ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.
ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.
‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.
ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:
ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.
വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.
സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.
അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.
ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?
സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?
ചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)
രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.
കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.
അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.
എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.
ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ – സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.
മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.
ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.
ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.
ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!
അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.
ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടുംകൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!
ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)
ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!
ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.
ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.
സമയക്കുറവു കാരണം കൂടുതല്‍ എഴുതാന്‍ നിവൃത്തിയില്ല. എങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളുടെ നിലവാരം ഞാനൊക്കെ പഠിച്ചിരുന്ന കാലത്തേക്കാള്‍ ബഹുദൂരം മുന്നോട്ടു പോയി എന്നു കാണിച്ചു തന്ന പുസ്തകത്തെ ചുട്ടുകരിക്കാന്‍ ഒരു കൂട്ടം ജാതി-മത-രാഷ്ട്രീയക്കോമരങ്ങള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരേ പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ല. ഇവരെ എതിര്‍ക്കേണ്ടതു് ചിന്തിക്കാന്‍ കഴിവുള്ള എല്ലാ മലയാളികളുടെയും കര്‍ത്തവ്യമാണു്.
മഹാന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടു്. മഹാന്മാരോടല്ല, അവരെ കൂട്ടുകാരായും സഹപ്രവര്‍ത്തകരായും ബന്ധുക്കളായും മറ്റും കിട്ടിയ മനുഷ്യരോടു്. ലോകം മുഴുവന്‍ വാഴ്ത്തുന്ന വ്യക്തിത്വത്തെ തങ്ങളുടെ സുഹൃദ്വലയത്തില്‍ കിട്ടിയ സാധാരണ മനുഷ്യരോടു്.
“എന്റെ ആല്‍ബം” എഴുതിയ ടി. എന്‍. ഗോപിനാഥന്‍ നായരോടു് ഈ അസൂയ തോന്നിയിട്ടുണ്ടു്. വയലാറിനെ കളിക്കൂട്ടുകാരനായി കൊണ്ടു നടന്ന മലയാറ്റൂരിനോടു് അസൂയ തോന്നിയിട്ടുണ്ടു്. (ടി. എന്‍., മലയാറ്റൂര്‍ തുടങ്ങിയവര്‍ ഒരു വെറും സാധാരണമനുഷ്യരായിരുന്നു എന്നു വിവക്ഷയില്ല.) അങ്ങനെ മറ്റു പലരോടും.
ഇത്തരം അസൂയയുള്ളവരാണോ നിങ്ങള്‍? ആണെങ്കില്‍ എന്നോടു് അസൂയപ്പെട്ടോളൂ. എന്റെ ഒരു അടുത്ത സുഹൃത്തു് ഒരു വലിയ മഹാനാണു്. മലയാളികള്‍ക്കൊക്കെ അഭിമാനമാണു്. IUSBSE(International Union of Societies of Biomaterials Science and Engineering)-യുടെ FBSE(Fellow, Biomaterials Science and Engineering) അവാര്‍ഡിനു് അര്‍ഹനായ അജിത്ത് നായരാണു് ഈ മഹാന്‍.
കഴിഞ്ഞ മാസം ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന എട്ടാമത്തെ World Biomaterials Congress-ല്‍ വെച്ചാണു് ഈ ബഹുമതി അജിത്തിനു സമ്മാനിച്ചതു്. ഇതൊരു ആജീവനാന്തബഹുമതിയാണു്.
നോബല്‍ സമ്മാനത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. ഓസ്കാര്‍ സിനിമാപുരസ്കാരത്തെപ്പോലെ, ഗിന്നസ് റെക്കോര്‍ഡുകളെപ്പോലെ, അളവറ്റ പോപ്പുലാരിറ്റി നേടിയെടുത്ത ഒരു സമ്മാനമാണു് അതു്. പക്ഷേ, പല മേഖലകളിലും നോബല്‍ സമ്മാനത്തെപ്പോലെ തന്നെയോ അതിനെക്കാളോ വിലമതിക്കപ്പെടുന്ന പല പുരസ്കാരങ്ങളുമുണ്ടു്.
ഗണിതശാസ്ത്രത്തിലെ ഇത്തരം ഒരു പുരസ്കാരമാണു് ഫീല്‍ഡ്സ് മെഡല്‍. നോബല്‍ സമ്മാനം എല്ലാ വര്‍ഷവും കൊടുക്കുമ്പോള്‍ ഫീല്‍ഡ്സ് മെഡല്‍ നാലു വര്‍ഷത്തിലൊരിക്കലാണു കൊടുക്കുക. നോബല്‍ സമ്മാനത്തെക്കാള്‍ ബുദ്ധിമുട്ടുമാണു് അതു കിട്ടാന്‍.
ബയോമെറ്റീരിയല്‍സ് രംഗത്തെ ഫീല്‍ഡ്സ് മെഡലാണു് FBSE. നാലു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന പുരസ്കാരം. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും ബയോമെറ്റീരിയല്‍സ് രംഗത്തു ഗവേഷണം നടത്തുകയും, അതിലേയ്ക്കു കനത്ത സംഭാവനകള്‍ നല്‍കുകയും, തുടര്‍ച്ചയായി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രജ്ഞരില്‍ നിന്നാണു് ഈ പുരസ്കാരത്തിനു് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതു്.
ഇതിനെപ്പറ്റി മലയാളമനോരമയില്‍ വന്ന വാര്‍ത്ത:
Material Science & Metallurgy-യില്‍ ശ്രീനഗര്‍ റീജണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നിന്നു ബിരുദവും ഖരഗ്‌പൂര്‍ ഐ. ഐ. ടി. യില്‍ നിന്നു ബിരുദാനന്തരബിരുദവും നേടിയ അജിത്ത്, ഡോക്ടര്‍ വലിയത്താന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ആകൃഷ്ടനായി ആ മേഖല തിരഞ്ഞെടുത്തു. ഡോക്ടര്‍ വലിയത്താന്‍, ഡോക്ടര്‍ ഭുവനേശ്വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ നടന്നുവന്ന ഹൃദയവാല്‍വ് പ്രോജക്ട് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. അതിനു ശേഷം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായില്‍ നിന്നു് Biomaterial Science & Engineering-ല്‍ പി. എച്. ഡി. നേടി. ‘കൃത്രിമാവയവങ്ങളുടെ പിതാവു്’ എന്നു പ്രശസ്തനായ ഡോ. വില്യം കോഫിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന അജിത്ത് കൃത്രിമാവയവനിര്‍മ്മാണരംഗത്തു് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്.
പ്രശസ്തമായ മെഡ്‌ഫോര്‍ട്ട് അവാര്‍ഡിനു് അജിത്തിനെ അര്‍ഹനാക്കിയതു് കൃത്രിമാവയവരംഗത്തെ സുപ്രധാനമായ ഒരു കണ്ടുപിടിത്തമാണു്. സാങ്കേതികപദങ്ങള്‍ ധാരാളമുള്ളതിനാല്‍ അതിന്റെ വിവരണം ഇംഗ്ലീഷില്‍ത്തന്നെ താഴെച്ചേര്‍ക്കുന്നു.
Dr. Nair has developed a unique flexible, ceramic, amorphous, blood compatible coating that acts as a diffusion barrier for the gases that resolved the diffusion issues in VAD development. The ceramic coating can be applied to any surfaces including plastics. This invention of his brought him the renowned Medforte Innovation award.
കൃത്രിമാവയവങ്ങളില്‍ രക്തം കട്ട പിടിക്കുന്നതിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു മാനകമാണു് അജിത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടിത്തം. കൃത്രിമാവയവങ്ങള്‍ എത്ര കാലം പ്രവര്‍ത്തിക്കും എന്നു പ്രവചിക്കാന്‍ വളരെ പ്രയോജനകരമായ ഈ രീതിയെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമാനാര്‍ത്ഥം “നായര്‍ സ്കെയില്‍” എന്നാണു വിളിക്കുന്നതു്.
ധാരാളം പുരസ്കാരങ്ങള്‍ ഇതിനു മുമ്പും അജിത്തിനെ തേടിയെത്തിയിട്ടുണ്ടു്. അവയില്‍ ചിലവ:
Medforte Innovation Award
BSC Patent Innovation Awards
Whitakar Foundation Award
National Interdisciplinary Research Fellowship (Japan)
ASAIO Award
BOYSCAST Fellowship
SCTIMST Award
അജിത്ത് Indian Society for Biomaterials and Artificial Organs-ന്റെ സ്ഥാപകസെക്രട്ടറിയും അമേരിക്കന്‍ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രെസിഡന്റുമാണു്. ധാരാളം പേറ്റന്റുകള്‍ അദ്ദേഹത്തിന്റേതായുണ്ടു്.
ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല അജിത്ത്. മലയാളഭാഷയിലും സാഹിത്യത്തിലും സിനിമയിലും വളരെയധികം താത്പര്യവും അറിവുമുള്ള അദ്ദേഹം മലയാളത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ടു്. കാലിഫോര്‍ണിയയിലെ ബേ ഏരിയയിലെ മലയാളികളുടെ ഒരു സാംസ്കാരികസംഘടനയായ “മങ്ക”യുടെ വൈസ് പ്രെസിഡന്റായ അജിത്ത് എല്ലാ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടു്. നല്ലൊരു നടനും സംവിധായകനും പ്രസംഗകനും സംഘാടകനുമാണു് അദ്ദേഹം. അദ്ദേഹമുണ്ടെങ്കില്‍ സുഹൃത്‌സംവാദങ്ങള്‍ വളരെ സജീവവും രസകരവുമാണു്. വെണ്മണിശ്ലോകങ്ങളും വടക്കന്‍പാട്ടും കടമ്മനിട്ടക്കവിതയും ഷേക്സ്പിയറും വി. കെ. എന്നും നോം ചോസ്കിയുമൊക്കെ അവയില്‍ കൂട്ടിയിണങ്ങി വരും.
