സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ, ആളു നോക്കി മാറുന്ന യോജന എന്നീ പോസ്റ്റുകളിൽ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകളുടെ റെഫറൻസുകൾ ചേർക്കാനുള്ള പോസ്റ്റാണു് ഇതു്. ഇതിന്റെ പണി മുഴുവനായിട്ടില്ല. സമയം കിട്ടുന്നതനുസരിച്ചു് ഇതിൽ കൂടുതൽ വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കും.
*ചൊവ്വാദോഷം എന്ന പ്രയോഗം തെറ്റാണു്. ചൊവ്വദോഷം എന്നു മതി. എങ്കിലും വഞ്ചിതരാകുന്ന മലയാളികളുടെ കണ്ണിലെ വലിയ കോലുകൾ എടുത്തു കളയാൻ ശ്രമിക്കുന്ന ഈ പോസ്റ്റിന്റെ ശീർഷകത്തിൽ ഒരു ചെറിയ കരടെങ്കിലും വേണ്ടേ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ഡോ. എൻ. ഗോപാലകൃഷ്ണനെപ്പറ്റി ഞാൻ ഒന്നിലധികം തവണ ഈ ബ്ലോഗിൽ എഴുതിയിട്ടുണ്ടു്. മതപ്രസംഗങ്ങൾ പുരാണകഥകളിലും മനുഷ്യന്റെ തലയ്ക്കു മുകളിൽ കൂടി മാത്രം പോകുന്ന ആദ്ധ്യാത്മികതത്ത്വങ്ങളിലും മാത്രം ഒതുങ്ങി നിന്ന കാലത്തു് ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഹൈന്ദവതത്ത്വങ്ങൾ വിശദീകരിച്ചു കൊണ്ടു് ശ്രദ്ധ നേടിയ പ്രഭാഷകനാണു് അദ്ദേഹം. ഹൈന്ദവസമൂഹത്തിൽ ഉണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും തിരുത്താൻ ശ്രമിക്കുക വഴി ഒരു പുരോഗമനവാദി എന്ന പേരും ആദ്യകാലത്തു് അദ്ദേഹം നേടിയിരുന്നു.
IISH-ന്റെ നേതൃത്വത്തിൽ ഭാരതീയപൈതൃകത്തെയും ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെയും പറ്റി ധാരാളം പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പലയിടത്തു നിന്നായി ശേഖരിച്ച വിവരങ്ങൾ അടങ്ങിയ Indian Scientific Heritage എന്ന പുസ്തകം അബദ്ധങ്ങൾ നിറഞ്ഞതാണെങ്കിലും ഇത്തരത്തിൽ ആദ്യത്തേതാണു്. ആര്യഭടീയം തുടങ്ങി പല പുസ്തകങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുമുണ്ടു്.
ഇത്തരം ചില ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു സമ്മതിക്കുമ്പോള്‍ തന്നെ, പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും വഴി അദ്ദേഹം പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളും പ്രതിലോമകരങ്ങളായ ആശയങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ വയ്യ. സ്വയം ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുമ്പോഴും, അദ്ദേഹം ചരിത്രത്തെ സമീപിക്കുന്നതു് ശാസ്ത്രീയത ഒട്ടുമില്ലാതെ, വ്യക്തമായ സ്ഥാപിത താത്പര്യങ്ങൾ വെച്ചാണു്. പ്രാചീനഭാരതത്തിനു് ഇല്ലാത്ത മഹത്ത്വം ചാർത്താനും മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന വിദ്യയെ ഇകഴ്ത്താനുമുള്ള ഇദ്ദേഹത്തിന്റെ ശ്രമത്തിനു തെളിവുകളായി സത്യവിരുദ്ധമായ പ്രസ്താവനകളാണു് പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിന്നു് എന്നു പറഞ്ഞു് ഇദ്ദേഹം നിരത്തുന്നതു്.
ഡോ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണപരമ്പരയിൽ ഡാർവിന്റെ പരിണാമസിദ്ധാന്തവും ഹൈസൻബെർഗിന്റെ അൺസേർട്ടന്റി പ്രിൻസിപ്പിളും പ്രാചീനഭാരതീയകൃതികളിലുണ്ടെന്നു പറഞ്ഞതിനെ സൂരജ് സയന്റിഫിക് ഉഡായിപ്പ്: ഗോപാലകൃഷ്ണന്റെ ‘വാത’ങ്ങൾ എന്ന പോസ്റ്റിൽ പൊളിച്ചടുക്കിയിരുന്നു. സായണന്റെ ഒരു വാക്യത്തിന്റെ അർത്ഥം പ്രകാശപ്രവേഗം കൃത്യമായി തരുന്നതാണെന്നുള്ള വാദം ഉന്നയിച്ച പലരും അതിനു പല കണക്കുകളും ഉപയോഗിക്കുന്നതിനെ വിമർശിച്ച എന്റെ ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റിൽ ഡോ. ഗോപാലകൃഷ്ണന്റെ മറ്റൊരു കള്ളത്തരത്തെപ്പറ്റി പരാമർശിച്ചിരുന്നു. ഈ രണ്ടു പോസ്റ്റുകളുടെ ഫലമാണെന്നു തോന്നുന്നു, ഡോ. ഗോപാലകൃഷ്ണന്റെ ആ വീഡിയോ സീരീസ് യൂട്യൂബിൽ നിന്നു് അപ്രത്യക്ഷമായി. ഈ വീഡിയോകളിൽ പൊട്ടത്തെറ്റുകളാണെന്നു ബോദ്ധ്യമായതു കൊണ്ടാവണമല്ലോ സംഘാടകർക്കു് അതു മാറ്റണമെന്നു തോന്നിയതു്.
പക്ഷേ, ഒരു സെറ്റു വീഡിയോകൾ എടുത്തുകളഞ്ഞതുകൊണ്ടു മാത്രം ഈ കള്ളത്തരങ്ങളുടെ തെളിവുകൾ ഇല്ലാതാവുന്നില്ല. ഡോ. ഗോപാലകൃഷ്ണൻ നടത്തിയ അസംഖ്യം പ്രഭാഷണങ്ങൾ ഓഡിയോ കാസറ്റുകളായി വിറ്റഴിച്ചിട്ടുണ്ടു്. അതുപോലെ, അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും അബദ്ധപ്പഞ്ചാംഗങ്ങളായി ഇംഗ്ലീഷിലും മലയാളത്തിലും പല രൂപങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഇവയൊക്കെ അല്പസ്വല്പം വിദ്യാഭ്യാസമുള്ളവരെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു സെറ്റു വീഡിയോകൾ ഡിലീറ്റു ചെയ്തു് ആളുകളുടെ കണ്ണുകളിൽ പൊടിയിടാമെന്ന മൗഢ്യം ഡോ. ഗോപാലകൃഷ്ണനും IISH-നും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.
ഡിലീറ്റു ചെയ്ത വീഡിയോകൾ വലിയ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണു്. അതിലുള്ളതിലും വലുതും ഭീകരവുമായ അബദ്ധങ്ങളും അവകാശവാദങ്ങളും അടങ്ങിയ പലതും ഇനിയും കിടക്കുന്നതേയുള്ളൂ. കഴിഞ്ഞ വർഷം നടന്ന ഒരു ഹിന്ദുമഹാസമ്മേളനത്തിൽ ശ്രീ ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണം 13 എപിസോഡുകളായി ഇപ്പോഴും യൂട്യൂബിലുണ്ടു്. (Link: 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13. ഇന്നു തന്നെ എല്ലാം കാണുക. നാളെ ഒരു പക്ഷേ അവ ഡിലീറ്റ് ചെയ്തെന്നിരിക്കും!) ജ്യോതിഷം എന്നു പറയുന്ന കപടശാസ്ത്രത്തിന്റെ ശാസ്ത്രീയതയും വിശ്വാസ്യതയും ഊന്നിപ്പറയുകയാണു് ഈ സീരീസിൽ ചെയ്യുന്നതു്. കൂട്ടത്തിൽ ജ്യോത്സ്യന്മാർ (താനും തന്നെപ്പോലെ ശാസ്ത്രജ്ഞന്മാർ രൂപഭേദം വന്ന ചിലരും ഒഴികെ), ജ്യോതിഷം പഠിച്ചവർ, പൊതുജനം, തന്റെ പ്രസംഗം കേൾക്കുന്നവർ, യുക്തിവാദികൾ തുടങ്ങിയവർ പരമമണ്ടന്മാരാണെന്നു പ്രഖ്യാപിക്കുകയും തനിക്കു കിട്ടിയ ബിരുദങ്ങളെയും ബഹുമതികളെയും പേറ്റന്റുകളെയും പറ്റി പൊങ്ങച്ചം പറയുകയും തന്റെ പ്രസംഗം ഒരുപാടു് ആളുകളെ ഹഠാദാകർഷിച്ചിട്ടുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടു് ഇദ്ദേഹം.
അസംബന്ധങ്ങളുടെ ഘോഷയാത്രയാണു് ഈ സീരീസ്. ഇദ്ദേഹത്തിനു സയൻസ് മാത്രമല്ല, ജ്യോതിഷവും അറിയില്ല എന്നു് ഈ പ്രസംഗം വെളിവാക്കുന്നു. ചില ഉദാഹരണങ്ങൾ താഴെ.
(ഈ പോസ്റ്റിനോടൊപ്പം സൂരജിന്റെ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസർത്തുകൾ എന്ന പോസ്റ്റു കൂടി വായിക്കുക. ഈ പോസ്റ്റ് ഡോ. ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിലെ വസ്തുതകളിലുള്ള മണ്ടത്തരങ്ങളും വളച്ചൊടിക്കലും ചൂണ്ടിക്കാണിക്കുമ്പോൾ, സൂരജിന്റെ പോസ്റ്റ് അതു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആശയങ്ങളുടെ പൊള്ളത്തരവും കാമ്പില്ലായ്മയും ഭംഗിയായി വിശദീകരിക്കുന്നു.)
ആ!
ഡോ. ഗോപാലകൃഷ്ണന്റെ ഈ പ്രസംഗപരമ്പരയുടെ സാരാംശം അദ്ദേഹം തന്നെ ആറ്റിക്കുറുക്കി നാലാമത്തെ വീഡിയോയിൽ 10:29 മുതൽ 10:58 വരെയുള്ള ഭാഗത്തു പറയുന്നുണ്ടു്.
ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
ഇതു് ഈ സീരീസിൽ പലയിടത്തും ആവർത്തിക്കുന്നുണ്ടു്. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കൊക്കെ “ആ…” എന്നൊരുത്തരവും ചോദ്യകർത്താവിനെ അവഹേളിച്ചുകൊണ്ടു് ഒരു ചിരിയും.
ഇദ്ദേഹം എന്താണു പറയുന്നതെന്നുള്ളതിന്റെ ഉത്തരവും ഇതു തന്നെ. ആ! നമുക്കു് ആ ആപ്തവാക്യങ്ങൾ ഓരോന്നായി കേൾക്കാം.
കലിവർഷം സ്പെയിനിലും ജെർമനിയിലും അമേരിക്കയിലും!
ഏറ്റവും വിചിത്രമായ അവകാശവാദം വീഡിയോ 2-ൽ 05:47 മുതൽ 06:22 വരെയാണു്. കേൾക്കുക:
ഒന്നുകൂടി നമ്മളറിയണം. 1820 വരെ ഏ.ഡിയുമുണ്ടായിരുന്നില്യ, ബി.സിയുമുണ്ടായിരുന്നില്ല്യ… ലോകമെമ്പാടും, സ്പെയിനിലാണെങ്കിലും ഇംഗ്ലണ്ടിലാണെങ്കിലും ജെർമനിയിലാണെങ്കിലും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരായിരുന്ന… സോറി… റെഡ് ഇന്ത്യന്‍സും ഉപയോഗിച്ചിരുന്നത് K.E ആണ് – കലി ഇറ! കലിവര്‍ഷം ആരംഭിച്ചത് ഏത് ദിവസം മുതല്‍ക്കാണോ ആ ദിവസമാണ് എടുത്തിരുന്നത്. ഏ.ഡി , ബി.സി ഒക്കെ പിന്നീടാ വന്നത്. കെ.ഇ കുറേ കാലമായിട്ടുണ്ട്.
അതായതു് 1820 വരെ AD, BC എന്നിവ ആരും ഉപയോഗിച്ചിരുന്നില്ല. പകരം KE (കലി ഇറ) ആണു് സ്പെയിൻ, ജെർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നതത്രേ! ഇത്തരം ഉഡായിപ്പു് ഒരു സദസ്സിന്റെ മുന്നിൽ നിന്നു വിളിച്ചു പറയാൻ ഇങ്ങേർക്കു് ഒരു ഉളുപ്പുമില്ലായിരുന്നു എന്നതും, അതു കേട്ട വിദ്യാസമ്പന്നന്മാരായ മലയാളികൾ ഒരക്ഷരം പോലും ചോദിച്ചില്ല എന്നതും വിചിത്രമായിരിക്കുന്നു. ഏഡിയും ബീസിയും ആറാം നൂറ്റാണ്ടു തൊട്ടേ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുണ്ടു്. പതിനാറാം നൂറ്റാണ്ടിൽ ഈ കലണ്ടറിനെ പരിഷ്കരിച്ചു് ജൂലിയൻ രീതിക്കു പകരം ഗ്രിഗോറിയൻ രീതി മൂന്നുനാലു നൂറ്റാണ്ടു കൊണ്ടു് ലോകം മുഴുവൻ നടപ്പിലാക്കിയ കാര്യം അല്പസ്വല്പം വിദ്യാഭ്യാസമുള്ള എല്ലാവർക്കും അറിയാം. എന്നിട്ടാണു് ഇങ്ങനെയൊരു ഉദീരണം!
ഇതു കഴിഞ്ഞു് ഗ്രീനിച്ച് രേഖ അംഗീകരിക്കുന്നതിനു മുമ്പു് ലോകം മുഴുവൻ ഭാരതത്തിലെ ഉജ്ജയിനിയിലൂടെ പോകുന്ന രേഖാംശമാണു് സമയനിർണ്ണയത്തിനുപയോഗിച്ചിരുന്നതു് എന്നും പറയുന്നുണ്ടു്. എന്തൊരു തമാശ!
1473-ൽ നിന്നു് 500 കുറച്ചാൽ 2500!
ഒന്നാം വീഡിയോയിൽ 09:13 മുതൽ 10:21 വരെ ഒരു തകർപ്പുണ്ടു്. കേൾക്കുക:
ഈ ജ്യോതിഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ട്രോണമിക്കല്‍ കണ്‍സെപ്റ്റ് — അത് നൂറ് ശതമാനവും അള്‍ട്രാ മോഡേണ്‍ അസ്ട്രോണമിയാണ്. ഭൂമി ഉരുണ്ടതാണ് എന്നുള്ളത് നമ്മുടെ ജ്യോതിഷത്തിലുമുണ്ട് : “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ”. മൃത്- മണ്ണ്; ജലം, ശിഖി-അഗ്നി; വായുമയോ ഭൂഗോള – ഗോളമെന്ന വാക്കിന്റെ അര്‍ത്ഥമറിയാം… സര്‍വ്വതോ വൃത്തഃ ചന്ദ്രനെ എവിടെനിന്ന് നോക്കിയാലും വൃത്താകൃതിയിലാകുന്നത് പോലെ ഭൂമിയെ എവിടെ നിന്ന് നോക്കിയാലും spherical shape ഉള്ള ഭൂമി വൃത്താകൃതിയിലാണ്.
അതുകൊണ്ട് ജ്യോതിഷത്തിലെ കാല്‍ക്കുലേഷന്‍ നടത്തിയിരിക്കുന്നത്, കോപ്പര്‍നിക്കസും ഗലീലിയോയും കെല്‍വിനും സര്‍ ഐസക് ന്യൂട്ടനും അതേ പോലെയുള്ളവരും ജനിക്കുന്നതിന് 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കിലും അന്നും ഭാരതീയര്‍ക്ക് ഭൂഗോളമെന്ന കണ്‍സെപ്റ്റ് തന്നെയുണ്ടായിരുന്നു – അത് ഭാഗവതത്തില് വായിച്ചാല്‍ ഭൂഗോളവിവരണാധ്യായം എന്ന നാലധ്യായങ്ങളുണ്ട്…
ഈ കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും കൂടെ കെൽവിനെ എന്തിനു കൂട്ടിക്കെട്ടി എന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷേ കെപ്ലറെയായിരിക്കും കെൽവിൻ എന്നു പറഞ്ഞതു്. (കീറ്റ്സ് എന്നു പറഞ്ഞില്ലല്ലോ, ഭാഗ്യം!) കോപ്പർനിക്കസ് ജനിച്ചതു് 1473-ൽ. അതിനു് 2500 വർഷം മുമ്പെന്നു പറഞ്ഞാൽ ബി. സി. 1028. ആദ്യത്തെ ശുൽബസൂത്രത്തിനു പോലും ബി. സി. എട്ടാം നൂറ്റാണ്ടിൽ കൂടുതൽ പഴക്കമില്ല എന്നാണു് അനുമാനം. അതിനു മുമ്പു് ഭൂമി സൂര്യനെ ചുറ്റുന്നു എന്നു് അറിഞ്ഞിരുന്നത്രേ!
ഇതിൽ ഉദ്ധരിക്കുന്ന സംസ്കൃതവാക്യം ആര്യഭടീയം ഗോളപാദത്തിലെ ആറാം ശ്ലോകത്തിൽ നിന്നാണു്. (ആര്യഭടനു ശേഷം ബ്രഹ്മഗുപ്തനും വരാഹമിഹിരനും ഇതു പറഞ്ഞിട്ടുണ്ടു്. നാലു മൂലകങ്ങൾ അവിടെ പഞ്ചഭൂതങ്ങളായി എന്നു മാത്രം. വിശദവിവരങ്ങൾ ഇവിടെ.)
അർത്ഥം: വൃത്താകൃതിയിലുള്ള നക്ഷത്രക്കൂട്ടത്തിന്റെ നടുക്കു സ്ഥിതി ചെയ്യുന്നതും, ഗ്രഹങ്ങൾ നിറഞ്ഞ ആകാശത്തിന്റെ (ബ്രഹ്മാണ്ഡത്തിന്റെ എന്നാണു ഭാസ്കരൻ ഒന്നാമന്റെ വ്യാഖ്യാനം) മദ്ധ്യത്തിലുള്ളതും, മണ്ണു്, ജലം, അഗ്നി, വായു എന്നിവ നിറഞ്ഞതുമായ ഭൂഗോളം എല്ലായിടത്തും വൃത്താകൃതി ഉള്ളതാണു്.
ഓഫ്‌ടോപ്പിക്: ഈ ചതുർഭൂതസിദ്ധാന്തം ബാബിലോണിയയിൽ നിന്നു വന്നതാണു്. അനു (അഗ്നി), ഈയ (ജലം) എന്‍ലില്‍ (വായു) മാര്‍ദൂക് (ഭൂമി). നാലു ദിക്കുകൾക്കു് അധിപർ. അരിസ്റ്റോട്ടലിന്റെ കാലത്തു് ഇതു “ശാസ്ത്രം” ആയി. മണ്ണു്, ജലം, വായു, അഗ്നി എന്നിവ ക്രമാൽ മുകളിലായി സ്ഥിതി ചെയ്യുന്നുവെന്നും, ഓരോന്നും അതിന്റെ സവിശേഷസ്വഭാവം തേടുന്നു എന്നും, അതിനാൽ വെള്ളത്തിലെ വായു മുകളിലേക്കും, വായുവിലെ അഗ്നി മുകളിലേക്കും, വെള്ളത്തിൽ മണ്ണു കീഴേയ്ക്കും പോകുന്നു എന്നൊരു ഗമണ്ടൻ ഗ്രാവിറ്റി തിയറി അരിസ്റ്റോട്ടിൽ കൊണ്ടുവന്നിരുന്നു! ഇന്ത്യയിൽ ഇതു് എപ്പോഴോ ആകാശവും കൂടെ കൂടി പഞ്ചഭൂതമായി.
ക്രിസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതിയ ആര്യഭടീയത്തിലെ ഒരു ഭാഗമാണു് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോപ്പർനിക്കസിനും 2500 വർഷം മുമ്പിലുള്ള ആർഷഭാരതജ്ഞാനമായി എടുത്തു കീച്ചുന്നതു്! (ബാക്കി ഉദ്ധരണികൾക്കൊക്കെ പുസ്തകത്തിന്റെയോ ആളിന്റെയോ പേരും എഴുതിയ തീയതിയുമൊക്കെ പറയുന്ന വിദ്വാൻ ഇവിടെ അതിനെപ്പറ്റി സൗകര്യപൂർവ്വം വിട്ടുകളഞ്ഞതു കണ്ടോ?) കണക്കുകൾ കൃത്യം കൃത്യമായി ഉദ്ധരിക്കുന്ന ശ്രീ ഗോപാലകൃഷ്ണനു നൂറ്റാണ്ടുകളുടെ കണക്കു തെറ്റി എന്നു ഞാൻ കരുതുന്നില്ല. ആര്യഭടീയത്തിന്റെ വ്യാഖ്യാനമെഴുതിയ അദ്ദേഹത്തിനു് ഈ ശ്ലോകം ആര്യഭടീയത്തിലേതാണെന്നു് അറിയില്ലായിരുന്നു എന്നും വിശ്വസിക്കാൻ കഴിയില്ല. പിന്നെ എന്തുകൊണ്ടാണു് അദ്ദേഹം ഇതു് കോപ്പർനിക്കസിനും 2500 കൊല്ലം മുമ്പുള്ളതാണെന്ന പച്ചക്കള്ളം തട്ടിവിടുന്നതു്?
മാത്രമല്ല, ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നു വ്യക്തമായി പറഞ്ഞിരിക്കുന്ന ശ്ലോകമാണു് ഭൂമി സൂര്യനെ ചുറ്റുന്നു എന്നതിന്റെ തെളിവായി ഉദ്ധരിക്കുന്നതു്! ഭൂമിയാണു കേന്ദ്രം എന്നർത്ഥമുള്ള ഭാഗം മറച്ചുവെച്ചതു വെറുതെയാണോ?
എന്തായാലും പ്രാചീനഗ്രീക്ക് ഫിലോസഫിയിൽ ഭൂമി ഗോളമാണെന്നു പറഞ്ഞിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ പിഥഗോറസ് വ്യക്തമായി അതു പറഞ്ഞിരുന്നു. അതിനു് ആദ്യമായി ഒരു ശാസ്ത്രീയവിശദീകരണം നൽകിയതു് അരിസ്റ്റോട്ടിൽ (ബി. സി. നാലാം നൂറ്റാണ്ടു്) ആണു്. ചില സ്ഥലങ്ങളിൽ നിന്നു ദൃശ്യമായ ചില നക്ഷത്രങ്ങൾ മറ്റു ചില സ്ഥലങ്ങളിൽ നിന്നു ദൃശ്യമല്ല എന്നതായിരുന്നു ആ വിശദീകരണം. ബി. സി. മൂന്നാം നൂറ്റാണ്ടിൽ ഐതിഹാസികമായ ഒരു പരീക്ഷണത്തിലൂടെ ഇറാത്തോസ്തനീസ് ഭൂമിയുടെ വലിപ്പം കണക്കുകൂട്ടി.
ഭാരതീയർ ഭൂഗോളത്തെ മനസ്സിലാക്കുന്നതു് ഇതിനു ശേഷമാണു്. ആര്യഭടൻ ഭൂമിയും മറ്റു ഗ്രഹങ്ങളും ഗോളാകൃതിയിലാണെന്നു പറയുകയും അവയുടെ വലിപ്പം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടു്. എന്തായാലും, ഇവരാരും തന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞിട്ടില്ല. അരിസ്റ്റാർക്കസിനെ (ക്രി. മു. മൂന്നാം നൂറ്റാണ്ടു്) ഒഴിച്ചുനിർത്തിയാൽ, കോപ്പർനിക്കസിനു മുമ്പു് ഈ സിദ്ധാന്തം ആരും പറഞ്ഞിട്ടില്ല. ആര്യഭടനും (അഞ്ചാം നൂറ്റാണ്ടു്) ബ്രഹ്മഗുപ്തനും(ഏഴാം നൂറ്റാണ്ടു്) ഭാസ്കരനും (പന്ത്രണ്ടാം നൂറ്റാണ്ടു്) ഒക്കെ ഭൂകേന്ദ്രസിദ്ധാന്തികളായിരുന്നു. സൗരയൂഥസിദ്ധാന്തത്തോടു് ഏറ്റവും അടുത്തു നിൽക്കുന്ന തിയറി ആവിഷ്കരിച്ച ഭാരതീയശാസ്ത്രജ്ഞൻ മാധവൻ (പതിനാലാം നൂറ്റാണ്ടു്) ആണു്. സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നുവെന്നും മറ്റു ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നുവെന്നുമുള്ള സിദ്ധാന്തമായിരുന്നു അതു്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion)യെ വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. (വക്രഗതിയെപ്പറ്റി സൂരജിന്റെ ലേഖനത്തിൽ വിശദമായി വായിക്കാം.)
ഭൂമി ഒരു ഗോളമാണെന്ന അറിവു വേറേ; അതു സൂര്യനെ ചുറ്റുന്നു എന്ന അറിവു വേറേ. ആദ്യത്തേതു് ആര്യഭടീയത്തിലുണ്ടു്. അതു വ്യാഖ്യാനിക്കുമ്പോൾ അതിനു് രണ്ടാമത്തെ അർത്ഥവുമുണ്ടു് എന്നു് ഡോ. ഗോപാലകൃഷ്ണൻ തെറ്റായി പലയിടത്തും പറഞ്ഞിട്ടുണ്ടു്.
ഇനി, ഭാഗവതത്തിൽ ഭൂഗോളവിവരണാദ്ധ്യായം എന്ന പേരിൽ നാലദ്ധ്യായം പോയിട്ടു് ഒരദ്ധ്യായം പോലുമില്ല. “ഭുവനകോശവർണ്ണനം” എന്ന പേരിൽ ഒരെണ്ണമുണ്ടു്. അഞ്ചാം സ്കന്ധത്തിലെ പതിനാറാം അദ്ധ്യായം. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാഗവതം (മൂലം – മലയാളം) പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ (Table of contents) ഈ അദ്ധ്യായത്തിന്റെ പേരു് “ഭൂഗോളവർണ്ണനം” എന്നാണെന്നു പറഞ്ഞിട്ടുണ്ടു്. (എവിടെയൊക്കെ ആരൊക്കെ കൂട്ടിച്ചേർക്കുന്നുണ്ടു ഭഗവാനേ!) ആ അദ്ധ്യായത്തിന്റെ ശരിയായ പേരു് “ഭുവനകോശവർണ്ണനം” എന്നാണു്. പൂർണ്ണമായും ഗദ്യത്തിലുള്ള ഈ അദ്ധ്യായത്തിൽ (ഭാഗവതത്തിൽ ഗദ്യത്തിലുള്ള ഭാഗങ്ങൾ പിൽക്കാലത്തു കൂട്ടിച്ചേർത്തതാണെന്നാണു പണ്ഡിതാഭിപ്രായം) “ഭൂഗോളകവിശേഷം” എന്ന ഒരു വാക്കു മാത്രമാണു് ആകെ ഗോളപരാമർശം. അതിനു ശേഷമുള്ള വർണ്ണന ബഹുവിശേഷം: യോ വായം ദ്വീപഃ കുവലയകമലകോശാഭ്യന്തരകോശോ നിയുതയോജനവിശാലഃ സമവർത്തുളോ യഥാ പുഷ്കരപത്രം. യസ്മിൻ നവവർഷാണി നവയോജനസഹസ്രായാമാന്യഷ്ടിർമര്യാദാ ഗിരിഭിഃ സുവിഭക്താനി ഭവന്തി. ഏഷാം മദ്ധ്യേ ഇളാവൃതം നാമാഭ്യന്തരവർഷം യസ്യ നാഭ്യാമവസ്ഥിതഃ സർവ്വതഃ സൗവർണ്ണഃ… എന്നു പോകുന്നു. അർത്ഥം ചുരുക്കിപ്പറഞ്ഞാൽ: താമരയില പോലെ കൃത്യം വട്ടത്തിൽ നിയുതം (നിയുതത്തിനു ലക്ഷം, പത്തു ലക്ഷം, പതിനായിരം കോടി എന്നൊക്കെ അർത്ഥം കണ്ടിട്ടുണ്ടു്. സൗകര്യം പോലെ എടുക്കാം.) യോജന (ദാ പിന്നെയും വന്നു യോജന!) വിസ്താരത്തിൽ ഉള്ള സാധനമാണു ഭൂമി. ഒമ്പതിനായിരം യോജന വീതം വലിപ്പമുള്ള ഒമ്പതു ദേശങ്ങളും അവയ്ക്കിടയിലായി എട്ടു പർവ്വതങ്ങളുമുണ്ടു്. ഇവയുടെ കൃത്യം മദ്ധ്യത്തിൽ സ്വർണ്ണമയമായ ഇള സ്ഥിതി ചെയ്യുന്നു…
ഈപ്പറയുന്ന താമരയില സൗരയൂഥമാണെന്നും ഇള സൂര്യനാണെന്നും ഒമ്പതു ദേശങ്ങൾ ബുധൻ മുതൽ പ്ലൂട്ടോ വരെയുള്ള ഗ്രഹങ്ങളാണെന്നും ഒക്കെ പറയാമല്ലോ എന്നു് കമന്റുകൾ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്: ഇവ തുല്യം അകലത്തിലാണെന്നു പറയുന്നതിന്റെയും, രണ്ടു ഗ്രഹങ്ങൾക്കിടയിൽ പർവ്വതമുണ്ടെന്നു പറയുന്നതിന്റെയും ഈ സ്വർണ്ണമയം എന്നു പറയുന്നതിന്റെയും ഒക്കെ സമാധാനവും കൂടി നോക്കിവെച്ചേക്കണേ! ഇള എന്നതു ഭൂമി എന്ന അർത്ഥത്തിലല്ലാതെ സൂര്യൻ എന്ന അർത്ഥത്തിൽ വേറെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും!
ഭൂമി പരന്നതാണു് എന്നു് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ പറ്റും? താമരയില പോലെ വൃത്തത്തിൽ. ഒമ്പതു ദേശത്തിനിടയിൽ അതിരുകളായി എട്ടു പർവ്വതങ്ങളേ ഉള്ളൂ എങ്കിൽ ഭൂമി പരന്നതാവണ്ടേ? (ഉരുണ്ടതാണെങ്കിൽ ഇടയ്യ്ക്കു് ഒമ്പതു പർവ്വതങ്ങളുണ്ടാവണം.) ഈ പരാമർശത്തെയാണു ഡോ. ഗോപാലകൃഷ്ണൻ ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞിട്ടുണ്ടു് എന്നു പറയുന്നതു്!
ഇനി, എട്ടാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാലും അദ്ഭുതമില്ല. ഒരു ആദ്ധ്യാത്മികഗ്രന്ഥമായ ഭാഗവതത്തിൽ ഇതൊക്കെ കൃത്യമായി പറയണമെന്നു് അഭിപ്രായവുമില്ല. പക്ഷേ, ഇതു് അതാണു് എന്ന കള്ളം പറയാൻ പാടില്ല എന്നേ എനിക്കു പറയാനുള്ളൂ.
മഹാഭാരതം ശാന്തിപർവ്വത്തിൽ ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി പറയുന്നുണ്ടു് എന്നൊരു പരാമർശം കണ്ടിരുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിയില്ല.
ലഗ്നമെന്തെന്നു ഞാനറിയും…
നാലാം വീഡിയോയിൽ 08:54 മുതൽ 09:15 വരെ ലഗ്നത്തെപ്പറ്റി പറയുന്നുണ്ടു്.
യഥാർത്ഥത്തില്, ഈ ജാതകത്തില് നാലു പരാമീറ്ററുപയോഗിച്ച്, ലഗ്നം അഥവാ right ascension, ഇംഗ്ലീഷില് right ascension അതെഴുതിക്കഴിഞ്ഞ്, പിന്നെ celestial bodies എവിടെയാണെന്ന് കറക്ട് മാതൃഭൂമി കലണ്ടറില് ഒരു കോളമുണ്ട്. അതു നോക്കിയാൽ നിങ്ങൾക്കു കാൽക്കുലേറ്റ് ചെയ്യാം.
ലഗ്നം എന്നു വെച്ചാൽ Right ascension ആണെന്നാണു പറയുന്നതു്. (ലഗ്നം കണ്ടുപിടിക്കുന്നതെങ്ങനെ എന്നു ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞിരിക്കുന്നതും പരമാബദ്ധമാണു്.) ഒരു പ്രത്യേകസമയത്തു് നേരേ കിഴക്കു കാണുന്ന രാശി/ആംഗിൾ ആണു ലഗ്നം. ഇതിനെ ഇംഗ്ലീഷിൽ ascendant എന്നാണു പറയുക. Right ascension എന്നു പറഞ്ഞാൽ First point of Aries-ൽ നിന്നു് ഭൂമദ്ധ്യരേഖയിലൂടെ കിഴക്കോട്ടു് അളന്നാൽ ഏതു് ആംഗിളിലാണു് ഒരു ഗോളം സ്ഥിതിചെയ്യുന്നതു് എന്നതിന്റെ അളവാണു്. Ascendant ഒരു പ്രത്യേക സമയത്തു് ഒരു പ്രത്യേക സ്ഥലത്തു് ഒന്നേ ഉള്ളൂ, അതു് സ്ഥലമനുസരിച്ചു മാറുകയും ചെയ്യും. Right ascension ഒരു പ്രത്യേകസമയത്തു് ഓരോ ഗോളത്തിനും വ്യത്യസ്തമാണു്.
ജ്യോതിശ്ശാസ്ത്രം പഠിക്കുന്നവർ ആദ്യത്തെ ക്ലാസ്സിൽ പഠിക്കുന്നതാണു് right ascension. ജ്യോത്സ്യം പഠിക്കുന്നവർ ആദ്യം പഠിക്കുന്നതാണു് ascendant. ഡോ. ഗോപാലകൃഷ്ണനു് രണ്ടിനെപ്പറ്റിയും ഒരു വിവരവുമില്ല എന്നു സാരം.
കലി തുടങ്ങിയ ദിവസത്തിൽ…
ഇനി നമുക്കു് രണ്ടാം വീഡിയോയിലെ 07:43 മുതൽ 08:55 വരെയുള്ള ഭാഗം കേൾക്കാം.
യഥാര്‍ത്ഥത്തില്‍ കലിയുഗം ആരംഭിച്ചത് — കറക്റ്റ് പൊസിഷനാണ് — ബി.സി 3102, ഫെബ്രുവരി മാസം 17 വ്യാഴാഴ്ച രാത്രി 11:55ന്. ഇത് കാല്‍ക്കുലേയ്റ്റഡ് ആണ്! ഭൂമി,സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ഗുരു, ശുക്രന്‍, ശനി — ആല്ഫാ ഏറീസ് പോയിന്റെന്ന മേടസംക്രാന്തി രേഖയില് വരുന്നത് –ഒറ്റ ലൈന്‍ …. ആര്യഭടനും ഭാസ്കരാചാര്യനും ബ്രഹ്മഗുപ്തനും എല്ലാവരും പറയുന്നു, ഒരാള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു — ഭാസ്കരാചാര്യര്‍ രണ്ടാമന്‍. ആല്ഫാ ഏറീസ് പോയിന്റില്‍ നിന്ന് 4 ഡിഗ്രി മാറീട്ടാണ് ചന്ദ്രന്‍ നില്‍ക്കുന്നു എന്ന്, ബാക്കിയെല്ലാ ഗ്രഹങ്ങളും അക്കൂട്ടത്തിലായിരുന്നു എന്ന് ഒരു സയന്റിസ്റ്റിന് അഭിപ്രായമുണ്ടായിരുന്നു…
കലിയുഗം തുടങ്ങിയ സമയത്തു് എല്ലാ ഗ്രഹങ്ങളും ഒരേ രേഖയിൽ വന്നു എന്നു് ശ്രീ ഗോപാലകൃഷ്ണൻ ഇവിടെ പറയുന്നു. ഇതു് ഏറെക്കുറെ ശരിയാണു്. എന്നാൽ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതു പോലെ കിറുകൃത്യമല്ല. അദ്ദേഹം പറയുന്നതനുസരിച്ചു് ആര്യഭടനും ബ്രഹ്മഗുപ്തനും ഭാസ്കരാചാര്യനും ഇവ നേർരേഖയിലായിരുന്നു എന്നു പറഞ്ഞിരുന്നു എന്നും അവരിൽ ഭാസ്കരാചാര്യൻ മാത്രം ഒരു അല്പം ഭേദഗതി – ചന്ദ്രൻ നാലു ഡിഗ്രി മാറിയാണു് എന്നു് – നിർദ്ദേശിച്ചു എന്നുമാണു ഭാഷ്യം.
