്ല നിയമമനുസരിക്കുന്ന ഏതൊരുത്തനും പൂര്‍ണ്ണസ്വാതന്ത്ര്യം ഒരു മിഥ്യയാണു്. പക്ഷേ, അതുകൊണ്ടൊന്നും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരോ അവശതയനുഭവിക്കുന്നവരോ അവഗണിക്കപ്പെട്ടവരോ അല്ല.

സ്വാതന്ത്ര്യം എന്ന വാക്കു് freedom എന്ന അര്‍ത്ഥത്തില്‍ (free എന്ന വാക്കും ഇതില്‍ നിന്നു വിമുക്തമല്ല-അതിനു് “ഓസിനു കിട്ടുന്നതു്” എന്നൊരര്‍ത്ഥവുമുണ്ടല്ലോ. Wikipedia-the free encyclopedia എന്നതിലെ free എന്നതു കാശു കൊടുക്കേണ്ടാത്തതാണോ അതോ സ്വതന്ത്രം എന്നതാണോ അതോ രണ്ടും കൂടിയാണോ എന്നു് ഇപ്പോഴും തര്‍ക്കം നടക്കുന്നു.) ഉപയോഗിക്കാന്‍ തുടങ്ങിയതും വെള്ളക്കാര്‍ നമ്മെ അടിച്ചമര്‍ത്തിയതും അവരില്‍ നിന്നു നാം സ്വാതന്ത്ര്യം നേടിയതും ഒക്കെ ആ വാക്കിന്റെ ഒരര്‍ത്ഥത്തെ മാത്രം ഉറപ്പിച്ചു. ആ അര്‍ത്ഥത്തിലല്ല മനു അതുപയോഗിച്ചതു് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.


ഉദ്ധരണികള്‍ മുഴുവന്‍ വായിക്കാതെ അറ്റവും മൂലയും മാത്രം വായിച്ചു തോന്നിയ അര്‍ത്ഥം പറയുന്നതിനെ ഞാന്‍ ഇതിനു മുമ്പും വിമര്‍ശിച്ചിട്ടുണ്ടു്. “സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നതിനെ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിനെപ്പറ്റി ഇവിടെ പറഞ്ഞിട്ടുണ്ടു്. “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ മുന്നിലുള്ള മൂന്നു വരികള്‍ കൂടി വായിക്കണം എന്നു പറയാന്‍ കൂടിയാണു് ഈ ലേഖനം എഴുതിയതു്. അതു കൂടി വായിച്ചപ്പോള്‍ എനിക്കു വേറൊരു അര്‍ത്ഥമാണു തോന്നിയതു്. അതു നിങ്ങളുമായി പങ്കുവെയ്ക്കുകയാണു് ഇവിടെ ചെയ്തതു്.

ഈ ശ്ലോകം വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്കു് ഇതു പുരുഷന്മാരെ തങ്ങളുടെ “കടമ” ഓര്‍മ്മിപ്പിക്കുന്ന ഒരു ശ്ലോകമായാണു മനസ്സിലാകുന്നതു്-അല്ലാതെ സ്ത്രീയെ അടിച്ചമര്‍ത്തുന്ന ശ്ലോകമായല്ല.


കല്ലേച്ചി, മന്‍‌ജിത്ത്, സന്തോഷ് തുടങ്ങിയവരെപ്പോലെ സാമൂഹികപ്രശ്നങ്ങള്‍ സാധാരണയായി ഞാന്‍ വിഷയമാക്കാറില്ല. മനുസ്മൃതി മൊത്തം വ്യാഖ്യാനിക്കാനും ഉദ്ദേശ്യമില്ല. അത്രയും സമയം കിട്ടിയാല്‍ ആര്യഭടീയമോ തന്ത്രസംഗ്രഹമോ വ്യാഖ്യാനിക്കാനേ ഞാന്‍ നോക്കൂ.

പലതിനെപ്പറ്റിയും നമുക്കുള്ള ധാരണ മിക്കപ്പോഴും അവയുടെ വിമര്‍ശനങ്ങളില്‍ നിന്നാണു കിട്ടുക. ജനയുഗം വായിച്ചു വളര്‍ന്നവനു സായിബാബയെയും പ്രബുദ്ധകേരളം വായിച്ചു വളര്‍ന്നവനു ഏ. ടി. കോവൂരിനെയും സ്വന്തം ബുദ്ധി കൊണ്ടു മനസ്സിലാക്കാന്‍ ഒരുപാടു സമയമെടുക്കും.

വളരെയധികം എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയ പുസ്തകമാണു മനുസ്മൃതി. അതു് അതര്‍ഹിക്കുന്നുണ്ടാവാം. പക്ഷേ മനുസ്മൃതിയെപ്പോലെ തന്നെയോ അതില്‍ക്കൂടുതലോ വിഷം അടങ്ങിയ മറ്റു പുസ്തകങ്ങളുണ്ടെന്നുള്ളതാണു വാസ്തവം.

ചില ഉദാഹരണങ്ങള്‍:

  1. ശങ്കരാചാര്യരുടെ വിവേകചൂഡാമണിയില്‍ നിന്നു്. ഇതു വളരെ മഹത്തായ ഒരു പുണ്യഗ്രന്ഥമായി പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന പുസ്തകമാണു്.

    ജന്തൂനാം നരജന്മ ദുര്‍ല്ലഭം; അതഃ പുംസ്ത്വം; തതോ വിപ്രതാ
    തസ്മാദ് വൈദിക…

    അതായതു്,

    • ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
    • മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
    • പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍ : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
    • അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!

    എന്തുകൊണ്ടു് ജന്തുസ്നേഹികളും സ്ത്രീസമത്വവാദികളും അധഃകൃതോദ്ധാരകരും വൈദികകര്‍മ്മവിരോധികളും വിവേകചൂഡാമണി കത്തിക്കുന്നില്ല?

  2. ഭഗവദ്ഗീതയില്‍ ഇതുപോലെ ആളുകളെ ചൊടിപ്പിച്ചിട്ടുള്ള ഭാഗമാണു് ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം… എന്നതു്. പക്ഷേ, അതിനേക്കാള്‍ വലിയ പ്രശ്നം ഒന്നാം അദ്ധ്യായത്തിലുണ്ടു്. അര്‍ജ്ജുനന്‍ കൃഷ്ണനോടു പറയുന്നു:

    അധര്‍മ്മാഭിഭവേത് കൃഷ്ണ
    പ്രദുഷ്യന്തി കുലസ്ത്രിയഃ
    സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ
    ജായതേ വര്‍ണ്ണസങ്കരഃ…

    അതായതു്, കുലത്തിലെ സ്ത്രീകള്‍ മറ്റു ജാതിയിലുള്ളവരോടു ചേര്‍ന്നാല്‍ വര്‍ണ്ണസങ്കരം വന്നു് ആകാശം ഇടിഞ്ഞുവീഴുമെന്നു്! കുലത്തിലെ പുരുഷന്മാര്‍ക്കു നാടു നീളെ നടന്നു് സ്വജാതിയിലും അന്യജാതികളിലും വര്‍ണ്ണസങ്കരം ഉണ്ടാക്കാം.

    ഒരു പാമ്പിന്‍പെണ്ണിനെ കല്യാണം കഴിച്ച അര്‍ജ്ജുനന്‍ ഒരു കുരങ്ങത്തിയെ കല്യാണം കഴിച്ച കൃഷ്ണനോടാണിതു പറയുന്നതെന്നൊര്‍ക്കണം. ഇത്രയും കടന്ന വര്‍ണ്ണസങ്കരം നടത്താന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്‍ വളര്‍ന്നിട്ടില്ല!

    ഇതിനെക്കാള്‍ വലിയ അവഗണനയാണോ മനു ചെയ്തതു്? ആരുണ്ടു ഭഗവദ്ഗീത കത്തിക്കാന്‍?