അജിത്തിന്റെ ചെറിയ കവിതകളിലൊരെണ്ണം താഴെച്ചേര്‍ക്കുന്നു:
അജിത്ത് ഒരു നല്ല ഒരു ചലച്ചിത്രാസ്വാദകനും കൂടിയാണു്. സിനിമയുടെ സാങ്കേതികകാര്യങ്ങാളെപ്പറ്റി നല്ല അവഗാഹമുള്ള അദ്ദേഹം നല്ല സിനിമകള്‍ കാണാതെ വിടാറില്ല. എല്ലാ സിനിമയും അദ്ദേഹം രണ്ടു തവണ കാണുമത്രേ. ആദ്യത്തേതു് നാമൊക്കെ കാണുന്നതു പോലെ. രണ്ടാമതു് അതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി പഠിക്കാന്‍. സിനിമ സ്പീല്‍ബെര്‍ഗിന്റേതായാലും സത്യന്‍ അന്തിക്കാടിന്റേതായാലും ഇതിനു വ്യത്യാസമില്ല.
തിരക്കു മൂലം അജിത്തിന്റെ സഹൃദയത്വം സുഹൃത്‌സദസ്സുകളില്ലാതെ ആളുകള്‍ അധികം അറിയാറില്ല. അദ്ദേഹത്തിനു കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍ ഒരു മികച്ച എഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടേനേ.
അജിത്തിനു് ആയുസ്സും ആരോഗ്യവും ഇനിയും ഉയരാനുള്ള അവസരങ്ങളും നേരുന്നു.
“ഗ്നു ലിനക്സ് എന്നു പറയൂ. സന്തോഷ് തോട്ടിങ്ങലോ ഞാനോ കേട്ടാല്‍ കൊന്നുകളയും…”
“നീ കേട്ടാല്‍ ഞൊട്ടും…”
“അയ്യോ ഞാന്‍ അല്ല. ഞാന്‍. ഞാന്‍ എന്ന ബ്ലോഗര്‍…”
“എന്നാലേ, ഞാന്‍ സാധാരണ ഉപയോഗിക്കുന്നതു് വിന്‍ഡോസ് ആണു്.”
“വിന്‍ഡോസില്‍ മലയാളം കീബോര്‍ഡുകള്‍ ഉണ്ടല്ലോ. മൈക്രോസോഫ്റ്റ് തരുന്നതുണ്ടു്. അതല്ലാതെ മറ്റു പല കീബോര്‍ഡുകളും ഉണ്ടു്. ദാ റാല്‍മിനോവ് ഉണ്ടാക്കിയ രണ്ടെണ്ണം-പഴയ ചില്ലുള്ളതു് ഇവിടെ. പുതിയ ചില്ലുള്ളതു് ഇവിടെ.”
“ചില്ലും പുല്ലുമൊന്നും എനിക്കു പ്രശ്നമല്ല. പക്ഷേ ഇതുപയോഗിക്കാന്‍ അതിന്റെ കീ സീക്വന്‍സ് പഠിക്കണ്ടേ?”
“അതു നമുക്കു മാറ്റാന്‍ പറ്റുമല്ലോ.”
“നടക്കുന്ന കാര്യം വല്ലതും പറയു്. ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ ഞാന്‍ ഉപയോഗിക്കും. എന്നെക്കൊണ്ടു് ഇതൊന്നും ഉണ്ടാക്കാന്‍ പറ്റില്ല.”
“നിന്നോടു ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞതു്, എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ അതിടാനുള്ള അഡ്മിന്‍ പവര്‍ ഇല്ലെന്നു്. പിന്നെ ഞാന്‍ ചിലപ്പോള്‍ ലിനക്സിലായിരിക്കും. അവിടെ എന്തു കീമാന്‍?”
“അതൊക്കെ വിടു്. ഇനി മുതല്‍ എന്റെ ബ്ലോഗില്‍ തുരുതുരാ കമന്റുകള്‍ എഴുതുകയായിരിക്കുമല്ലോ, അല്ലേ?”
“ഏയ് പറ്റില്ല.”
“അതെന്താ?”
“എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ആപ്പിള്‍ മാക്ക് മെഷീനാ. അതില്‍ എന്തു ടൈപ്പുചെയ്താലും ചോദ്യചിഹ്നം വരുന്നു…”
“ഛീ… ഓട്രാ മടിയാ…”
മലയാളത്തില്‍ കമന്റിടാന്‍ ഒരു വഴി കൂടി.
വരമൊഴിയിലോ ഇളമൊഴിയിലോ മലയാളം ഓണ്‍ലൈനിലോ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റ്രേഷനിലോ ടൈപ്പു ചെയ്തു വെട്ടിയൊട്ടിക്കണ്ടാ. കീമാനോ സ്കിമ്മോ മലയാളം കീബോര്‍ഡോ സ്വനലേഖയോ കമ്പ്യൂട്ടറിലില്ലെങ്കില്‍ വിഷമിക്കണ്ടാ. ഈ കാരണങ്ങള്‍ പറഞ്ഞു് എന്റെ ബ്ലോഗില്‍ മലയാളത്തില്‍ കമന്റിടാന്‍ മടിയ്കണ്ടാ എന്നു സാരം.
എന്റെ പോസ്റ്റുകളുടെ താഴെ വലത്തുവശത്തായി “മലയാളം മൊഴി” എന്നൊരു സാധനം കാണാം. അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു കീബോര്‍ഡു പൊന്തി വരും. ഇനി കമന്റ് ബോക്സില്‍ പോയി മൊഴി സ്കീമില്‍ ടൈപ്പു ചെയ്യുക. മലയാളം തന്നെ വരും. ഇനി സ്കീമറിയില്ലെങ്കില്‍ കീബോര്‍ഡില്‍ ക്ലിക്കു ചെയ്താലും മതി. ഷിഫ്റ്റ് കീ അടിക്കുമ്പോള്‍ മൊഴി സ്കീം അനുസരിച്ചു് കീബോര്‍ഡിലെ അക്ഷരങ്ങളും മാറും.
ഗൂഗിളില്‍ നിന്നു തന്നെയുള്ള ഒരു പരീക്ഷണസംരംഭമാണിതു്. ഈ കീബോര്‍ഡ് അമ്പതിലധികം ഭാഷകള്‍ക്കു ലഭ്യമാണു്. മലയാളം മാത്രമേ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ-ഒരു പരീക്ഷണത്തിനു വേണ്ടി.
“അടയ്ക്കുക” എന്നതില്‍ ക്ലിക്കു ചെയ്താല്‍ കീബോര്‍ഡ് അടഞ്ഞു് ഇംഗ്ലീഷ് തിരിച്ചു വരും. ചില ബ്രൌസറുകളില്‍ ഇതു ശരിക്കു നടക്കുന്നില്ല. അതിനു് കണ്ട്രോള്‍-ജി അടിച്ചാല്‍ മതി.
ചില ബഗ്ഗുകള്‍ ഒക്കെ ഉണ്ടു്. കാണുന്ന ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി ദയവായി ഇടുക. കാലക്രമേണ ശരിയാക്കാം.
ഇനി പറയൂ. മലയാളത്തില്‍ കമന്റിടാന്‍ എന്താണു തടസ്സം?
“അല്ലാ, ഈ സന്തോഷ് പിള്ള ഇവിടെ പറയുന്ന ഈ കുന്ത്രാണ്ടവും ഇതു തന്നെ ചെയ്യുമല്ലോ.”
“ചെയ്യും. പക്ഷേ അതൊരു ഫ്രീ സോഫ്റ്റ്വെയറല്ല. ഒരു ഭാഷയുടേതു് വേണമെങ്കില്‍ ഉപയോഗിക്കാം എന്നു പറഞ്ഞിട്ടുണ്ടു്.”
ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)
ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.
ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.
ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.
ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?
ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.
അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.
അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തുംരാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.
2005-ല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.
പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.
പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.
ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.
ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.
ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.
പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.
“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”
ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.
“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.
“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.
“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.
“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!
രാജേഷിനെ വിളിച്ചു.
“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”
അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.
രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.
വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.
ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.
സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.
പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:
“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”
“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”
“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”
ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.
കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”
ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)
ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് – Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!
അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?
മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!
മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.
Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.
അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”
പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.
പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.
സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.
അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.
പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.
അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.
മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.
ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.
മുന്നറിയിപ്പു്:
ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍സ് കമ്പനികളോ ഉത്തരവാദികളല്ല.
(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)
ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:
The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.
If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:
ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.
ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:
ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.
ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.
ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.
ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.
ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!
പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടംവേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
ബ്ലോഗുകളില്‍ നിന്നു കൃതികള്‍ മോഷ്ടിച്ചു തങ്ങളുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തതു ചൂണ്ടിക്കാട്ടിയവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും അപകീര്ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കേരള്‍സ്.കോമിനോടുള്ള പ്രതിഷേധവും, ഇതില്‍ പ്രതിഷേധിക്കാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കരിവാരം നടത്തുവാന്‍ തീരുമാനിച്ച ബ്ലോഗേഴ്സിനോടുള്ള ഐക്യദാര്‍ഢ്യവും, പുരയ്ക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടി തെറി വിളിക്കാന്‍ ശ്രമിക്കുന്ന ചില ബൂലോഗകൃമികളോടുള്ള അവജ്ഞയും ഈ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നു.