ആദ്യമായി ആര്യഭടനും ബ്രഹ്മഗുപ്തനും ഭാസ്കരനും എന്താണു പറഞ്ഞതെന്നു നോക്കാം. (വിശദവിവരങ്ങൾ ഇവിടെ.) അതോടൊപ്പം, ഈ സമയത്തെ ഈ ഗ്രഹങ്ങളുടെ യഥാർത്ഥ സ്ഥാനം എന്തായിരുന്നെന്നും. അതനുസരിച്ചു് ജൂലിയൻ കലണ്ടർ പ്രകാരം ബി. സി. 3102 ഫെബ്രുവരി 17 രാത്രി 11:55-നുള്ള ഗ്രഹങ്ങളുടെ നിരയനസ്ഫുടങ്ങൾ ആധുനികജ്യോതിശ്ശാസ്ത്രമുപയോഗിച്ചു കണക്കുകൂട്ടിയതാണു് രണ്ടാം കോളത്തിൽ. മൂന്നു്, നാലു് അഞ്ചു് കോളങ്ങളിൽ യഥാക്രമം ആര്യഭടൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരൻ എന്നിവർ പറഞ്ഞ മൂല്യങ്ങളും.
ഗ്രഹം
ശരിയായ സ്ഥാനം
ആര്യഭടൻ
ബ്രഹ്മഗുപ്തൻ
ഭാസ്കരൻ രണ്ടാമൻ
സൂര്യൻ
349:55 (-10:05)
0:0
0:0
0:0
ചന്ദ്രൻ
357:52 (-2:08)
0:0
0:0
0:0
ബുധൻ
334:41 (-25:19)
0:0
357:24:29 (-2:35:31)
357:24:29 (-2:35:31)
ശുക്രൻ
2:32
0:0
358:42:14 (-1:17:46)
358:42:14 (-1:17:46)
ചൊവ്വ
346:31 (-13:29)
0:0
359:3:50 (-0:56:10)
359:3:50 (-0:56:10)
വ്യാഴം
3:07
0:0
359:27:36 (-0:32:24)
359:27:36 (-0:32:24)
ശനി
324:17 (-35:43)
0:0
358:46:34 (-1:13:26)
358:46:34 (-1:13:26)
രാഹു
193:20
180:0
153:12:58
153:12:58
കേതു
13:20
0:0
333:12:58
333:12:58
ഇനി ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി പരിശോധിക്കാം.
ഗ്രഹങ്ങളെല്ലാം മേടസംക്രാന്തിയിൽ ഒരേ രേഖയിലാണെന്നു് ആര്യഭടനും ബ്രഹ്മഗുപ്തനും പറഞ്ഞപ്പോൾ, ഭാസ്കരൻ രണ്ടാമൻ ചന്ദ്രൻ മാത്രം 4 ഡിഗ്രി മാറിയാണെന്നും ബാക്കിയെല്ലാം മേടസംക്രാന്തിയിലാണെന്നും പറഞ്ഞു. തെറ്റൂ്. ആര്യഭടൻ മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ബ്രഹ്മഗുപ്തനും ഭാസ്കരനും ഒന്നു തന്നെയാണു പറഞ്ഞതു്. അവർ പറഞ്ഞതനുസരിച്ചു്,
സൂര്യനും ചന്ദ്രനും മേടസംക്രാന്തിയിൽ ആണു്.
ബാക്കിയുള്ളവ അവിടെയല്ല. ഒരു ഡിഗ്രി 18 മിനിട്ടു വരെ വ്യത്യാസമുണ്ടു്. രാഹുകേതുക്കൾ 27 ഡിഗ്രിയോളം മാറിയാണു്.
ഈ കണക്കൊക്കെ കിറുകൃത്യമാണു്. അതായതു്, നാലു ഡിഗ്രിയിൽ കൂടുതൽ വ്യത്യാസം ഇല്ലായിരുന്നു. രാഹുവൊഴികെ എല്ലാം പൂജ്യം ഡിഗ്രിയിൽ (മേഷസംക്രാന്തി) നിന്നു (രാഹു 180-ലും). തെറ്റൂ്. -36 ഡിഗ്രി മുതൽ +14 ഡിഗ്രി വരെ 50 ഡിഗ്രിയുടെ അന്തരാളത്തിലാണു് ഇവ നിന്നിരുന്നതു്. അല്ലാതെ അങ്ങേയറ്റം നാലു ഡിഗ്രിയുടെ വ്യത്യാസത്തിലല്ല.
ഈ മേടസംക്രമത്തെ പാശ്ചാത്യർ Alpha-Aries എന്നു വിളിക്കുന്നു.
ഇതിനെ അങ്ങനെ വിശേഷിപ്പിക്കുന്ന സമ്പ്രദായം ഞാൻ ഇതു വരെ കണ്ടിട്ടില്ല. (Alpha Arietis എന്നതു് ഒരു നക്ഷത്രത്തിന്റെ പേരാണു്.) ഇതിനെ First point of Aries എന്നാണു വിളിക്കുന്നതു്. നിർവ്വചനം മാത്രമേ ഉള്ളൂ. ഭാരതീയരുടെ മേടസംക്രമവും പാശ്ചാത്യരുടെ First point of Aries-ഉം ഒന്നിച്ചല്ല സംഭവിക്കുന്നതു്. ആര്യഭടന്റെ കാലത്തു് മേടസംക്രാന്തിയും FPA-യും ഒരിടത്തായിരുന്നു. ബി സി 3102-ൽ FPA മേടസംക്രാന്തിയെക്കാൾ 46 ഡിഗ്രി മുന്നിലായിരുന്നു. ഇപ്പോൾ അതു് ഏകദേശം 23 ഡിഗ്രി പുറകിലാണു്.
കലിയുഗം എന്ന കാലഗണനാസമ്പ്രദായം തുടങ്ങിയതു് ഇങ്ങനെ എല്ലാ ഗ്രഹങ്ങളും ഏകദേശം ഒരേ രേഖയിൽ വരുന്ന ജ്യോതിശ്ശാസ്ത്രസംഭവത്തിൽ നിന്നായിരിക്കാം. (ബാക്കി മൂന്നു യുഗങ്ങളുടെയും കാലം അതിൽ നിന്നു പുറകോട്ടു നിശ്ചയിച്ചതുമാവാം.) വളരെക്കാലം മുമ്പു തന്നെ ഇതു കണ്ടെത്തി കണക്കുകൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു എന്ന വസ്തുത അഭിമാനിക്കത്തക്കതു തന്നെ. എങ്കിലും അതിൽ ഇല്ലാത്ത കൃത്യത ആരോപിക്കുന്നതും അതിനെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയുന്നതും മനുഷ്യരെ വഴി തെറ്റിക്കാൻ തന്നെയാണു്.
വരാഹമിഹിരൻ പറഞ്ഞതൊന്നു്, ഗോപാലകൃഷ്ണൻ കേട്ടതു വേറൊന്നു്…
ദാ വരുന്നു അടുത്ത സാധനം. ഇതു് രണ്ടാം വീഡിയോയിൽ 09:46 മുതൽ അവസാനം (10:29) വരെയും മൂന്നാം വീഡിയോയിൽ ആദ്യം മുതൽ 0:28 വരെയും കേൾക്കാം:
വരാഹമിഹിരാചാര്യന്‍ 605 ഏ.ഡിയില് ബൃഹത് സംഹിത എന്ന പുസ്തകത്തില്, അതേപോലെത്തന്നെ പഞ്ചസിദ്ധാന്തികയില്‍ എഴുതിക്കഴിഞ്ഞാല്‍ — എഴുതിക്കഴിഞ്ഞത് വായിച്ചാല്‍ — വരാഹമിഹിരാചാര്യന്റെ ഏറ്റവും ക്ലോസായിട്ടുള്ള ഒരു ഫ്രണ്ടുണ്ടായിരുന്നു — അദ്ദേഹത്തിന്റെ പേര് യവനാചാര്യന്‍ എന്നാണ്. അലക്സാണ്ട്രിയക്കാരനാണ് അദ്ദേഹം. ആ യവനാചാര്യന്റെ വീട് ഉജ്ജയിനിയിൽ നിന്നു് ഏതു latitude-ലും longitude-ലും ആണെന്ന് വരാഹമിഹിരാചാര്യന്‍ ഏ.ഡി 605-ല്‍ കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞിട്ടുണ്ട്, 23 ഡിഗ്രി 05 മിനിറ്റ് west-ലാണ്, ഉജ്ജയിനിയില്‍ നിന്ന് – അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. ഇപ്പം കാല്‍ക്കുലേറ്റ് ചെയ്താല്‍ 23 ഡിഗ്രി, 16 മിനിറ്റ് എന്ന് കാണാന്‍ സാധിക്കും. അത്ര ഷാര്‍പ്പ് കാല്‍ക്കുലേഷനാണ് 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക്…
അതായതു്, വരാഹമിഹിരൻ (ആറാം നൂറ്റാണ്ടു്) തന്റെ ബൃഹത്‌സംഹിത, പഞ്ചസിദ്ധാന്തിക എന്നീ പുസ്തകങ്ങളിൽ അലക്സാൻഡ്രിയയിൽ നിന്നുള്ള യവനാചാര്യനെപ്പറ്റി പറയുന്നുണ്ടു്. ഉജ്ജയിനിയിൽ നിന്നു് അലക്സാൻഡ്രിയയിലേയ്ക്കുള്ള രേഖാംശവ്യത്യാസം 23 ഡിഗ്രി 5 മിനിട്ട് ആണെന്നും പറഞ്ഞിട്ടുണ്ടു്. ഇന്നത്തെ കണക്കനുസരിച്ചു് അതു് 23 ഡിഗ്രി 16 മിനിട്ടാണു്. ഇതാണു് ഗോപാലകൃഷ്ണഭാഷ്യം.
ഇന്നത്തെ മദ്ധ്യപ്രദേശിൽ ഉള്ള ഉജ്ജയിനിയുടെ അക്ഷാംശവും രേഖാംശവും യഥാക്രമം 23:09 N, 75:43 E ആണു്. ഈജിപ്തിലുള്ള അലക്സാൻഡ്രിയയുടേതു് 31:13 N, 29:58 E എന്നും. അതായതു്, ഉജ്ജയിനിയെ അപേക്ഷിച്ചു് 8 ഡിഗ്രി 34 മിനിട്ട് വടക്കു് അക്ഷാംശവും 45 ഡിഗ്രി 45 മിനിട്ട് പടിഞ്ഞാറു് രേഖാംശവുമുള്ള സ്ഥലമാണു് അലക്സാൻഡ്രിയ. ഈ നാല്പത്തഞ്ചു ഡിഗ്രി നാല്പത്തഞ്ചു മിനിട്ടു വ്യത്യാസത്തെയാണു് ഡോ. ഗോപാലകൃഷ്ണൻ 23 ഡിഗ്രി 16 മിനിട്ടാക്കിയതു്. ഇനി ഈ ഡിഗ്രി, മിനിട്ട് എന്നൊക്കെപ്പറയുന്നതും ആര്യഭടന്റെ യോജന പോലെ ഡോ. ഗോപാലകൃഷ്ണന്റെ സ്പെഷ്യൽ അർത്ഥം ഉണ്ടാവുമോ?
ഇനി വരാഹമിഹിരൻ യഥാർത്ഥത്തിൽ പറഞ്ഞതു് എന്താണെന്നു നോക്കാം. പഞ്ചസിദ്ധാന്തികയിലെ മൂന്നാമദ്ധ്യായമായ പൗലിശസിദ്ധാന്തത്തിലെ പതിമൂന്നാമത്തെ ശ്ലോകം: (ചില പുസ്തകങ്ങളിൽ ശ്ലോകങ്ങളുടെ നമ്പർ തുടർച്ചയായാണു കൊടുത്തിരിക്കുന്നതു്. അങ്ങനെയാണെങ്കിൽ ശ്ലോകം 51.)
ഒരു നാഴിക ഇന്നത്തെ 24 മിനിറ്റായതിനാൽ അവന്തി 176 മിനിറ്റും വാരാണസി 216 മിനിറ്റും മുമ്പിലാണെന്നർത്ഥം. നാലു മിനിറ്റു സമയം ഒരു ഡിഗ്രി ആംഗിളിനു തുല്യമായതിനാൽ (360 ഡിഗ്രി = 24 മണിക്കൂർ) യവനപുരത്തിൽ നിന്നും യഥാക്രമം 44 ഡിഗ്രിയും 54 ഡിഗ്രിയും മാറിയാണു് ഉജ്ജയിനിയും വാരാണസിയും സ്ഥിതിചെയ്യുന്നതു് എന്നു മനസ്സിലാക്കാം. ഇതു ശരിയാണു്. അലക്സാൻഡ്രിയ, ഉജ്ജയിനി, വാരണാസി ഇവയുടെ രേഖാംശം യഥാക്രമം 29:58, 75:43, 83:0 എന്നിവയാണു്. അതായതു്, അലക്സാൻഡ്രിയയിൽ നിന്നു് ഉജ്ജയിനി 45 ഡിഗ്രി 45 മിനിട്ടും വാരണാസി 53 ഡിഗ്രി 2 മിനിട്ടും. ഇവ വരാഹമിഹിരന്റെ മൂല്യങ്ങളോടു് വളരെ യോജിച്ചു പോകുന്നു.
ചുരുക്കം പറഞ്ഞാൽ വരാഹമിഹിരൻ പറഞ്ഞ വളരെ കൃത്യമായ ഒരു കാര്യത്തെ ഡോ. ഗോപാലകൃഷ്ണൻ വളച്ചൊടിച്ചപ്പോഴേയ്ക്കും തികഞ്ഞ അസംബന്ധമായി മാറി! അതുപോലെ യവനപുരത്തെ വരാഹമിഹിരന്റെ “ക്ലോസ് ഫ്രണ്ട്” ആയ യവനാചാര്യന്റെ വീടാക്കി.
ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണു് “യവനജാതകം” എന്ന പുസ്തകത്തിന്റെ കർത്താവും അലക്സാന്‍ഡറുടെ ഭാരതാധിനിവേശത്തിനു ശേഷം ഇന്ത്യയില്‍ താമസമാക്കിയ ഗ്രീക്കുകാരുടെ തലമുറയിലെ ഒരു പണ്ഡിതനും ഗുജറാത്തും മഹാരാഷ്ട്രയുടെ കുറേ ഭാഗങ്ങളും ചേരുന്ന പശ്ചിമസത്രപ ഭൂവിഭാഗത്തിലെ രുദ്രദാമന്‍ ചക്രവര്‍ത്തിയുടെ സദസ്യനും ആയിരുന്ന യവനാചാര്യൻ എന്ന യവനേശ്വരൻ ജീവിച്ചിരുന്നതു്. ഏ.ഡി 150-നോടടുത്ത് യവനാചാര്യന്‍ സംസ്കൃതത്തില്‍ അവതരിപ്പിച്ച “യവനജാതക”ത്തിന്റെ ഒറിജിനല്‍ നഷ്ടപ്പെട്ടുവെന്നും അതിന്റെ പദ്യരൂപമാണ് സ്ഫുജിധ്വജന്‍ ഏ.ഡി 269-ല്‍ അവതരിപ്പിച്ച “യവനജാതകം” എന്നും കരുതപ്പെടുന്നു. (പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ ശകയുഗവുമായി ബന്ധപ്പെട്ട ശകവര്‍ഷങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതും പുസ്തകം ആദ്യം എഴുതിയത് ഇന്നയാളാണെന്ന് സ്ഫുജിധ്വജന്‍ തന്നെ വര്‍ഷം പറഞ്ഞ് സൂചിപ്പിച്ചിരിക്കുന്നതും ആണ് ഈ ഡേറ്റുകള്‍ ഇത്ര കൃത്യമായി കിട്ടാന്‍ കാരണം.) ഈ യവനാചാര്യനെയാണു് ഡോ. ഗോപാലകൃഷ്ണൻ അതിനും നാലു നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന വരാഹമിഹിരന്റെ “ക്ലോസ് ഫ്രണ്ട്” ആക്കുന്നതു്! എന്നിട്ടു് ക്ലോസ് ഫ്രണ്ടിന്റെ വീടിന്റെ രേഖാംശം കണക്കുകൂട്ടിയിരുന്നത്രേ! യവനപുരി, സിദ്ധപുരി, യവകോടി, രോമകം തുടങ്ങിയ പല സ്ഥലങ്ങളെപ്പറ്റിയും ജ്യോതിശ്ശാസ്ത്രജ്ഞർ പ്രസ്താവിക്കുന്നുണ്ടു്. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു് ജ്യോതിശ്ശാസ്ത്രപഠനങ്ങൾ നടക്കുകയും ആ വിജ്ഞാനം അങ്ങോട്ടുമിങ്ങോട്ടും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ടാവണം അക്കാലത്തു്.
“ക്ലോസ് ഫ്രണ്ട്” ആയ യവനാചാര്യനെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും യവനപുരിയെപ്പറ്റിയും യവനന്മാരെപ്പറ്റിയും വരാഹമിഹിരൻ പറഞ്ഞിട്ടുണ്ടു്. യവനന്മാരെപ്പറ്റി ബൃഹത്‌സംഹിത രണ്ടാം ആദ്ധ്യായത്തിൽ പതിനഞ്ചാം ശ്ലോകത്തിൽ ഇങ്ങനെ:
മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം
ഋഷിവത്തേഽപി പൂജ്യന്തേ കിം പുനർദൈവവിദ്‌ദ്വിജഃ
“മ്ലേച്ഛന്മാരാണെങ്കിലും യവനന്മാർക്കു് ഈ ശാസ്ത്രമൊക്കെ നല്ലതു പോലെ പിടിയുള്ളതു കൊണ്ടു് അവരെപ്പോലും ഋഷിമാരോടൊപ്പം പൂജിക്കുന്നു. വിധിയെ അറിയുന്ന ബ്രാഹ്മണന്റെ കാര്യം പിന്നെ പറയേണ്ടല്ലോ…” എന്നർത്ഥം. ക്ലോസ് ഫ്രണ്ടിന്റെ വർഗ്ഗക്കാരോടു് വരാഹമിഹിരനുള്ള ബഹുമാനം മനസ്സിലായല്ലോ!
ഇനി ഭാവിയിൽ ആർക്കെങ്കിലും പ്രസംഗിക്കാം: “ഡോക്ടർ ഗോപാലകൃഷ്ണനു് സർ ഐസക് ന്യൂട്ടൺ എന്നൊരു ക്ലോസ് ഫ്രണ്ട് ഉണ്ടായിരുന്നു. ഒരിക്കൽ ഈ ക്ലോസ് ഫ്രണ്ട് ഒരു ആപ്പിൾ മരത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ഗോപാലകൃഷ്ണൻ മരത്തിന്റെ മുകളിൽ നിന്നു് ഗ്രാവിറ്റിയും റിലേറ്റിവിറ്റിയും ഒക്കെ കൃത്യമായി കാൽക്കുലേറ്റ് ചെയ്തു് ഒരു ആപ്പിൾ താഴേയ്ക്കിട്ടു. അതു തലയിൽ വീണപ്പോഴാണു് ന്യൂട്ടൻ ഗ്രാവിറ്റിയുടെ തിയറി ഉണ്ടാക്കിയതു്…”
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ആര്യഭടൻ!
രണ്ടാം വീഡിയോയിൽ 01:10 മുതൽ 02:09 വരെ ഭൂമി ഒരു ഡിഗ്രി തിരിയാൻ നാലു മിനിറ്റെടുക്കും എന്നു് ആര്യഭടൻ കൃത്യമായി കണ്ടുപിടിച്ചതിനെപ്പറ്റി ഗോപാലകൃഷ്ണൻ വാചാലനാകുന്നുണ്ടു്.
… രണ്ടാമത്തെ പോയിന്റ്, ഭൂമികറങ്ങുന്ന സ്പീഡ് – കറക്റ്റായിട്ടാണ് ഭാരതീയരെടുത്തിരിക്കുന്നത് — “പ്രാണേനൈതി കലാംബൂഃ ഭ്രമണതി” ഒരു ശ്വാസോച്ഛ്വാസം വിടുന്ന സമയത്തില്‍ ഭൂമി ഒരു ആംഗുലര്‍ മിനിറ്റ് കറങ്ങുന്നു എന്ന് അസന്ദിഗ്ധമായിട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു ശ്വാസോച്ഛ്വാസം വിടുന്ന സമയമെത്രയാണ് ? സാധാരണ നമ്മളെപ്പോലെയുള്ളവര് ഒരു മിനിറ്റില്‍ 16 പ്രാവശ്യമാണ് ശ്വാസോച്ഛ്വാസം വിടുന്നത്… എക്സാം റിസൽറ്റു വരുന്ന ദിവസത്തെ അല്ല… സാധാരണ ദിവസത്തിലെ… എങ്കില് 60 ഡിവൈഡഡ് ബൈ 16, അപ്രോക്സിമേറ്റ്ലീ 4 സെക്കന്റ് ! ഭൂമി ഒരു ആംഗുലര്‍ മിനിറ്റ് കറങ്ങാന്‍ കറക്റ്റ് 4 സെക്കന്റ് എടുക്കുന്നു; മോഡേണ്‍ വാല്യൂവും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വാല്യുവും ഒന്നു തന്നെയാണു്…
360 ഡിഗ്രി തിരിയാൻ 24 മണിക്കൂർ (60 നാഴിക) വേണമെങ്കിൽ ഒരു ഡിഗ്രി തിരിയാൻ എത്ര സമയം വേണം എന്നതു് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ചെയ്യും. അതു വലിയ കണക്കായി എഴുന്നള്ളിക്കുന്നതു് ആര്യഭടനെ അപമാനിക്കലാണു്. ഭൂമി സ്വയം തിരിയുന്നതുകൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നു് ആര്യഭടൻ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. ആ നിരീക്ഷണം വളരെ മഹത്താണു്. പക്ഷേ, ഈപ്പറഞ്ഞ കണക്കുകൂട്ടൽ വളരെ ലളിതമാണു്. ഇതു വളരെ സങ്കീർണ്ണമാണെന്നു വരുത്താൻ ശ്വാസം വിടാൻ മനുഷ്യൻ എടുക്കുന്ന സമയവും മറ്റും ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കി ഡോ. ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നു.
‘100% ആക്കുറേറ്റ്’ ആയ ജനനം
ജനനസമയം കണക്കാക്കാൻ ഭൂസ്പർശനം, രോദനം, കടീബന്ധനം, ശിരോദർശനം എന്നിവയ്ക്കു പുറമേ ബീജവും അണ്ഡവും ചേർന്ന സമയം കണക്കാക്കിയാലേ ശരിയാവൂ എന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറഞ്ഞിട്ടുണ്ടത്രേ! (നാലാം വീഡിയോ, 00:27 – 02:21)
ഈ ജാതകം എന്നു പറയുന്നതെന്താ ശരിക്കും? നമ്മളീ ഭൂമിയിലേക്ക് വീഴുന്ന സമയത്ത്, വരുന്ന സമയത്ത് ഈ celestial constellations എങ്ങനെയുണ്ടെന്ന് എഴുതലാണ് ജാതകം. അത്രയേയുള്ളൂ. അത് ആ ജാതകമെഴുത്ത് പ്യുവർ സയന്റിഫിക്കാ. പ്യുവർലി സയന്റിഫിക്കാണ്. Prediction പാർട്ടിലേയ്ക്ക് ഞാൻ കടന്നില്ല, എന്റെ മകൻ ആഗസ്റ്റ് 8ആം തിയതി അഷ്ടമിരോഹിണിയുടന്ന്, രാവിലെ ഏഴുമണി കഴിഞ്ഞ്, മൂന്നാമത്തെ മിനിറ്റ് ഭൂമിയിൽ ശിരസ്സ് സ്പർശിച്ചു എങ്കിൽ, അതല്ല, ആ സമയം കൃത്യം അറിഞ്ഞുകൂട, അപ്പോൾ കരഞ്ഞ സമയമെടുക്കാം. അതും കൃത്യം അറിഞ്ഞുകൂട, അപ്പോൾ പിന്നെ പൊക്കിൾക്കൊടി മുറിച്ച സമയമെടുക്കാം. അതല്ലെങ്കിൽ ശിരസ്സ് കണ്ട; നാലെണ്ണമാണു സാധിക്കുന്നത്. ഒന്നുകിൽ ഭൂസ്പർശനം, അല്ലെങ്കിൽ രോദനം, അല്ലെങ്കിൽ കടീബന്ധനം, അതല്ലെങ്കിൽ ശിരോദർശനം. ഈ നാലെണ്ണവും തമ്മിൽ കുറച്ചു വ്യത്യാസമുണ്ടാകും. എന്നാലും ഈ നാലെണ്ണത്തിനെയേ ആധാരമാക്കാൻ പറ്റുകയുള്ളൂ. ജ്യോതിഷപ്പുസ്തകം വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും അഞ്ചെണ്ണമുണ്ടെന്ന്. ഞാൻ പറഞ്ഞത്, ശിരോദർശനം , ഭൂസ്പർശനം, കടീബന്ധനം (പൊക്കിൾക്കൊടി മുറിയ്ക്കുന്നത്), രോദനം(കരയുന്നത്). അതല്ലാതെ ഒരെണ്ണണ്ട്. അച്ഛന്റെ ബീജം അമ്മയുടെ അണ്ഡവുമായിട്ട് ചേരുന്ന സമയം. അതു കാൽക്കുലേറ്റ് ചെയ്യാനാർക്കും പറ്റില്യ. അപ്പോഴെന്താ സംഭവിക്യാ, അതു വിട്ടുകളഞ്ഞേക്കുക. അതും കാൽക്കുലേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കില്, കറക്ട് എഴുതേണ്ടത് അവിടം മുതൽക്കാണ്
ഏതു ഗ്രന്ഥമാണോ അവസാനത്തേതു പറഞ്ഞതു്? എന്തായാലും കൊള്ളാം. ജ്യോതിഷം തെറ്റിയാൽ പറയാൻ ഒരു കാരണം കൂടിയായല്ലോ: “ബീജവും അണ്ഡവും ചേർന്ന സമയമാണു നോക്കേണ്ടതു്. അതു നോക്കാതെ ജനിച്ച സമയം നോക്കിയാൽ ഫലം വ്യത്യാസമുണ്ടാകും…” ഇനി ശാസ്ത്രം ബുദ്ധിമുട്ടി ബീജാണ്ഡസംഗമസമയം നിർണ്ണയിക്കാനുള്ള വഴി കണ്ടുപിടിച്ചാൽ ഇവരെല്ലാവരും പുതിയ, 100% ‘ആക്കുറേറ്റ്’ ആയ, നമ്മുടെ കെരന്തങ്ങളിൽ പണ്ടേ പറഞ്ഞിട്ടുള്ള, തിയറിയുമായി വരും!
അറുപത്താറു ശതമാനം ഗ്യാസ്
ശ്രീ ഗോപാലകൃഷ്ണന്റെ വാക്കുകളുടെ ആധികാരിത വെളിവാക്കുന്ന ഒരു വാക്യം (നാലാമത്തെ വീഡിയോയിൽ 07:21 മുതൽ 07:29 വരെ):
ജീവിതത്തില്‍ 66 ശതമാനം കാര്യങ്ങളും – നമ്മള്‍ടെ ജീവിതത്തിലുള്ളത് – സയന്‍സുകൊണ്ട് എക്സ്പ്ലെയിന്‍ ചെയ്യാന്‍ സാധ്യല്ല.
എന്തൊരു കൃത്യമായ ശതമാനക്കണക്കു്! ഇതു് ശുദ്ധഗണിതം ഉപയോഗിച്ചാണോ ഡാറ്റ കളക്ടു ചെയ്തു് സ്റ്റാറ്റിസ്റ്റിക്സ്, സിമുലേഷൻ മുതലായവ ഉപയോഗിച്ചു് കണ്ടുപിടിച്ചതാണോ അതോ പഴയ ഏതെങ്കിലും ഗ്രന്ഥത്തിലുള്ളതാണോ (“ശാസ്ത്രം ചിത്തേന നാസ്തി” എന്നോ മറ്റോ ഒരു വാക്യം എവിടെ നിന്നെങ്കിലും തപ്പിയെടുത്തിട്ടു് –“മനസ്സു കൊണ്ടു മാത്രം ശാസ്ത്രം അപഗ്രഥിക്കാൻ പറ്റില്ല” എന്നർത്ഥം– ചിത്തം എന്നതു പരൽപ്പേരു് പ്രകാരം 66 ആയതിനാൽ 66% സംഭവങ്ങൾക്കും ശാസ്ത്രം പറ്റില്ല എന്നൊരു അർത്ഥം ഉണ്ടാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല!) എന്നറിയില്ല. എന്തായാലും ഇങ്ങനെയൊരു കാര്യം ഒരു ശതമാനത്തിന്റെ കൃത്യതയോടെ പറയാൻ നമുക്കു് ഒരാളുണ്ടല്ലോ, ഭാഗ്യം!
കടപയാദിയും മൈക്രോസെക്കന്റും കർണ്ണാടകസംഗീതവും… O my!
പതിനൊന്നാം വീഡിയോയിൽ (07:10 – 08:24) കടപയാദി (പരൽപ്പേരു്) രീതിയെപ്പറ്റി ഒരു വിവരണമുണ്ടു്.
കുറേയുണ്ട്… അക്ഷരങ്ങള്‍ക്ക് അക്കങ്ങളുമായിട്ട് ബന്ധമുണ്ട്… നമ്മള് യഥാര്‍ത്ഥത്തില്, ഏത് രീതിയിലാണെന്ന് ചോദിച്ചാല്‍ കടപയാദി നമ്പര്‍ സിസ്റ്റത്തില്, ഗോപാജ്ഞയാ ദിനധാമ എന്ന് നമ്മള്‍ പറയാറുണ്ട്. എന്നുവച്ചാല്‍, 58 മിനിറ്റ് 9 സെക്കന്റ് 13 ഡെസീസെക്കന്റ് 10 മൈക്രോ സെക്കന്റ് – അതിനൊരുവാക്കാണ് ഗോപാജ്ഞയാ ദിനധാമ – ഗ-3,പ-1,ഞ-0, യ-1, ദി-8, ന-0 ധ-9,മ-5. അതായത് … 59 മിനിറ്റ് 8 സെക്കന്റ് 10ഡെസീ സെക്കന്റ് 13 മൈക്രോ സെക്കന്റ് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്ന വെലോസിറ്റി നമ്പറുപയോഗിച്ച് പറഞ്ഞിരിക്കുകയാണ്…അക്ഷരങ്ങളുപയോഗിച്ച് പറഞ്ഞിരിക്കുകയാണ്… ഇത് കടപയാദി നമ്പര്‍ സിസ്റ്റമെന്ന് പറയും.
ആ കടപയാദി നമ്പര്‍ സിസ്റ്റമനുസരിച്ചാണ് പാട്ടിലെ 72 രാഗങ്ങളു കൊടുത്തിരിക്കുന്നത്. ആദ്യത്തെ അക്ഷരം കേട്ടാല്‍ ഇത് എത്രാമത്തെ രാഗമാണെന്നു ഇവർക്കു പറയാന്‍ പറ്റുന്നതു്… “ഹരഹരപ്രിയ” രാഗം കേട്ടാല്‍, ഹ എത്രാമത്തെ അക്ഷരമാണെന്ന് നോക്ക്ക, അത്രാമത്തെ നമ്പരിലായിരിക്കും ആ രാഗം വരുന്നതു്. കാംബോജി രാഗത്തിന് ‘ക’ ‘ംബ‘ എടുത്തുകഴിഞ്ഞാല്‍ പറയാന്‍ സാധിക്കും…
ന്യൂമറോളജിയെപ്പറ്റിയുള്ള ഒരു ചോദ്യത്തിനു് ഉത്തരമായി അക്ഷരവും അക്കവും തമ്മിലുള്ള ബന്ധമായി ഈ മഹത്തായ അക്ഷരസംഖ്യാസമ്പ്രദായത്തെ വ്യാഖ്യാനിക്കുകയാണു് ചെയ്യുന്നതു്. എന്നിട്ടു പറയുന്നതോ ആകെ അബദ്ധവും.
58 മിനിറ്റ് 9 സെക്കന്റ് 13 ഡെസീസെക്കന്റ് 10 മൈക്രോ സെക്കന്റ് എന്നു് ആദ്യം പറഞ്ഞതു് എങ്ങനെ പിന്നീടു് 59 മിനിറ്റ് 8 സെക്കന്റ് 10ഡെസീ സെക്കന്റ് 13 മൈക്രോ സെക്കന്റ് എന്നു മാറിയതു പോകട്ടേ. “ഗോപാജ്ഞയാ ദിനധാമ” എന്നതു് പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പുതുമന സോമയാജിയുടെ ‘കരണപദ്ധതി’ എന്ന ഗണിതഗ്രന്ഥത്തിൽ നിന്നുള്ളതാണു്. (സോമയാജിയെപ്പറ്റിയും കരണപദ്ധതിയെയും പറ്റി ഞാൻ മുമ്പു് എഴുതിയിട്ടുണ്ടു്. പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്, ചില അനന്തശ്രേണികള്‍, അനന്തശ്രേണികളുടെ സാധുത എന്നീ പോസ്റ്റുകൾ കാണുക.) പരൽപ്പേരനുസരിച്ചു് 59081013 എന്നു കിട്ടും. അതായതു് 59 ആംഗുലർ മിനിറ്റ്, 08 സെക്കന്റ്, 10/60 സെക്കന്റ്, 13/3600 സെക്കന്റ് = 59.1361… മിനിട്ട് എന്ന ആംഗിളാണു് ഒരു ദിവസത്തിൽ സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്ന ആംഗുലർ സ്പീഡ്. ഭാരതീയരും (മറ്റുള്ളവരും) അറുപതു് ബേസായി എടുത്താണു് സമയവും ആംഗിളും അളന്നിരുന്നതു്. അതിനെയാണു ഡോ. ഗോപാലകൃഷ്ണൻ ഡെസിസെക്കന്റ്, മൈക്രോസെക്കന്റ് എന്നൊക്കെ കീച്ചുന്നതു്. ഡെസിസെക്കന്റ് സെക്കന്റിന്റെ പത്തിലൊന്നും മൈക്രോസെക്കന്റ് സെക്കന്റിന്റെ പത്തുലക്ഷത്തിലൊന്നും ആണെന്നു പോലും ഈ “ശാസ്ത്രജ്ഞനു്” അറിയില്ലേ?
മുകളിൽ കൊടുത്ത 59.1361… മിനിട്ട് എന്ന മൂല്യം 59.1387… എന്ന ആധുനികമൂല്യത്തോടു് (ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ശരാശരി ആംഗുലർ വേഗത) വളരെ അടുത്താണു്. ഇതു് ഒരു വലിയ കണ്ടുപിടിത്തമല്ലേ എന്നു ചോദിച്ചേക്കാം. അല്ല എന്നാണു് ഉത്തരം. ഒരു വർഷത്തിൽ 360 ഡിഗ്രി = 360 x 60 മിനിറ്റ് സഞ്ചരിക്കുന്നതു കൊണ്ടു് ഒരു ദിവസത്തിൽ 360 x 60 / 365.2425 = 59.1387… എന്നു കണക്കുകൂട്ടാൻ മുമ്പേ പറഞ്ഞതു പോലെ മൂന്നാം ക്ലാസ്സുകാരന്റെ കണക്കു മതി. പുതുമന സോമയാജിയുടെ കണക്കുകൂട്ടലിലെ സൗരവർഷത്തിന്റെ ദൈർഘ്യത്തിൽ ഉള്ള ചെറിയ വ്യത്യാസം കൊണ്ടാണു് ഈ മൂല്യങ്ങളിലുള്ള ചെറിയ വ്യത്യാസം.
കർണ്ണാടകസംഗീതത്തിലെ രാഗങ്ങളുടെ പേരിൽ അതിന്റെ ക്രമനമ്പർ കടപയാദിയിലുണ്ടെന്നു പറയുന്നു. കർണ്ണാടകസംഗീതത്തിനു ക്രമനമ്പർ ഉണ്ടാക്കിയതു് പതിനേഴാം നൂറ്റാണ്ടിൽ വെങ്കടമഖി എന്ന ആളാണു്. പല രാഗങ്ങളുടെയും പേരിന്റെ കൂടെ ഒരു ഉപസർഗ്ഗം ചേർത്തു (മേച-കല്യാണി, ധീര-ശങ്കരാഭരണം, ഹരി-കാംബോജി) കടപയാദി ശരിയാക്കിയതു് പിന്നീടാണെന്നും അല്ലെന്നും വാദമുണ്ടു്. (കർണ്ണാടകസംഗീതത്തിലെ മേളകർത്താരാഗങ്ങളും അവയുടെ ക്രമനമ്പറുകളും ഇവിടെ കാണാം.) അതിനെപ്പറ്റി ഡോ. ഗോപാലകൃഷ്ണൻ പറയുന്നതും തെറ്റാണു്.