  3. വായിക്കേണ്ട പുസ്തകമാണു് ആനന്ദിന്റെ “ഗോവര്‍ദ്ധനന്റെ യാത്രകള്‍”. കയ്യൂക്കുള്ളവന്‍ ഇല്ലാത്തവന്റെ മേല്‍ ചെയ്യുന്ന ക്രൂരതകളുടെ വിവരണം വഴി ചരിത്രത്തെ വിശകലനം ചെയ്യുന്നതാണു് ആ പുസ്തകം. നമുക്കു പരിചയമുള്ള പലരും -മുഗള്‍ ചക്രവര്‍ത്തിമാര്‍, കെപ്ലര്‍, ഗലീലിയോ, കാളിദാസന്‍, ഇബ്‌നു ബത്തൂത്ത, ത്യാഗരാജഭാഗവതര്‍ തുടങ്ങി പലരും- അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു്. നാം പാഠപുസ്തകങ്ങളില്‍ വായിച്ച രൂപത്തിലല്ലെന്നു മാത്രം. സഹോദരന്റെ കണ്ണു ചൂഴ്ന്നെടുക്കുകയും അച്ഛനെ തടവിലിടുകയും ആശയഭിന്നതയുള്ളവരെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിമാര്‍, സത്യത്തെ പീഡനം പേടിച്ചു തള്ളിപ്പറഞ്ഞ ശാസ്ത്രജ്ഞര്‍, ക്രൂരതയ്ക്കു സ്തുതിഗീതം പാടിയ കവികള്‍ തുടങ്ങി പല രൂപത്തില്‍. അതില്‍ കാളിദാസന്റെ രഘുവംശത്തില്‍ രഘു കൊന്നൊടുക്കുന്ന പടയാളികളുടെ ശവശരീരങ്ങളെപ്പറ്റി ആലങ്കാരികമായി വര്‍ണ്ണിക്കുന്ന ചില ശ്ലോകങ്ങളെ വിമര്‍ശിക്കുന്നുണ്ടു്. പടയാളികളെ ജീവനോടെ കുന്തത്തില്‍ കോര്‍ക്കുകയോ മറ്റോ ചെയ്തതിന്റെ വര്‍ണ്ണനയാണതു്.

    ചിന്തിപ്പിക്കുന്ന പുസ്തകമാണതു്. കാളിദാസനെയും ഹുമയൂണിനെയുമൊന്നും നാം ഇതുവരെ കണ്ട കണ്ണു കൊണ്ടല്ല അതില്‍ കാണുന്നതു്.

  4. ബൂലോഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും ആരാദ്ധ്യപുരുഷനായ വി. കെ. എന്‍.-ന്റെ കൃതികളില്‍ ഉടനീളം കാണുന്നതു കടുത്ത പുരുഷമേധാവിത്വമല്ലേ? ഉദാഹരണങ്ങളൊന്നും നിരത്തേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പേജെടുത്തിട്ടു് ഏഴു വരിയും ഏഴക്ഷരവും തള്ളി കിട്ടുന്നതു് എടുത്തെഴുതിയാല്‍ മതി.

    സ്ത്രീനിന്ദനം മാത്രമല്ല, ഫ്യൂഡലിസവും ജാതിഭ്രാന്തും യുക്തിവാദം തുടങ്ങിയവയോടുള്ള അസഹിഷ്ണുതയും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കാണാം. കഥയ്ക്കു വേണ്ടി ചേര്‍ക്കുന്ന ആശയങ്ങള്‍ (അതായതു്, ദുഷ്ടകഥാപാത്രങ്ങളെക്കൊണ്ടു പറയിപ്പിക്കുന്ന സംഭാഷണങ്ങള്‍) ആയല്ല ഇവയില്‍ മിക്കതും കാണുന്നതു്.

ഭഗവദ്‌ഗീതയും ശങ്കരാചാര്യരുടെയും കാളിദാസന്റെയും വി. കെ. എന്‍.-ന്റെയും കൃതികളും നാം കത്തിക്കുന്നില്ലല്ലോ, അല്ലേ?


മനുസ്മൃതിയുടെയും ഭഗവദ്‌ഗീതയുടെയുമൊക്കെ ചരിത്രപശ്ചാത്തലം പരിശോധിച്ചാല്‍ നമ്മുടെ പല കേട്ടുകേഴ്‌വികളും തെറ്റാണെന്നു ബോദ്ധ്യമാകും. മനുസ്മൃതിയിലെ “സ്മൃതി”യ്ക്കു് ധര്‍മ്മപുരാണത്തിലെ “പുരാണ”ത്തില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല. നിയമസംഹിത ഉണ്ടാക്കിയപ്പോള്‍ അതിന്റെ പേരില്‍ “സ്മൃതി” ചേര്‍ത്തു എന്നു മാത്രമേ ഉള്ളൂ. മനുസ്മൃതിയുടെ ഇപ്പോഴത്തെ രൂപത്തിനു ക്രി. മു. രണ്ടാം നൂറ്റാണ്ടിലധികം പഴക്കമില്ല എന്നാണു പണ്ഡിതമതം. അതിനു ശേഷമാണു് എന്നും വാദമുണ്ടു്. ബൈബിളിലെ ആദം പോലെ ഹൈന്ദവപുരാണങ്ങളില്‍ ആദ്യമനുഷ്യനായി പറയുന്ന മത്സ്യാവതാരമനുവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നര്‍ത്ഥം.

ഭാരതത്തില്‍ ഹിന്ദുമതത്തിനു് അവാന്തരവിഭാഗങ്ങളും പക്ഷാന്തരവുമൊക്കെയുണ്ടായെങ്കിലും, അതൊക്കെ പടര്‍ന്നു പന്തലിച്ച ആല്‍മരത്തിന്റെ ശാഖോപശാഖകള്‍ മാത്രമാണെന്നു പറഞ്ഞു നടന്നുവെങ്കിലും, ബുദ്ധമതത്തിന്റെ വിജയം ഹിന്ദുമതത്തിനു് ഒരു അടിയായി. സ്വന്തമായി ഒരു തത്ത്വസംഹിതയോ നിയമാവലിയോ മതഗ്രന്ഥമോ ഇല്ലാതിരുന്ന കാലത്തു് ഹിന്ദുത്വത്തെ നവീകരിക്കാന്‍ നടന്ന ശ്രമത്തിന്റെ ഫലമാണു മനുസ്മൃതിയും ഭഗവദ്‌ഗീതയും ഭാഗവതവുമൊക്കെ എന്നാണു് ഒരു തിയറി.

ഭഗവദ്‌ഗീത വ്യാസഭാരതത്തിന്റെ ഭാഗമല്ലെന്നും, പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണെന്നും, അതിലെ എല്ലാ ആശയങ്ങളും (ശത്രുവിനെ അടിച്ചൊതുക്കുന്നതു നിന്റെ കര്‍മ്മം, ചതുര്‍വര്‍ണ്ണ്യം, വര്‍ണ്ണസങ്കരം, എല്ലാ മതങ്ങളെയും ഉപേക്ഷിച്ചു് എന്നിലേക്കു വരുക തുടങ്ങി) ഈയൊരു നവീകരണത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

മനുസ്മൃതിയും ഏതാണ്ടു് ഈ കാലത്തു തന്നെ ഉണ്ടായതാണെന്നൊരു വാദമുണ്ടു്. ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനു ശേഷം ക്രി. പി. രണ്ടാം നൂറ്റാണ്ടില്‍ സംഘരാജാവായിരുന്നു പുഷ്യമിത്രനാണു മനുസ്മൃതി എഴുതിച്ചതു് എന്നും ചിലര്‍ പറയുന്നു.

ഭാരതത്തിന്റെയും ഹിന്ദുമതത്തിന്റെയും സഹിഷ്ണുതയെപ്പറ്റി വരുന്ന സ്പാം ഇ-മെയിലുകളെക്കൊണ്ടു പലപ്പോഴും പൊറുതിമുട്ടാറുണ്ടു്. ഭാരതം മറ്റു രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഹിന്ദുമതം മറ്റു മതങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തിയിട്ടില്ലെന്നും ഒക്കെയുള്ള പ്രസ്താവങ്ങള്‍ ചരിത്രത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണു്. ലങ്കയെ ആക്രമിക്കുകയും ബൌദ്ധന്മാരെ കൂട്ടക്കൊല നടത്തുകയും ചെയ്ത രാജേന്ദ്രചോളന്‍ (ക്രി. പി. പതിനൊന്നാം നൂറ്റാണ്ടു്) ഒരാള്‍ മതി ഇതിനെതിരായി. “കഴുമരം” എന്നറിയപ്പെട്ടിരുന്ന അറ്റം കൂര്‍ത്ത കുന്തങ്ങള്‍ ആസനത്തിലടിച്ചുകയറ്റിയായിരുന്നത്രേ ബുദ്ധസന്ന്യാസികളെ കൊന്നിരുന്നതു്.

ശരീയത്ത് പോലെയുള്ള ഒരു കര്‍ക്കശനിയമാവലി ആണു മനുസ്മൃതി നല്‍കുന്നതു്. കാടത്തവും അതിലുണ്ടു്. സ്വന്തം മതത്തിനു ഭീഷണിയായി ഉയര്‍ന്നു വന്ന മറ്റൊരു മതത്തെ അടിച്ചമര്‍ത്തിയതിനു ശേഷം ഒരു രാജാവു് ഇങ്ങനെ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടി കര്‍ക്കശമായി ഉണ്ടാക്കിയ നിയമസംഹിതയില്‍ കാടത്തമില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനു അയാളുടെ പിണിയാള്‍ മാത്രം.


ഇനി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാം.