With this blackened post, I express
my protest against kerals.com, who used highly condemnable abusive language, threatened and used the worst form of cyberstalking and baseless allegations against Malayalam bloggers who pointed out their theft from Malayalam blogs
my support to fellow bloggers who decided to show protest by blackening their blogs and labelling this week as “black week”.
ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? 🙂
ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.
ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ
:
നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ
:
രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ
:
ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ
:
(ആയ) കഞ്ഞി
ശോണാധരീ ഇവ
:
ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ
:
ആനന്ദദായിനിയാണു്.
ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.
നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.
ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു 🙂
പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീടോക്ക് സ്റ്റാറ്റസ് മെസ്സേജ്.
മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്‍. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില്‍ നിന്നു പ്രചോദനം കൊണ്ടതാണെന്നു കേട്ടിട്ടുണ്ടു്.) ആ കാലത്തെ അതിശയിക്കുന്ന നിലപാടു് എടുത്തിട്ടുള്ള മനോരമയെ കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
വിവാഹാഭ്യര്‍ത്ഥനയുമായി വന്ന ഒരു പാമരനെപ്പറ്റി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം പ്രസിദ്ധമാണു്.
അകാരാന്തങ്ങളായ നാമങ്ങള്‍ (ഉദാ: രാമഃ) ഷഷ്ഠീവിഭക്തിയില്‍ “അസ്യ” എന്നവസാനിക്കുന്നതും (ഉദാ: രാമസ്യ = രാമന്റെ) ചതുര്‍ത്ഥീവിഭക്തിയില്‍ “ആയ” എന്നവസാനിക്കുന്നതും (ഉദാ: രാമായ = രാമനു്) ദ്വിതീയയില്‍ “അം” എന്നവസാനിക്കുന്നതും (ഉദാ: രാമം = രാമനെ) സാധാരണയാണു്. ഇതു മാത്രമറിയുന്ന വിവരമില്ലാത്തവര്‍ അസ്യ, ആയ, അം എന്നിങ്ങനെ അവസാനിക്കുന്നതൊക്കെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെയാണെന്നു കരുതി അബദ്ധങ്ങള്‍ വരുത്താറുണ്ടു്. തന്റെ ഭര്‍ത്താവും അത്തരത്തിലൊരാളാണെന്നാണു മനോരമ പറയുന്നതു്. ക്രിയാവിശേഷണങ്ങളായ വിഹസ്യ (അര്‍ത്ഥം: ചിരിച്ചിട്ടു്), വിഹായ (അര്‍ത്ഥം: ഉപേക്ഷിച്ചിട്ടു്) എന്നിവയും സര്‍വ്വനാമമായ അഹം (അര്‍ത്ഥം: ഞാന്‍), ക്രിയാവിശേഷണമായ കഥം (അര്‍ത്ഥം: എങ്ങനെ) എന്നീ വാക്കുകള്‍ അദ്ദേഹത്തിനു് ഏതോ നാമങ്ങളുടെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെ ആയി തോന്നുമത്രേ! ഞാന്‍ അങ്ങേരുടെ ഭാര്യയായി എങ്ങനെ കഴിയും എന്നാണു മനോരമ വിലപിക്കുന്നതു്!
ഈ ശ്ലോകത്തിന്റെ ഭംഗി ഇതിലെ മൂന്നാമത്തെ വരിയിലെ “അഹം കഥം ദ്വിതീയാ സ്യാത്” എന്ന നാലു വാക്കുകളെ അര്‍ത്ഥവ്യത്യാസത്തോടെ നാലാം വരിയില്‍ ക്രമം മാറ്റി “ദ്വിതീയാസ്യാമഹം കഥം” എന്നെഴുതിയതാണു്. ഇത്തരത്തിലുള്ള യമകത്തിനു് ഇതിലും ഭംഗിയുള്ള ഒരു ഉദാഹരണം ഞാന്‍ കണ്ടിട്ടില്ല.
മനോരമത്തമ്പുരാട്ടിയുടെ സമകാലികനായിരുന്നു കവിയും തരക്കേടില്ലാത്ത സ്ത്രീലമ്പടനും ആയിരുന്ന ചേലപ്പറമ്പു നമ്പൂതിരി. അദ്ദേഹത്തിന്റെ ചഞ്ചല്‍ച്ചില്ലീലതയ്ക്കും…, അംഭോരാശികുടുംബിനീതിലകമേ… തുടങ്ങിയ ശൃംഗാരശ്ലോകങ്ങളും, തൊണ്ണൂറു വയസ്സു വരെ കണ്ടമാനം നടന്നിട്ടു് അതിനു ശേഷം ദൈവത്തിനെ സ്തുതിക്കുകയും അതിനൊരു വിശദീകരണം കൊടുക്കുകയും ചെയ്യുന്ന അബ്ദാര്‍ദ്ധേന ഹരിം… എന്ന ശ്ലോകവും (ഇതിനു രാജേഷ് വര്‍മ്മ എഴുതിയ പാരഡി ഇവിടെ വായിക്കുക.) പ്രസിദ്ധങ്ങളാണു്.
മനോരമത്തമ്പുരാട്ടിയുടെ ചെറുപ്പകാലത്തു് ഇദ്ദേഹം വയസ്സനായിരുന്നു. എങ്കിലും ചെറുപ്പക്കാരികള്‍ അദ്ദേഹത്തിന്റെ സൌന്ദര്യത്തില്‍ ഭ്രമിക്കുന്നു എന്നദ്ദേഹം ധരിച്ചിരുന്നു. ഒരിക്കല്‍ മനോരമയുടെ മുന്നില്‍ വെച്ചു് കണ്ണാടിയില്‍ നോക്കി തലയിലെ നരച്ച മുടി പിഴുതുകൊണ്ടിരുന്നപ്പോള്‍ മനോരമ അതു വഴി വന്നു. അപ്പോള്‍ ചേലപ്പറമ്പു നമ്പൂതിരി ഒരു ശ്ലോകത്തിന്റെ പകുതി ഉണ്ടാക്കിച്ചൊല്ലി:
പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം
അര്‍ത്ഥം:
പലിതാനി
:
നരച്ച മുടികള്
ശശാങ്ക-രോചിഷാം
:
ചന്ദ്രകിരണങ്ങളുടെ
ശകലാനി ഇതി
:
കഷണങ്ങളാണു് എന്നാണു്
അഹം വിതര്‍ക്കയാമി
:
ഞാന്‍ സംശയിക്കുന്നതു്
അതു കേട്ടുവന്ന മനോരമത്തമ്പുരാട്ടി ശ്ലോകം ഇങ്ങനെ പൂരിപ്പിച്ചുകൊണ്ടു തിരിച്ചടിച്ചു:
അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനം
അര്‍ത്ഥം:
അതഃ ഏവ
:
ചുമ്മാതല്ല
സുദൃശാം
:
സുന്ദരിമാരുടെ
ലോചന-പദ്മ-മീലനം വിതേനിതേതരാം
:
കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!
ചന്ദ്രന്‍ പ്രകാശിക്കുമ്പോഴേയ്ക്കും താമരപ്പൂക്കള്‍ കൂമ്പിപ്പോകുമല്ലോ. അതു പോലെ ഈ നമ്പൂതിരിയുടെ മോന്ത കാണുമ്പോഴേയ്ക്കും പെണ്ണുങ്ങളുടെ മുഖമൊക്കെ കൂമ്പുമെന്നു്!
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയുടെ കവിതയെപ്പറ്റി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടു്.
ശ്ലോകം:
വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമനരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നീടുന്നു
അര്‍ത്ഥം:
വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കു്
:
വിദ്യയില്‍ വിദഗ്ദ്ധകളായ പെണ്ണുങ്ങള്‍ എന്ന വള്ളികള്‍ക്കു്
ഈ കേരള-ഭൂ-വിഭാഗം ഒരു ഉദ്യാനം (ആണു്)
:
കേരളം എന്ന ഈ ഭൂവിഭാഗം ഒരു പൂന്തോട്ടം ആണു്.
മനോരമ-നര-ഈശ്വരി തന്റെ ഹൃദ്യാ സൂക്തിഃ
:
മനോരമത്തമ്പുരാട്ടിയുടെ ഹൃദ്യമായ വാക്കു്
അദ്യ-അപി കോവിദ-മനസ്സു കവര്‍ന്നീടുന്നു
:
ഇപ്പോഴും പണ്ഡിതരുടെ മനസ്സു കവരുന്നു.
അന്നു് എഴുതിയിരുന്ന എല്ലാവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും വാരിക്കോരി കൊടുത്ത ആളായിരുന്നു കേരളവര്‍മ്മ. എങ്കിലും മനോരമ ഈ പ്രശംസ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്നതു സത്യമാണു്.
ഇതുപോലെ വിനോദത്തിനു വേണ്ടിയുള്ള ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ എഴുതിയിരുന്ന കവയിത്രിയായിരുന്നു മനോരമത്തമ്പുരാട്ടിയെങ്കില്‍, സംസ്കൃതത്തിലുള്ള കാവ്യങ്ങളുടെയും നാടകങ്ങളുടെയും രീതിയിലുള്ള കൃതികള്‍ മലയാളത്തില്‍ രചിച്ച കവയിത്രിയായിരുന്നു ഇക്കാവമ്മ. കാവ്യങ്ങള്‍ എഴുതുന്നതു പോയിട്ടു് വായിച്ചു മനസ്സിലാക്കാന്‍ തന്നെ പെണ്ണുങ്ങള്‍ക്കു ബുദ്ധിമുട്ടാണു് എന്നു ധരിച്ചുവശായിരുന്ന സൂരിനമ്പൂതിരിപ്പാടിനെപ്പോലെയുള്ള പുരുഷാധിപത്യസൂകരങ്ങള്‍ക്കിടയില്‍ ഇക്കാവമ്മ തലയുയര്‍ത്തി നിന്നു. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനം നാടകം അന്നത്തെ നാടകങ്ങളുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി നായികയായ സുഭദ്രയ്ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുള്ളതാണു്. അതിന്റെ പ്രവേശകത്തില്‍ “പെണ്ണുങ്ങള്‍ കവിത എഴുതുമോ?” എന്ന ചോദ്യത്തിനു സൂത്രധാരന്‍ കൊടുക്കുന്ന മറുപടി സുപ്രസിദ്ധമാണു്.
മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി–
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?
പക്ഷേ അന്നത്തെ പുരുഷകേസരികള്‍ക്കു് ഇത്ര നല്ല ഒരു കൃതി ഒരു പെണ്ണെഴുതിയതാണെന്നു് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ആണുങ്ങളാരോ എഴുതിക്കൊടുത്തതായിരുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.
ഒന്നാമതായ് സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്ക തോന്നി
എന്നു വെണ്മണി മഹന്‍ എഴുതിയ അഭിപ്രായത്തില്‍ ഇക്കാവമ്മയുടെ കൃതി നടുവമോ (നടുവത്തു് അച്ഛന്‍ നമ്പൂതിരിയോ മകനോ) ഒടുവിലോ (ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍) മന്നാടിയാരോ (ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരോ) ആയിരിക്കും എഴുതിയതു് എന്ന ദുസ്സൂചനയുണ്ടു്.
ഇക്കാവമ്മയെ പ്രത്യക്ഷത്തില്‍ അഭിനന്ദിച്ച ഒരാള്‍ മുകളില്‍ പറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രശംസയിലും സ്ത്രീകള്‍ പൊതുവേ തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാന്‍ കഴിവില്ലാത്തവരാണു് എന്നൊരു സൂചനയുണ്ടു്.
(ഇക്കാലത്തു് ഒരു പെണ്ണു് തെറ്റുകളില്ല്ലാതെ ഒരു കത്തു പോലും മുക്കാലും ശരിയാക്കി എഴുതിയാല്‍ അതു വലിയ അദ്ഭുതമാണു്. ഈ കാണുന്ന നാടകം ഒരു കുറ്റവും ഇല്ലാതെ ക്ലിഷ്ടതയില്ലാത്ത ശബ്ദവും അര്‍ത്ഥവും ചേര്‍ന്നു് ഇക്കാവമ്മ ഉണ്ടാക്കിയതു് ഓര്‍ത്തു് അദ്ഭുതക്കടലില്‍ എന്റെ മനസ്സു് മുഴുകുന്നു.)
പെണ്ണുങ്ങളുടെ അറിവിനെപ്പറ്റി കേരളവര്‍മ്മയ്ക്കും ഇത്രയേ അഭിപ്രായമുള്ളൂ എന്നര്‍ത്ഥം. എന്നാല്‍ എന്തുകൊണ്ടു് അങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ?
അഭിനന്ദിച്ചില്ലെങ്കിലും, ഇക്കാവമ്മയെയും ഇക്കാവമ്മയെപ്പോലുള്ള മറ്റു് എഴുത്തുകാരികളെപ്പറ്റിയും തെറിക്കഥകള്‍ ഉണ്ടാക്കാന്‍ പുരുഷകേസരികള്‍ ധാരാളമുണ്ടായിരുന്നു. അവയിലൊന്നാണു് ഡാലി ആദ്യം ലിങ്കു കൊടുത്ത ഈ ലേഖനം. അതിന്റെ രണ്ടാം പേജില്‍ (ആദ്യത്തെ പേജില്‍ മുകളില്‍ക്കൊടുത്ത “മല്ലാരിപ്രിയയായ…” എന്ന ശ്ലോകം നിറയെ അക്ഷരത്തെറ്റോടു കൂടി കൊടുത്തിരിക്കുന്നു) ഈ തെറിക്കഥ വിസ്തരിച്ചിട്ടുണ്ടു്. ഒരു പെണ്ണു് ഇങ്ങനെ തങ്ങളോടു പറഞ്ഞല്ലോ എന്നു് ഭാവനയില്‍ കണ്ടു് സാക്ഷാല്‍ക്കാരമടയുന്ന ഏതോ പുരുഷന്റെ കൃതിയാണിതു്. ഇക്കാവമ്മയെപ്പറ്റി മാത്രമല്ല, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരെപ്പറ്റിയും ഈ കെട്ടുകഥ ആളുകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. ഈ കഥ പറഞ്ഞവരൊന്നും ആ ശ്ലോകം മുഴുവനുമായും ഉദ്ധരിച്ചു കണ്ടിട്ടുമില്ല. “കവച്ചതു മതിയോ നിനക്കു്” എന്നതു് സാധാരണ പ്രചാരത്തിലുള്ള ഒരു വൃത്തത്തിലും ഒതുങ്ങുന്നതല്ല എന്നതു് മറ്റൊരു കാര്യം.
തങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ ഉണ്ടാക്കുക എന്നതു് പല പുരുഷന്മാര്‍ക്കുമുള്ള മാനസികവൈകല്യമാണു്. ഇതിന്റെ പരമകാഷ്ഠയാണു് പമ്മന്‍ എഴുതിയ “ഭ്രാന്തു്” എന്ന നോവല്‍. മേലേപ്പാട്ടു് മാധവിയമ്മയുടെ മകള്‍ അമ്മുക്കുട്ടിയുടെ കവനജീവിതത്തെയും കാമലീലകളെയും പറ്റി വര്‍ണ്ണിച്ചു് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യക്തിഹത്യയ്ക്കിരയാക്കിയ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ മലയാളനാടും പിന്നെ പല പ്രസാധകരും തയ്യാറായി എന്നതു് മലയാളത്തിനു് അപമാനമാണു്.
എഴുത്തുകാരെപ്പറ്റി മാത്രമല്ല, പല തുറകളിലും മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ പ്രചാരത്തിലുണ്ടു്. ഇന്ദിരാഗാന്ധിയെപ്പറ്റി എത്ര കഥകള്‍ കേട്ടിരിക്കുന്നു! വൈറ്റ് ഹൌസിനുള്ളില്‍ വെച്ചു തരവഴി കാട്ടിയ ബില്‍ ക്ലിന്റനേക്കാള്‍ ആളുകള്‍ അശ്ലീലകഥകള്‍ ഉണ്ടാക്കിയതു് ഹിലാരി ക്ലിന്റനെപ്പറ്റിയായിരുന്നു എന്നും ഇവിടെ ഓര്‍ക്കാം.
“വിദ്യാവിദഗ്ദ്ധവനിതാ…” എന്ന ശ്ലോകം ഡാലി പറഞ്ഞുതന്നതാണു്. മറന്നു പോയിരുന്ന “ഒന്നാമതായ് സുമുഖി…” എന്ന ശ്ലോകം വായനശാല സുനിലിന്റെ ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതു്. ഡാലിക്കും സുനിലിനും നന്ദി.
(മുന്നറിയിപ്പു്: ശ്രീ എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിലെ ക്ലൈമാക്സുള്‍പ്പെടെയുള്ള ചില കഥാതന്തുക്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന്‍ ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ വായന ഇവിടെ നിര്‍ത്തുക.)
ബ്ലോഗുകളൊഴികെ മലയാളം എന്തെങ്കിലും വായിക്കുന്നതു വളരെ ചുരുക്കമാണു്. ആനുകാലികപ്രസിദ്ധീകരണങ്ങളൊന്നും വരുത്തുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളാകട്ടേ, പല തവണ വായിച്ചിട്ടുള്ളവയുമാണു്. വല്ലപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതും നൂറു പേജു വായിക്കാന്‍ ഞാന്‍ നാലഞ്ചു മാസമെടുക്കും.
ഈയിടെ സിബുവിന്റെ കയ്യില്‍ നിന്നു് എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍” കിട്ടി. വളരെയധികം കേട്ടിട്ടുള്ള പുസ്തകമാണു്. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതു തിരിച്ചു കൊടുത്തിട്ടു് സാറാ ജോസഫിന്റെ “ആലാഹയുടെ പെണ്മക്കള്‍”, മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്നിവയില്‍ ഏതാണു് ആദ്യം കടം വാങ്ങേണ്ടതു് എന്നു് ഇതു വരെ തീരുമാനിച്ചില്ല.
വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, മനോഹരമായ ആഖ്യാനരീതി, പ്രത്യേകതകള്‍ നിറഞ്ഞ സംസാരഭാഷ, ലന്തന്‍ ബത്തേരിയിലെയും ചുറ്റുമുള്ള ലോകത്തിലെയും സംഭവങ്ങള്‍ കഥാനായികയായ ജെസീക്കയുടെ ജീവിതമായി കൊരുത്തു കൊണ്ടു പോകുന്നതിന്റെ വൈദഗ്ദ്ധ്യം മുതലായവ കൊണ്ടു് ഈയടുത്ത കാലത്തു വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍.