ഹരഹരപ്രിയ എന്ന രാഗത്തിന്റെ ആദ്യത്തെ അക്ഷരമായ “ഹ” നോക്കിയാൽ അതു് എത്രാമത്തെ രാഗമാണെന്നു പറയുമത്രേ! “ഹ” പരൽപ്പേരനുസരിച്ചു് 8 ആണു്. എട്ടാമത്തെ രാഗം തോഡി (ഹനുമത്തോഡി) ആണു്.
പ്രശ്നം എന്താണെന്നു ചോദിച്ചാൽ ആദ്യത്തെ രണ്ടക്ഷരങ്ങൾ നോക്കണം. “അങ്കാനാം വാമനോ ഗതിഃ” എന്ന നിയമമനുസരിച്ചു് അവ തിരിച്ചിടണം. (കൂടുതൽ വിവരങ്ങൾക്കു് പരൽപ്പേരു് എന്ന പോസ്റ്റ് വായിക്കുക.) അതു ഡോ. ഗോപാലകൃഷ്ണനു് അറിയില്ലെന്നു തോന്നുന്നു. അപ്പോൾ “ഹര”എന്നു വെച്ചാൽ 28 ആണു്. ഇരുപത്തെട്ടാമത്തെ രാഗം കാംബോജി (ഹരികാംബോജി) ആണു്. എവിടെയാണു പ്രശ്നം?
പ്രശ്നം ആ രാഗത്തിന്റെ പേരു് “ഖരഹരപ്രിയ” എന്നാണു് (ഖരനെ കൊന്ന ശ്രീരാമന്റെ പ്രിയയായ സീത എന്നർത്ഥം), അല്ലാതെ “ഹരഹരപ്രിയ” എന്നല്ല. അപ്പോൾ “ഖര” എന്നതു് 22-നെ സൂചിപ്പിക്കുന്നു. മേളകർത്താരാഗങ്ങളിൽ ഇരുപത്തിരണ്ടാമത്തെ രാഗമാണു് ഖരഹരപ്രിയ.
തീർന്നില്ല. കാംബോജിരാഗത്തിന്റെ “ബോ” എടുത്താൽ അതിന്റെ സംഖ്യ കിട്ടുമത്രേ! കാംബോജിയുടെ “ഹരികാംബോജി” എന്ന പേരുപയോഗിച്ചിട്ടു് അതിലെ “ഹരി” എന്നതിന്റെ പരൽപ്പേരനുസരിച്ചിട്ടുള്ള “28” എടുക്കണം. അവിടെയാണു കാംബോജി. അല്ലാതെ “ബോ ബോ” എന്നു പറഞ്ഞു കൊണ്ടിരുന്നാൽ കാംബോജിയാവില്ല.
അറിയാവുന്ന കാര്യത്തെപ്പറ്റി പറഞ്ഞാൽ പോരേ സർ? ഈ സംഗീതത്തെപ്പറ്റിയൊക്കെ പറഞ്ഞു നാണം കെടണോ, മുമ്പിലിരിക്കുന്നവർക്കു് ഇതൊന്നും അറിയില്ലെന്നു വെച്ചു്?
ഗണപതിയെ മാത്രം വരച്ച ക്രിസ്ത്യാനിക്കുട്ടി
ആറാമത്തെ വീഡിയോയിൽ 05:56 മുതൽ 06:35 വരെ “ജന്മനാ ഉണ്ടാകുന്നതും പൂർവ്വജന്മത്തിന്റെ ശേഷിപ്പായി കിട്ടുന്നതും” ആയ ഗുണങ്ങളെപ്പറ്റി പറയുമ്പോൾ വളരെ ചെറുപ്പത്തിൽ മരിക്കുന്നതിനു മുമ്പു് ധാരാളം ചിത്രങ്ങൾ വരച്ച ക്ലിന്റ് എന്ന കുട്ടിയെപ്പറ്റി പരാമർശിക്കുന്നുണ്ടു്.
ചില വ്യക്തികള് ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചിത്രം രചനയില് നല്ല കപ്പാസിറ്റി…നിങ്ങള്‍ കേട്ടിട്ടുണ്ടാകും ആന്റോ എന്നോ റ്റിന്റോ എന്നോ പേരുള്ള ഒരു കുട്ടി… – രണ്ടരവയസ്സില്‍ ആ കുട്ടി മരിച്ചു – (സദസ്യരിലാരോ തിരുത്തിയപ്പോൾ) ആ… ക്ലിന്റ് … ആ കുട്ടി വരച്ച എത്രയോ ചിത്രങ്ങളെടുത്ത് തിരുവനന്തപുരം വി.ജെ.റ്റി ഹോളില് പ്രദര്‍ശനം നടത്തി… ആ കുട്ടി വരച്ചിരിക്കുന്ന ചിത്രങ്ങള്‍ മുഴുവനും ഒന്നുകില്‍ ആനയുടെ അല്ലെങ്കിൽ ഗണപതീടെ. ഈ കുട്ടി ക്രിസ്ത്യന്‍ ഫാമിലീലെയാ. ആ കുട്ടി ഗണപതിയെ ഒന്നും വീട്ടിലേക്ക് കൊണ്ടുപോയിട്ടില്യ..അതെന്ത് കൊണ്ടു വരച്ചു ?
അകാലത്തിൽ മണ്മറഞ്ഞുപോയ പ്രതിഭാധനനായ ഒരു പിഞ്ചുകുട്ടിയെപ്പറ്റിയാണു് നട്ടാൽ കിളുർക്കാത്ത പൊളി പറയുന്നതു്. ക്ലിന്റ് ആനയെയും ഗണപതിയെയും മാത്രമേ വരച്ചിട്ടുള്ളത്രേ! ക്രിസ്ത്യാനിയായിരുന്ന ക്ലിന്റ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഗണപതിയെ വരച്ചതു് ഹൈന്ദവധർമ്മത്തിന്റെ മഹത്ത്വത്തെയല്ലാതെ എന്താണു സൂചിപ്പിക്കുന്നതു്? കഴിഞ്ഞ ജന്മത്തിൽ ഏതോ സുകൃതം ചെയ്ത ഗണപതിഭക്തനായിരുന്നിരിക്കണം. അല്ലാതെ ഈ പ്രതിഭയൊന്നും വരാൻ വഴിയില്ല!
മഹാഹിന്ദുസമ്മേളനമല്ലേ, അല്പം ഹിന്ദുത്വവാദവും കൂടി ഇടയ്ക്കു തിരുകാം എന്നായിരിക്കും ഡോ. ഗോപാലകൃഷ്ണന്റെ ഉള്ളിലിരിപ്പു്. കേരളത്തിൽ വളർന്ന കുട്ടി, അവൻ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിക്കൊള്ളട്ടേ, ഒരിക്കലും ഗണപതിയുടെ പടമോ പ്രതിമയോ കാണാതിരിക്കാൻ പറ്റുമോ സർ?
ക്ലിന്റ് ആനയെയും ഗണപതിയെയും മാത്രമല്ല, സൂര്യാസ്തമയം പോലെയുള്ള പ്രകൃതിദൃശ്യങ്ങളെയും, തെയ്യം പോലെയുള്ള കാഴ്ചകളെയും വരച്ചിരുന്നു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട അറിവു വെച്ചു മൂങ്ങയെയും വരച്ചിട്ടുണ്ടു്. കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ ക്ലിന്റിനു് ഇഷ്ടമായിരുന്നു. ഈ കുട്ടിയെപ്പറ്റിയാണു്, അവന്റെ പേരു പോലും ഓർമ്മയില്ലാത്ത ഡോ. ഗോപാലകൃഷ്ണൻ ഹൈന്ദവതയുമായി കൂട്ടിക്കെട്ടാൻ നോക്കുന്നതു്.
ഇനി, പുനർജന്മമോ ജാതകഗുണമോ അല്ലാതെ ഇത്രയും ചെറിയ കുട്ടികൾക്കു് ഇത്രയും കഴിവുണ്ടാകുന്നതെങ്ങനെ എന്നു സംശയമുള്ളവർ പടം വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും നേഴ്സറിയിലോ പ്ലേ സ്കൂളിലോ പഠിക്കുന്ന കുട്ടികൾ വരയ്ക്കുന്ന പടങ്ങൾ നോക്കിയാൽ മതി. അക്കാഡമിക് പഠിത്തമല്ലാതെ മറ്റൊന്നും കുഞ്ഞിന്റെ തലയിൽ അടിച്ചുകയറ്റാത്ത കേരളത്തിൽ ക്ലിന്റിനെപ്പോലെയുള്ള കുട്ടികളെ അധികം കാണാത്തതു് അദ്ഭുതമല്ല. ആ കുട്ടിക്കു ചിത്രം വരയ്ക്കാൻ താത്പര്യം കൊടുക്കുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആ മാതാപിതാക്കളോടു നന്ദി പറയാം. ബേബി ശാലിനി ചെറുപ്പത്തിൽ നന്നായി അഭിനയിച്ചതു് ഏതെങ്കിലും കഥകളിനടന്റെ പുനർജന്മമായതു കൊണ്ടല്ലല്ലോ!
വായിൽ തോന്നുന്നതു ഗോപാലകൃഷ്ണനു ജ്യോതിഷം!
ഇനി, ശാസ്ത്രത്തെപ്പറ്റി മാത്രമല്ല ശ്രീ ഗോപാലകൃഷ്ണൻ വായിൽത്തോന്നുന്ന പുളു തട്ടിവിടുന്നതു്. പ്രസംഗത്തിലുടനീളം ജ്യോതിഷത്തിലെ പല ഫലങ്ങളെപ്പറ്റിയും സരസമായി വിവരിക്കുന്നുണ്ടു്. അതൊന്നും ജ്യോതിഷപ്രകാരം ശരിയല്ല. അന്നേരം തോന്നുന്ന മനോധർമ്മം മാത്രമാണു്.
“ജ്യോതിഷപ്രകാരം” ശരിയല്ല എന്നു പറഞ്ഞതു കൊണ്ടു് ജ്യോതിഷപ്രകാരം ശരിയായ എന്തിനെങ്കിലും ജ്യോതിഷപ്രകാരം ശരിയല്ലാത്ത എന്തിനെയെങ്കിലും അപേക്ഷിച്ചു് എന്തെങ്കിലും മെച്ചമുണ്ടെന്നു് അഭിപ്രായമില്ല. ജ്യോതിഷം പറയുന്നതും ഗോപാലകൃഷ്ണൻ പറയുന്നതും മാസികകളിലെ വാരഫലം പറയുന്നതും ചൈനീസ് റെസ്റ്റോറന്റിലെ ഫോർച്യൂൺ കുക്കിയിലെ കടലാസുകഷണം പറയുന്നതും റെയിൽവേ സ്റ്റേഷനിലൊക്കെ കാണുന്ന യന്ത്രം ഭാരം അച്ചടിച്ചു തരുന്ന കാർഡിന്റെ മറുവശത്തുള്ള ഫലം പറയുന്നതും കൈനോട്ടക്കാരൻ കൈ നോക്കി പറയുന്നതും കാക്കാത്തി മുഖം നോക്കി പറയുന്നതും എല്ലാം ഒരു പോലെ അബദ്ധമാണു്. അബദ്ധമാണെന്നു് എനിക്കുറപ്പുള്ള ബൃഹജ്ജാതകവും ഫലദീപികയും വായിച്ചു് അതിലെ ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കി താഴെക്കൊടുക്കുന്ന വിവരങ്ങൾ ഞാൻ ഇവിടെ എഴുതുന്നതു്, ഡോ. ഗോപാലകൃഷ്ണൻ ജ്യോതിഷത്തിലെ ഫലങ്ങളായി ഇവിടെ കുറേ കാര്യങ്ങൾ തട്ടിവിടുന്നതു് ഇതൊക്കെ തനിക്കു് മനഃപാഠമാണെന്നും തന്നെപ്പോലുള്ള പണ്ഡിതരെ സമീപിച്ചാൽ ശരിയായ ഫലം അറിയാം എന്നും കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണെന്നു് വ്യക്തമാക്കാനാണു്.
ഉദാഹരണമായി ഈ ഭാഗങ്ങൾ കേൾക്കുക.
Video 1: 02:47 – 02:50
എട്ടാം ഭാവത്തിലു ശനിയാണെങ്കില്‍ കുറേ കാലം കിടക്കും.
അതായത്, ചൊവ്വ എന്നുപറയുന്നത് രണ്ടാം ഭാവത്തിലുണ്ടെങ്കില്, അങ്ങനെ രണ്ടാം ഭാവത്തില്‍ ചൊവ്വയുള്ള ഒരു പെണ്‍കുട്ടിയെക്കെട്ടിയാല്‍ ഇരുപത്തേഴ് പ്രാവശ്യം കുളിച്ച ഇഫക്റ്റാന്ന് പറയും ! ആ സ്ത്രീ സംസാരിക്കുന്നതെല്ലാം കൊള്ളിവച്ചായിരിക്കും…എല്ലാറ്റിലും രണ്ട് മീനിംഗ് കാണും…വാച്യാര്‍ത്ഥം വ്യംഗ്യാര്‍ത്ഥം ലക്ഷ്യാര്‍ത്ഥം ഇങ്ങനെ മൂന്നര്‍ത്ഥം കൂടാതെ നാലാമതൊരര്‍ത്ഥവും കൂടിയുണ്ട് – താന്‍ ശരിയാവില്ലാന്ന് ഒരര്‍ത്ഥം കൂടി – അപ്പോ യഥാര്‍ഥത്തില് രണ്ടാംഭാവത്തില്‍ ചൊവ്വവരുമ്പോള്‍ വാക്കിന്റെ പ്രയോഗത്തിലുണ്ടാവുന്ന നെഗറ്റീവ് എന്നത് അവിടെയിരിക്കുന്ന ചൊവ്വ തരുന്നില്ലാ നമുക്കാര്‍ക്കും… അവിടെയാണ് നമുക്ക് ഇന്റര്‍പ്രെട്ടേഷന്‍ തെറ്റിയത്. അവിടിരിക്കുന്ന ചൊവ്വയ്ക്ക് ഇയാളുടെ വാക്കിനകത്ത് ഇന്‍ഫ്ലുവെന്‍സ് ചെയ്യാനൊന്നും സാധ്യമല്ല…
മൂന്നാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് ഒരുതരത്തിലും റെസ്റ്റെടുക്കാത്ത ഒരു ചേട്ടനും അനിയനുമുണ്ടായിരിക്കും. എന്നും പ്രശ്നമുണ്ടാക്കുന്ന അയല്‍ക്കാരുണ്ടായിരിക്കും.
നാലാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് അമ്മ തീപ്പൊരി അമ്മയായിരിക്കും !
അഞ്ചാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് അതേ പോലൊരു മകനുണ്ടായിരിക്കും..
ആറാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് കള്ളത്തരം ഭയങ്കരമായി ചെയ്തോണ്ടിരിക്കും..
ഏഴാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് ഭാര്യയായാലും ഭര്‍ത്താവായാലും അവരുടെ കാര്യം മിക്കവാറും പോക്കാ..!
എട്ടാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് ആക്സിഡെന്റല്‍ ഡെത്താണ് – blood ooze ചെയ്തിട്ടായിരിക്കും വര്വാ.
ആറേ,ഏഴ്, എട്ട് പന്ത്രണ്ട് ഒരുമിച്ച് വന്നാല്‍ ആശുപത്രിയില്‍ കിടന്ന് മരണം..!
വ്യാഴവുമായിട്ട് ഭാര്യയെങ്ങാനും ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പറയും: നിങ്ങളാവശ്യമില്ലാതെ ഗോപാലകൃഷ്ണന്റെ ലക്ചറൊന്നും കേൾക്കാൻ പോകണ്ട, അതൊന്നും ശരിയാവില്ല്യ. ഞാനെത്ര പ്രാവശ്യം പറഞ്ഞു നിങ്ങൾക്കീ വീട്ടിലെ കാര്യം നോക്കിയാൽ പോരേ? എന്തിനാ നിങ്ങൾ പോകുന്നേ? എന്തേ ഞാൻ പറയുന്നതിനെ നിങ്ങളൊരിക്കലും വില വെയ്ക്കില്ല. ഇതാണു നമ്മളു തമ്മിലുള്ള പ്രശ്നം.
ആ പറയുന്ന രീതി നോക്ക്, ങ്ങനെ ഉപദേശത്തോടു കൂടി. അതു കേൾക്കുമ്പോത്തന്നെ മനസ്സിലാക്കാം വേറെ ജാതകമൊന്നും നോക്കണ്ട, പാർട്ടിയുടെ രണ്ടില് ഗുരുവാണ്.
ഇനിയാ ലഗ്നത്തിലാരൊക്കെയുണ്ടെന്ന് നോക്കുക. ചൊവ്വയുണ്ടെങ്കിൽ ഗോപാലകൃഷ്ണന് ഒരു സ്ഥലത്തും ഇരിക്കാൻ പറ്റില്ല്യ. കാരണം ചോരത്തിളപ്പുണ്ടാകും. ഇങ്ങനെ എഴുന്നേറ്റ് നടന്നുകൊണ്ടേയിരിക്കും. അതുകഴിഞ്ഞാലിത്, ഇതുകഴിഞ്ഞാലിത് അങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. അപ്പോൾ ചൊവ്വയുണ്ടെങ്കില്, ഭയങ്കര എനർജെറ്റിക്കായിരിക്കും, ലഗ്നത്തില് ചൊവ്വയുണ്ടെങ്കില്. അതേ സമയത്തു ശനിയാണെങ്കില് അയാളു പതുക്കെ ഇങ്ങനെയേ നടക്കുകയുള്ളൂ. പതുക്കെയേ നടക്കുകയുള്ളൂ. നമ്മുടെ ആ ജുറാസിക് പാർക്കില് അതു വരണത് കണ്ടിട്ടില്ലേ, കാലെടുത്ത് വെയ്ക്കുമ്പോൾത്തന്നെ വെള്ളം ഇളകുന്നുണ്ടാകും. ആ മൃഗത്തിനു ലഗ്നത്തില് ശനിയുള്ളതു കൊണ്ടല്ല, അതിന്റെ സ്വഭാവം അങ്ങനെയായതുകൊണ്ടാ. അപ്പോൾ യഥാർത്ഥത്തിലെന്താ സംഭവിക്യാ, ലഗ്നത്തില് ശനിയുള്ള വ്യക്തി വീട്ടിലിരിക്കുന്നതു കണ്ടാ മനസ്സിലാക്കാം ബാത്ത്‌റൂമിലേക്ക് പോകാനും വെള്ളമൊരുഗ്ലാസ് കുടിക്കാനും ടിവി ഓൺ ചെയ്യാനും ഫാനിന്റെ സ്വിച്ച് ഓൺ ചെയ്യാനും അടുക്കളയിലെന്താണു കറിയുണ്ടാക്കുന്നതെന്നറിയാനും കൂടി, എല്ലാംകൂടി ചേർത്ത് ഒരു പ്രാവശ്യമേ എണീക്കുകയുള്ളൂ. അയാള് സ്ലോയാണ്. മന്ദൻ, വളരെ സ്ലോയാണ്. അത് ലഗ്നത്തില് ശനി വരുമ്പോ പലരേം നോക്കിക്കൊള്ളൂ. അയാള് വളരെ പതുക്കയേ പോകുകയുള്ളൂ. സാരമൊന്നുല്ല്യ, പതുക്കെ മതി, എന്തിനാന്നേ. ഇന്നലെ ഗോപാലകൃഷ്ണൻ പറഞ്ഞു കഴിഞ്ഞ നൂറ്റാണ്ടിലീദിവസം ഭൂമിയിലുണ്ടായിരുന്നില്ല. അടുത്ത് നൂറ്റാണ്ടിലീദിവസവും ഭൂമീലില്ല. എന്തിനിപ്പോ ഇത്ര ധൃതി പിടിക്കുന്നത്. ഇങ്ങനെയൊക്കെ മതിയെന്നേ.
അയാളുടെ ജീവിതത്തിന്. അപ്പോൾ ലഗ്നത്തിൽ ശനി വന്നാൽ തളർന്ന്, അവിടെയെന്തു ചെയ്യും നമ്മള്? നമ്മള് ഡോക്ടറുടെയടുത്ത് ചെന്ന് പറയും. എന്റെ കുട്ടി വളരെ വളരെ സൈലന്റാണ്, ഒരു എനർജെറ്റിക്കുമല്ല; അപ്പോൾ അവരു പറയും. എക്സ്ട്രാ ഗ്രോയിംഗ് പവർ അടിച്ചു കേറ്റാൻ പറയും. Boost is the secret of my energy; അതു കൊടുത്താലൊന്നും മാറില്ല. Inherent, Intrinsic ആയിട്ട് കുട്ടി അങ്ങനെയാണ്. അത് ശനിയുടെ കുഴപ്പമല്ല, ശനി ഇവിടെയൊന്നുമല്ല ഇരിക്കുന്നത്. മില്ല്യൺസ് ആൻഡ് മില്ല്യൺസ് ഓഫ് കിലോമീറ്റേഴ്സ്, കാരണം, ശനിക്കു കൊടുത്തിരിക്കുന്ന കാരകത്വത്തില് ഈ കുട്ടി lazy-യാണ്. സ്ലോലിയെ പോകുള്ളൂ. ചില വ്യക്തികളുടെ ഓഫീസ് കണ്ടാലറിയാം പെർഫക്ടായിട്ട് വെച്ചിട്ടുണ്ടാകും. വളരെ ക്ലീനായിട്ട് വെച്ചിട്ടുണ്ടാകും. അവിടെ ഗണപതിയുടെ വിഗ്രഹമോ അല്ലെങ്കിൽ അതിന്റെ വിഗ്രഹം ഈ വിഗ്രഹം, പുസ്തകങ്ങളടുക്കി വെച്ചിട്ടുണ്ടാകും ഇതു വെച്ചിട്ടുണ്ടാകും; ഒന്നും താഴെ വെയ്ക്കുന്നതുമയാൾക്കിഷ്ടമല്ല, എന്താ കാരണം? ലഗ്നത്തില് ശനിയാ. ലഗ്നത്തിൽ ശനിയുള്ളവൻ സിസ്റ്റമാറ്റിക്കായിട്ടേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. പ്ലേറ്റൊക്കെ എടുത്ത് വെക്കുന്നതു കണ്ടാൽ പത്മശ്രീ കിട്ടിയവനെപ്പോലെയിരിക്കും. വളരെ പതുക്കെയാണ്. അപ്പോൾ ലഗ്നത്തിൽ ശനി വന്നാൽ ഇതൊക്കെയാ. ഇനി ലഗ്നത്തിൽ ശുക്രൻ വന്നാൽ, ശുക്രന്റെ കാരകത്വമാണു വ്യക്തിക്കു കിട്ടുക. ആ ശുക്രന്റെ കാരകത്വം കിട്ടുമ്പോഴേക്ക്, ചിലര് നോക്കിക്കൊള്ളൂ, ഷാഡോ ഗോപിനാഥൻ. ഷാഡോ ഗോപിനാഥൻ എങ്ങനാ സംസാരിക്കുക? ഞാൻ വിചാരിക്യായിരുന്നു നിങ്ങളെങ്ങനാ ഇങ്ങനെ വരികാന്നുള്ളത്. ബസിലാണോ വന്നത്, അതല്ല പ്ലെയിനിലാണോ വന്നത്.
കൈയൊക്കെ പോയ പോക്ക് കണ്ടില്ലേ? മുദ്രകളാ എല്ലാം. സ്ത്രൈണഭാവം പുരുഷനില്, അപ്പോൾ ലഗ്നത്തിൽ ശുക്രൻ വന്നാൽ, വളരെ നൃത്തഭാവത്തിലായിരിക്കും വാക്കുകൾ വരിക. ഫേഷ്യൽ ആക്ഷൻ, എക്സ്പ്രെഷൻ, എല്ലാം വരിക. അതേ പോലെത്തന്നെ ലഗ്നത്തിൽ ബുധൻ വന്നാൽ, അച്ഛൻ പറയും, “നല്ലോണം പഠിക്കണം കേട്ടോ മോനെ.” “ഞാൻ പഠിക്കാം. എനിക്കെന്ത് തരും?”
ഒക്കെ ബിസിനസ് ടേംസാ. ഫുൾ ബിസിനസ് ടേംസാ. “നീ നാളെ രാവിലെ പോയിട്ട് റേഷൻ കൊണ്ടുവരണം.” “റേഷൻ കൊണ്ടുവരാം, പക്ഷേ എന്തു തരും?”
എന്തു വേണേൽ ചെയ്യാം. എന്തു തരും. ഇതിനൊക്കെ എന്താ ഉത്തരം?
വീരപ്പനെന്തുകൊണ്ടു വീരപ്പനായി? ലഗ്നാധിപൻ നേരെ ആറിലുണ്ട്. അതു നീചത്തിലാ. നോക്കിയാൽ വീരപ്പനെന്തുകൊണ്ട് അങ്ങനെയായി എന്നു മനസ്സിലാകും. അടൽ ബിഹാർ വാജ്പേയി പ്രഭാഷണം നടത്തണത് കേട്ടിട്ടുണ്ടോ? ഭായിയോ ഓർ ബഹനോ എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾക്ക് പുറത്തുപോയി ചായകുടിച്ച് വരാനുള്ള നേരമുണ്ട്. പിന്നെ അടുത്തത് പതുക്കയെ..വേറൊന്നും നോക്കണ്ട, രണ്ടാം ഭാവത്തില് ശനിയുണ്ട്. അതുകൊണ്ട് വാക്ക് സ്ലോ ആയിട്ടേ വരുള്ളൂ. വളരെ സ്ലോ ആയിട്ടേ വരുള്ളൂ. ജഗതി, ജഗതിയുടെ രണ്ടാം ഭാവത്തില് ശുക്രനുണ്ട്. അതുകൊണ്ട് സ്ത്രൈണഭാവത്തിലാ ചിലപ്പൊഴൊക്കെ സംസാരിക്ക്യ. വീരശൂരപരാക്രമിയായിട്ടുള്ള രവീന്ദ്രനുമായിട്ടുള്ള ഇന്റർവ്യൂവില് ചിലപ്പോ സ്ട്രോങ്ങായിട്ട് പറഞ്ഞൂന്ന് വരും. പിന്നേം നേരെ ആ നോർമലിലേക്ക് പോകും. അതുപോലെ എന്തു ഗംഭീരമായിട്ടാ ജയറാം പെണ്ണിന്റെ വേഷത്തില് പെണ്ണുങ്ങളെപ്പോലെ സംസാരിക്കുന്നത്, എന്താ കാരണം? രണ്ടാം ഭാവത്തില് ശുക്രനുണ്ട്. ഉച്ചത്തിലായതുകാരണം വലിയ കുഴപ്പമില്ല. നീചത്തിലോ മറ്റോ ആയിരുന്നെങ്കിൽ കൊഞ്ചിക്കൊണ്ടേ സംസാരിക്കുള്ളൂ. അപ്പൊ യഥാർത്ഥത്തില് ഇതിനൊക്കെ ഉത്തരം പറയണമെന്ന് ആഗ്രഹമുള്ളവർക്ക് വേണമെങ്കിൽ, അതൊന്നും എടുക്കണമെന്ന് നിർബന്ധമൊന്നുല്ല്യ, ഈ ഒരു അപ്രോച്ച് ഉണ്ട്, ഇതിന്റെ പ്രയോജനം എന്താ? ഇതിന്റെ പ്രയോജനം ഞാൻ നിങ്ങളോട് പറയുന്നു, രണ്ടാം ഭാവത്തിൽ ശുക്രനുണ്ട് നിങ്ങളുടെ മകൾക്ക് എന്ന് അറിഞ്ഞാൽ, ഇവിടെ വെച്ച് ഗോപാലകൃഷ്ണൻ വാക്കു തരുന്നു, ആ കുട്ടിയെ പാട്ടു പഠിപ്പിക്കുക. ആ കുട്ടിയെ പാട്ടു പഠിപ്പിച്ചാൽ അസാധാരണമായ ഉയർച്ച ആ കുട്ടിയ്ക്കുണ്ടാകും.
അതേ പോലെത്തന്നെ, പത്താം ഭാവത്തിലു ബുധനാണെങ്കില്, ആ കുട്ടിയെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സിയിലേയ്ക്ക് വിട്കാ..നിര്‍ബന്ധിച്ച് എഞ്ചിനിയറിങ്ങിനും എം.ബി.ബി എസിനും വിടാതിരിക്ക്യാ. ഇത് നിങ്ങള്‍ അഡോപ്റ്റ് ചെയ്യണംന്നല്ല, ഇങ്ങനെയുള്ള ഓപ്ഷന്‍സ്ണ്ട്…
അഞ്ചാം ഭാവത്തില്, ശനി നീചത്തിലു നില്‍ക്കുന്നു – ശനി മേടം രാശിയിലാണെങ്കില് – ആ പെണ്‍കുട്ടീടട്ത്ത് പറയ്കാ, അഞ്ചാം ഭാവം വളരെ ആക്റ്റീവയിട്ടുള്ളൊരു പുരുഷനെയേ വിവാഹം കഴിക്കാവൂ, ഇല്ലെങ്കില്‍ കുട്ടികളുണ്ടാവില്ല്യ… ഒരു മെഡിക്കല്‍ സയന്‍സിനും പറയാന്‍ സാധ്യമല്ല.
അപ്പോ ഇത് പറഞ്ഞത് സയന്റിഫിക് ആണോ ? സയന്റിഫിക്കേ അല്ല. വീണ്ടും ഞാനാ വരി പറയാം.. ഏത് സയന്‍സുപയോഗിച്ചാ പറയ്യാ? അഞ്ചാം ഭാവത്തില് നീചത്തില് ശനിയിരിക്കുന്നെങ്കില് – അതായത് മേടം രാശിയില്‍ ശനിയിരിക്കുന്നെങ്കില്, കുട്ടികളുണ്ടാവില്ലാന്ന് പറയുന്നത് കാരകത്വം കൊട്ടുത്തിട്ടാണ്. ആ കാരകത്വത്തിന് സയന്‍സില്ല. സയന്‍സില്ലാത്ത ഒരു പദപ്രയോഗത്തിലൂടെയാണ് ജാതകം വര്‍ക്ക് ചെയ്യുന്നത്. അപ്പോ എന്താ ചെയ്യാ, അതിനനുസരിച്ച് നന്മകള് ചെയ്യാന്‍…..
ഇതിൽ ചില ഗ്രഹങ്ങൾ ചില ഭാവങ്ങളിൽ നിൽക്കുമ്പോഴുള്ള ഫലങ്ങളായി ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതും, ജ്യോതിഷഫലഭാഗത്തിന്റെ രണ്ടു പ്രാമാണികഗ്രന്ഥങ്ങളായി കരുതപ്പെടുന്ന വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിലും (പതിനെട്ടാമദ്ധ്യായം) മന്ത്രേശ്വരന്റെ ഫലദീപികയിലും (എട്ടാമദ്ധ്യായം) പറഞ്ഞിരിക്കുന്ന ഫലങ്ങളും താഴെച്ചേർക്കുന്നു. (ഈ രണ്ടു ഗ്രന്ഥങ്ങളിലെയും ഉദ്ധരണികൾ ശ്ലോകങ്ങളും അർത്ഥവും സഹിതം ഇവിടെ വായിക്കാം.)
ഗ്രഹസ്ഥിതി
ഗോപാലകൃഷ്ണൻ
വരാഹമിഹിരൻ
മന്ത്രേശ്വരൻ
ലഗ്നത്തിൽ ചൊവ്വ
Energetic
ശരീരത്തിൽ മുറിവുണ്ടാകും.
അവയവങ്ങളിൽ മുറിവു്, ക്രൂരൻ, അല്പായുസ്സു്, സാഹസികൻ
രണ്ടിൽ ചൊവ്വ
കൊള്ളിവാക്കുകൾ മാത്രമേ പറയൂ.
ചീത്ത ആഹാരം
വിരൂപൻ, വിദ്യയും ധനവും ഇല്ലാത്തവൻ, ചീത്ത ആളുകളെ ആശ്രയിക്കൽ.
മൂന്നിൽ ചൊവ്വ
റെസ്റ്റ് ഇല്ലാത്ത ചേട്ടനും അനിയനും. പ്രശ്നമുണ്ടാക്കുന്ന അയൽക്കാർ.
ബുദ്ധിയും പരാക്രമവും ഉള്ളവൻ
നല്ല സ്വഭാവവും ധനവും ശൗര്യവും തോല്പിക്കാൻ പറ്റാത്തവനും സുഖിമാനും അനുജന്മാരില്ലാത്തവനും
നാലിൽ ചൊവ്വ
അമ്മ തീപ്പൊരിയായിരിക്കും.
സുഖമില്ലാത്തവനും മനസ്സു വിഷമിച്ചവനും
കൂട്ടുകാർ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവൻ
അഞ്ചിൽ ചൊവ്വ
അതു പോലെയുള്ള ഒരു മകൻ ഉണ്ടായിരിക്കും.
പുത്രനില്ലാത്തവനും ദരിദ്രനും
സുഖമില്ലാത്തവൻ, മക്കളില്ലാത്തവൻ, എല്ലാം അനർത്ഥമാകുന്നവൻ, പിശുക്കൻ, ധൈര്യം കുറഞ്ഞവൻ
ആറിൽ ചൊവ്വ
കള്ളത്തരം ചെയ്യും
ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ
കാമകലാവിദഗ്ദ്ധൻ, ഐശ്വര്യം, കീർത്തി, ശത്രുക്കളെ ജയിക്കുന്ന രാജാവു്.
ഏഴിൽ ചൊവ്വ
ഭാര്യയും ഭർത്താവും പോക്കാണു്.
സ്ത്രീകളിൽ നിന്നു് അപമാനം
രോഗി, ഭാര്യയെ നഷ്ടപ്പെട്ടവൻ, തെണ്ടി നടക്കുന്നവൻ
എട്ടിൽ ചൊവ്വ
ബ്ലഡ് ഊസ് ചെയ്തു മരിക്കും. ആക്സിഡന്റ് ഡെത്ത്.
സന്താനം കുറവു്, കാഴ്ചക്കുറവു്
അംഗവൈകല്യം, ദാരിദ്ര്യം, അല്പായുസ്സു്, ആളുകളിൽ നിന്നു നിന്ദ.
ലഗ്നത്തിൽ ബുധൻ
എല്ലാവരോടും ബിസിനസ് ടേംസിലേ സംസാരിക്കൂ.
പണ്ഡിതൻ
ദീർഘായുസ്സുള്ളവൻ, മധുരമായും സമർത്ഥമായും സംസാരിക്കുന്നവൻ, എല്ലാ ശാസ്ത്രവും പഠിച്ചവൻ.
പത്തിൽ ബുധൻ
ബി. കോം. പഠിക്കും.
സൂര്യൻ പത്തിൽ നിൽക്കുന്ന ഫലം തന്നെ. അതായതു്, പ്രശസ്തനും (ശ്രുതി പഠിച്ചവൻ എന്നും അർത്ഥം പറയാം) ശൂരനും.
വലിയ സംരംഭങ്ങൾ തുടങ്ങൽ, അറിവു്, വളരെ സുഖം, സത്കർമ്മം, സത്യം ഇവ ഉണ്ടാവും.
രണ്ടിൽ വ്യാഴം
എപ്പോഴും ഉപദേശിക്കും.
നന്നായി സംസാരിക്കും.
വാഗ്മി, ഭക്ഷണത്തെപ്പറ്റി നന്നായി അറിയുന്നവൻ, സുമുഖൻ, ധനവാനും സമർത്ഥനും
സ്ത്രൈണഭാവം (ജഗതിയെയും ജയറാമിനെയും ഉദാഹരണം പറഞ്ഞു)
സുന്ദരമായി സംസാരിക്കുന്നവൻ
കവിത്വവും ധനവും.
ലഗ്നത്തിൽ ശനി
മടി, slow, systematic, അടുക്കും ചിട്ടയും.