  1. അജിത്തും കൂമനും രാജേഷും പുസ്തകങ്ങള്‍ കത്തിക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുകയും, ഇഷ്ടമില്ലാത്ത രാജ്യങ്ങളുടെ പതാക കത്തിക്കുകയും ചെയ്യുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ആ വിധത്തില്‍ മനുസ്മൃതിയിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അതു കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നു.

    ഞാന്‍ കരുതിയതു് പുസ്തകത്തിന്റെ എല്ലാ പ്രതികളും കണ്ടെടുത്തു കത്തിക്കുന്നതാണു് വിവക്ഷ എന്നായിരുന്നു. “മനുസ്മൃതി കത്തിക്കണം” എന്നു പറയുമ്പോള്‍ അതല്ലേ ഉദ്ദേശിക്കുന്നതു്?

  2. അജിത്ത് സ്ത്രീപുരുഷസമത്വത്തെ വര്‍ണ്ണങ്ങളുടെയും ജാതികളുടെയും മറ്റും സമത്വത്തില്‍ നിന്നു ഭിന്നമല്ല എന്നു പറഞ്ഞിരിക്കുന്നു. ഇഞ്ചി ഇരുപതാം നൂറ്റാണ്ടിനു മുമ്പു് പെണ്ണെഴുത്തുകാര്‍ കുറവായിരുന്നു എന്നും നിരീക്ഷിക്കുന്നു. സ്ത്രീപുരുഷസമത്വം ഇത്രയും എത്തിയതു് ഈ അടുത്ത കാലത്തു ശാസ്ത്രത്തിന്റെ സഹായത്തോടുകൂടിയാണു്. പല കാര്യങ്ങള്‍ ഇതിനു വഴിയൊരുക്കി.
    1. കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളും ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങളുടെ ബോധവത്ക്കരണവും മൂലം സ്ത്രീകള്‍ എല്ലാ വര്‍ഷവും പ്രസവിക്കുന്നവരാക്കാതെ വന്നതു് സ്ത്രീകളെ പുരുഷന്മാരോടൊപ്പം പല ജോലികളും ചെയ്യാന്‍ പര്യാപ്തരാക്കി.
    2. ശാരീരികാദ്ധ്വാനം വളരെ വേണ്ടി വരുന്നതും സ്ത്രീകള്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ ജോലികളല്ലാതെ കൂടുതല്‍ ബൌദ്ധികമായതും സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കൂടുതല്‍ നന്നായി ചെയ്യാവുന്നതും ആയ ജോലികളുടെ പ്രചാരം.
    3. സ്ത്രീകള്‍ സുഖഭോഗവസ്തുക്കളും ഗര്‍ഭാധാനപാത്രങ്ങളും മാത്രമല്ല, പുരുഷനു തുല്യരായവരാണെന്നുള്ള ബോധവത്ക്കരണം. പല സമുദായങ്ങളും അവയുടെ അനാചാരങ്ങള്‍ തൂത്തെറിഞ്ഞതു് ഈ അടുത്ത കാലത്താണു്.
    4. സദാചാരം, പാതിവ്രത്യം, പരിശുദ്ധി, മാനം തുടങ്ങിയവയുടെ നിര്‍വ്വചനങ്ങള്‍ മാറി. സ്ത്രീകളെ മറ്റുള്ളവര്‍ കാണുന്നതും തൊടുന്നതുമൊന്നും തെറ്റല്ല എന്ന ബോധം വന്നതോടുകൂടി പല ജോലികളും ചെയ്യാന്‍ സ്ത്രീകള്‍ക്കു സാധിച്ചു.

    കഴിഞ്ഞ കാലങ്ങളില്‍ ഇവയില്ലായിരുന്നതു കൊണ്ടു് സ്ത്രീകള്‍ക്കു് ഉയരാന്‍ കഴിഞ്ഞില്ല. പ്രായമായാല്‍ വീടും കുട്ടികളെയും നോക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന ബോധമുണ്ടായിരുന്നതു കൊണ്ടു് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും മറ്റു പരിശീലനങ്ങളും കൊടുത്തില്ല. പഴയ കാലത്തെ നിയമസംഹിതകളില്‍ സ്ത്രീകളെ വീട്ടിലൊതുക്കി നിര്‍ത്തിയതിന്റെ കാരണമിതാണു്.

    ഇപ്പോഴും പല പരിമിതികളും സ്ത്രീകള്‍ക്കുണ്ടു്. (പുരുഷന്മാര്‍ക്കുമുണ്ടു്.) അതിനാല്‍ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരില്‍ നിന്നു് സംരക്ഷണം ആഗ്രഹിക്കുന്നു. ഇഞ്ചിപ്പെണ്ണു്, താര, വല്യമ്മായി എന്നീ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുക. പുരുഷന്മാരില്‍ നിന്നുള്ള സംരക്ഷണം അവര്‍ ആഗ്രഹിക്കുന്നു. അവരുടെ പ്രശ്നം സ്വാതന്ത്ര്യം എന്ന വാക്കാണു്. അതിന്റെ മുകളില്‍ പറഞ്ഞ അര്‍ത്ഥത്തെപ്പറ്റി അവരെന്തു പറയുന്നു എന്നു നോക്കട്ടേ.

    ഈ കാരണം കൊണ്ടു തന്നെയാണു് ഇതു് ഇന്നും “പ്രസക്തം” ആണു് എന്നു ഞാന്‍ പറഞ്ഞതു്. “പ്രസക്തം” എന്നു വെച്ചാല്‍ ശരി എന്നല്ല അര്‍ത്ഥം. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കുന്നു, അതു സ്ത്രീ ആഗ്രഹിക്കുന്നു എന്നതു് ഇന്നുമുള്ള കാര്യമാണു് എന്നാണു ഞാന്‍ ഉദ്ദേശിച്ചതു്. മനുസ്മൃതി ഇന്നു പ്രസക്തമാണെന്നല്ല ഞാന്‍ പറഞ്ഞതു്-ഈ ശ്ലോകം (“പിതാ രക്ഷതി…”) ഇന്നും പ്രസക്തമാണു് എന്നാണു്.

  3. സ്ത്രീകള്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നു ബിന്ദു പറയുന്നു. നല്ല നിരീക്ഷണം. കുട്ടികള്‍ മാത്രമല്ല, പ്രായമായവര്‍, അംഗവൈകല്യമുള്ളവര്‍, കായികശക്തി കുറഞ്ഞവര്‍, ബുദ്ധിയുറയ്ക്കാത്തവര്‍ തുടങ്ങിയവര്‍ക്കും സംരക്ഷണം ആവശ്യമാണു്. ഇവര്‍ക്കും “സ്വാതന്ത്ര്യം” കൊടുക്കാന്‍ പറ്റില്ല. മനു ഇതും പറഞ്ഞിട്ടുണ്ടോ എന്നു് എനിക്കറിയില്ല. പറഞ്ഞിട്ടുണ്ടാവണം. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും അതൊരു പ്രശ്നമായോ അടിച്ചമര്‍ത്തലായോ തോന്നിയിട്ടുണ്ടാവില്ല. അത്രമാത്രം.

    മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞ അംബേദ്കര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നു പറഞ്ഞില്ലേ? അതു് അവരെ സമന്മാരായി അംഗീകരിക്കാതിരിക്കലാണോ? സമത്വം കിട്ടിയിട്ടില്ല, കിട്ടുന്നതുവരെ സംരക്ഷണം വേണം എന്നാണു വിവക്ഷ. സ്ത്രീകളുടെ കാര്യത്തിലും ഇതാണു സ്ഥിതി. കുട്ടികളുടെ കാര്യത്തിലും.

  4. വക്കാരിയുടെ വ്യാഖ്യാനം കൊള്ളാം. പക്ഷേ അതു് നളന്‍ പറഞ്ഞതു പോലെയുള്ള വ്യാഖ്യാനമാണു്. എന്തു വേണമെന്നു തീരുമാനിച്ചു് അതിലേക്കു വ്യാഖ്യാനിക്കുന്ന രീതി. ഇവിടെ അതിന്റെ ആവശ്യമില്ല. സരളമായ വ്യാഖ്യാനം മതി.
  5. “ഡൊക്ടര്‍മാര്‍ ഡൊക്ടര്‍മാരാകുന്നതിനും അതുപോലെ സാമൂഹ്യകാരണങ്ങളുണ്ട്‌. ഡോക്ടറാകാന്‍ അമാനുഷികമായ ബുദ്ധിശക്തിയൊന്നും വേണ്ട – 23 ലക്ഷം രൂപ ഫീസുകൊടുക്കാനുണ്ടായാല്‍ മതി.” എന്നു് അജിത്ത് പറയുന്നു. ഞാന്‍ ഡോക്ടറുടെ ബുദ്ധിയെപ്പറ്റി പറഞ്ഞില്ലല്ലോ. സമൂഹത്തില്‍ ഡോക്ടര്‍ക്കും കുഴിവെട്ടുകാരനും ആവശ്യമാണെന്നും ഒരാള്‍ക്കു മറ്റെയാളിന്റെ ജോലി ചെയ്യാന്‍ തത്കാലം (ശ്രമിച്ചാല്‍ പറ്റിയേക്കും) പറ്റില്ല എന്നുമല്ലേ ഞാന്‍ പറഞ്ഞുള്ളൂ?
  6. യാത്രാമൊഴി ചോദിക്കുന്നു: “മനുസ്മൃതി മുഴുവന്‍ വായിച്ചു പഠിച്ചതിനു ശേഷമാണോ ഈ “രണ്ട്” ശ്ലോകങ്ങള്‍ മാത്രം വിശദീകരിച്ചു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചത്?”