ലന്തന്‍ ബത്തേരിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതു് അതിലെ ചരിത്രാഖ്യാനത്തിന്റെ ചാരുതയാണു്. അമ്പതുകളുടെ മദ്ധ്യം മുതല്‍ അറുപതുകളുടെ മദ്ധ്യം വരെയുള്ള പതിറ്റാണ്ടിലെ കേരള-ഭാരത-ലോക ചരിത്രം (കമ്യൂണിസത്തിന്റെ മുന്നേറ്റം, ഇ. എം. എസ്. മന്ത്രിസഭ, വിമോചനസമരം, ചൈനായുദ്ധം, നെഹ്രുവിന്റെ മരണം, കെന്നഡിയുടെ വധം, ജീവിതനൌക, ചെമ്മീന്‍, ഭാര്യ, കണ്ടം ബെച്ച കോട്ടു് തുടങ്ങിയ പല മലയാളസിനിമകളും ഇറങ്ങിയതു് തുടങ്ങി വളരെയധികം സംഭവങ്ങള്‍) ലന്തന്‍ ബത്തേരിയിലെ മനുഷ്യരുടെ കണ്ണുകളില്‍ കൂടി വിവരിക്കുന്നതു് ഒരു വശം; വിദേശികളുടെ അധിനിവേശത്തെപ്പറ്റി പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ വിശകലനം ചെയ്യുന്നതു മറ്റൊരു വശം. ലന്തന്‍ ബത്തേരിക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ ചവിട്ടുനാടകം നോവല്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിനിടയിലും, തടിയിലെ വാര്‍ഷികവലയങ്ങളെപ്പറ്റി മത്തേവുശാരി ജെസിക്കയ്ക്കു പറഞ്ഞു കൊടുക്കുമ്പോഴും ഇടയില്‍ പരാമര്‍ശിക്കുന്ന ഗാന്ധിവധം, സൈഗാള്‍ തുടങ്ങിയ ഹിന്ദി ഗായകരെപ്പറ്റിയുള്ള പരാമര്‍ശം തുടങ്ങി പറഞ്ഞുകേട്ടു മാത്രമുള്ള പല സംഭവങ്ങളും മനോഹരമായി കഥയില്‍ കടന്നു വരുന്നുണ്ടു്.
ലന്തന്‍ ബത്തേരിയയില്‍ പതിനാറു കൊല്ലക്കാലം ഫെര്‍മയുടെ (ഫെര്‍മാറ്റ് എന്നാണു പുസ്തകത്തില്‍. ശരിയായ ഉച്ചാരണം ഫെര്‍മ എന്നായതു കൊണ്ടു് ഞാന്‍ അതുപയോഗിക്കുന്നു.) അവസാനത്തെ തിയറം തെറ്റാണെന്നു തെളിയിക്കാന്‍ രാപകല്‍ പരിശ്രമിച്ച പുഷ്പാംഗദന്‍ എന്ന കണക്കുസാറിനെപ്പറ്റി പറയുന്നുണ്ടു്. ഫെര്‍മയുടെ അവസാനത്തെ തിയറം ലോകചരിത്രത്തിലെ ഒരു പ്രധാനസംഭവമാണു്. അതു ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അനേകം ഗണിതജ്ഞര്‍ ഉണ്ടായിട്ടുണ്ടു് – പ്രസിദ്ധരും അപ്രസിദ്ധരും. അവരുടെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പാംഗദന്‍ മിഴിവുള്ള കഥാപാത്രമാണു്. പക്ഷേ, ഫെര്‍മയുടെ അവസാനത്തെ തിയറത്തെപ്പറ്റി നോവലിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ പരമാബദ്ധവും.
ഇതിനെപ്പറ്റി പെരിങ്ങോടന്‍ രണ്ടു കൊല്ലം മുമ്പു് ഫെര്‍മായുടെ അവസാനത്തെ തിയൊറം എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം അതെഴുതിയതു്. മാതൃഭൂമിയിലെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. പെരിങ്ങോടന്റെ (അതു മാതൃഭൂമി ലേഖനത്തിലേതാവാം) നിരീക്ഷണത്തിലും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.
കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: എന്‍. എസ്. മാധവന്‍ നോവലില്‍ ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു പൊട്ടത്തെറ്റാണു്. അതില്‍ വിശദീകരിച്ചിരിക്കുന്നതു് ആ സിദ്ധാന്തമല്ല. അതു് ആരുടെയും സിദ്ധാന്തവുമല്ല-ഒരു സ്കൂള്‍കുട്ടിക്കും പത്തു മിനിട്ടു കൊണ്ടു തെളിയിക്കാവുന്ന ഒരു പൊട്ടനിയമം മാത്രമാണു്.
ഫെര്‍മാറ്റിന്റെ അവസാനത്തെ തിയൊറം എന്നു പറയും. രണ്ടു പ്രൈം നമ്പറുകളുടെ വര്‍ഗ്ഗങ്ങള്‍ കൂട്ടിയാല്‍ മൂന്നാമതൊരു പ്രൈം നമ്പര്‍ കിട്ടില്ലാ എന്നു ഫെര്‍മാറ്റ്. ഇതു തെറ്റാണെന്നു തെളിയിക്കാനാ ഈക്കണ്ട പാടെല്ലാം.
പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഇതു തെറ്റാണു്. xn + yn = zn എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളും n രണ്ടില്‍ കൂടിയ ഒരു പൂര്‍ണ്ണസംഖ്യയുമായാല്‍ നിര്‍ദ്ധാരണം ഇല്ല എന്നതാണു് ഫെര്‍മയുടെ അന്ത്യസിദ്ധാന്തം. (ഉദാഹരണത്തിനു്, x3 + y3 = z3 എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളായാല്‍ നിര്‍ദ്ധാരണം ഇല്ല. x2 + y2 = z2-നു് ഉണ്ടു താനും. ഉദാഹരണമായി, 32 + 42 = 52.)
പക്ഷേ, പെരിങ്ങോടന്‍ പറയുന്നതു പോലെ, ഇതു ക്രിസ്തുമസ് തിയറവും അല്ല. ക്രിസ്തുമസ് തിയറം (വിശദവിവരങ്ങള്‍ക്കു് വിക്കിപീഡിയയില്‍ ഇവിടെ നോക്കുക.) എന്താണെന്നു ചുരുക്കി താഴെ ചേര്‍ക്കുന്നു.
രണ്ടിനേക്കാള്‍ വലിയ അഭാജ്യസംഖ്യകളെല്ലാം ഒറ്റ സംഖ്യകളാണല്ലോ. അതിനാല്‍ അവയെ 4 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം ഒന്നോ മൂന്നോ ആയിരിക്കും. ഇവയില്‍ ശിഷ്ടം ഒന്നു് ആയ അഭാജ്യസംഖ്യകള്‍ക്കു് (5, 13, 17,… തുടങ്ങിയവ) മറ്റേ വിഭാഗത്തില്‍ പെടുന്ന അഭാജ്യസംഖ്യകള്‍ക്കു് (3, 7, 11,… തുടങ്ങിയവ) ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടു്. അവയെ x2 + y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റും എന്നതാണു് അതു്. മാത്രമല്ല, ഒരു രീതിയില്‍ മാത്രമേ അങ്ങനെ എഴുതാന്‍ പറ്റൂ. ഉദാഹരണമായി
എന്നിങ്ങനെ.
നാലു കൊണ്ടു ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന അഭാജ്യസംഖ്യകളെ (3, 7, 11,… തുടങ്ങിയവ) ഇങ്ങനെ എഴുതാന്‍ നോക്കൂ. പറ്റില്ലെന്നു കാണാം. അതേ സമയം, മറ്റേ വിഭാഗത്തില്‍ പെടുന്ന സംഖ്യകളെ, എത്ര വലുതായാലും, ഒരു രീതിയില്‍ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നും കാണാം. ഇതാണു് ഫെര്‍മയുടെ ക്രിസ്തുമസ് തിയറം.
വിക്കിപീഡിയയിലെ നിര്‍വ്വചനം താഴെച്ചേര്‍ക്കുന്നു.
an odd prime p is expressible as with x and y integers, if and only if .
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,
A prime number p, other than 2, is expressible as with x and y integers, if and only if .
ഈ സിദ്ധാന്തം ഫെര്‍മ പറഞ്ഞുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തെളിയിച്ചതു് ഓയ്‌ലറും (Leonhard Euler) ഗാസ്സും (Carl Friedrich Gauss)ചേര്‍ന്നു് ആണു്.
ഇവര്‍ രണ്ടുപേരും കൂടി ഒന്നിച്ചിരുന്നു് എഴുതിയെന്നല്ല. 1783-ല്‍ ഓയ്‌ലര്‍ മരിക്കുമ്പോള്‍ ഗാസ്സിനു് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രധാന സിദ്ധാന്തം ഓയ്‌ലര്‍ തെളിയിച്ചു. അതു് ഒരു വിധത്തില്‍ മാത്രമേ പറ്റൂ എന്നു ഗാസ്സും.
മുകളില്‍ പറഞ്ഞ സിദ്ധാന്തം എന്നെ വളരെയധികം ആകര്‍ഷിച്ച ഒന്നാണു്. 1990-കളില്‍ ജീവിതത്തില്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്ന കാലത്തു്, ലോകത്തു് ബ്ലോഗിംഗും എനിക്കു സ്വന്തമായി കമ്പ്യൂട്ടറും ഉണ്ടാകുന്നതിനു മുമ്പു്, നമ്പര്‍ തിയറിയുടെ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അപ്പോഴാണു് ഈ സിദ്ധാന്തത്തിനു സദൃശമായി മറ്റു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചതു്. അങ്ങനെയാണു് x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന അഭാജ്യസംഖ്യകളെയെല്ലാം ആറു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1 കിട്ടുമെന്നും, മറിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ 1 ശിഷ്ടം കിട്ടുന്ന എല്ലാ അഭാജ്യസംഖ്യകളെയും x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ കഴിയും എന്നും, അങ്ങനെ ഒരു രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും കണ്ടുപിടിച്ചതു്.
ഇതിനെ ഇങ്ങനെ എഴുതാം. മുകളില്‍ കൊടുത്ത സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക.