ലഗ്നം തുലാം, ധനു, മകരം, കുംഭം, മീനം ആയാൽ രാജാവിനു തുല്യനും, ഗ്രാമം, പട്ടണം തുടങ്ങിയവയുടെ അധിപനും, വിദ്വാനും സുന്ദരനും ആയിരിക്കും. അല്ലെങ്കിൽ (ലഗ്നം മറ്റു് എഴു രാശികളിൽ ആണെങ്കിൽ) ദരിദ്രനും, രോഗിയും, കാമവിവശനും, വൃത്തികെട്ടവനും, ചെറുപ്പത്തിൽ രോഗമുള്ളവനും, അവ്യക്തമായി സംസാരിക്കുന്നവനും ആയിരിക്കും.
ലഗ്നം തുലാം, മകരം, കുംഭം ഇവയിലൊന്നായാൽ രാജാവിനു തുല്യനും ഗ്രാമവും പട്ടണവും ഭരിക്കുന്നവനും ആയിരിക്കും. അല്ലെങ്കിൽ ദുഃഖമുള്ളവനും ബാല്യത്തിൽ തൊട്ടേ ദരിദ്രനും മലിനനും അലസനും ആയിരിക്കും.
രണ്ടിൽ ശനി
പതുക്കെയേ എന്തും ചെയ്യൂ (വാജ്പേയി ഉദാഹരണം)
രണ്ടിൽ സൂര്യൻ നിന്നാലുള്ള ഫലം തന്നെ. അതായതു്, വലിയ ധനവാനാണെങ്കിലും അതിന്റെ ഒരു ഭാഗം രാജാവു് അപഹരിച്ചവനും, മുഖത്തു രോഗമുള്ളവനും ആയിരിക്കും.
വിരൂപൻ, ധനമില്ലാത്തവൻ, അന്യായം ചെയ്യുന്നവൻ, പ്രായമാകുമ്പോൾ വിദേശവാസം, വാഹനങ്ങളും ധനവും ആഡംബരങ്ങളും ഉണ്ടാവും.
എട്ടിൽ ശനി
കട്ടിലിൽ ഒരുപാടു കിടക്കും.
(ആദിത്യൻ 8-ലുള്ള ഫലം തന്നെ) സന്താനം കുറവു്, കാഴ്ചക്കുറവു്
വൃത്തികെട്ടവൻ, ദരിദ്രൻ, ക്രൂരൻ, സുഹൃത്തുക്കൾ മാനിക്കാത്തവൻ.
ഇവ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: വരാഹമിഹിരനും മന്ത്രേശ്വരനും പറയുന്ന ഫലങ്ങൾ മിക്കവാറും ഒത്തുപോകുന്നുണ്ടു്. ജ്യോതിഷത്തിൽ അംഗീകരിക്കപ്പെട്ടിരുന്ന ഫലങ്ങളായിരിക്കാം രണ്ടു പേരും പറഞ്ഞതു്. ഗോപാലകൃഷ്ണൻ പറഞ്ഞതു മുഴുവൻ ഗ്യാസാണു്. (അഞ്ചിൽ ചൊവ്വ നിന്നാലുള്ള ഫലം നോക്കൂ. വരാഹമിഹിരനും മന്ത്രേശ്വരനും പറയുന്നതു് പുത്രനുണ്ടാവില്ലെന്നാണു്. ഗോപാലകൃഷ്ണൻ പറയുന്നതു് അതു പോലെയൊരു പുത്രൻ ഉണ്ടാവും എന്നും!) സദസ്യരെ ചിരിപ്പിക്കാൻ വായിൽ തോന്നുന്ന ഫലങ്ങൾ പറയുക, എന്നിട്ടു് അതു സ്വന്തം അനുഭവത്തിൽ നിന്നുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ (ഇതും പുളുവാണെന്നു വ്യക്തം. അദ്ദേഹത്തിന്റെ വീടിനു് എതിരേ ഉള്ള വീട്ടിലെ മരുമകൾക്കു ആശുപത്രിയിൽ ക്ഷൗരമാണോ ജോലി എന്നു് ആരെങ്കിലും അന്വേഷിക്കുമോ?) എന്നു പറഞ്ഞു് എന്തു പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സദസ്സിനു മുകളിൽ അടിച്ചേല്പിക്കുക, പിന്നെ ഇതൊന്നും പഠിക്കാത്തവർ തോന്നുന്നതുപോലെ പ്രയോഗിച്ചതു കൊണ്ടാണു് ഇതിന്റെയൊക്കെ വില പോയതു് എന്നു പ്രസംഗിക്കുക! സത്യം പറഞ്ഞാൽ, വഴിവക്കിലിരുന്നു ഭാവി പ്രവചിക്കുന്ന ജ്യോത്സ്യൻ പോലും ഇത്ര അബദ്ധങ്ങൾ ജ്യോതിഷത്തെപ്പറ്റി പറയില്ല എന്നതാണു വാസ്തവം.
അജ്ഞാനം പലവിധം!
ഒരു സ്ഥലത്തു് ജ്യോതിഷം പഠിച്ചു് പ്രാക്റ്റീസ് ചെയ്യുന്ന ജ്യോത്സ്യന്മാരുടെയും കാലടി സർവ്വകലാശാലയിൽ ജ്യോതിഷം പഠിക്കുന്ന വിദ്യാർത്ഥികളുടെയും (അവരുടെ ഡിഗ്രിയെ മാസ്റ്റർ ഓഫ് അജ്ഞാനം എന്നാണു വിളിക്കുന്നതു്) അറിവു ശരിയല്ല എന്നു പറയുന്ന ശ്രീ ഗോപാലകൃഷ്ണൻ (ക്രിക്കറ്റു കളിച്ചതു കൊണ്ടു മാത്രം പരീക്ഷ പാസ്സായ ഒരു ഡെന്റിസ്റ്റിന്റെ കെട്ടുകഥ തട്ടിവിടുന്നുമുണ്ടു്) ചില യുക്തിവാദികൾ ഇദ്ദേഹം പറയുന്നതൊന്നും സയൻസല്ല എന്നു പറഞ്ഞപ്പോൾ തന്റെ (അ)ജ്ഞാനങ്ങളുടെ ലിസ്റ്റ് നിരത്തുന്നുണ്ടു് (Video 12, 06:44-08:20).
കൈരളീ ടീവിയില് എന്റെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. എന്റെ ഇപ്പുറത്ത് കമലാനാഥനെന്ന് പറയുന്ന യുക്തിവാദി, ഇപ്പുറത്ത് മിശ്രവിവാഹ സംഘത്തിന്റെ സെക്രട്ടറി – അതും യുക്തിവാദിയാ – ഞാന്‍ നടുക്ക്. എന്റെ ഈ യുക്തിവാദത്തെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു…അപ്പോ ഞാന്‍ പറഞ്ഞു : എന്റെ ഇവിടത്തെ അവസ്ഥ യേശുക്രിസ്തുവിന്റെ അവസ്ഥയാണ് – ഇവരുടെ രണ്ടുപേരുടെയും നടുക്കാണ് ഞാന്‍…
ഏറ്റവും വലിയ പ്രശ്നം- ഞാനത് ടീവിയില്‍ പറയ്കയുണ്ടായി – ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്യ, ഇതു മിശ്രവിവാഹ സംഘമാണ് – ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്ല്യ …അപ്പൊ സയന്‍സുപയോഗിച്ചിട്ട് ഈശ്വരനെന്താണെന്ന് പറഞ്ഞാല്‍ അത് ഇവര്‍ക്ക് മനസ്സിലാവില്യ – അതു പറഞ്ഞ് തീരുന്നതിനു മുന്‍പ് പറയുന്നു : “ഇയാള്‍ സയന്‍സെന്ന് പറഞ്ഞ് പറയുന്നതൊന്നും സയന്‍സല്ല”. അപ്പോ ഞാന്‍ പറഞ്ഞു, “സയന്‍സെന്ന് പറയുന്നത് സയന്‍സല്ലെന്ന് പറയല്ലേ, നിങ്ങള്‍ക്ക് മനസ്സിലാവിണില്യാന്ന് പറ !” കാരണമെന്താന്ന് വച്ചാല്, ഒരു സയന്റിഫിക് ഫീല്‍ഡില്, ലോകമറിയപ്പെടുന്ന 56 ഇന്റര്‍നാഷനല്‍ റിസര്‍ച്ച് പേയ്പ്പറും 6പേയ്റ്റന്റും, 13 – അമേരിക്കയിലെ ക്ലീവ് ലന്റ് യൂണിവേഴ്സിറ്റിയിലെ അവാര്‍ഡും ഉള്‍പ്പടെ ഞാനിവിടെ നിക്കുമ്പം എന്നെ അത്ര യൂസ്‌ലെസ് ആക്കല്ലെ. കൊറച്ചെങ്കിലും കോമണ്‍ സെന്‍സുണ്ട്, ഇല്ലെങ്കില്‍ ഗവണ്മെന്റ് ഒഫ് ഇന്ത്യ യൂജീസിയുടെ റൂള്‍ മാറ്റിയിട്ട് – 1947 ആഗസ്റ്റ് 15ന് ശേഷം ഒരാള്‍ക്കേ ഡീ-ലിറ്റ് കൊടുത്തിട്ടുള്ളൂ ഇന്ത്യേല്, ഒരു സയന്റിസ്റ്റിനേ കിട്ടിയിട്ടുള്ളൂ, അത് വാങ്ങിക്കാന്‍ ഭാഗ്യം കിട്ടിയ ഞാന്‍ ശുദ്ധ യൂസ്‌ലെസ്സാ പറഞ്ഞതെന്ന് താന്‍ പറഞ്ഞാല്‍ ശരിയാവില്യ എന്ന് ഞാന്‍ പറയുകയുണ്ടായി. ആ ഭാഗം മാത്രം കൈരളീ ടീവിയില് കാണിച്ചു, ഈശ്വരാനുഗ്രഹംകൊണ്ട് !
ഇതൊന്നും അജ്ഞാനമല്ല, കാലടി സർവ്വകലാശാലയുടേതു മാത്രമാണു് മാസ്റ്റർ ഓഫ് അജ്ഞാനം! എന്തായാലും വയറ്റുപിഴപ്പിനു് ജാതകം നോക്കുന്ന ജ്യോത്സ്യന്മാരൊക്കെ പുസ്തകം നോക്കിയും ഗ്രഹനില കണക്കുകൂട്ടിയിട്ടും ഒക്കെയാണു ജാതകമെഴുതുന്നതു്. അല്ലാതെ ഡോ. ഗോപാലകൃഷ്ണനെപ്പോലെ വായിൽ തോന്നിയതു ജ്യോതിഷഫലഭാഗമായി പുലമ്പുകയല്ല.
(അല്ലാശാനേ, ഈ മോഹൻലാലിനു വരെ കിട്ടിയ സാധനമല്ലേ ഈ ഡി. ലിറ്റ്?)
ശാസ്ത്രജ്ഞന്റെ ശാസ്ത്രബോധം!
നാലാം വീഡിയോ 04:18 മുതൽ 05:16 വരെ. കേൾക്കേണ്ട സംഭവമാണു്.
ചെലപ്പോ ചെലര് പറയാറുണ്ടെന്റടുത്ത്, സാറിന്റടുത്ത് ഞാനൊരു ജാതകം തരാം. ഞാൻ ജാതകം നോക്കാൻ പോകാറില്ല. ആണോ പെണ്ണോ എന്നു പറയ്യ്‌വോ? ആ ജാതകതിന്റെയാള് ആണോ പെണ്ണോ ; അത് ഞാൻ പറയാറുണ്ട് ഈ ജാതകം നോക്കണതെന്തിനാ. ആ പെണ്ണിനോടു പോയി ചോദിച്ചാൽ പോരേ? ഇത് നോക്കാൻ പോണതെന്തിനാ? അതിൽ ചെന്നു നോക്കിക്കഴിഞ്ഞാൽ ആണോ പെണ്ണോ എന്നറിയാൻ സാധിക്കും. നമുക്ക് ജാതകം ശരിയാണോ എന്ന് പ്രൂവ് ചെയ്യലാണോ ഉദ്ദേശ്യം അതല്ല, അത് ആണോ പെണ്ണോ ആണോയെന്ന് തെളിയിക്കലാണോ ലക്ഷ്യം? പിന്നേം ചെലരു പറയാറുണ്ട്; ഒരിക്കൽ കുറെ രാഷ്ട്രീയക്കാരിരിക്കുന്നുണ്ടായിരുന്നു. എന്നോടു ചോദിച്ചു, സാറിന്റടുത്ത് പതിനഞ്ച് ജാതകം തരാം, ഇതില് ജീവിച്ചിരിക്കുനവരാരൊക്കെയാണ് മരിച്ചവരാരൊക്കെയാണ് ? ഞാൻ പറഞ്ഞു, മൊബൈൽ ഉള്ള സ്ഥിതിയ്ക്ക് വിളിച്ച് ചോദിക്യാ. അല്ലാണ്ട് ജാതകം നോക്കിയിട്ട് ഇത് അന്വേഷിക്കാൻ പോകുന്നതെന്തിനാ? അപ്പോൾ യഥാർത്ഥത്തില്, നമ്മള് ഏതിനെയെങ്കിലും വെല്ലുവിളിക്കാനോ ഏതിനെയെങ്കിലും നിഷേധിക്കാനോ ഏതിനെയെങ്കിലും പുച്ഛിക്കാനോ വേണ്ടിയിട്ട് ഇത് പഠിക്കാനോ ഉപയോഗിക്കാനോ ശ്രമിച്ചാൽ അതുകൊണ്ടൊരു പ്രയോജനവുമില്ല.
ഗംഭീരമായ ശാസ്ത്രബോധം തന്നെ! ശാസ്ത്രജ്ഞൻ എന്നു് ഇങ്ങേരെത്തന്നെ വിളിക്കണം!
ഈ രണ്ടു ടെസ്റ്റുകളും ജ്യോത്സ്യന്മാർക്കു് യുക്തിവാദിസംഘം കൊടുത്ത പ്രശസ്തമായ വെല്ലുവിളികളാണു്. ഇതു സ്വീകരിക്കാൻ ധൈര്യമുള്ള ഒരൊറ്റ ജ്യോത്സ്യനും ഇതു വരെ ഉണ്ടായിട്ടില്ല. ഇത്തരം ഭീരുക്കൾക്കു് ഇത്തരം കൊട്ടത്താപ്പു് ഉത്തരം പറയാനും ചോദിക്കുന്നവരെ അവഹേളിക്കാനുമല്ലാതെ നട്ടെല്ലു നിവർത്തി ഒരുത്തരം പറയാൻ കൂടി കഴിയില്ല എന്നതു് ഖേദകരമായ ഒരു സത്യമാണു്.
ഈ ഒരു ചോദ്യത്തിന്- ഇതിനു മാത്രമല്ല ഞാന്‍ ജ്യോതിഷത്തിനെക്കുറിച്ച് പറയുകയാണ് – തിരുവനന്തപുരത്തിലെ ജില്ലാക്കളക്റ്ററായിരുന്ന, ഡോക്ടറേറ്റ് ഉള്ള നന്ദകുമാര്‍ – ഇപ്പോ അദ്ദേഹം ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ ചീഫ് സെക്രട്ടറിയാണ് – ഇതിലേതാണ്ട് പത്തിരുപതു വര്‍ഷം വര്‍ക്ക് ചെയ്തു… അതിനു അദ്ദേഹം കൊടുക്കുന്ന ഒരു ഉത്തരമുണ്ട്. പറയുന്നത് …. ഇത് അദ്ദേഹത്തിന്റെ ഉത്തരമല്ല, അമേരിക്കക്കാരന്റെ ഉത്തരമാണ് — ആ ഉത്തരം അതേ പോലെ നിങ്ങളോട് പറയാം : ചില ആക്സിഡന്റുകള്, ചില ദുരന്തങ്ങള്, ചില വലിയ സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള് … എമ്പറര്‍ അശോകാ വിമാനം പോയപ്പം 440 പേര്‍ ഒരുമിച്ച് വെള്ളത്തിനടിയില്പോയി മരിച്ചൂ എങ്കില്, ഈ 440പേര്‍ക്കും അന്ന് മരിക്കാന്‍ യോഗമുണ്ടായിരുന്നോ (എന്ന ചോദ്യത്തിന്) അതിനദ്ദേഹം കൊടുത്ത മറുപടി – ഇന്ത്യാക്കാരനല്ല, ജര്‍മ്മന്‍കാരനോ അമേരിക്കക്കാരനോ കൊടുത്ത ഉത്തരം – ഇതായിരുന്നു : ചില പ്രത്യേക ദുരന്തങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന്റെ പലസ്ഥലത്തുമുള്ളവര് ഒരുമിച്ച് മരിക്കും എന്ന ഗ്രൂപ്പ് അസ്റ്റ്രോളജിക്കല്‍ പ്രഡിക്ഷന്‍ ഉള്ളവര്, അറിഞ്ഞോ അറിയാതെയോ അതിനകത്തേയ്ക്ക് എത്തപ്പെടുന്നു എന്നുമാത്രമേ പറയാനാവൂ. സയന്റിഫിക്കലീ ഈ വരിക്ക് ഒരു വാലിഡിറ്റിയുമില്ല. സയന്‍സുപയോഗിച്ച് ഇപ്പ പറഞ്ഞത് ഈ പറഞ്ഞത് അബ്സല്യൂട്ട് നോണ്‍സെന്‍സ്…
ചിലരെല്ലാം മരിക്കാന്‍, അവരുടെ സമയമാകുമ്പോള്‍ They are flocking together, coming together for accepting the death together..അതാണ് അവിടെ സംഭവിക്കുന്നത് എന്നദ്ദേഹം വിവരിക്കയുണ്ടായി…
വലിയ ആക്സിഡന്റുകളിൽ പെട്ടു് ഒന്നിച്ചു മരിക്കുന്ന മനുഷ്യരുടെയെല്ലാം ജാതകത്തിൽ മരണയോഗം ഉണ്ടോ എന്നാണു ചോദ്യം. ഉത്തരമായി ഏതോ നന്ദകുമാർ (ഇങ്ങേർക്കും ഉണ്ടു് ഡോക്ടറേറ്റും ഐ. ഏ. എസ്സും ഒക്കെ. അപ്പോൾ വിശ്വാസ്യത കൂടുമല്ലോ!) പറഞ്ഞ വാക്യമാണു് ഉദ്ധരിക്കുന്നതു്: “ലോകത്തിന്റെ പല സ്ഥലത്തുമുള്ള ഗ്രൂപ്പ് അസ്ട്രോളജിക്കൽ പ്രെഡിക്‌ഷൻ ഉള്ളവർ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒന്നിച്ചു വന്നു് മരണം ഒന്നിച്ചു കൈവരിക്കുന്നു…” ഇതു നന്ദകുമാർ പറഞ്ഞെന്നും ഏതോ അമേരിക്കക്കാരൻ പറഞ്ഞെന്നും അല്ല ഏതോ ജെർമൻകാരനാണു പറഞ്ഞതെന്നും ഒറ്റ വായിൽത്തന്നെ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നുണ്ടു്. എന്തരോ എന്തോ!
ഈ “ഗ്രൂപ്പ് അസ്ട്രോളജിക്കൽ പ്രെഡിക്‌ഷൻ” എന്നു പറഞ്ഞാൽ എന്താണു്? വരാഹമിഹിരൻ പറഞ്ഞതു വല്ലതും ആണോ? അതോ അമേരിക്കയിലുള്ള ജെർമൻകാരൻ നന്ദകുമാറിന്റെ തിയറിയോ?
ഇവിടെ “എമ്പറർ അശോകാ ഫ്ലൈറ്റ്” തകർന്നു് 440 പേരാണു മരിച്ചതെന്നു് സംശയലേശമെന്യേ ശ്രീ ഗോപാലകൃഷ്ണൻ പറഞ്ഞതു കേട്ടല്ലോ? 1978-ലെ പുതുവത്സരദിനത്തിൽ ബോംബെയിൽ തകർന്നു വീണ ആ ഫ്ലൈറ്റിൽ (എയർ ഇന്ത്യ 855) മരിച്ചതു് 213 പേരാണു്. (കൂടുതൽ വിവരങ്ങൾ ഈ വിക്കി പേജിൽ ഉണ്ടു്.) അതാണു ഗോപാലകൃഷ്ണനു 440 ആയതു്. ഭാരതീയഗണിതത്തിലെയും ജ്യോതിഷത്തിലെയും നമ്പരുകളെപ്പോലെ ഇതും അപ്പോൾ തോന്നിയ നമ്പരാണെന്നു ചുരുക്കം!
വിദഗ്ദ്ധമായ കബളിപ്പിക്കൽ
ചുരുക്കം പറഞ്ഞാൽ, ഈ പതിമൂന്നു വീഡിയോകളിൽക്കൂടി ഡോ. ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങളിൽ ഭൂരിഭാഗവും പൊട്ടത്തെറ്റാണെന്നു മാത്രമല്ല, ചില സ്ഥാപിതതാത്പര്യങ്ങൾ സ്ഥിരീകരിക്കാൻ യാതൊരു അടിസ്ഥാനവുമില്ലാതെ ഫാബ്രിക്കേറ്റ് ചെയ്ത വൻ തട്ടിപ്പുകളാണു്. പ്രസംഗത്തിനിടയിൽ കേൾക്കുന്ന നീണ്ട കൈയടികൾ സൂചിപ്പിക്കുന്നതു് അഭ്യസ്തവിദ്യരായ മലയാളികളിൽ പലരും (ഈ പ്രസംഗത്തിന്റെ കേൾവിക്കാർ ഒരു ഹിന്ദുമഹാസമ്മേളനത്തിൽ കാശും കൊടുത്തു വന്നു സംബന്ധിച്ചവർ മാത്രമാണെന്നു മറക്കുന്നില്ല) ഇത്തരം അവകാശവാദങ്ങൾ കേട്ടാൽ അതിനെപ്പറ്റി അല്പം പോലും ആലോചിക്കാതെ വെള്ളം തൊടാതെ വിഴുങ്ങുന്നു എന്നാണു്. എന്തു കൊണ്ടു്?
ഒന്നാമത്തെ കാരണം ഡോ. ഗോപാലകൃഷ്ണന്റെ വാക്കുകളിലുള്ള സ്ഥിരതയാണു്. ഈ ഭൂലോകപൊട്ടത്തരങ്ങളൊക്കെ എത്ര ആത്മവിശ്വാസത്തോടെയാണു് അദ്ദേഹം പറയുന്നതു്! കേൾക്കുന്നവനു് ഇതിൽ അല്പമെങ്കിലും തെറ്റുണ്ടെന്നു തോന്നുമോ? കോൺഫിഡൻസോടു കൂടി പറയുന്ന വാക്കുകളെ അവിശ്വസിക്കാൻ സാധാരണജനം മടിക്കും. നല്ല ഒരു പ്രഭാഷകനായ അദ്ദേഹം തന്റെ പ്രഭാഷണപാടവത്തെ മനുഷ്യരിൽ അജ്ഞാനവും അന്ധവിശ്വാസവും കുത്തിവെയ്ക്കാനാണു് ഉപയോഗിക്കുന്നതു്.
രണ്ടാമതായി, അദ്ദേഹം ഇടയ്ക്കിടെ ഉദ്ധരിക്കുന്ന സംസ്കൃതം. ഞാൻ നേരത്തേ പറഞ്ഞതു പോലെ, മൃതഭാഷയായ സംസ്കൃതത്തിലുള്ള ഒരു ഉദ്ധരണി കേട്ടാൽ അതു ബി സി മൂന്നാം നൂറ്റാണ്ടിലെയാണോ അതോ ഏ ഡി പത്തൊമ്പതാം നൂറ്റാണ്ടിലേതാണോ എന്നു തിരിച്ചറിയാൻ പ്രയാസം. അതു നന്നായി ഉച്ചരിച്ചാൽ വളരെ പുരാതനമായ അറിവാണെന്നുള്ള മിഥ്യാബോധം ഉണ്ടാകും. ഓരോന്നും എഴുതിയ സമയവും അന്നു ശാസ്ത്രം എത്രത്തോളം വളർന്നിരുന്നു എന്നും പരിശോധിച്ചാൽ പല അവകാശവാദങ്ങളുടെയും പൂച്ചു പുറത്താകും.
ജ്യോതിഷത്തിനു ശാസ്ത്രീയതയില്ലെന്നു് പല വിധത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണു്. (ജ്യോതിഷം നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്നതിന്റെ ചരിത്രവും അതിന്റെ പൊള്ളത്തരവും സൂരജ് എഴുതിയിരിക്കുന്നതു വായിക്കുക. ചിലപ്പോഴൊക്കെ ജ്യോതിഷം ശരിയാകുന്നു എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തെപ്പറ്റി കാൽവിൻ എഴുതിയ അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ! എന്ന പോസ്റ്റും നോക്കുക.) ആ വഴിക്കു പോയിട്ടു കാര്യമില്ല എന്നറിയാവുന്നതു കൊണ്ടു് പുതിയ ഒരു അടവുമായാണു് ഇത്തവണ ഡോ. ഗോപാലകൃഷ്ണന്റെ വരവു്. ജ്യോതിഷം സയന്റിഫിക് അല്ല, പക്ഷേ യൂസ്‌ഫുൾ ആണത്രേ! സയന്റിഫിക് അല്ലെങ്കിലും ഇങ്ങേരുടെ പ്രവചനങ്ങൾ എല്ലാം ശരിയായിട്ടുണ്ടത്രേ! അച്ഛൻ മരിച്ച സമയം, അയൽവക്കത്തെ മരുമകൾക്കു് ആശുപത്രിയിൽ ഷേവു ചെയ്യലാണു ജോലി എന്നതു് കൃത്യമായി ഭർത്താവിന്റെ ജാതകത്തിൽ നിന്നു പറഞ്ഞതു്, ഒരു പയ്യന്റെ ജാതകം നോക്കി അവൻ കല്യാണം കഴിഞ്ഞാലും അമ്മയുടെ കൂടെ മാത്രമേ കിടക്കൂ എന്നു പറഞ്ഞതും ആ പയ്യന്റെ കല്യാണം ഒരാഴ്ചയ്ക്കുള്ളിൽ വിവാഹമോചനത്തിൽ കലാശിച്ചതും,… എന്നിങ്ങനെ ഒരിക്കലും ജാതകം നോക്കാത്ത ഗോപാലകൃഷ്ണൻ നടത്തിയ പല പ്രവചനങ്ങളും സത്യമായിട്ടുണ്ടത്രേ! ഇതു വരെ മുകളിൽപ്പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഇതൊക്കെ ഗ്യാസാകാനാണു സാദ്ധ്യത. അല്ലെങ്കിൽ കാൽവിൻ വിശദീകരിച്ച സെലക്ടീവ് അംനീഷ്യ. “പുലി വരുന്നേ…” എന്നു നിലവിളിച്ച ബാലനെപ്പോലെ ഇനി ഇങ്ങേർ എത്ര കോൺഫിഡൻസോടെ പറഞ്ഞാലും അതു ഗ്യാസാണെന്നു ജനം ധരിച്ചാൽ അദ്ഭുതപ്പെടാനില്ല.
ആ…
നേരത്തേ ഉദ്ധരിച്ച, ഡോ. ഗോപാലകൃഷ്ണന്റെ പ്രഭാഷണപരമ്പരയുടെ സാരാംശമായ, “ആ!” എന്ന മഹദ്വചനത്തെ (നാലാമത്തെ വീഡിയോയിൽ 10:29 മുതൽ 10:58 വരെ) ഒന്നുകൂടി ഉദ്ധരിച്ചു കൊണ്ടു് ഈ പോസ്റ്റ് അവസാനിപ്പിക്കുകയാണു്.
ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം ? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
ഇനി, ഞാൻ കുറേ ചോദ്യങ്ങൾ തന്നെ ചോദിച്ചിട്ടു് ഉത്തരവും പറയട്ടേ:
തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ വായിൽത്തോന്നിയ ഉഡായിപ്പുകൾ മാത്രം പറഞ്ഞു് എന്തൊക്കെയോ ഫലിപ്പിക്കുവാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെപ്പോലെയുള്ള ആളുകളെ അഭ്യസ്തവിദ്യരായ ആളുകൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതു് എന്തു കൊണ്ടു്? ഉത്തരം: ആ…
ഇത്രയും കാലം ഇദ്ദേഹത്തിന്റെ കള്ളത്തരങ്ങളെപ്പറ്റി ഒരാളും എഴുതാഞ്ഞതു് എന്തുകൊണ്ടു്? ഉത്തരം: ആ…
എത്രയൊക്കെ പഴുതടച്ചു പൊളിച്ചടുക്കിയാലും ഈ പോസ്റ്റിന്റെ കമന്റുകളിൽ ഇനിയും ഏതെങ്കിലും ചെറിയ കാര്യത്തിന്റെ വാലിൽ തൂങ്ങി ഇദ്ദേഹത്തെ ന്യായീകരിക്കാൻ ആളുകൾ വരുന്നതു് എന്തുകൊണ്ടു്? ഉത്തരം: ആ…
ഈ ബ്ലോഗിലെ കഴിഞ്ഞ മൂന്നു പോസ്റ്റുകൾക്കും കൂടി ഇതു വരെയുള്ള മൊത്തം കമന്റുകളുടെ എണ്ണം 636. എന്റെ ഈ മൂന്നു പോസ്റ്റുകളിൽ പ്രതിപാദിച്ച വിഷയങ്ങളെപ്പറ്റിയുള്ള ഗഹനമായ ചർച്ചയാണു് ഈ 636 കമന്റുകളിൽ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി. ഇവയിൽ മൂന്നിൽ രണ്ടു ഭാഗം കമന്റുകളെങ്കിലും സ്പാം എന്നോ ട്രോൾ അറ്റായ്ക്ക് എന്നോ വിളിക്കാവുന്ന വിഭാഗത്തിൽ പെടുത്താവുന്നവയാണു്. വായിൽ തോന്നിയ അസംബന്ധങ്ങൾ ഓരോ അഞ്ചു മിനിട്ടിലും കമന്റായിട്ടിടുന്നവർ, എന്തെങ്കിലും ചോദിക്കുന്നവരെ തെറി വിളിക്കുവാൻ മാത്രമായി കച്ച കെട്ടിയിറങ്ങിയവർ, സയൻസെന്നു പറഞ്ഞു് എന്തൊക്കെയോ പുലമ്പുന്നവർ, അങ്ങോട്ടാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ ഒരക്ഷരം പോലും തലയിൽ കയറാത്തവർ. ബോധം എന്ന അമൂർത്തസങ്കല്പം മുതൽ ഞാനും കൂടി ഉണ്ടെങ്കിലെന്താ??? എന്ന ദാർശനികപ്രശ്നം വരെ തൂലികാനാമമായ് സ്വീകരിച്ചവർ – എന്നിങ്ങന പല വിഭാഗത്തിലുള്ളവർ. ഇതിലെല്ലാം പെടുന്ന ഒരു കൂട്ടരുമുണ്ടു്. ആകെ ജഗപൊക!
ഈ കമന്റുകളിൽ പോസ്റ്റിനോടു ബന്ധമില്ലാത്തതും അസംബന്ധം മാത്രമുള്ളതുമായ കമന്റുകളെല്ലാം, അവയ്ക്കു് ഞാൻ എഴുതിയ മറുപടികൾ ഉൾപ്പെടെ, അടുത്ത വീക്കെൻഡിൽ ഡിലീറ്റ് ചെയ്യാൻ പോകുകയാണു്. ഇതാദ്യമായല്ല എന്റെ ബ്ലോഗിൽ ഞാൻ ഇങ്ങനെയൊരു കമന്റുകളുടെ സ്പ്രിംഗ് ക്ലീനിംഗ് നടത്തുന്നതു്. ഈ കടുംകൈയ്ക്കു് എന്നെ പ്രേരിപ്പിച്ച ചേതോവികാരം ഏതാനും വെടിയുണ്ടകളിൽ താഴെ സംഗ്രഹിക്കട്ടേ:
കണ്ടാൽ പല തരം ഫോണ്ടുകളും കളറുകളും മറ്റുമുള്ള ഒരു HTML പേജാണെങ്കിലും ഓരോ പോസ്റ്റും നാലഞ്ചു ഡാറ്റാബേസ് ടേബിളുകളിൽ നിന്നു് ഡാറ്റാ ശേഖരിച്ചു് അപ്പപ്പോൾ ജെനറേറ്റു ചെയ്തുന്ന ഡൈനാമിക് പേജാണു്. കമന്റുകളുടെ എണ്ണം കൂടുമ്പോൾ അതു ഡിസ്പ്ളേ ചെയ്തു വരാൻ സമയമെടുക്കും. അതിൽ ഫിറ്റു ചെയ്തിരിക്കുന്ന CSS കൂടിയാകുമ്പോൾ പറയുകയും വേണ്ടാ. ഇതു് ഈ പോസ്റ്റുകൾ വായിക്കാൻ ശ്രമിക്കുന്നവർക്കു ബുദ്ധിമുട്ടാകും. പോസ്റ്റുകളും അവയ്ക്കു കിട്ടിയ കാമ്പുള്ള കമന്റുകളും മാത്രം നിലനിർത്താൻ തീരുമാനിച്ചതു് അതുകൊണ്ടാണു്.
ഈ പോസ്റ്റുകളിൽ ഭാവിയിൽ ആരെങ്കിലും ഏതെങ്കിലും ലിങ്കു വഴിയോ മറ്റോ എത്തിയാൽ അവർ അവയ്ക്കു താഴെ കവലച്ചട്ടമ്പിമാരെ വെല്ലുന്ന തെറിവിളികളും ഭൂലോകമണ്ടത്തരങ്ങളും വെണ്ടയ്ക്കാമുഴുപ്പിൽ കിടക്കുന്നതു കാണാൻ എനിക്കു് അശേഷം താത്പര്യമില്ല. എന്തായാലും ഇതു് എന്റെ ബ്ലോഗാണല്ലോ. ഈ കമന്റുകൾക്കെതിരേ ആരെങ്കിലും സൈബർ സെല്ലിലോ മറ്റോ കേസു കൊടുത്താൽ ഞാൻ സമാധാനം പറയേണ്ടി വരുമല്ലോ.
Don’t feed the trolls എന്നതു് ഗൗരവമുള്ള ചർച്ചകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ആളുകൾ അനുവർത്തിക്കുന്ന ഒരു ശീലമാണു്. അക്കാദമിക് ന്യൂസ്‌ഗ്രൂപ്പുകളിൽ വന്നു ബഹളമുണ്ടാക്കുന്ന ജയ് മഹാരാജുകളും മൊല്ലാക്കമാരും ആ ഗ്രൂപ്പുകളുടെ തന്നെ വിശ്വാസ്യതയ്ക്കു കോട്ടമുണ്ടാക്കിക്കൊണ്ടു് സ്വയം നിർവൃതിയടയുകയാണു്.
കമന്റുകൾ മോഡറേറ്റ് ചെയ്യുന്നതിനോടു് എനിക്കു താത്പര്യമില്ല. പല തിരക്കുകൾ മൂലം ചിലപ്പോൾ ദിവസങ്ങളോളം ഇവിടെ വരാൻ എനിക്കു പറ്റിയില്ലെന്നു വരും. അതുപോലെ എന്റെ വായനക്കാരിൽ ഭൂരിഭാഗവും എനിക്കു രാത്രിയാവുമ്പോൾ ഈ ബ്ലോഗ് വായിക്കുന്നവരാണു്. മോഡറേഷൻ വന്നാൽ പല ചർച്ചകളും മുടങ്ങും. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ശുദ്ധികലശം നടത്തുന്നതു തന്നെ ഭേദം.
കമന്റുകൾ ഡിലീറ്റു ചെയ്താൽ ഉള്ള ഏറ്റവും വലിയ പ്രശ്നം അവയിലടങ്ങിയിരിക്കുന്ന മഹദ്വചനങ്ങൾ പലതും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോകും എന്നതാണു്. പലതും മണിക്കൂറുകളോളം ചിരിച്ചു മറിഞ്ഞു കഴുത്തുളുക്കാൻ തക്കവണ്ണം ആഹ്ലാദദായകങ്ങളാണു്. മറ്റു പലതിലും അനശ്വരമായ പല ശാസ്ത്രതത്ത്വങ്ങളും അടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇന്നത്തെ മനുഷ്യനു് അതൊക്കെ മനസ്സിലാക്കാനുള്ള ബ്രെയിൻ ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ലായിരിക്കാം. ഒരു അമ്പതോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ മനസ്സിലാക്കാനുള്ള ശാസ്ത്രവിജ്ഞാനം നമുക്കുണ്ടായെന്നു വരാം. അതിനാൽ ഈ മൂന്നു പോസ്റ്റുകളിലെ കമന്റുകളിൽ നിന്നു തിരഞ്ഞെടുത്ത ചില മഹദ്വചനങ്ങൾ താഴെച്ചേർക്കുന്നു. (ഡിസ്‌ക്ലൈമർ: ചിലതൊക്കെ ഒറിജിനൽ മഹദ്വചനങ്ങളാണു്. മറ്റുള്ളവ ഒറിജനൽ മഹദ്വചങ്ങൾ ഞാൻ കാച്ചിക്കുറുക്കി വ്യാഖ്യാനിച്ചു് വളച്ചൊടിച്ചു് ഈ പരുവമാക്കിയതാണു്.)