    ഞാന്‍ എവിടെയാണു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായി ചിത്രീകരിച്ചതു്? “സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നു പറഞ്ഞവന്‍ എങ്ങനെ സ്വാതന്ത്ര്യത്തിന്റെ വക്താവാകും?

    ഉദ്ധരിച്ച ശ്ലോകത്തിന്റെ നാലാം വരി മാത്രം നോക്കിയാല്‍ പോരാ, ബാക്കി മൂന്നു വരികള്‍ കൂടി നോക്കണം എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ഇന്നത്തെ സമൂഹത്തെപ്പറ്റി അവിടെ പറഞ്ഞതും ഇവിടെ മുകളില്‍ പറഞ്ഞതും എന്റെ കാഴ്ചപ്പാടാണു്. അതിനു മനുസ്മൃതിയുമായി ബന്ധമില്ല.

    യാത്രാമൊഴി പറഞ്ഞ ഒരു കാര്യവും എന്റെ ലേഖനം വായിച്ചിട്ടു പറഞ്ഞതാണെന്നു തോന്നുന്നില്ല. “ഉമേഷ്ജിക്ക് മനുസ്മൃതിയിലെ ആശയങ്ങളോട് എതിര്‍പ്പാണെന്നു കമന്റില്‍ കണ്ടു.
    തെറ്റായ ഒരു ആശയത്തെ എതിര്‍ക്കുന്നയാള്‍ തന്നെ അത് നല്ലതെന്നു വ്യാഖ്യാനിക്കുമ്പോള്‍…” മനുസ്മൃതി നല്ലതെന്നു ഞാന്‍ എവിടെ വ്യാഖ്യാനിച്ചു? “മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും…” എന്നു പറഞ്ഞതോ? അതോ, “മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല…” എന്നു പറഞ്ഞതോ?

    ഇനി “മനുസ്മൃതി പണ്ടും തെറ്റായിരുന്നു” എന്നു ഞാന്‍ പറയാഞ്ഞതാണോ കുറ്റം? അതെന്റെ അറിവില്ലായ്മ. പഴയ ചരിത്രവും സാമൂഹികവ്യവസ്ഥിതികളും എങ്ങനെയായിരുന്നു എന്നെനിക്കു് അറിയില്ല. സ്ത്രീകള്‍ വഴിപിഴച്ചു പോയ ഒരു കാലത്തുണ്ടാക്കിയതുകൊണ്ടാണു് ഇസ്ലാം മതത്തിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ പലപ്പോഴും കര്‍ശനമാകുന്നതു് എന്നു കേട്ടിട്ടുണ്ടു്. അതുപോലെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതുകൊണ്ടു് അതു പറഞ്ഞില്ല. ഇന്നത്തെ കാലത്തെപ്പറ്റി വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതു് ഒന്നിലധികം സ്ഥലത്തു പറഞ്ഞു.

  7. നളന്റെ സര്‍കാസം രസിച്ചു. പക്ഷേ, “പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു (പണ്ടു പരീക്ഷയ്ക്കു theorem പ്രൂവാന്‍ കുറച്ചു ഗ്യാപ്പ് വിട്ടട്ട് റിസള്‍ട്ടെഴുതി വയ്ക്കും) പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും (സൂഫിയാണെന്നു പറഞ്ഞതെന്നു തോന്നുന്നു ‘പിന്നെ അവിടെ നടക്കുന്നതൊരു മാജിക്കാണു്)…” എന്നു പറഞ്ഞതു് എന്റെ എഴുത്തിനെപ്പറ്റിയാണോ? ആണെങ്കില്‍ ഞാന്‍ നിഷേധിക്കുന്നു. ഈ വിധത്തിലാണു നമ്മുടെ പല പുസ്തകങ്ങളുടെയും സ്ഥിതി. അതു മാറ്റി കാര്യങ്ങള്‍ എനിക്കറിയാവുന്നതു പോലെ യുക്തിഭദ്രമായി വളച്ചുകെട്ടാതെ പറയാനാണു ഞാന്‍ ഇതുവരെ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചതു്.

    “ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ…”. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം വിശദമാക്കാന്‍ ശ്രമിച്ച എന്നോടു് ഇതു വേണോ നളാ? ഇതിലെ ആശയം ശരിയല്ല എന്ന അഭിപ്രായമുള്ളതുകൊണ്ടല്ലേ ഞാന്‍ ഇതൊരു സുഭാഷിതം ആക്കാഞ്ഞതു്?

  8. രാജേഷ് പറഞ്ഞ “ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ്‌ പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം…” എന്നതിനോടു യോജിക്കുന്നു. പക്ഷേ അതു് ഇന്നത്തെ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. രാജഭരണകാലത്തു രാജാവു കണ്‍കണ്ട ദൈവവും രാജവിരോധി പാപിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലണ്ടിലെ രാജാവിനെയും രാജ്ഞിയെയും പ്രകീര്‍ത്തിച്ചവരാണു നമ്മുടെ കവികള്‍. ഇന്നത്തെ കാഴ്ചപ്പാടിലാണു് ഇതൊക്കെ തിന്മയാകുന്നതു്.
  9. അനോമണി എവിടെയാണു നില്‍ക്കുന്നതെന്നു മനസ്സിലായില്ല. എന്നോടു വിയോജിച്ചു തുടങ്ങി. പിന്നെ മനുസ്മൃതി സംരക്ഷിക്കണമെന്നു പറഞ്ഞു. ഏറ്റവുമൊടുവില്‍ വക്കാരിയോടു യോജിക്കുന്നുവെന്നും പറഞ്ഞു. ആകെ കണ്‍ഫ്യൂഷന്‍ 🙂

ചര്‍ച്ചയിലെ പല ഭാഗങ്ങളും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഒക്കെ കാര്യം പറയുന്നതും എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും കണ്ടു. ഞാന്‍ അവയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. മനുസ്മൃതിയില്‍ നിറച്ചു ജാതീയതയാണു്. ഹിന്ദുമതത്തില്‍ ചാതുര്‍വര്‍ണ്യം കൊടി കുത്തി വാഴണം എന്നു നിര്‍ബന്ധമുള്ള സവര്‍ണ്ണരുടെ സൃഷ്ടിയാണു മനുസ്മൃതി. ആ പറഞ്ഞിരിക്കുന്നതെല്ലാം കാടത്തമാണു്. നിങ്ങളോടു യോജിക്കുന്നു. പക്ഷേ, അതല്ലല്ലോ ഞാന്‍ പറഞ്ഞതു്. “പിതാ രക്ഷതി കൌമാരേ…” എന്ന ശ്ലോകത്തിന്റെ എനിക്കു തോന്നിയ അര്‍ത്ഥവും അതിനു് ഇന്നത്തെ പ്രസക്തിയുമല്ലേ?


സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെപ്പറ്റി “ശബ്ദതാരാവലി” എന്തു പറയുന്നു എന്നു നോക്കി.

സ്വാതന്ത്ര്യം: സ്വതന്ത്രത; സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15.

സ്വതന്ത്ര: [സ്വ-തന്ത്ര] വി. തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന; മറ്റൊരാള്‍ക്കു കീഴടങ്ങാത്ത, പ്രായപൂര്‍ത്തി വന്ന. നാ: സ്വതന്ത്രത, സ്വാതന്ത്ര്യം.


ഈ എഴുതിയതു ഞാന്‍ ഒരു വട്ടം കൂടി വായിക്കട്ടേ. തെറ്റിദ്ധാരണ ഉണ്ടാകാവുന്ന ഭാഗങ്ങള്‍ മാറ്റിയെഴുതട്ടേ. എന്നിട്ടു Publish ബട്ടനില്‍ ഞെക്കട്ടേ 🙂

(ഞാന്‍ എഴുതിയ പാരഡിയെപ്പറ്റി ആര്‍ക്കും അഭിപ്രായമൊന്നും ഇല്ലേ? 🙂 )

സാമൂഹികം

Comments (34)

Permalink

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (അടുത്ത പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.

മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.

ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്‌ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.

മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.

ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.

ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.

സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.

സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.

മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.

മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ

(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)

എന്നു പറഞ്ഞതും മനു തന്നെ.


ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?

മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി

അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന്‍ സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം 🙂

(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)

സാമൂഹികം

Comments (69)

Permalink

പുത്രനും മിത്രവും

കുട്ടികളെ വളര്‍ത്തേണ്ട വിധത്തെപ്പറ്റി ഒരു പഴയ സംസ്കൃതശ്ലോകം:

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്

അര്‍ത്ഥം:

പുത്രം : പുത്രനെ
പഞ്ച-വര്‍ഷാണി രാജവത് : അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും
ദശ-വര്‍ഷാണി ദാസവത് : (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും
പ്രാപ്തേ ഷോഡശവര്‍ഷേ തു : പതിനാറു വയസ്സായാല്‍
മിത്ര-വത് : കൂട്ടുകാരനെപ്പോലെയും
ആചരേത് : കരുതണം

അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ഭാരതത്തില്‍ പണ്ടു പുരുഷന്മാരുടെ പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം പതിനാറു വയസ്സാണെന്നു തോന്നുന്നു. പലയിടത്തും ഈ “ഷോഡശ”ത്തെപ്പറ്റി പരാമര്‍ശമുണ്ടു്. അതു പതിനെട്ടും ഇരുപത്തൊന്നുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടു്. അതു് ഉചിതമാണു താനും. കാരണം കുട്ടിയുടെ രാജത്വം ഇപ്പോള്‍ അഞ്ചു വയസ്സില്‍ തീരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സുവരെയും അതിനു ശേഷവും കുട്ടികളെ ലാളിക്കുന്ന രീതിയാണു് ഇപ്പോഴുള്ളതു്. ദാസനെപ്പോലെ കരുതുന്ന കാലം ഉണ്ടോ എന്നു തന്നെ സംശയം.

തലമുറകള്‍ കഴിയുന്നതോടെ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന പ്രവണത കൂടുന്നുണ്ടു്. ഇതു സ്നേഹം കൂടുന്നതാണോ ബഹുമാനം കുറയുന്നതാണോ എന്നു പലരും തര്‍ക്കിക്കുന്നുണ്ടു്. ഏതായാലും ഇന്നത്തെ മക്കള്‍ അച്ഛന്റെ മുന്നില്‍ ഇരിക്കാന്‍ മടിയുള്ളവരല്ല. രണ്ടു തലമുറ മുമ്പു് അറുപതു വയസ്സുള്ള മക്കള്‍ കൂടി അച്ഛന്റെ മുന്നില്‍ ഇരിക്കാറില്ലായിരുന്നു.

എന്തായാലും പ്രായപൂര്‍ത്തിയായാല്‍ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

സുഭാഷിതം

Comments (29)

Permalink

വിദ്യ വരുന്ന വഴി

ഒരു വിദ്യാര്‍ത്ഥിയ്ക്കു് അറിവു് എങ്ങനെ കിട്ടുന്നു എന്നു പറയുന്ന ഒരു പ്രാചീനശ്ലോകം:

ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു

അര്‍ത്ഥം:

ശിഷ്യഃ : ശിഷ്യന്‍
പാദം ആചാര്യാത് : കാല്‍ ഭാഗം ആചാര്യനില്‍ നിന്നും
പാദം സ്വമേധയാ : കാല്‍ ഭാഗം സ്വന്തം ബുദ്ധി കൊണ്ടും
പാദം സബ്രഹ്മചാരിഭ്യഃ : കാല്‍ ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും
പാദം കാലക്രമേണ തു : കാല്‍ ഭാഗം കാലം പോകുന്നതനുസരിച്ചും
ആദത്തേ : നേടുന്നു

വളരെ നല്ല ശ്ലോകം. അദ്ധ്യാപകനു കാല്‍ ഭാഗം മാത്രമേ പറഞ്ഞു തരാന്‍ പറ്റൂ എന്നും, സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ എന്നും, എങ്കിലും കാലം തരുന്ന അറിവു് മറ്റൊരു വിധത്തിലും കിട്ടില്ല എന്നും ഒരു ചെറിയ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നു.

ഇതു പഴയ കാലത്തെ കഥ. ഇതു നാലുമായിരുന്നു വിദ്യ കിട്ടാനുള്ള വഴികള്‍. ഇന്നോ?

ഇന്നു വിദ്യ വരുകയല്ല. തലയില്‍ കെട്ടിവെയ്ക്കുകയാണു്. പഠിപ്പാണു ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നു കരുതുന്ന ഈ കാലത്തു് (ഇതു് അറിവിനു വേണ്ടിയല്ല, പിന്നീടു കിട്ടുന്ന ജോലിക്കും ശമ്പളത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണെന്നു് ആര്‍ക്കാണറിഞ്ഞുകൂടാത്തതു്?) എല്ലാ വഴികളിലൂടെയും കുട്ടികള്‍ക്കു വിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയാണു മാതാപിതാക്കള്‍. ട്യൂഷന്‍, ഗൈഡുകള്‍, വര്‍ക്ക്‍ബുക്കുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, മത്സരങ്ങള്‍ എന്നിവയ്ക്കൊക്കെ തള്ളിവിടുകയും അവയിലൊക്കെ ഒന്നാമതാകണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതുകൊണ്ടു വിദ്യയെ ഊറ്റിയെടുക്കുകയാണോ ചോര്‍ത്തിക്കളയുകയാണോ എന്നു സംശയം.

എന്റെ ചെറുപ്പകാലത്തു് ഇന്നത്തെപ്പോലെ ട്യൂഷനും മറ്റും പോകുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിപ്പിക്കുന്നതു പഠിക്കുക, അവനവനെക്കൊണ്ടു കഴിയുന്നതു പരീക്ഷയ്ക്കെഴുതുക എന്നതില്‍ കവിഞ്ഞു മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ മത്സരബുദ്ധി ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ മാത്രം അല്പം വ്യത്യാസമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കു മാത്രം ചിലപ്പോള്‍ ട്യൂഷനു പോകും. ഗൈഡുകള്‍ക്കും മറ്റും പാഠപുസ്തകത്തിനേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നുമില്ല.

ഇന്നത്തെ സ്ഥിതി അതാണോ? ഇടയ്ക്കിടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ രാവിലെ അഞ്ചരയ്ക്കു ട്യൂഷനു പോകുന്ന കുട്ടികളെ കാണാറുണ്ടു്. വൈകിട്ടു പത്തു മണി വരെയും പഠിത്തമാണു്-സ്കൂളിലും വീട്ടിലും ട്യൂഷന്‍ സെന്ററിലും മറ്റും. ഈ കുട്ടികള്‍ കളിക്കുകയും അടുത്ത ലൈബ്രറിയിലുള്ള നോവലുകള്‍ എടുത്തു വായിക്കുകയും ചെയ്യുന്നുണ്ടോ, ഞാനൊക്കെ ചെയ്ത പോലെ? ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ക്കു് ഇതിനു തക്ക വിജ്ഞാനം കിട്ടുന്നുണ്ടോ? അറിയില്ല.

അമേരിക്കയില്‍ സ്ഥിതി അല്പം വ്യത്യസ്തമാണു്. ഇവിടെ സ്കൂളുകളില്‍ റാങ്ക്, മാര്‍ക്ക്, കാണാതെ പഠിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യമില്ല. അത്രയും ഭാഗ്യം. അതില്‍ മത്സരമില്ല. കുട്ടികളുടെ “സ്റ്റാന്‍ഡേര്‍ഡ്” വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ (പ്രധാനമായി കണക്കു്) ഉപയോഗിച്ചു വീട്ടിലിരുത്തി പഠിപ്പിക്കുകയും, ഗണിതവും മറ്റും കാണാതെ പഠിപ്പിക്കുന്ന പാഠ്യേതരവിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കുകയും ചെയ്യുന്നതു് ഇന്ത്യക്കാര്‍ക്കിടയില്‍ സാധാരണയാണെങ്കിലും, പഠിച്ചു റാങ്കു നേടാനുള്ള മത്സരം നാട്ടിലെപ്പോലെ ഇവിടെയില്ല. എങ്കിലും മക്കളെ നീന്തല്‍, പലതരം പന്തുകളികള്‍, പലതരം കായികാഭ്യാസമുറകള്‍, പലതരം സംഗീത-നൃത്ത അഭ്യസനങ്ങള്‍ തുടങ്ങിയുള്ള എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളുടെ അതിപ്രസരത്തിലേക്കു തള്ളിവിടുന്ന പ്രവണത വളരെയുണ്ടു്. ഇവയൊക്കെ നല്ലതു തന്നെ. പക്ഷേ, കുട്ടികള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലാത്ത വിധത്തില്‍ ഇതൊക്കെ ആയാലോ? മദ്ധ്യവേനലവധിക്കുമുണ്ടു സമ്മര്‍ ക്യാമ്പുകള്‍. ഇതു കണ്ടാല്‍ ജീവിതകാലത്തെ മുഴുവന്‍ ഒളിമ്പിക്ക് മെഡലുകളും നൊബേല്‍ സമ്മാനങ്ങളും ഓസ്കാര്‍-ഗ്രാമി അവാര്‍ഡുകളും തന്റെ കുട്ടിക്കു നേടിക്കൊടുക്കണം എന്നാണു് ആഗ്രഹമെന്നു തോന്നിപ്പോകും.