A prime number p, other than 3, is expressible as with x and y integers, if and only if .
കണ്ടുപിടിച്ചതു് നിരീക്ഷണം വഴിയാണു്. പിന്നീടു് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി അതിനു താങ്ങാന്‍ കഴിയുന്ന സംഖ്യ വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഇതു ശരിയാണെന്നു കണ്ടുപിടിച്ചു. ഇതു മാത്രമല്ല, x2+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന സംഖ്യകള്‍ക്കുള്ള മറ്റു് എട്ടു പ്രത്യേകതകള്‍ക്കു സമാനമായ പ്രത്യേകതകള്‍ x2+xy+y2 എന്ന രീതിയില്‍ എഴുതാവുന്ന സംഖ്യകള്‍ക്കും ഉണ്ടെന്നു കണ്ടുപിടിച്ചു. (ഈ ഒന്‍പതു പ്രത്യേകതകള്‍ ഈ പേപ്പറില്‍ പത്താം പേജില്‍ ഉണ്ടു്.)
നിരീക്ഷണം പോരല്ലോ. സിദ്ധാന്തങ്ങള്‍ക്കു തെളിവുകളും ആവശ്യമാണു്. 1993-ല്‍ ആരംഭിച്ച ആ പണി പൂര്‍ത്തിയായതു് 2004-ല്‍ ആണു്. പതിനൊന്നു കൊല്ലക്കാലം ഇടയില്‍ കിട്ടുന്ന സമയത്തൊക്കെ ഈ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ മൂന്നു തവണ പോയി വരികയും പിന്നീടു് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും കല്യാണം കഴിക്കുകയും ഒരു മകന്‍ ഉണ്ടാവുകയും ഒക്കെ ചെയ്തു. എങ്കിലും ഇതിനിടെ വല്ലപ്പോഴും ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നതു പോലെ ഈ സിദ്ധാന്തവുമായി കുത്തിയിരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ സിദ്ധാന്തവുമായി ഇരിക്കുന്നതു കണ്ടവരൊക്കെ, എന്റെ ഭാര്യ ഉള്‍പ്പെടെ, പുഷ്പാംഗദന്‍ മാഷ് ഫെര്‍മയുടെ അവസാനത്തെ സിദ്ധാന്തവുമായി മല്‍പ്പിടിത്തം നടത്തുന്നതു കണ്ടു നിന്ന ലന്തന്‍ ബത്തേരിക്കാരെപ്പോലെ, അന്തം വിടുകയും എന്റെ തലയ്ക്കു് ഇടയ്ക്കിടെ സ്ഥിരത നഷ്ടപ്പെടുന്നുണ്ടോ എന്നു് ആശങ്കിക്കുകയും ചെയ്തു.
2004 ജൂണ്‍ ആയപ്പോഴേയ്ക്കും മിക്കവാറും എല്ലാ സിദ്ധാന്തങ്ങള്‍ക്കും തെളിവുകള്‍ കിട്ടി. ഇക്കാലത്തു് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ നാപ്കിനില്‍ വരെ തെളിവുകള്‍ എഴുതിയിട്ടുണ്ടു്. ഫലം കിട്ടുമെന്നു് ഏതാണ്ടു് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടിലിരിക്കുന്ന സമയത്തും വഴിയിലൂടെ നടക്കുന്ന സമയത്തും ഇതു തന്നെയായിരുന്നു ചിന്ത. ഒന്നു രണ്ടു മാസമെടുത്തു അതൊന്നു വൃത്തിയായി എഴുതി ഒരു പ്രബന്ധത്തിന്റെ രൂപത്തിലാക്കാന്‍. അതു് കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്തു പ്രസിദ്ധീകരിച്ചു. (ഇതു് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു മുമ്പു് താത്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണു്. ഇപ്പോള്‍ ഇതു് സ്ഥിരമായി സ്വതന്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം ആയിട്ടുണ്ടു്. ധാരാളം ആളുകള്‍ ജേണലുകള്‍ക്കു് അയച്ചുകൊടുക്കാതെ arXiv-ല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടു്.)
ഇതാണു് ആ പേപ്പറിലേക്കുള്ള ലിങ്ക്. അതിന്റെ PDF രൂപം ഇവിടെ കാണാം. ഈ പേപ്പറില്‍ ഗുരുതരമായ ഒരു തെറ്റു് (എടുത്തെഴുതിയപ്പോള്‍ സംഭവിച്ചതു്) ഉണ്ടു്. ഗണിതജ്ഞര്‍ക്കാര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?
പക്ഷേ, ഈ അദ്ധ്വാനം ഒരു ആന്റിക്ലൈമാക്സിലാണു് എത്തിയതു്. ഈ പേപ്പര്‍ വായിച്ച പല ഗണിതജ്ഞരും അതിനെ വിമര്‍ശിച്ചു് എനിക്കു് എഴുതി. ഇങ്ങനെ ഒരു പേപ്പറിന്റെ ആവശ്യമെന്താണെന്നാണു പലരും ചോദിച്ചതു്. ഇരുനൂറു കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇതിനു വിലയുണ്ടാവുമായിരുന്നു. ഇപ്പോള്‍ അറിയാവുന്ന തിയറി ഉപയോഗിച്ചു് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാനും തെളിയിക്കാനും വളരെ എളുപ്പമാണത്രേ! അതിലൊരാള്‍ Primes of the form x2 + ny2 എന്ന പുസ്തകം വായിക്കാന്‍ പറഞ്ഞു. ഒടുക്കത്തെ വില കൊടുത്തു് അതു വാങ്ങി വായിച്ചപ്പോഴാണു് നമ്പര്‍ തിയറി വളരെയധികം മുന്നോട്ടു പോയെന്നും സംഖ്യകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത പല സങ്കീര്‍ണ്ണഗണിതശാഖകളുപയോഗിച്ചു് നമ്പര്‍ തിയറിയിലെ പലതും തെളിയിക്കാന്‍ പറ്റുമെന്നും മനസ്സിലായതു്.
എന്തുകൊണ്ടാണെന്നറിയില്ല, പതിനൊന്നു കൊല്ലത്തെ അദ്ധ്വാനം (പുഷ്പാംഗദനെപ്പോലെ അവിരാമമായ അദ്ധ്വാനമായിരുന്നില്ല. വല്ലപ്പോഴും മാത്രം. എങ്കിലും ഇതിനു വേണ്ടി ഇക്കാലത്തിനിടയ്ക്കു് ഏതാനും മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാവും.) വെറുതെയായി എന്ന അറിവു് ഒരുതരം നിര്‍വികാരതയാണു് ഉണ്ടാക്കിയതു്. ഏതായാലും ഇതല്ലാതെ എനിക്കു് ഒരു ജീവിതമുണ്ടായിരുന്നതു കൊണ്ടും, ജെസീക്കയെപ്പോലെ ആരും പ്രശ്നമുണ്ടാക്കാന്‍ വരാഞ്ഞതു കൊണ്ടും പുഷ്പാംഗദനെപ്പോലെ എനിക്കു് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം!
മറ്റു കാര്യങ്ങള്‍ക്കിടയില്‍ താത്പര്യം കൊണ്ടു മാത്രം അമേച്വേഴ്സിനു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഗവേഷണം എന്നു് അന്നു മനസ്സിലായി. ഈ പേപ്പര്‍ “Some elementary proofs of …” എന്നോ മറ്റോ ഒരു ശീര്‍ഷകവുമായി മാറ്റിയെഴുതാന്‍ വിചാരിച്ചിട്ടു് ഇതു വരെ നടന്നില്ല. അതെങ്ങനെയാ, അതിനു ശേഷം നാലഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ബ്ലോഗിംഗ് എന്ന സാധനം തുടങ്ങി. പിന്നെ എവിടെ സമയം കിട്ടാന്‍?
ഇനി, രാഘവന്‍ മാഷ് പറഞ്ഞ സിദ്ധാന്തം എന്താണെന്നു നോക്കാം.
രണ്ടു് അഭാജ്യസംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ തുക ഒരു അഭാജ്യസംഖ്യ ആവില്ല എന്നാണല്ലോ ആ സിദ്ധാന്തം. രണ്ടിനെ ഒഴിവാക്കണം എന്നും അതിനു ശേഷം പറയുന്നുണ്ടു്. അതു കൊണ്ടു് അഭാജ്യസംഖ്യകള്‍ രണ്ടും ഒറ്റസംഖ്യകളായിരിക്കും. അവയുടെ വര്‍ഗ്ഗങ്ങളും. അവയുടെ തുക ഒരു ഇരട്ടസംഖ്യയായിരിക്കും. അതൊരിക്കലും അഭാജ്യസംഖ്യയാവില്ല. (കാരണം, അതു് രണ്ടിന്റെ ഗുണിതമാണു്.) ഇതു തെളിയിക്കാന്‍ പതിനാറു കൊല്ലം പോയിട്ടു പതിനാറു നിമിഷം പോലും വേണ്ട.
ഇനി, രണ്ടിനെ കണക്കാക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാനും ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിവരം മതി. അപവാദങ്ങള്‍ ആദ്യത്തിലുള്ള സംഖ്യകളില്‍ തന്നെയുണ്ടു്. 22+32 = 13, 22+52 = 29, 22+72 = 53 ഇവയൊക്കെ അഭാജ്യസംഖ്യകള്‍ തന്നെ.
ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയൊരു പൊട്ടസിദ്ധാന്തത്തിനു മുകളില്‍ പതിനാറു കൊല്ലം കുത്തിയിരിക്കുമോ? എനിക്കു തോന്നുന്നില്ല.
കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: അതുപോലെ തന്നെ, പുസ്തകത്തില്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെപ്പറ്റിയും സംഗീതത്തിലെ സ്വരങ്ങളുടെ ആവൃത്തിയെപ്പറ്റിയും പറഞ്ഞിരിക്കുന്നതും തെറ്റാണു്.
ഫെര്‍മയുടെ തിയറത്തില്‍ മാത്രമല്ല പുഷ്പാംഗദനു തെറ്റിയതു്. ആത്മഹത്യയ്ക്കു മുമ്പു് (പുസ്തകം വായിച്ചിട്ടില്ലാത്തവരേ, ആന്റിക്ലൈമാക്സ് പൊളിച്ചതിനു മാപ്പു്) പുഷ്പാംഗദന്‍ അമ്മയ്ക്കും പോലീസിനുമായി എഴുതി വെച്ച കത്തില്‍ ഇങ്ങനെ പറയുന്നു:
(പേജ് 244) എന്റെ അച്ഛന്‍ കെ. സൂര്യനാരായണക്കര്‍ത്താവിനെക്കുറിച്ചു് നിങ്ങളെല്ലാവരും കേട്ടുകാണും. കേരളം മുഴുവനും അറിയുന്ന ജ്യോത്സ്യനായിരുന്നു. സൌരയൂഥത്തെ കവിടിസഞ്ചിയില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്‍. ഒരു ദിവസം അച്ഛന്‍ ഒരേയൊരു മകനായ എന്നെയും അമ്മയെയും വിളിച്ചു പറഞ്ഞു: “ഇന്നു വൈകിട്ടു് ആറു മണിക്കു ഞാന്‍ മരിക്കും. അറുപത്തിരണ്ടു വയസ്സും, മൂന്നു മാസവും മൂന്നു ദിവസവും തീരുന്ന ആ സമയത്തു ശനിദശ അവസാനിക്കുന്നു. ശേഷം ചിന്ത്യം എന്നാണു ജാതകത്തില്‍ കാണുന്നതു്. മരണസന്ധിയാണു്.” അന്നു വൈകുന്നേരമായപ്പോള്‍ അച്ഛന്‍ എന്നോടു പറഞ്ഞു: “ക്ലോക്ക് ഇരുപത്തിരണ്ടര മിനിട്ടു പുറകോട്ടാക്കൂ.” എന്നാലേ ലോക്കല്‍ ടൈമാകുകയുള്ളൂ. ഗ്രഹങ്ങള്‍ ചരിക്കുന്നതു ലോക്കല്‍ ടൈമിലാണു്; അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം.
ഗ്രഹങ്ങള്‍ ലോക്കല്‍ ടൈം അനുസരിച്ചാണു ചരിക്കുന്നതു് എന്ന കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ഭൂമിയില്‍ എവിടെയാണെങ്കിലും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതു് ഒരേ സമയത്തു തന്നെയാണു്. അതിനെ ഉപയോഗിക്കുന്ന ആളുടെ സ്റ്റാന്‍ഡാര്‍ഡ് ടൈമിലേയ്ക്കു മാത്രം മാറ്റിയാല്‍ മതി. അതു് ഏതു ജ്യോത്സ്യനും കണക്കുകൂട്ടുന്നതു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാണു്. ആ പഞ്ചാംഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആയിരിക്കും ഉള്ളതു്, അല്ലാതെ നോക്കുന്ന ആളുടെ ലോക്കല്‍ ടൈമല്ല. ഏതെങ്കിലും നിരീക്ഷണശാലയില്‍ കാണുന്നതനുസരിച്ചോ സൂര്യസിദ്ധാന്തം തുടങ്ങിയ പുസ്തകങ്ങളനുസരിച്ചു് ഫോര്‍മുലകളുപയോഗിച്ചോ ആണു് പഞ്ചാംഗത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതു്, അല്ലാതെ ജ്യോത്സ്യന്‍ വീട്ടിലിരുന്നു ഗണിക്കുന്നതല്ല. (എങ്ങനെയാണു് ഇപ്പോള്‍ പഞ്ചാംഗമുണ്ടാക്കുന്നവര്‍ ഗണിക്കുന്നതെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.) ലഗ്നം സ്ഥലമനുസരിച്ചു മാറും. (ആ സ്ഥലത്തു നേരേ കിഴക്കുള്ള രാശിയാണു ലഗ്നം.) പക്ഷേ, ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ഒന്നും ലോക്കല്‍ സ്ഥലമനുസരിച്ചു മാറുന്നില്ല.
“അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം” എന്നതും ശ്രദ്ധിക്കുക. അക്ഷാംശമല്ല, രേഖാംശമാണു് പ്രാദേശികസമയത്തെ നിര്‍ണ്ണയിക്കുന്നതു്. ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അക്ഷാംശത്തിനു സ്ഥാനമുണ്ടു്, സമയനിര്‍ണ്ണയത്തില്‍ ഇല്ല.
തീര്‍ന്നില്ല. പുഷ്പാംഗദന്‍ തുടര്‍ന്നെഴുതുന്നു:
എന്താണു സംഗീതം? അതു ഗണിതത്തിന്റെ വകഭേദമാണു്. ‘സ’ ഒന്നാണെങ്കില്‍ ‘രി’യുടെ ശ്രുതി 11/8 ആണു്, ‘ഗ’ 11/4 ആണു്. അങ്ങനെയാണെങ്കില്‍ പ്രൈം നമ്പരുകളുടെ സംഗീതം 11-ല്‍ തുടങ്ങട്ടെ. അടുത്ത പ്രൈം നമ്പര്‍ 13, അതു പതിനൊന്നിന്റെ 12/11 ആണു്, അടുത്തതു 17, പതിനൊന്നിന്റെ 16/11 ആണു്…
എനിക്കാകെ ചിന്താക്കുഴപ്പമായി. സംഗീതത്തില്‍ അടുത്ത ഓക്ടേവില്‍ എത്തുമ്പോള്‍ ആവൃത്തി ഇരട്ടിയാവുന്നു. 12 സ്വരസ്ഥാനമുള്ള ഭാരതീയസംഗീതത്തില്‍ അപ്പോള്‍ അടുത്തടുത്ത സ്വരസ്ഥാനങ്ങള്‍ തമ്മിലുള്ള അനുപാതം ഏകദേശം രണ്ടിന്റെ പന്ത്രണ്ടാമത്തെ മൂലം () ആണു്. ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യരുടെ “സംഗീതശാസ്ത്രപ്രവേശിക” അനുസരിച്ചു് ആ അനുപാതങ്ങള്‍ താഴെപ്പറയുന്നവയാണു്. (ഷഡ്ജത്തിന്റെ ആവൃത്തി 1 എന്നതിനനുസരിച്ചുള്ള അനുപാതങ്ങളാണു് രണ്ടാം നിരയില്‍. ഷഡ്ജത്തിന്റെ ആവൃത്തി 256 എന്നതിനനുസരിച്ചുള്ള ആവൃത്തികളാണു് മൂന്നാം നിരയില്‍.)
സ്വരം
ആവൃത്തി
(സ = 1)
(സ = 256)
സ: ഷഡ്ജം
1
256
രി1: കോമള (ശുദ്ധ) ഋഷഭം
16/15
273
രി2: തീവ്ര (ചതുഃശ്രുതി) ഋഷഭം
9/8
288
ഗ1: കോമള (സാധാരണ) ഗാന്ധാരം
6/5
307
ഗ2: തീവ്ര (അന്തര) ഗാന്ധാരം
5/4
320
മ1: കോമള (ശുദ്ധ) മദ്ധ്യമം
4/3
341
മ2: തീവ്ര (പ്രതി) മദ്ധ്യമം
64/45
364
പ: പഞ്ചമം
3/2
384
ധ1: കോമള (ശുദ്ധ) ധൈവതം
8/5
410
ധ2: തീവ്ര (ചതുഃശ്രുതി)ധൈവതം
27/16
432
നി1: കോമള (കൈശികി) നിഷാദം
9/5
461
നി2: ശുദ്ധ (കാകളി) നിഷാദം
15/8
480
അടുത്ത ഷഡ്ജം
2
512
ഇവിടെ കൊടുത്തതനുസരിച്ചു് രി1 – 256/243, ഗ1 – 32/27, മ2 – 45/32, ധ1 – 128/81, ധ2 – 5/3, നി1 – 9/5 എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുണ്ടു്.
22 സ്വരസ്ഥാനങ്ങളും പരിഗണിക്കാറുണ്ടു്. അവയുടെ ആവൃത്തികള്‍ ഈ പേജില്‍ കാണാം.
പുഷ്പാംഗദന്റെ കണക്കനുസരിച്ചു് സ-യുടെ ആവൃത്തി 256 ആണെങ്കില്‍ രി-യുടെ ആവൃത്തി 256 x 11/8 = 352, ഗ-യുടെ ആവൃത്തി 256 x 11/4 = 704 എന്നു കിട്ടും. ഈ മൂല്യങ്ങള്‍ ഏതായാലും പരമാബദ്ധം തന്നെ. സംഗീതത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.
അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ? ഈ 12/11, 16/11 എന്നിവയ്ക്കു് എന്തു താളമാണെന്നു് മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത അഭാജ്യസംഖ്യയായ 19-ല്‍ (പുഷ്പാംഗദന്റെ കണക്കനുസരിച്ചു് അതു് 11-ന്റെ 18/11 ആയിരിക്കാം!) ഈ താളം തെറ്റുന്നുണ്ടല്ലോ.