ഇരുമ്പു പോലെയുള്ള ലോഹങ്ങൾ ചൂടു തട്ടിയാൽ (താപനില കൂടുമ്പോൾ) വികസിച്ചു വലുതാവും. എന്നാൽ താപനില പഴയ രീതിയിലായാൽ അവ സങ്കോചിച്ചു പൂർവ്വസ്ഥിതിയെ പ്രാപിക്കില്ല. പനിയുള്ള പത്തുപേരുടെ ടെമ്പറേച്ചർ നോക്കിക്കഴിഞ്ഞാൽ പിന്നെ ആ തെർമോമീറ്ററുപയോഗിച്ചു് പനിയില്ലാത്തവന്റെ ടെംപറേച്ചർ കൃത്യമായി കിട്ടില്ല. ചിലപ്പോൾ മെർക്കുറി തെർമോമീറ്ററും ഭേദിച്ചു വെളിയിൽ പോകും. വേനൽക്കാലത്തു വികസിച്ചു വികസിച്ചു് പാരീസിലെ ഈഫൽ ടവറിനു് ഇപ്പോൾ അതുണ്ടാക്കിയതിന്റെ എട്ടുപത്തിരട്ടി പൊക്കം കൂടുതലുണ്ടു്.
heating and cooling സംഭവിക്കുമ്മ്ബോൾ expansion ratum cooling ratum ഒരു പോലെയാണോ എന്ന് ഞാൻ തിരഞ്ഞ് മടുത്തു… എവിടെയും കണ്ടെത്തിയില്ല…
ഈ websitil അതിന്റെ details കണ്ടെത്താൻ വഴിയുണ്ട്…
(html)://md1.csa.com/partners/viewrecord.php?requester=gs&collection=TRD&recid=200005510178EMD&q=thermal+contraction+iron&uid=789075517&setcookie=yes
ആർക്കെങ്കിലും കഴിയുമെങ്കിൽ ഒന്ന് download ചെയ്തു തന്നാൽ നന്നായിരുന്നു..(അതിന് എന്തോ passowrdo മറ്റോ വെണം)
ഇനി ആർക്കെങ്കിലും അതിനെക്കുറിച്ച് അറിയാമെങ്കിൽ പറ്ഞ്ഞുതന്നാലും മതി.
ഒരിക്കലും indefinite അയി അതു വലുതാവുകയില്ല്ല..
ice ഉരുകി വെള്ളം ആകുന്നതു പോലെ വെള്ളം ചൂടായി നീരാവി ആകുന്നതുപോലെയോ ഒരു പ്രത്യെക point കഴിഞ്ഞാൽ അതു liquid formilo അല്ലങ്കിൽ മറ്റെന്ദോ ആയി മാറാനുള്ള സാധ്യതയുണ്ട്…
ശ്രീകൃഷ്ണനാണു് ലോകം കണ്ടതിൽ വെച്ചു് ഏറ്റവും മികച്ച മനശ്ശാത്രജ്ഞൻ. മനശ്ശാസ്ത്രം പഠിക്കുന്നവർക്കു ടെക്സ്റ്റ് ബുക്കായി ഭഗവദ്ഗീത മാത്രം മതി. പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരാണു് ലോകത്തിലെ മികച്ച ശാസ്ത്രജ്ഞർ. അമൃതാനന്ദമയിയാണു് ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച സയന്റിസ്റ്റ്.
E = mc2 എന്നതു് മാറ്റർ എനർജിയായും പിന്നെ തിരിച്ചും മാറ്റാൻ ഐൻസ്റ്റൈൻ ഉണ്ടാക്കിയ ഒരു തരികിടയാണു്. അതു ഭാരതീയഗ്രന്ഥങ്ങളിൽ നിന്നു പൊക്കിയതാണു്. താഴെപ്പറയുന്ന സൂക്തങ്ങളിൽ ഈ ഫോർമുല അല്പം കൂടി ക്ലിയറായി പറയുന്നുണ്ടു്.
എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തിൽ കുറച്ചു പച്ചയായ ഗണിതവിഞ്ചാനം നേടണം എന്നു തോന്നിയാൽ ഒന്ന് നമ്മുടെ പുരാതന ഗണിത ചിന്ദാരീതികൾ നന്നായി പഠിക്കുന്നത് നല്ലതായിരിക്കും.
mathematical tables കണാപാടം പഠിച്ചുകൊണ്ടും ദിവസത്തിൽ എതൊരു ചെറിയ calculationum calculatoril vendi പരക്കം പായുന്ന നമ്മുടെ ഈ മണ്ടൻ തലമുറയെക്കാളും എന്തുകൊണ്ടും നമ്മുടെ പുരാതന ചിന്താരീതികൾ വലുതാണ്… അതു കുറേ നിങ്ങളുടെ സംപൂജ്യരായ western scientistഉമാർ സമ്മതിച്ചിട്ടുമുണ്ട്….
ആൽബെറ്ട്ട് ഐൻസ്റ്റീൻ 1915il പറഞ്ഞു “Time goes more slowly in higher gravitational fields“. എന്നു പറഞ്ഞാൽ ന്ങ്ങൾ ഇപ്പൊ ഭൂമിയിൽ നിന്ന് സൂര്യനിൽ പോയി തിരിച്ചു വന്നാൽ, നിങ്ങളുടെ കൊച്ചുമക്കൾക്കും നിങ്ങൾക്കും ഒരേ പ്രായം ആയിരിക്കും എന്ന്….ഒരു film ഉണ്ട്.. “Back to the future”. അതു കണ്ടാൽ ഇതൊക്കെ ശെരിയാണോ എന്നു നമുക്കും തോന്നിപ്പോകും… പിന്നെ സമയം എന്നൊരു സാധനം ശെരിക്കും ഇല്ലല്ലോ…മനുഷ്യ്ൻ നിർമിച്ച സാധാരണ standard അല്ലേ…അതുകൊണ്ട് അന്ധമായി സമയത്തെ വിശ്വസിക്കുന്നതും ശെരിയല്ല….ആ വിശ്വാസം തെറ്റാണ് എന്നായിരിക്കണം einstein പറഞ്ഞത്…
വർഗ്ഗമൂലം കാണാൻ രണ്ടക്കങ്ങൾ ഒന്നിച്ചിറക്കി ക്രിയചെയ്യുന്ന ആധുനികരീതി ആകെ വളഞ്ഞ വഴിയാണു്. പകരം വളരെ എളുപ്പമുള്ള ഒരു വഴിയുണ്ടു്. അതിൽ ഓരോ അക്കങ്ങളായി ഇറക്കി ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഭവം രണ്ടു വീതം ഒന്നിച്ചു ചേർക്കണം. പൂർണ്ണവർഗ്ഗമാണെങ്കിലേ ഇതു വർക്കു ചെയ്യൂ. This is not the final thing, there are conditions, there could be slight change if you try to find root of a number with odd digits, and sometimes there could be a small iteration to be done, and everything could be properly understood if one really read the thing. ഈ രീതി ഭയങ്കര എളുപ്പമാണു്. ഓരോ അക്കമായി ഇറക്കി എഴുതുകയാണെങ്കിലും ഇതു place value system അല്ല ഉപയോഗിക്കുന്നതു്. വേറേ എന്തോ ആണു്. എന്താണെന്നു് എനിക്കറിഞ്ഞുകൂടാ.
Sun എന്നതിന് എന്റെ കൈയിലുള്ള Pocket Oxford Dictionaryയില്‍ കൊടുത്തിരിയ്ക്കുന്നത്: 1 (a): The star round which the earth orbits and from which it receives light and warmth. (b): this light or warmth. 2. any star എന്നൊക്കെയാണ്. അതുകൊണ്ടു് സായണൻ സൂര്യൻ സഞ്ചരിക്കുന്ന വേഗത എന്നു പറഞ്ഞാൽ അർത്ഥം പ്രകാശം സഞ്ചരിക്കുന്ന വേഗത എന്നാണു്.
മഹാഭാരതത്തിൽ ഗാന്ധാരി തന്റെ ഗർഭം ഇടിച്ചുകലക്കിയപ്പോൾ വ്യാസൻ വന്നു് അതു നൂറ്റൊന്നു കുടങ്ങളിലായി മുറിച്ചു സൂക്ഷിച്ചു. അതിൽ നിന്നു് നൂറ്റൊന്നു കുട്ടികളുണ്ടായി. ഇതാണു് ആധുനികയുഗത്തിലെ ക്ലോണിംഗിന്റെയും അടിസ്ഥാനതത്ത്വം.
വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പേ വിമാനം ഭാരതീയന്‍ കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു.
ജെനെറ്റിക്കൽ ഫിംഗർപ്രിന്റിംഗ് എന്നു പറയുന്ന ശാസ്ത്രശാഖ ജ്യോതിഷം പോലെയാണു്. ഭാവി പ്രവചിക്കുകയാണു് അതു ചെയ്യുന്നതു്. വേറൊരു വീക്ഷണകോണിലൂടെ നോക്കിയാൽ, ജെനറ്റിക്കൽ ഫിംഗർപ്രിന്റിംഗ് പുനർജന്മം ഉണ്ടെന്നു തെളിയിക്കുന്നു.
സായണന്റെ കണക്കിൽ നിന്നു ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരം കണക്കുകൂട്ടിയാൽ 17.02 * 10^8 കിലോമീറ്റർ എന്നു കിട്ടും..
ആധുനിക യുഗത്തിലെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 1 AU = 149,597,871 kilometres = 1.4 * 10^8 കിലോമീറ്റേർസ്. ഇവ രണ്ടും വളരെ അടുത്തു കിടക്കുന്നു. എത്ര കൃത്യമാണെന്നു നോക്കണേ…
ഇന്റർനെറ്റിലെ ഏറ്റവും ആധികാരികമായ എൻസൈക്ലോപീഡിയ യാഹൂ ആൻസ്വേഴ്സ് ആണു്. ആപേക്ഷികതാസിദ്ധാന്തത്തെപ്പറ്റി വല്ലതും അറിയണമെന്നുണ്ടെങ്കിൽ അവിടെ നോക്കുക.
മുകളിൽ കൊടുത്ത മഹദ്വചങ്ങൾ വായിച്ചു പുളകിതരായവർക്കു് അതുപോലെയുള്ള മറ്റു വചനങ്ങൾ കേൾക്കാൻ താത്പര്യമുണ്ടാവും മെന്നറിയാം. ഇതാ കുറേ എണ്ണം ഇംഗ്ലീഷിൽ. ആറിലും ഏഴിലും പഠിക്കുന്ന ചില പിള്ളേർ ചരിത്രപരീക്ഷയ്ക്കു് ഉത്തരമായി എഴുതിയതാണത്രേ. പണ്ടൊരു ഈമെയിൽ ഫോർവേർഡായി വന്നതാണു്. (What a coincidence! ആർഷഭാരതതീവ്രവാദവും ഇപ്പോൾ അധികവും ഈമെയിൽ ഫോർവേർഡായാണല്ലോ വരുന്നതു്!) കോപ്പിറൈറ്റൊക്കെ ഇതെഴുതിയ ആൾക്കു്.
ആറിലും ഏഴിലും പഠിക്കുന്ന പിള്ളേരെഴുതിയതായതു കൊണ്ടു് ഇതിനു് ബിരുദാനന്തരബിരുദത്തിനു വരെ പഠിക്കുന്നവർ എഴുതിയ മറ്റേ സംഭവങ്ങളുടെ ആ സ്റ്റാൻഡേർഡ് കിട്ടിയില്ല. ക്ഷമിക്കുക.
Ancient Egypt was old. It was inhabited by gypsies and mummies who all wrote in hydraulics. They lived in the Sarah Dessert. The climate of the Sarah is such that all the inhabitants have to live elsewhere.
Moses led the Hebrew slaves to the Red Sea where they made unleavened bread, which is bread made without any ingredients. Moses went up on Mount Cyanide to get the ten commandos. He died before he ever reached Canada but the commandos made it.
Solomon had three hundred wives and seven hundred porcupines. He was actual hysterical figure as well as being in the bible.
The Greeks were a highly sculptured people, and without them we wouldn’t have history. The Greeks also had myths. A myth is a young female moth. Socrates was a famous old Greek teacher who went around giving people advice.They killed him. He later died from an overdose of wedlock which is apparently poisonous. After his death, his career suffered a dramatic decline.
In the first Olympic games, Greeks ran races, jumped, hurled biscuits, and threw the java.
Julius Caesar extinguished himself on the battlefields of Gaul. The Ides of March murdered him because they thought he was going to be made king. Dying, he gasped out: “Same to you, Brutus.”
Joan of Arc was burnt to a steak and was canonized by Bernard Shaw for reasons I don’t really understand. The English and French still have problems.
Queen Elizabeth was the “Virgin Queen,” As a queen she was a success. When she exposed herself before her troops they all shouted “hurrah!” and that was the end of the fighting for a long while.
It was an age of great inventions and discoveries. Gutenberg invented removable type and the Bible. Another important invention was the circulation of blood.
Sir Walter Raleigh is a historical figure because he invented cigarettes and started smoking.
Sir Francis Drake circumcised the world with a 100 foot clipper which was very dangerous to all his men.
The greatest writer of the Renaissance was William Shakespeare. He was born in the year 1564, supposedly on his birthday. He never made much money and is famous only because of his plays. He wrote tragedies, comedies, and hysterectomies, all in Islamic pentameter.
Romeo and Juliet are an example of a heroic couple. They lived in Italy. Romeo’s last wish was to be laid by Juliet but her father was having none of that I’m sure. You know how Italian fathers are.
Writing at the same time as Shakespeare was Miguel Cervantes. He wrote Donkey Hote. The next great author was John Milton. Milton wrote Paradise Lost. Since then no one ever found it.
Delegates from the original 13 states formed the Contented Congress. Thomas Jefferson, a Virgin, and Benjamin Franklin were two singers of the Declaration of Independence. Franklin discovered electricity by rubbing two cats backward and also declared, “A horse divided against itself cannot stand.” Franklin died in 1790 and is still dead.
Abraham Lincoln became America’s greatest Precedent. Lincoln’s mother died in infancy, and he was born in a log cabin which he built with his own hands. Abraham Lincoln freed the slaves by signing the Emasculation Proclamation.
On the night of April 14, 1865, Lincoln went to the theater and got shot in his seat by one of the actors in a moving picture show. They believe the assinator was John Wilkes Booth, a supposing insane actor. This ruined Booth’s career.
Johan Bach wrote a great many musical compositions and had a large number of children. In between he practiced on an old spinster which he kept up in his attic. Bach died from 1750 to the present. Bach was the most famous composer in the world and so was Handle. Handle was half German, half Italian, and half English. He was very large.
Beethoven wrote music even though he was deaf. He was so deaf that he wrote loud music and became the father of rock and roll. He took long walks in the forest even when everyone was calling for him. Beethoven expired in 1827 and later died for this.
The nineteenth century was a time of a great many thoughts and inventions. People stopped reproducing by hand and started reproducing by machine. The invention of the steamboat caused a network of rivers to spring up.
Louis Pasteur discovered a cure for rabbits but I don’t know why.
Charles Darwin was a naturalist. He sort of said God’s days were not just 24 hours but without watches who knew anyhow? I don’t get it.
Madman Curie discovered radio. She was the first woman to do what she did. Other women have become scientists since her but they didn’t get to find radios because they were already taken.
Karl Marx was one of the Marx Brothers. The other three were in the movies. Karl made speeches and started revolutions. Someone in the family had to have a job, I guess.
സ്കൂൾകുട്ടികളാണെങ്കിലും ഇങ്ങനെ മണ്ടത്തരങ്ങൾ എഴുതുമോ എന്നു് ഇതു വായിച്ചപ്പോൾ സംശയമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ കമന്റുകൾ കണ്ടതോടെ സംശയം മാറി 🙂
ഒരാഴ്ച കഴിഞ്ഞു്, അടുത്ത വീക്കെൻഡിൽ കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ അനാവശ്യമെന്നു് എനിക്കു തോന്നുന്ന എല്ലാ കമന്റുകളും ഡിലീറ്റു ചെയ്യും എന്നു് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. വിലയേറിയ സമയം ചെലവഴിച്ചു് നിങ്ങൾ എഴുതിയ കമന്റുകൾ നഷ്ടപ്പെടരുതു് എന്നുണ്ടെങ്കിൽ താഴെപ്പറയുന്നവയിൽ ഒന്നു ചെയ്യുക:
കമന്റുകൾ സൂക്ഷിക്കാൻ നിങ്ങൾ കമന്റുഭരണി, കമന്റുശേഖരം, കമന്റലമാര, കമന്റുപത്തായം, കമന്റുകക്കൂസ് തുടങ്ങിയ പേരുകളിൽ ബ്ലോഗുകൾ വല്ലതും തുടങ്ങിയിട്ടുണ്ടെങ്കിൽ അവ അവിടെയും എഴുതിച്ചേർക്കുക.
അതിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ചു് ഒരു പോസ്റ്റെഴുതുക.
ആ പോസ്റ്റുകൾ കമന്റുകളോടെ പ്രിന്റു ചെയ്യുക.
ആ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടോ ഫോട്ടോയോ എടുത്തു വെയ്ക്കുക.
അവിടുത്തെ കമന്റുകൾ ഈ പോസ്റ്റിൽ കമന്റുകളായി എഴുതുക. ഈ പോസ്റ്റിലെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്യില്ല.
ഓരോ അഞ്ചു മിനിറ്റിലും ചുമ്മാ എന്തെങ്കിലും കമന്റിടുന്നതു നിങ്ങൾക്കൊരു ശീലമായിപ്പോയിട്ടുണ്ടെങ്കിൽ അതിനും ഒരു പോംവഴി: ഈ പോസ്റ്റ് ബുക്ക്‌മാർക്ക് ചെയ്യുക. ഇവിടെ കമന്റുകൾ ഇട്ടുകൊണ്ടേ ഇരിക്കുക. നിങ്ങൾക്കു മറുപടി തരണമെന്നു തോന്നുന്ന ബുദ്ധിജീവികൾക്കു് ഇവിടെ വന്നു് ഉത്തരം കൊടുക്കാം. അവരെ നിങ്ങൾക്കു തിരിച്ചു് ക്ലോണിംഗും അൺസേറ്ട്ടന്റി പ്രിൻസിപ്പിളും ബ്രഹ്മസത്യം ഈസ് ഈക്വൽ ടു ജഗന്മിഥ്യ സ്ക്വയേർഡ് എന്നതും ഒക്കെ പഠിപ്പിക്കാം. എനിക്കാണെങ്കിൽ ഇങ്ങോട്ടു പിന്നീടു വരാതെ മനഃസമാധാനത്തോടെ ഇരിക്കാം. എല്ലാവരും ഹാപ്പി!
ഞാൻ അടുത്ത കാലത്തെഴുതിയവയിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പോസ്റ്റാണു് ആളു നോക്കി മാറുന്ന യോജന. ആർഷഭാരതജ്ഞാനത്തെപ്പറ്റി സത്യമല്ലാത്ത അവകാശവാദങ്ങൾ പ്രസംഗിച്ചു നടക്കുന്ന വളരെ പോപ്പുലർ ആയ ഒരാളുടെ കള്ളി വെളിച്ചത്താക്കിയതു മാത്രമല്ല, അടുത്ത കാലത്തായി ചെയിൻ മെയിലുകളിലും മറ്റുമായി ഇന്റർനെറ്റിൽ കറങ്ങി നടക്കുന്ന “സായണന്റെ സൂര്യവേഗതയുടെ” പൊള്ളത്തരം വെളിവാക്കിയതുമാണു് ആ പോസ്റ്റ് വളരെയധികം ആളുകൾ വായിക്കാൻ കാരണമായതു്. വായിച്ചവരിൽ നല്ല പങ്കും എന്റെ ആശയങ്ങളെ എതിർക്കുന്നവരാണെങ്കിലും, അതിനുള്ള യുക്തി മുന്നോട്ടു വെയ്ക്കാൻ കാര്യമായി ആർക്കും കഴിഞ്ഞില്ല. ചില മുട്ടാപ്പോക്കു ന്യായങ്ങളുമായി വന്നവർക്കു് (വിരസവും ഏകപക്ഷീയവുമായി പോകുകയായിരുന്ന ചർച്ചയെ ആനന്ദദായകമാക്കിയ ശേഷു എന്ന വായനക്കാരനു പ്രത്യേക നന്ദി 🙂 ) ചില വായനക്കാർ തന്നെ മറുപടി കൊടുത്തു. അങ്ങനെ എന്റെ ജോലി എളുപ്പമാക്കിത്തന്ന എല്ലാവർക്കും, പ്രത്യേകിച്ചു് കാൽവിൻ, എക്സ്, ഉന്മേഷ്, സൂരജ്, യാത്രാമൊഴി, വാസുകി, ആരായാലെന്താ?, ഞാനായാലെന്താ?, റോബി, ഒടുക്കം ദേ ഇങ്ങനെയും ആയി (aka ബാബു), ശിശുപാലൻ, രസായനം എന്നീ വായനക്കാർക്കു്, വളരെ നന്ദി!
അധികം ആളുകളും പോസ്റ്റിലും പിന്നെ വന്ന കമന്റുകളിലും ഉള്ള ചെറിയ കാര്യങ്ങളിൽ തൂങ്ങിയാണു് വാദം. ഇവയിൽ ഒന്നിൽപ്പോലും യാതൊരു കഴമ്പുമില്ല.
ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിൽ പറഞ്ഞ കണക്കു ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. പകരം, ആർഷസംസ്കാരതീവ്രവാദികളൊക്കെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞിട്ടു് പിന്നെ “യഥാർത്ഥ” ആർഷസംസ്കാരത്തിന്റെ വാലിൽ കടിച്ചു തൂങ്ങി. ചിലർ ബ്രാഹ്മണരുടെയും ചാതുർവർണ്യത്തിന്റെയും തലയിൽ എല്ലാ പഴിയും ചാരി. അവർ ഇല്ലായിരുന്നെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പേ കെട്ടുകഥകളിൽ നിന്നു വികസിപ്പിച്ചെടുത്ത ക്ലോണിംഗും വിമാനവുമൊക്കെ ഭാരതത്തിൽ ഉണ്ടായേനേ എന്നാണു വാദം!
ഡോ. ഗോപാലകൃഷ്ണന്റെ കണക്കു വളരെ വ്യക്തമായ തെറ്റായതു കൊണ്ടു മാത്രമാണോ മിക്കവാറും എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞതു് എന്നെനിക്കു സംശയമാണു്. ഒരാളെ തള്ളിപ്പറഞ്ഞു് പ്രസ്ഥാനത്തിന്റെ പുറകേ പോകുന്നതാണല്ലോ എളുപ്പം. ഒരുപാടു പേർ പുറകേ നടന്ന ഒരു സ്വാമിയെ അനാശാസ്യനടപടിക്കു പിടിക്കൂടുമ്പോൾ “ഈ സ്വാമി മാത്രം ഫ്രോഡ്. ബാക്കി എല്ലാ സ്വാമിമാരും അവരുടെ തത്ത്വങ്ങളും ഉത്തമം!” എന്നു വാദിക്കും. ലൈംഗികപീഡനം മുതൽ അരുംകൊല വരെ നടത്തിയ ക്രിസ്ത്യൻ പുരോഹിതരുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പ്രശസ്തജ്യോത്സ്യൻ പറഞ്ഞ പ്രവചനങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ “ആ ജ്യോത്സ്യൻ ഫ്രോഡ്. ജ്യോതിഷം എന്നതു കറ കളഞ്ഞ ശാസ്ത്രം!” എന്നു് ഉദ്ഘോഷിക്കും. ശബരിമലയിലെ മകരജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നു പറയുമ്പോൾ അതു യുക്തിവാദികളുടെ വെറും തട്ടിപ്പാണെന്നു പറയും. അതു വ്യക്തമായി തെളിയിച്ചു കഴിയുമ്പോൾ ആരു കത്തിച്ചാലും വിശ്വാസമാണു പ്രധാനം എന്നു പറഞ്ഞു് നക്ഷത്രത്തിലേയ്ക്കും പരുന്തിലേയ്ക്കും പോകും. പാർട്ടിയിൽ നിന്നു് ഒരാൾ പുറത്തു ചാടുമ്പോൾ “ഇയാൾ പണ്ടു തൊട്ടേ ആളു പിശകായിരുന്നു. ഇയാൾ പോയിക്കഴിഞ്ഞപ്പോൾ ഇനി ബാക്കി പാർട്ടിയിലുള്ളവരെല്ലാം ആദർശധീരർ!” എന്നു പറയുന്നതും ഈ നിലപാടു തന്നെ.
ആളുകളെ കബളിപ്പിക്കുന്ന ഡോ. ഗോപാലകൃഷ്ണനെപ്പോലെയുള്ളവരെക്കാൾ വലിയ പ്രശ്നം അന്ധവിശ്വാസത്തിൽ നിന്നു് കൂടുതൽ അന്ധവിശ്വാസത്തിലേയ്ക്കു കൂപ്പുകുത്തുന്ന ഈ മനഃസ്ഥിതിയാണു്.
സായണന്റെ കണ്ടുപിടിത്തത്തെപ്പറ്റി ആദ്യമായി ഞാൻ കേൾക്കുന്നതു് കുറേക്കാലം മുമ്പു് ചിത്രകാരന്റെ ഒരു പോസ്റ്റിൽ (ചിത്രകാരൻ ഈ പോസ്റ്റുകളൊക്കെ പിന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടു് ലിങ്കു തരാൻ നിവൃത്തിയില്ല.) പൊതുവാളൻ എന്ന ബ്ലോഗർ എഴുതിയ ഒരു കമന്റിലാണു്. അതിനെത്തുടർന്നു് പൊതുവാളനുമായി ഒരു ചെറിയ തർക്കം ഞാൻ നടത്തിയിരുന്നു. ആരോ പറഞ്ഞു കേട്ടതാണു് (ഡോ. ഗോപാലകൃഷ്ണൻ തന്നെ ആയിരിക്കും :)), കൂടുതലായി ഒന്നും അറിയില്ല, തനിക്കു സംസ്കൃതം തീരെ അറിയില്ല എന്നു പറഞ്ഞു് പൊതുവാളൻ തടിതപ്പി. ഈ സംഭാഷണത്തെപ്പറ്റി വിശദമായി ഞാൻ ഭാരതീയജ്ഞാനം – ചില ചിന്തകൾ എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.
ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റ് എഴുതിത്തുടങ്ങുമ്പോൾ ഡോ. ഗോപാലകൃഷ്ണന്റെ വീഡിയോയും ലിൻഡാ ജോൺസിന്റേതെന്ന പേരിലുള്ള ലേഖനവും (ഈമെയിൽ ഫോർവേർഡായി വന്നതു്) മാത്രമേ കണ്ടിരുന്നുള്ളൂ. സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിച്ചിരുന്നില്ല. സുഭാഷ് കാക്കിന്റെയും ഗോപാലകൃഷ്ണന്റെയും കണക്കുകൂട്ടലുകൾ ശരിയാണെന്നു തന്നെയാണു ഞാൻ കരുതിയിരുന്നതു്. രണ്ടു കൂട്ടരും യോജനയുടെയും നിമിഷത്തിന്റെയും രണ്ടു മൂല്യങ്ങൾ ഉപയോഗിച്ചിട്ടും ഒരേ ഉത്തരം കിട്ടിയതിന്റെ മാജിക്കാണു് എന്നെ ആകർഷിച്ചതു്. അപ്പോൾ എഴുതിയ “പ്രത്യേകമായ വിലകളൊക്കെ വേറെയാണെങ്കിലും അവസാനത്തെ ഉത്തരം കറക്ടാവുന്ന ചെപ്പടിവിദ്യ അവിടെക്കാണാം!” എന്ന വാക്യം ഇപ്പോഴും അവിടെയുണ്ടു്. വിശദമായി എഴുതാൻ ഓരോ കണക്കും പരിശോധിച്ചപ്പോഴാണു് രണ്ടിലും ഓരോ പ്രശ്നമുണ്ടെന്നു കണ്ടതു്. ഗോപാലകൃഷ്ണന്റെ കണക്കുകൂട്ടൽ തന്നെ തെറ്റായിരുന്നെങ്കിൽ, സുഭാഷ് കാക്ക് നിമിഷത്തിന്റെ വില ഉപയോഗിച്ചതിൽ ഒരു പിശകു കണ്ടു. അങ്ങനെയാണു് രണ്ടും ഒപ്പിക്കലാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നതു്.
ആ പോസ്റ്റ് എഴുതിയതിനു ശേഷമാണു് സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിക്കാൻ സാധിച്ചതു്. അതു വായിച്ചപ്പോഴാണു് ചില കാര്യങ്ങൾ പിടികിട്ടിയതു്.
ആദ്യമായി വായിക്കേണ്ടതു് സുഭാഷ് കാക്ക് ഇന്ത്യൻ ജേണൽ ഓഫ് ഹിസ്റ്ററി ഓഫ് സയൻസിൽ 1997-ൽ എഴുതിയ Sayana’s astronomy എന്ന പേപ്പർ ആണു്.
സായണനും പ്രകാശവേഗതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള കണ്ടുപിടിത്തം തന്റെ കണ്ടുപിടിത്തമല്ലെന്നും പദ്മാകാർ വിഷ്ണു വർത്തക് എന്ന ആളുടെ Scientific knowledge in the Vedas എന്ന പുസ്തകത്തിൽ നിന്നുള്ളതാണെന്നും സുഭാഷ് കാക്ക് പറയുന്നു. അതനുസരിച്ചു് ഒരു യോജന 9.0625 മൈലും അര നിമേഷം 8/75 സെക്കന്റുമാണു്. (ഇതിനു് മഹാഭാരതം ശാന്തിപർവ്വം അദ്ധ്യായം 231-ന്റെ ഒരു റെഫറൻസ് പറയുന്നുണ്ടു്. എനിക്കു പരിശോധിക്കാൻ പറ്റിയില്ല.) ഇതു വെച്ചു കണക്കുകൂട്ടിയാൽ പ്രകാശവേഗത 187084.1 മൈൽ/സെക്കന്റ് എന്നു വരും. അതു് ശരിയായ മൂല്യമായ 186300-നെക്കാൾ അല്പം കൂടുതലാണു്. അതിനാൽ മോണീയർ വില്യംസ് (ശബ്ദതാരാവലി പോലെ ഒരു നിഘണ്ടു എഴുതിയ ആൾ) പറയുന്ന 9 മൈൽ എന്ന മൂല്യം എടുത്തു നമുക്കു് ഒന്നുകൂടി അടുത്ത 186413.22 എന്ന മൂല്യം കണ്ടുപിടിക്കാനാവും എന്ന മഹാതത്ത്വം ആ പുസ്തകത്തിൽ നിന്നാണു തനിക്കു കിട്ടിയതു് എന്നു് അദ്ദേഹം പറയുന്നു.
അതവിടെ നിൽക്കട്ടേ. ഇതൊക്കെ പറയാൻ എന്തെങ്കിലും കാരണം വേണ്ടേ? ആ കാരണം കണ്ടുപിടിക്കാൻ നടന്നപ്പോൾ സുഭാഷ് കാക്കിനു കിട്ടിയ പിടിവള്ളിയാണു് ചാണക്യന്റെ (കൗടില്യൻ) അർത്ഥശാസ്ത്രം. അതനുസരിച്ചു് യോജന ഒരു ധനുസ്സിന്റെ (ആറടി) 8000 ഇരട്ടിയാണു്. (ഇതു് ആര്യഭടൻ പറഞ്ഞ ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നതിനോടു് ഒത്തുപോകുന്നു.) 150 നിമേഷം ഒരു കലയും 80 കല ഒരു മുഹൂർത്തവും (48 മിനിറ്റ്) ആണു്. അതനുസരിച്ചു് ഒരു നിമേഷം 48 x 60 / (80 x 150) = 6/25 സെക്കന്റ് ആണു്.
മുകളിൽ പറഞ്ഞതു ശരിയാണു്. അർത്ഥശാസ്ത്രം രണ്ടാം അധികരണമായ അധ്യക്ഷപ്രചാരത്തിന്റെ ഇരുപതാം അദ്ധ്യായത്തിലെ (ഇതു് ദേശകാലമാനം എന്ന മുപ്പത്തെട്ടാം പ്രകരണവും കൂടിയാണു്) 79 മുതൽ 84 വരെയുള്ള സൂത്രങ്ങൾ: (അർത്ഥശാസ്ത്രം ഗണപതിശാസ്ത്രികളുടെ സംസ്കൃതവ്യാഖ്യാനത്തിന്റെ കെ. വി. എമ്മിന്റെ മലയാളപരിഭാഷയോടുകൂടി കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കിട്ടാൻ നിർവ്വാഹമില്ലാത്തവർ ഇവിടെ നിന്നു സംസ്കൃതം മൂലമോ ഇവിടെ നിന്നു് ഇംഗ്ലീഷ് പരിഭാഷയോ വായിക്കുക.)
പഞ്ചനിമേഷാഃ കാഷ്ഠാഃ = 5 നിമേഷം ഒരു കാഷ്ഠ ത്രിംശത്കാഷ്ഠാഃ കലാഃ = 30 കാഷ്ഠ (150 നിമേഷം) ഒരു കല. ചത്വാരിംശത്കലാഃ നാലികാ = 40 കല (6000 നിമേഷം) ഒരു നാഴിക സുവർണമാഷകാശ്ചത്വാരശ്ചതുര//ംഗുലായാമാഃ കുംഭച്ഛിദ്രം ആഢകം അംഭസോ വാ നാലികാ = നാലു മാഷത്തൂക്കം സ്വര്‍ണ്ണം അടിച്ചു നീട്ടി നാലംഗുലം നീളമുള്ള ശലാകയാക്കി അതു കൊള്ളത്തക്ക ദ്വാരത്തില്‍ ഒരു കുടം തുളച്ചാല്‍ ആ ദ്വാരത്തിലൂടെ ഒരാഢകം വെള്ളം വാര്‍ന്നുപോകുവാന്‍ എത്ര സമയം വേണമോ അത്ര സമയമാണു് ഒരു നാലിക. ദ്വിനാലികോ മുഹൂർത്തഃ = 2 നാഴിക (12000 നിമേഷം) ഒരു മുഹൂർത്തം പഞ്ചദശമുഹൂർത്തോ ദിവസോ രാത്രിശ്ച ചൈത്രേ ചാശ്വയുജേ ച മാസി ഭവതഃ = 15 നാഴിക ഒരു പകൽ അല്ലെങ്കിൽ രാത്രി (ചൈത്രം, അശ്വയുഗം എന്നീ മാസങ്ങളിൽ)
അതായതു് ഒരു നിമേഷം ഒരു നാഴികയുടെ (24 മിനിറ്റ്) 6000-ൽ ഒന്നാണു്. അതായതു് 24 x 60 / 6000 = 6/25 = 0.24 സെക്കന്റ്.
ഇനി യോജന: (72-73)
ദ്വിധനുസഹസ്രം ഗോരുതം = 2000 ധനു ഒരു ഗോരുതം ചതുർഗോരുതം യോജനം = 4 ഗോരുതം ഒരു യോജനം
ഒരു ധനു എന്നു പറയുന്നതു് ഒരു മനുഷ്യന്റെ പൊക്കം തന്നെയാണു് (ആറടി). അതായതു് 1 യോജന = 8000 x 6 / 5280 = 9.09 മൈൽ.
ഇനി നമുക്കു് അർത്ഥശാസ്ത്രം വെച്ചു് ഒന്നു കണക്കുകൂട്ടാം: സായണന്റെ സൂര്യന്റെ വേഗത = 2202 x 9.09 / 0.12 = 166801.5 മൈൽ / സെക്കന്റ് = 268440.993 കിലോമീറ്റർ / സെക്കന്റ്.