(എന്നാല്‍ കുട്ടികളെ മലയാളം പറയാനും, വായിക്കാനും, എഴുതാനും പഠിപ്പിക്കുന്നുണ്ടോ? അതൊട്ടില്ല താനും!)

വിദ്യ കിട്ടാന്‍ ഒരു ദ്വാരം ആവശ്യമാണു്. ആ ദ്വാരം തന്നെ അതു ചോര്‍ത്തിക്കളയുകയും ചെയ്യും എന്നു് ആലോചിക്കുന്നതു നന്നു്.


ഇന്നത്തെ വിദ്യ വരുന്ന വഴി വിവരിക്കാന്‍ ഒരു ശ്ലോകം പോരാ. വലിയ ഒരു മഹാകാവ്യം തന്നെ വേണം. അങ്ങനെയൊരു മഹാകാവ്യത്തിലെ ഏതാനും ശ്ലോകങ്ങള്‍ താഴെ.

വൃത്തത്തിലൊതുങ്ങാന്‍ ‘നൂറ്റെട്ടു്‘ എന്ന സംഖ്യ ഉപയോഗിച്ചതാണു്. ശരിക്കുള്ള സംഖ്യ സൂചിപ്പിക്കാന്‍ അഞ്ചക്കമെങ്കിലും വേണ്ടിവരും 🙂


നൂറ്റെട്ടിലൊന്നു സാറന്മാര്‍,
നൂറ്റെട്ടിലൊന്നു കൂട്ടുകാര്‍,
നൂറ്റെട്ടിലൊന്നു തന്‍ ബുദ്ധി,
നൂറ്റെട്ടിലൊന്നു കാലവും

നൂറ്റെട്ടിലൊന്നു വീ ഗൈഡും,
നൂറ്റെട്ടിലൊന്നസീസിയും,
നൂറ്റെട്ടിലൊന്നു വിദ്യാര്‍ത്ഥി-
മിത്രം തൊട്ടവയും തഥാ

നൂറ്റെട്ടിലൊന്നു കമ്പ്യൂട്ടര്‍,
നൂറ്റെട്ടിലൊന്നു വിക്കിയും,
നൂറ്റെട്ടിലൊന്നി`ലീ ബുക്കും’,
നൂറ്റെട്ടിലൊന്നു ബ്ലോഗുകള്‍,

നൂറു ദ്വാരം തുളച്ചിട്ടു
വിദ്യയൂറ്റിക്കുടിക്കവേ
കോടി ഭാഗത്തു കീറീട്ടു
ചോര്‍ന്നു പോകുന്നു സര്‍വ്വതും…

സുഭാഷിതം

Comments (32)

Permalink

പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും

ഭാരതീയഗണിതത്തിന്റെ ഒരു പ്രത്യേകത ഫലങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ എന്നതാണു്. ഈ ഫലങ്ങളല്ലാതെ അവയിലെത്തിച്ചേരാനുള്ള ഗണിതക്രിയകള്‍ പലപ്പോഴും ആചാര്യന്മാര്‍ രേഖപ്പെടുത്തിയിരുന്നില്ല. സാമാന്യജനത്തിനു മനസ്സിലാക്കാന്‍ പ്രയാസമുള്ളതുകൊണ്ടോ ഓലയില്‍ അവയൊക്കെ എഴുതുന്നതു് അനാവശ്യമാണെന്നു കരുതിയതുകൊണ്ടാണെന്നു തോന്നിയതുകൊണ്ടോ പ്രായോഗികതയ്ക്കു മാത്രം പ്രാധാന്യം കൊടുത്തതുകൊണ്ടോ രേഖപ്പെടുത്താന്‍ സൗകര്യത്തിലുള്ള സങ്കേതത്തിന്റെ (notation) അഭാവം കൊണ്ടോ ആയിരിക്കാം ഫലങ്ങള്‍ മാത്രം ശ്ലോകങ്ങളും സൂത്രങ്ങളും വഴി രേഖപ്പെടുത്തിയിരുന്നതു്.

ക്രിസ്തുവിനു മുമ്പു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പിംഗളന്‍ (പണ്ഡിതര്‍ ക്രി. മു. അഞ്ചാം നൂറ്റാണ്ടു മുതല്‍ ക്രി. മു. ഒന്നാം നൂറ്റാണ്ടു വരെ പിംഗളന്റെ കാലമായി പറയുന്നുണ്ടു്.) എഴുതിയ ഛന്ദസൂത്രങ്ങളില്‍ പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ട അനവധി ഗണിതശാസ്ത്രതത്ത്വങ്ങളുടെ കാതലുണ്ടു്. ലഘു, ഗുരു എന്നു രണ്ടുതരം അക്ഷരങ്ങളുടെ വിന്യാസങ്ങളുടെ തത്ത്വങ്ങള്‍ മാത്രം പറഞ്ഞിരിക്കുന്നതുകൊണ്ടു മുഴുവന്‍ സിദ്ധാന്തങ്ങളും നമുക്കു കിട്ടിയിട്ടില്ല.

പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ദ്വ്യങ്കഗണിതം (binary number system and arithmetic-ക്രി. പി. പതിനെട്ടാം നൂറ്റാണ്ടു്), ബൈനോമിയല്‍ സിദ്ധാന്തം(binomial theorem-ക്രി. പി. പതിനേഴാം നൂറ്റാണ്ടു്) തുടങ്ങിയവയുടെ ഉപജ്ഞാതാവു് പിംഗളനാണെന്നു വിക്കിപീഡിയ വരെ പറയുന്നുണ്ടു്. അതൊരല്പം കടന്ന കയ്യാണെന്നാണു് എന്റെ അഭിപ്രായം. രണ്ടിനെ അടിസ്ഥാനമാക്കിയുള്ള പെര്‍മ്യൂട്ടേഷനുകളുടെ തിയറി ഉണ്ടാക്കി എന്നു പറയുകയാവും കൂടുതല്‍ ശരി. ദ്വ്യങ്കഗണിതവും ഇതിന്റെ അടിസ്ഥാനത്തിലുള്ളതായതുകൊണ്ടു് അതിലെ പല നിയമങ്ങളും ഇവിടെ കാണാം എന്നു മാത്രം.

പൂജ്യം കണ്ടുപിടിച്ചതു് പിംഗളനാണെന്നും ഒരു വാദമുണ്ടു്. അദ്ദേഹം ശൂന്യത്തെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നം ഉപയോഗിച്ചു എന്നു മാത്രമേ ഉള്ളൂ. പൂജ്യം ഉപയോഗിച്ചുള്ള സ്ഥാനീയമൂല്യരീതി (place value system) പിന്നെയും പല നൂറ്റാണ്ടുകള്‍ക്കു ശേഷമാണു് (ഭാരതത്തില്‍ത്തന്നെ-ബ്രഹ്മഗുപ്തന്റെ കാലത്തു് ക്രി. പി. ഏഴാം നൂറ്റാണ്ടില്‍) ഉണ്ടായതു്. അന്നേ പൂജ്യം കണ്ടുപിടിച്ചു എന്നു പറയാന്‍ പറ്റൂ.

പ്രസ്താരം, നഷ്ടം, ഉദ്ദിഷ്ടം, ലഗം എന്നു നാലുവിധം ഗണിതക്രിയകളാണു പിംഗളന്‍ പറഞ്ഞിരിക്കുന്നതു്. അവയില്‍ ആദ്യത്തെ മൂന്നു ക്രിയകളാണു് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. ലഗക്രിയ അടുത്ത ലേഖനത്തില്‍.