പ്ലീസ്, ആരെങ്കിലും ഒന്നു സഹായിക്കൂ…
മുകളില്‍പ്പറഞ്ഞ തെറ്റുകള്‍ നോവലിസ്റ്റ് പറഞ്ഞതല്ല, മറിച്ചു് പുഷ്പാംഗദന്‍ പറഞ്ഞതാണു് എന്നൊരു വാദം ഉണ്ടാവാം. എങ്കിലും ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ കണക്കില്‍ വരുത്തുമോ? ഒരു ആറാം ക്ലാസ്സു കാരനു ഒറ്റ നോട്ടത്തില്‍ തെളിയിക്കാവുന്ന ഒരു സിദ്ധാന്തത്തില്‍ പതിനാറു കൊല്ലം ഒരു ചെലവാക്കുമോ? പോട്ടേ, 11-നെ 11 കൊണ്ടു ഹരിച്ചു 12 കൊണ്ടു ഗുണിച്ചാല്‍ 13 കിട്ടും എന്നു പറയുമോ?
“ഇങ്ങനെയുള്ള അബദ്ധങ്ങള്‍ മാത്രം പറഞ്ഞും ജീവിച്ചും ജീവിതം മുഴുവന്‍ ഒരു അബദ്ധമായ സിദ്ധാന്തമായി പരിണമിച്ച ദാര്‍ശനികവ്യഥയുടെ പ്രതീകമാണു കഥയിലെ പുഷ്പാംഗദന്‍” എന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ തടിയൂരാം. അങ്ങനെ മനഃപൂര്‍വ്വം വരുത്തിയ തെറ്റല്ലെങ്കില്‍, ഒന്നേ പറയാനുള്ളൂ. തന്റെ പുസ്തകത്തില്‍ ചരിത്രം, വള്ളപ്പണി, ചവിട്ടുനാടകം, ബിരിയാണിയുടെ പാചകക്രമം, ഹിന്ദുസ്ഥാനിസംഗീതം തുടങ്ങി പല വിഷയങ്ങളെപ്പറ്റി ശ്രീ മാധവന്‍ വിവരിക്കുന്നുണ്ടു്. ഇവയൊക്കെ അദ്ദേഹത്തിനു് അറിവുള്ള വിഷയങ്ങളാവണമെന്നില്ല. അതിനാല്‍ അവ വായിച്ചോ ആരോടെങ്കിലും ചോദിച്ചോ ആവാം അദ്ദേഹം മനസ്സിലാക്കിയതു്. അതു പോലെ ഗണിതവും കഥയില്‍ ഉള്‍ക്കൊള്ളിക്കണമെന്നു് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ, അതിനായി അദ്ദേഹം ആശ്രയിച്ച ആള്‍ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ.
നോവലില്‍ പ്രതിപാദിക്കുന്ന പല സംഭവങ്ങളെപ്പറ്റിയും ശ്രീ എന്‍. എസ്. മാധവനു് ആധികാരികമായ വിവരം ഇല്ലെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആദിയിലുള്ള നന്ദിപ്രകാശനത്തില്‍ പലരും ചൂണ്ടിക്കാട്ടിയ തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. വിശാലമായ ഒരു കാന്‍വാസില്‍ കഥ പറയുമ്പോള്‍ പലപ്പോഴും അതിനാവശ്യമായ വിവരങ്ങള്‍ മറ്റു പലയിടത്തു നിന്നും നേടേണ്ടതായി വരും. അതു സ്വാഭാവികം.
നേരേ മറിച്ചു്, ചരിത്രവസ്തുതകളെയും ശാസ്ത്രസത്യങ്ങളെയും മാറ്റിയെഴുതുന്നതു് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഭാഗമാണെന്ന വാദം ഉണ്ടായേക്കാം. അതിശയോക്തി മുതലായ അലങ്കാരങ്ങള്‍ തൊട്ടു മാജിക്കല്‍ റിയലിസം വരെ പല സാഹിത്യസങ്കേതങ്ങളും ഇതിനെ അനുവദിക്കുന്നുമുണ്ടു്. പക്ഷേ ഈ വിധത്തില്‍ വസ്തുതകള്‍ മാറ്റിമറിക്കുമ്പോള്‍ അതു മാറ്റിമറിച്ചവയാണു് എന്ന ബോധം വായനക്കാരനുണ്ടാവാറുണ്ടു്. നളചരിതവും കുഞ്ചന്‍ നമ്പ്യാരുടെ കഥയും പൊളിച്ചെഴുതിയ വി. കെ. എന്‍. പലപ്പോഴും വസ്തുതാകഥനങ്ങളില്‍ കാണിക്കുന്ന കൃത്യത അദ്ഭുതകരമാണു്. സിഡ്നി ഷെല്‍ഡനെപ്പോലെയുള്ള ത്രില്ലര്‍ എഴുത്തുകാരാകട്ടേ, ഓരോ പുസ്തകത്തിനും പിന്നില്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടാണു് അതു പ്രസിദ്ധീകരിക്കുന്നതു്.
ആനന്ദിന്റെ “നാലാമത്തെ ആണി”, കസാന്ദ് സാക്കീസിന്റെ “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം”, ഡാന്‍ ബ്രൌണിന്റെ “ഡാവിഞ്ചി കോഡ്” തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു് ആരും ബൈബിളിലെ കഥ തെറ്റിദ്ധരിക്കില്ല. കാരണം അവയില്‍ ഫിക്‍ഷനാണു കൂടുതല്‍ എന്നു് വായനക്കാര്‍ക്കറിയാം. എന്നാല്‍ അതുപോലെയല്ല യാഥാര്‍ത്ഥ്യത്തിലേക്കു കൂടുതല്‍ അടുത്തു നില്‍ക്കുന്ന “ലന്തന്‍ ബത്തേരി” പോലെയുള്ള പുസ്തകങ്ങള്‍. ഈ യഥാര്‍ത്ഥാഭാസാഖ്യാനം വസ്തുതകളെ തെറ്റായി കാണാന്‍ വായനക്കാരെ പ്രേരിപ്പിച്ചേക്കാം. (നെഹ്രുവിന്റെ മുന്നില്‍ ചവിട്ടുനാടകം കാണിച്ച ഒരു സംഭവം മാത്രമേ ഇതില്‍ യാഥാര്‍ത്ഥ്യമല്ല എന്ന തോന്നല്‍ ഉണ്ടാക്കിയുള്ളൂ.)
ഉദാഹരണമായി, കൊളംബസിനും വാസ്കോ ഡി ഗാമയ്ക്കും മറ്റും യാത്ര ചെയ്യാന്‍ ഫണ്ടു കിട്ടിയതു് ഭൂമിയുടെ ചുറ്റളവിനെപ്പറ്റി അന്നുണ്ടായിരുന്ന അബദ്ധധാരണ കൊണ്ടാണു് എന്നു പുസ്തകത്തില്‍ പറയുന്നുണ്ടു്. ഈ വസ്തുത ശരിയാണോ തെറ്റാണോ എന്നു് എനിക്കറിയില്ല. പക്ഷേ, ഈ പുസ്തകത്തില്‍ നിന്നു് അതൊരു പുതിയ അറിവായി ഞാന്‍ കൈക്കൊണ്ടു. പണ്ടു് ഓട്ടവയെ ഒഷാവ എന്നു വിളിച്ചതു പോലെ അതു് മറ്റു പലര്‍ക്കും കൈമാറി എന്നു വന്നേക്കാം. ലന്തക്കാരുടെയും മറ്റും അധിനിവേശത്തെപ്പറ്റിയും പല വാക്കുകളുടെയും ഉത്പത്തിയെപ്പറ്റിയും കേരളത്തിലെ രാഷ്ട്രീയചരിത്രത്തെപ്പറ്റിയും ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയും പലതരം പാചകവിധികളെപ്പറ്റിയും ഇതു പോലെ ധാരാളം പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടു്. ഇവയില്‍ എത്രത്തോളം ശരിയാണെന്നറിയാനുള്ള അവകാശം വായനക്കാരനില്ലേ?
ഇതിനോടു സമാനമായ ഒരു ആരോപണം എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റിനെപ്പറ്റി ഉണ്ടായിട്ടുണ്ടു്. അതിലെ വസ്തുതകള്‍ ചരിത്രവുമായി യോജിച്ചു പോകുന്നില്ല എന്നു്. അതു ചരിത്രത്തോടു നീതി പുലര്‍ത്തുന്നില്ല എന്ന ഡിസ്ക്ലൈമറും “ആക്ഷേപഹാസ്യം” എന്ന ലേബലും അതിലെ ചരിത്രസംഭവങ്ങളെ യഥാര്‍ത്ഥമായി എടുക്കരുതു് എന്ന സന്ദേശം വായനക്കാര്‍ക്കും നല്‍കും എന്നു ഞാന്‍ കരുതുന്നു.
ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം ആ കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു്. സി. വി. രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം. എം. ടി. യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം. ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല.
എന്തായാലും, കോട്ടയത്തെ തന്റെ വീട്ടിലിരുന്നു സ്വന്തം ഭാവനയിലൂടെ കാര്‍പാത്യന്‍ മലയിടുക്കുകളിലെ ഭൂപ്രകൃതി വര്‍ണ്ണിച്ച കോട്ടയം പുഷ്പനാഥിന്റെയും, വടക്കന്‍ പാട്ടുകളിലെ നായികമാരെ ബ്രേസിയറും ബ്ലൌസും ധരിപ്പിച്ച കുഞ്ചാക്കോയുടെയും വഴിയേ എന്‍. എസ്. മാധവന്‍ പോകരുതു് എന്നു് ആഗ്രഹമുണ്ടു്-എഴുത്തുകാരനു് സത്യം വളച്ചൊടിക്കാന്‍ എത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നു വാദിച്ചാലും.