ഇതു് പ്രകാശവേഗതയെക്കാൾ 10% കുറവാണു്. എന്തെങ്കിലും കൂടി അഡ്ജസ്റ്റ് ചെയ്തെങ്കിലേ ശരിയാവുകയുള്ളൂ. വല്ല മോണീയർ വില്യംസിനെയോ മറ്റോ കൂട്ടുപിടിച്ചു്…
ഇനി, ഈ വിലകളൊക്കെ ഉപയോഗിച്ചാൽ ആര്യഭടന്റെ ഭൂവ്യാസം തെറ്റും എന്നു സുഭാഷ് കാക്ക് മനസ്സിലാക്കി. ആര്യഭടന്റെ യോജന ഏഴര മൈലേ ഉള്ളൂ എന്നും ഭൂവ്യാസം ആര്യഭടന്റെ യോജനയനുസരിച്ചു് 1050 യോജനയാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നു് ആര്യഭടൻ പറഞ്ഞതു സൗകര്യപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു. പകരം 96 അംഗുലത്തിന്റെ (ഇതു് ആര്യഭടൻ പറഞ്ഞതല്ല) 8000 ഇരട്ടി എന്നെടുത്തിരിക്കുന്നു. (ആര്യഭടന്റെ ഭൂവ്യാസം ശരിയാക്കാം, ഒരു മനുഷ്യന്റെ ഉയരം ഏകദേശം അഞ്ചടി എന്നെടുത്താൽ.) ഉരുണ്ടുകളിയിൽ കാക്കും കണക്കുതന്നെ എന്നർത്ഥം.
അതിനു ശേഷം ആര്യഭടന്റെ യോജന, സ്റ്റാൻഡേർഡ് യോജന എന്നിങ്ങനെ യോജനകളുടെ ഒരു കളി തന്നെയുണ്ടു്. അവസാനം ദാ ഇങ്ങനെയും:
According to these sources, a yojana is 8,000 dhanus or 32,000 hastas, which is approximately 9 miles, and a nimesha is given by the equation that
ഈ പേപ്പർ പിയർ റിവ്യൂ ചെയ്തു് ഏതെങ്കിലും ജേർണലിൽ പ്രസിദ്ധീകരിച്ചതല്ല. കോർണൽ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്താണു്. ജേർണലുകളിൽ ഇടുന്നതിനു മുമ്പു് പിയർ റിവ്യൂവിനും മറ്റുമായി ഇടാനുള്ള സ്ഥലമാണു് അതു്. അവിടത്തെ പേപ്പറുകൾക്കു് പബ്ലിഷ്ഡ് പേപ്പറുകളുടെ ആധികാരികതയില്ല. ആദ്യത്തെ പേപ്പറിനു മാത്രം ചെറിയ ഒരു പിയർ റിവ്യൂ ഉണ്ടു്. അവിടെ ഒരു പേപ്പർ ഇട്ടിട്ടുള്ള പരിചയമുള്ളതുകൊണ്ടാണു് ഞാൻ ഇതു പറയുന്നതു്. ആ പേപ്പർ അവിടെ ഇട്ടതുകൊണ്ടു് എനിക്കിനി നമ്പർ തിയറിയിലെ എന്തു പേപ്പർ വേണമെങ്കിലും അവിടെ ഇടാം.
ഇവിടെ വന്നപ്പോൾ കണക്കാകെ മാറി.
15 നിമേഷം = 1 കാഷ്ഠ
30 കാഷ്ഠ = 1 കല
30 കല = 1 മുഹൂർത്തം
30 മുഹൂർത്തം = 1 രാത്രിയും പകലും
ഒറ്റ നോട്ടത്തിൽ (ശേഷു സാധാരണ ഒറ്റ നോട്ടത്തിൽ കൂടുതൽ പോകാറുമില്ല!) ഇതു് അർത്ഥശാസ്ത്രത്തിലെ പട്ടിക തന്നെയാണെന്നു തോന്നും. പക്ഷേ അർത്ഥശാസ്ത്രത്തിലെ ഒരു മുഹൂർത്തം 40 കലയാണു്. അതിനെ സൂത്രത്തിൽ 30 കലയാക്കി. അപ്പോൾ അവിടെ ഞാൻ പറഞ്ഞ 10% വ്യത്യാസം യോജനയിൽ ഒരു ചെറിയ അഡ്ജസ്റ്റ്മെന്റു കൂടി ചെയ്തപ്പോൾ ശരിയായി. ചത്വാരിംശത് എന്നു സംസ്കൃതത്തിൽ പറയുന്നതു് മുപ്പതല്ല നാല്പതാണെന്നു് വായിക്കുന്നവർക്കു മനസ്സിലാവില്ലല്ലോ. (സൗകര്യപൂർവ്വം അർത്ഥശാസ്ത്രസൂത്രങ്ങൾ ഉദ്ധരിച്ചിട്ടുമില്ല!)
ചുരുക്കം പറഞ്ഞാൽ ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുന്ന പരിപാടിയാണു് സുഭാഷ് കാക്ക് അതിഭീകരപേപ്പറെന്ന പേരിൽ ഇവിടെ ചെയ്തിരിക്കുന്നതു്. തന്റെ തീസീസ് എഴുതുമ്പോൾ റെഫർ ചെയ്യുന്ന പേപ്പറുകൾ അല്പം കൂടി മനസ്സിരുത്തി വായിക്കുന്നതു ശേഷുവിനു കൊള്ളാം!
സുഭാഷ് കാക്കിന്റെ ഈ കണ്ടുപിടിത്തത്തിനു് ശാസ്ത്രജ്ഞരുടെ ഇടയിൽ യാതൊരു അംഗീകാരവും ലഭിച്ചില്ല. (അതു കൊണ്ടു തന്നെയാണല്ലോ ധാരാളം പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഈ പേപ്പർ arXiv-ൽ ഒതുങ്ങിപ്പോയതു്!) അതിന്റെ അമർഷം മറ്റൊരു ഇന്ത്യൻ മാസികയിലൂടെ പുറത്തു വരുന്നതു നോക്കുക. “ഈ കണ്ടുപിടിത്തത്തെപ്പറ്റി ആർക്കും ഒരു വിലയുമില്ല, അന്റാർട്ടിക്കയിൽ കുഴിച്ച ആർക്കിയോളജിസ്റ്റുകൾക്കു് ഒരു സൂര്യന്റെ പടവും 186000 എന്ന സംഖ്യയും കിട്ടി അതു പ്രകാശപ്രവേഗമാണെന്നു വ്യാഖ്യാനിച്ചാൽ അതു ശാസ്ത്രലോകം തള്ളിക്കളയുന്നതു പോലെ…” എന്നൊക്കെ നിരർത്ഥകമായി പുലമ്പുന്നും മറ്റുമുണ്ടു്.
കമ്പ്യൂട്ടർ സയൻസിൽ അത്യാവശ്യം വിവരവും സ്വന്തമായി ചില പേപ്പറുകളും ഉണ്ടെങ്കിലും അത്യാവശ്യം ഉഡായിപ്പുകളും കൈവശമുണ്ടെന്നു് ഇദ്ദേഹത്തെപ്പറ്റിയുള്ള വിക്കി പേജ് പറയുന്നു. ഋഗ്വേദത്തിലെ മന്ത്രങ്ങളുടെ എണ്ണം, അതിൽ പറയുന്ന വേദകാലത്തെ അൾത്താരകളിലെ ഇഷ്ടികകകളുടെ എണ്ണം തുടങ്ങിയവയെ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിച്ചു് ഭൂമിയും സൂര്യനും ഇടയ്ക്കുള്ള ദൂരം കണ്ടുപിടിച്ചത്രേ! കൂടാതെ സ്പെഷ്യൻ റിലേറ്റിവിറ്റിയിലെ റ്റ്വിൻ പാരഡോക്സിന്റെ മറുകര കണ്ടു എന്നൊരു പൊളിഞ്ഞ അവകാശവാദവും അദ്ദേഹത്തിന്റേതായി ഒരിക്കൽ ഉണ്ടായിരുന്നു. അശ്വമേധത്തിന്റെ പ്രതീകാത്മകതയെപ്പറ്റിയും അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ടത്രേ! ഇതൊക്കെ ഭാവിയിൽ ഗോപാലകൃഷ്ണന്മാരുടെ പ്രസംഗങ്ങളിൽ കേട്ടു നമുക്കു് സായുജ്യമടയാം!
ഇതാണു് സുഭാഷ് കാക്കിന്റെ കണക്കിന്റെ രത്നച്ചുരുക്കം: പുരാണത്തിൽ കാണുന്ന സംഖ്യകളെ കൂട്ടിയും ഗുണിച്ചും അതിനു് ആധുനികശാസ്ത്രത്തിലെ എന്തെങ്കിലും സംഭവവുമായി ആകസ്മികമായ ബന്ധമുണ്ടോ എന്നു നോക്കുകയാണു് ഇഷ്ടന്റെ പ്രിയപ്പെട്ട ഗവേഷണവിഷയം. ഋഗ്വേദസൂക്തങ്ങളുടെ എണ്ണത്തിൽ നിന്നു സൂര്യന്റെ ദൂരം, സായണന്റെ ഋഗ്വേദഭാഷ്യത്തിൽ നിന്നു പ്രകാശത്തിന്റെ വേഗത തുടങ്ങി. അദ്ദേഹം പറഞ്ഞ കൃത്യത കിട്ടണമെങ്കിൽ പല സ്രോതസ്സുകളിൽ നിന്നു് യോജനയുടെയും നിമേഷത്തിന്റെയും മൂല്യങ്ങൾ തരം പോലെ എടുത്തു ചേർക്കേണ്ടി വരും. അല്ലാതെ ബിജു കുമാറും ശേഷുവും ചൂണ്ടിക്കാട്ടിയതു പോലെ അർത്ഥശാസ്ത്രത്തിൽ നിന്നുള്ള നിർവ്വചനങ്ങൾ രണ്ടിനും എടുത്താൽ ശരിയുത്തരത്തിൽ നിന്നും പത്തിലൊന്നു കുറവായ മൂല്യമേ കിട്ടൂ.
ഇതു കൂടാതെ ബിജു കുമാർ എന്ന വായനക്കാരൻ മറ്റു ചില ആരോപണങ്ങളും കൂടി ഉന്നയിച്ചിരുന്നു. ചുരുക്കത്തിൽ അവയ്ക്കും മറുപടി പറയാം (അദ്ദേഹത്തിന്റെ വാക്കുകൾ പലതും ഞാൻ സൗകര്യത്തിനു വേണ്ടി മാറ്റിയിട്ടുണ്ടു്. അദ്ദേഹം എഴുതിയതു കാണാൻ ലിങ്കു ചെയ്തിരിക്കുന്ന കമന്റുകൾ വായിക്കുക):
സൂര്യൻ എന്ന വാക്കില്ലാത്ത ഒരു ശ്ലോകത്തിൽ പറയുന്നതു സൂര്യനാണെന്നു പറഞ്ഞുകൊണ്ടല്ലേ ഉമേഷ് അതിനെ പൊളിച്ചടുക്കിയതു്? ഇതെവിടത്തെ ന്യായം? (ഈ കമന്റിൽ)
സൂര്യനെപ്പറ്റിയാണു് അതെന്നു പറഞ്ഞതു ഞാനല്ല. സുഭാഷ് കാക്കും ഡോ. ഗോപാലകൃഷ്ണനുമാണു്. ആ പോസ്റ്റ് എഴുതുമ്പോൾ എനിക്കു് ആ രണ്ടു സ്രോതസ്സുകളിൽ നിന്നുള്ള അറിവേ ആ ശ്ലോകത്തെപ്പറ്റി ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദത്തിലെ സൂര്യസ്തുതിയുടെ വ്യാഖ്യാനമാണു് അതെന്നുള്ള അവരുടെ വാക്കുകൾ ഞാൻ മുഖവിലയ്ക്കെടുത്തു. അത്ര മാത്രം. എന്റെ കയ്യിൽ ഋഗ്വേദമോ അതിന്റെ വ്യാഖ്യാനമോ ഇല്ല.
പിന്നീടു്, ഋഗ്വേദത്തിലെ സൂക്തം അതിന്റെ ക്റമനമ്പർ ഉൾപ്പെടെ സൂരജ് ഉദ്ധരിച്ചിരുന്നല്ലോ. സായണന്റെ ഭാഷ്യം ആ സൂക്തത്തിന്റേതാണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സൂര്യനാണു കക്ഷി എന്നു മനസ്സിലായല്ലോ.
(പ്രകാശത്തിന്റെ വേഗതയല്ല, സൂര്യന്റെ വേഗതയാണു് ഇവിടെ പറഞ്ഞിരിക്കുന്നതു് എന്നു് സംസ്കൃതം വായിച്ചു മനസ്സിലാക്കിയതിൽ നിന്നു പറഞ്ഞതാണു്. തെറ്റുണ്ടെങ്കിൽ തിരുത്താം.)
ഗ്യാലൻ എന്ന അളവിനു് ഇന്നും പല നിർവ്വചനങ്ങൾ ഉള്ളതു പോലെ യോജന എന്ന അളവിനു് പണ്ടു് പല നിർവ്വചനങ്ങളും ഉണ്ടായിരുന്നു എന്നു് അംഗീകരിക്കാൻ ഉമേഷിനു് എന്താണു പ്രശ്നം? (ഈ കമന്റിൽ)
എനിക്കൊരു പ്രശ്നവുമില്ല. എന്നു മാത്രമല്ല, അതു് അംഗീകരിക്കുകയും ചെയ്യുന്നു. യോജനയ്ക്കു മാത്രമല്ല, നിമിഷത്തിനും പല നിർവ്വചനങ്ങൾ ഉണ്ടായിരുന്നു എന്നു് ഇപ്പോൾ മനസ്സിലാകുന്നു. പക്ഷേ, അവ കണ്ടുപിടിക്കുമ്പോൾ ഒരേ കാലത്തു് അല്ലെങ്കിൽ ഒരേ പ്രദേശത്തു നിലവിലുണ്ടായിരുന്ന നിർവ്വചനങ്ങൾ ഉപയോഗിച്ചു വേണം കണക്കുകൂട്ടാൻ. അല്ലാതെ തോന്നിയ വിലകൾ പെറുക്കിയെടുത്തു് വേണ്ട ഉത്തരം ഉണ്ടാക്കലല്ല.
എന്നാൽ അതെന്താണു് ഉമേഷിനു ബാധകമല്ലാത്തതു്? താങ്കളും തോന്നിയ വിലകൾ വെച്ചു കണക്കുകൂട്ടിയല്ലേ തെറ്റാണെന്നു തെളിയിച്ചതു്? (ഈ കമന്റിൽ)
അല്ല. ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞ സംഖ്യകൾ തന്നെ ഉപയോഗിച്ചാണു് അതു തെറ്റാണെന്നു തെളിയിച്ചതു്. സുഭാഷ് കാക്കിന്റേതെന്നു പറഞ്ഞു വന്ന ഉദ്ധരണിയിൽ നിന്നു തന്നെയാണു് ആ കണക്കുകൂട്ടലുകളും. അതിൽ ഞാൻ കണ്ട പ്രശ്നം (നിമിഷത്തിന്റെ ദൈർഘ്യം) ചൂണ്ടിക്കാണിക്കുകയും ചെയ്തു. അർത്ഥശാസ്ത്രവും മറ്റും പിന്നീടാണു് അറിഞ്ഞതു്. ആ വാദം വന്നപ്പോൾ അർത്ഥശാസ്ത്രത്തിൽ നിന്നും കാക്ക് മാറിയെന്നു് (ഈ പോസ്റ്റിൽ) ചൂണ്ടിക്കാട്ടി.
ഒരു തിയറി ഉണ്ടാക്കുമ്പോൾ അതിൽ പറഞ്ഞ വസ്തുതകൾ ശരിയാണെന്നു തെളിയിക്കേണ്ടതു് അതുണ്ടാക്കുന്ന ആളിന്റെ ബാദ്ധ്യതയാണു്, വിമർശകന്റേതല്ല. ഒരു തിയറം ശരിയാണെന്നു തെളിയിക്കാൻ അതു് എല്ലാ കേസിലും ശരിയാകും എന്നു തെളിയിക്കണം. തെറ്റാണെന്നു തെളിയിക്കാൻ ഒരൊറ്റ കൗണ്ടർ-എക്സാമ്പിൾ മതി.
ഇനി ഗോപാലകൃഷ്ണനെ വെല്ലുന്ന ചില വേലകള്‍ കാണുക:
ഉമേഷ് ഉദ്ധരിച്ചിരിയ്ക്കുന്ന ഇ-മെയിലില്‍ നിന്നും മനസ്സിലാവുന്നത്, സായണന്‍ ഭാഷ്യം ചമച്ച സൂക്തം ഋഗ്വേദത്തിലേതാണെന്നാണ്. അതില്‍ പറയുന്ന യോജനക്കണക്ക് തെറ്റെന്ന് “തെളിയിയ്ക്കാന്‍” ഉദ്ധരിച്ചിരിയ്ക്കുന്നത് ഭാഗവതം തൃതീയ സ്കന്ദം, ഭാസ്കരാചാര്യരുടെ ലീലാവതി, ശബ്ദതാരാവലി എന്നിവയില്‍ നിന്നൊക്കെ! ഇവ തമ്മില്‍ എത്ര കാലത്തെ വ്യത്യാസമുണ്ട് ഉമേഷെ? താങ്കള്‍ക്ക് സായണഭാഷ്യം തെറ്റെന്ന് സമര്‍ത്ഥിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ഋഗ്വേദത്തില്‍ നിന്നുതന്നെ തെളിവു തരൂ, യോജന അളവ് മറ്റൊന്നാണെന്ന്. (ഈ കമന്റിൽ)
ഒന്നാമതായി, സായണന്റെ ശ്ലോകം ഋഗ്വേദത്തിൽ നിന്നുള്ളതല്ല. സായണൻ ക്രിസ്തുവിനു ശേഷം പതിനാലാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്. ഗണിത-ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന മാധവൻ സായണന്റെ സഹോദരനായിരുന്നു എന്നൊരു അഭിപ്രായമുണ്ടു്. അതു ശരിയാണെങ്കിൽ സഹോദരന്റെ ജ്യോതിശ്ശാസ്ത്രജ്ഞാനത്തിൽ നിന്നു് അറിവുൾക്കൊണ്ടതാവാൻ സാദ്ധ്യതയുണ്ടു്. സായണൻ ഗണിതജ്ഞനായിരുന്നില്ല. 2202 യോജനയുടെ കണക്കു് മാധവനോ അക്കാലത്തെ മറ്റു ജ്യോതിശ്ശാസ്ത്രജ്ഞരോ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ അവരുടെ പുസ്തങ്ങൾ പഠിക്കണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം അക്കാലത്തു ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞർ വളരെ കൂടുതലായാണു കരുതിയിരുന്നതു്. (എന്റെ പോസ്റ്റിലെ അവസാനത്തെ പട്ടിക നോക്കുക.) അതിൽ നിന്നു് അര നിമിഷത്തിൽ 2202 യോജന സൂര്യൻ സഞ്ചരിക്കുന്നതായി മാധവനോ മറ്റാരെങ്കിലുമോ പറഞ്ഞതാവാം സായണന്റെ അറിവു്.
ഈപ്പറഞ്ഞതു് അഭ്യൂഹം മാത്രം. ഇതിനെപ്പറ്റി അറിയാൻ മാധവന്റെയും മറ്റും പുസ്തകങ്ങൾ ആഴത്തിൽ പഠിക്കണം. അതിനു കഴിഞ്ഞാൽ ആ വിവരങ്ങൾ ഇവിടെ പങ്കുവെയ്ക്കാം. അതുവരെ ഇതു വ്യക്തമല്ല, ഏതായാലും സൂര്യവേഗതയല്ല എന്നൊക്കെ പറയാനേ പറ്റൂ.
പല തവണ ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യം ഒന്നുകൂടി പറയുന്നു: പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണന്റെ വാക്കുകൾ വേദകാലത്തെയാണെന്നു പറയരുതു്. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹലായുധൻ കണ്ടുപിടിച്ച ഖണ്ഡമേരു എന്ന രീതി അതു് പിംഗളന്റെ ഛന്ദസൂത്രങ്ങളുടെ ഭാഷ്യത്തിലായതുകൊണ്ടു് പിംഗളന്റെ തലയിൽ കെട്ടിവെയ്ക്കരുതു്. വ്യാഖാനമെഴുതുന്നവന്റെ വാക്കുകളിൽ അവൻ ജീവിക്കുന്ന കാലത്തെ അറിവും ശാസ്ത്രബോധവും ഉണ്ടാവും. ആര്യഭടീയത്തിനു് ഡോ. ഗോപാലകൃഷ്ണൻ ചെയ്ത വ്യാഖ്യാനത്തിൽ “സൂര്യനു ചുറ്റം ദീർഘവൃത്താകൃതിയിൽ ഭൂമി കറങ്ങുമ്പോൾ…” എന്നും മറ്റും കാണാം. ആര്യഭടൻ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നോ ഭ്രമണപഥം ദീർഘവൃത്തമാണെന്നോ പറഞ്ഞിട്ടില്ല.
ഇനി, ഉമേഷ് ഉദ്ധരിയ്ക്കുന്ന ഹാരപ്പയിലെ യോജനക്കണക്ക് (ഉദ്ധരണി-3) നമുക്കെടുക്കാം.(എന്റെ ചെറിയ അറിവില്‍ ഹാരപ്പ സംസ്കാരവും വേദകാലഘട്ടവും തമ്മില്‍ വലിയ അന്തരമില്ല തന്നെ)
അതു പ്രകാരം 1 യോജന= 13.54 കിലോമീറ്റര്‍ .
ഋഗ്വേദ സൂക്തപ്രകാരം പ്രകാശത്തിന്റെ നിമിഷാര്‍ത്ഥ വേഗത = 2202 യോജന.
അതായത് 2202 x 13.54 / 0.1066667 = 279507.64 കിലോമീറ്റര്‍ /സെക്കന്റ്.
ഇന്നത്തെ കണക്കനുസരിച്ചു് പ്രകാശത്തിന്റെ വേഗത സെക്കന്റില്‍ 299,792.458 കിലോമീറ്റര്‍ ആണു്!
(കണക്കുകളെല്ലാം ഉമേഷിന്റെ പോസ്റ്റില്‍ നിന്നും) എന്താ ഉമേഷെ വേദകാലഘട്ടത്തിലെ കണക്ക് ഏറെക്കുറെ പൊരുത്തപ്പെടുന്നില്ലേ?
(മറ്റു കാലഘട്ടങ്ങളിലെ യോജനക്കണക്ക് വിടാം. ) (ഈ കമന്റിൽ)
ബിജുകുമാറിന്റെ വാദത്തിലെ പൊരുത്തക്കേടുകൾ:
ഇതു വേദകാലത്തെ കണക്കല്ല. പതിനാലാം നൂറ്റാണ്ടിലെ കണക്കാണു്.
സായണന്റെ ശ്ലോകത്തിൽ പറയുന്നതു് സൂര്യന്റെ വേഗതയാണു്, പ്രകാശത്തിന്റെ വേഗതയല്ല.
നിമിഷത്തിന്റെ മൂല്യം സുഭാഷ് കാക്ക് പറയുന്നതാണു് ബിജു കുമാർ എഴുതിയതു്. അതു് അഡ്ജസ്റ്റ്മെന്റാണെന്നു ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടു്. ഹാരപ്പൻ കാലത്തെ നിമിഷത്തെപ്പറ്റി വിവരം കിട്ടിയാൽ അതുപയോഗിക്കാം.
സായണൻ ഗണിതജ്ഞനായിരുന്നില്ല. വേദഭാഷ്യത്തിൽ കണക്കുകൾ അദ്ദേഹം വിശദീകരിക്കുന്നുമില്ല. അതിനാൽ വേദകാലത്തെ യോജനയെക്കാൾ തന്റെ കാലത്തെ യോജനയായിരിക്കും അദ്ദേഹം എടുത്തിരിക്കാൻ സാദ്ധ്യത. നിമിഷത്തിന്റെ മൂല്യം ആ കാലമായപ്പോഴേയ്ക്കു് സ്റ്റാൻഡേർഡ് ആയിരുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും ഗുണിച്ചു കിട്ടുന്ന മൂല്യം ഏഴു ശതമാനം പിന്നെയും കുറവാണു്. കിറുകൃത്യം എന്നാണു വാദം.
ചതുരംഗം പോലെ സങ്കീര്‍ണമായ ഒരു ഗെയിം ഉണ്ടാക്കാന്‍ ഉമേഷിനു കഴിയുമോ? (ഈ കമന്റിൽ)
ഹഹഹഹ! ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ടു്. ഖുറാൻ എന്ന ഗ്രന്ഥത്തെ വിമർശിക്കുമ്പോഴാണു് ഇതു് ഏറ്റവും കേൾക്കുന്നതു്. “ദൈവം തന്നെ എഴുതിയതും, ലോകത്തിലെ ഏറ്റവും മികച്ചതും, മറ്റൊന്നും ഇതു പോലെ അല്ലാത്തതുമായ ഖുറാൻ പോലെ മറ്റൊരു ഗ്രന്ഥം എഴുതാൻ തനിക്കു കഴിയുമോ”? എന്ന ചോദ്യം. എന്താണു പറയുക? ഖുറാൻ കുറച്ചു വായിച്ചിട്ടുണ്ടു്. ഇങ്ങനെ വലിയ അഭിപ്രായമൊന്നും അതിനെപ്പറ്റി തോന്നിയിട്ടില്ല. അതുപോലെ ഒന്നെഴുതണമെന്നു് ആഗ്രഹവുമില്ല. അതിനെക്കാൾ നല്ല പുസ്തകമൊന്നും ലോകത്തിൽ ആരും എഴുതിയിട്ടില്ലെന്നു വിശ്വാസവുമില്ല.
ചതുരംഗം നല്ല ഒരു കളിയാണു്. വളരെ സങ്കീർണ്ണവും. (എനിക്കു് ഏറ്റവും ഇഷ്ടമുള്ള കളിയാണതു്.) ചെസ്സ് അതിനെക്കാൾ സങ്കീർണ്ണമാണു്. ഇതിനെക്കാൾ സങ്കീർണ്ണമായ പല കളികളും കുട്ടികൾ ഇന്നു കളിക്കുന്നുണ്ടു്. അടുത്ത ടോയ് ഷോപ്പിൽ ഒന്നു പോയി നോക്കൂ. ആ കളിക്കും ഇങ്ങനെ ആർഷജ്ഞാനപാരമ്പര്യം ഒന്നും കൊടുക്കല്ലേ.
ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖ സൂചിപ്പിക്കുന്നതു് ജ്യോതിഷത്തിലുള്ളതുപോലെയുള്ള പ്രവചനം സാദ്ധ്യമാണെന്നും പുനർജന്മം പോലെയുള്ള ഹൈന്ദവതത്ത്വങ്ങളിൽ കഴമ്പുണ്ടെന്നുമാണു്. (ഈ കമന്റിൽ)
ഈ രണ്ടു കാര്യങ്ങളും വിശ്വസിക്കുന്നതിൽ വിരോധമില്ല. പക്ഷേ അവയെ ജെനിറ്റിക്സുമായി കൂട്ടിക്കെട്ടല്ലേ. അതു വേറേ, ഇതു വേറേ. യാത്രാമൊഴിയുടെ ഈ കമന്റ് വായിക്കുക.
വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പേ വിമാനം ഭാരതീയന്‍ കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു. (ഈ കമന്റിൽ)
ചാതുർവർണ്യമാണു് ഇന്ത്യയിൽ വിദ്യയുടെ ഒഴുക്കു തടഞ്ഞതു് എന്നാണോ പറഞ്ഞുവരുന്നതു്? വിദ്യ എന്നും ഉയർന്നവരുടെ കയ്യിലായിരുന്നല്ലോ പണ്ടു്. അപ്പോഴെങ്ങനെ ചാതുർവർണ്യം അതിനു തടയിടും? ഇതിനെപ്പറ്റി ഒരു സംവാദം എന്റെ അധികാരവും മതവും ശാസ്ത്രവും – ഭാരതത്തിൽ എന്ന പോസ്റ്റിൽ നടക്കുന്നുണ്ടു്. വായിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ ദയവായി നൽകുക.
ചാതുർവർണ്യത്തെ കുറ്റം പറയുകയും ബ്രാഹ്മണനെ നാലു തെറി പറയുകയും ചെയ്താൽ പുരോഗമനവാദിയാവുകയും അതിന്റെ മറവിൽ പിന്തിരിപ്പൻ ചിന്താഗതികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം എന്നതും പുതിയ ആർഷജ്ഞാനതീവ്രവാദികളുടെ ഒരു അടവാണു്.
ഭാരതത്തിൽ ഗണിതശാസ്ത്രം മികച്ചുനിന്നിരുന്നു എന്നും, അന്നത്തെ കാലത്തിനനുസരിച്ച കണ്ടുപിടിത്തങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നും, ആ കാര്യത്തിൽ ആ കാലത്തെ ലോകത്തിൽ മുൻപന്തിയിൽത്തന്നെ ഭാരതം നിന്നിരുന്നു എന്നും ഉള്ള വാദത്തിനോടു് എനിക്കു വിയോജിപ്പില്ല. ആധുനികമൂല്യത്തോടു കിടപിടിക്കുന്ന കാര്യം ഒരു ആചാര്യൻ ധ്യാനത്തിലൂടെ മനസ്സിലാക്കി എന്ന പോയിന്റിനെയാണു ഞാൻ വിമർശിക്കുന്നതു്. അല്ലാതെ ഏഴു ശതമാനമോ പത്തു ശതമാനമോ എറർ ഉള്ളതിനെയല്ല. പാശ്ചാത്യരുടെ കണക്കുകൂട്ടലിൽ അതിനെക്കാൾ വലിയ തെറ്റുകൾ ഉണ്ടായിരുന്നു.
ആ പോസ്റ്റിലെ കമന്റുകളുടെ പ്രതികരണമായി പറഞ്ഞതു തന്നെ വീണ്ടും വിശദീകരിക്കേണ്ടി വന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു എന്നു വിശ്വസിക്കുന്നു. വിമർശനങ്ങളുണ്ടെങ്കിൽ എഴുതുക. മുട്ടാപ്പോക്കു ന്യായങ്ങൾക്കു് ഇനി എന്നിൽ നിന്നു മറുപടി പ്രതീക്ഷിക്കരുതു്. എനിക്കു പോസ്റ്റുകൾ ഇനിയും എഴുതാനുണ്ടു്. നനഞ്ഞിറങ്ങിപ്പോയതു കൊണ്ടു കുളിച്ചു കയറാം എന്നു കരുതിയതല്ല. ഈ കുളി ആവശ്യമാണെന്നു കുറേ കാലമായി അറിയാവുന്നതുകൊണ്ടു് മനഃപൂർവ്വം നനഞ്ഞതാണു്.
എന്റെ “ആളു നോക്കി മാറുന്ന യോജന” എന്ന പോസ്റ്റിൽ എക്സ്, ഒടുക്കം ദേ ഇങ്ങനെയും ആയി (എന്തൊരു പേരു്! ഞാൻ ബാബൂന്നു വിളിക്കും 🙂 ) എന്ന പേരുകളിൽ എഴുതുന്ന രണ്ടുപേരുടെ സംവാദം വളരെ രസകരമായി തോന്നി. അവിടെ ഒരു കമന്റായി ഇടാമെന്നു കരുതിയതു് അല്പം വലുതായിപ്പോയി. മാത്രമല്ല, ഇതിനെപ്പറ്റി എഴുതണമെന്നു കുറേക്കാലമായി വിചാരിക്കുകയും ചെയ്യുന്നു. അതിനാൽ പോസ്റ്റാക്കാമെന്നു കരുതുന്നു.
എക്സും ബാബുവും എന്റെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളോടു പൂർണ്ണമായി യോജിക്കുന്നുണ്ടു്. വിയോജിപ്പു് ഒരു കാര്യത്തിലാണു്. എക്സ് പറഞ്ഞ ഒരു സാമാന്യവസ്തുത കുറഞ്ഞ പക്ഷം ഭാരതത്തിന്റെ കാര്യത്തിലെങ്കിലും ശരിയല്ല എന്നാണു ബാബുവിന്റെ അഭിപ്രായം. അവർ പറഞ്ഞതിന്റെ രത്നച്ചുരുക്കം താഴെ.
സാങ്കേതികവിദ്യ പൂര്‍ണ്ണമായും അധികാരത്തിന് അടിമപ്പെട്ടിരുന്ന ഒന്നാണ്. ശാസ്ത്രത്തിന് സൈദ്ധാന്തികമായ ഒരു നിലനില്‍പ് സാധ്യമാണെന്നിരിക്കെ അതിന്റെ possession അതാത് കാലങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയഘടനയെ നേരിട്ട് ചോദ്യം ചെയ്തുകൊള്ളണമെന്ന് നിര്‍ബന്ധമില്ല.
മതത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ വളര്‍ച്ച, തീര്‍ത്തും സൈദ്ധാന്തികമായ തലത്തിലാണെങ്കില്‍പ്പോലും, നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതാണ്. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും മതത്തിന്റെ സൈദ്ധാന്തികശവപ്പെട്ടിയില്‍ ഒരു ആണികൂടി തറക്കുമെന്നതിനാല്‍ രാഷ്ട്രീയാധികാരം സാങ്കേതികവിദ്യയോട് ചെയ്യുന്നതിന് സമാനമായി ശാസ്ത്രത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനുപകരം അതിന്റെ പുരോഗതിയെ തകര്‍ക്കാനാണ് മതം എല്ലാക്കാലത്തും ശ്രമിക്കുക/ശ്രമിച്ചിരുന്നത്.
മതാധികാരം രാഷ്ട്രീയാധികാരത്തിനുമേല്‍ മേല്‍ക്കൈ നേടിയ കാലങ്ങളിലൊക്കെ ശാസ്ത്രത്തിന്റെ വളര്‍ച്ച മുരടിച്ചുനില്‍ക്കുന്നത് ചരിത്രത്തിലുടനീളം കാണാം.
ഹിന്ദുമതം സ്വതന്ത്രചിന്തയും അന്വേഷണബുദ്ധിയും പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് കരുതണമെങ്കില്‍ ചില്ലറ ബുദ്ധിശൂന്യതയും ശുഭാപ്തിവിശ്വാസവുമൊന്നും പോരാ. അപ്പോള്‍ നമ്മള്‍ ഇന്നുകാണുന്ന പുരാതനഭാരതീയശാസ്ത്രത്തിന്റെ വികാസം ഒന്നുകില്‍ അന്നത്തെ മതത്തിന്റെ ചട്ടക്കൂടില്‍നിന്ന് സ്വതന്ത്രമായോ അല്ലെങ്കില്‍ മതാധികാരഘടനയോട് നിരന്തരം യുദ്ധം ചെയ്തോ അതില്‍ നിന്ന് സ്വയം ഒളിച്ചോ വളര്‍ന്നതായിരിക്കണം എന്ന് വേണം കരുതാന്‍.
ബാബു: (കമന്റ് പൂർണ്ണമായി ഇവിടെ. ഞാൻ അല്പം മാറ്റിയിട്ടുണ്ടു്.)
മതവും ശാസ്ത്രവും കലകളും ഒരുപോലെ ഒരേ അധികാരഘടനയെ പണിതുയര്‍ത്തുന്ന ഘടകങ്ങളായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് എക്സ് സംസാരിക്കുന്നതു്. അതുകൊണ്ടാണ് ഇന്ന് പള്ളിയും അമ്പലവും ഇരുട്ടില്‍ തപ്പുന്നതുകണ്ടിട്ട് മതം എന്നും ശാസ്ത്രത്തിന് എതിരുനിന്നു എന്ന് എളുപ്പത്തില്‍ തീരുമാനിക്കുന്നതും.
പൂര്‍വികര്‍ക്ക് ആരാധനയും അഭ്യാസവും സാധനയും ഒരു ജീവിതം തന്നെയായിരുന്നു. അതില്‍ നാസ്തികര്‍പോലും ഉള്‍പെട്ടുമിരുന്നു.
മതം, ശാസ്ത്രം, അധികാരം, ടെക്നോളജി എന്നിവയുടെ ബന്ധത്തെപ്പറ്റി എക്സ് പറയുന്നതു ശരിയാണു്, സാമാന്യമായി. ക്രിസ്ത്യൻ, ഇസ്ലാമിക് പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പക്ഷേ, ഭാരതീയപശ്ചാത്തലത്തിൽ അല്പം വ്യത്യാസമുണ്ടു്.