കുറിപ്പു്: ഇതില്‍ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങളും രീതികളും ഏ. ആര്‍. രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയില്‍ നിന്നു് എടുത്തിട്ടുള്ളവയാണു്. ഇതു് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രചിക്കപ്പെട്ട പുസ്തകമാണു്. അതിനാല്‍ ഇതിനെ മാത്രം അടിസ്ഥാനമാക്കി പിംഗളന്‍ ഈ ഗണിതരീതികള്‍ ഉണ്ടാക്കി എന്നു പറയുന്നതു തെറ്റാണു്. എങ്കിലും പിംഗളന്റെ ഛന്ദസൂത്രത്തിലും ക്രി. പി. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹലായുധന്റെ വ്യാഖ്യാനത്തിലും ഇവ ഉണ്ടെന്നുള്ള വിവരം മറ്റു സ്രോതസ്സുകളില്‍ നിന്നു കിട്ടിയതു കൊണ്ടാണു് ഇവിടെ ഇവ വിവരിക്കുന്നതു്. ഛന്ദസൂത്രവും ഹലായുധവ്യാഖ്യാനവും കിട്ടിയാല്‍ വിശദവിവരങ്ങള്‍ എഴുതാം.


സൌകര്യത്തിനായി നമുക്കു ഗുരുവിനെ 0 എന്നും ലഘുവിനെ 1 എന്നും രേഖപ്പെടുത്താം. ദ്വ്യങ്കഗണിതത്തിന്റെയും (binary arithmetic) ബൈനോമിയല്‍ തിയറത്തിന്റെയും മറ്റും സാദൃശ്യം വ്യക്തമാക്കാനാണു് ഈ സങ്കേതം.

പ്രസ്താരം:

ഒരു നിശ്ചിത എണ്ണം അക്ഷരങ്ങളുള്ള ഛന്ദസ്സിലെ എല്ലാ വൃത്തങ്ങളെയും കണ്ടുപിടിക്കാനുള്ള വഴിയാണു പ്രസ്താരം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, n ഏതു മൂല്യമെടുത്താലും nP2 പെര്‍മ്യൂട്ടേഷനുകളെയും ഉണ്ടാക്കാന്‍ ഈ രീതി സഹായിക്കും.

ആദ്യത്തേ വരിയാകവേ ഗുരു, വതിന്‍ കീഴോട്ടു കീഴോട്ടു പി-
ന്നാദ്യത്തേ ഗുരു നീക്കി വെയ്ക്കുക ലഘും, ശേഷം നടേത്തേതു താന്‍
മുന്‍ സ്ഥാനങ്ങളിരിക്കിലത്ര ഗുരു താന്‍ വെപ്പൂ, തുടര്‍ന്നിത്തരം
ചെയ്യേണം ക്രിയയങ്ങു സര്‍വ്വലഘുവാം പാദം ലഭിക്കും വരെ.

അതായതു്,

  1. ആദ്യത്തെ വൃത്തമായി എല്ലാം ഗുരുവായ വൃത്തം എഴുതുക.
  2. അടുത്ത വൃത്തം കിട്ടാന്‍ തൊട്ടു തലേ വൃത്തത്തിന്റെ ആദ്യത്തെ ഗുരു മാറ്റി ലഘു വയ്ക്കുകയും അതിനു മുമ്പുള്ള ലഘുക്കളെയെല്ലാം ഗുരുക്കളാക്കുകയും ചെയ്യുക. ശേഷമുള്ളവ മാറ്റണ്ട.
  3. എല്ലാം ലഘുവായ വൃത്തം കിട്ടിയാല്‍ നിര്‍ത്തുക.

ഉദാഹരണമായി, നാലക്ഷരമുള്ള ഛന്ദസ്സിന്റെ പ്രസ്താരം താഴെച്ചേര്‍ക്കുന്നു.

No. (N)   1     2     3     4     വിശദീകരണം
 1 0 0 0 0 എല്ലാം ഗുരു.
 2 1 0 0 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 3 0 1 0 0 ആദ്യത്തെ (2) ഗുരു മാറ്റി ലഘു. മുമ്പുള്ളതെല്ലാം (1) ഗുരു.
 4 1 1 0 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 5 0 0 1 0 ആദ്യത്തെ ഗുരു (3) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2) ഗുരു.
 6 1 0 1 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 7 0 1 1 0 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
 8 1 1 1 0 ആദ്യത്തെ (1) ഗുരു മാറ്റി ലഘു.
 9 0 0 0 1 ആദ്യത്തെ ഗുരു (4) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2, 3) ഗുരു.
10 1 0 0 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
11 0 1 0 1 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
12 1 1 0 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
13 0 0 1 1 ആദ്യത്തെ ഗുരു (3) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1, 2) ഗുരു.
14 1 0 1 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.
15 0 1 1 1 ആദ്യത്തെ ഗുരു (2) മാറ്റി പകരം ലഘു. അതിനു മുമ്പില്‍ മുഴുവന്‍ (1) ഗുരു.
16 1 1 1 1 ആദ്യത്തെ ഗുരു (1) മാറ്റി പകരം ലഘു.

സൂക്ഷിച്ചു നോക്കിയാല്‍, (N-1)ന്റെ binary representation ആണു് അതാതു വരിയില്‍ എന്നു കാണാം, വലത്തു നിന്നു് ഇടത്തേക്കു വായിച്ചാല്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദ്വ്യങ്കഗണിതത്തില്‍ അടുത്ത സംഖ്യ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അല്‍ഗരിതം തന്നെയാണു് ഇവിടെ അടുത്ത വൃത്തം കണ്ടുപിടിക്കാനും ഉപയോഗിക്കുന്നതു് എന്നര്‍ത്ഥം.

നഷ്ടം:

മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ എഴുതിയാല്‍ ഒരു പ്രത്യേക സംഖ്യയ്ക്കു നേരേ വരുന്ന വൃത്തമേതെന്നു കണ്ടുപിടിക്കാനുള്ള രീതിയാണു നഷ്ടം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ N എന്ന സംഖ്യ തന്നാല്‍ (N-1)ന്റെ binary representation കണ്ടുപിടിക്കാനുള്ള വഴി.

നഷ്ടാങ്കം സമമെങ്കിലാദി ലഘുവാ, മല്ലെങ്കില്‍ മറ്റേതുമാ-
മര്‍ദ്ധിച്ചും പുനരിക്രമത്തിലെഴുതൂ വര്‍ണ്ണം ലഗം വന്ന പോല്‍
ഓജത്തില്‍ പുനരൊന്നു ചേര്‍ത്തിഹ മുറിക്കേണം സദാ മേല്‍ക്കുമേല്‍
ഛന്ദസ്സിന്‍ പടിയുള്ള വര്‍ണ്ണമഖിലം വന്നാല്‍ നിറുത്താം ക്രിയ.

ഇതു് ഇങ്ങനെ സംഗ്രഹിക്കാം:

  1. സംഖ്യ ഇരട്ടസംഖ്യയാണെങ്കില്‍ ആദ്യത്തെ അക്ഷരം ലഘുവാണു്-ഒറ്റസംഖ്യയാണെങ്കില്‍ ഗുരുവും.
  2. ഇരട്ടസംഖ്യയാണെങ്കില്‍ പകുതി കാണുക. ഒറ്റസംഖ്യയാണെങ്കില്‍ ഒന്നു കൂട്ടിയിട്ടു പകുതി കാണുക.
  3. ഇങ്ങനെ കിട്ടിയ സംഖ്യയെ മുകളില്‍ പറഞ്ഞ ക്രിയ തന്നെ ചെയ്യുക. പിന്നീടുള്ള അക്ഷരങ്ങള്‍ കിട്ടും.
  4. ആവശ്യത്തിനു് അക്ഷരമായാല്‍ നിര്‍ത്തുക.

ഉദാഹരണമായി, നാലക്ഷരമുള്ള ഛന്ദസ്സിലെ പതിനൊന്നാമത്തെ വൃത്തം കണ്ടുപിടിക്കണം എന്നിരിക്കട്ടേ. ഇങ്ങനെ ചെയ്യാം.

  • 11 ഒറ്റസംഖ്യയായതിനാല്‍ ആദ്യത്തെ അക്ഷരം ഗുരു (0).
  • അടുത്ത സംഖ്യ (11+1)/2 = 6. അതു് ഇരട്ടസംഖ്യയായതിനാല്‍ രണ്ടാമത്തെ അക്ഷരം ലഘു (1).
  • അടുത്ത സംഖ്യ 6/2 = 3. അതു് ഒറ്റസംഖ്യയായതിനാല്‍ മൂന്നാമത്തെ അക്ഷരം ഗുരു (0).
  • അടുത്ത സംഖ്യ (3+1)/2 = 2. അതു് ഇരട്ടസംഖ്യയായതിനാല്‍ നാലാമത്തെ അക്ഷരം ലഘു (1).

അപ്പോള്‍ പതിനൊന്നാമത്തെ വൃത്തം 0101. മുകളിലെ പട്ടികയില്‍ നോക്കിയാല്‍ ഇതു ശരിയാണെന്നു കാണാം.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 11-1 = 10ന്റെ ദ്വ്യങ്കരൂപം 1010 ആണു്.

ഈ രീതി ദ്വ്യങ്കഗണിതത്തില്‍ ഒരു സംഖ്യയുടെ ദ്വ്യങ്കരൂപം കണ്ടുപിടിക്കുന്ന അതേ രീതി തന്നെയാണെന്നു കാണാന്‍ കഴിയും.

ഉദ്ദിഷ്ടം:

ഒരു വൃത്തത്തിന്റെ ലക്ഷണം കിട്ടിയാല്‍ അതു് ആ ഛന്ദസ്സില്‍ എത്രാമത്തേതാണെന്നു കണ്ടുപിടിക്കുന്ന രീതിയാണു് ഉദ്ദിഷ്ടം. അതായതു്, ദ്വ്യങ്കരൂപം കിട്ടിയാല്‍ സംഖ്യ കണ്ടുപിടിക്കാനുള്ള വിദ്യ എന്നര്‍ത്ഥം.

ഉദ്ദിഷ്ടം പാദമമ്പോടെഴുതി, യതിലെഴുന്നക്ഷരങ്ങള്‍ക്കു മേലാ-
യൊന്നാദ്യം രണ്ടു നാലെട്ടിതി മുറയിലിരട്ടിച്ച ലക്കം കുറിപ്പൂ;
കൂട്ടേണം പിന്നെയൊന്നിച്ചിഹ ലഘുവിനു മേലുള്ള ലക്കങ്ങളെന്നാ-
ലസ്സംഖ്യാതുല്യവൃത്തങ്ങളിഹ കില കഴിഞ്ഞുള്ളതാണിഷ്ടവൃത്തം.

ഈ ശ്ലോകത്തിന്റെ താത്പര്യം ഇങ്ങനെ സംഗ്രഹിക്കാം:

  • വൃത്തത്തിന്റെ ലക്ഷണം (ഗുരു ലഘു എന്നിങ്ങനെ) എഴുതുക.
  • ഓരോ അക്ഷരത്തിന്റെയും മുകളില്‍ ഇടത്തു നിന്നു വലത്തോട്ടു് 1, 2, 4, 8, … എന്നിങ്ങനെ ഇരട്ടിച്ച സംഖ്യകള്‍ എഴുതുക.
  • ലഘുക്കള്‍ക്കു മുകളിലുള്ള സംഖ്യകള്‍ തമ്മില്‍ കൂട്ടിയിട്ടു് ഒന്നു കൂട്ടിയാല്‍ ഉദ്ദിഷ്ടസംഖ്യ കിട്ടും.

ഉദാഹരണത്തിനു്, 0101 (ഗുരു-ലഘു-ഗുരു-ലഘു) എത്രാമത്തെ വൃത്തമാണെന്നു നോക്കാം.

1 2 4 8
0 1 0 1

2+8 = 10. ഉദ്ദിഷ്ടസംഖ്യ 10+1 = 11.

ഇതു് 1010 എന്നതു് 10-ന്റെ ദ്വ്യങ്കരൂപമാണെന്നു പറയുന്നതിനു തുല്യമാണു്.

ഇതു് ഏതു നമ്പര്‍ സിസ്റ്റത്തിലും സംഖ്യയുടെ മൂല്യം കണ്ടുപിടിക്കാനുള്ള വഴിയാണു്. (ഇവിടെ ഒന്നിന്റെ വ്യത്യാസം ഉണ്ടെന്നു മാത്രം). ഉദാഹരണത്തിനു് ഇവിടെ നോക്കൂ.

ചുരുക്കിപ്പറഞ്ഞാല്‍…

പിംഗളന്റെ ഛന്ദസൂത്രത്തില്‍ പില്‍ക്കാലത്തു കണ്ടുപിടിക്കപ്പെട്ട പല ഗണിതശാസ്ത്രതത്ത്വങ്ങളുടെയും മൂലരൂപം കാണാം. അതിനെ വൃത്തശാസ്ത്രം (prosody) ആയി കണക്കാക്കിയതു കൊണ്ടു് അതിലെ ഗണിതവശം പലപ്പോഴും കാണാതെ പോയിട്ടുണ്ടു്.

നാലാമത്തെ ക്രിയയായ ലഗക്രിയയെയും അതിനോടു ബന്ധപ്പെട്ട ഖണ്ഡമേരുപ്രസ്താരത്തെയും അവയ്ക്കു പാസ്കല്‍ ത്രികോണം, ബൈനോമിയല്‍ തിയറം എന്നിവയുമായുള്ള ബന്ധത്തെയും പറ്റി പ്രതിപാദിക്കാന്‍ ഒരു പ്രത്യേക പോസ്റ്റ് വേണം. അതു് ഈ വിഭാഗത്തിലെ അടുത്ത പോസ്റ്റില്‍.

ഛന്ദശ്ശാസ്ത്രം (Meters)
ഭാരതീയഗണിതം (Indian Mathematics)

Comments (2)

Permalink

ആളുകള്‍ ഇച്ഛിക്കുന്നതു്…

പല സ്വഭാവമുള്ളവര്‍ ആഗ്രഹിക്കുന്നതു പലതാണു് എന്നര്‍ത്ഥമുള്ള ഒരു സംസ്കൃതശ്ലോകം:

മക്ഷികാഃ വ്രണമിച്ഛന്തി
ധനമിച്ഛന്തി പാര്‍ത്ഥിവാഃ
നീചാഃ കലഹമിച്ഛന്തി
സന്ധിമിച്ഛന്തി പണ്ഡിതാഃ

അര്‍ത്ഥം:

മക്ഷികാഃ വ്രണം ഇച്ഛന്തി : ഈച്ചകള്‍ പുണ്ണിനെ ആഗ്രഹിക്കുന്നു
പാര്‍ത്ഥിവാഃ ധനം ഇച്ഛന്തി : രാജാക്കന്മാര്‍ ധനം ആഗ്രഹിക്കുന്നു
നീചാഃ കലഹം ഇച്ഛന്തി : നീചന്മാര്‍ കലഹം ആഗ്രഹിക്കുന്നു
പണ്ഡിതാഃ സന്ധിം ഇച്ഛന്തി : പണ്ഡിതന്മാര്‍ സമാധാനം ആഗ്രഹിക്കുന്നു

രാജാക്കന്മാര്‍ (ഭരണാധികാരികള്‍) കാശു പിടുങ്ങാന്‍ നടക്കുന്നവരാണെന്നുള്ള അഭിപ്രായം പണ്ടേ ഉണ്ടായിരുന്നു എന്നു വ്യക്തം.


ബൂലോഗത്തും ഈ ശ്ലോകം പ്രസക്തമാണു്. ചിലര്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളെപ്പോലെയുള്ള കൊള്ളരുതായ്മയെല്ലാം ബ്ലോഗിലിടുന്നു. (മലയാളം ബ്ലോഗുകളില്‍ ഇവര്‍ കുറവാണു്-മനോരമയുടെ ബാബുക്കുട്ടന്‍ അവരെ മാത്രമേ കാണുന്നുള്ളൂ എങ്കിലും.) ചിലര്‍ ഇതില്‍ നിന്നു് എങ്ങനെയെങ്കിലും പണമുണ്ടാക്കാമോ എന്നു നോക്കുന്നു-ഗൂഗിള്‍ പരസ്യം കൊടുത്തും സ്വന്തം ഉല്പന്നങ്ങളുടെ പരസ്യം കൊടുത്തും. ചിലര്‍ എവിടെയെങ്കിലും അടിയുണ്ടാക്കാന്‍ വഴിയുണ്ടോ എന്നു നോക്കിനടക്കുന്നു. ചിലര്‍ ഈ കൂട്ടായ്മയ്ക്കു ഭംഗം വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നു.


ബ്ലോഗെഴുതുന്നതു കൊണ്ടു് പല തരത്തിലുള്ളവര്‍ ആഗ്രഹിക്കുന്നതും പലതാണു്. അതിനെപ്പറ്റി മൂന്നു ശ്ലോകങ്ങള്‍ എഴുതിക്കോട്ടേ:

മഴ കര്‍ക്കടകത്തില്‍പ്പോല്‍
‘കമന്റി’ച്ഛിപ്പതേറെയാള്‍;
‘റേറ്റിംഗു’ കിട്ടി മേലെപ്പോയ്
പേരു കാംക്ഷിപ്പതേറെയാള്‍;

ഏറെപ്പേര്‍ ‘ലിങ്കു’ ചെയ്തിട്ടു
‘ഹിറ്റു’ കൂടാനുമേറെയാള്‍;
പത്രത്തില്‍ വാര്‍ത്ത കിട്ടീടാന്‍
പടം കാണാനുമേറെയാള്‍;

നല്ലവണ്ണം രചിച്ചിട്ടു
നല്ല മര്‍ത്ത്യര്‍ക്കു നിത്യവും
വായിക്കാനുതകീടേണം
എന്നു ചിന്തിച്ചിടും ബുധര്‍.

സുഭാഷിതം

Comments (32)

Permalink