മറ്റു മതക്കാരെപ്പോലെ ഹിന്ദുക്കൾക്കു് (ഹിന്ദുക്കൾ എന്നൊരു വിഭാഗം തന്നെ വളരെക്കാലം കഴിഞ്ഞാണുണ്ടായതു്. അതിനു മുമ്പു ശൈവരും വൈഷ്ണവരും തുടങ്ങി പല ദൈവങ്ങളെ സ്തുതിക്കുന്ന പല വിഭാഗങ്ങളായിരുന്നു.) വ്യക്തമായ ഒരു മതഗ്രന്ഥമില്ലായിരുന്നു. അതിനാൽ അതില്പറയുന്ന എല്ലാം ശരിയാണെന്നു തെളിയിക്കാനും അതിൻപ്രകാരം ശാസ്ത്രത്തെ വളച്ചൊടിക്കാനും ആരും ഒരുമ്പെട്ടില്ല. (അപവാദങ്ങൾ ഉണ്ടു്. പക്ഷേ അത്ര തീക്ഷ്ണമല്ല.) അതിനാൽ ശാസ്ത്രം വളരുന്നതിനു് മതം ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഓരോ ശാസ്ത്രവികാസത്തിനുമനുസരിച്ചു മതത്തിലെ നിർവ്വചനങ്ങൾ മാറ്റാനും അവർക്കു മടിയുണ്ടായിരുന്നില്ല.
ഒരുദാഹരണം പറയാം:
പുരാണമനുസരിച്ചു് പരന്നു കിടക്കുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു സാധനമാണു ഭൂമി. അതിന്റെ എട്ടു ദിക്കുകളും താങ്ങാൻ അഷ്ടദിഗ്ഗജങ്ങളും മറ്റുമുണ്ടു്. ഈ ഭൂമിയുടെ കൃത്യം നടുക്കു ഹിമാലയപർവ്വതം സ്ഥിതി ചെയ്യുന്നു. അതിലെ ഒരു കൊടുമുടിയായ മഹാമേരുവിന്റെ മുകളിലാണു സ്വർഗ്ഗം. ദേവന്മാർ അവിടെയാണു താമസം. സൂര്യചന്ദ്രന്മാർ മേരുവിനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂമിയുടെ കീഴിൽ കടലിനും താഴെയാണു പാതാളം. അസുരന്മാർ അവിടെയാണു്.
ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും അതു സ്വയം ചുറ്റിത്തിരിയുന്നതു കൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നും മനസ്സിലാക്കിയ ആര്യഭടൻ ഈ മിത്തിനെ ഒന്നു ചെറുതായി മാറ്റി. അതനുസരിച്ചു്, പുരാണത്തിലെ ഭൂമി കര കൂടുതലുള്ള ഉത്തരാർദ്ധഗോളമായി. ഭൂമിയുടെ കീഴിലുള്ള കടൽ, കടൽ കൂടുതലുള്ള ദക്ഷിണാർദ്ധഗോളമായി. (ദക്ഷിണാർദ്ധഗോളത്തിലെ കരകളെപ്പറ്റി ആര്യഭടന്റെ കാലത്തു് അറിവുണ്ടായിരുന്നില്ല.) ഭൂമിയുടെ (അതായതു് ഉത്തരാർദ്ധഗോളത്തിന്റെ) കൃത്യം മദ്ധ്യത്തിലാണു് (അതായതു്, ഉത്തരധ്രുവത്തിൽ) മഹാമേരു. (ഒരു യോജന ഉയരമുണ്ടു് അതിനു്. എന്നു വെച്ചാൽ എവറസ്റ്റിനേക്കാൾ ഉയരം.) സൂര്യചന്ദ്രന്മാർ അതിനെ ചുറ്റുന്നു എന്നതു് ശരിയായല്ലോ. (23 ഡിഗ്രി ചരിവുണ്ടു്. അതവിടെ നിൽക്കട്ടേ.) ഭൂമിക്കു താഴെ വെള്ളം. ദക്ഷിണാർദ്ധഗോളം. അതിനും താഴെ, മേരുവിന്റെ നേരേ എതിരേ, പാതാളം. അതായതു്, ഇന്നത്തെ അന്റാർട്ടിക്കയാണു പാതാളം. (ആർഷഭാരതസംസ്കാരതീവ്രവാദികൾ ഇതു ചിന്തിച്ചിട്ടില്ല. അല്ലെങ്കിൽ ആര്യഭടൻ അന്റാർട്ടിക്ക കണ്ടുപിടിച്ചു എന്നു പറഞ്ഞേനേ!) ദേവന്മാരും അസുരന്മാരും മറ്റേ ആളുകൾ തല കീഴായി നിൽക്കുന്നു എന്നു കരുതുന്നു എന്നും പറഞ്ഞുവെച്ചിട്ടുണ്ടു് ആര്യഭടൻ! മിത്തിനെ എത്ര ഭംഗിയായി നേരെയാക്കി എന്നു നോക്കൂ!
ആര്യഭടനെ ആരും ദൈവനിഷേധിയാക്കിയില്ല. നേരേ മറിച്ചു്, പുരാണത്തിനു് അങ്ങനെയൊരു ഭാഷ്യം കൊടുത്തതിനു് ആദരിക്കുകയാണു ചെയ്തതു്. മറ്റൊരു കാരണം, മതവുമായി ബന്ധപ്പെട്ട ജ്ഞാനവും ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്ഞാനവും ഒരേ വർഗ്ഗമാണു കൈകാര്യം ചെയ്തിരുന്നതു്. ജ്യോതിഷവും തർക്കവും വ്യാകരണവും എല്ലാം ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാർക്കു് അനുഭവിക്കേണ്ടി വന്നില്ല.
മറ്റൊന്നു്, വിമർശനത്തിൽ ഊന്നിത്തന്നെയാണു് ഭാരതീയശാസ്ത്രം വികസിച്ചതു്. ആര്യഭടന്റെ തിയറികളെ ഭാസ്കരൻ ഒന്നാമൻ ശരി വെച്ചപ്പോൾ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ബ്രഹ്മഗുപ്തൻ നിശിതമായി വിമർശിച്ചു. (ഒരു പ്രത്യേകപോസ്റ്റിനു വകുപ്പുണ്ടു് ഇതു്.) ബ്രഹ്മഗുപ്തൻ മാത്രമല്ല, ഭാരതീയജ്യോജ്യോത്സ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന വരാഹമിഹിരനും, ബ്രഹ്മഗുപ്തനെ പിന്തുടർന്ന ഭാസ്കരൻ രണ്ടാമനും ആര്യഭടനെ ചോദ്യം ചെയ്തിട്ടുണ്ടു്. ഇങ്ങനെ ആരോഗ്യകരമായ സംവാദങ്ങളിൽക്കൂടിയാണു് ഭാരതീയശാസ്ത്രം വളർന്നതു്.
ഗണിതത്തിൽ മാത്രമല്ല. സാക്ഷാൽ പരമശിവൻ പ്രത്യക്ഷനായി പറഞ്ഞുകൊടുത്തു എന്നാണു് പാണിനിയുടെ വ്യാകരണത്തെപ്പറ്റിയുള്ള ഐതിഹ്യം. വിശ്വാസ്യത കൂട്ടാൻ വേണ്ടി ദൈവം പ്രത്യക്ഷനാകുന്ന കഥ പല ശാസ്ത്രത്തിന്റെയും കൂടെ ഉണ്ടു്. പാണിനിയുടെ വ്യാകരണത്തിലെ പല നിയമങ്ങളെയും പിന്നീടു കാത്യായനൻ എതിർത്തു. പതഞ്ജലി അനുകൂലിക്കുകയും ചെയ്തു. കാത്യായനനെക്കൂടാതെ നമ്മുടെ മേല്പത്തൂർ നാരായണഭട്ടതിരി വരെ പലരും പാണിനിയുടെ നിയമങ്ങളെ തിരുത്തിയിട്ടുണ്ടു്. ഇവരെയാരെയും പരമശിവനെ നിഷേധിച്ചവർ എന്നു വിളിച്ചിട്ടില്ല. കാരണം, എല്ലാ സ്തുതികളുടെയും അവസാനം ഇതു ചൊല്ലിയാൽ ധനം, ശത്രുസംഹാരം, മോക്ഷം തുടങ്ങിയവ കിട്ടുമെന്നും മറ്റും ഉള്ളതും മിക്കവാറും എല്ലാ ശാസ്ത്രവും ഏതെങ്കിലും ദേവൻ പറഞ്ഞതാണെന്നു ഐതിഹ്യമുള്ളതും ഒരല്പം ഉപ്പു കൂട്ടി വേണം അകത്താക്കാൻ എന്നു ഭാരതീയർക്കറിയാമായിരുന്നു. ഇവയൊന്നും ഒരു മതഗ്രന്ഥത്തെയും തള്ളിപ്പറഞ്ഞതായി കരുതപ്പെട്ടില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ ആ സംസ്കൃതവാക്യങ്ങൾക്കു് പുതിയ വ്യാഖ്യാനം ചമച്ചു നേരെയാക്കാനും അവർക്കു കഴിഞ്ഞിരുന്നു. ശാസ്ത്രത്തിനെ മതം കൂച്ചുവിലങ്ങിട്ടില്ല എന്നു വേണം കരുതാൻ, കുറേക്കാലമെങ്കിലും.
വ്യത്യാസം ആദ്യമായി ഉണ്ടാവുന്നതു് ബുദ്ധമതത്തിന്റെയും മറ്റും വരവോടെ സനാതനധർമ്മം ശിഥിലമാകും എന്ന ഭയം ഉണ്ടായപ്പോഴാണു്. ഹിന്ദുമതത്തിന്റെ ഏകീകരണം തുടങ്ങിയതും ഈക്കാലത്താണു്. മനുസ്മൃതി തുടങ്ങിയ നിയമാവലികളിൽ തുടങ്ങി ശങ്കരാചാര്യർ മറ്റു മതക്കാരെ വാദത്തിൽ അടിച്ചിരുത്തിയതു വഴി ഭക്തിപ്രസ്ഥാനത്തിൽ അതു് എത്തിച്ചേർന്നു. ബ്രാഹ്മണർ ചെയ്യേണ്ടതു ശാസ്ത്രമല്ല, മതവുമായി ബന്ധപ്പെട്ട പൂജാദികാര്യങ്ങളാണു് എന്ന ബോധം വന്നപ്പോൾ ശാസ്ത്രത്തിന്റെ മുക്കും മൂലയും തംബ് റൂളുകളായി ആശാരിക്കും കണിയാനും മറ്റും പകർന്നുകൊടുത്തു. എങ്കിലും പുതിയ പഠനങ്ങൾ വലിയ ആളുകളുടെ പത്തായപ്പുരകൾ വിട്ടു പുറത്തു പോയില്ല. മാധവനെയും പരമേശ്വരനെയും മറ്റും ലോകമറിഞ്ഞതു് വിദേശികൾ വന്നു് ഇതൊക്കെ കവർന്നപ്പോഴാണു്.
പ്രാചീനഗ്രന്ഥങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ആധുനികകാലത്തു തുടങ്ങിയതു് ആര്യസമാജസ്ഥാപകൻ ദയാനന്ദസരസ്വതിയാണെന്നു തോന്നുന്നു. “വേദങ്ങളിലേക്കു മടങ്ങുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി മുസ്ലീം, ക്രിസ്ത്യൻ മൗലികവാദികളുടെ പുറകേ ഒരു കൂട്ടം ഹിന്ദുക്കളും പോകാൻ തുടങ്ങിയതു്. ഗലീലിയോയെയും ഡാർവിനെയും അംഗീകരിച്ചു കത്തോലിക്കാസഭ മുന്നോട്ടു പോയപ്പോൾ അത്രയും കാലം പുരോഗമനവാദികളായിരുന്ന ഭാരതീയർ പിന്നോക്കം പോകാൻ തുടങ്ങി.
എല്ലാം മതങ്ങളെയും സാമാന്യവത്കരിച്ചുകൊണ്ടുള്ള എക്സിന്റെ വാദത്തിൽ നിന്നു തുടങ്ങി സംഭവങ്ങളുടെ കാലം പരിഗണിച്ചാൽ ചില അപവാദങ്ങൾ കാണാം എന്നു പറഞ്ഞ ബാബുവിന്റെ വാദത്തിലേക്കു് അല്പദൂരം അടുക്കുവാനാണു് എനിക്കു താത്പര്യം.
(ഈ പോസ്റ്റു മൂലം പഴയ പോസ്റ്റിലെ സംവാദം നിർത്തേണ്ട കാര്യമില്ല. അവിടെത്തന്നെ തുടർന്നോളൂ. ഇതിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഇവിടെയും എഴുതുക.)
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പുറകേ, ലോകത്തിലെ സർവ്വജ്ഞാനവും “ഞങ്ങളുടെ പുരാതനഗ്രന്ഥങ്ങളിൽ” ഉണ്ടായിരുന്നു എന്ന അവകാശവാദവുമായി ആർഷഭാരതവക്താക്കളും ഈയിടെയായി മുന്നോട്ടു വരുന്നുണ്ടു്. ഡോ. എൻ. ഗോപാലകൃഷ്ണൻ, എം. ആർ. രാജേഷ് തുടങ്ങിയവർ എഴുതിയും പറഞ്ഞും കൂട്ടുന്ന അസംബന്ധങ്ങളെ സംസ്കൃതമറിയാത്ത സാധാരണജനങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്നതാണു് ഏറ്റവും സങ്കടകരം.
ആന്ധ്രാപ്രദേശിൽ കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണൻ പതിനാലാം നൂറ്റാണ്ടിൽ പ്രകാശത്തിന്റെ വേഗത (ഇതു ഭൂമിയിൽ നിന്നു് സൂര്യനിലേക്കുള്ള ദൂരമാണെന്നും ചിലർ പറയുന്നു) കൃത്യമായി ധ്യാനത്തിലൂടെ കണ്ടെത്തി എന്നതാണു് അടുത്തിടെ കേൾക്കുന്ന അവകാശവാദം. ഈ സ്ഥലത്തു പറഞ്ഞിരിക്കുന്ന ഈ അവകാശവാദം (അവിടെ മാത്രമല്ല, ഒരു ഗൂഗിൾ സേർച്ചു ചെയ്താൽ ദാ കാക്കത്തൊള്ളായിരം സൈറ്റുകളിൽ സംഭവം ഉണ്ടു്) ഇപ്പോൾ ഈമെയിൽ ഫോർവേർഡുകളായി പറന്നുനടക്കുന്നു, നൂറ്റെട്ടിന്റെ മാഹാത്മ്യവും വിവരിച്ചുകൊണ്ടു്!
…
…
Professor Subhash Kak of Louisiana State University recently called my attention to a remarkable statement by Sayana, a fourteenth century Indian scholar. In his commentary on a hymn in the Rig Veda, the oldest and perhaps most mystical text ever composed in India, Sayana has this to say: “With deep respect, I bow to the sun, who travels 2,202 yojanas in half a nimesha.”
A yojana is about nine American miles; a nimesha is 16/75 of a second. Mathematically challenged readers, get out your calculators!
2,202 yojanas x 9 miles x 75 – 8 nimeshas = 185,794 m.p.s.
Basically, Sayana is saying that sunlight travels at 186,000 miles per second!
…
…
ഈ ലേഖനത്തിൽ ധാരാളം അസംബന്ധം ഇനിയുമുണ്ടു്; ഞാൻ ഈ കാര്യം മാത്രമേ ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ.
ഈ സൈറ്റിൽ മാത്രമല്ല. പുരാതനഗണിതഗ്രന്ഥങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു് എല്ലാം ഭാരതത്തിലുണ്ടായിരുന്നു എന്നു സമർത്ഥിക്കാൻ നാടുനീളെ മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗിച്ചു നടക്കുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ഈ വീഡിയോയിലും (0:23 മുതൽ 2:47 വരെ) ഇതു തന്നെയുണ്ടു്. (സൂരജിന്റെ ഈ പോസ്റ്റിലെ ലിങ്കിലൂടെയാണു് ഇവിടെ എത്തിയതു്. സൂരജിനു നന്ദി. ഒരു വീഡിയോ കണ്ടിട്ടു് ഇത്രയും അടുത്ത കാലത്തൊന്നും ചിരിച്ചിട്ടില്ല. ഇന്ത്യൻ കോമഡി എന്നു സേർച്ചു ചെയ്താൽ ഇതു് ആദ്യം വരണം എന്നു് ഗൂഗിളിനോടൊന്നു ശുപാർശ ചെയ്താലോ? 🙂 ) പ്രത്യേകമായ വിലകളൊക്കെ വേറെയാണെങ്കിലും അവസാനത്തെ ഉത്തരം കറക്ടാവുന്ന ചെപ്പടിവിദ്യ അവിടെക്കാണാം!
ഇനിയുള്ള ഖണ്ഡികകളിൽ ധാരാളം കണക്കുകൂട്ടലുകളുണ്ടു്. ഇതിൽ നിങ്ങൾക്കു താത്പര്യമില്ലെങ്കിൽ നേരേ സംഗ്രഹത്തിലേയ്ക്കു പോകുക.
വേദങ്ങൾക്കു ഭാഷ്യമെഴുതിയ ആളാണു സായണൻ. അതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ വേദകാലത്തെയാണു് എന്നാണു വാദം. ക്രി. മു. രണ്ടാം (നാലാം എന്നും വാദമുണ്ടു്) നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പിംഗളന്റെ ഛന്ദസൂത്രങ്ങൾക്കു് ക്രി. പി. പത്താം നൂറ്റാണ്ടിൽ ഹലായുധൻ എഴുതിയ ഭാഷ്യത്തിലെ കാര്യങ്ങൾ പിംഗളന്റെ കണ്ടുപിടിത്തമായി പ്രഖ്യാപിക്കാനും ഇത്തരം ആർഷഭാരതതീവ്രവാദികൾക്കു മടിയില്ല.
ഇന്നത്തെ കണക്കനുസരിച്ചു് പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 299,792.458 കിലോമീറ്റർ ആണു്. എളുപ്പത്തിനായി 300,000 കിലോമീറ്റർ (186,000 മൈൽ) എന്നും പറയാറുണ്ടു്. ഈ വേഗതയാണു് കൃത്യമായി സായണൻ പറഞ്ഞു എന്നു പറയപ്പെടുന്നതു്.
ഇനി സായണൻ പറഞ്ഞതു് എന്താണെന്നു നോക്കാം. (ഇതു കിട്ടിയതു് ഡോ. എൻ. ഗോപാലകൃഷ്ണന്റെ വീഡിയോയിൽ നിന്നു്)
അര നിമിഷത്തിൽ സൂര്യൻ 2202 യോജന സഞ്ചരിക്കുന്നു എന്നർത്ഥം. ഭൂമിക്കു ചുറ്റും സൂര്യൻ സഞ്ചരിക്കുന്ന വേഗതയെപ്പറ്റിയാണു സായണൻ പറയുന്നതു്. പക്ഷേ ഇതു് പ്രകാശത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു എന്നാണു് (എങ്ങനെയാണോ എന്തോ!) ഇവരുടെ വ്യാഖ്യാനം. പക്ഷേ അതെത്ര എന്നറിയണമെങ്കിൽ യോജന, നിമിഷം(നിമേഷം) ഇവ എത്രയെന്നു് അറിയണം.
ലിൻഡാ ജോൺസന്റെയും സുഭാഷ് കാക്കിന്റെയും അഭിപ്രായത്തിൽ ഒരു യോജന = 9 മൈൽ (14.48 കിലോമീറ്റർ). ഒരു നിമിഷം 16/75 = 0.21333 സെക്കന്റ്. അര നിമിഷം = 0.1066667 സെക്കന്റ്. അപ്പോൾ പ്രകാശത്തിന്റെ വേഗത = 2202 x 14.48 / 0.1066667 = 298921.40 കിലോമീറ്റർ/സെക്കന്റ്. കിറുകൃത്യം!
ഇനി ഡോക്ടർ ഗോപാലകൃഷ്ണൻ പറയുന്നതു് എന്താണെന്നു നോക്കാം. വീഡിയോ കാണാൻ ക്ഷമയില്ലെങ്കിൽ ദാ ഇതു കേൾക്കൂ. ഒരു പാവം പ്രൈമറി സ്കൂൾ ടീച്ചറായ ശ്രീമതിട്ടീച്ചറെ വെല്ലുന്ന സ്ഫുടമായ ഇംഗ്ലീഷിൽ ഡാർവിന്റെ തിയറവും (അതെന്താണാവോ?) ഹൈസൻബർഗിന്റെ അൺസേർട്ടന്റി പ്രിൻസിപ്പിളും മറ്റും പ്രാചീനഭാരതീയഗ്രന്ഥങ്ങളിലുണ്ടു് എന്നു പറയുന്നതിനോടൊപ്പം സായണൻ പ്രകാശപ്രവേഗം കൃത്യമായി പറഞ്ഞതിനെപ്പറ്റിയുള്ള ഭാഗം:
കേട്ടല്ലോ? അതായതു്, ഒരു യോജന = 12.11 കിലോമീറ്റർ. ഒരു നിമിഷം ഒരു സെക്കന്റിന്റെ പതിനെട്ടിൽ ഒരു ഭാഗം (0.0555555556 സെക്കന്റ്). അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കും. അതായതു് 1/36 സെക്കന്റിൽ 2202 x 12.11 കിലോമീറ്റർ സഞ്ചരിക്കും. അപ്പോൾ പ്രകാശത്തിന്റെ വേഗത = 2202 x 12.11 x 36 = 959983.92 കിലോമീറ്റർ / സെക്കന്റ്. ങേ? ഇതല്ലല്ലോ പ്രകാശത്തിന്റെ വേഗത? ഗോപാലകൃഷ്ണൻ തന്നെ പറയുന്നതു് “2.961717 ലാഖ്സ് കിലോമീറ്റേഴ്സ്” എന്നായിരുന്നല്ലോ. (കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നു പറയാഞ്ഞതു ഭാഗ്യം!) അതിന്റെ മൂന്നിരട്ടിയിലും കൂടുതലാണല്ലോ ഇതു്? അങ്ങേർ ഇതു പറഞ്ഞപ്പോൾ നിർത്താതെ കയ്യടിച്ച മരങ്ങോടന്മാരിൽ ഒരുത്തനെങ്കിലും ഒരു കടലാസ്സും പെൻസിലും എടുത്തു കണക്കുകൂട്ടിയിരുന്നെങ്കിൽ ഈ കണക്കു പൊട്ടത്തെറ്റാണെന്നു മനസ്സിലായേനേ! അതെങ്ങനെ? സംസ്കൃതം കേട്ടാൽ കവാത്തു മറക്കുന്നവരല്ലേ ആർഷസംസ്കാരതീവ്രവാദഭ്രാന്തന്മാർ!
പ്രസംഗത്തിനിടയിൽ ഗ്യാസു മാത്രം തട്ടിവിടുന്ന ശ്രീ ഗോപാലകൃഷ്ണനു് എവിടെയോ സംഖ്യ പിഴച്ചുപോയതാവാനാണു സാദ്ധ്യത. യോജന 12.11 കിലോമീറ്ററാവാതെ വഴിയില്ല. യോജന 12.11 കിലോമീറ്ററാണെന്നു് അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പലയിടത്തും എഴുതിയിട്ടുണ്ടു്. കാരണം, ആര്യഭടൻ ഭൂമിയുടെ വ്യാസമായി പറഞ്ഞിരിക്കുന്നതു് 1050 യോജനയാണു്. ഇപ്പോഴറിയാവുന്ന ഭൂമിയുടെ വ്യാസത്തെ 1050 കൊണ്ടു ഹരിച്ചാൽ 12.11 കിലോമീറ്റർ കിട്ടും. എന്നിട്ടു് അവ തമ്മിൽ ഗുണിച്ചു് ഇപ്പോഴത്തെ മൂല്യം കിട്ടുന്നു എന്നു കാണിക്കും. എന്തൊരു ഗണിതം! (ഇതിനെപ്പറ്റി കൂടുതൽ താഴെ.)
അപ്പോൾ യോജന 12.11 കിലോമീറ്ററാകുമ്പോൾ 2202 യോജന = 26666.22 കിലോമീറ്റർ. 299792458 കിലോമീറ്റർ / സെക്കന്റ് വേഗതയുള്ള പ്രകാശം ഇത്രയും സഞ്ചരിക്കാൻ 26666.22 / 299792458 = 0.0889489355 സെക്കന്റ് വേണം. ഇതു് അര നിമിഷം ആവണം. അപ്പോൾ ഒരു നിമിഷം അതിന്റെ ഇരട്ടി = 0.177897871 സെക്കന്റ്.
ഈ മൂല്യം എങ്ങനെയെങ്കിലും ശരിയാക്കാൻ ഒരു ശ്രമം നടത്തിയതാണു ശ്രീ ഗോപാലകൃഷ്ണൻ. കഷ്ടം! കണക്കുകൂട്ടൽ എവിടെയോ പിഴച്ചു പോയി. 0.177897871 എന്നതു് 1/18 ആണെന്നു് ചിന്തിച്ചുപോയി. ഇതൊക്കെ സാധാരണ പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞു കയ്യടി വാങ്ങലോടെ കഴിയുമായിരുന്നു. ഇതൊക്കെ വീഡിയോ ആയി യൂട്യൂബിൽ വരും എന്നു് ആരറിഞ്ഞു?
മാർഗ്ഗം എന്തായാലും ലക്ഷ്യം ഒന്നുതന്നെയാവണം എന്ന തത്ത്വവും ഭാരതീയരുടേതാണെന്നു് ഇപ്പോൾ മനസ്സിലായില്ലേ? ലക്ഷ്യത്തിലെത്താൻ ഏതു മാർഗ്ഗവും അവലംബിക്കാമെന്നും!
ഇനി ഇതിനകത്തുള്ള കള്ളക്കണക്കുകൾ ഓരോന്നായി പരിശോധിക്കാം.
അർത്ഥം: മൂന്നു ലവം നിമേഷം. മൂന്നു നിമേഷം ക്ഷണം. അഞ്ചു ക്ഷണം കാഷ്ഠ. പതിനഞ്ചു കാഷ്ഠ ലഘു. പതിനഞ്ചു ലഘു നാഴിക.
ഇതനുസരിച്ചു്, ഒരു നാഴികയുടെ 3 x 5 x 15 x 15 = 3375-ൽ ഒരു ഭാഗമാണു് ഒരു നിമേഷം. ഒരു നാഴിക 24 മിനിറ്റ് ആയതിനാൽ ഒരു നിമേഷം 0.426666667 സെക്കന്റ് ആണെന്നു വരുന്നു. അപ്പോൾ അര നിമേഷം 0.213333 സെക്കന്റ്. (ഈ അര നിമിഷത്തെയാണു് ഒരു നിമിഷമായി എടുത്തു് ലിൻഡാ ജോൺസൻ തന്റെ കണക്കു ശരിയാക്കിയതു്.) ശരിയായ ഉത്തരത്തിൽ നിന്നു തിരിച്ചു കണക്കുകൂട്ടിയാൽ യോജനയുടെ മൂല്യം കിട്ടും. അങ്ങനെ യോജന 14.48 കിലോമീറ്റർ (9 മൈൽ) ആയി. ഇതു ലിൻഡാ ജോൺസിന്റെയും സുഭാഷ് കാക്കിന്റെയും കളി!
ഡോ. ഗോപാലകൃഷ്ണനു് ഈ കളി മതിയാവില്ല. കാരണം, യോജന 12.11 കിലോമീറ്ററാണെന്നു് അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പലയിടത്തും എഴുതിയിട്ടുണ്ടു്. അപ്പോൾ നിമിഷത്തിന്റെ വില ശരിയാക്കണം. എന്തൊരു പൊല്ലാപ്പാണു ദൈവമേ! ആ ശ്രമത്തിനിടയിൽ കണക്കു പിഴയ്ക്കുകയും ചെയ്തു. ഫലമോ, പരമാബദ്ധം വിളമ്പിയതു് യൂട്യൂബിലൂടെ ലോകത്തൊക്കെ പരക്കുകയും ചെയ്തു!
യോജനയുടെ വില 14.48 കിലോമീറ്റർ ആണെന്നു ലിൻഡാ ജോൺസനും 12.11 കിലോമീറ്റർ ആണെന്നു ഗോപാലകൃഷ്ണനും പറഞ്ഞ സ്ഥിതിക്കു്, ആക്ച്വലി എന്താ ഈ യോജന?
ശബ്ദതാരാവലിയിൽ (യോജന എന്ന വാക്കിന്റെ അർത്ഥം പറയുന്നിടത്തു്) ഇതു തന്നെ കാണുന്നു:
8 തോര = 1 അംഗുലം
24 അംഗുലം = 1 കോൽ
4 കോൽ = 1 ദണ്ഡം
2000 ദണ്ഡം = 1 ക്രോശം
4 ക്രോശം = 1 യോജന (ഏകദേശം 8 മൈൽ)
ഒരു അംഗുലം ഒന്നേകാൽ ഇഞ്ചു് ആണെന്നും (അംഗുലം എന്ന വാക്കിന്റെ അർത്ഥം പറയുന്നിടത്തു്) ഉണ്ടു്. അതായതു്, 1 യോജന = 1.25 x 768000 = 960000 ഇഞ്ചു് = 960000 / 63360 = 15.15 മൈൽ (24.375 കിലോമീറ്റർ). ഇതെങ്ങനെ ഏകദേശം 8 മൈൽ ആകുന്നതെന്നു് എനിക്കൊരു പിടിയുമില്ല. 8 മൈൽ (12.87 കിലോമീറ്റർ) ആണെങ്കിൽ ഏതാണ്ടു് മുകളില്പറഞ്ഞ മൂല്യത്തിനടുത്തു വരും. അപ്പോൾ ഒരംഗുലം = 0.66 ഇഞ്ച് ആണെന്നു വരും. ചിലപ്പോൾ അതു ശരിയാകാനാണു വഴി.
The angulam is approximately 1.763 cms in Harappa, 1.75 in Kalibangan, and 1.77 in Lothal എന്നു് ആർക്കിയോളജിസ്റ്റായ ജെ. കെ. നായരുടെ ബ്ലോഗിൽ കാണുന്നു. ഹാരപ്പയിലെ അളവായ 1.763 സെന്റീമീറ്റർ എന്നെടുത്താൽ ഒരു യോജന = 1.763 x 24 x 4 x 2000 x 4 / 10^5 = 13.54 കിലോമീറ്റർ എന്നു വരുന്നു.
24 അംഗുലം = 72 സെന്റിമീറ്റർ എന്നു് ഒരു വാസ്തു സൈറ്റിൽ കാണുന്നു. അതായതു് 1 അംഗുലം = 3 സെന്റിമീറ്റർ. ഒരു യോജന = 23.04 കിലോമീറ്റർ.
ഇനി ആര്യഭടൻ പറയുന്നതു കേൾക്കുക (ആര്യഭടീയം 1:7): നൃഷി യോജനം
ആര്യഭടൻ പറഞ്ഞിരിക്കുന്നതു് ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടിയാണു് (ഷി എന്നതു് 8000-നെ സൂചിപ്പിക്കുന്നു. നൃ നരനെയും.) യോജനയെന്നാണു്. ഒരു മനുഷ്യന്റെ ഉയരം ആറടി (1.8288 മീറ്റർ) എന്നെടുത്താൽ യോജന 14630.4 മീറ്റർ = 14.630 കിലോമീറ്റർ എന്നു കിട്ടും. ആഹാ! ഇതു മുകളിൽ പറഞ്ഞിരിക്കുന്നതുമായി ഒത്തുപോകുന്നുണ്ടല്ലോ!
അങ്ങനെ ആഘോഷിക്കാൻ വരട്ടേ, ആര്യഭടൻ പറഞ്ഞതു മൊത്തം നോക്കാം:
ഭൃഗു-ഗുരു-ബുധ-ശനി-ഭൗമാ ശശി-ങ-ഞ-ണ-ന-മ-അംശകാഃ = ശുക്രൻ, വ്യാഴം, ബുധൻ, ചന്ദ്രൻ, ചൊവ്വ എന്നിവയ്ക്കു് ചന്ദ്രന്റെ 5 (ങ), 10 (ഞ), 15 (ണ), 20 (ന), 25 (മ) എന്നീ ഭാഗങ്ങളാണു്.
സമ അർക്ക-സമാഃ = യുഗങ്ങളിലെ വർഷങ്ങളുടെ എണ്ണം സൂര്യന്റെ ചുറ്റലുകളുടെ എണ്ണത്തിനു തുല്യമാണു്.
അതായതു്, ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 മടങ്ങാണു് യോജന. ഭൂമിയുടെ വ്യാസം 1050 യോജനയാണു്. സൂര്യന്റെ വ്യാസം 4410 യോജന. ചന്ദ്രന്റെ വ്യാസം 315 യോജന. ശുക്രൻ, വ്യാഴം, ബുധൻ, ശനി, ചൊവ്വ എന്നിവയുടെ വ്യാസങ്ങൾ യഥാക്രമം ചന്ദ്രവ്യാസത്തിന്റെ അഞ്ചിലൊന്നു്, പത്തിലൊന്നു്, പതിനഞ്ചിലൊന്നു്, ഇരുപതിലൊന്നു്, ഇരുപത്തഞ്ചിലൊന്നു് ഇവയാണു്.
ആര്യഭടന്റെ കണക്കുകൾ അപ്പാടെ തെറ്റാണെന്നു വ്യക്തമാണല്ലോ. ചന്ദ്രനെക്കാൾ ചെറുതാണു വ്യാഴവും ശനിയുമെന്നൊക്കെ പറഞ്ഞതു് അവയുടെ ആകാശത്തിൽ കാണുന്ന വലിപ്പത്തിന്റെ അടിസ്ഥാനത്തിലാവണം. അതുപോലെ ചന്ദ്രന്റെയും സൂര്യന്റെയും വ്യാസങ്ങൾ ഭൂമിയുടേതിന്റെ 0.3 മടങ്ങും 4.2 മടങ്ങും ആണെന്നാണു പാവം ധരിച്ചിരുന്നതു്!
ഭൂമിയുടെ വ്യാസം ആര്യഭടൻ ശരിയായി ഗണിച്ചു എന്നു കാണിക്കാൻ ശ്രീ ഗോപാലകൃഷ്ണൻ തന്റെ Indian Scientific Heritage എന്ന പുസ്തകത്തിൽ (പേജ് 268) ഈ ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. പക്ഷേ അവിടെ “നൃഷി യോജനം, ഞിലാ ഭൂവ്യാസേ…” എന്നു മാത്രം ഉദ്ധരിച്ചു് അർത്ഥം പറഞ്ഞു് അർദ്ധോക്തിയിൽ വിരമിച്ചിരിക്കുന്നു. കാരണം, ബാക്കി പൊട്ടത്തെറ്റാണെന്നു് ഏതു സ്കൂൾകുട്ടിക്കും മനസ്സിലാവും, അത്ര തന്നെ!
യഥാർത്ഥത്തിൽ സൂര്യനു് ഭൂമിയുടെ 109 ഇരട്ടി വ്യാസമുണ്ടു്. ചന്ദ്രന്റെ വ്യാസം ഭൂമിയുടേതിന്റെ 0.3 ആണെന്നതു് ഏകദേശം ശരിയാണു് (0.2724). എന്നാൽ ബാക്കിയുള്ള മൂല്യങ്ങളൊക്കെ തെറ്റാണു്. ശരിയായ മൂല്യങ്ങൾ താഴെക്കൊടുക്കുന്നു.
Planet
Diameter
Sun
Moon
Mercury
Venus
Earth
Mars
Jupiter
Saturn
Sun
1391000.0
1.0000
400.3108
285.0760
114.9245
109.0450
204.7395
9.7284
11.5401
Moon
3474.8
0.0025
1.0000
0.7121
0.2871
0.2724
0.5115
0.0243
0.0288
Mercury
4879.4
0.0035
1.4042
1.0000
0.4031
0.3825
0.7182
0.0341
0.0405
Venus
12103.6
0.0087
3.4833
2.4806
1.0000
0.9488
1.7815
0.0847
0.1004
Earth
12756.2
0.0092
3.6711
2.6143
1.0539
1.0000
1.8776
0.0892
0.1058
Mars
6794.0
0.0049
1.9552
1.3924
0.5613
0.5326
1.0000
0.0475
0.0564
Jupiter
142984.0
0.1028
41.1488
29.3036
11.8133
11.2090
21.0456
1.0000
1.1862
Saturn
120536.0
0.0867
34.6886
24.7030
9.9587
9.4492
17.7415
0.8430
1.0000
ഇതിൽ ഏതെങ്കിലും ഒരു മൂല്യം ശരിയാണെന്നു സ്ഥാപിക്കാൻ വേണ്ടി ആധുനികമൂല്യത്തിൽ നിന്നു് ആര്യഭടനും മറ്റും പറഞ്ഞ മൂല്യത്തെ ഹരിച്ചാണു് പലരും യോജനയുടെ വലിപ്പം കണക്കാക്കുന്നതു്. അങ്ങനെ യോജന 8 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ നീളം പലയിടത്തും കാണാം. ഒരു മനുഷ്യന്റെ ഉയരം ആറടി (1.8288 മീറ്റർ) എന്നെടുത്താൽ യോജന 14630.4 മീറ്റർ = 14.630 കിലോമീറ്റർ എന്നു കിട്ടും. ഭൂമിയുടെ വ്യാസം 15362 കിലോമീറ്റർ എന്നും.
മുകളിൽ പറഞ്ഞതു് ഇങ്ങനെ സംഗ്രഹിക്കാം:
പ്രാചീനഭാരതീയഗണിതജ്ഞർ, മറ്റു രാജ്യങ്ങളിലെ ഗണിതജ്ഞരെപ്പോലെ തന്നെ, ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും വലിപ്പവും വേഗതയും ദൂരവും മറ്റും കണക്കുകൂട്ടാൻ ശ്രമിച്ചിരുന്നു. അതിനുള്ള ഉപകരണങ്ങളുടെയും അറിവിന്റെയും അഭാവത്തിൽ ഇവയിൽ പലതും തെറ്റായ മൂല്യങ്ങളായിരുന്നു.
ഈ മൂല്യങ്ങൾ തെറ്റായിരുന്നില്ല, വളരെ കൃത്യമായിരുന്നു എന്നു വാദിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടു്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണൻ പ്രകാശത്തിന്റെ വേഗത കൃത്യമായി കണ്ടുപിടിച്ചു എന്നു പറയുന്നതു് ഒരു ഉദാഹരണമാണു്. സുഭാഷ് കാക്ക് എന്ന എഞ്ചിനീയറെ ഉദ്ധരിച്ചു് ഒരു ലേഖനം എഴുതിയ ലിൻഡാ ജോൺസനും, ലോകത്തിലുള്ള ജ്ഞാനം മുഴുവൻ പ്രാചീനഭാരതത്തിലുണ്ടായിരുന്നു എന്നു പ്രസംഗിച്ചു നടക്കുന്ന ഡോ. എൻ. ഗോപാലകൃഷ്ണനും ഉദാഹരണങ്ങൾ. അതിനു വേണ്ടി അവർ പറയുന്ന വാദങ്ങൾക്കു പലതിനും ഒരു അടിസ്ഥാനവുമില്ല.
സായണൻ പറഞ്ഞതു് ഭൂമിക്കു ചുറ്റും സൂര്യൻ സഞ്ചരിക്കുന്ന വേഗതയാണു്. അതിനു വലിയ അർത്ഥമൊന്നും ഇപ്പോഴില്ലാത്തതു കൊണ്ടു് അതു് പ്രകാശപ്രവേഗമാണെന്നു വ്യാഖ്യാനിച്ചാണു് ഇവരുടെ കളികൾ. അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്നു എന്നതിൽ നിമിഷത്തിനും യോജനയ്ക്കും തോന്നിയ വിലകൾ കൊടുത്താണു് അവസാനത്തെ ഉത്തരം ശരിയാക്കുന്നതു്. ഈ മൂല്യങ്ങൾ പ്രാചീനഗണിതപുസ്തകങ്ങളിലെ മറ്റു പല പരാമർശങ്ങളുമായി ഒത്തുപോകുന്നില്ല.
ലിൻഡാ ജോൺസനും സുഭാഷ് കാക്കും പറയുന്ന കണക്കിൽ തെറ്റുണ്ടു്. (അര നിമിഷത്തെ ഒരു നിമിഷമാക്കി അവർ.) എങ്കിലും അവസാനത്തെ ഉത്തരം പ്രകാശവേഗതയോടു് വളരെ അടുത്തതാക്കാൻ അവർ വിജയിച്ചു. യോജനയുടെ ദൈർഘ്യം അഡ്ജസ്റ്റു ചെയ്താണെന്നു മാത്രം.
ഗോപാലകൃഷ്ണൻ പറഞ്ഞ കണക്കു മൊത്തം തെറ്റാണു്. പ്രസംഗത്തിൽ പറഞ്ഞ മൂല്യങ്ങൾ ഗുണിച്ചു നോക്കിയാൽത്തന്നെ ഈ തെറ്റു മനസ്സിലാകും.
നിമിഷം എത്രയാണെന്ന കാര്യം നമുക്കു വ്യക്തമായി അറിയാം. യോജനയുടെ ദൈർഘ്യത്തെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടു്. അംഗുലത്തിന്റെ അടിസ്ഥാനത്തിൽ അതിനു വ്യക്തമായ ഒരു നിർവ്വചനമുണ്ടെങ്കിലും പ്രാചീനാചാര്യന്മാർ പറഞ്ഞ മൂല്യങ്ങളിൽ നിന്നു ബായ്ക്ക്‌കാൽക്കുലേഷൻ ചെയ്യുന്ന രീതിയാണു് സാധാരണയായി ഇത്തരം ആളുകൾ ചെയ്യുന്നതു്. ഭൂമിയുടെ വ്യാസവും മറ്റും കണ്ടുപിടിക്കുന്നതിൽ പ്രാചീനർക്കു തെറ്റു പറ്റി എന്നു സമ്മതിക്കുന്നതിനേക്കാൾ, അവ കിറുകൃത്യമാണെന്നു സ്ഥാപിക്കാൻ യൂണിറ്റിനെ തോന്നിയതു പോലെ മാറ്റുകയാണു് ഇത്തരം വ്യാഖ്യാതാക്കൾ ചെയ്യുന്നതു്.
സുഭാഷ്, ലിൻഡ, ഗോപാലകൃഷ്ണൻ ഇവർ പറഞ്ഞ അസംബന്ധങ്ങളിൽ ഒന്നു പോലും സായണനു് പ്രകാശപ്രവേഗം എത്രയായിരുന്നു എന്നറിയാമായിരുന്നു എന്നതിനു തെളിവു നൽകുന്നില്ല. കൃത്രിമമായി പടച്ചുണ്ടാക്കിയ വാദങ്ങൾ മാത്രം.
യോജനയുടെ മുകളിൽ കൊടുത്ത ഓരോ മൂല്യവും ഉപയോഗിച്ചു് ആര്യഭടനും മറ്റും പറഞ്ഞതു് കൃത്യമാണോ എന്നു പരിശോധിക്കുന്നതിലും എളുപ്പം, ആര്യഭടന്റെയും മറ്റും മൂല്യത്തിൽ നിന്നു് യോജനയെ തിരിച്ചു കണക്കുകൂട്ടുകയാണു്. (ഇതു തന്നെയാണു് ഈ ഗവേഷകരിൽ പലരും ചെയ്യുന്നതു് എന്നതു മറ്റൊരു കാര്യം.) ഭാവിയിൽ ഭാരതീയജ്ഞാനത്തെപ്പറ്റി വാചാലമായി എഴുതുന്നവർക്കു വേണ്ടി അങ്ങനെയൊരു പട്ടിക ഞാൻ താഴെ ഉണ്ടാക്കിയിട്ടുണ്ടു്. 7 മുതൽ 7650 വരെ കിലോമീറ്റർ ആകാം ഒരു യോജന എന്നാണു് ഇതിൽ നിന്നു മനസ്സിലാകുന്നതു്. ഏതു ശ്ലോകത്തെയാണോ വ്യാഖ്യാനിക്കേണ്ടതു്, അതനുസരിച്ചു യോജനയെ തിരഞ്ഞെടുക്കാം.
ഉദാഹരണമായി: “ബുധന്റെ വ്യാസം 21 യോജനയാണെന്നു് ആര്യഭടൻ പറഞ്ഞിരിക്കുന്നു. ഒരു യോജന = 232 കിലോമീറ്റർ. അതായതു് ബുധന്റെ വ്യാസം = 21 x 232 = 4872 കിലോമീറ്റർ. ആധുനികശാസ്ത്രം പറയുന്നതു് ഇതു് 4879.4 ആണു് എന്നാണു്. ആധുനിക ഉപകരണങ്ങളൊന്നുമില്ലാതെ ധ്യാനത്തിലൂടെ ആര്യഭടൻ കണ്ടുപിടിച്ച മൂല്യം എത്ര ശരിയാണെന്നു നോക്കൂ!”
ശരിയാക്കേണ്ട സംഗതി
യോജന (കി. മീ.)
മനുഷ്യന്റെ പൊക്കം (മീറ്റർ)
ഭൂമിയുടെ വ്യാസം = 12756.2 കി. മീ.
ആര്യഭടൻ: 1050 യോജന
12.15
1.52
ഭാസ്കരൻ I : 1600 യോജന
7.97
1.00
സൂര്യന്റെ വ്യാസം = 1391000.0 കി. മീ.
ആര്യഭടൻ: 4410 യോജന
315.42
39.43
ഭാസ്കരൻ I: 6480 യോജന
214.66
26.83
ബ്രഹ്മഗുപ്തൻ/ഭാസ്കരൻ II/ശ്രീപതി: 6522 യോജന
213.28
26.66
ചന്ദ്രന്റെ വ്യാസം = 3474.8 കി. മീ.
ആര്യഭടൻ: 315 യോജന
11.03
1.38
ബ്രഹ്മഗുപ്തൻ/ശ്രീപതി: 480 യോജന
7.24
0.91
ഭാസ്കരൻ I: 315 യോജന
11.03
1.38
ഭാസ്കരൻ II: 400 യോജന
8.69
1.09
ലല്ലാചാര്യൻ: 320 യോജന
10.86
1.36
ബുധന്റെ വ്യാസം = 4879.4 കി. മീ.
ആര്യഭടൻ: 21 യോജന
232.35
29.04
ശുക്രന്റെ വ്യാസം = 12103.6 കി. മീ.
ആര്യഭടൻ: 63 യോജന
192.12
24.02
ചൊവ്വയുടെ വ്യാസം = 6794.0 കി. മീ.
ആര്യഭടൻ: 12.6 യോജന
539.21
67.40
വ്യാഴത്തിന്റെ വ്യാസം = 142984.0 കി. മീ.
ആര്യഭടൻ: 31.5 യോജന
4539.17
567.40
ശനിയുടെ വ്യാസം = 120536.0 കി. മീ.
ആര്യഭടൻ: 15.75 യോജന
7653.08
956.64
ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരം = 149597871 കി. മീ.
ബ്രഹ്മഗുപ്തൻ: 689358 യോജന
217.01
27.13
ഭാസ്കരൻ I : 459585 യോജന
325.51
40.69
ശ്രീപതി: 684870 യോജന
218.43
27.30
ഭാസ്കരൻ II : 689377 യോജന
217.00
27.13
ലല്ലാചാര്യൻ: 459585 യോജന
325.51
40.69
ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ശരാശരി ദൂരം = 384403 കി. മീ.
ബ്രഹ്മഗുപ്തൻ/ശ്രീപതി/ഭാസ്കരൻ I : 51566 യോജന
7.45
0.93
ഭാസ്കരൻ I : 34377 യോജന
11.18
1.40
ലല്ലാചാര്യൻ: 34377 യോജന
11.18
1.40
ഏതെങ്കിലും മനുഷ്യനു 956 മീറ്റർ പൊക്കമുണ്ടാവുമോ എന്നു് ഏതെങ്കിലും വിവരദോഷികൾ ചോദിച്ചാലും സാരമില്ല. മഹാഭാരതത്തിലെ ഘടോൽക്കചന്റെ വർണ്ണന ഒന്നു സംസ്കൃതത്തിൽ ക്വോട്ടു ചെയ്തിട്ടു് ആ കാലത്തെ മനുഷ്യർക്കു് അത്രയും വലിപ്പമുണ്ടു് എന്നു സമർത്ഥിക്കാവുന്നതേ ഉള്ളൂ. ഗുഡ് ലക്ക്!
പ്രായം കൂടുന്നതോടെ ആക്ടിവിറ്റികളും കുറഞ്ഞു. കഴിഞ്ഞ വർഷത്തിൽ ആകെ എഴുതിയ പോസ്റ്റുകളുടെ എണ്ണം 22. 134 പോസ്റ്റുകളിട്ട വർഷവും 21 പോസ്റ്റുകളിട്ട മാസവും ഉണ്ടായിരുന്നു – ഒരു കാലത്തു്. (വിശദവിവരങ്ങൾ ഇവിടെ). അതൊക്കെ അന്തക്കാലം! ഇപ്പോൾ പ്രായം കുറേ ആയില്ലേ? അഞ്ചുകൊല്ലം ബ്ലോഗിംഗ് എന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ?
എന്തായാലും, മുടന്തിയും ഇഴഞ്ഞും തപ്പിത്തടഞ്ഞും കുറേക്കാലം കൂടി അങ്ങു പോകും എന്നു കരുതുന്നു…
കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് അവധി പ്രമാണിച്ചു് ഇന്റർനെറ്റിനു തീണ്ടാപ്പാടകലെയായിരുന്നു ജീവിതം. രാജ്‌മോഹൻ ഉണ്ണിത്താൻ സംഭവമായിരുന്നു വായിച്ച അവസാനത്തെ വാർത്ത.
അങ്ങനെയിരിക്കുമ്പോഴാണു് പ്രതീക്ഷിക്കാത്ത ചില ആളുകളിൽ നിന്നു് ഒരു ശ്ലോകത്തെപ്പറ്റിയുള്ള ചോദ്യം വന്നതു്: “കാമാതുരാണാം ന ഭയം ന ലജ്ജാ” എന്ന ഭാഗം ഏതു പുസ്തകത്തിൽ നിന്നുള്ളതാണെന്നും, ആ ശ്ലോകത്തിന്റെ പൂർണ്ണരൂപം എന്താണെന്നുമായിരുന്നു ചോദ്യങ്ങൾ. പെട്ടെന്നു് എങ്ങനെ ഈ സുഭാഷിതം പ്രശസ്തമായി എന്നു് അന്വേഷിച്ചപ്പോഴാണു് (ഇതിനു മുമ്പു് ഇങ്ങനെയൊരു കൂട്ട ആവശ്യം ഉയർന്നതു് ഏതോ ആഭരണക്കടയോ തുണിക്കടയോ മറ്റോ “ഉഡുരാജമുഖീ…” എന്ന ശ്ലോകമെടുത്തു് അടിച്ചു പരത്തി വലിച്ചു നീട്ടി ഒരു പരസ്യം ഉണ്ടാക്കിയപ്പോളായിരുന്നു.) കോൺഗ്രസ്സിന്റെ തല മൂത്ത നേതാവു് നാരായൺ ദത്ത് തിവാരിയുടെ വിക്രിയകൾ റിപ്പോർട്ടു ചെയ്ത ചാനൽ അവതാരകൻ ഈ വരിയും ഉദ്ധരിച്ചിരുന്നു എന്നറിഞ്ഞതു്. അങ്ങനെ ആ വാർത്ത കേട്ടറിഞ്ഞു ചെന്നപ്പോളേയ്ക്കും ആ ശ്ലോകവും തിവാരീലീലകളുടെ സ്പെഷ്യൽ വീഡിയോ ഫുട്ടേജും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്രത്യക്ഷമായിരുന്നതിനാൽ സംഗതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണു് സംഗതി ഇവിടെ കണ്ടതു്. സംഭവം ശരി തന്നെ. അവതാരകൻ ഈ വരി ഉദ്ധരിക്കുന്നുണ്ടു്.
സന്ദർഭത്തിനനുസരിച്ചുള്ള സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കാൻ മാത്രം വിവരം വെച്ചോ ആന്ധ്രയിലെ ചാനലുകാർ എന്നായിരുന്നു എന്റെ ആദ്യപ്രതികരണം. അതിനു് സരസനായ ഒരു സുഹൃത്തു് പറഞ്ഞതിങ്ങനെ: ചില ശ്ലോകങ്ങൾ ചില സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായിരിക്കും. “വിദ്യാധനം സർവ്വധനാത് പ്രധാനം” എന്നതു് കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വരിയല്ലേ? അതുപോലെ ആന്ധ്രയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന വരിയായിരിക്കും കാമാതുരന്റേതു്!
എന്തായാലും ശ്ലോകം താഴെ. ഗരുഡപുരാണത്തിലേതാണു സംഭവം.
അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ
അർത്ഥ-ആതുരാണാം ന സുഹൃത്, ന ബന്ധുഃ
:
ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല
കാമ-ആതുരാണാം ന ഭയം, ന ലജ്ജാ
:
കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല
ചിന്ത-ആതുരാണാം ന സുഖം, ന നിദ്രാ
:
ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല
ക്ഷുത്-ആതുരാണാം ന ബലം, ന തേജഃ
:
വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല
ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ടു്.
ഒന്നാം വരിയിൽ “ന സുഹൃത്, ന ബന്ധുഃ” എന്നതിനു പകരം “ന സഖാ, ന ബന്ധുഃ” എന്നു്. അർത്ഥം അതു തന്നെ. (അല്ലാതെ കാശുള്ളവനു കമ്യൂണിസ്റ്റുകാരൻ – സഖാവു് – ബന്ധുവല്ല എന്നല്ല.)
മൂന്നാം വരിയിൽ ചിന്താതുരനു പകരം വിദ്യാതുരനെയും കണ്ടിട്ടുണ്ടു്. പഠിത്തം തലയ്ക്കു പിടിച്ചാൽ പിന്നെ സുഖിക്കാനും ഉറങ്ങാനും നിൽക്കില്ല എന്നു്.
നാലാം വരി “ക്ഷുധാതുരാണാം ന രുചിർന്ന പക്വം” എന്നും ആവാം. വിശന്നുവലയുന്നവനു ഭക്ഷണത്തിന്റെ രുചിയും പാകവും പ്രശ്നമല്ല എന്നർത്ഥം.
ഈ ശ്ലോകത്തിലെ രണ്ടാം വരിയാണു് ചാനലുകാരൻ എടുത്തു ചാമ്പിയതു്. ആ വാർത്ത മുഴുവൻ തിവാരിയുടെ പ്രവൃത്തികളെ വളരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നതാണെന്നു മനസ്സിലാകാൻ തെലുങ്ക് അറിയേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ചിത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും കാണിച്ചു് ഏതോ തെലുങ്കുപാട്ടിന്റെ അകമ്പടിയോടുകൂടി അത്രയും വലിച്ചുനീട്ടിയ ആ ചാനൽ അഭ്യാസികളുടെ ജുഗുപ്സാവഹമായ കാമരോഗത്തെക്കാൾ കൂടുതലാണോ തിവാരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാമരോഗം?
ചാനലുകളുടെയും പൊതുജനത്തിന്റെയും അവർക്കു കൂട്ടുനിൽക്കുന്ന പോലീസിന്റെയും കാമരോഗങ്ങൾക്കു് ഉദാഹരണങ്ങൾ ഈയിടെയായി ഏറെയാണു്. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹത്തിനു വെളിയിൽ രഹസ്യമായി ബന്ധപ്പെടുന്നതു കുറ്റകരമല്ലാതിരിക്കേ, അങ്ങനെയുള്ള ഏതു വാർത്തയെയും ചൊറിഞ്ഞിളക്കി പടമെടുത്തു് വീണ്ടും വീണ്ടും ടെലിവിഷനിൽ കാണിച്ചു രസിക്കുന്നതു രോഗമല്ലെങ്കിൽ പിന്നെന്താണു്? (കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ ഇങ്ങനെ തന്നെ ആസ്വദിക്കുന്നു എന്നതു മറ്റൊരു കാര്യം.) ഒരു വീട്ടിൽ നടക്കുന്ന അനാശ്യാസപ്രവർത്തനങ്ങൾ നാട്ടുകാരുടെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളുടെ സന്മാർഗ്ഗതയെ ബാധിക്കുന്നു എന്നതാണു വാദമെങ്കിൽ, അവ ഇങ്ങനെ പച്ചയായി ടെലിവിഷനിൽ കാണിച്ചാൽ അതു കാണുന്നവരുടെ സന്മാർഗ്ഗതയെ ബാധിക്കില്ലേ?
തിവാരിക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെ നമ്മൾ കണ്ടു. നാട്ടുകാരെക്കൊണ്ടു പടമെടുപ്പിക്കാനും പുലഭ്യം പറയിക്കാനും അനുവദിച്ച പോലീസിന്റെ പ്രവൃത്തിയെപ്പറ്റി എന്തു പറയാൻ? എന്തു കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിൽ അശ്ലീലം കൊണ്ടുവരുന്ന ഉണ്ണിത്താനെ “കാമാതുരൻ” എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ സംഭവത്തിൽ കാമരോഗം അദ്ദേഹത്തെക്കാൾ പൊതുജനത്തിനാണു്.
അതിനെക്കാൾ ഭീകരമായ ഒരു സംഭവം അതിനും കുറച്ചു മുമ്പു നടന്നു. അനാശാസ്യപ്രവർത്തനം നടക്കുന്നു എന്നു സംശയിച്ച ഒരു വീട്ടിൽ മാദ്ധ്യമങ്ങൾ – പോലീസല്ല, മാദ്ധ്യമങ്ങൾ – ഇരച്ചുകയറി അവിടെയുണ്ടായ ഒരു പെണ്ണിന്റെ പൂർണ്ണനഗ്നതയും അതിനു ശേഷം അവൾ വസ്ത്രം ധരിക്കുന്നതും ക്യാമറയിൽ പകർത്തി ടീവിയിൽ കാണിച്ചു. തെണ്ടികൾ. എന്നിട്ടു് അതിനോടു ചേർന്നു് കുറേ ഊഹാപോഹങ്ങളും അപവാദപ്രചാരണങ്ങളും. “ബിനീഷ് കോടിയേരിയെ ഒരു വേശ്യാലയത്തിൽ നിന്നും പിടികൂടി” എന്നു തുടങ്ങിയ ആരോപണം അവസാനം “ബിനീഷ് കോടിയേരിയോടു രൂപസാദൃശ്യമുള്ള ഒരാളും ആ പെണ്ണും ഉള്ള തീരെ ആഭാസമല്ലാത്ത ഒരു സാധാരണഫോട്ടോ അവളുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തു” എന്നു പരിണമിച്ചതു കാണുമ്പോൾ കാക്കയെ ഛർദ്ദിച്ച കഥയാണു് ഓർമ്മ വന്നതു്. ഒരു പെണ്ണിന്റെയും, അവളോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പുരുഷന്റെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി നിയമവിരുദ്ധമല്ലാത്ത കാര്യങ്ങളെ അനാവശ്യമായി ചൊറിഞ്ഞിളക്കുന്ന ഇവരെത്തന്നെയല്ലേ “കാമാതുരന്മാർ” എന്നു വിളിക്കേണ്ടതു്?
വിവാഹിതനായ ഒരുവൻ പരസ്ത്രീയോടോ, വിവാഹിതയായ ഒരുവൾ പരപുരുഷനോടോ ബന്ധപ്പെടുകയോ ഒരു മുറിയിൽ താമസിക്കുകയോ ചെയ്യുന്നതു് തെറ്റല്ലേ? ആകാം. ഭാര്യയോടു കള്ളം പറഞ്ഞു കള്ളു കുടിക്കാൻ പോവുന്നതും, പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയും ആഭാസത്തരം പറയുകയും ചെയ്യുന്നതും, പെണ്ണുങ്ങളെ കാണുമ്പോൾ വഴിയിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നതും, പെണ്ണുങ്ങളുടെയോ വികലാംഗന്റെയോ സീറ്റിൽ ഇരുന്നിട്ടു് അതിനു് അർഹതയുള്ളവർ വരുമ്പോൾ ഉറക്കം നടിക്കുന്നതും, വഴിയേ പോകുന്ന പെണ്ണിനെ അടിമുടി നോക്കി കമന്റടിക്കുന്നതും, കൈക്കൂലി കൊടുത്തു കാര്യം കാണുന്നതും, കള്ളജാതകം കാട്ടി കല്യാണം നടത്തുന്നതും പോലെയുള്ള വഞ്ചനയാകാം അവയൊക്കെ. ഇവയിലൊക്കെ വഞ്ചിക്കപ്പെടുന്നവർക്കു വഞ്ചകർക്കെതിരേ നിയമപരമായോ അല്ലാതെയോ നടപടിയെടുക്കാൻ അവകാശമുണ്ടു്. ബന്ധങ്ങൾ ഉലയാൻ ഇതൊക്കെ മതി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ബ്ലോഗിലെഴുതുന്നവരുടെ ഭാര്യയോ ഭർത്താവോ ഇത്തരം പ്രവൃത്തികൾ ചെയ്താൽ അതിനോടു പ്രതികരിക്കുക തന്നെ വേണം. പക്ഷേ, അതു് പടമെടുക്കാനും ചൊറി മാന്താനും വരുന്നവരെ പുറംകാലു കൊണ്ടു തട്ടിമാറ്റിയിട്ടാവണം എന്നു മാത്രം.
ബാലൻ കെ. നായരും ജോസ് പ്രകാശും മറ്റും അവതരിപ്പിച്ചിരുന്ന റേപ്പിസ്റ്റുകളായ വില്ലന്മാരല്ല കാമാതുരന്മാർ. എല്ലാറ്റിലും കാമം മാത്രം കാണുന്നവരാണു്. ഒരു യഥാർത്ഥകാമാതുരനെ ലോകസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചതു് ആരാണു്? ഒരു പക്ഷേ കാളിദാസനാവാം. അദ്ദേഹത്തിന്റെ മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ആയ അയാൾ കാണുന്നതിലൊക്കെ കാമം കാണാൻ തുടങ്ങി. മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്. രാത്രിയിൽ കാമുകസംഗമത്തിനായി പോകുന്ന പെണ്ണുങ്ങൾക്കു മിന്നൽ വഴി വെളിച്ചം കാണിച്ചു കൊടുക്കണം എന്നും, അവരെ ശല്യപ്പെടുത്തുന്നവരെ ഇടി വെട്ടി പേടിപ്പിക്കണമെന്നും ഒക്കെ മേഘത്തിനോടു് കവി ആവശ്യപ്പെടുന്നുണ്ടു്. ചുറ്റും കാണുന്ന വള്ളികളിൽ പ്രിയയുടെ ശരീരവും, മാനിന്റെ കണ്ണുകളിൽ അവളുടെ നോട്ടവും ഒക്കെ അയാൾ കാണുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുത്താൽ, കാമത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവൻ. മറ്റുള്ള കവികൾ വീരഗാഥകൾ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്തു് നൂറ്റാണ്ടുകൾക്കു ശേഷം മാത്രം ലോകം കണ്ട കാല്പനികകവിതയുടെ ആദ്യത്തെ ഉദാഹരണം അതിമനോഹരമായി ചമച്ച കാളിദാസനെ വ്യത്യസ്തനാക്കുന്നതും മനുഷ്യമനസ്സിനെ അപഗ്രഥിക്കാനുള്ള ഈ പാടവമാണു്.
ദൗർഭാഗ്യവശാൽ, അന്തസ്സത്ത അധികം മനസ്സിലാക്കപ്പെടാത്ത ഒരു കൃതിയാണു മേഘസന്ദേശം. അതിനെ ഒരു ഭർത്താവു ഭാര്യയ്ക്കു കൊടുത്തയയ്ക്കുന്ന സന്ദേശവും അതിനോടു ചേർന്ന റൂട്ട്‌മാപ്പുമായി ജനം തെറ്റിദ്ധരിച്ചു. അതിനെ അവലംബിച്ചു സന്ദേശകാവ്യങ്ങൾ എന്ന പേരിൽ വന്ന ക്ഷുദ്രകൃതികളെല്ലാം (അതിൽ നമ്മുടെ മയൂരസന്ദേശവും ഉൾപ്പെടും) കാളിദാസന്റെ ഭാവനയെ കൊന്നു കൊലവിളിച്ചു. സന്ദേശം കൊണ്ടുപോകേണ്ട മയിൽ ഇരുന്നു പോകേണ്ട വള്ളത്തെയും ശുകം സന്ദർശിക്കുന്ന ക്ഷേത്രത്തിലെ ശാന്തിക്കാരൻ തലയിൽ വഹിക്കുന്ന വിഗ്രഹത്തെയും മറ്റും വർണ്ണിച്ചും, വഴിയിലുള്ള നഗരങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ചും, സന്ദേശമയയ്ക്കുന്നവന്റെ മാനസികാവസ്ഥയെ തീരെ ഗൗനിക്കാതെ പടച്ചുവിട്ട ഈ കൃതികളിൽ കാളിദാസൻ പറഞ്ഞതു പോലെ തന്നെ വഴി അല്പം വളച്ചായാലും ഒരു പ്രത്യേകസ്ഥലത്തു പോകാതെ പോകരുതു് എന്നും പറയുന്നുണ്ടു്. ഗതാനുഗതികത്വത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണങ്ങളിലൊന്നാണു് സന്ദേശകാവ്യങ്ങൾ. മേഘസന്ദേശവും ശീവൊള്ളിയുടെ ദാത്യൂഹസന്ദേശവും മാത്രം അപവാദങ്ങൾ.
കാമം രോഗമായ രണ്ടു കഥാപാത്രങ്ങളെ ഈയിടെ രണ്ടു ബ്ലോഗുകഥാകൃത്തുകൾ കാണിച്ചു തന്നു. പപ്പൂസിന്റെ സെക്സ്കാപെയ്ഡ് എന്ന കഥ ചുറ്റും കാണുന്നതിലെല്ലാം കാമം മാത്രം കാണുന്ന ഒരു ഹൈസ്കൂൾ കുട്ടിയുടെ ചിത്രം വളരെ മനോഹരമായി വരച്ചുകാട്ടുന്നു. സമകാലികമലയാളത്തിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാജേഷ് വർമ്മയുടെ കാമകൂടോപനിഷത്തു് എന്ന നീണ്ടകഥയിലെ കെ. സി. കൃഷ്ണകുമാറിനും പപ്പൂസിന്റെ കഥാപാത്രത്തോടു വളരെ സാദൃശ്യമുണ്ടു്.
ഷാനിമോളുടെ ചരിത്രത്തിലും ബൃന്ദാ കാരാട്ടിന്റെ തുടയിലും സൂഫിയാ മദനിയുടെ ശരീരത്തിലും അശ്ലീലം മാത്രം കണ്ട ഉണ്ണിത്താനു് കാമാതുരൻ എന്ന പേരു നന്നായി ചേരും. അതു മഞ്ചേരി സംഭവം കൊണ്ടല്ല എന്നു മാത്രം.
പണ്ടു് ആരോ സാഹിത്യത്തെ മൂന്നായി തരം തിരിച്ചു:
മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം. ഉദാഹരണം: മഹാഭാരതം, മാക്ബത്ത്.
പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള സാഹിത്യം. ഉദാഹരണം: രാമായണം, ഇലിയഡ്, ഒഥല്ലോ.
വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി. ഉദാഹരണം: ഭഗവദ്ഗീത, ബൈബിൾ (പുതിയ നിയമം), ഖുറാൻ.
ഈ മൂന്നു വിഭാഗങ്ങളും അവയുടെ സങ്കരങ്ങളും ചേർന്നു് ലോകത്തെ എല്ലാ സാഹിത്യത്തെയും നിർവചിക്കുന്നു എന്നായിരുന്നു ഈ സമ്പ്രദായം ഉണ്ടാക്കിയ ആളുടെ കണക്കുകൂട്ടൽ. പക്ഷേ, പിൽക്കാലത്തു്, എല്ലാ സാഹിത്യത്തെയും സൂചിപ്പിക്കണമെങ്കിൽ ഒരു വിഭാഗം കൂടി വേണമെന്നു മനസ്സിലായതിനാൽ ആരോ ഒന്നു കൂടി ചേർത്തു: പുണ്ണുനോക്കിസ്സാഹിത്യം. എവിടെ പുണ്ണുണ്ടോ എന്നു നോക്കി അതിനെപ്പറ്റി മാത്രം എഴുതുന്ന സാഹിത്യം. (ഉദാഹരണങ്ങൾ നമ്മുടെ മലയാളം ബ്ലോഗുലകത്തിൽ ഇഷ്ടം പോലെ ഉണ്ടു്.)
ദൃശ്യകലകൾക്കും ഇങ്ങനെയൊരു തരംതിരിവുണ്ടാക്കിയാൽ, ടെലിവിഷൽ ചാനലുകാർ അവതരിപ്പിക്കുന്ന കലയെ “പുണ്ണുനോക്കിക്കല” എന്നു വിളിച്ചാൽ പോരാ, “പുണ്ണുണ്ടാക്കിനോക്കിക്കല” എന്നു വിളിക്കേണ്ടി വരും. സമൂഹത്തിൽ പ്രദർശിപ്പിക്കാൻ പുണ്ണില്ലെങ്കിൽ അതുണ്ടാക്കാനും അവർ മടിക്കില്ല. ഒരു ബോളിവുഡ് നടനെ അനാശാസ്യപ്രവർത്തനത്തിനു കുടുക്കാൻ ഒരു ചാനൽ പെണ്ണു് അയാളുടെ അടുത്തു ചെന്നു് ശൃംഗരിച്ചു് രതി വാഗ്ദാനം ചെയ്തു് അതു ക്യാമറയിൽ പകർത്തിയതു് അല്പകാലം മുമ്പാണു്. (രാജേഷ് വർമ്മയുടെ കഥ ഇവിടെയും ഓർമ്മിക്കാം.) തിവാരിയുടെ കഥയിലും ഇത്രയും കാലം അദ്ദേഹത്തിനു പെൺകുട്ടികളെ കൂട്ടിക്കൊടുത്ത പെൺപിമ്പ് ചോദിച്ചതൊക്കെ കൊടുക്കാഞ്ഞപ്പോൾ കരുതിക്കൂട്ടി കുടുക്കിയതാണു് എന്നല്ലേ മാദ്ധ്യമഭാഷ്യം.
തിവാരിയുടെ കഥയിൽ മറ്റു ചില പ്രശ്നങ്ങളുണ്ടു്. ഒന്നാമതായി, ഇതു കെട്ടിച്ചമച്ചതാണോ എന്നറിയില്ല. ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണു് ആരോപണം. അവ യഥാർത്ഥമോ ഉണ്ടാക്കിയതോ എന്നറിയില്ല. രണ്ടാമതായി, അദ്ദേഹം തന്റെ പദവിയെ ദുരുപയോഗം ചെയ്തു് ഈ പെൺകുട്ടികളെ ചൂഷണം ചെയ്തതാണെങ്കിൽ അതു വെറും ലൈംഗികാപവാദത്തേക്കാൾ വലിയ കുറ്റമാണു്. (“പരിപാവനമായ രാജ്‌ഭവൻ” എന്നൊക്കെയുള്ളതു വെറും നിരർത്ഥകമായ വാദങ്ങൾ മാത്രം.)
ഇതിനോടു സാദൃശ്യമുള്ള ഒരു സംഭവം ഇതിനു മുമ്പു നടന്നതു് ബിൽ ക്ലിന്റൺ/മോണിക്കാ ലെവിൻസ്കി സംഭവമാണു്. പ്രതിപക്ഷം കരുതിക്കൂട്ടി കുടുക്കിയ ലൈംഗികാപവാദക്കേസ്. “പരിപാവനമായ” ഓവൽ ഓഫീസിൽ വെച്ചു് അമേരിക്കൻ പ്രെസിഡന്റ് ചെയ്ത ആ കുറ്റത്തിനു് അദ്ദേഹത്തെ പുറത്താക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പ്രെസിഡന്റ് പദത്തിനു വളരെ അടുത്തെത്തുക വരെ ചെയ്തു.
ഏതായാലും കാമാതുരന്മാർക്കു പേടിയും നാണവുമില്ല എന്നു പറഞ്ഞ പഴയ കവിക്കു നമോവാകം. ഈ കാമരോഗികൾ ഉളുപ്പില്ലാതെ ഇതു തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോൾ. “കാമാതുരാണാം” എന്നതിനു പകരം “വാർത്താതുരാണാം” എന്നോ “വ്രണാതുരാണാം” എന്നോ വേണമെങ്കിലും പറയാം, പുണ്ണു മൂടി നാറുന്ന വാർത്തകൾ ഒരു രോഗമായ ഈ മാദ്ധ്യമങ്ങളെ കാണുമ്പോൾ.
2010-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
ഹിജ്രി കലണ്ടർ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും എന്തു് അൽഗരിതം ഉപയോഗിച്ചാണു് കേരളത്തിൽ അതു കണ്ടുപിടിക്കുന്നതെന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ പോസ്റ്റിൽ പറയുന്ന നാലു വിധത്തിലുമല്ല അതു കണ്ടുപിടിക്കുന്നതു്. ഒരു അസ്ട്രോണമിക്കൽ അൽഗരിതം ആണെന്നാണു് എനിക്കു തോന്നുന്നതു്. വിശദവിവരങ്ങൾ അറിയാവുന്നവർ ദയവായി പങ്കുവെയ്ക്കുക.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.